“അവർ മറ്റ് ചിലരെ വിജയിപ്പിക്കുകയാണ്. ഞങ്ങളുടെ മുമ്പിൽ മറ്റ് പെൺകുട്ടികളൊന്നും ഉണ്ടായിരുന്നില്ല.” ജസ്പാലും, രമൺദീപും, സുഹൃത്തുക്കളും ഒരേ സ്വരത്തിൽ അവരുടെ കോച്ചിനോട് പരാതി പറയുകയായിരുന്നു. ചണ്ഡീഗഡിൽവെച്ച് നടക്കുന്ന മാരത്തണിൽ പങ്കെടുക്കാൻ, അമൃത്സർ ജില്ലയിൽനിന്ന് 200 കിലോമീറ്റർ താണ്ടി എത്തിയ ആ പന്ത്രണ്ടോളം ചെറുപ്പക്കാരായ ഓട്ടക്കാർ പ്രത്യക്ഷത്തിൽത്തന്നെ ക്ഷുഭിതരായിരുന്നു.
അഞ്ച് കിലോമീറ്റർ ഓട്ടത്തിൽ രണ്ടാം സമ്മാനം ജസ്പാൽ കൌറിനാണെന്ന് സ്റ്റേജിൽനിന്ന് പ്രഖ്യാപിക്കുമ്പോഴായിരുന്നു ഇവർ ഈ പരാതി ഉന്നയിച്ചത്. ഫിനിഷിംഗ് ലൈൻവരെ മുമ്പിലായിരുന്ന ജസ്പാൽ വെറും റണ്ണറപ്പല്ല, വിജയിതന്നെയാണെന്ന് അവർക്കറിയാമായിരുന്നു. എന്നാൽ, വിജയിക്കുള്ള സമ്മാനത്തുകയായ 5,000 രൂപയുടെ അവകാശിയായി മറ്റാരെയോ ആണ് പ്രഖ്യാപിച്ചത്.
സ്റ്റേജിൽ പോയി രണ്ടാം സമ്മാനം വാങ്ങാൻ വിസമ്മതിച്ച ജസ്പാലും കോച്ചും, ആ സമയമത്രയും, സ്റ്റേജിലും പുറത്തുമുള്ള നിരവധി ആളുകളെ കണ്ട്, സംഘാടകരുടെ തീരുമാനത്തിനോടുള്ള പ്രതിഷേധം അറിയിക്കുകയും, നീതിക്കായുള്ള സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. ഒടുവിൽ, തന്റെ കോച്ചിന്റെ അഭ്യർത്ഥന മാനിച്ച്, ജസ്പാൽ രണ്ടാം സമ്മാനം ഏറ്റുവാങ്ങി. ചെക്കിന്റെ മാതൃകയിലുണ്ടാക്കിയ ഫോം ബോർഡിൽ സമ്മാനത്തുകയായ 3,100 രൂപ എന്ന് രേഖപ്പെടുത്തിയിരുന്നു.
ഒരുമാസം കഴിഞ്ഞ്, 2023 ഏപ്രിലിൽ തന്റെ അക്കൌണ്ടിൽ 5,000 രൂപ വന്നത് കണ്ട് ജസ്പാൽ അത്ഭുതപ്പെട്ടു. ജസ്പാലിന് ഒരു വിശദീകരണവും ലഭിച്ചില്ല. പ്രാദേശിക പത്രങ്ങളിൽ ഇതേക്കുറിച്ച് വാർത്തകളുമുണ്ടായിരുന്നില്ല. റണിസെൻ ടൈമിംഗ് സിസ്റ്റമിന്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ മത്സരഫലത്തിൽ, 23.07 മിനിറ്റിന്റെ റിയൽ ടൈമിൽ, 5 കിലോമീറ്റർ ദൂരം ഓടിയെത്തിയ വിജയിയായി ജസ്പാലിന്റെ പേരുണ്ടായിരുന്നു. ആ വർഷത്തെ സമ്മാന വിതരണ ചിത്രങ്ങളിലും ജസ്പാലിന്റെ ചിത്രമുണ്ടായിരുന്നില്ല. എന്നാലും മറ്റ് മെഡലുകളോടൊപ്പം, ആ വലിയ ചെക്കിന്റെ മാതൃകയും അവൾ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
ജസ്പാലിന്റെ പ്രതിയോഗിയുടെ വിജയം സംഘാടകർ റദ്ദാക്കിയതായി, 2024-ൽ അടുത്ത മാരത്തണിന് ഈ പെൺകുട്ടികളെ അനുഗമിക്കാൻ പോയപ്പോൾ ഈ റിപ്പോർട്ടർ മനസ്സിലാക്കി. വീഡിയോ ദൃശ്യങ്ങൾ നോക്കിയാണ് അവർ ആ തീരുമാനമെടുത്തത്. പെൺകുട്ടികളുടെ പ്രതിഷേധം ശരിയായിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞു. റേസ് സംഘടിപ്പിച്ചവർ എന്തൊക്കെയോ തിരിമറികൾ നടത്തിയിരുന്നു. ജസ്പാലിന്റെ അക്കൌണ്ടിലേക്കെത്തിയ പണത്തിന്റെ രഹസ്യം ഇതായിരുന്നു.
പണമായി കിട്ടുന്ന പുരസ്കാരങ്ങൾ ജസ്പാലിനെ സംബന്ധിച്ച് പ്രധാനമാണ്. ആവശ്യത്തിനുള്ള പണം കിട്ടിയാൽ അവൾക്ക് വീണ്ടും കൊളേജിൽ പോകാൻ സാധിക്കും. രണ്ട് വർഷം മുമ്പ് ജസ്പാൽ ഒരു ഓൺലൈൻ ബി.എ. (ആർട്ട്സ്) പ്രോഗ്രാമിന് ഒരു സ്വകാര്യ സർവകലാശാലയിൽ ചേർന്നിരുന്നു. “എന്നാൽ ആദ്യത്തെ സെമസ്റ്ററിനപ്പുറം പോകാൻ എനിക്കായില്ല. പരീക്ഷക്കിരിക്കണമെങ്കിൽ ഓരോ സെമസ്റ്ററിലും 15,000 അടയ്ക്കണം. സമ്മാനമായി കിട്ടിയ പണംകൊണ്ടാണ് (ദേശീയ മത്സരത്തിൽ ജയിച്ചതിന് ഗ്രാമപ്രതിനിധികളും സ്കൂളും നൽകിയ തുക) ആദ്യത്തെ സെമസ്റ്ററിനുള്ള പൈസ അവൾ അടച്ചത്. “പൈസയില്ലാത്തതിനാൽ അടുത്ത സെമസ്റ്ററിന് ചേരാനായില്ല”, ജസ്പാൽ പറയുന്നു.
കുടുംബത്തിൽ ആദ്യമായി കൊളേജിൽ പോകുന്ന തലമുറയിലെ ആളാണ് 22 വയസ്സുള്ള ജസ്പാൽ. ഏറ്റവും ദുർബ്ബലവിഭാഗമെന്ന് പട്ടികപ്പെടുത്തിയിട്ടുള്ള പഞ്ചാബിലെ മസാബി സിക്ക് സമുദായത്തിലെ ചുരുക്കം പെൺകുട്ടികളിലൊരാളുമാണ് അവൾ. ജസ്പാലിന്റെ അമ്മ 47 വയസ്സുള്ള ബൽജിന്ദർ കൌർ 5-ആം ക്ലാസുവരെ മാത്രമേ പഠിച്ചിട്ടുള്ളു. 50 വയസ്സുള്ള അച്ഛൻ ബൽകാർ സിംഗാകട്ടെ, സ്കൂളിൽ പോയിട്ടേയില്ല. മൂത്ത സഹോദരൻ, 24 വയസ്സുള്ള അമൃത്പാൽ സിംഗ്, കൊഹാലി ഗ്രാമത്തിന്റെ ചുറ്റുവട്ടങ്ങളിൽ, നിർമ്മാണജോലിയിൽ അച്ഛനെ സഹായിക്കാനായി 12-ആം ക്ലാസിനുശേഷം പഠനമുപേക്ഷിച്ചു. 17 വയസ്സുള്ള ചെറിയ അനിയൻ ആകാശ്ദീപ് സിംഗ് 12-ആം ക്ലാസ് പൂർത്തിയാക്കിയിട്ടുണ്ട്.


















