ഉത്തർ പ്രദേശിലെ ലഖ്നൌവിലുള്ള വാടകവീടിന്റെ പിന്നിലുള്ള സ്ഥലത്ത്, അച്ഛന്റെ സഹോദരിയുടെ മൂന്ന് വയസ്സുള്ള മകനുമായി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് 7 വയസ്സുള്ള കാജ്രിയെ രണ്ടുപേർ തട്ടിക്കൊണ്ടുപോയത്.

പത്തുവർഷത്തിനുശേഷം, 2020 ഡിസംബറിൽ, അവളുടെ മറ്റൊരു കസിൻ - ഒരു ബാങ്ക് ഏജന്റായിരുന്നു അയാൾ - നഗരത്തിലെ ഒരു വീട്ടിൽ ജോലിസംബന്ധമായി പോയപ്പോഴാണ് അവിടെ നിലം തുടയ്ക്കുകയായിരുന്ന, കാജ്രിയുടെ ച്ഛായയുള്ള ഒരു പെൺകുട്ടിയെ ആകസ്മികമായി കണ്ടുമുട്ടിയത്. അവളുടെ അച്ഛന്റെ പേര് അയാൾ ചോദിച്ചപ്പോഴേക്കും വീട്ടിലെ സ്ത്രീ വന്ന്, അവരുടെ സംഭാഷണം തടഞ്ഞു. വീട്ടിൽനിന്ന് പുറത്തുവന്ന അയാൾ ലഖ്നൌവിലെ വൺ-സ്റ്റോപ് സെന്ററിലേക്ക് വിളിച്ചു. അക്രമത്തിനിരയാകുന്ന പെൺകുട്ടികളേയും സ്ത്രീകളേയും സഹായിക്കാൻ സർക്കാരിന്റെ നാരീ-ശിശുവികസന വകുപ്പ് സ്ഥാപിച്ചതാണ് ആ സെന്റർ. മണിക്കൂറുകൾക്കുള്ളിൽ മൊഹൻലാൽഗഞ്ജ് പൊലീസ് സ്റ്റേഷനിൽനിന്ന് ഒരു പൊലീസ് സംഘം വന്ന്, വീട് പരിശോധിച്ച്, കാജ്രിയെ മോചിപ്പിച്ച്, കുടുംബത്തിനെ തിരിച്ചേൽ‌പ്പിച്ചു.

ഇപ്പോൾ 21 വയസ്സുള്ള കാജ്രിക്ക് മാനസികമായ ചില വെല്ലുവിളികളുണ്ട്. മുന്നിലെ താഴത്തെ നിരയിലുള്ള ചില പല്ലുകൾ അവൾക്ക് നഷ്ടപ്പെട്ടിരുന്നു. മനുഷ്യക്കടത്തിന്റേയും ലൈംഗികമായ ആക്രമണത്തിന്റേയും ബാലവേലയുടേയും ഇരയായി ജീവിച്ച 10 വർഷത്തെക്കുറിച്ച് നേരിയ ഓർമ്മകളേയുള്ളു ഇപ്പോളവൾക്ക്.

PHOTO • Jigyasa Mishra

ഏഴുവയസ്സുള്ളപ്പോൾ, വീട്ടിൽനിന്ന് തട്ടിയെടുക്കപ്പെട്ട്, ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട്, പിന്നീട് 10 വർഷക്കാലം വീട്ടുപണികൾ ചെയ്ത് ജീവിക്കേണ്ടിവന്നവളാണ് കാജ്രി

*****

“ആദ്യം എനിക്ക് സങ്കടം മാത്രമേ തോന്നിയിരുന്നുള്ളു. ഇപ്പോൾ എല്ലാ പ്രതീക്ഷയും വറ്റി നിരാശനായി ഞാൻ,” കാജ്രിയുടെ 56 വയസ്സുള്ള അച്ഛൻ ധീരേന്ദ്ര സിംഗ് പറയുന്നു. ലഖ്നൌവിൽ ഒരു സ്വകാര്യ കൊളേജിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന അദ്ദേഹം വാടകവീട്ടിലാണ് താമസിക്കുന്നത്. ഭാര്യയും, കാജ്രിയടക്കമുള്ള രണ്ട് പെണ്മക്കളും, ഉത്തർ പ്രദേശിലെ ഹർദോയി ജില്ലയിലെ സ്വന്തം വീട്ടിൽ കഴിയുന്നു.

“15 വർഷത്തോളം ഞാൻ ലഖ്നൌവിൽ വിവിധ കമ്പനികളിലും കൊളേജുകളിലും സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തു. എന്നാൽ 2021 മുതൽ ഏതെങ്കിലുമൊരു സ്ഥലത്ത് സ്ഥിരമായി ജോലി ചെയ്യാൻ എനിക്ക് കഴിയാതെ പോയി. കാരണം, കാജ്രിയെക്കൊണ്ട് പൊലീസിൽ പരാതി കൊടുപ്പിക്കാനും, വൈദ്യപരിശോധനകൾ നടത്താനും എനിക്ക് ഇടയ്ക്കിടയ്ക്ക് അവധിയെടുക്കേണ്ടിവരാറുണ്ട്. ലീവ് ചോദിച്ചാൽ പിരിച്ചുവിടും. അപ്പോൾ വീണ്ടും പുതിയ ജോലി തേടണം,” ധീരേന്ദ്ര പറയുന്നു.

മാസാമാസം കിട്ടുന്ന 9,000 രൂപകൊണ്ട് കുടുംബത്തിന്റെ ചിലവ് നിർവഹിക്കാൻ ധീരേന്ദ്രയ്ക്ക് സാധിക്കുന്നില്ല. “കാജ്രിയുടെ സുരക്ഷയെ അപകടത്തിലാക്കിക്കൊണ്ട് വീണ്ടും അവളെ ലഖ്നൌവിലേക്ക് കൂട്ടിക്കൊണ്ടുവരാനും, സമ്പാദ്യം മുഴുവൻ അതിനായി ചിലവഴിക്കാനും എനിക്കാവില്ല. ഒരു ഭാഗത്തുനിന്നും ഒരു നടപടിയും ഇല്ലാതിരിക്കുമ്പോൾ പ്രത്യേകിച്ചും”.

കാജ്രിയെ കണ്ടെടുത്തതിനുശേഷമുള്ള മൂന്നരക്കൊല്ലത്തിനിടയിൽ നീതിക്കുവേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിട്ടില്ല ലീഗൽ എയിഡ് ഓഫീസ് (നിയമസഹായ ഓഫീസ്), മോഹൻലാൽഗഞ്ജ് പൊലീസ് സ്റ്റേഷൻ, ലക്നൌവിലെ കൈസർബാഗിലുള്ള ജില്ലാ കോടതി എന്നിവിടങ്ങളിലേക്ക് നടത്തിയ വിവിധ യാത്രകൾക്കുശേഷവും, ക്രിമിനൽ പ്രൊസിജ്യുവർ കോഡ്, സെക്ഷൻ 164 ആവശ്യപ്പെടുന്നതുപ്രകാരം മജിസ്ട്രേറ്റിന്റെ മുമ്പിൽ അവളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കാജ്രിയെ രക്ഷപ്പെടുത്തിയ 2020-ലെ പൊലീസ് എഫ്.ഐ.ആറാണ് കോടതി ആവശ്യപ്പെടുന്നതെന്ന് ധീരേന്ദ്ര വിശദീകരിക്കുന്നു.

ധീരേന്ദ്ര ഫയൽ ചെയ്ത ഒരേയൊരു എഫ്.ഐ.ആർ 2010 ഡിസംബറിലേതായിരുന്നു. കാജ്രിയെ കാണാതായി രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി) സെക്ഷൻ 363 , 364 പ്രകാരം ഫയൽ ചെയ്തതായിരുന്നു അത്. കൈയ്യെഴുത്ത് മാഞ്ഞുപോയ, ഒരു കീറക്കടലാസാ‍ണ് അത്. 14 വർഷത്തിനുശേഷം അത് തീരെ വായിക്കാൻ പറ്റാതെയായിരിക്കുന്നു. 2020-ലെ ഈ എഫ്.ഐ.ആറിന്റെ ഡിജിറ്റലോ അസ്സലോ ആയ ഒരു കോപ്പിയും പൊലീസിന്റെ പക്കലില്ല. 2020-ൽ കാജ്രിയെ രക്ഷപ്പെടുത്തിയതിനുശേഷമുള്ള തുടർ എഫ്.ഐ.ആർ. ഫയൽ ചെയ്യാൻ, ഇത് ആവശ്യമാണ്.

മറ്റൊരു രീതിയിൽ പറഞ്ഞാൽ, കോടതിക്ക് ആവശ്യമുള്ള “2020-ലെ എഫ്.ഐ.ആർ.” നിലവിലില്ലാത്തതുകാരണം, കാജ്രിയുടെ കേസ് നീതിസംവിധാനത്തിൽ പെട്ടിട്ടുപോലുമില്ല.

PHOTO • Jigyasa Mishra
PHOTO • Jigyasa Mishra

കജ്രിയെ കണ്ടെടുത്തതിനുശേഷമുള്ള മൂന്നരക്കൊല്ലത്തിനിടയിൽ നീതിക്കുവേണ്ടി കജ്രിയുടെ പിതാവ് ധീരേന്ദ്ര നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിട്ടില്ല. ലീഗൽ എയിഡ് ഓഫീസ് (നിയമസഹായ ഓഫീസ്), മോഹൻലാൽഗഞ്ജ് പൊലീസ് സ്റ്റേഷൻ, ലക്നൌവിലെ കൈസർബാഗിലുള്ള ജില്ലാ കോടതി എന്നിവിടങ്ങളിലേക്ക് നടത്തിയ വിവിധ യാത്രകളും വിഫലമായി

PHOTO • Jigyasa Mishra
PHOTO • Jigyasa Mishra

ഇടത്ത്: കാജ്രി അവളുടെ അച്ഛനമ്മമാരോടൊപ്പം. വലത്ത്: ഉത്തർ പ്രദേശിലെ ഹർദോയി ജില്ലയിലെ അവരുടെ വീട്

“കാജ്രിയെ രക്ഷപ്പെടുത്തിയയുടൻ, അവളെ കണ്ടെത്തിയ വീട്ടിലെ ആ സ്ത്രീക്കെതിരേ എഫ്.ഐ.ആർ. ഫയൽ ചെയ്യേണ്ടതായിരുന്നു. 2010-ൽ അവളെ കാണാതായപ്പോൾ ഫയൽ ചെയ്ത എഫ്.ഐ.ആറിൽ തട്ടിക്കൊണ്ടുപോകൽ കുറ്റം മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, രക്ഷപ്പെടുത്തിയ സമയത്ത്, മനുഷ്യക്കടത്തും , ലൈംഗികാക്രമണവും അടക്കമുള്ള ഗുരുതരമായ ഐ.പി.സി. സെക്ഷനുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള എഫ്.ഐ.ആർ ഫയൽ ചെയ്യേണ്ടത് അത്യാവശ്യമായിരുന്നു”, കേസിനെക്കുറിച്ച് അവഗാഹമുള്ള, ലഖ്നൌ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര അഭിഭാഷകൻ അപൂർവ ശ്രീവാസ്തവ പറയുന്നു. “പൊലീസിന്റെയും മജിസ്ട്രേറ്റിന്റേയും മുമ്പിൽ എത്രയും വേഗം കാജ്രിയുടെ മൊഴി രേഖപ്പെടുത്തേണ്ടതായിരുന്നു. രണ്ടാമത്തേത് ഇപ്പോഴും ചെയ്യാൻ ബാക്കിയാണ്.”

കാജ്രിയെ രക്ഷപ്പെടുത്തിയ ആദ്യത്തെ 48 മണിക്കൂറിനുള്ളിൽ, മോഹൻലാൽഗഞ്ജ് പൊലീസ് സ്റ്റേഷനിൽ‌വെച്ച്, ക്രിമിനൽ പ്രൊസിജ്യുവർ കോഡ് സെക്ഷൻ 161 പ്രകാരം അവളുടെ മൊഴിയെടുത്തു. ലഖ്നൌവിലെ രണ്ട് ആശുപത്രികളിലായി വൈദ്യപരിശോധനയും നടത്തി. ആദ്യത്തെ ആശുപത്രിയിലെ പരിശോധനയിൽ, അവളുടെ അടിവയറ്റിൽ ഒരു പാട് കണ്ടെത്തി. കൂടാതെ, മുൻഭാഗത്ത് താഴെ നിരയിലുള്ള ചില പല്ലുകൾ പോയതായും, വലത്തേ മാറിടത്തിൽ കറുത്ത നിറം കണ്ടതായും അവർ വെളിപ്പെടുത്തി. രണ്ടാമത്തെ ആശുപത്രി, കാജ്രിയെ സൈക്ക്യാട്രി വിഭാഗത്തിലേക്ക് അയയ്ക്കാൻ നിർദ്ദേശിച്ചു.

2021-ലെ ഒരു ആശുപത്രി റിപ്പോർട്ട് പ്രകാരം, കാജ്രിക്ക് “ചെറിയ തോതിലുള്ള മാനസിക വൈകല്യ”വും “50 ശതമാനം അംഗപരിമിതി” സൂചിപ്പിക്കുന്ന വിധത്തിൽ 50-55-നിടയിലുള്ള ഐ.ക്യു നിലവാരവും രേഖപ്പെടുത്തി. രോഗം തിരിച്ചറിഞ്ഞതിനുശേഷം, വെറും ഏഴ് ദിവസത്തേക്ക് മാത്രമാണ് അവൾക്ക് ആശുപത്രിയിൽ ചികിത്സ നൽകിയത്. മാനസികചികിത്സയ്ക്ക് ആവശ്യമായ കൌൺസലിംഗും പേരിനുമാത്രം ലഭ്യമാക്കി. “ഇത്രയധികം കാലം നീണ്ടുനിന്ന, ലൈംഗികാക്രമണത്തിനും, മനുഷ്യക്കടത്തിനും, ഈ ചികിത്സ തികച്ചും അപര്യാപ്തമാണ്. മാനസികാഘാതം, കുറ്റബോധം, പോസ്റ്റ് ട്രൊമാറ്റിക്ക് സ്ട്രെസ്സ് ഡിസോർഡർ എന്നിവയിൽനിന്ന് അതിജീവിതയെ പുറത്ത് കൊണ്ടുവരണമെങ്കിൽ ദീർഘകാലത്തെ മാനസിക ചികിത്സയും വിദഗ്ദ്ധോപദേശവും ആവശ്യമാണ്. ഒറ്റപ്പെട്ടതുപോലുള്ള തോന്നലിൽനിന്നും, പഴിചാരപ്പെടലിൽനിന്നും പുറത്തെത്തിക്കാൻ, അവരെ സമൂഹവുമായി ഇഴുകിച്ചേരാൻ പ്രാപ്തരാക്കണം,” ശ്രീവാസ്തവ് പറയുന്നു.

മാനസിക-സാമൂഹിക പിന്തുണയുടേയും, കൃത്യസമയത്തുള്ള എഫ്.ഐ.ആറിന്റേയും അഭാവത്തിൽ, 2010-നും 2020-നുമിടയിലുള്ള കാജ്രിയുടെ ജീവിതത്തിന്റെ വിശദാംശങ്ങൾ ഒട്ടും വ്യക്തമല്ലാതെ അവശേഷിക്കുന്നു. കാലം കടന്നുപോകുന്തോറും അത് കൂടുതൽ ചിതറിത്തെറിച്ചതുപോലെയാവുകയും ചെയ്യുന്നു.

PHOTO • Jigyasa Mishra
PHOTO • Jigyasa Mishra

ആക്രമിക്കപ്പെട്ടപ്പോൾ കാജ്രിയുടെ ശരീരത്തിലുണ്ടായ പരിക്കുകൾ

“രണ്ടുപേർ എന്നെ കൊണ്ടുപോയി, വായിൽ തുണി തിരുകി. ഒരു ബസ്സിലാണ് അവർ എന്നെ ചിൻ‌‌ഹാത്തിലേക്ക് കൊണ്ടുപോയത്,” 2010-ലെ പ്രഭാതത്തിലെ ആ തട്ടികൊണ്ടുപോകൽ ഓർത്തെടുത്ത്, ഹിന്ദിയും ഭോജ്പുരിയും കലർന്ന ഭാഷയിൽ അവൾ പറയുന്നു. ലഖ്നൌവിലെ ഒരു ബ്ലോക്കാണ് ചിൻ‌‌ഹാത്ത്. അവിടെനിന്നാണ് അവളെ രക്ഷപ്പെടുത്തിയത്. അവളെ തടവിലാക്കിയ വീട്ടിലെ ആളുകൾ സംസാരിച്ചിരുന്ന ഭാഷയായിരുന്നു ഭോജ്പുരി. “ചെരുപ്പില്ലാതെ അവർ എന്നെ നിർത്തി” എന്ന് ഇടയ്ക്കിടയ്ക്ക് അവൾ ആവർത്തിക്കുന്നുണ്ടായിരുന്നു.

വീടിന്റെ മുകൾനിലയുള്ള താമസക്കാരെക്കുറിച്ച് കാജ്രി ഓർക്കുന്നത്, അവർ മൂന്ന് പേരുണ്ടായിരുന്നുവെന്നാണ്. രേഖ എന്ന് പേരുള്ള ഒരു സ്ത്രീയടക്കം. താഴത്തെ നിലയിലെ മുറികളിൽ ചില വാടകക്കാർ താമസിച്ചിരുന്നുവെന്ന് അവൾ ഓർമ്മിക്കുന്നു.

“ദിവസത്തിൽ രണ്ടുനേരം രണ്ട് റൊട്ടി വീതം തരും. അതിൽക്കൂടുതൽ ഇല്ല. എപ്പോഴും ചെരിപ്പില്ലാതെയാണ് അവരെന്നെ താമസിപ്പിച്ചത്. തണുപ്പുകാലത്തുപോലും കമ്പിളിയോ വിരിപ്പോ തരില്ല. ഉടുത്തിരുന്ന വസ്ത്രങ്ങളൊക്കെ കീറിപ്പറിഞ്ഞു. ആർത്തവം വരുമ്പോൾ രേഖ എനിക്ക് വൃത്തികെട്ട തുണികൾ തരും. ചിലപ്പോൾ, തേപ്പ് ഉപയോഗിക്കാൻ അവരെന്നോട് പറയും,” കാജ്രി പറയുന്നു.

അടിച്ചുവാരുക, തുടയ്ക്കുക, പാചകം, കക്കൂസുകൾ വൃത്തിയാക്കൽ, തുണി തിരുമ്പൽ എന്നിവയൊക്കെ ചെയ്തിരുന്നതായി അവൾ ഓർക്കുന്നു. പലപ്പോഴും ഭീഷണിപ്പെടുത്തിയാണ് ജോലി ചെയ്യിപ്പിച്ചിരുന്നത്. ഒരിക്കൽ രേഖ അവളുടെ മുഖത്ത് മുഷ്ടികൊണ്ടിടിച്ചു. ഭക്ഷണം നന്നായില്ലെന്ന് പറഞ്ഞ്. അങ്ങിനെയാണ് താഴത്തെ നിരയിലെ പല്ലുകൾ പൊട്ടിയത്.

“ആർത്തവമില്ലാത്തപ്പോൾ, അവർ (രേഖ) എന്നെ ഒരു മുറിയിലേക്ക് കൊണ്ടുപോകും,” നിലത്ത് നോക്കിക്കൊണ്ട് കാജ്രി പറയുന്നു. വീട്ടിലുള്ള ഒരാൾ, “ആ മുറി അകത്തുനിന്ന് പൂട്ടി, എന്റെ വസ്ത്രങ്ങൾ ബലമായി അഴിച്ച്, എന്റെ മുകളിൽ കയറിക്കിടന്ന് അയാൾക്ക് വേണ്ടതൊക്കെ ചെയ്യും. ഞാൻ സമ്മതിക്കാതിരുന്നാലും അയാൾ ബലം പ്രയോഗിച്ച് അതെല്ലാം ചെയ്യും. മറ്റ് വാടകക്കാരെയും അയാൾ മുറിയിൽ കൊണ്ടുവരും. അവരുടെയിടയിൽ എന്നെ അവർ ബലമായി കിടത്തും.”

PHOTO • Jigyasa Mishra
PHOTO • Jigyasa Mishra

ഇടത്ത്: കാജ്രിയുടെ കൈയ്യിലും വയറ്റിലുമുള്ള  മുറിപ്പാടുകളുടെ ചിത്രങ്ങൾ. വലത്ത്: കേസിനെ  സംബന്ധിച്ച പ്രസക്തമായ എല്ലാ രേഖകളും അവളുടെ അച്ഛൻ ഒരു ഇരുമ്പലമാരയിൽ സുരക്ഷിതമായി ശേഖരിച്ചുവെച്ചിട്ടുണ്ട്

“വീട്ടുജോലികൾ ചെയ്യുന്നതിനും നിരന്തരം ബലാത്സംഗം ചെയ്യുന്നതിനുമുള്ള പ്രതിഫലമായി രേഖ വാടകക്കാരിൽനിന്ന് പണം വാങ്ങിയിരുന്നു” എന്ന് കാജ്രി ആരോപിച്ചിരുന്നുവെന്ന് ധീരേന്ദ്ര കൂട്ടിച്ചേർത്തു.

അച്ഛൻ തളർന്നുപോയിരിക്കുന്നു. “2021 ജനുവരി മുതൽ ഞങ്ങൾ ഓടിക്കൊണ്ടിരിക്കുകയാണ്,” അദ്ദേഹം പറയുന്നു. ‘ഞങ്ങൾ’ എന്നതുകൊണ്ട് സ്ഥിരമായ നിയമസഹായമല്ല അദ്ദേഹം ഉദ്ദേശിച്ചത്. സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കെതിരേ സ്വമേധയാ കേസുകളേറ്റെടുക്കുന്ന അസോസിയേഷൻ ഫോർ അഡ്‌വോക്കസി ആൻഡ് ലീഗൽ ഇനിഷ്യേറ്റീവ് ട്രസ്റ്റ് (എ.എൽ.എൽ.ഐ) എന്ന ലഖ്നൌ ആസ്ഥാനമായ സന്നദ്ധ നിയമസഹായ സംഘം, 2020-ൽ വൺ സ്റ്റോപ്പ് സെന്റർ മുഖേന കാജ്രിയുടെ അച്ഛനുമായി ബന്ധപ്പെട്ടു. അതിനുശേഷം, കാജ്രിയുടെ കേസിൽ നാല് അഭിഭാഷകരെങ്കിലും മാറിമാറി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

എ.എ.എൽ.ഐ.യുടെ നിലവിലുള്ള അഭിഭാഷകൻ ധീരേന്ദ്രയ്ക്ക് പുതിയൊരു പരാതിയുടെ കരട് രൂപം അയച്ചുകൊടുത്തു. അതിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. ഫയൽ ചെയ്യാൻ സാധിക്കും. ചില വസ്തുതാപരമായ തെറ്റുകൾ ധീരേന്ദ്ര ചൂണ്ടിക്കാണിച്ചുകൊടുത്തപ്പോൾ, അഭിഭാഷകൻ പ്രകോപിതനാവുകയും, കേസ് അനിശ്ചിതാവസ്ഥയിലാവുകയും ചെയ്തു. പരാതിയുടെ ആ പുതിയ കരടുരൂപത്തിൽ ധീരേന്ദ്ര ഒപ്പിട്ടിട്ടില്ല. പരിഷ്കരിച്ച പരാതി അഭിഭാഷകൻ അയച്ചുകൊടുത്തിട്ടുമില്ല.

“ഒരു ഫോൺ നഷ്ടപ്പെട്ടാൽ, അവർ ലോകം കീഴ്മേൽ മറിക്കും. എന്നാലിവിടെ എന്റെ മകളെ കടത്തിക്കൊണ്ടുപോയി 10 വർഷം തടവിലാക്കിയിട്ടും ഒന്നും സംഭവിച്ചിട്ടില്ല,” ധീരേന്ദ്ര പറയുന്നു. ശ്രദ്ധയോടെ സൂക്ഷിച്ചുവെച്ച കടലാസ്സുകളുടെ ഒരു കെട്ട്, കവറുകൾ, ഫോട്ടോകൾ തുടങ്ങി, 2010 മുതൽ കാജ്രിയുടെ കേസിനായി അദ്ദേഹം ശേഖരിച്ച എല്ലാ വസ്തുക്കളും ഒരു ഇരുമ്പലമാരിയിൽ ലോക്കറിൽ കിടക്കുകയാണ്. പൊരുതാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ തെളിവുകളെന്നോണം.

ലിംഗപരവും ലൈംഗികവുമായ അക്രമങ്ങളെ (എസ്.ജി.ബി.വി) അതിജീവിച്ചവർക്ക് പരിചരണം കൊടുക്കുന്നതിനുവേണ്ടി, സാമൂഹികവും സ്ഥാപനപരവും ഘടനാപരവുമായ തടസ്സങ്ങളെക്കുറിച്ച് പഠിക്കാനുള്ള ദേശവ്യാപകമായ ഒരു റിപ്പോർട്ടിംഗ് പ്രോജക്ടിന്റെ ഭാഗമാണ് ഈ കഥ. ഡോക്ടേഴ്സ് വിത്തൌട്ട് ബോർഡേഴ്സിന്റെ പിന്തുണയോടെയുള്ള ഒരു സംരംഭമാണ് ഇത്.

ഇരകളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും പേരുകൾ, അവരുടെ സ്വകാര്യത സംരക്ഷിക്കാനായി മാറ്റിയിട്ടുണ്ട്.

പരിഭാഷ: രാജീവ് ചേലനാട്ട്

Reporting and Cover Illustration : Jigyasa Mishra

جِگیاسا مشرا اترپردیش کے چترکوٹ میں مقیم ایک آزاد صحافی ہیں۔ وہ بنیادی طور سے دیہی امور، فن و ثقافت پر مبنی رپورٹنگ کرتی ہیں۔

کے ذریعہ دیگر اسٹوریز Jigyasa Mishra
Editor : Pallavi Prasad

پلّوی پرساد ممبئی میں مقیم ایک آزاد صحافی، ینگ انڈیا فیلو اور لیڈی شری رام کالج سے گریجویٹ ہیں۔ وہ صنف، ثقافت اور صحت پر لکھتی ہیں۔

کے ذریعہ دیگر اسٹوریز Pallavi Prasad
Series Editor : Anubha Bhonsle

انوبھا بھونسلے ۲۰۱۵ کی پاری فیلو، ایک آزاد صحافی، آئی سی ایف جے نائٹ فیلو، اور ‘Mother, Where’s My Country?’ کی مصنفہ ہیں، یہ کتاب بحران زدہ منی پور کی تاریخ اور مسلح افواج کو حاصل خصوصی اختیارات کے قانون (ایفسپا) کے اثرات کے بارے میں ہے۔

کے ذریعہ دیگر اسٹوریز Anubha Bhonsle
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat