ഓരോ തവണ ഞാൻ എന്റെ ആളുകളുടെ മരണത്തെക്കുറിച്ച് എഴുതാൻ ശ്രമിക്കുമ്പോഴും, ശ്വാസമൊഴിഞ്ഞുപോയ ജഡം പോലെ എന്റെ മനസ്സ് ശൂന്യമാകും.

നമുക്ക് ചുറ്റുമുള്ള ലോകം ഇത്രകണ്ട് വികസനം കൈവരിച്ചിട്ടും ഇന്നും നമ്മുടെ സമൂഹം തോട്ടിത്തൊഴിലാളികളുടെ ജീവന് യാതൊരു വിലയും കൽ‌പ്പിക്കുന്നില്ലെന്നതാണ് വാസ്തവം. തോട്ടിപ്പണി ചെയ്യുന്നതിനിടെ മരണങ്ങൾ സംഭവിക്കുന്നില്ലെന്ന് സർക്കാർ എളുപ്പത്തിൽ നിഷേധിക്കുമ്പോഴും, "കക്കൂസ് ടാങ്കുകളും അഴുക്കുചാലുകളും അപകടകരമായി വൃത്തിയാക്കിയതുമൂലം", 2019-2023 കാലയളവിൽ 377-ൽ അധികം പേർ മരണപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന കണക്കുകൾ ഈ വർഷം ലോക്സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി സാമൂഹിക നീതി, ശാക്തീകരണ മന്ത്രി രാമദാസ് അത്താവലെ നൽകുകയുണ്ടായി.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ, ഇത്തരത്തിൽ മാൻഹോളുകൾ വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട എണ്ണമറ്റ ആളുകളുടെ മരണാനന്തര ചടങ്ങുകളിൽ ഞാൻ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. ചെന്നൈ ജില്ലയിലെ ആവഡിയിൽ മാത്രം 2022 മുതൽക്കിങ്ങോട്ട് 12 മാൻഹോൾ മരണങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 11-ന്, ആവഡി സ്വദേശിയും അരുന്ധതിയാർ സമുദായാംഗവുമായ 25 വയസ്സുകാരൻ ഹരി, കരാറടിസ്ഥാനത്തിൽ ഒരു അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ചു.

12 ദിവസത്തിനുശേഷം, ഹരി അണ്ണന്റെ മരണം റിപ്പോർട്ട് ചെയ്യാൻ ഞാൻ ആ വീട്ടിലെത്തി. അവിടെ അദ്ദേഹത്തിന്റെ ശരീരം ഒരു ഫ്രീസർ പെട്ടിയിൽ കിടത്തിയിരിക്കുന്നത് ഞാൻ കണ്ടു. ഭർത്താവിന്റെ മരണാനന്തരം ഒരു വിധവ ചെയ്യേണ്ട കർമ്മങ്ങൾ ചെയ്യാൻ ഹരി അണ്ണന്റെ ഭാര്യ തമിഴ്‌ ശെൽവിയോട് അവരുടെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. തമിഴ്‌ ശെൽവിയുടെ അയൽക്കാർ അവരുടെ ശരീരം മുഴുവൻ മഞ്ഞൾ തേച്ച് കുളിപ്പിച്ചശേഷം അവരുടെ താലി (സുമംഗലിയുടെ ലക്ഷണം) അറുത്തെടുത്തു. ഈ ചടങ്ങുകൾ നടക്കുമ്പോഴെല്ലാം അവർ നിർവികാരയും നിശബ്ദയുമായി ഇരിക്കുകയായിരുന്നു.

PHOTO • M. Palani Kumar

തോട്ടിപ്പണി ചെയ്യുന്നതിനിടെയാണ് ഹരി മരണപ്പെട്ടത്. അദ്ദേഹവും ഭാര്യ തമിഴ് ശെൽവിയും - അവർ ഭിന്നശേഷിക്കാരിയാണ്- പ്രണയിച്ച് വിവാഹിതരായവരാണ്. തമിഴും അവരുടെ മകളും ഹരിയുടെ മൃതദേഹത്തിന് സമീപത്തിരുന്ന് വിതുമ്പിക്കൊണ്ടിരുന്നു

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്: പരേതനായ ഗോപിയുടെ ഭാര്യയാണ് ദീപ അക്ക. ഭർത്താവിനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ അവർ തന്റെ വലത് കൈയിൽ അദ്ദേഹത്തിന്റെ പേര്  പച്ചകുത്തിയിട്ടുണ്ട്. വലത്: ഗോപി-ദീപ ദമ്പതിമാരുടെ വിവാഹവാർഷികദിനമായ ഓഗസ്റ്റ് 20-നും അവരുടെ മകളുടെ (ചിത്രത്തിലുള്ള കുട്ടി) പിറന്നാൾദിനമായ ഓഗസ്റ്റ് 30-നും ഏതാനും ദിവസങ്ങൾക്ക് മുൻപ്, 2024 ഓഗസ്റ്റ് 11-നാണ് ഗോപി മരണപ്പെട്ടത്

ചടങ്ങുകൾക്കുശേഷം വസ്ത്രം മാറാനായി അവർ അടുത്ത മുറിയിലേയ്ക്ക് മാറിയതോടെ അവിടമൊന്നാകെ നിശ്ശബ്ദതയിലാണ്ടു. ഇഷ്ടികയിൽ നിർമ്മിച്ച ആ വീട് തേച്ചിട്ടുണ്ടായിരുന്നില്ല. പുറത്ത് കാണാനുണ്ടായിരുന്ന ഓരോ കല്ലും ഇടിഞ്ഞുതുടങ്ങിയിരുന്നു. ഏതുനിമിഷവും നിലംപൊത്തും എന്ന് ആ വീട് തോന്നിപ്പിച്ചു.

സാരി ധരിച്ച് മുറിയിൽനിന്ന് പുറത്ത് വന്ന തമിഴ് ശെൽവി അക്ക ഉറക്കെ നിലവിളിച്ചുകൊണ്ട് ഫ്രീസർ പെട്ടിയുടെ അരികിലേക്ക് ഓടിയെത്തി അവിടെയിരുന്ന് അലമുറയിടാൻ തുടങ്ങി. അവരുടെ നിലവിളികൾ ആൾക്കൂട്ടത്തെ നിശ്ശബ്ദമാക്കി ആ മുറിയിലൊന്നാകെ നിറഞ്ഞു.

"എന്റെ പൊന്നേ! ഒന്ന് എഴുന്നേൽക്ക്! മാമാ (സ്നേഹത്തോടെ വിളിക്കുന്നത്), എന്നെയൊന്ന് നോക്കിക്കൂടെ? അവർ എന്നോട് സാരി ഉടുക്കാൻ പറയുകയാണ്. ഞാൻ സാരി ഉടുക്കുന്നത് നിങ്ങൾക്ക് ഇഷ്ടമില്ലാത്തതല്ലേ? ഒന്ന് എഴുന്നേറ്റുവന്ന് അവരോട് എന്നെ നിർബന്ധിക്കരുതെന്ന് പറയൂ."

അവരുടെ ആ വാക്കുകൾ ഇന്നും എന്റെ ഉള്ളിൽ മുഴങ്ങുന്നുണ്ട്. ഭിന്നശേഷിക്കാരിയായ തമിഴ് ശെൽവി അക്കയ്ക്ക് ഒരു കൈയ്യില്ല. അതുകൊണ്ട് തന്നെ സാരി ഞൊറിഞ്ഞുടുത്ത് ചുമലിൽ കുത്താൻ പ്രയാസമായതിനാലാണ് അവർ സാരി ഉടുക്കാത്തത്. അവരുടെ  ഓർമ്മ എന്നെ നിരന്തരം വേട്ടയാടാറുണ്ട്.

ഞാൻ സാക്ഷിയായ ഇത്തരത്തിലുള്ള ഓരോ മരണങ്ങളും എന്റെ ഉള്ളിൽ ഇന്നും മായാതെ നിൽക്കുന്നു

ഓരോ മാൻഹോൾ മരണത്തിന് പിന്നിലും ഒരുപാട് കഥകൾ മറഞ്ഞുകിടപ്പുണ്ട്. 22 വയസ്സുകാരി ദീപയ്ക്ക് ഈയിടെ ആവഡിയിലുണ്ടായ മാൻഹോൾ മരണങ്ങളിൽ തന്റെ ഭർത്താവ് ഗോപിയെ നഷ്ടപ്പെട്ടു. ഇത്തരം കേസുകളിൽ നഷ്ടപരിഹാരമായി നൽകുന്ന 10 ലക്ഷം രൂപ തന്റെ കുടുംബത്തിന്റെ സന്തോഷവും സമാധാനവും മടക്കിനൽകുമോയെന്ന് ദീപ ചോദിക്കുന്നു. "ഓഗസ്റ്റ് 20 ഞങ്ങളുടെ വിവാഹവാർഷികദിനവും ഓഗസ്റ്റ് 30 ഞങ്ങളുടെ മകളുടെ പിറന്നാളുമാണ്; ഇപ്പോൾ ഇതേ മാസത്തിൽത്തന്നെ അദ്ദേഹം ഞങ്ങളെ വിട്ടുപോകുകയും ചെയ്തിരിക്കുന്നു," അവർ പറഞ്ഞു. സർക്കാരിൽനിന്ന് ലഭിക്കുന്ന നഷ്ടപരിഹാരത്തുക അവരുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തവുമല്ല.

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്: ഗോപിയുടെ മൃതദേഹം അദ്ദേഹത്തിന്റെ വീടിരിക്കുന്ന തെരുവിലേയ്ക്ക് കൊണ്ടുവരുന്നതിനുമുൻപ് കുടുംബാംഗങ്ങൾ ഉണങ്ങിയ ആലിലകൾ കൂട്ടി തീ കത്തിക്കുന്നു. വലത്: ചടങ്ങുകളുടെ ഭാഗമായി അവർ നിലത്ത് പൂക്കൾ സമർപ്പിക്കുന്നു

PHOTO • M. Palani Kumar

ഗോപിയുടെ മൃതദേഹം ഒരു ഐസ് പെട്ടിയിലാണ് വെച്ചിരിക്കുന്നത്. തോട്ടിപ്പണി നിരോധിക്കുന്ന നിയമം 2013-ൽ പ്രാബല്യത്തിൽ വന്നെങ്കിലും, ഈ സമ്പ്രദായം ഇന്നും തടസ്സമില്ലാതെ തുടരുന്നുണ്ട്. മാൻഹോളിൽ ഇറങ്ങാൻ അധികൃതർ തങ്ങളെ നിർബന്ധിക്കുമെന്നും വിസമ്മതിച്ചാൽ ശമ്പളം തരില്ലെന്ന് ഭീഷണിപ്പെടുത്തുമെന്നും തൊഴിലാളികൾ പറയുന്നു

PHOTO • M. Palani Kumar

ദീപ അക്ക ഭർത്താവ് ഗോപിയുടെ മൃതദേഹം വിട്ടുകൊടുക്കാനാകാതെ മുറുകെപ്പിടിക്കുന്നു

മാൻഹോളിൽപ്പെട്ട് മരിക്കുന്നവരുടെ കുടുംബങ്ങളിലെ സ്ത്രീകളേയും കുട്ടികളേയും പലപ്പോഴും ഇരകളായി കണക്കാക്കാറില്ല. വിഴുപുരം ജില്ലയിലുള്ള മാതംപട്ട് ഗ്രാമവാസിയായ മാരി, മാൻഹോളിൽ ഇറങ്ങി ജോലി ചെയ്യുന്നതിനിടെ മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ അനുഷ്യ അക്കയ്ക്ക് ഒന്ന് ഉറക്കെ നിലവിളിക്കാൻപോലും കഴിഞ്ഞില്ല-കാരണം അവർ എട്ടുമാസം ഗർഭിണിയായിരുന്നു. മാരി-അനുഷ്യ ദമ്പതിമാർക്ക് നേരത്തെ തന്നെ മൂന്ന് പെണ്മക്കളുണ്ട് - മൂത്ത രണ്ട് പെൺമക്കളും കരയുന്നുണ്ടായിരുന്നെങ്കിലും ഏറ്റവും ചെറിയ കുട്ടിയ്ക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാനുള്ള പ്രായമായിരുന്നില്ല. തമിഴ്നാടിൻറെ കിഴക്കേ മൂലയിലുള്ള ആ പ്രദേശത്തെ വീട്ടിൽ അവൾ ഒന്നും അറിയാതെ നാലുപാടും ഓടിക്കളിച്ചുകൊണ്ടിരുന്നു.

സർക്കാർ നൽകുന്ന നഷ്ടപരിഹാരം ചോരപ്പണമായാണ് മിക്കവരും കാണുന്നത്. "എനിക്ക് ആ പൈസ ഉപയോഗിക്കാൻ കഴിയുന്നില്ല. അത് ചിലവാക്കുമ്പോൾ എന്റെ ഭർത്താവിന്റെ ചോരയിൽ പങ്കു പറ്റുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്," അനുഷ്യ അക്ക പറഞ്ഞു.

തോട്ടിപ്പണി ചെയ്യുന്നതിനിടെ മരണപ്പെട്ട, തമിഴ്നാട്ടിലെ കാരൂർ ജില്ലക്കാരനായ ബാലകൃഷ്ണന്റെ കുടുംബത്തെ ഞാൻ ചെന്ന് കണ്ടപ്പോൾ, അദ്ദേഹത്തിന്റെ ഭാര്യ ഗുരുതരമായ വിഷാദരോഗം അനുഭവിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. തിരക്കിട്ട് ജോലി ചെയ്യുന്നതിനിടെപോലും താൻ പലപ്പോഴും പരിസരം മറക്കാറുണ്ടെന്ന് അവർ പറഞ്ഞു. പിന്നീട് തന്റെ സ്ഥിതി എന്താണെന്ന് തിരിച്ചറിയാൻ ഒരുപാട് സമയമെടുക്കുമെന്നും അവർ പറഞ്ഞു.

ഒറ്റദിവസം കൊണ്ട് ഈ കുടുംബങ്ങളുടെ ജീവിതം കീഴ്മേൽ മറിയുന്നു. എന്നാൽ, നമുക്ക് ഈ മരണങ്ങൾ ഒരു വാർത്തയ്ക്കപ്പുറം ഒന്നുമല്ല.

PHOTO • M. Palani Kumar

വിഴുപുരത്തെ മാതംപട്ട് ഗ്രാമവാസിയായ മാരി തോട്ടിപ്പണി ചെയ്യുന്നതിനിടെയാണ് മരണപ്പെട്ടത്; എട്ടുമാസം ഗർഭിണിയായ ഭാര്യ അനുഷ്യയെ തനിച്ചാക്കിയാണ് അദ്ദേഹം പോയത്

PHOTO • M. Palani Kumar

മാരിയുടെ മൃതദേഹം വീട്ടിൽനിന്ന് അദ്ദേഹത്തിന്റെ സമുദായത്തിന് പ്രത്യേകമായുള്ള സംസ്കാര സ്ഥലത്തേയ്ക്ക് കൊണ്ടുപോകുന്നു; മറ്റുള്ള സമുദായങ്ങൾ സംസ്കാരക്രിയകൾ ചെയ്യുന്ന ഇടം വേറെയാണ്

2023 സെപ്റ്റംബർ 11-ന്, ആവഡിയിലെ ഭീമ നഗറിൽ താമസിക്കുന്ന മോസസ് എന്ന ശുചീകരണത്തൊഴിലാളി മരണപ്പെട്ടു. ആ പ്രദേശത്ത് ഓടിട്ട ഒരേയൊരു വീട് അദ്ദേഹത്തിന്റേതാണ്. മോസസിന്റെ രണ്ടു പെണ്മക്കൾക്കും സ്ഥിതിഗതികൾ മനസ്സിലാക്കാനുള്ള പക്വതയായിട്ടുണ്ട്. മോസസിന്റെ മൃതദേഹം വീട്ടിൽ കൊണ്ടുവരുന്നതിന് ഒരു ദിവസം മുൻപ് ഞാൻ അവിടെ ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ പെണ്മക്കൾ 'ഡാഡ് ലവ്‌സ് മീ' (അച്ഛൻ എന്നെ സ്നേഹിക്കുന്നു), 'ഡാഡ്‌സ് ലിറ്റിൽ പ്രിൻസസ്' (അച്ഛന്റെ കൊച്ച് രാജകുമാരി) എന്ന് എഴുതിയ ടീഷർട്ടുകളാണ് ധരിച്ചിരുന്നത്. അത് യദൃശ്ചയാ സംഭവിച്ചതാണോയെന്ന് എനിക്ക് ഉറപ്പില്ല.

അവർ ഇരുവരും ആ ദിവസമൊന്നാകെ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു; ചുറ്റുമുള്ളവർ എത്ര ശ്രമിച്ചിട്ടും അവരെ ആശ്വസിപ്പിക്കാനായില്ല..

ഈ പ്രശ്നങ്ങൾ രേഖപ്പെടുത്താനും അതുവഴി മുഖ്യധാരയിൽ ചർച്ച ചെയ്യാനും നമുക്ക് ശ്രമിക്കാമെങ്കിലും, ഇത്തരം മരണങ്ങളെ വെറും വാർത്തകളായി കാണാനുള്ള പ്രവണത ഇന്നത്തെ സമൂഹത്തിലുണ്ട്.

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്: ചെന്നൈയിലെ ആവഡിയിലുള്ള ഭീമാ നഗറിൽ നടന്ന മറ്റൊരു ശവസംസ്കാരത്തിൽ മോസസിന്റെ ദുഖാർത്തരായ കുടുംബം അദ്ദേഹത്തിന്റെ ശരീരത്തിൽ പൂക്കൾ അർപ്പിക്കുന്നു. വലത്: അദ്ദേഹത്തിന്റെ മൃതശരീത്തിന് സമീപം കുടുംബാംഗങ്ങൾ പ്രാർത്ഥിക്കുന്നു

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്: ആവഡി മോസസിന്റെ ശരീരത്തിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അവിടെ കൂടിയവർ പെട്ടെന്ന് തന്നെ ശരീരം സംസ്കരിക്കാൻ കൊണ്ടുപോയി. വലത്: ആവഡി മോസസിന്റെ വീട്

രണ്ടുവർഷം മുൻപ്, ശ്രീപെരുംപുത്തൂരിലെ ഒരു ഗ്രാമമായ കാഞ്ചിപട്ടിൽ 25 വയസ്സുള്ള നവീൻ കുമാർ, 20 വയസ്സുകാരനായ തിരുമലൈ, 50 വയസ്സുള്ള രംഗനാഥൻ എന്നീ മൂന്ന് ശുചീകരണ തൊഴിലാളികൾ മരണപ്പെടുകയുണ്ടായി. തിരുമലൈയുടെ കല്യാണം കഴിഞ്ഞ് അധികമായിരുന്നില്ല, രംഗനാഥന് രണ്ട് കുട്ടികളുണ്ടായിരുന്നു. തോട്ടിപ്പണിയ്ക്കിടെ മരണപ്പെടുന്ന തൊഴിലാളികളിൽ നല്ലൊരു പങ്കും സമീപകാലത്ത് വിവാഹിതരായവരായിരിക്കും; അവരുടെ വിധവകൾ പ്രതീക്ഷ കൈവിടുന്നത് ഹൃദയഭേദകമായ അനുഭവമാണ്. മുത്തുലക്ഷ്മിയുടെ ഭർത്താവ് മരിച്ച് ഏതാനും മാസങ്ങൾക്കുശേഷം അവരുടെ ബന്ധുക്കൾ അവർക്ക് വളകാപ്പ് നടത്തുകയുണ്ടായി.

തോട്ടിപ്പണി നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമാണ് . എന്നിട്ടും മാൻഹോൾ മരണങ്ങൾ കുറയ്ക്കാൻ നമുക്ക് കഴിയുന്നില്ല. ഈ വിഷയത്തെ ഇനി എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് എനിക്കറിയില്ല. ഇത്രയും ഹീനമായ ഒരു പ്രവൃത്തി അവസാനിപ്പിക്കാൻ എനിക്കറിയാവുന്ന ഒരേയൊരു മാർഗ്ഗം എന്റെ എഴുത്തും ഫോട്ടോകളും ഉപയോഗപ്പെടുത്തുക എന്നതാണ്.

ഇത്തരത്തിലുള്ള ഓരോ മരണവും എന്നെ വല്ലാതെ തളർത്താറുണ്ട്. അവരുടെ സംസ്കാരച്ചടങ്ങുകളിൽ ഞാൻ കരയുന്നത് ശരിയാണോ എന്ന് പലപ്പോഴും ഞാൻ എന്നോടുതന്നെ ചോദിക്കും. തൊഴിൽപരമായ വിഷമം എന്നൊന്നില്ല. അത് എല്ലായ്‌പ്പോഴും വ്യക്തിപരമായ ദുഃഖംതന്നെയാണ്. ഇത്തരം മരണങ്ങൾ മൂലമാണ് ഞാൻ ഒരു ഫോട്ടോഗ്രാഫറായതെന്ന് ഇവിടെ പറയേണ്ടതുണ്ട്. ഇനി ഒരു മാൻഹോൾ മരണം ഉണ്ടാകാതിരിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്? നമ്മൾ എല്ലാവരും എന്താണ് ചെയ്യേണ്ടത്?

PHOTO • M. Palani Kumar

2019 ഓഗസ്റ്റ് 2-ന് ചെന്നൈയിലെ പുളിയന്തോപ്പിൽ തോട്ടിപ്പണി ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ ശുചീകരണ തൊഴിലാളിയായ മോസസ് മരണപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ മേരി (നീലസ്സാരി ധരിച്ചയാൾ)

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്: രംഗനാഥന്റെ വീട്ടിൽ, അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ബന്ധുക്കൾ അരി വിതരണം ചെയ്തു. 2022-ലെ ദീപാവലിക്ക് ഒരാഴ്ച മുൻപ്, തമിഴ് നാട്ടിലെ ശ്രീപെരുംപുത്തൂരിലുള്ള കാഞ്ചിപട്ട് ഗ്രാമത്തിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് രംഗനാഥനും നവീൻ കുമാറും മരണപ്പെട്ടത്. വലത്: ശ്രീപെരുംപുത്തൂരിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് പേർ മരണപ്പെട്ടപ്പോൾ, നാട്ടിലെ ശ്‌മശാനത്തിൽ തിരക്കേറി

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്: 2024 ഒക്ടോബറിൽ, ചെന്നൈ മുനിസിപ്പൽ കോർപ്പറേഷനിലെ ശുചീകരണത്തൊഴിലാളികൾ ജോലി സ്ഥിരമാക്കണമെന്നും വേതനം വർദ്ധിപ്പിക്കണമെന്നുമാവശ്യപ്പെട്ട് സമരം ചെയ്യുന്നു. ദീനദയാൽ അന്ത്യോദയ യോജന-നാഷണൽ അർബൻ ലൈവ്‌ലിഹുഡ്‌സ് മിഷൻ (DAY- NULM) പദ്ധതിയ്ക്ക് കീഴിലാണ് അവരെ നിയമിച്ചിരിക്കുന്നത്.ലെഫ്റ്റ് ട്രേഡ് യൂണിയൻ സെന്റർ (എൽ.ടി.യു.സി) അംഗങ്ങൾ സ്ഥിരജോലിയും ശമ്പളവർധനവും ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിൽനിന്നുള്ള ദൃശ്യങ്ങൾ. വലത്: കോവിഡ് മഹാമാരിയ്ക്കുശേഷം ഖരമാലിന്യ സംസ്കരണം സ്വകാര്യവത്കരിച്ചതിനെതിരേ പ്രതിഷേധിച്ച, 5, 6, 7 സോണുകളിൽനിന്നുള്ള നൂറുകണക്കിന് ശുചീകരണത്തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു

പരിഭാഷ: പ്രതിഭ ആര്‍. കെ.

M. Palani Kumar

ایم پلنی کمار پیپلز آرکائیو آف رورل انڈیا کے اسٹاف فوٹوگرافر ہیں۔ وہ کام کرنے والی خواتین اور محروم طبقوں کی زندگیوں کو دستاویزی شکل دینے میں دلچسپی رکھتے ہیں۔ پلنی نے ۲۰۲۱ میں ’ایمپلیفائی گرانٹ‘ اور ۲۰۲۰ میں ’سمیُکت درشٹی اور فوٹو ساؤتھ ایشیا گرانٹ‘ حاصل کیا تھا۔ سال ۲۰۲۲ میں انہیں پہلے ’دیانیتا سنگھ-پاری ڈاکیومینٹری فوٹوگرافی ایوارڈ‘ سے نوازا گیا تھا۔ پلنی تمل زبان میں فلم ساز دویہ بھارتی کی ہدایت کاری میں، تمل ناڈو کے ہاتھ سے میلا ڈھونے والوں پر بنائی گئی دستاویزی فلم ’ککوس‘ (بیت الخلاء) کے سنیماٹوگرافر بھی تھے۔

کے ذریعہ دیگر اسٹوریز M. Palani Kumar
Editor : PARI Desk

پاری ڈیسک ہمارے ادارتی کام کا بنیادی مرکز ہے۔ یہ ٹیم پورے ملک میں پھیلے نامہ نگاروں، محققین، فوٹوگرافرز، فلم سازوں اور ترجمہ نگاروں کے ساتھ مل کر کام کرتی ہے۔ ڈیسک پر موجود ہماری یہ ٹیم پاری کے ذریعہ شائع کردہ متن، ویڈیو، آڈیو اور تحقیقی رپورٹوں کی اشاعت میں مدد کرتی ہے اور ان کا بندوبست کرتی ہے۔

کے ذریعہ دیگر اسٹوریز PARI Desk
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

کے ذریعہ دیگر اسٹوریز Prathibha R. K.