പാർലമെന്‍റംഗമാകാൻ ആഗ്രഹിക്കുന്ന ഒന്നോ രണ്ടോ പേർക്ക് ആതിഥ്യമരുളാനോ, വീട്ടിലെ കല്ലിൽ അരച്ചുണ്ടാക്കിയ ചോള ഭാക്രികള്‍ അവര്‍ക്ക് നല്‍കാനോ, അല്ലെങ്കിൽ ഉല്ലസിക്കാനായി മരം കയറിയ കുട്ടികൾ പറിച്ചെടുത്ത മധുരമുള്ള ചരോലിപ്പഴങ്ങള്‍ അവർക്ക് നൽകാനോ ലഭിക്കുന്ന അവസരം നിമിത്തം അമ്പാപാനി നിവാസികൾക്ക് ആനന്ദിക്കാം.

എന്നിരിക്കലും, തുടക്കത്തില്‍ ആളുകൾ അവരുടെ വീടുകൾ മുള, ചാണകം, ചെളി എന്നിവ കൊണ്ട് നിർമ്മിച്ചശേഷം കടന്നുപോയ അഞ്ച് ദശകങ്ങൾക്കുള്ളിൽ ഒരിക്കൽപോലും ഒരു പ്രമുഖ രാഷ്ട്രീയ പ്രതിനിധിയും അവരെ സന്ദർശിച്ചിട്ടില്ല. ഗതാഗത യോഗ്യമായ ഏറ്റവുമടുത്ത റോഡിൽ നിന്നും ഉയർന്ന പ്രദേശത്തേക്ക് 13 കിലോമീറ്റർ മാറി സത്പുരയുടെ ദുർഘടമായ, കല്ലുകൾ നിറഞ്ഞ, നിരകളായി കിടക്കുന്നചരിവുകളിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്.

818 ആളുകൾ വസിക്കുന്ന (2011 സെൻസസ് പ്രകാരം) അമ്പാപാനിയിൽ റോഡ്, വൈദ്യുതി, വെള്ളം, മൊബൈൽ ഫോൺ നെറ്റ്‌വർക്ക്, ന്യായവില കടകൾ, പ്രാഥമികാരോഗ്യ കേന്ദ്രം, അംഗൻവാടി എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ഒന്നുമില്ല. സംസ്ഥാനത്ത് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന പവാരാകളാണ് അവിടെ വസിക്കുന്ന മുഴുവനാളുകളും. അവിടെ നിന്നും വായുദൂരം കഷ്ടി 30 കിലോമീറ്റർ വടക്കുമാറി മദ്ധ്യപ്രദേശിൽ വേരുകളുള്ള നാലോ അഞ്ചോ വലിയ ഗോത്രങ്ങളിലാണ് അവിടെയുള്ള 120 വീടുകളിൽ ഭൂരിഭാഗവും തങ്ങളുടെ വംശപരമ്പര കണ്ടെത്തുന്നത്.

നെറ്റ്‌വർക്കുകളൊന്നും ലഭ്യമാകാത്തിടത്ത് സ്ഥിതി ചെയ്യുന്ന ആ പ്രദേശത്ത് ടെലിവിഷൻ സെറ്റുകളോ സ്മാർട്ട് ഫോണുകളോ ഒന്നുമില്ല. സ്ത്രീകളുടെ മംഗൾസൂത്രയുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നറിയിപ്പുകൾ മുതൽ ഭരണഘടന സംരക്ഷിക്കാനുള്ള കോൺഗ്രസിന്‍റെ ആഹ്വാനങ്ങൾ വരെ 2024 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഏറ്റവും ചൂടേറിയ വിഷയങ്ങൾ പോലും അമ്പാപാനിയിലെ സമ്മതിദായകരിൽ എത്തിയിട്ടില്ല.

"ഒരുപക്ഷെ റോഡാകാം", ആകർഷകമായ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം എന്തായിരിക്കാം എന്ന ചോദ്യത്തിനുള്ള മറുപടി എന്നോണം ഉംഗ്യ ഗുർജ പവാരാ പറഞ്ഞു. ഗ്രാമത്തിൽ തുടക്കംമുതൽ വസിച്ചിരുന്നവരുടെ പിന്മുറക്കാരനാണ് 56-കാരനായ അദ്ദേഹം. ഏതാണ്ട് ഒരു ദശകത്തിന് മുമ്പ് പണം സ്വരുക്കൂട്ടി വെച്ച് അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് വാങ്ങിയ 75 കിലോഗ്രാം ഭാരമുള്ള ഒരു സ്റ്റീൽ അലമാര 4 പേർ ചേര്‍ന്നാണ് മുകളിലേക്കെത്തിച്ചത്, "ഒരു സ്ട്രെച്ചർ പോലെ".

മൊഹ്റാലെ ചന്തയിലേക്കുള്ള കാർഷികോല്പന്നങ്ങൾ കുത്തനെ കിടക്കുന്ന ചരുവുകളിലൂടെയുള്ള മൺപാതയിലൂടെ, ഉയർച്ച താഴ്ചകൾ, കൊടുംവളവുകൾ, കയറ്റിറക്കങ്ങൾ, ഇളകിക്കിടക്കുന്ന മണ്ണ്, പർവ്വതങ്ങളിലെ അരുവികൾ, ഇടയ്ക്കിടെയെത്തുന്ന കരടികൾ എന്നിങ്ങനെയുള്ളവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മറികടന്ന് 13 കിലോമീറ്റർ കുന്നിറങ്ങി ഇരുചക്രവാഹനങ്ങളിലാണ് എത്തിക്കുന്നത്. ഓരോ തവണയും ഓരോ ക്വിന്‍റലോളം ഉൽപ്പന്നങ്ങൾ ഉണ്ടായിരിക്കും.

“എന്നിരിക്കിലും, മറുവശം നോക്കിയാല്‍, റോഡ് വരുന്നത് നിയമവിരുദ്ധമായ മരംമുറിക്കല്‍ വർദ്ധിപ്പിക്കുമോയെന്നകാര്യം ആലോചിക്കേണ്ടതുണ്ട്”, ഉംഗ്യ ചിന്തിച്ചുകൊണ്ട് പറഞ്ഞു.

Left: Ungya Pawara and his immediate family in front of their home in Ambapani .
PHOTO • Kavitha Iyer
Right: Ungya's wife, Badhibai's toe was almost sliced off when a hatchet she was using to chop firewood fell on her leg. There is no clinic nearby to treat the gash
PHOTO • Kavitha Iyer

ഇടത്: ഉംഗ്യ പവാരായും അദ്ദേഹത്തിന്‍റെ കുടുംബവും അമ്പാപാനിയിലെ തങ്ങളുടെ വീടിനു മുന്‍പില്‍. വലത്: വിറക് ശേഖരിക്കാനുപയോഗിച്ച മഴു കാലില്‍ വീണതിനെത്തുടര്‍ന്ന് ഉംഗ്യയുടെ ഭാര്യയായ ബാധിബായിയുടെ പെരുവിരല്‍ ഏതാണ്ട് അറ്റുപോയി. മുറിവ് ചികിത്സിക്കാനുള്ള ക്ലിനിക്കൊന്നും സമീപത്തില്ല

Ungya Pawara’s home (left) in the village. He is a descendant of one of the original settlers of the hamlet .
PHOTO • Kavitha Iyer
A charoli tree (right) outside the marital home of Rehendi Pawara, Ungya and Badhibai's daughter. Climbing the tree and plucking its sweet fruit is a popular game for the children of the village
PHOTO • Kavitha Iyer

ഗ്രാമത്തിലെ ഉംഗ്യ പവാരായുടെ വീട് (ഇടത്). ഗ്രാമത്തിലെ ആദിമ താമസക്കാരുടെ ഒരു പിന്മുറക്കാരനാണ് ഇദ്ദേഹം. ഉംഗ്യയുടെയും ബാധിബായിയുടെയും മകളായ രഹന്ദിയെ വിവാഹം കഴിച്ചയച്ച വീടിനു മുമ്പിലുള്ള ഒരു ചരോലി മരം (വലത്). ഈ മരത്തിൽ കയറുകയും അതിൽനിന്നും മധുരമുള്ള പഴങ്ങൾ പറിക്കുകയും ചെയ്യുന്നത് ഗ്രാമത്തിലെ കുട്ടികളുടെ ഇഷ്ടവിനോദമാണ്

വിറക് വെട്ടുന്ന സമയത്ത് മഴു പെരുവിരലിൽ വീണതിന്നെത്തുടർന്ന് അദ്ദേഹത്തിൻ്റെ ഭാര്യ ബാധിബായ് മാസത്തിലെ മിക്കസമയത്തും ഞൊണ്ടിയാണ് നടക്കുന്നത്. ആഴമുള്ള മുറിവാണ്, പക്ഷെ അവർ ബാൻഡേജ് പോലും ഇട്ടിട്ടില്ല. “ മൊഹ്റാലെ കാൻവാ ഹരിപുരപര്യന്ത് ജാവെ ലഗ്തെ [മൊഹ്റാലെയിലേക്കോ ഹരിപുരത്തേക്കോ ഞാൻ പോകേണ്ടിവരും]”, എന്തുകൊണ്ട് മുറിവ് കാര്യമാക്കുന്നില്ല എന്ന ചോദ്യത്തിനുള്ള ഉത്തരമെന്നോണം അവർ പറഞ്ഞു. “ഏതെങ്കിലും പാർട്ടി ഞങ്ങൾക്കിവിടെ നല്ലൊരു ധവാഖാന [ക്ലിനിക്] തരുമോ?”, അവർ ചിരിച്ചു.

അമ്പാപാനിയിലെ ഒരു കുഞ്ഞിനെങ്കിലും പോഷകാഹാരക്കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നിരിക്കിലും എത്രമാത്രം പോഷകക്കുറവാണ് ആ പെൺകുഞ്ഞിനുള്ളതെന്ന് കുടുംബത്തിനറിയില്ല. ഏതാണ്ട് ഒരു ദശകത്തിനു മുൻപ് അംഗീകാരം ലഭിച്ചതാണെങ്കിലും ഒരു അംഗൻവാടിപോലും അവിടില്ലെന്ന് ഗ്രാമവാസികൾ പറയുന്നു.

പകരം മൊഹ്റാലെയിലെ ഒരു അംഗൻവാടി പ്രവർത്തകയ്ക്ക് അമ്പാപാനിയുടെ അധികച്ചുമതല നൽകിയിട്ടുണ്ട്. ശിശുക്കൾക്കും ഗർഭിണികൾക്കും വീട്ടിലേക്കുള്ള റേഷൻ സാധനങ്ങളും ഗർഭിണികൾക്കുള്ള അയൺ, ഫോളിക് ആസിഡ് ഗുളികകളും എത്തിക്കാൻ ഏതാനും ആഴ്ചകൾ കൂടുമ്പോൾ ഒരിക്കലെത്തുന്ന അവർ ബുദ്ധിമുട്ടുന്നു. “ഇവിടെ ഞങ്ങൾക്കൊരു അംഗൻവാടി ഉണ്ടായിരുന്നെങ്കിൽ കുറഞ്ഞത് കൊച്ചു കുട്ടികൾക്കെങ്കിലും അവിടെപ്പോയി എന്തെങ്കിലും പഠിക്കാന്‍ കഴിയുമായിരുന്നു”, ബാധിബായ് പറഞ്ഞു. ആറ് വയസ്സുവരെയുള്ള അമ്പതിലധികം കുട്ടികൾ ഗ്രാമത്തിലുണ്ടെന്ന് ഉംഗ്യ പറഞ്ഞു. അംഗൻവാടികളുടെ പ്രവർത്തനം സാദ്ധ്യമാക്കുന്ന സംയോജിത ശിശുവികസന സേവന പദ്ധതി യിൽ (ഐ.സി.ഡി.എസ്.) നിന്നുള്ള ആനുകൂല്യങ്ങൾക്കു വേണ്ടിയാണ് കുട്ടികളെ വിവിധ പ്രായത്തിലുള്ള വിഭാഗങ്ങളായി തിരിച്ചിരിക്കുന്നത്.

പരമ്പരാഗതമായി വീടുകളിലാണ് പ്രസവങ്ങൾ നടക്കാറുള്ളത്. എങ്കിലും അടുത്തകാലത്തായി ചില യുവതികൾ 13 കിലോമീറ്റർ അകലെ മൊഹ്റാലെയിലോ ഹരിപുരത്തോ ഉള്ള ക്ലിനിക്കുകളിൽ പോകാറുണ്ട്.

ഉംഗ്യയ്ക്കും ബാധിബായിക്കും 5 പുത്രന്മാരും 2 പുത്രിമാരും കുറേയധികം പേരക്കുട്ടികളുമുണ്ട്. നിരക്ഷരരായ ആ ദമ്പതികൾ തങ്ങളുടെ പുത്രന്മാരെ സ്ക്കൂളുകളിലാക്കാൻ ശ്രമിച്ചു, പക്ഷെ ആ ലക്ഷ്യം റോഡില്ലാത്തതിനാൽ നിറവേറിയില്ല.

ഏതാണ്ട് രണ്ട് ദശകങ്ങൾക്കു മുൻപ് ഒരു സ്ക്കൂൾ 'കെട്ടിടം' നിര്‍മ്മിച്ചു. മുളകൊണ്ട് നിർമ്മിച്ച്, മേൽക്കൂര മേഞ്ഞ, ആ മുറിയായിരിക്കാം ആ ഗ്രാമത്തിലെ ഏറ്റവും പൊട്ടിപ്പൊളിഞ്ഞ നിർമ്മിതി.

"യഥാർത്ഥത്തിൽ ഒരു അദ്ധ്യാപകനെ അവിടെ നിയമിച്ചിരുന്നു. പക്ഷെ തെഹ്സീലിൽ എവിടെങ്കിലും താമസിക്കുന്ന ആരെങ്കിലും എല്ലാദിവസവും യാത്ര ചെയ്ത് ഇവിടെത്തുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അമ്പാപാനി നിവാസിയും ബാർജ്യ കാണ്ഡ്ല്യ പവാരാ എന്ന ആദ്യകാല നിവാസിയുടെ മകനുമായ രൂപ്സിംഗ് പവാരാ പറഞ്ഞു. പ്രദേശവാസികൾ പറയുന്നത് രണ്ട് ഭാര്യമാരിലായി അദ്ദേഹത്തിന് 15 മക്കൾ ഉണ്ടെന്നാണ്. വളരെ വിദഗ്ദ്ധമായി ബൈക്ക് ഓടിക്കുന്നവർക്കും പ്രദേശവാസികൾക്കും മാത്രമേ ഇങ്ങനൊരു 40 മിനിറ്റ് യാത്രയ്ക്ക് തുനിഞ്ഞിറങ്ങാൻ കഴിയൂ. പെട്ടെന്ന് തളർന്നു പോകുന്നവർക്ക് പറ്റിയതല്ല ഈ സവാരി. വനംവകുപ്പ് ഗാർഡുകളെപ്പോലും പോലും വഴിയിൽ തളർന്നു പോകുന്നവരായി കണ്ടിട്ടുണ്ട്.

PHOTO • Kavitha Iyer
PHOTO • Kavitha Iyer

ഏതാണ്ട് രണ്ട് ദശകങ്ങൾക്കു മുൻപ് ഒരു സ്ക്കൂൾ 'കെട്ടിടം' നിര്‍മ്മിച്ചു (ഇടത്) , പക്ഷെ അദ്ധ്യാപക/ൻ ഇനിയും എത്തിയിട്ടില്ല. 'യഥാർത്ഥത്തിൽ ഒരു അദ്ധ്യാപകനെ [സ്ക്കൂളിൽ] നിയമിച്ചിരുന്നു. പക്ഷെ തെഹ്സീലിൽ എവിടെങ്കിലും താമസിക്കുന്ന ആരെങ്കിലും എല്ലാദിവസവും യാത്ര ചെയ്ത് ഇവിടെത്തുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?', ഗ്രാമത്തിൽ നിന്നുള്ള രൂപ്സിംഗ് പവാര (വലത്) ചോദിക്കുന്നു

PHOTO • Kavitha Iyer

ജാൽഗാവ് ജില്ലയിലെ യവാൽ താലൂക്കിലെ അമ്പാപാനി ഗ്രാമത്തിലേക്കുള്ള ഒരേയൊരു വഴി അപകടംപിടിച്ച ബൈക്ക് യാത്രയിലൂടെ കയറ്റംകയറി 40 മിനിറ്റ് കൊണ്ടെത്താവുന്ന മൺപാതയാണ്

ബാധിബായിയുടെ പേരക്കുട്ടികളിലൊരാളായ ബാർക്യ സമീപ തഹസീലായ ചോപ്ഡയിലെ ധാനോരയിലെ ആശ്രമശാലയിൽ നിന്നും വേനലവധിക്ക് തിരിച്ചെത്തിയിട്ടുണ്ട് (പട്ടികവർഗ്ഗങ്ങളിലും അലഞ്ഞു തിരിയുന്ന ഗോത്രവിഭാഗങ്ങളിലും ഉൾപ്പെടുന്ന കുട്ടികൾക്ക് വേണ്ടി സംസ്ഥാന സർക്കാർ നടത്തുന്ന റസിഡൻഷ്യൽ സ്ക്കൂളുകളാണ് ആശ്രമശാലകൾ). മറ്റൊരു ചെറുമകൻ മറ്റൊരു ആശ്രമശാലയിൽ ഉണ്ട്.

അമ്പാപാനിയിൽ വച്ച് ഞങ്ങൾക്ക് സ്റ്റീൽ ടംബ്ലറുകളിൽ നദീജലവും ചെറിയ പിഞ്ഞാണ കപ്പുകളിൽ കട്ടൻ ചായയും നൽകി. തങ്ങൾ ഒരിക്കലും സ്കൂളിൽ പോയിട്ടില്ലെന്ന് അവ ഞങ്ങൾക്കു നൽകിയ 4 കൊച്ചു പെൺകുട്ടികൾ പറഞ്ഞു.

ഒരു കുന്നിൻ ചരിവിലൂടെ താഴേക്ക് മുറിച്ചുകടന്ന് അടുത്ത കുന്നിലേക്ക് വളഞ്ഞുപുളഞ്ഞു കയറുന്ന ഒരു മൺപാതയിലൂടെ ഏതാണ്ട് ഒന്നോ രണ്ടോ കിലോമീറ്റർ സഞ്ചരിച്ചെത്തുന്നിടത്താണ് ബാധിബായിയുടെ മകൾ രഹന്ദിയെ വിവാഹം ചെയ്തയച്ചിരിക്കുന്ന വീട് സ്ഥിതി ചെയ്യുന്നത്. പവാരാ വിഭാഗക്കാർ തന്നെയാണ് പ്രസ്തുത മൺപാത നിർമ്മിച്ചത്.

ജാതി സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള സർക്കാർ നടപടികൾ ലളിതമാക്കാൻ പറ്റുമോയെന്നാണ് ചില വോട്ടർമാർ ചിന്തിക്കുന്നതെന്ന് രഹന്ദി പറഞ്ഞു. ചുറ്റും കൂടിയ മറ്റാളുകൾ പറഞ്ഞത് ഗ്രാമത്തിലുള്ള 20-25 ശതമാനം ആളുകൾക്ക് റേഷൻ കാർഡുകൾ ഇല്ലെന്നാണ്.

ഏതാണ്ട് 15 കിലോമീറ്റർ മാറി, മൊഹ്റാലെയ്ക്ക് തെക്കായി, കോർപാവലി ഗ്രാമത്തിലാണ് റേഷൻകട (പൊതുവിതരണ സമ്പ്രദായം) സ്ഥിതി ചെയ്യുന്നത്. ആറു വയസ്സ് വരെയുള്ള കുട്ടികളുടെ പേരുകൾ പലപ്പോഴും ജനന സർട്ടിഫിക്കറ്റിനായി രജിസ്റ്റർ ചെയ്യപ്പെടുന്നില്ല. അംഗീകൃത സ്ഥാപനങ്ങളിൽ പ്രസവം നടക്കാതിരിക്കുക കൂടി ചെയ്യുമ്പോൾ പ്രായം കുറഞ്ഞവർക്കുള്ള ആധാർ കാർഡ് ലഭിക്കുന്നതിനോ അവരുടെ പേരുകൾ റേഷൻ കാർഡിൽ ചേർക്കുന്നതിനോ കുടുംബങ്ങൾ ബുദ്ധിമുട്ടും.

രാഷ്ട്രീയക്കാരോട് ചോദിക്കേണ്ട ഏറ്റവും പ്രധാന കാര്യം ജലലഭ്യതയെക്കുറിച്ചാണെന്ന് സ്ത്രീകൾ പറയുന്നു.

ഗ്രാമത്തിൽ കിണറുകളോ കുഴൽക്കിണറുകളോ ഹാൻഡ് പമ്പുകളോ പൈപ്പുകളോ ഇല്ല. കുടിവെള്ള, ജലസേചന ആവശ്യങ്ങൾക്ക് ഗ്രാമവാസികൾ ആശ്രയിക്കുന്നത് വർഷകാല അരുവികളെയോ പടിഞ്ഞാറോട്ടൊഴുകുന്ന താപി നദിയുടെ കൈവഴികളെയോ ആണ്. കടുത്ത ജല ദൗർലഭ്യം വളരെ അപൂർവമാണ്, പക്ഷേ വേനൽ കടുക്കുന്നതോടെ ജലം മോശമാകുന്നു. "ചിലപ്പോൾ മോട്ടോർ ബൈക്കുകളിൽ വെള്ളം എത്തിക്കുന്നതിനായി കാനുകളുമായി ആണുങ്ങളെ ഞങ്ങൾ പറഞ്ഞയയ്ക്കും", രഹന്ദി പറഞ്ഞു. മിക്കപ്പോഴും സ്ത്രീകളും പെൺകുട്ടികളുമാണ് മോശം വഴികളിലൂടെ പാദരക്ഷകൾ പോലും ധരിക്കാതെ കാൽനടയായി കുടങ്ങളിൽ വീട്ടിലേക്ക് വെള്ളമെത്തിക്കുന്നത്. അതിനായി ഒരുപാട് തവണ അവർക്ക് നടക്കേണ്ടിവരും.

PHOTO • Kavitha Iyer
PHOTO • Kavitha Iyer

പർവതങ്ങളിൽ നിന്നുള്ള തെളിഞ്ഞ ജലം അമ്പാപാനിയിൽ ഊറിയെത്തുന്നത് പഴയ രീതിയിലുള്ള പൈപ്പിലൂടെയാണ്. ഗ്രാമത്തിൽ കിണറുകളോ കുഴൽക്കിണറുകളോ ഹാൻഡ് പമ്പുകളോ പൈപ്പുകളോ ഇല്ല

സ്ക്കൂൾ കെട്ടിടത്തിലേക്ക് കയറ്റംകയറി പോകുന്ന മൺപാതയിൽ കമൽ രഹംഗ്യ പവാര ഒരു സാൽമരത്തിന്‍റെ തൊലി ശ്രദ്ധാപൂർവ്വം നോക്കി മൂർച്ചയേറിയ അരികുകളോടു കൂടിയ കോണാകൃതിയിലുള്ള ഒരു ലോഹകപ്പ് ഉപയോഗിച്ച് ചുരുണ്ടുകയാണ്. സാൽമരത്തിൻ്റെ (Shorea robusta) മൂന്ന് കിലോയോളം വരുന്ന സുഗന്ധമുള്ള കറയാണ് അദ്ദേഹത്തിൻറെ മെലിഞ്ഞ ദൃഢഗാത്രത്തിനു കുറുകെ കിടക്കുന്ന പഴകിയ റെക്സിൻ ബാഗിലുള്ളത്. സമയം ഉച്ചയ്ക്കുമുമ്പ് ഏതാണ്ട് 10 മണി ആയതേയുള്ളൂവെങ്കിലും തലേദിവസം ഉച്ചതിരിഞ്ഞ സമയത്തെ ഏറ്റവും കൂടിയ ചൂടായ 44 ഡിഗ്രി സെൽഷ്യസും മറികടക്കുന്ന ലക്ഷണമാണ് കാണിക്കുന്നത്.

ലഭിക്കാവുന്ന കറ മുഴുവന്‍ ശേഖരിക്കുന്നതുറപ്പാക്കുന്നതില്‍ ശ്രദ്ധിച്ചുകൊണ്ട് കമല്‍ പറഞ്ഞത് ഹരിപുര ചന്തയില്‍ ഇതിന് കിലോഗ്രാമിന് 300 രൂപ പ്രതീക്ഷിക്കുന്നുവെന്നാണ്. കറ ശേഖരിയ്ക്കുന്നതിനുവേണ്ടി 4 ദിവസങ്ങളിലായി 5 മണിക്കൂറോളം അദ്ദേഹം ചിലവഴിച്ചു. ഡിങ്ക് ലഡ്ഡുകളില്‍ ഉപയോഗിക്കുന്ന ഭക്ഷ്യയോഗ്യമായ പശയല്ലെങ്കിലും പശിമയുള്ള ആ കറയെ പ്രദേശവാസികള്‍ ഡിങ്ക് എന്നാണ് വിളിക്കുന്നത്. മഹാരാഷ്ട്രയിലെ ഒരു ശൈത്യകാല ജനപ്രിയ വിഭവമാണ് ഡിങ്ക് ലഡ്ഡു. മരഗന്ധത്തോടൊപ്പം കസ്തൂരിയുടെ ചെറുഗന്ധവുമുള്ളതിനാല്‍ ധൂപവർഗ്ഗ നിർമ്മാതാക്കൾക്ക് ഈ കറ ഒരവശ്യ അസംസ്കൃത വസ്തുവായി മാറുന്നു.

നിലത്തുനിന്നും ഏകദേശം ഒരുമീറ്റര്‍ മുകളിലായി  മരത്തൊലിയുടെ ചിലഭാഗത്തുള്ള പുറംഭാഗങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം നീക്കംചെയ്ത് ഏതാനും ദിവസങ്ങള്‍ കാത്തിരുന്നുവേണം ഊറിവരുന്ന കറയെടുക്കാൻ. ഈ പ്രക്രിയ ആവര്‍ത്തിക്കപ്പെടുന്നു.

മരത്തിന്‍റെ അടിഭാഗം പൊള്ളിച്ചുകൊണ്ടുള്ള കറശേഖരണം (പശ ശേഖരിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗം) നിമിത്തം ഉണ്ടാകുന്ന വനംനശീകരണം ഒരുപ്രശ്നമായി മാറുന്നുവെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. അമ്പാപാനിയിലെ ഡിങ്ക് ശേഖരണക്കാര്‍ തൊലിയുരിക്കുന്ന പരമ്പരാഗതമായ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. “ഞങ്ങളുടെ വീടുകള്‍ ഇതേപ്രദേശത്തു തന്നെയാണ്, അതിനാല്‍ ആരുമിവിടെ തീ കത്തിക്കില്ല”, കാരണമായി അദ്ദേഹം പറഞ്ഞു.

മരപ്പശ, സാല്‍മരത്തിന്‍റെ ഇലകള്‍, പഴങ്ങള്‍, തേന്ദു ഇലകള്‍, മൗവ്വ പൂക്കള്‍ എന്നിങ്ങനെയുള്ള വനവിഭവങ്ങളുടെ ശേഖരണം വർഷം മുഴുവൻ ചെയ്യാൻ പറ്റുന്നതോ വളരെ ലാഭകരമോ ആയ ജോലിയല്ല. കമലിനെപ്പോലുള്ളവര്‍ പശ ശേഖരിക്കുന്നതിലൂടെ ഒരുവർഷം 15,000 മുതൽ 20,000 രൂപവരെ ഉണ്ടാക്കുന്നു. അതുമല്ലെങ്കില്‍ മറ്റ് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിലൂടെ സമാനമായ തുക കണ്ടെത്താൻ ശ്രമിക്കും.

പട്ടികവര്‍ഗ്ഗ, ഇതര പരമ്പരാഗത വനവാസി (വനാവകാശങ്ങള്‍ അംഗീകരിക്കല്‍) നിയമം, 2006 -നു കീഴില്‍ അമ്പാപാനിയിലുള്ള 24 കുടുംബങ്ങള്‍ക്ക് ഭൂമിയിന്മേലുള്ള ഉടമാവകാശ രേഖകള്‍ ലഭിച്ചിട്ടുണ്ട്. വേനല്‍കാലത്ത് ജലസേചനമില്ലാതെ ഭൂമി തരിശായി കിടക്കുന്നു.

PHOTO • Kavitha Iyer
PHOTO • Kavitha Iyer

സാല്‍മരത്തില്‍ നിന്നും ശേഖരിക്കുന്ന കറ കമല്‍ പവാരാ കിലോഗ്രാമിന് 300 രൂപയ്ക്ക് 13 കിലോമീറ്റര്‍ അകലെയുള്ള ഹരിപുര ചന്തയില്‍ വില്‍ക്കുന്നു

PHOTO • Kavitha Iyer
PHOTO • Kavitha Iyer

പശിമയുള്ള കറ ശേഖരിക്കുന്നതിനായി അദ്ദേഹം കോണാകൃതിയിലുള്ള ഒരു ലോഹ കപ്പ് (ഇടത്) ഉപയോഗിച്ച് സാല്‍മരത്തില്‍ ചുരണ്ടുന്നു. ഏതാണ്ട് മൂന്ന് കിലോഗ്രാം വരുന്ന ഒരു പ്രത്യേക സുഗന്ധമുള്ള കറയാണ് അദ്ദേഹത്തിന്‍റെ മെലിഞ്ഞ ദൃഢഗാത്രത്തിനു കുറുകെ കിടക്കുന്ന പഴകിയ റെക്സിൻ ബാഗിലുള്ളത്

ഏതാണ്ട് ഒരു ദശകം മുന്‍പ് കുടുംബങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാവുകയും ഭൂമിയില്‍നിന്നുള്ള ഉപജീവന മാര്‍ഗ്ഗങ്ങള്‍ക്ക് സ്ഥിരതയില്ലാതാവുകയും ചെയ്തപ്പോള്‍ അമ്പാപാനിയിലുള്ള പവാരാകള്‍ കരിമ്പ് വിളവെടുക്കുന്ന തൊഴിലാളികളായി ഓരോവർഷവും കുടിയേറാന്‍ തുടങ്ങി. “ഇപ്പോൾ ഓരോ വർഷവും ഏതാണ്ട് 15 മുതൽ 20 വരെ കുടുംബങ്ങൾ കർണാടകയിലേക്ക് യാത്ര തിരിക്കുന്നു,” തൊഴില്‍ ഉപകരാറുകാരനായി പ്രവര്‍ത്തിക്കുന്ന കേലർസിംഗ് ജാംസിംഗ് പവാരാ പറയുന്നു. വിളവെടുപ്പ് തൊഴിലിനായി താന്‍ കരാറുണ്ടാക്കുന്ന ഓരോ കൊയ്ത യ്ക്കും 1,000 രൂപയാണ് അദ്ദേഹത്തിന് ദല്ലാള്‍തുകയായി ലഭിക്കുന്നത്.

ഒരു കൊയ്ത , അക്ഷരാര്‍ത്ഥത്തില്‍ ഒരു അരിവാള്‍, എന്നത് മഹാരാഷ്ട്രയിലെ കരിമ്പ് പാടങ്ങളില്‍ ഒരു നിശ്ചിത അളവ് - ഒരു ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും - ജോലിക്ക് നല്‍കിയിരിക്കുന്ന പേരാണ്. പരിചയസമ്പന്നരല്ലാത്ത കരിമ്പ് തൊഴിലാളികളായാതിനാല്‍ കരിമ്പുപാടത്തെ മറ്റു മിക്കവരുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ തുകയാണ് - കൊയ്ത യ്ക്ക് ഏതാണ്ട് 50,000 രൂപ - അവര്‍ക്ക് മുന്‍കൂറായി ലഭിക്കുന്നത്.

“മറ്റ് ജോലികളൊന്നും ലഭ്യമല്ല”, കേലര്‍സിംഗ് കാരണം നിരത്തി. ഒരുമാസം ഏതാണ്ട് 10,000 രൂപ ഉണ്ടാക്കാന്‍ ഒരു ഭാര്യയും ഭര്‍ത്താവും കരിമ്പിന്‍ തണ്ടുകള്‍ മുറിക്കുകയും കൂട്ടിക്കെട്ടുകയും, ഫാക്ടറികളിലേക്ക് കരിമ്പുകളെത്തിക്കുന്ന ട്രാക്ടറുകളിലേക്ക് അവ എടുത്തിടുകയും ചെയ്തുകൊണ്ട്, പ്രതിദിനം 12-16 മണിക്കൂറുകള്‍ പണിയെടുക്കേണ്ടതുണ്ട്. ചിലപ്പോള്‍ പുലര്‍ച്ചയും പണിയെടുക്കേണ്ടിവരും.

കരിമ്പ് വിളവെടുപ്പിന് പോയ രണ്ട് തൊഴിലാളികളുടെ മരണങ്ങൾ അമ്പാപാനിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് രൂപ്സിംഗ് പറഞ്ഞു. "മുൻകൂർ ലഭിക്കുന്ന പണം ദിവസങ്ങൾക്കുള്ളിൽ ചിലവഴിക്കപ്പെടും, കൂടാതെ വൈദ്യസഹായമോ ഇൻഷുറൻസുകളോ അപകടങ്ങൾക്കോ ​​മരണങ്ങൾക്കോ ​ നഷ്ടപരിഹാരമോ ഒന്നുമില്ല" എന്നും അദ്ദേഹം പറഞ്ഞു.

രഹന്ദിയുടെ വീട്ടില്‍ കൂടിച്ചേര്‍ന്ന പുരുഷന്മാര്‍ പറയുന്നത് വീടിനടുത്ത് തൊഴില്‍ ലഭിച്ചിരുന്നെങ്കില്‍ അവര്‍ കരിമ്പ് വിളവെടുപ്പുകാരായി ജോലി ചെയ്യുമായിരുന്നില്ല എന്നാണ്. ഭാഷാപരമായ പ്രശ്നങ്ങള്‍, കരിമ്പുപാടങ്ങള്‍ക്കടുത്തുള്ള കൂടാരങ്ങളില്‍ വിളവെടുപ്പ് സമയത്ത് താമസിക്കുമ്പോള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, ട്രാക്ടറുകളും ട്രക്കുകളും മൂലമുണ്ടാകുന്ന അപകടങ്ങള്‍ എന്നിങ്ങനെ പലപ്രശ്നങ്ങളും അവര്‍ ചൂണ്ടിക്കാട്ടുന്നു. “അവസ്ഥകള്‍ ഭയാനകമാണ്, പക്ഷെ വേറെ ഏത് ജോലിയ്ക്കാണ് മുന്‍‌കൂര്‍ കൂലി ലഭിക്കുന്നത്?”, കേലര്‍സിംഗ് ചോദിക്കുന്നു.

അമ്പാപാനിയിലെ ഏതാണ്ട് 60 ശതമാനം പുരുഷന്മാരും കരിമ്പ് വിളവെടുപ്പ് തൊഴിലാളികളായി ജോലി ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വീടിന്‍റെ ചെറിയ അറ്റകുറ്റപ്പണികൾക്കോ ​​ബൈക്ക് വാങ്ങുന്നതിനോ മാത്രമല്ല, പവാരാ വരന്മാർ വധുക്കളുടെ മാതാപിതാക്കൾക്ക് നൽകേണ്ട പണമുണ്ടാക്കാനും ഗണ്യമായ ഈ മുൻകൂർ തുക സഹായിക്കുന്നു. വധുക്കളുടെ മാതാപിതാക്കള്‍ക്ക് നല്‍കേണ്ട തുക പവാരാ പഞ്ചായത്ത് കൂടിയാണ് നിശ്ചയിക്കുന്നത്.

PHOTO • Kavitha Iyer
PHOTO • Kavitha Iyer

നിരവധി അമ്പാപാനി നിവാസികള്‍ കരിമ്പ് വിളവെടുപ്പ് തൊഴിലാളികളായി കുടിയേറുന്നു. കര്‍ണ്ണാടകയില്‍ കരിമ്പ് വിളവെടുപ്പിനയയ്ക്കാനായി ഓരോ ഭാര്യ-ഭര്‍തൃ ജോഡികള്‍ക്കുംവേണ്ടി കരാറിലേര്‍പ്പെടുമ്പോള്‍ കേലര്‍സിംഗ് ജാംസിംഗ് പവാരയ്ക്ക് (ഇടത്) 1,000 രൂപവീതം ദല്ലാള്‍ പണമായി ലഭിക്കുന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മിക്കവരും കരിമ്പ് വിളവെടുക്കാനുള്ള യാത്രയിലാണ് (വലത്). വീടിനടുത്ത് തൊഴില്‍ ലഭിച്ചിരുന്നെങ്കില്‍ തങ്ങള്‍ കരിമ്പ് വിളവെടുപ്പുകാരായി ജോലി ചെയ്യുമായിരുന്നില്ല എന്ന് അവര്‍ പറയുന്നു

PHOTO • Kavitha Iyer
PHOTO • Kavitha Iyer

ഇടത്: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സ്ക്കൂള്‍ കെട്ടിടത്തിലാണ് സ്ഥാപിക്കുന്നത് - മുളകൊണ്ട് നിര്‍മ്മിച്ച് മേല്‍ക്കൂര മേഞ്ഞ ഒരു മുറിയാണ് പ്രസ്തുത കെട്ടിടം. വലത്: സ്ക്കൂളിനു പുറത്തെ പൊട്ടിപ്പൊളിഞ്ഞ ഒരു ശുചിമുറി

പവാര ഗോത്രജനതയുടെ സാമൂഹിക വൈവാഹിക ബന്ധങ്ങളെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ സവിശേഷ സ്വഭാവമുള്ളവയാണ്. വിവാഹ തർക്കങ്ങളെ പഞ്ചായത്ത് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് രൂപ്സിംഗ് വിവരിക്കുന്നു. മധ്യസ്ഥത ( ഝഗാധ എന്നു വിളിക്കുന്ന പ്രക്രിയ) വഹിച്ചു സംസാരിക്കുന്ന സമയത്ത് രണ്ടു പക്ഷങ്ങളും പരസ്പരം ഏതാനും ദൂരം മാറിയാണ് ഇരിക്കുന്നുത്. ചില സന്ദർഭങ്ങളിൽ വിവാഹാനന്തരം കുറച്ചു ദിവസങ്ങൾക്കു ശേഷം വധുവിനെ ഇസാത്ത് എന്നു വിളിക്കുന്ന പണമുൾപ്പെടെ അവളുടെ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചയയ്ക്കുന്നു. എന്നാൽ വധു മറ്റൊരു പുരുഷന്‍റെ കൂടെ ഒളിച്ചോടുകയാണെങ്കിൽ വധുവിന്‍റെ കുടുംബം വരന്‍റെ പക്കൽനിന്നും വാങ്ങിയ പണത്തിന്‍റെ ഇരട്ടി നഷ്ടപരിഹാരമായി തിരിച്ചു നൽകണം.

"അമ്പാപാനി യഥാർത്ഥത്തിൽ വ്യത്യസ്തമായ ഒരു ഗ്രാമമാണ്", ജൽഗാവ് ജില്ലാ കളക്ടറായ ആയുഷ് പ്രസാദ് പറയുന്നു. പ്രദേശവാസികൾ പറയുന്നത് തങ്ങളെ കാണാനായി പത്ത് കിലോമീറ്റർ സഞ്ചരിച്ചെത്തിയ ആദ്യ ജില്ലാ കളക്ടർ അദ്ദേഹമാണെന്നാണ്. അത് 2023 ഡിസംബറിലായിരുന്നു. "ഇത് [ഗ്രാമം] ഭൂപ്രകൃതി മൂലം പ്രത്യേക വെല്ലുവിളികൾ നേരിടുന്നുണ്ട്, പക്ഷെ മികച്ച സേവനങ്ങൾ ലഭ്യമാക്കാനുള്ള പ്രക്രിയകൾ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്." വനഭൂമിയിലെ അധിവാസ പ്രദേശമായതിനാൽ ഗ്രാമത്തെ റവന്യൂ വകുപ്പ് അംഗീകരിച്ചിട്ടില്ല എന്നുള്ളതാണ് ഒരു പ്രധാനപ്പെട്ട നിയമപരമായ വെല്ലുവിളി. "അമ്പാപാനിയെ ഒരു ഗാവ്താൻ ആക്കുന്ന ജോലി തുടങ്ങിക്കഴിഞ്ഞു, നിരവധി സർക്കാർ പദ്ധതികളും തുടർന്ന് വരുന്നുണ്ട്", പ്രസാദ് പറഞ്ഞു.

പൊട്ടിപ്പൊളിഞ്ഞ ശുചിമുറിയോടുകൂടിയ സ്ക്കൂൾ മുറിയിലാണ് ഇപ്പോൾ മുന്നൂറോളം വരുന്ന സമ്മതിദായകർ മെയ് 13-ന് വോട്ട് ചെയ്യാൻ പോകുന്നത്. ജൽഗാവ് ജില്ലയിലെ രാവർ പാർലമെൻ്റ് നിയോജകമണ്ഡലത്തിലാണ് അമ്പാപാനി ഉൾപ്പെടുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും മറ്റെല്ലാ അനുബന്ധ സാമഗ്രികളും കാൽനടയായി കുന്നുകയറിയും മോട്ടോർ ബൈക്കുകളിലുമായാണ് എത്തിക്കുക.

പൊതു തിരഞ്ഞെടുപ്പുകളിൽ ശരാശരി 60 ശതമാനം പോളിംഗിന് ബൂത്ത് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അമ്പാപാനിക്ക് അതിന്‍റെ ജനാധിപത്യപരമായ അവകാശം വിനിയോഗിക്കാൻ വേണ്ട എല്ലാം ലഭ്യമായിരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ജനാധിപത്യത്തിൻറെ ഫലങ്ങൾ മാത്രമാണ് സാവകാശം എത്തുന്നത്.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Kavitha Iyer

کویتا ایئر گزشتہ ۲۰ سالوں سے صحافت کر رہی ہیں۔ انہوں نے ’لینڈ اسکیپ آف لاس: دی اسٹوری آف این انڈین‘ نامی کتاب بھی لکھی ہے، جو ’ہارپر کولنس‘ پبلی کیشن سے سال ۲۰۲۱ میں شائع ہوئی ہے۔

کے ذریعہ دیگر اسٹوریز Kavitha Iyer
Editor : Priti David

پریتی ڈیوڈ، پاری کی ایگزیکٹو ایڈیٹر ہیں۔ وہ جنگلات، آدیواسیوں اور معاش جیسے موضوعات پر لکھتی ہیں۔ پریتی، پاری کے ’ایجوکیشن‘ والے حصہ کی سربراہ بھی ہیں اور دیہی علاقوں کے مسائل کو کلاس روم اور نصاب تک پہنچانے کے لیے اسکولوں اور کالجوں کے ساتھ مل کر کام کرتی ہیں۔

کے ذریعہ دیگر اسٹوریز Priti David
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

کے ذریعہ دیگر اسٹوریز Rennymon K. C.