“ആശാരിമാർ വിശ്വകർമ്മ സമുദായത്തിലെ അംഗങ്ങളാണ്. ലോഹവും കല്ലും മരങ്ങളും കൊണ്ട് ജോലി ചെയ്യുന്നവരാണവർ. സർഗ്ഗാത്മക സൃഷ്ടികളിൽനിന്നകന്ന്, ഈ സമുദായത്തിലെ നിരവധിയാളുകൾ ഇന്ന്, പരമ്പരാഗതമായ ജാത്യാധിഷ്ഠിത തൊഴിലുകളുടെ സ്വഭാവം പുലർത്തുന്ന മറ്റ് തൊഴിലുകളിലേക്ക് മാറിയിരിക്കുന്നു. പുതുതലമുറക്കാർ ഉദ്യോഗസ്ഥജോലികളിലേക്കും മാറിക്കഴിഞ്ഞു”, സെബാസ്റ്റ്യനും മക്കളും എന്ന പുസ്തകത്തിൽ ടി.എം. കൃഷ്ണ എഴുതുന്നു.
“പാരമ്പര്യപരവും ജാത്യാധിഷ്ഠിതവുമായ തൊഴിലുകളെക്കുറിച്ച് പറയുമ്പോൾ, അതിനെ ജ്ഞാനോത്പാദനത്തിന്റെ തലമുറകളിലൂടെയുള്ള തുടർച്ചയായി കാല്പനികവത്കരിക്കാതിരിക്കാൻ നമ്മൾ ശ്രദ്ധ പുലർത്തണം. കാരണം, നമ്മുടെ സാമൂഹികഭൂമികയിൽ, എല്ലാ ആളുകളും എല്ലാ തൊഴിലുകളും ഒരിക്കലും തുല്യമല്ല” എന്ന് കൃഷ്ണ ചൂണ്ടിക്കാട്ടുന്നു “ജാതിപരമായി സവിശേഷാധികാരമുള്ള കുടുംബങ്ങളിലൂടെ കൈമാറപ്പെടുന്ന തൊഴിലുകൾ ജ്ഞാനമായും, ജാതിയുടെ പരിമിതികളിലൂടെ അതിനെ ശാശ്വതമായി നിലനിർത്താനുള്ള ശ്രമങ്ങളെ സംരക്ഷണമായും നമ്മൾ പരിഗണിക്കുന്നു. അവർ ചൂഷണം അനുഭവിക്കുന്നില്ല. എന്നാൽ, ചൂഷിതരും അരികുവത്കരിക്കപ്പെട്ടവരുമായ സമുദായങ്ങൾക്കകത്ത്, തലമുറ തലമുറയായി തുടർന്നുവരുന്ന തൊഴിലുകളേയും തൊഴിൽരൂപങ്ങളേയും ജ്ഞാനമായി നമ്മൾ പരിഗണിക്കുന്നില്ല. അവരെ നമ്മൾ പുച്ഛത്തോടെ കാണുകയും മൂല്യം കല്പിക്കാതിരിക്കുകയും അവരുടെ തൊഴിലിനെ ശാരീരികാദ്ധ്വാനം മാത്രമായി പരിഗണിക്കുകയും ചെയ്യുന്നു. ഏറ്റവും പ്രധാനമായി, ഇത്തരം തൊഴിലുകൾ ചെയ്യുന്നവർക്ക് ജാതീയമായ അടിച്ചമർത്തലുകളും ആക്രമണങ്ങളും നേരിടേണ്ടിവരികയും ചെയ്യുന്നു. സാമൂഹികസാഹചര്യങ്ങളാൽ, പലപ്പോഴും അവർക്ക് അവരുടെ കുടുംബപരവും ജാതിപരവുമായി തൊഴിലുകൾ ഏറ്റെടുക്കേണ്ടിവരികയും ചെയ്യുന്നു.
“ഈ രാജ്യത്തെ ഉപകരണ നിർമ്മാതാക്കളേക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോഴെല്ലാം – അങ്ങിനെ സംസാരിക്കുന്നുണ്ടെങ്കിൽ - അത് സാങ്കേതികമായ പദാവലിയിലായിരിക്കും”, കൃഷ്ണ പറയുന്നു. “അവരെ ഒരു നിർമ്മാണ സൈറ്റിൽ മേസ്ത്രിയെപ്പോലെയാണ് നമ്മൾ കാണുന്നത്. എന്നാൽ ആ ഉപകരണങ്ങൾ വായിക്കുന്നവരെ അതിന്റെ ശില്പികളായും നമ്മൾ കാണുന്നു. അവരുടെ പങ്ക് നിഷേധിക്കുന്നത് – അല്ലെങ്കിൽ മനസ്സില്ലാമനസ്സോടെ നൽകുന്നത് - ജാതി മൂലമാണ്”.
“മൃദംഗ നിർമ്മാണം പുരുഷന്മാരുടെ കുത്തകയാണ്” കുപ്പുസാമി പറയുന്നു. “തുകലുപയോഗിച്ച് ജോലി ചെയ്യുന ഏതാനും സ്ത്രീകളുണ്ട്. എന്നാൽ മരത്തിന്റെ പണി പൂർണ്ണമായും പുരുഷന്മാരാണ് ചെയ്യുന്നത്. ചക്ക ഉണ്ടാവാത്ത പ്ലാവുകളാണ് കൂടുതലും തിരഞ്ഞെടുക്കുന്നത്. “പഴക്കമുള്ളതും ഫലഭൂയിഷ്ഠവുമല്ലാത്ത മരങ്ങളെ അവർ ‘അടയ്ക്കും’” കുപ്പുസാമി പറയുന്നു. “പത്ത് മരങ്ങൾ മുറിച്ചാൽ, 30 മരങ്ങൾ അവർ നടും”.
മരത്തിന് ധാരാളം കണക്കുകളുണ്ട് കുപ്പുസാമിക്ക്. 9-10 അടി ഉയരമുള്ള, വീതിയ്ം ബലവുമുള്ള, വേലിക്കലോ, വഴിയിലോ നട്ട മരങ്ങളെയാണ് അദ്ദേഹത്തിന് താത്പര്യം.
ഒരൊറ്റ ദിവസം, അദേഹം ആറ് മൃദംഗങ്ങ: മുറിച്ച് അളവിലാക്കും. എന്നാൽ അവയെ മിനുക്കാൻ രണ്ട് ദിവസംകൂടി എടുക്കും. മിതമായ ലാഭം മാത്രമേ പ്രതീക്ഷിക്കുന്നുമുള്ളു. ഒരു മൃദംഗത്തിൽനിന്ന് 1,000 രൂപ കിട്ടിയാൽ അദ്ദേഹം സന്തോഷവാനാണ്. “തൊഴിലാളികൾക്ക് 1,000 രൂപ കൊടുത്തതിനുശേഷ”മുള്ള കണക്കാണിത്. “അദ്ധ്വാനമുള്ള ജോലിയാണ്. നല്ല കൂലി കൊടുത്തില്ലെങ്കിൽ അവർ വരില്ല, അറിയാമല്ലോ”, അദ്ദേഹം ചോദിക്കുന്നു.
വർഷം മുഴുവൻ തടി കിട്ടാറുമില്ല. ഫലങ്ങളുണ്ടാവുമ്പോൾ ആരും മരം വെട്ടാറില്ലെന്ന് അദ്ദേഹം പറയുന്നു. “അതുകൊണ്ട് എപ്പോഴും മരം ആവശ്യത്തിന് സൂക്ഷിച്ചുവെക്കണം”. കുപ്പുസാമി പറയുന്നു. 25,000 രൂപ വീതം വരുന്ന 20 തടികൾ വാങ്ങാനായി അഞ്ചുലക്ഷം രൂപ അദ്ദേഹത്തിന് മുടക്കുമുതൽ വേണം. അവിടെയാണ് സർക്കാരിൽനിന്ന് അദ്ദേഹം സഹായം പ്രതീക്ഷിക്കുന്നത്. “മരം വാങ്ങാൻ ഞങ്ങൾക്ക് സബ്സിഡിയോ വായ്പയോ തന്നാൽ, അത് നന്നായിരിക്കും”.
മൃദംഗത്തിന് ധാരാളം ആവശ്യക്കാരുണ്ടെന്നും രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള കമ്പോളങ്ങളിൽനിന്നാണ് ഇത് വരുന്നതെന്നും കുപ്പുസാമി പറയുന്നു. “ഒരു മാസം ഞാൻ 50 മൃദംഗങ്ങളും 25 തകിലുകളും വിൽക്കുന്നു”. നല്ല തടിയുടെ ലഭ്യതയും അവയെ നാലുമാസക്കാലം പാകമാകാൻ വെക്കലുമാണ് ബുദ്ധിമുട്ട്. പൻരുട്ടി പ്ലാവിന്റെ ഗുണമേന്മ കാരണം അതിന് ആവശ്യക്കാർ ധാരാളമാണ്”, അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പ്രദേശത്തെ ചുവന്ന മണ്ണിന്റെ വളക്കൂറാണ് ഇതിന് കാരണമെന്ന് അദ്ദേഹം കണക്കാക്കുന്നു.