ഒരു സാധാരണ കരിക്ക് വില്പനക്കാരനല്ല സുകുമാർ ബിശ്വാസ്. “വേണ്ടിവന്നാൽ ഭക്ഷണമില്ലാതെ ജീവിക്കാൻ എനിക്കാവും, പക്ഷേ പാടാതെ ജീവിക്കാൻ എനിക്കാവില്ല” എന്ന് പറയുന്നു അയാൾ. ദാഹിച്ച് ചുറ്റും കൂടുന്നവർക്കുവേണ്ടി കരിക്ക് വെട്ടുമ്പോഴും അയാൾ പാടിക്കൊണ്ടേയിരിക്കുന്നു. ശാന്തിപുരിലെ ലൊങ്കാപാഡയിലും ചുറ്റുവട്ടത്തും അദ്ദേഹം അറിയപ്പെടുന്നത്, ദാബ്ദാദു (നാളികേര അപ്പൂപ്പൻ) എന്ന പേരിലാണ്.
70 വയസ്സായ അദ്ദേഹം ഇളംകരിക്കിൽ സ്ട്രോ ഇട്ട് നിങ്ങൾക്ക് തരുന്നു. നിങ്ങളത് കുടിച്ചുകഴിഞ്ഞാൽ അദ്ദേഹം ആ കരിക്ക് വെട്ടി, അതിനകത്തെ മാർദ്ദവമുള്ള കഴമ്പ് നിങ്ങൾക്കുനേരെ നീട്ടും. അപ്പോഴൊക്കെ നാടൻപാട്ടുകൾ പാടുന്നുമുണ്ടാവും അദ്ദേഹം. ലാലോൻ ഫക്കീർ, ഷാ അബ്ദുൾ കരിം, ബാബ ഖ്യാപ തുടങ്ങിയ സൂഫിവര്യന്മാർ രചിച്ച പാട്ടുകളാണ് പാടുന്നത്. ഈ പാട്ടുകൾക്കകത്താണ് തന്റെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നതെന്ന് സുകുമാർ ബിശ്വാസ് പറയുന്നു. പാരി ക്കുവേണ്ടി, അത്തരത്തിലൊരു ഉദ്ധരണി അദ്ദേഹം പറഞ്ഞുതന്നു. “സത്യം എന്താണെന്നറിഞ്ഞാലേ നമുക്ക് സത്യത്തിലെത്താൻ കഴിയൂ. സത്യം അറിയണമെങ്കിൽ, നമ്മുടെ ഉള്ളിൽത്തന്നെ നമ്മൾ സത്യസന്ധരായി ഇരിക്കണം. കാപട്യത്തിൽനിന്ന് മുക്തി നേടിയാൽ നമുക്ക് മറ്റുള്ളവരെ സ്നേഹിക്കാനാവും”.
തന്റെ ടോലിയുമായി (സൈക്കിളിന്റെ പിന്നിൽ ഘടിപ്പിച്ച ഒരു വാൻ) ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് പോകുമ്പോഴും അദ്ദേഹം പാടിക്കൊണ്ടേയിരുന്നു. അദ്ദേഹം സ്ഥലത്തെത്തിയിട്ടുണ്ടെന്ന് ആളുകൾ മനസ്സിലാക്കുന്നത് ഈ പാട്ട് കേട്ടാണ്.
“എല്ലാവരും കരിക്ക് വാങ്ങാറില്ല. ചിലർ കുറച്ചുനേരം എന്റെ പാട്ട് കേട്ട് ചുറ്റും നിൽക്കും. എനിക്കതിൽ പരിഭവമില്ല. ഞാൻ അധികം വില്പനയും ആഗ്രഹിക്കുന്നില്ല. അതിൽ എനിക്ക് സന്തോഷമേയുള്ളു”, വാങ്ങാൻ വന്നവർക്ക് കരിക്ക് നൽകുമ്പോഴും അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു.
ബംഗ്ലാദേശിലെ കുഷ്തിയ ജില്ലയിലാണ് സുകുമാർ ജനിച്ചത്. മീൻ പിടിക്കലായിരുന്നു അച്ഛന്റെ ഉപജീവനമാർഗ്ഗം. മീൻ പിടിക്കാൻ പറ്റാത്ത മാസങ്ങളിൽ കൂലിപ്പണിയും ചെയ്തിരുന്നു സുകുമാറിന്റെ അച്ഛൻ. 1971-ൽ ബംഗ്ലാദേശിൽ (അന്നത്തെ കിഴക്കൻ പാക്കിസ്താൻ) യുദ്ധം തുടങ്ങിയപ്പോൾ ധാരാളമാളുകൾ ഇന്ത്യയിൽ അഭയം തേടി. അവരിലൊരാളായിരുന്നു സുകുമാർ. “ഈ രാജ്യത്തേക്ക് വന്നപ്പോൾ എല്ലാവരുടേയും കണ്ണിൽ ഞങ്ങൾ അഭയാർത്ഥികളായിരുന്നു. അനുകമ്പയോടെയായിരുന്നു അവർ ഞങ്ങളെ കണ്ടിരുന്നത്”, അദ്ദേഹം പറയുന്നു. ഇന്ത്യയിലേക്ക് വരുമ്പോൾ കൈയ്യിൽ ആകെ കരുതിയിരുന്നത് ഒരു മീൻവല മാത്രമായിരുന്നു.
സുകുമാറിന്റെ കുടുംബം ആദ്യം പശ്ചിമ ബംഗാളിലെ ശികാർപുർ ഗ്രാമത്തിലെത്തി. പിന്നീട് കുറച്ചുകാലം അവർ കൃഷ്ണനഗറിലേക്ക് താമസം മാറ്റി. ഒടുവിൽ മൂർഷിദാബാദ് ജില്ലയിലെ ജിയാഗാഞ്ച്-അസിംഗഞ്ചിൽ സ്ഥിരതാമസമാക്കി. ഗംഗയിൽ മീൻ പിടിക്കാൻ അച്ഛൻ പോകുന്നതും പിന്നീട് പ്രദേശത്തെ ചന്തയിൽ പോയി അത് നല്ല വിലയ്ക്ക് വിറ്റിരുന്നതും പറയുമ്പോൾ സുകുമാറിന്റെ കണ്ണുകളിൽ തിളക്കം. “ഒരിക്കൽ അച്ഛൻ വീട്ടിൽ വന്ന്, ഞങ്ങളോട് പറഞ്ഞു, ഇനി നിങ്ങൾ ഒരുകാലത്തും വിഷമിക്കേണ്ടിവരില്ല. ഒരു ലോട്ടറിയടിച്ചപോലെ തോന്നി. മീൻ വിറ്റ് അച്ഛന് 150 രൂപ കിട്ടിയിരുന്നു. അത് അന്ന് വലിയൊരു സംഖ്യയാണ്”.
യുവാവായ സുകുമാർ ജീവിക്കാനായി പല ജോലികളും ചെയ്തു. തീവണ്ടിയിൽ സാധനങ്ങൾ നടന്ന് വിറ്റും, പുഴയിൽ ബോട്ട് ഓടിച്ചും, ദിവസക്കൂലിക്ക് ചെയ്തും, ഓടക്കുഴലും ഡൊട്ടറയുംപോലുള്ള സംഗീതോപകരണങ്ങൾ നിർമ്മിക്കുകയുമൊക്കെ ചെയ്ത് ജീവിതം കഴിച്ചു. പക്ഷേ എന്ത് ജോലികൾ ചെയ്യുമ്പോഴും പാട്ടുപാടുന്നത് മാത്രം അയാൾ നിർത്തിയതേയില്ല. ബംഗ്ലാദേശിന്റെ നദീതീരങ്ങളിലും പാടങ്ങളിലും നിന്ന് കേട്ട് പഠിച്ച പാട്ടുകൾ ഇപ്പോഴും അയാൾക്ക് ഓർമ്മയുണ്ട്.
ഭാര്യയോടൊപ്പം, പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സുകുമാർ
ഇപ്പോൾ ജീവിക്കുന്നത്.
രണ്ട് പെണ്മക്കളും ഒരു മകനുമുണ്ട് ആ ദമ്പതികൾക്ക്. പെണ്മക്കൾ
വിവാഹിതരാണ്. മകൻ മഹാരാഷ്ട്രയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നു. “ഞാൻ
ചെയ്യുന്നതിനോടൊക്കെ അവർക്ക് യോജിപ്പാണ്. എന്നെ ഞാനായിരിക്കാൻ അവർ അനുവദിക്കുന്നു. എപ്പോഴും
എന്നോട് സഹകരിക്കുന്നു. എന്റെ ദിവസവരുമാനത്തെക്കുറിച്ച് എനിക്ക്
ആധികളില്ല. ഞാൻ ജനിച്ചിട്ട് എത്രയോ കാലമായി. ഇതുപോലെയൊക്കെ ഇനി ബാക്കിയുള്ള കാലവും
ജീവിക്കാനാവുമെന്നാണ് എന്റെ പ്രതീക്ഷ.
പരിഭാഷ: രാജീവ് ചേലനാട്ട്