ഞാൻ ജനിച്ചുവളർന്ന മഹസ്‌വാദിൽ, വെള്ളത്തിനായുള്ള ദൈനംദിന പോരാട്ടങ്ങൾക്ക് നേരിട്ട് ദൃക്‌സാക്ഷിയായി.
മഹാരാഷ്ട്രയുടെ ഹൃദയഭാഗത്താണ്, ധംഗാർ ഇടയന്മാർ എന്ന് വിളിക്കപ്പെടുന്ന നാടോടി ഗോത്രം നൂറ്റാണ്ടുകളായി അലഞ്ഞുനടന്നിരുന്ന മൻ ദേശ് എന്ന പ്രദേശം. ഡെക്കാൻ പീഠഭൂമിയുടെ വരണ്ട ഭൂഭാഗത്തെ അവരുടെ നിലനിൽപ്പ്, ജലസ്രോതസ്സുകൾ കണ്ടെത്താനുള്ള അവരുടെ അറിവിനെ ആശ്രയിച്ചാണിരിക്കുന്നത്.
കുടങ്ങൾ നിറയ്ക്കാൻ സ്ത്രീകൾ വരി നിൽക്കുന്നത്, വർഷങ്ങളോളം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. 12 ദിവസം കൂടുമ്പോൾ ഒരു മണിക്കൂർനേരം മാത്രമാണ് സംസ്ഥാന സർക്കാർ വെള്ളം ലഭ്യമാക്കുന്നത്. വെള്ളത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും, ആഴത്തിൽ കുഴിച്ചിട്ടും വെള്ളം കിട്ടാത്തതിനെക്കുറിച്ചുമൊക്കെ, ആഴ്ചച്ചന്തയിൽവെച്ച് കർഷകർ സംസാരിച്ചു. ഇനി വെള്ളം കിട്ടിയാൽത്തന്നെ, മലിനജലമായിരിക്കും അത്. വൃക്കയിലെ കല്ലുകളടക്കം നിരവധി രോഗങ്ങൾക്ക് അത് കാരണമാവുകയും ചെയ്യുന്നു.
ഈ ദുർഘടസാഹചര്യത്തിൽ, കൃഷി ഒരു ഉപജീവനമാർഗ്ഗമേയല്ല. ഈ ഗ്രാമങ്ങളിലെ ചെറുപ്പക്കാർ, മുംബൈപോലുള്ള വലിയ നഗരങ്ങളിലേക്ക് പലായനം ചെയ്യുകയാണ്.
കർഖേലിൽനിന്നുള്ള ഗെയ്ൿവാഡ് എന്ന കർഷകൻ തന്റെ കന്നുകാലികളെയൊക്കെ വിറ്റ്, ആടുകളെ മാത്രമാണ് ഇപ്പോൾ വളർത്തുന്നത്. പാടമൊക്കെ വറ്റിവരണ്ട്, അയാളുടെ ആണ്മക്കൾ ദിവസക്കൂലിക്കായി മുംബൈയിലേക്ക് പോയിരിക്കുന്നു. അറുപതിലെത്തിയ ഗെയ്ൿവാഡ് തന്റെ ഭാര്യയ്ക്കും ചെറുമക്കൾക്കുമൊപ്പമാണ് താമസം. മരിക്കുന്നതിന് മുമ്പ് അല്പം വെള്ളം കിട്ടുമെന്ന പ്രതീക്ഷയിലാണ് അയാൾ ജീവിക്കുന്നത്. കുളിക്കുന്ന അതേ വെള്ളത്തിലാണ് പാത്രങ്ങളും തുണികളും അവർ കഴുകുന്നത്. അതേ വെള്ളമാണ് വീടിന്റെ മുമ്പിലുള്ള മാവിനും അവർ ഒഴിക്കുന്നത്.
സത്താറ ജില്ലയിലെ മന്നിലൂടെ യാത്ര ചെയ്തുകൊണ്ട്, ‘ദി സെർച്ച് ഫോർ വാട്ടർ എന്ന ഈ സിനിമ, ജലദൌർല്ലഭ്യം അനുഭവിക്കുന്ന മനുഷ്യരെക്കുറിച്ചും, അവർക്ക് ജലമെത്തിക്കുന്നവരെക്കുറിച്ചും സംസാരിക്കുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്