ഞങ്ങളവരെ സന്ദർശിക്കുമ്പോൾ അവർക്ക് 104 വയസ്സായിരുന്നു. സഹായിക്കാൻ വരുന്ന കൈകളെ അക്ഷമയായി തള്ളിക്കളഞ്ഞ്, മുറിയിൽനിന്ന് പുറത്ത് വരുകയായിരുന്നു അവർ. ഊന്നുവടിയൊഴിച്ച്, മറ്റൊരു സഹായം അവർ സ്വീകരിച്ചില്ല. ആ പ്രായത്തിലും അവർ നടക്കുകയും നിൽക്കുകയും ഇരിക്കുകയും ചെയ്തു, പരസഹായമില്ലാതെ. പശ്ചിമ ബംഗാളിലെ പുരുളിയ ജില്ലയിലെ ചെപ്പുവ ഗ്രാമത്തിലെ അവരുടെ വിശാലമായ കൂട്ടുകുടുംബത്തിന്റെ കേന്ദ്രമായിരുന്നു അവർ. കൃഷിയെ ആശ്രയിച്ചാണ് ആ കൂട്ടുകുടുംബം കഴിഞ്ഞിരുന്നത്.
2024 ഓഗസ്റ്റ് 29-30 ദിവസങ്ങൾക്കിടയിലെ അർദ്ധരാത്രിയിൽ ഉറക്കത്തിൽ, സ്വാതന്ത്ര്യസമരസേനാനി ഭബാനി മഹാതോ അന്തരിച്ചു. അവരുടെ 106-ആം വയസ്സിൽ. അവരുടെ മരണത്തോടെ, എന്റെ ദി ലാസ്റ്റ് ഹീറോസ്: ഫൂട്ട്സോൾജേഴ്സ് ഓഫ് ഇന്ത്യൻ ഫ്രീഡം (പെൻഗ്വിൻ, നവംബർ 2022) എന്ന പുസ്തകത്തിൽ സൂചിപ്പിച്ചിട്ടുള്ള 16 സ്വാതന്ത്ര്യസമരസേനാനികളിൽ നാലുപേർ മാത്രമേ ഇപ്പോൾ ജീവനോടെയുള്ളു. ഒരുതരത്തിൽ പറഞ്ഞാൽ, പാരിയുടെ ഫ്രീഡം ഫൈറ്റേഴ്സ് ഗാലറി യിൽ സൂക്ഷിച്ചിട്ടുള്ള അസാധാരണക്കാരായ സ്വാതന്ത്ര്യഭടന്മാരുമായുള്ള അഭിമുഖങ്ങളിൽ, എടുത്തുപറയത്തക്ക ഒന്നായിരുന്നു ഭബാനിയുടേത്. ഞങ്ങളുമായി നടത്തിയ അഭിമുഖത്തിലുടനീളം, ആ ഇതിഹാസ സമരത്തിലെ തന്റെ പങ്കിനെ നിഷേധിച്ച ഒരേയൊരാൾ അവരായിരുന്നു. “അതിൽ എനിക്കെന്ത് പങ്കാണുണ്ടായിരുന്നത്, അതുപോലുള്ളതിലൊക്കെ,” 2022 മാർച്ചിൽ ആദ്യമായി ഞങ്ങൾ കണ്ടപ്പോൾ അവർ ചോദിച്ചു. വായിക്കുക: ഭവാനി മഹാതോ വിപ്ലവത്തെ ഊട്ടിയപ്പോൾ
1940-കളിലെ ബംഗാൾ ക്ഷാമകാലത്ത് അവർ അനുഭവിച്ച ദുരിതം വളരെയധികമായിരുന്നു. അന്നവർക്ക് അനുഭവിക്കേണ്ടിവന്ന കഠിനകാലങ്ങൾ ഭാവനയ്ക്കും അപ്പുറമാണ്
എന്നാൽ അവർക്ക് അതിൽ വലിയൊരു പങ്കുണ്ടായിരുന്നുവെന്നതാണ് യാഥാർത്ഥ്യം. ഒരുപക്ഷേ, അവരുടെ പ്രശസ്തനായ ഭർത്താവ്, സ്വാതന്ത്യസമരസേനാനിയായ ബൈദ്യനാഥ് മഹാതോവിനേക്കാളുമധികം എന്നുതന്നെ പറയാം. മൻ ബസാർ ബ്ലോക്കിലുള്ള അവരുടെ വീട്ടിൽ ഞങ്ങൾ ചെല്ലുന്നതിനും 20 കൊല്ലം മുമ്പ്, അദ്ദേഹം മരിച്ചുപോയിരുന്നു. സ്വാതന്ത്ര്യസമരസേനാനിയായിരുന്നു എന്നത് അവർ ശക്തിയായി നിഷേധിച്ചപ്പോൾ എന്റെ സഹപ്രവർത്തകയായ സ്മിത ഖതോറിനും എനിക്കും കഠിനമായ നിരാശ തോന്നി. എന്നാൽ, അതിന്റെ കാരണമറിയാൻ മണിക്കൂറുകൾ കഴിയേണ്ടിവന്നു.
1980-ലെ സ്വതന്ത്ര സൈനിക സമ്മാൻ യോജന പദ്ധതിപ്രകാരമുള്ള ‘സ്വാതന്ത്ര്യഭട’ൻ എന്ന പദത്തിന്റെ നിർവ്വചനത്തോട് സത്യസന്ധത കാണിക്കുകയായിരുന്നു ഭബാനി ദി. കൊളോണിയൽ-വിരുദ്ധ പോരാട്ടങ്ങളിൽനിന്ന് സ്ത്രീകളേയും അവരുട്ടെ സേവനങ്ങളേയും അത് മിക്കവാറും ഒഴിച്ചുനിർത്തിയിരുന്നു. ജയിലിൽ കഴിഞ്ഞിരുന്ന സമയമായിരുന്നു അതിനുള്ള പ്രധാന മാനദണ്ഡം. ഒളിപ്രവർത്തനം നടത്തിയിരുന്ന നിരവധി വിപ്ലവകാരികൾ, അതുവഴി, നിർവ്വചനത്തിന്റെ പുറത്തായിപ്പോയി. മാത്രമോ, പ്രഖ്യാപിത കുറ്റവാളികളായിരുന്നുവെന്നുതിന്, ഒളിവിൽക്കഴിഞ്ഞിരുന്നവരിൽനിന്ന് ‘തെളിവ്’ ചോദിക്കുക എന്നതിന്റെ അർത്ഥം, അവർ ഇന്ത്യൻ സ്വാതന്ത്ര്യനായകന്മാരായിരുന്നുവെന്നതിന് ബ്രിട്ടീഷ് രാജിന്റെ വിശദീകരണം ചോദിക്കുക എന്നതാണ്!
വ്യത്യസ്തമായ വഴികളിലൂടെ ഞങ്ങളാ വിഷയത്തിലേക്ക് വന്ന് അതിനെക്കുറിച്ച് സംസാരിച്ചപ്പോഴാണ് ഭബാനിയുടെ ത്യാഗത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ഞങ്ങൾ സ്തബ്ധരായത്. പുരുളിയയിലെ കാടുകളിൽ ഒളിച്ച് ജീവിച്ചിരുന്ന അഭയാർത്ഥികളായ വിപ്ലവകാരികളെ ഊട്ടുവാനായി അവർ തരണം ചെയ്ത അപകടസാധ്യതകൾ. പലപ്പോഴും 20-ലധികം ആളുകൾക്ക് അവർ വെച്ചുവിളമ്പി. വീട്ടിലും അത്രയധികം ആളുകൾക്ക് ഇതേ സമയത്ത് അവർ അന്നമൂട്ടിയിരുന്നുവെന്ന് ഓർക്കണം. ബംഗാൾ ക്ഷാമത്തിന്റെ മൂർദ്ധന്യത്തിൽ, 1942-23-ൽ അത്രയധികം ഭക്ഷണം കൃഷി ചെയ്യാനെടുത്ത അദ്ധ്വാനത്തിന്റെ കഥ വേറെ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനുവേണ്ടിയുള്ള എത്ര മഹത്തരവും ത്യാഗപൂർണ്ണമായ ഒരു സംഭാവനയാണത്!
നിങ്ങളുടെ മഹത്ത്വം ഞങ്ങളെന്നും സ്മരിക്കും ഭബാനി ദീ.
പരിഭാഷ: രാജീവ് ചേലനാട്ട്