തീരദേശ കർണാടകയിലെ വിവിധ സാംസ്കാരിക ആഘോഷങ്ങൾക്കായി തുളുനാട്ടിലെ ഗർനാൽ സായിബെർ അതവ കരിമരുന്ന് കലാകാരന്മാർ അത്യന്താപേക്ഷിതമാണ്. ഭൂതകോലത്തിലും, ഉത്സവങ്ങളിലും, വിവാഹങ്ങളിലും, ജന്മദിനാഘോഷങ്ങളിലും, ഗൃഹപ്രവേശനത്തിലും തുടങ്ങി ശവസംസ്കാര ചടങ്ങുകളിൽപ്പോലും അവരുടെ പങ്കാളിത്തം ഏറെ പ്രതീക്ഷയോടെ ആളുകൾ കാത്തിരിക്കുന്നു.
'ഗർനാൽ' എന്ന വാക്കിന്റെ അർത്ഥം പടക്കമെന്നാണ്. 'സായിബെർ' എന്നത് പദം ഒരു മുസ്ലിം വ്യക്തിയെയും സൂചിപ്പിക്കുന്നു.
കർണാടകയിലെ മുൽക്കി സ്വദേശിയായ അമീർ ഹുസൈൻ പറയുന്നത് അദ്ദേഹത്തിനെ ഈ കൈത്തൊഴിൽ പഠിപ്പിച്ചത് അദ്ദേഹത്തിന്റെ അച്ഛനാണെന്നാണ്. അമീറിന് തന്റെ മുൻ പൂർവ്വികർവഴി പാരമ്പരാഗതമായി കൈമാറി കിട്ടിയതാണ് ഈ തൊഴിൽ.
"പടക്കങ്ങൾ എറിയുന്നതും കൈകാര്യം ചെയ്യുന്നതും അപകടകരമായ ജോലിയാണ്, പ്രത്യേകിച്ച് വലിയ പടക്കങ്ങൾ," കർണാടകയിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനിലെ റിസർച്ച് അസോസിയേറ്റായി പ്രവർത്തിക്കുന്ന നിതേഷ് അഞ്ചൻ പറയുന്നു.
ഉഡുപ്പി ജില്ലയിലെ അത്രാടി ഗ്രാമത്തിൽനിന്നുള്ള മുസ്താഖ് അത്രാടി എന്ന മുസ്ലീം യുവാവ് ഭൂത ആചാരങ്ങൾക്കായി ഗർനാൽ ഉണ്ടാക്കുകയും എറിയുകയും ചെയ്യാറുണ്ട്, അതുകൂടാതെ, ഏറ്റവും ശക്തമായ ഗർനലുകളിലൊന്നായ കഡോണി നിർമ്മിക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യവും അയാൾക്കുണ്ട്. "വിപുലമായ പ്രക്രിയയിലൂടെ രാസവസ്തുക്കൾകൊണ്ട് സൃഷ്ടിക്കുന്ന ഒരു കരിമരുന്നാണ് കഡോണി," അദ്ദേഹം പറയുന്നു. കഡോണി നിലംപതിക്കുമ്പോൾ ആ സ്ഥലം പ്രകമ്പനം കൊള്ളും.
ഭൂതകോലത്തിനിടെ പടക്കം പൊട്ടിക്കുന്നത് കാണേണ്ട ഒരു കാഴ്ചതന്നെയാണ്. തുളുനാട്ടിൽ നൂറ്റാണ്ടുകളായി ഭൂതാരാധന (ആത്മാവ്) ആരാധന പിന്തുടർന്നുവരുന്നു. കോലം (പ്രകടനം) എന്നത് ഭൂതപാരമ്പര്യവുമായി ബന്ധപ്പെട്ട ഒരു ആചാരമാണ്. നാദസ്വരം, താസെ തുടങ്ങി മറ്റ് പരമ്പരാഗത വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ഗർനാൽ പൊട്ടിക്കുന്ന ഉച്ചത്തിലുള്ള ശബ്ദം ഭൂതകോലത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്. കാണുക: തുളുനാട്ടിലെ ഭൂതങ്ങൾ: സാംസ്കാരികസമന്വയ പാരമ്പര്യത്തിന്റെ ആത്മാവ്
ഭൂതക്കോലം നടന്നുകൊണ്ടിരിക്കെ ഗർനാൽ സായിബേറുകൾ കത്തുന്ന പടക്കങ്ങൾ ആകാശത്തിനുനേരെ എറിയുകയും അവ ആകാശത്തൊരു മാന്ത്രികജാലം സൃഷ്ടിക്കുകയും ചെയ്യുന്നു.
ഭൂതാരാധന പല സമുദായങ്ങളുടെയും ഒത്തുചേരലിന് കാരണമാകാറുണ്ടെന്ന് പ്രൊഫസർ പ്രവീൺ ഷെട്ടി പറയുന്നു. “തുളുനാട്ടിൽ നിലവിലുള്ള ഭൂതസമ്പ്രദായങ്ങളുടെ നിയമങ്ങളും ചുമതലകളും ഒരുകാലത്ത് ഹിന്ദുസമുദായങ്ങളിൽ നിക്ഷിപ്തമായിരുന്നു. എന്നാൽ രസകരമെന്നു പറയട്ടെ, കാലക്രമേണ, ഭൂതാരാധനയിലെ ഈ ആചാരങ്ങൾ ചെയ്യാൻ മുസ്ലീം സമുദായങ്ങളെ അനുവദിക്കുകയും പടക്കം എറിയുന്നതിനും കോലത്തിന് സംഗീതം നൽകുന്നതിനും അവരെ അനുവദിക്കുകയും ചെയ്തു," ഷെട്ടി കൂട്ടിച്ചേർത്തു.
"വെടിക്കെട്ടിന്റെ സാന്നിധ്യംമൂലം ഈ ആചാരങ്ങൾക്ക് കൂടുതൽ മാസ്മരികതയും പ്രൗഢിയും കൈവന്നിട്ടുണ്ട്," ഉഡുപ്പിയിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനിലെ തുളു സംസ്കാരത്തിൽ വിദഗ്ധനായ പ്രൊഫസർ ഷെട്ടി പറയുന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള സമന്വയത്തിന്റെയും പങ്കുവയ്ക്കപ്പെട്ട പൈതൃകത്തിന്റെയും പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്ന അമീറും മുസ്താഖും രാത്രിയെ വർണ്ണശബളമാക്കുന്ന കാഴ്ചയ്ക്കായി സിനിമ കാണുക.
മൃണാളിനി മുഖർജി ഫൌണ്ടേഷൻ (എം.എം.എഫ്) ഫെല്ലോഷിപ്പിന്റെ പിന്തുണയോടെ എഴുതിയ റിപ്പോർട്ട്
കവർ ഡിസൈൻ: സിദ്ധിത സോനാവാനെ
പരിഭാഷ: അരുന്ധതി ബാബുരാജ്