പന്ന ജില്ലയിൽ ഓഗസ്റ്റ് മാസം മുഴുവൻ പെയ്ത മഴയിൽ കൈതബാരോ തടയണയുടെ സംഭരണശേഷി പരമാവധി നിറഞ്ഞു. സമീപത്തുള്ള പന്ന ടൈഗർ റിസർവിലുള്ള (പി.ടി.ആർ) മലകളുടെ അടുത്താണ് അത്.

ഒരു ചുറ്റികയുമായി സുരേൻ ആദിവാസി തടയണയിലെത്തി. വെള്ളത്തിന്റെ ഒഴുക്ക് ശ്രദ്ധിച്ച്, കല്ലുകളോ ചപ്പുചവറുകളോ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ടോ എന്ന് അയാൾ പരിശോധിക്കുന്നു. വെള്ളത്തിന്റെ ദിശ ശരിയാക്കാനായി ചുറ്റികയുപയോഗിച്ച് അയാൾ ഒന്നുരണ്ട് കല്ലുകൾ തട്ടിനീക്കി.

“വെള്ളം നന്നായി ഒഴുകുന്നുണ്ടോ എന്ന് നോക്കാൻ വന്നതാണ് ഞാൻ. ഉണ്ട്, ഒഴുകുന്നുണ്ട്,” ബിൽ‌പുരയിൽനിന്നുള്ള ആ ചെറുകിട കർഷകൻ തലകുലുക്കിക്കൊണ്ട് പാരി യോട് പറയുന്നു. ഒഴുക്കിന്റെ കുറച്ചപ്പുറത്തുള്ള തന്റെ കൃഷിഭൂമി വരളില്ല എന്ന ആശ്വാ‍സമുണ്ടായിരുന്നു അയാളുടെ മുഖത്ത്.

ആ ചെറിയ തടയണയെ കണ്ണോടിച്ചുകൊണ്ട് അയാൾ തുടർന്നു, “വലിയൊരു അനുഗ്രഹമാണിത്. അരിയും ഗോതമ്പും വളർന്നോളും. ഇതിനുമുമ്പ്, എന്റെ സ്വന്തം ഒരേക്കർ ഭൂമി നനയ്ക്കാൻ എനിക്ക് സാധിച്ചിരുന്നില്ല.”

തടയണ നിർമ്മിച്ചുകൊണ്ട് ബിൽ‌പുരയിലെ ജനങ്ങൾ സ്വയം അനുഗ്രഹിക്കുകയായിരുന്നു എന്നുവേണം പറയാൻ.

കഷ്ടിച്ച് ആയിരം ആളുകൾ താമസിക്കുന്ന ബിൽ‌പുര എന്ന ഗ്രാമത്തിൽ ഭൂരിഭാഗവും ഗോണ്ട് ആദിവാസികളായ (പട്ടിക ഗോത്രക്കാർ) കർഷകരാണ്. ഓരോരുത്തർക്കും സ്വന്തമായി കുറച്ച് കന്നുകാലികളുണ്ട്. ഗ്രാമത്തിൽ ഒരേയൊരു ഹാ‍ൻഡ് പമ്പും കിണറും മാത്രമേ ഉള്ളൂ എന്നാണ് 2011-ലെ സെൻസസ് പറയുന്നത്. ജില്ലയ്ക്ക് ചുറ്റും സംസ്ഥാനം കുളങ്ങൾ നിർമ്മിച്ച് കല്ലുകൾകൊണ്ട് അതിരിട്ടിട്ടുണ്ടെങ്കിലും, വൃഷ്ടിപ്രദേശങ്ങളൊന്നുമില്ലെന്ന് നാട്ടുകാർ പറയുന്നു. അതിൽ വെള്ളം അവശേഷിക്കുന്നുമില്ല.

PHOTO • Priti David
PHOTO • Priti David

ഇടത്ത്: വെള്ളം പാടത്തേക്ക് തടസ്സമില്ലാതെ ഒഴുകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒരു ചുറ്റികയുമായി സുരേൻ ആദിവാസി തടയണയിലെത്തി. വലത്ത്: ‘പണ്ട് ഇവിടെ കൃഷിയുണ്ടായിരുന്നില്ല. ദിവസക്കൂലിക്ക് നിർമ്മാണസൈറ്റുകളിൽ പണിയെടുക്കാൻ എനിക്ക് ദില്ലിയിലേക്കും മുംബൈയിലേക്കും പോകേണ്ടിവന്നിരുന്നു,’ മഹാരാജ് സിംഗ് ആദിവാസി പറയുന്നു

തടയണയുടേയും ഗ്രാമത്തിന്റേയും ഇടയിലായി, ഗ്രാമവാസികൾക്ക് 80 ഏക്കർ ഭൂമി സ്വന്തമായുണ്ട്. “നേരത്തേ ഇവിടെ ചെറിയൊരു അരുവിയുണ്ടായിരുന്നു. അതുപയോഗിച്ച് കുറച്ച് ഏക്കറുകൾ നനച്ചിരുന്നു. തടയണ വന്നതിനുശേഷം മാത്രമാണ് ഞങ്ങൾക്കെല്ലാവർക്കും പാടത്ത് കൃഷി ചെയ്യാൻ സാധിച്ചത്,” മഹാരാജ് സിംഗ് പറയുന്നു.

തന്റെ അഞ്ചേക്കർ പാടത്ത് വെള്ളമെത്തുന്നില്ലേ എന്ന് ഉറപ്പുവരുത്താൻ മഹാരാജും സ്ഥലത്തെത്തിയിരുന്നു. സ്വന്തമാവശ്യത്തിനായി ഗോതമ്പ്, ചണ, നെൽ, ചോളം എന്നിവയാണ് അയാൾ കൃഷി ചെയ്യുന്നത്. നല്ല വിളവ് കിട്ടുന്ന വർഷങ്ങളിൽ കുറച്ച് വിളകൾ അയാൾ വിൽക്കാറുമുണ്ട്.

“ഈ വെള്ളം എന്റെ പാടത്തേക്കാണ് പോവുന്നത്,” കൈ ചൂണ്ടിക്കൊണ്ട് അയാൾ പറയുന്നു. “പണ്ട് ഇവിടെ കൃഷിയുണ്ടായിരുന്നില്ല. ദിവസക്കൂലിക്ക് നിർമ്മാണസൈറ്റുകളിൽ പണിയെടുക്കാൻ എനിക്ക് ദില്ലിയിലേക്കും മുംബൈയിലേക്കും പോകേണ്ടിവന്നിരുന്നു.” ഒരു പ്ലാസ്റ്റിക്ക് കമ്പനിയിലും പിന്നീട് ഒരു നൂൽ കമ്പനിയിലും അയാൾ പണ്ട് ജോലി ചെയ്തിരുന്നു.

എന്നാൽ 2016-ൽ തടയണ നിർമ്മിക്കപ്പെട്ടതിൽ‌പ്പിന്നെ അയാൾക്ക് പോകേണ്ടിവന്നിട്ടില്ല. കൃഷിയിൽനിന്നുള്ള വരുമാനംകൊണ്ട് അയാൾക്കും കുടുംബത്തിനും നിലനിന്നുപോരാൻ സാധിക്കുന്നുണ്ട്. വർഷം മുഴുവൻ തടയണയിലെ വെള്ളം ഉപയോഗിക്കാൻ സാധിക്കുന്നുമുണ്ട്. കന്നുകാലികൾക്കും വെള്ളം കൊടുക്കാൻ സാധിക്കുന്നു.

പീപ്പിൾസ് സയൻസ് ഇൻസ്റ്റിട്യൂറ്റ് (പി.എസ്.ഐ) എന്ന ഒരു സന്നദ്ധ സംഘടന നടത്തിയ നിരവധി പൊതുയോഗങ്ങളിൽനിന്നാണ് ഈ തടയണ പുനർനിർമ്മിക്കാനുള്ള നീക്കമുണ്ടായത്. “പ്രദേശവാസികളുമായി സംസാരിച്ചപ്പൊൾ, അവരുടെ കൈവശം ഭൂമിയുണ്ടെന്നും എന്നാൽ സ്ഥിരമായ ജലസേചനം അസാധ്യമാണെന്നും മനസ്സിലായി. അവർക്ക് കൃഷിഭൂമി ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല,” പി.എസ്.ഐയുടെ ക്ലസ്റ്റർ കൊ‌-ഓർഡിനേറ്റർ ശരദ് യാദവ് പറയുന്നു.

PHOTO • Priti David
PHOTO • Priti David

ഇടത്ത്: ‘നേരത്തേ ഇവിടെ ചെറിയൊരു അരുവിയുണ്ടായിരുന്നു. അതുപയോഗിച്ച് കുറച്ച് ഏക്കറുകൾ നനച്ചിരുന്നു. തടയണ വന്നതിനുശേഷം മാത്രമാണ് ഞങ്ങൾക്കെല്ലാവർക്കും പാടത്ത് കൃഷി ചെയ്യാൻ സാധിച്ചത്.’ വലത്ത്: വെള്ളത്തിന്റെ ഒഴുക്കും അത് നനയ്ക്കുന്ന പാടങ്ങളും ചൂണ്ടിക്കാണിച്ചുതരുന്ന മഹാരാജ്

PHOTO • Priti David
PHOTO • Priti David

ഇടത്ത്: ഇതുപോലുള്ള വേറെയും തടയണകൾ സമീപത്ത് നിർമ്മിക്കാൻ സംസ്ഥാനം ശ്രമിച്ചുവെങ്കിലും വെള്ളം നിലനിൽക്കുന്നില്ലെന്ന് ശരദ് യാദവ് പറയുന്നു. വലത്ത്: പ്രദേശവാസികൾ ഇടയ്ക്കിടയ്ക്ക് തടയണയിൽ വന്ന് പരിശോധന നടത്താറുണ്ട്

കൈതക്കാടിന്റെ സമീപത്തുള്ള ഒരു തടാകത്തിൽ സംസ്ഥാനം ഒരു തടയണ കെട്ടിയിരുന്നു. ഒരിക്കലല്ല, 10 വർഷത്തിനുള്ളിൽ മൂന്ന് തവണ. ഏറ്റവുമൊടുവിൽ ഒരു കാലവർഷത്തിൽ അത് പൊളിഞ്ഞതോടെ, ഇനി മതിയാക്കാം എന്ന് സംസ്ഥാനത്തിന്റെ ഉദ്യോഗസ്ഥരും തീരുമാനിച്ചു. തടയണയുടെ വലിപ്പവും അവർ കുറച്ചു.

ആ ചെറിയ തടയണകൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല. “വെള്ളം പാടങ്ങളിലേക്കെത്തിയില്ല. അത് വേനലിന് മുമ്പുതന്നെ വറ്റിപ്പോയി. അതുകൊണ്ട് ഞങ്ങളുടെ ജലസേചനത്തിന് തീരെ പ്രയോജനപ്പെട്ടതുമില്ല. 15 ഏക്കർ മാത്രമേ നനയ്ക്കാൻ പറ്റിയിരുന്നുള്ളു. അതും ഒരു വിള മാത്രം”, മഹാരാജ് പറയുന്നു.

2016-ൽ ആളുകൾ കാര്യം സ്വയം ഏറ്റെടുക്കാൻ തീരുമാനിച്ചു. അവരുടെ കായികാദ്ധ്വാനം അതിന്റെ പുനർനിർമ്മാണത്തിനായി നൽകുകയും ചെയ്തു. “ഞങ്ങൾ ചളി ചുമന്നു, കിളച്ചു, പാറകൾ പൊട്ടിച്ച് നിരത്തിവെച്ചു, ഒരു മാസത്തിനുള്ളിൽ ഞങ്ങൾ തടയണ തീർത്തു. എല്ലാവരും ഞങ്ങളുടെ ഗ്രാമത്തിൽനിന്നുള്ളവരായിരുന്നു. അധികവും ആദിവാസികളും മറ്റ് പിന്നാക്ക വിഭാഗവും”, ഇതിൽ പങ്കെടുത്ത മഹാരാജ് ഓർമ്മിക്കുന്നു

പുതിയ തടയണ കൂടുതൽ വലിപ്പമുള്ളതാണ്. വെള്ളം ഒഴുകിപ്പോവാനുള്ള രണ്ട് ഷട്ടറുകളുണ്ട്. അതിനാൽ വീണ്ടും പൊട്ടാനുള്ള സാധ്യത ഇല്ല. തടയണ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി, മഹാരാജും സുരേനും അവരവരുടെ വീടുകളിലേക്ക് മടങ്ങിയപ്പോഴേക്കും ചെറുതായൊരു മഴ പെയ്യാൻ തുടങ്ങി.

പരിഭാഷ: രാജീവ് ചേലനാട്ട്

Priti David

پریتی ڈیوڈ، پاری کی ایگزیکٹو ایڈیٹر ہیں۔ وہ جنگلات، آدیواسیوں اور معاش جیسے موضوعات پر لکھتی ہیں۔ پریتی، پاری کے ’ایجوکیشن‘ والے حصہ کی سربراہ بھی ہیں اور دیہی علاقوں کے مسائل کو کلاس روم اور نصاب تک پہنچانے کے لیے اسکولوں اور کالجوں کے ساتھ مل کر کام کرتی ہیں۔

کے ذریعہ دیگر اسٹوریز Priti David
Editor : Sarbajaya Bhattacharya

سربجیہ بھٹاچاریہ، پاری کی سینئر اسسٹنٹ ایڈیٹر ہیں۔ وہ ایک تجربہ کار بنگالی مترجم ہیں۔ وہ کولکاتا میں رہتی ہیں اور شہر کی تاریخ اور سیاحتی ادب میں دلچسپی رکھتی ہیں۔

کے ذریعہ دیگر اسٹوریز Sarbajaya Bhattacharya
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat