'അംബേദ്കറില്ലാതെ
നിയമങ്ങളും ഭരണഘടനയും എഴുതിയുണ്ടാക്കാൻ കഴിയില്ലെന്ന് ഗാന്ധിയ്ക്കും നെഹ്‌റുവുവിനും
ഉറപ്പായിരുന്നു. ആ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ കഴിവുള്ള ഒരേയൊരു വ്യക്തി
അദ്ദേഹമായിരുന്നു. അങ്ങനെയൊരു സ്ഥാനം കിട്ടാൻ അദ്ദേഹം ആരോടും യാചിച്ചു
പോയിട്ടില്ല.'
ശോഭാറാം
ഗേഹേർവാർ,ജാദുഗർ
ബസ്തി (മാജിക്കുകാരുടെ കോളനി), അജ്മീർ, രാജസ്ഥാൻ
`ഞങ്ങൾ ബോംബുണ്ടാക്കിയ സ്ഥലം ബ്രിട്ടീഷുകാർ വളഞ്ഞു. അജ്മീറിനടുത്തുള്ള കുന്നിൻ മുകളിലെ കാട്ടിൽ വച്ചായിരുന്നു ബോംബ് നിർമ്മാണം. അതും കടുവകൾ സ്ഥിരമായി വെള്ളം കുടിക്കാൻ വരുന്ന ഒരു അരുവിയുടെ അടുത്ത്. കടുവകൾ വരികയും വെള്ളം കുടിക്കുകയും പോവുകയും ചെയ്തുകൊണ്ടിരുന്നു. ഞങ്ങളുടെ കൈവശം പിസ്റ്റളുകൾ ഉണ്ടെന്നും അവയുപയോഗിച്ച് ആകാശത്തിലേക്ക് വെടിവച്ചു ഭയപ്പെടുത്തുമെന്നും അവ മനസ്സിലാക്കിയിരുന്നിരിക്കണം. അതുകൊണ്ടാകാം അവ വെള്ളം കുടിച്ചതിന് ശേഷം വന്ന വഴിയേ മടങ്ങിക്കൊണ്ടിരുന്നത്. ആക്രമിച്ചിരുന്നെങ്കിൽ ഞങ്ങൾ വെടിവയ്ക്കുക ആകാശത്തിലേക്കാവില്ലായിരുന്നു. അവയ്ക്കു നേരെ തന്നെയാകുമായിരുന്നു.
എന്നാൽ ആ ദിവസം, ബ്രിട്ടീഷുകാർ ഞങ്ങളുടെ ഒളിത്താവളം മനസ്സിലാക്കി. അവർ സന്നാഹങ്ങളുമായി ഞങ്ങൾക്ക് നേരെ അടുത്തുകൊണ്ടിരുന്നു. കോളനി രാജിന്റെ നാളുകൾ ആയിരുന്നല്ലോ അവ. പ്രതിരോധത്തിന്റെ ഭാഗമായി ഞങ്ങൾ ചില സ്ഫോടകവസ്തുക്കൾ പൊട്ടിച്ചു. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനല്ല. ഞാൻ അന്ന് ചെറിയ കുട്ടിയായിരുന്നു. കൂട്ടത്തിലെ മുതിർന്ന സുഹൃത്തുക്കളാണ് സ്ഫോടനം നടത്തിയത്. കടുവ വെള്ളം കുടിക്കാനെത്തിയ സമയത്തായിരുന്നു സ്ഫോടനം.'
'വരണ്ട കടുവ വെള്ളം കുടിക്കാതെ ഓടി. അതും ബ്രിട്ടീഷ് പോലീസുകാരുടെ നേരെ തന്നെ. പേടിച്ച അവർ കടുവയുടെ മുന്നിൽ തന്നെ തിരിഞ്ഞോടാൻ തുടങ്ങി. ഒരു കടുവയും കുറെ ആളുകളും ഓടുന്നു. ചിലർ കുന്നിൻ ചെരിവുകളിൽ തടഞ്ഞു വീണു. ചിലർ റോഡിൽ ഉരുണ്ട് വീണു. ആർക്കും ഒന്നും മനസ്സിലാകാത്ത കുഴപ്പം നിറഞ്ഞ അവസ്ഥയിൽ കൂട്ടത്തിലെ രണ്ട് പോലീസുകാർ മരിക്കുകയും ചെയ്തു. ഞങ്ങളുടെ ഒളിയിടത്തിലേക്ക് പിന്നീടൊരിക്കലെങ്കിലും വരാൻ പോലീസുകാർക്ക് ധൈര്യമുണ്ടായില്ല. അവർ ഞങ്ങളെ ഭയപ്പെട്ടു. ഞങ്ങളെ അവർ ഭയപ്പെട്ടു.'
കൂട്ടത്തിൽ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടത് കടുവ മാത്രമാണ്. വീണ്ടും പലതവണ അവിടെ വന്നു വെള്ളം കുടിക്കാൻ ജീവിക്കുകയും ചെയ്തു.
തൊണ്ണൂറ്റിയാറാം വയസ്സിൽ 2022 ഏപ്രിൽ 14-ന് അജ്മീറിലെ തന്റെ വീട്ടിലിരുന്ന് ശോഭാറാം ഗേഹേർവാർ എന്ന സ്വാതന്ത്ര്യ സമര സേനാനി ഞങ്ങളോട് ആ ഓർമ്മകൾ പങ്കുവച്ചു. ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് താൻ ജനിച്ച അതേ ദളിത് ബസ്തിയിലാണ് അദ്ദേഹം ഇപ്പോഴും താമസിക്കുന്നത്, കൂടുതൽ സുഖപ്രദമായ താമസസ്ഥലത്തേക്ക് മാറാൻ അവസരങ്ങൾ ഉണ്ടായിട്ടും ഒരിക്കലും അദ്ദേഹം അതിന് ശ്രമിച്ചില്ല. രണ്ടുതവണ മുനിസിപ്പൽ കൗൺസിലറായിരുന്ന അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിൽ അത് എളുപ്പത്തിൽ നടക്കുമായിരുന്നു. 1930-കളിലും 1940-കളിലും ബ്രിട്ടീഷ് രാജുമായി താനും തന്റെ സുഹൃത്തുക്കളും നടത്തിയ പോരാട്ടങ്ങളുടെ വ്യക്തമായ ചിത്രം അദ്ദേഹം വരച്ചു കാണിച്ചു.
'അരേ, അതൊരു കാടായിരുന്നു. ഫാക്ടറിയല്ല.... ഫാക്ടറി മേം തോ കൈഞ്ചി ബന്തി ഹേൻ (അവർ ഫാക്ടറിയികളിൽ കത്രികകൾ ഉണ്ടാക്കുന്നു). ഇവിടെ ഞങ്ങൾ (ഭൂഗർഭ പ്രതിരോധം എന്ന നിലയിൽ ) ബോംബുകൾ ഉണ്ടാക്കി.
'ഒരിക്കൽ ചന്ദ്രശേഖർ ആസാദ് ഞങ്ങളെ സന്ദർശിച്ചിരുന്നു' ഓർമ്മകളിലൂടെ സഞ്ചരിക്കവേ അദ്ദേഹം പറഞ്ഞു.
``അത് 1930-ന്റെ രണ്ടാം പകുതിയിലോ 1931-ന്റെ ആദ്യ ദിവസങ്ങളിലോ ആയിരുന്നിരിക്കണം. കൃത്യമായ തീയതികൾ ഓർമയിൽ വരുന്നില്ല. കൃത്യമായ തീയതികളെക്കുറിച്ച് എന്നോട് ചോദിക്കരുത്,''ശോഭാറാം ഗേഹേർവാർ പറഞ്ഞു. "എനിക്ക് ഒരിക്കൽ എല്ലാമുണ്ടായിരുന്നു. എന്റെ എല്ലാ രേഖകളും എല്ലാ കുറിപ്പുകളും ഈ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. 1975-ൽ ഇവിടെ ഒരു വെള്ളപ്പൊക്കമുണ്ടായി. അതിൽ എനിക്ക് എല്ലാം നഷ്ടപ്പെട്ടു.'
ഭഗത് സിങ്ങുമായി ചേർന്ന് 1928-ൽ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ പുനഃസംഘടിപ്പിച്ചവരിൽ ചന്ദ്രശേഖർ ആസാദും ഉൾപ്പെടുന്നു. 1931 ഫെബ്രുവരി 27-ന് അലഹബാദിലെ ആൽഫ്രഡ് പാർക്കിൽ ബ്രിട്ടീഷ് പോലീസുമായുള്ള വെടിവയ്പിൽ ആസാദ് തന്റെ തോക്കിൽ അവശേഷിച്ച ഒരൊറ്റ വെടിയുണ്ട കൊണ്ട് സ്വയം ജീവനൊടുക്കി. ഒരിക്കലും ജീവനോടെ പിടികൊടുക്കില്ലെന്നും എപ്പോഴും 'ആസാദ്' അല്ലെങ്കിൽ സ്വതന്ത്രനായിരിക്കുമെന്നും അദ്ദേഹം പ്രതിജ്ഞ എടുത്തിരുന്നു. മരിക്കുമ്പോൾ അദ്ദേഹത്തിന് കഷ്ടി 24 വയസ്സായിരുന്നു.
സ്വാതന്ത്ര്യാനന്തരം ആൽഫ്രഡ് പാർക്ക് ചന്ദ്രശേഖർ ആസാദ് പാർക്ക് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
98 വയസ്സുള്ള ഈ സ്വാതന്ത്ര്യസമരസേനാനി, ഗാന്ധിയുടേയും അംബേദ്ക്കറിന്റേയും അനുയായിയായിട്ടാണ് സ്വയം കാണുന്നത്. ‘എനിക്ക് യോജിക്കാൻ കഴിയുന്ന ആദർശങ്ങളെ ഞാൻ പിന്തുടരുന്നു’, അദ്ദേഹം പറയുന്നു
'ആസാദ് ഞങ്ങളെ കാണാൻ വന്നപ്പോൾ ബോംബ് നിർമ്മിക്കുന്ന ക്യാമ്പും സന്ദർശിച്ചു,' ശോഭാറാം ഗേഹേർവാർ ഓർത്തെടുത്തു. 'ഞങ്ങളുടെ ബോംബുകൾ എങ്ങനെ കൂടുതൽ കാര്യക്ഷമമാക്കാമെന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. അദ്ദേഹം ഞങ്ങൾക്ക് ഒരു മികച്ച ഫോർമുല തന്നു. സ്വാതന്ത്ര്യ സമര പോരാളികൾ തങ്ങളുടെ പ്രവർത്തികൾ ചെയ്തുകൊണ്ടിരുന്ന സ്ഥലത്ത് അദ്ദേഹം തിലകം ചാർത്തി. ബ്രിട്ടീഷ് പോലീസിനെ പേടിപ്പിച്ചോടിച്ച കടുവയെ കാണണമെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. രാത്രിയിൽ ഞങ്ങൾക്കൊപ്പം തങ്ങിയാൽ കടുവയെ ദൂരത്തായി കാണാമെന്ന് ഞങ്ങൾ പറഞ്ഞു.
`അങ്ങനെ കടുവ വന്നു പോയി. ഞങ്ങൾ ആകാശത്തേക്ക് വെടിവച്ചു. എന്തിനാണ് ആകാശത്തേക്ക് വെടിവെക്കുന്നതെന്ന് ചന്ദ്രശേഖർജി ചോദിച്ചു. അവനെ ഉപദ്രവിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് കടുവയ്ക്ക് അറിയാമെന്ന് ഞങ്ങൾ ചന്ദ്രശേഖർജിയോട് പറഞ്ഞു. അതറിയുന്നത് കൊണ്ടാണ് അവൻ കുഴപ്പമുണ്ടാകാതെ വന്ന വഴി പോയത്. കടുവയ്ക്ക് വെള്ളവും പോരാളികൾക്ക് അവരുടെ സുരക്ഷയും അനുവദിക്കുന്ന ഒരു ക്രമീകരണം എങ്ങനെയോ രൂപപ്പെട്ടു എന്നതാണ് കാര്യം.
എന്നാൽ ആ ദിവസം ഞങ്ങളെ പിടിക്കാം ബ്രിട്ടീഷ് പോലീസാണ് ആദ്യം അവിടെയെത്തിയത്. തുടർന്നാണ് ഞാൻ വിവരിച്ചത് പോലെ കുഴപ്പങ്ങളും ദുരന്തങ്ങളും ഉണ്ടായത്.
ആ വിചിത്രമായ യുദ്ധത്തിലോ അതുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലിലോ തനിക്ക് വ്യക്തിപരമായ ഒരു പങ്കുമില്ലെന്ന് ശോഭാറാം ഗേഹേർവാർ പറഞ്ഞു. താൻ പക്ഷെ എല്ലാത്തിനും സാക്ഷിയായിരുന്നു. ആസാദ് വരുമ്പോൾ തനിക്ക് അഞ്ചു വയസ്സിൽ കൂടുതൽ ആയിട്ടില്ലായിരുന്നു. ആസാദ് വേഷപ്രച്ഛന്നനായിരുന്നു.
``ബോംബുകൾ നിർമ്മിച്ചുകൊണ്ടിരുന്ന കാട്ടിലെ കുന്നിലേക്ക് അദ്ദേഹത്തെ എത്തിക്കുക മാത്രമായിരുന്നു ഞങ്ങളുടെ ജോലി. ഞങ്ങൾ രണ്ട് ആൺകുട്ടികൾ അദ്ദേഹത്തെയും കൂടെയുണ്ടായിരുന്ന ഒരു സഹപ്രവർത്തകനെയും ക്യാമ്പിലേക്ക് എത്തിച്ചു.''
വാസ്തവത്തിൽ, അത് സമർത്ഥമായ ഒരു തന്ത്രമായിരുന്നു. പിടിക്കപ്പെടുത്തിരിക്കാനും ആരാലും സംശയിക്കാതിരിക്കാനും. നിഷ്കളങ്കനായി കാണപ്പെടുന്ന ഒരു അമ്മാവൻ മരുമക്കളുമായി കാട്ടിലേക്ക് യാത്ര ചെയ്യുന്ന തരം നാടകം.
ആസാദ് ആ ബോംബ് നിർമ്മാണയിടം കണ്ടു. അവിടം ഒരു ഫാക്ടറി ആയിരുന്നില്ല. അദ്ദേഹം ഞങ്ങൾ കുട്ടികളുടെ ചുമലുകളിൽ തട്ടി അഭിന്ദിച്ചു. 'ആപ് തോ ഷേർ കെ ബച്ചേ ഹേ (നിങ്ങൾ സിംഹക്കുട്ടികളാണ്). നിങ്ങൾ ധീരനാണ്. ഒരിക്കലും മരണത്തെ ഭയപ്പെടരുത്." ഞങ്ങളുടെ കുടുംബാംഗങ്ങളും ഞങ്ങളോട് പറഞ്ഞു. 'നിങ്ങൾ മരിച്ചാലും കുഴപ്പമില്ല. എന്തായാലും നിങ്ങൾ ഇതെല്ലാം ചെയ്യുന്നത് സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രമാണ്."
*****
'വെടിയുണ്ട എന്നെ ശാശ്വതമായി കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്തില്ല. അത് എന്റെ കാലിൽ തട്ടി മുന്നോട്ട് പോയി. കണ്ടോളൂ?' കാൽമുട്ടിന് അൽപ്പം താഴെ, വലതുകാലിൽ വെടിയുണ്ട തട്ടിയ സ്ഥലം അദ്ദേഹം കാണിച്ചു തന്നു. അത് അദേഹത്തിന്റെ കാലിൽ പതിഞ്ഞില്ല. പക്ഷേ അതൊരു വേദനാജനകമായ പ്രഹരമായിരുന്നു. 'ഞാൻ ബോധരഹിതനായി. അവർ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി,'ശോഭാറാം ഗേഹേർവാർ പറഞ്ഞു
അത് 1942-ൽ ആയിരുന്നു. അപ്പോഴേക്കും അദ്ദേഹം പ്രായത്തിൽ 'ഒരുപാട് വളർന്നിരുന്നു. അതായത് ഏകദേശം 16 വയസ്സ്. അങ്ങനെ നേരിട്ടുള്ള ആക്ഷനിൽ പങ്കാളിയായി. ഇന്ന്, 96-ാം വയസ്സിൽ, ശോഭാറാം ഗേഹേർവാർ ആരോഗ്യവാനാണ്. ആറടിയിലധികം ഉയരമുണ്ട്. കരുത്തുണ്ട്. നിർവന്നു നടക്കുന്നു. രാജസ്ഥാനിലെ അജ്മീറിലെ വീട്ടിൽ ഞങ്ങളോട് സംസാരിക്കുമ്പോൾ ഒമ്പത് പതിറ്റാണ്ടുകൾ നീണ്ട തന്റെ തിരക്കേറിയ ജീവിതത്തെക്കുറിച്ച് അദ്ദേഹം വാചാലനായി. ഇപ്പോൾ, തനിക്ക് വെടിയേറ്റതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.
'ഒരു പൊതുയോഗം നടക്കുകയായിരുന്നു. നേതാക്കളിൽ ആരോ ബ്രിട്ടീഷ് രാജിനെതിരെ 'അൽപ്പം നിയന്ത്രണാതീതമായി' സംസാരിച്ചു. അതറിഞ്ഞെത്തിയ പോലീസ് കുറച്ച് സ്വാതന്ത്ര്യ സമര സേനാനികളെ പൊക്കി. അവർ തിരിച്ചടിക്കുകയും പോലീസിനെ മർദ്ദിക്കുകയും ചെയ്തു. പിന്നീട് സ്വാതന്ത്ര്യ സേനാനി ഭവൻ എന്ന് പേരിട്ട കെട്ടിടത്തിൽ വച്ചായിരുന്നു അടിയും തിരിച്ചടിയും. .
അവിടെ നടന്ന പൊതുയോഗങ്ങളിൽ സ്വാതന്ത്ര്യ സമര സേനാനികൾ ദിവസവും ക്വിറ്റ് ഇന്ത്യാ സമരത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിച്ചു. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മണിക്ക് അജ്മീറിൽ നിന്നുള്ള ഒരുപാടാളുകൾ അവിടെ ഒത്തുകൂടും. ഞങ്ങൾക്ക് ആരെയും പ്രത്യേകമായി ക്ഷണിക്കേണ്ടി വന്നിട്ടില്ല - അവർ സ്വയമേവ വന്നു. അങ്ങനെയുള്ള സ്ഥലത്ത് വച്ചാണ് രൂക്ഷമായ പ്രസംഗം നടന്നതും തുടർന്നുണ്ടായ സംഭവങ്ങൾ വെടിവയ്‌പ്പിൽ കലാശിച്ചതും.
'ആശുപത്രിയിൽ ബോധം തെളിഞ്ഞപ്പോൾ പോലീസ് എന്നെ കാണാൻ വന്നു. അവർ അവരുടെ ജോലി ചെയ്തു; അവർ എന്തൊക്കെയോ എഴുതി. എങ്കിലും അവർ എന്നെ അറസ്റ്റ് ചെയ്തില്ല. അവർ പറഞ്ഞു: 'അവനു കിട്ടേണ്ടത് വെടിയുണ്ട കൊടുത്തു. അത്രയും ശിക്ഷ മതി അവന്."
അത് അവരുടെ ദയ ആയിരുന്നില്ല. ശോഭാറാം ഗേഹേർവാറിന് എതിരെ പോലീസ് കേസെടുത്തിരുന്നെങ്കിൽ അദ്ദേഹത്തിന് നേരെ വെടിയുതിർത്തത് തങ്ങളാണെന്ന് പൊലീസിന് സമ്മതിക്കേണ്ടി വരുമായിരുന്നു. കൂടാതെ അദ്ദേഹം സ്വന്തം നിലയിൽ പ്രകോപനപരമായ ഒരു പ്രസംഗവും നടത്തിയിട്ടില്ല. മറ്റാളുകളുടെ നേരെ അക്രമം നടത്തിയിട്ടുമില്ല.
ബ്രിട്ടീഷുകാർ അവരുടെ മുഖം രക്ഷിക്കാൻ ആഗ്രഹിച്ചു. 'ഞങ്ങൾ കൊല്ലപ്പെട്ടിരുന്നെങ്കിൽ അവർക്കു പ്രശ്‌നം ഒന്നുമുണ്ടാകില്ലായിരുന്നു. ദശലക്ഷക്കണക്കിന് ആളുകൾ വർഷങ്ങൾ നീണ്ട പോരാട്ടങ്ങളിൽ കൊല്ലപ്പെട്ടു. അവയോലൂടെയാണ് ഈ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. കുരുക്ഷേത്രത്തിലെന്നപോലെ സൂര്യകുണ്ഡവും പോരാളികളുടെ രക്തത്താൽ നിറഞ്ഞിരുന്നു. നിങ്ങളുടെ എല്ലാം മനസ്സുകളിൽ ഇതെല്ലം ഉണ്ടാകണം. നമ്മുടെ സ്വാതന്ത്ര്യം അനായാസമായി കിട്ടിയതല്ല. അതിനു വേണ്ടി നമ്മൾ രക്തം ചൊരിഞ്ഞിട്ടുണ്ട്. കുരുക്ഷേത്രത്തിൽ വീണതിനെക്കാൾ കൂടുതൽ രക്തം. സ്വാതന്ത്ര്യ സമര പ്രസ്ഥാനം അങ്ങനെ രാജ്യവ്യാപകമായി മാറി. അജ്മീറിൽ മാത്രമല്ല. സമരം എല്ലായിടത്തും ഉണ്ടായിരുന്നു. മുംബൈയിൽ, കൽക്കട്ടയിൽ എല്ലാം
'ആ വെടിയേറ്റ മുറിവിന് ശേഷമാണ് വിവാഹം വേണ്ടെന്ന് ഞാൻ തീരുമാനിച്ചത്,' ശോഭാറാം ഗേഹേർവാർ പറഞ്ഞു.
'ഞാൻ സ്വാതന്ത്ര്യ സമരത്തെ അതിജീവിക്കുമോയെന്ന് ആർക്കറിയാം? സേവയിൽ (സാമൂഹിക സേവനം) തന്നെ തന്നെ സമർപ്പിച്ച എനിക്ക് കുടുംബ ജീവിതം ഒപ്പം കൊണ്ടുപോകാൻ ആകുന്ന അവസ്ഥ ആയിരുന്നില്ല.'' സഹോദരി ശാന്തിക്കും മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പമാണ് ശോഭാറാം ഗേഹേർവാർ താമസിക്കുന്നത്. ശാന്തിക്ക് 75 വയസ്സ്. അവർ അദ്ദേഹത്തേക്കാൾ 21 വയസ്സ് ചെറുപ്പമാണ്.
'ഞാൻ ചില കാര്യങ്ങൾ നിങ്ങളോടു പറയട്ടെ?' ശാന്തി ഞങ്ങളോട് ചോദിക്കുകയും ശാന്തതയോടെയും ഉറപ്പോടെയും സംസാരിക്കുകയും ചെയ്തു. 'ഞാൻ കാരണമാണ് ഈ മനുഷ്യൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ഞാനും എന്റെ മക്കളും അദ്ദേഹത്തെ എക്കാലവും പരിപാലിച്ചു വരുന്നു. ഞാൻ 20 വയസ്സിൽ വിവാഹിതനായി. കുറച്ച് വർഷങ്ങൾക്ക് ശേഷം ഞാൻ വിധവയായി. മരിക്കുമ്പോൾ എന്റെ ഭർത്താവിന് 45 വയസ്സായിരുന്നു. ശോഭാറാം ഗേഹേർവാറിനെ ഞാൻ എപ്പോഴും പരിപാലിക്കുന്നു. അതിൽ ഞാൻ അഭിമാനിക്കുന്നു. ഇപ്പോൾ എന്റെ കൊച്ചുമക്കളും അവരുടെ ഭാര്യമാരും അദ്ദേഹത്തിന്റെ കാര്യങ്ങൾ എല്ലാം നോക്കുന്നു.''
'കുറച്ചു കാലം മുമ്പ്, അദ്ദേഹം വലിയ നിലയിൽ രോഗബാധിതനായി. അദ്ദേഹം ഏതാണ്ട് മരിച്ച അവസ്ഥയിലായി. അത് 2020-ൽ ആയിരുന്നു. ഞാൻ അദ്ദേഹത്തെ എന്റെ കൈകളിൽ എടുത്ത് പ്രാർത്ഥിച്ചു. ഇപ്പോൾ നിങ്ങൾ അദ്ദേഹത്തെ ആരോഗ്യത്തോടും സന്തോഷത്തോടും കൂടി കാണുന്നു.''
*****
അന്നത്തെ ആ ഒളിസങ്കേതത്തിൽ നിർമിച്ച ആ ബോംബുകൾക്ക് എന്ത് സംഭവിച്ചു?
'എവിടെയെല്ലാം ബോംബുകൾ ആവശ്യമുണ്ടായിരുന്നു അവിടെയെല്ലാം യാത്രചെയ്ത് അവ എത്തിച്ചു കൊടുത്തു. അങ്ങനെ നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അവിടെ ഉണ്ടാക്കിയ ബോംബുകളും വഹിച്ചുകൊണ്ട് ഞാൻ ഈ രാജ്യത്തിന്റെ എല്ലാ കോണുകളിലും പോയിട്ടുണ്ട്. ഞങ്ങൾ കൂടുതലും ട്രെയിനുകളിലാണ് യാത്ര ചെയ്തിരുന്നത്. ഇറങ്ങുന്ന സ്റ്റേഷനുകളിൽ നിന്ന്, മറ്റ് ഗതാഗത മാര്ഗങ്ങൾ സ്വീകരിക്കും. ബ്രിട്ടീഷ് പോലീസിനു പോലും ഞങ്ങളെ ഭയമായിരുന്നു.
ആ ബോംബുകൾ കാഴ്ചയിൽ എങ്ങനെയായിരുന്നിരുന്നത്?
`ഇതുപോലെ'' (അദ്ദേഹം കൈകൾ ഗോളാകൃതിയിൽ ആക്കി കാണിച്ചു.). ഈ വലിപ്പം ഉണ്ടായിരുന്നു. ഒരു ഗ്രനേഡ് പോലെ തോന്നിക്കും. സ്ഫോടനത്തിനെടുക്കുന്ന സമയമനുസരിച്ച് പല തരത്തിലുള്ള ബോംബുകളാണ് ഉണ്ടാക്കിയിരുന്നത്. ചിലത് ഉടനടി പൊട്ടിത്തെറിക്കും. ചിലത് പൊട്ടാൻ നാല് ദിവസങ്ങൾ വരെയെടുക്കും. ഞങ്ങളുടെ നേതാക്കന്മാർ എല്ലാം വിശദീകരിച്ചു തരുമായിരുന്നു. അവ എങ്ങനെ ഉപയോഗിക്കണം എവിടെ ഉപയോഗിക്കണം എന്നെല്ലാം. എത്തുന്ന സ്ഥലത്തെ ആളുകൾക്ക് ഞങ്ങൾ ഉപയോഗിക്കേണ്ട വിധം പഠിപ്പിക്കും
'ആ സമയത്ത് ഞങ്ങൾക്ക് എവിടെയും വലിയ ഡിമാൻഡായിരുന്നു! അന്ന് ഞാൻ കർണാടകയിൽ പോയിട്ടുണ്ട്. മൈസൂർ, ബെംഗളൂരു, തുടങ്ങിയുള്ള പല സ്ഥലങ്ങളിലും. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സമരങ്ങളുടെ ഒരു പ്രമുഖ കേന്ദ്രമായിരുന്നു അജ്മീർ. ബനാറസും (വാരണാസി) അങ്ങനെയായിരുന്നു. ഗുജറാത്തിലെ ബറോഡ, മധ്യപ്രദേശിലെ ദാമോ തുടങ്ങിയ സ്ഥലങ്ങളും പ്രധാനമായിരുന്നു. അജ്മീറിൽ പ്രസ്ഥാനം ശക്തമാണെന്നും അവിടെയുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ പാത പിന്തുടരുമെന്നും പറഞ്ഞുകൊണ്ട് ആളുകൾ ആ പട്ടണത്തിലേക്ക് നോക്കി കൊണ്ടിരുന്നു.... തീർച്ചയായും അജ്മീറിൽ നിരവധിയായ സേനാനികൾ ഉണ്ടായിരുന്നു.'
എന്നാൽ അവർ എങ്ങനെയായിരിക്കും ട്രെയിൻ യാത്രകൾ കൈകാര്യം ചെയ്തത്? എങ്ങനെയാണ് അവർ പിടിക്കപ്പെടാതെ ദൗത്യം തുടർന്നത്? തപാൽ വകുപ്പിന്റെ സെൻസർഷിപ്പ് ഒഴിവാക്കുന്നതിനായി നേതാക്കൾക്കിടയിൽ ഉള്ള രഹസ്യ കത്തുകൾ തീവണ്ടിയിൽ കൊണ്ടുപോയിരുന്നതായി ബ്രിട്ടീഷുകാർ സംശയിച്ചിരുന്നു. കൂടാതെ ചില യുവാക്കൾ യാത്രകളിൽ ബോംബുകൾ കൈവശം വച്ചിരുന്നതായും അവർക്ക് അറിയാമായിരുന്നു.
'അന്ന് തപാൽ വഴിയുള്ള കത്തുകൾ പരിശോധിക്കപ്പെടു കയും തുറന്ന് വായിക്കപ്പെടുകയും ചെയ്തു. ആ വെല്ലുവിളിയെ അതിജീവിക്കാൻ ഞങ്ങളുടെ നേതാക്കൾ യുവാക്കളുടെ ഒരു സംഘം രൂപീകരിക്കുകയും കത്തുകൾ പ്രത്യേക സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ ഞങ്ങളെ പരിശീലിപ്പിക്കുകയും ചെയ്തു. നിങ്ങൾ ഈ കത്ത് എടുത്ത് കൊണ്ടുപോയി ബറോഡയിലുള്ള ഡോ. അംബേദ്കറിന് നൽകണം. അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിക്ക്, മറ്റേതെങ്കിലും സ്ഥലത്ത്. ഞങ്ങൾ കത്തുകൾ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കുമായിരുന്നു
ബ്രിട്ടീഷ് പോലീസ് ഞങ്ങളെ തടഞ്ഞുനിർത്തി ചോദ്യങ്ങൾ ചോദിക്കും. ഞങ്ങളെ ട്രെയിനിൽ കണ്ടാൽ അവർ ചോദിച്ചേക്കാം: 'നിങ്ങൾ ഞങ്ങളോട് നേരത്തെ പറഞ്ഞിരുന്ന സ്ഥലത്തേക്കല്ല ഇപ്പോൾ പോകുന്നത്. ഇപ്പോൾ മറ്റെവിടേക്കാണ് നിങ്ങൾ പോകുന്നത്?. 'ഈ ചോദ്യം ചെയ്യലുകൾ ഉണ്ടാകുമെന്ന് ഞങ്ങൾക്കും ഞങ്ങളുടെ നേതാക്കൾക്കും അറിയാമായിരുന്നു. അതിനാൽ ഞങ്ങൾ ബനാറസിലേക്ക് പോകുകയാണെങ്കിൽ, ഞങ്ങൾ ആ നഗരത്തിൽ നിന്ന് കുറച്ച് അകലെ ഇറങ്ങും.
'കത്ത് ലക്ഷ്യത്തിൽ സുരക്ഷിതമായി എത്തണമല്ലോ... ബെനാറസിൽ എത്തുന്നതിന് അല്പം മുൻപ് ഞങ്ങൾ ജാഗ്രതയിൽ ആകും. ഞങ്ങളുടെ നേതാക്കൾ ഞങ്ങളെ പഠിപ്പിച്ചത് പോലെ ചെയ്യും. ആ നഗരത്തിൽ നിന്ന് അൽപ്പം അകലെ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി അവിടെ ഇറങ്ങും. ഞങ്ങൾ പറഞ്ഞുതന്നത് പോലെയൊക്കെ ചെയ്തു
അക്കാലത്ത് തീവണ്ടികളിൽ ആവി എഞ്ചിനുകളുണ്ടായിരുന്നു. ഞങ്ങൾ എഞ്ചിൻ റൂമിനുള്ളിൽ പോയി റെയിൽ ഡ്രൈവറെ പിസ്റ്റൾ കാണിച്ചു ഭീഷണിപ്പെടുത്തും. 'ഞങ്ങൾ നിന്നെ കൊല്ലും. അതിനു ശേഷമേ ഞങ്ങൾ മരിക്കൂ.' അപ്പോൾ ഡ്രൈവർ ഞങ്ങൾക്ക് റൂമിൽ ഇരിക്കാൻ സ്ഥലം തരും. സിഐഡികളും പോലീസും ചിലപ്പോൾ തീവണ്ടി മുഴുവൻ പരിശോധിക്കും. കോച്ചുകളിൽ സാധാരണ യാത്രക്കാരെ മാത്രമേ അവർ കാണുകയുള്ളു.
'നിർദ്ദേശിക്കപ്പെട്ടത് പോലെ ഞങ്ങൾ ഒരു നിശ്ചിത ഘട്ടത്തിൽ ചങ്ങല വലിച്ചു. ട്രെയിൻ വളരെ നേരം അവിടെ നിന്നു. ചില സ്വാതന്ത്ര്യ സമര സേനാനികൾ ഇരുട്ടായപ്പോൾ കുതിരകളുമായി എത്തി. അവയുടെ പുറത്തു കയറി ഓടിച്ചു ഞങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ എത്തി. വാസ്തവത്തിൽ, ട്രെയിൻ എത്തുന്നതിന് ഏറെ മുമ്പ് തന്നെ ഞങ്ങൾ ബനാറസിലെത്തി!
'എന്റെ പേരിൽ ഒരിക്കൽ ഒരു വാറണ്ട് ഉണ്ടായിരുന്നു. സ്‌ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നതിനിടെയാണ് ഞങ്ങൾ പിടിക്കപ്പെട്ടത്. എന്നാൽ ഞങ്ങൾ അവ എറിഞ്ഞു കളഞ്ഞു രക്ഷപ്പെട്ടു. ഞങ്ങൾ ഏതുതരം സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്താൻ പോലീസ് അവ കണ്ടെത്തി അവയെക്കുറിച്ചു പഠിച്ചു. അവർ ഞങ്ങളെ അന്വേഷിച്ചു തുടങ്ങി. അതിനാൽ ഞങ്ങൾ അജ്മീർ വിടാൻ തീരുമാനിച്ചു. എന്നെ അന്നത്തെ ബോംബെയിലേക്ക് അയച്ചു.'
ആരാണ് അദ്ദേഹത്തിന് ഇന്നത്തെ മുംബൈയിൽ അഭയം നൽകിയത്?
'പൃഥ്വിരാജ് കപൂർ' ശോഭാറാം ഗേഹേർവാർ അഭിമാനത്തോടെ പറയുന്നു. മഹാനായ ആ നടൻ 1941-ഓടെ താരപദവിയിലേക്കുള്ള രാജപാതയിൽ ആയിരുന്നു. ഇപ്പോൾ സ്ഥിരീകരിക്കാൻ രേഖകളുടെ കുറവുണ്ടെങ്കിലും, 1943-ൽ ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷന്റെ സ്ഥാപക അംഗമായിരുന്നു അദ്ദേഹം. കപൂറും ബോംബെയുടെ നാടക-ചലച്ചിത്രലോകത്തിലെ മറ്റു ചില പ്രമുഖരും സ്വാതന്ത്ര്യ സമരത്തെ വളരെയധികം പിന്തുണച്ചിരുന്നു. പലരും അതിന്റെ ഭാഗമായിരുന്നു.
``അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ ബന്ധുവായ ഒരു ത്രിലോക് കപൂറിന്റെ അടുത്തേക്ക് അയച്ചു. അദ്ദേഹം പിന്നീട് ഹർഹർ മഹാദേവ് എന്ന സിനിമയിൽ അഭിനയിച്ചുവെന്ന് ഞാൻ കരുതുന്നു.'' ശോഭാറാം ഗേഹേർവാറിന് അറിയില്ലായിരുന്നു എങ്കിലും ത്രിലോക് യഥാർത്ഥത്തിൽ പൃഥ്വിയുടെ ഇളയ സഹോദരനായിരുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഏറ്റവും വിജയമ നേടിയ നടന്മാരിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം. 1950ലെ ഏറ്റവും വലിയ കളക്ഷൻ ചിത്രമായിരുന്നു ഹർഹർ മഹാദേവ്
'പൃഥ്വിരാജ് ഞങ്ങൾക്ക് ഒരു കാർ താത്കാലികമായി തന്നു, ഞങ്ങൾ ബോംബെയിൽ മൊത്തം കറങ്ങി. ഏകദേശം രണ്ട് മാസത്തോളം ഞാൻ ആ നഗരത്തിലായിരുന്നു. പിന്നെ ഞാൻ തിരിച്ചു പോയി. മറ്റ് പ്രവർത്തനങ്ങൾക്ക് ഞങ്ങളെ ആവശ്യമായിരുന്നു. അന്നത്തെ വാറണ്ട് നിങ്ങളെ കാണിക്കാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അത് എന്റെ പേരിലായിരുന്നു. കൂട്ടത്തിലുള്ള മറ്റ് ചെറുപ്പക്കാർക്കും പ്രത്യേകം വാറണ്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ 1975-ൽ ഇവിടെയുണ്ടായ വെള്ളപ്പൊക്കം എല്ലാ രേഖകളും നശിപ്പിച്ചു,'ശോഭാറാം ഗേഹേർവാർ വളരെ സങ്കടത്തോടെ പറഞ്ഞു. 'എന്റെ എല്ലാ പേപ്പറുകളും പോയി. ജവഹർലാൽ നെഹ്‌റു തന്ന ർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ നിരവധി രേഖകൾ. ആ പേപ്പറുകൾ കണ്ടിരുന്നെങ്കിൽ ഒരുപക്ഷെ നിങ്ങൾക്ക് ഭ്രാന്ത് പിടിക്കുമായിരുന്നു. പക്ഷേ എല്ലാം ഒലിച്ചുപോയി'.
*****
``ഗാന്ധിക്കും അംബേദ്കറിനും ഇടയിൽ ആരെ തിരഞ്ഞെടുക്കണം എന്ന ചോദ്യത്തിൽ കാര്യമുണ്ടോ? എനിക്ക് രണ്ടു പേരെയും തിരഞ്ഞെടുക്കാം.''
ഞങ്ങൾ അജ്മീറിലെ അംബേദ്കർ പ്രതിമയുടെ ചുവട്ടിലാണ്. അംബേദ്കറുടെ 131-ാം ജന്മവാർഷി ദിനമാണന്ന്. ശോഭാറാം ഗേഹേർവാറിനെ ഞങ്ങൾ അവിടെ കൊണ്ടുവന്നു. അംബേദ്‌കർ പ്രതിമയിൽ മാല ചാർത്താൻ തന്നെ അവിടെ കൊണ്ടുപോകണമെന്ന് ആ ഗാന്ധിയൻ ഞങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. അംബേദ്കറിനും ഗാന്ധിക്കുമിടയിൽ എവിടെയാണ് നിൽക്കുന്നതെന്ന് അദ്ദേഹത്തോട് ഞങ്ങൾ ചോദിച്ചത് അപ്പോഴാണ്.
തന്റെ വീട്ടിൽ വെച്ച് അദ്ദേഹം നേരത്തെ ഞങ്ങളോട് പറഞ്ഞ കാര്യങ്ങൾ വീണ്ടും ആവർത്തിച്ചു. 'നോക്കൂ, അംബേദ്കറും ഗാന്ധിയും. രണ്ടുപേരും വളരെ നല്ല ജോലി ചെയ്തു. ഒരു കാർ നീക്കാൻ രണ്ടറ്റത്തും രണ്ട് ചക്രങ്ങൾ വീതം ആവശ്യമാണ്. എവിടെയാണ് വൈരുദ്ധ്യം? മഹാത്മാവിന്റെ ചില തത്ത്വങ്ങളിൽ ഞാൻ മെറിറ്റ് കണ്ടെത്തുന്നുണ്ട്. അതിനാൽ അവയെ പിന്തുടരുന്നു. അംബേദ്കറുടെ പഠിപ്പിക്കലുകളിൽ ഞാൻ മെറിറ്റ് കണ്ടെത്തിയിടത്താണ് ഞാൻ അദ്ദേഹത്തെ പിന്തുടരുന്നത്
ഗാന്ധിയും അംബേദ്കറും അജ്മീർ സന്ദർശിച്ചിട്ടുണ്ട്. അംബേദ്കറുടെ ട്രെയിനിൽ മറ്റെവിടേക്കോ പോവുകയായിരുന്നു. ``റെയിൽവേ സ്റ്റേഷനിൽ വെച്ച് ഞങ്ങൾ അദ്ദേഹത്തെ കാണുകയും മാലയിടുകയും ചെയ്തു. ട്രെയിൻ നിർത്തിയപ്പോൾ അദ്ദേഹം ഇറങ്ങി വന്നു.'' വളരെ ചെറുപ്പത്തിലേ തന്നെ ഗാന്ധിയെയും അംബേദ്കറെയും ശോഭാറാം ഗേഹേർവാർ പരിചയപ്പെട്ടു.
1934-ൽ, ഞാൻ വളരെ ചെറുതായിരിക്കുമ്പോൾ, മഹാത്മാഗാന്ധി ഇവിടെ വന്നിരുന്നു. ഇവിടെ, നമ്മൾ ഇപ്പോൾ ഇരിക്കുന്ന ഇതേ ജദുഗർ ബസ്തിയിൽ. അന്ന് ശോഭാറാം ഗേഹേർവാർക്ക് ഏകദേശം 8 വയസ്സ് കാണും.
'അംബേദ്കരുടെ കാര്യത്തിൽ, ഒരിക്കൽ ഞാൻ അദ്ദേഹത്തിനുവേണ്ടി ഇവിടുത്തെ നേതാക്കളിൽ നിന്ന് ബറോഡയിലേക്ക് (ഇപ്പോൾ വഡോദര) ചില കത്തുകൾ കൊണ്ടുപോയി. പോലീസ് കത്തുകൾ പോസ്റ്റ് ഓഫീസിൽ തുറന്നു വായിക്കും എന്നതിനാൽ വ്യക്തിപരമായി പ്രധാനപ്പെട്ട പേപ്പറുകളും കത്തുകളും നേരിൽ കൊണ്ടുപോയി കൊടുക്കുകയായിരുന്നു രീതി. അവിടെ ചെന്നപ്പോൾ അംബേദ്‌കർ എന്റെ തലയിൽ തഴുകി കൊണ്ട് ചോദിച്ചു: "താങ്കൾ അജ്മീറിലാണോ താമസിക്കുന്നത്?".
ശോഭാറാം ഗേഹേർവാർ കോലി സമുദായത്തിൽപ്പെട്ടയാളാണെന്ന് അംബേദ്കർക്ക് അറിയാമായിരുന്നു?
'അതെ. ഞാനത് അദ്ദേഹത്തോട് പറഞ്ഞു. പക്ഷെ അദ്ദേഹം അതിനെ കുറിച്ച് അധികം സംസാരിച്ചില്ല. അദ്ദേഹത്തിന് അത്തരം കാര്യങ്ങളിൽ നല്ല അറിവുണ്ടായിരുന്നു. അദ്ദേഹം ഉയർന്ന വിദ്യാഭ്യാസമുള്ള ആളായിരുന്നു. എനിക്ക് എന്ത് ആവശ്യങ്ങളുണ്ടെങ്കിലും അദ്ദേഹത്തിന് എഴുതണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു
തനിക്കു മേലുള്ള 'ദലിത്', 'ഹരിജൻ' എന്നീ രണ്ട് ലേബലുകളിലും ശോഭാറാം ഗേഹേർവാർക്ക് സന്തോഷമേയുള്ളൂ. അതൊന്നും പോരാതെ ഒരാൾ കോലിയാണെന്നു ആളുകൾ പറയുന്നുണ്ടെങ്കിൽ അതും ആകട്ടെ. എന്തിന് ജാതിയെ മറയ്ക്കണം? ഹരിജൻ എന്നോ ദളിത് എന്നോ പറയുമ്പോൾ അവ തമ്മിൽ ഒരു വ്യത്യാസവുമില്ല. നിങ്ങൾ അവരെ എന്ത് വിളിച്ചാലും, ആത്യന്തികമായി അവരെല്ലാം പട്ടികജാതിക്കാരായി തുടരുന്നു.
ശോഭറാമിന്റെ മാതാപിതാക്കൾ കൂലിപ്പണിക്കാരായിരുന്നു. കൂടുതലും റെയിൽവേ പദ്ധതികലുമായി ബന്ധപ്പെട്ട പ്രവർത്തികൾ.
'എല്ലാവരും ഒരു ദിവസം ഒരു നേരം മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ,' അദ്ദേഹം പറഞ്ഞു.
ഈ കുടുംബത്തിൽ ആരും മദ്യപിക്കുന്നവർ ഇല്ലായിരുന്നു. `' അദ്ദേഹം എന്റെ അതെ അതേ സാമൂഹിക ഗ്രൂപ്പിൽ നിന്നുള്ളയാളാണ്,''ശോഭാറാം ഗേഹേർവാർ ഓർമ്മിപ്പിക്കുന്നു, '(ഇപ്പോൾ മുൻ) ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് കോലി സമുദായത്തിൽ നിന്നുള്ളയാളാണ്. അദ്ദേഹം ഒരിക്കൽ അഖില ഭാരതീയ കോലി സമാജിന്റെ പ്രസിഡന്റായിരുന്നു.
ശോഭറാമിന്റെ സമുദായം എന്നും വിദ്യാഭ്യാസത്തിന് പുറത്തു നിർത്തപ്പെട്ടു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സ്കൂൾ പ്രവേശനം വൈകിയത്. 'ഹിന്ദുസ്ഥാനിൽ,ബ്രാഹ്മണരും ജൈനരും മറ്റുള്ള ഉന്നത ജാതിക്കാരും ബ്രിട്ടീഷുകാരുടെ അടിമകളായിരുന്നു. അവർ എന്നും ഇത്ര വിഭാഗങ്ങളോട് തൊട്ടുകൂടായ്മ ആചരിച്ചിരുന്ന ആളുകലുമായിരുന്നു.
'അന്നത്തെ കോൺഗ്രസ് പാർട്ടിയും ആര്യസമാജവും ഇല്ലെങ്കിൽ ഇവിടുത്തെ ഭൂരിഭാഗം പട്ടികജാതിക്കാരും ഇസ്ലാം മതം സ്വീകരിച്ചേനെ. പഴയ രീതികളിൽ തന്നെ തുടർന്നിരുന്നെങ്കിൽ നമുക്ക് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ല.
'തൊട്ടുകൂടാത്തവരെ ആരും അക്കാലത്ത് സ്കൂളുകളിൽ ചേർത്തിരുന്നില്ല. മാറ്റി നിർത്താൻ അവർ പറയും: അവൻ ഒരു കഞ്ചറാണ്അ. ല്ലെങ്കിൽ അവൻ ഒരു ഡൊമാണ്. ഞങ്ങൾ മാറ്റിനിർത്തപ്പെട്ടു. ഏകദേശം 11 വയസ്സായതിനു ശേഷമാണ് എനിക്ക് ഒന്നാം ക്ലാസ്സിൽ ചേരാൻ സാധിച്ചുള്ളൂ. അന്നത്തെ ആര്യസമാജക്കാർ ക്രിസ്ത്യാനികൾക്ക് ബദലാകുന്ന സാമൂഹിക മാറ്റങ്ങൾക്ക് ശ്രമിച്ചിരുന്നു. അതിനാൽ, ദയാനന്ദ് ആംഗ്ലോ വേദിക് (DAV) സ്കൂളുകളിൽ ചേരാൻ ഞങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ചില ഹിന്ദു വിഭാഗങ്ങൾ ദളിത് പിന്നോക്ക വിഭംഗങ്ങളെ സ്വീകരിക്കാൻ തുടങ്ങി.
എന്നാൽ വിവേചനം അതേപടി നിലനിന്നു. ഒടുവിൽ കോലി സമാജം സ്വന്തമായി സ്കൂൾ ആരംഭിച്ചു.
"അവിടെയാണ് ഗാന്ധി വന്നത്, സരസ്വതി ബാലികാവിദ്യാലയത്തിലേക്ക്. ഞങ്ങളുടെ സമുദായത്തിലെ മുതിർന്ന ആളുകൾ ചേർന്ന് ആരംഭിച്ച ഒരു സ്‌കൂളായിരുന്നു അത്. അത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഗാന്ധി ഞങ്ങളുടെ പരിശ്രമത്തെ പ്രശംസിച്ചു. " നിങ്ങൾ നല്ലൊരു മാതൃക സൃഷ്ടിച്ചു. ഞാൻ പ്രതീക്ഷിച്ചതിലും വളരെയധികം മുന്നോട്ട് പോകാൻ നിങ്ങൾക്കായി," അദ്ദേഹം പറഞ്ഞു.
'ഞങ്ങൾ കോലികൾ ആരംഭിച്ചെങ്കിലും മറ്റ് ജാതികളിൽ നിന്നുള്ള വിദ്യാർത്ഥികളും ആ സ്കൂളിൽ ചേർന്നു. ആദ്യം കുട്ടികളെല്ലാം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായിരുന്നു. പിന്നീട് മറ്റ് സമുദായങ്ങളിൽ നിന്ന് നിരവധി പേർ സ്കൂളിൽ ചേർന്നു. ഒടുവിൽ, ഉന്നത ജാതകാറായ അഗർവാളുകൾ സ്കൂൾ ഏറ്റെടുത്തു. രജിസ്ട്രേഷൻ ഇപ്പോഴും ഞങ്ങളുടെ പേരിലാണ്. പക്ഷേ അവർ സ്കൂൾ ഭരണം ഏറ്റെടുത്തു. ' അദ്ദേഹം ഇപ്പോഴും സ്കൂൾ സന്ദർശിക്കുന്നു. കോവിഡ് 19പകർച്ചവ്യാധി കാരണം ലോക്ക് ഡൌൺ വന്നപ്പോൾ ഒഴികെ മറ്റെല്ലാ സമയത്തും അദ്ദേഹം സ്കൂൾ സന്ദർശിച്ചു കൊണ്ടിരിക്കുന്നു.
'അതെ, ഞാൻ ഇപ്പോഴും അവിടെ പോകുന്നു, പക്ഷേ ഇപ്പോൾ അത് നടത്തുന്നത് ആ (മേൽജാതി) ആളുകളാണ്. അവർ ഒരു ബി.എഡ്. കോളേജ് കൂടി തുടങ്ങിയിട്ടുണ്ട്
'ഞാൻ ഒമ്പതാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. അതിൽ ഞാൻ വളരെ ഖേദിക്കുന്നു. എന്റെ ചില സുഹൃത്തുക്കൾ സ്വാതന്ത്ര്യാനന്തരം ഐഎഎസ് ഓഫീസർമാരായി. മറ്റുള്ളവർ വലിയ ഉയരങ്ങളിൽ എത്തി. പക്ഷെ ഞാൻ എന്നെ കണ്ടെത്തുന്നത് സേവയിലാണ്
ദളിതനും ഒരു സ്വയം പ്രഖ്യാപിത ഗാന്ധിയനുമാണ് ശോഭാറാം ഗേഹേർവാർ. ഡോ. അംബേദ്കറെയും അദ്ദേഹം വളരെയധികം ആരാധിക്കുന്നു. ഒപ്പം അദ്ദേഹം പറയുന്നു: ഞാൻ രണ്ടിലുമുണ്ടായിരുന്നു. ഗാന്ധിവാദിലും ക്രാന്തിവാദിലും (ഗാന്ധിയൻ പാതയും വിപ്ലവ പാതയും). രണ്ടും തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നു.' അതിനാൽ പ്രാഥമികമായി ഒരു ഗാന്ധിയൻ ആയിരിക്കുമ്പോൾ തന്നെ ശോഭാറാം ഗേഹേർവാർ മൂന്ന് വ്യത്യസ്തത രാഷ്ട്രീയ ധാരകളുമായി അടുത്തിടപഴകി.
ഗാന്ധിയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുമ്പോൾ തന്നെ ശോഭാറാം ഗേഹേർവാർ അദ്ദേഹത്തെ വിമർശനത്തിന് അതീതനാക്കുന്നില്ല. പ്രത്യേകിച്ചും അംബേദ്കറുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ.
``അംബേദ്കർ ഉയർത്തിയ വെല്ലുവിളിയുടെ മുൻപിൽ ഗാന്ധി ഭയന്നു. എല്ലാ പട്ടികജാതിക്കാരും ബാബാസാഹേബിനൊപ്പം പോകുമെന്നദ്ദേഹം ഭയന്ന്. നെഹ്‌റുവിനും ഇതേ ഭയം ഉണ്ടായിരുന്നു. ഇത് വിശാലമായ പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുമെന്ന് അവർ ആശങ്കപ്പെട്ടു. എന്നിരിക്കിലും അംബേദ്കറുടെ കഴിവുകളും സാധ്യതകളും സംബന്ധിച്ച് ഇരുവർക്കും നല്ല ബോധ്യമുണ്ടായിരുന്നു. രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ ഇവർക്കിടയിലെ വൈരുധ്യങ്ങൾ ഉണ്ടാക്കുന്ന പിരിമുറുക്കം വ്യാപകമായിരുന്നു.
അംബേദ്കറെ കൂടാതെ നിയമങ്ങളും ഭരണഘടനയും എഴുതി തയ്യാറാക്കാൻ കഴിയില്ലെന്ന് ഗാന്ധിക്കും നെഹ്രുവിനും മനസ്സിലാക്കി. ആ ചുമതലകൾ നിർവ്വഹിക്കാൻ കഴിവുള്ള ഒരേയൊരു വ്യക്തി അദ്ദേഹം മാത്രമായിരുന്നു. ആ ചുമതല അദ്ദേഹം ആരോടും യാചിച്ചു വാങ്ങിയതല്ല. നമ്മുടെ നിയമങ്ങളുടെ ചട്ടക്കൂട് രൂപപ്പെടുത്താൻ മറ്റുള്ളവരെല്ലാം അദ്ദേഹത്തോട് അപേക്ഷിച്ചു. അംബേദ്‌കർ ഈ ലോകത്തെ സൃഷ്ടിച്ച ബ്രഹ്മത്തെപ്പോലെയായിരുന്നു. മിടുക്കനായ, അഭ്യസ്തവിദ്യനായ മനുഷ്യൻ. എന്നിട്ടും, നമ്മൾ ഹിന്ദുസ്ഥാനി മനുഷ്യർ അദ്ദേഹത്തോട് നീതി കാണിച്ചില്ല. 1947ന് മുമ്പും ശേഷവും നമ്മൾ അദ്ദേഹത്തോട് മോശമായി പെരുമാറി. സ്വാതന്ത്ര്യ സമരത്തിന്റെ ആഖ്യാനങ്ങളിൽ നിന്ന് പോലും അദ്ദേഹത്തെ ഒഴിവാക്കി. അതെ, ഇന്നും അദ്ദേഹം തന്നെയാണ് എന്റെ പ്രചോദനം.''
ശോഭാറാം ഗേഹേർവാർ പറയുന്നു: 'ഞാനൊരു കോൺഗ്രസുകാരനാണ്. ഒരു യഥാർത്ഥ കോൺഗ്രസുകാരൻ.' പാർട്ടി നിലവിൽ പോയിക്കൊണ്ടിരിക്കുന്ന ദിശയെ അദ്ദേഹം വിമർശിക്കുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ ഭരണ നേതൃത്വം ഈ രാജ്യത്തെ ഒരു സ്വേച്ഛാധിപത്യ വ്യവസ്ഥിതിയിൽ കൊണ്ടുവരുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. . അതുകൊണ്ട് 'കോൺഗ്രസ് സ്വയം പുനരുജ്ജീവിപ്പിക്കപ്പെടുകയും ഭരണഘടനയെയും രാജ്യത്തെയും രക്ഷിക്കുകയും വേണമെന്ന് അദ്ദേഹം പറയുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അദ്ദേഹം ഏറെ ആദരിക്കുന്നു. ' അദ്ദേഹം മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന ഒരാളാണ്. അദ്ദേഹം സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള രാജ്യത്തെ ഏറ്റവും ഉയർന്ന പെൻഷൻ നൽകുന്ന നാടാക്കി രാജസ്ഥാനെ മാറ്റി. 2021 മാർച്ചിൽ ഗെലോട്ട് സർക്കാർ പെൻഷൻ 50,000 രൂപയായി ഉയർത്തി. സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള ഏറ്റവും ഉയർന്ന കേന്ദ്ര പെൻഷൻ 30,000 രൂപയാണ്.
താനൊരു ഗാന്ധിയനാണെന്നാണ് ശോഭാറാം ഗേഹേർവാർ ആവർത്തിച്ചു പറയുന്നത്. അംബേദ്കർ പ്രതിമയിൽ മാല ചാർത്തി മടങ്ങുമ്പോഴും അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു.
'എനിക്ക് ഇഷ്ടം തോന്നിയ നേതാക്കളെ ഞാൻ പിന്തുടർന്നു. എനിക്ക് യോജിപ്പ് തോന്നിയ ഓരോരുത്തരുടെയും ചിന്തകൾ ഞാൻ പിന്തുടർന്നു. അവ പലതായിരുന്നു. അങ്ങനെ ചെയ്യുന്നതിൽ ഒരു തരത്തിലുള്ള വൈരുധ്യവും ഞാൻ കണ്ടിട്ടില്ല. അവയോടെല്ലാം ഞാൻ ചേർന്ന് നിന്നു .
*****
ശോഭാറാം ഗേഹേർവാർ ഞങ്ങളെ സ്വതന്ത്ര സേനാനി ഭവനിലേക്ക് കൊണ്ടുവന്നു. അജ്മീറിലെ പഴയ സ്വാതന്ത്ര്യ സമര സേനാനികളുടെ സംഗമസ്ഥലം. തിരക്കേറിയ ഒരു മാർക്കറ്റിലാണ് ഇത് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. വലിയ പാതയിലെ തിരക്കേറിയ ഗതാഗതം കൂസാതെ തനിക്കു പോകേണ്ട ദിശയിൽ നടക്കുന്ന ആ മനുഷ്യനൊപ്പം എതാൻ എനിക്കേറെ പണിപ്പെട്ടു. ഒരു ഊന്നു വടിയുടെ പോലും സഹായമില്ലാതെ വേഗത്തിൽ കുതിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹം അല്പമെങ്കിലും നിസ്സംഗനായും ആവേശമില്ലാതെയും കാണപ്പെടുന്ന സമയം പിനീട് വരുമായിരിക്കും. ഞങ്ങൾ സ്കൂൾ സന്ദർശിച്ചു. അദ്ദേഹം വലിയ അഭിമാനത്തോടെയാണ് അവിടേക്കു കടന്നു ചെന്നത്. ചുമരിൽ എഴുതി വച്ചത് അദ്ദേഹത്തെ വായിച്ചു: 'സരസ്വതി സ്കൂൾ ബന്ദ് പദാ ഹേ", അവിടെ കൈകൊണ്ട് എഴുതിയ ഒരു നോട്ടീസ് പറയുന്നു :'സരസ്വതി സ്കൂൾ അടച്ചിരിക്കുന്നു'. സ്കൂളും ബി എഡ് കോളേജും ശാശ്വതമായി അടച്ചുപൂട്ടിയിരിക്കുന്നു. അവിടെ കണ്ട സുരക്ഷാ ജീവനക്കാർ അത് ഉറപ്പിച്ചു പറഞ്ഞു. വൈകാതെ അത് വിലപ്പെട്ട റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി ആയി മാറും.
എന്നാൽ സ്വതന്ത്ര സേനാനി ഭവനിൽ ചെന്നപ്പോൾ അദ്ദേഹം കൂടുതൽ ഗൃഹാതുരനും ചിന്താദീനനുമായി മാറി.
``1947 ആഗസ്റ്റ് 15 ന് അവർ ചെങ്കോട്ടയിൽ ഇന്ത്യൻ പതാക ഉയർത്തിയപ്പോൾ ഞങ്ങൾ ഇവിടെ ത്രിവർണ്ണ പതാക ഉയർത്തി. ഞങ്ങൾ ഈ ഭവനം ഒരു നവവധുവിനെപ്പോലെ അലങ്കരിച്ചു. ഞങ്ങളെല്ലാം സ്വാതന്ത്ര്യ സമര സേനാനികളും ഇവിടെ സംഗമിച്ചിരുന്നു. ഞങ്ങൾ അപ്പോൾ ചെറുപ്പമായിരുന്നു. ഞങ്ങളെല്ലാവരും വലിയ ആഘോഷത്തിലായിരുന്നു.''
"ഈ ഭവനം സവിശേഷതകളുള്ളതാണ്. ഇതിന് ഒരൊറ്റ ഉടമസ്ഥൻ അല്ല ഉള്ളത്. ധാരാളം സ്വാതന്ത്ര്യ സമര സേനാനികൾ ഇതിന്റെ ഭാഗമായിരുന്നു. ഞങ്ങൾ ജനങ്ങൾക്കുവേണ്ടി ഇവിടെ നിന്നും ഒരുപാട് ചെയ്തു. ഞങ്ങൾ ചിലപ്പോഴെല്ലാം ഡൽഹിയിൽ പോയി നെഹ്‌റുവിനെ കാണാറുണ്ടായിരുന്നു. പിന്നീട് ഞങ്ങൾ ഇന്ദിരാഗാന്ധിയെ കണ്ടു. ഇപ്പോൾ പഴയ സേനാനികൾ ആരുമില്ല. എല്ലാവരും മരിച്ചു.''
'നമുക്ക് എത്രയോ വലിയ സ്വാതന്ത്ര്യ സമര സേനാനികൾ ഉണ്ടായിരുന്നു. ക്രാന്തിയുടെയും സേവയുടെയും ഭാഗമായി ഞാൻ പ്രവർത്തിച്ചിരുന്നപ്പോൾ കണ്ടിട്ടുള്ളതും ഇടപെട്ടിട്ടുള്ളതുമായ മനുഷ്യർ. യോജിച്ചു പ്രവർത്തിച്ചവർ. .
ഡോ.സർദാനന്ദ്, വീർ സിങ് മേത്ത, രാം നാരായൺ ചൗധരി എന്നിങ്ങനെ എത്ര പേർ. ദൈനിക് നവജ്യോതിയുടെ എഡിറ്ററായിരുന്ന ദുർഗാ പ്രസാദ് ചൗധരിയുടെ മൂത്ത സഹോദരനായിരുന്നു രാം നാരായൺ.
അജ്മീറിൽ നിന്നുള്ള ഭാർഗവ് കുടുംബം ഉണ്ടായിരുന്നു. മുകുത് ബിഹാരി ഭാർഗവ് അംബേദ്കറുടെ കീഴിൽ ഭരണഘടന തയ്യാറാക്കിയ കമ്മിറ്റിയിൽ അംഗമായിരുന്നു. അവരെല്ലാവരും ഇന്നില്ല. നമ്മുടെ മഹാന്മാരായ സ്വാതന്ത്ര്യ സമര സേനാനികളിലൊരാളായ ഗോകുൽഭായ് ഭട്ട് ഉണ്ടായിരുന്നു. അദ്ദേഹം രാജസ്ഥാന്റെ ഗാന്ധിജി ആയിരുന്നു.
ഭട്ട് കുറച്ചുകാലം നാട്ടുരാജ്യമായ സിരോഹിയുടെ മുഖ്യമന്ത്രിയായിരുന്നെങ്കിലും സാമൂഹിക പരിഷ്കരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടാൻ അത് ഉപേക്ഷിച്ചു.
രാഷ്ട്രീയ സ്വയംസേവക് സംഘത്തിൽ (ആർഎസ്എസ്) ആർക്കും സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലെന്ന് ശോഭറാം ഊന്നിപ്പറഞ്ഞു.
'സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് അവരുടെ ആരുടെയും ഒരു വിരൽ പോലും മുറിഞ്ഞിട്ടില്ല.'
സ്വതന്ത്ര സേനാനി ഭവന്റെ സ്ഥിതിയാണ് ഇപ്പോൾ അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിക്കുന്നത്
'ഇപ്പോൾ എനിക്ക് പ്രായമായി. എനിക്ക് എല്ലാ ദിവസവും ഇവിടെ വരാൻ കഴിയില്ല. പക്ഷേ, എനിക്ക് സുഖമുണ്ടെങ്കിൽ, ദിവസം ഒരു മണിക്കൂറെങ്കിലും വന്ന് ഇരിക്കാൻ ഞാൻ ശ്രദ്ധിക്കുന്നു. എനിക്ക് കഴിയുമ്പോഴെല്ലാം മറ്റാളുകളുടെ പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കാൻ ഞാൻ ആവുമ്പോൾ ശ്രമിക്കുന്നു.
'എന്റെ കൂടെ ഇപ്പോൾ ആരുമില്ല. ഈ ദിവസങ്ങളിൽ ഞാൻ തനിച്ചാണ്. മറ്റ് മിക്ക സ്വാതന്ത്ര്യ സമര സേനാനികളും മരിച്ചു. ഇപ്പോഴും ജീവിച്ചിരിക്കുന്ന കുറച്ചുപേർ അവശരാണ്. അവരുടെ ആരോഗ്യം മോശവുമാണ്. അതുകൊണ്ട് ഞാൻ മാത്രമാണ് സ്വതന്ത്ര സേനാനി ഭവൻ നോക്കി നടത്തുന്നത്. ഇന്നും ഞാൻ അതിനെ വിലമതിക്കുന്നു, ശ്രമിച്ചു സംരക്ഷിക്കുന്നു. പക്ഷേ ഇത് നോക്കി നടത്താൻ എന്റെ കൂടെ മറ്റാരുമില്ലാത്തതിനാൽ ആ നിസ്സഹായത എന്റെ കണ്ണുകളെ നനയിക്കുന്നു.
'ഞാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്തയച്ചു. ആരെങ്കിലും തട്ടിയെടുക്കുന്നതിനു മുൻപ് ഈ ഭവൻ ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്.''
'കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്ഥലമാണിത്. ഇത് നഗരത്തിന്റെ മധ്യഭാഗത്താണ്. പലരും എന്നെ സ്വാധീനിച്ച് ഇത് കൈവശപ്പെടുത്താൻ ശ്രമിക്കുന്നു. അവർ പറയുന്നു, "ശോഭാറാം ഗേഹേർവാർജി, നിങ്ങൾക്ക് ഒറ്റയ്ക്ക് എന്തുചെയ്യാൻ കഴിയും? ഇത് ഞങ്ങൾക്ക് തരൂ. ഞങ്ങൾ നിങ്ങൾക്ക് കോടികൾ പണമായി തരാം." ഞാൻ അവരോട് പറയുന്നു: എന്റെ മരണശേഷം അവർക്കിഷ്ടമുള്ളതെന്തും ഈ കെട്ടിടത്തിൽ ചെയ്യാമെന്ന്. എനിക്ക് എന്ത് ചെയ്യാൻ കഴിയും? അവർ ചോദിക്കുന്നത് പോലെ എനിക്ക് എങ്ങനെ ചെയ്യാൻ കഴിയും? ദശലക്ഷക്കണക്കിന് ആളുകൾ ഇതിന് വേണ്ടി മരിച്ചു, നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി. ഇവർ വാഗ്ദാനം ചെയ്യുന്ന പണം കൊണ്ട് ഞാൻ എന്ത് ചെയ്യും?
'ഇവിടേയ്ക്ക് നിങ്ങളുടെ ശ്രദ്ധ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. ആരും സ്വാതന്ത്ര്യ സമരത്തെയോ അവശേഷിക്കുന്ന സേനാനികളെയോ ശ്രദ്ധിക്കുന്നില്ല. സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് ആരും ചോദിക്കുന്നില്ല. പറയുന്നുമില്ല. സ്വാതന്ത്ര്യത്തിന് വേണ്ടി നമ്മൾ എങ്ങനെ പോരാടിഎന്നും എന്ത് ത്യാഗം സഹിച്ചാണ് അത് നമ്മൾ നേടിയെടുത്തത് എന്നും സ്കൂൾ കുട്ടികളോട് പറയുന്ന ഒരു പുസ്തകം പോലും ഇവിടെ ഇല്ല. ആളുകൾക്ക് ഞങ്ങളെ കുറിച്ച് എന്താണറിയുക?
കോട്ടയം ഡി.സി.ബുക്സ് പ്രസിദ്ധീകരിക്കുന്ന സായ്നാഥിന്റെ പുസ്തകത്തിന്റെ മലയാള പരിഭാഷയിൽനിന്നുള്ള ഒരു ഭാഗം.
പരിഭാഷ: കെ.എ. ഷാജി