കോവിഡ്-19 ലോക്ക്ഡൗൺ കാലത്ത്, തന്റെ കുടുംബത്തിന് എങ്ങനെ ആഹാരം നൽകുമെന്നോർത്തു വിഷമിക്കുകയാണ് രാച്ചെനഹള്ളിയിലെ ചേരിയിൽ താമസിക്കുന്ന മൿതുംബെ എം.ഡി. "എന്റെ ഭർത്താവിന് ആഴ്ചയിലൊരിക്കൽ വേതനം ലഭിക്കുമായിരുന്നു. അപ്പോഴാണ് ഞങ്ങൾ പോയി ഭക്ഷണം വാങ്ങിക്കാറുണ്ടായിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചകളായി, ആർക്കും വേതനം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഭക്ഷ്യസാധനങ്ങളൊന്നും വാങ്ങിയിട്ടുമില്ല", ബെംഗളൂരു നഗരം അടച്ചുപൂട്ടുന്നതിന് 10 ദിവസംമുന്നെ കണ്ടുമുട്ടിയപ്പോൾ മൿതുംബെ എന്ന 37 വയസ്സുകാരിയായ വീട്ടമ്മ എന്നോട് പറഞ്ഞു. അവരുടെ ഭർത്താവ് ഒരു പരസ്യചിത്രകാരനാണ് . സാധാരണയായി അയാൾ ആഴ്ചയിൽ ഏകദേശം 3,500 രൂപ സമ്പാദിച്ചിരുന്നു. പക്ഷെ മാർച്ച് 25-ന് തുടങ്ങിയ ലോക്കഡൗണിനുശേഷം അയാൾക്ക് ജോലിയൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.
മൂന്ന് മക്കളുള്ള ഈ ദമ്പതികൾ 10 വർഷങ്ങൾക്ക് മുൻപാണ് ജോലിയന്വേഷിച്ച് ബെംഗളൂരുവിലേക്ക് കുടിയേറിയത്. കർണ്ണാടകയിലെ വിജയപുര ജില്ലയിലെ (മുൻപ് ബിജാപ്പൂർ) തളിക്കോട്ട (തളികോട്ടി എന്നും അറിയപ്പെടുന്നും) പട്ടണത്തിൽനിന്നും വന്നവരാണ്ഇവർ. മൿതുംബെയുടെ ഭർത്താവ് മൗലാസാബ് ദോഡാമണിക്ക് ഞായറാഴ്ചകൾതോറും ലഭിച്ചിരുന്ന വേതനംകൊണ്ടാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. "ഞങ്ങൾ ഭക്ഷണസാധനങ്ങൾ - അഞ്ചുകിലോ അരി, ഒരു കിലോ എണ്ണ, പയർ വർഗ്ഗങ്ങൾ മുതലായവ - ആഴ്ചയിലൊരിക്കൽ വാങ്ങിയാണ് കഴിഞ്ഞിരുന്നത്. അതിപ്പോൾ മുടങ്ങി. ഞങ്ങളെ എവിടെയും പോകാൻ അനുവദിക്കുന്നില്ല. ഞങ്ങൾക്ക് ആഹാരത്തിനുവേണ്ടി പുറത്തുപോയേ തീരൂ."
ഏപ്രിൽ 4-ന് ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ, വടക്കൻ ബെംഗളൂരുവിലെ ഒരു ചേരിയിൽ കുടിയേറിപ്പാർക്കുന്ന ദിവസവേതനത്തൊഴിലാളികൾ അവർ നേരിടുന്ന പല വിഷമങ്ങളും ഞങ്ങളുമായി പങ്കുവെച്ചു. അവർക്കാർക്കുംതന്നെ കേന്ദ്ര ധനമന്ത്രിയുടെ ദുരിതാശ്വാസ പാക്കേജിൽ വാഗ്ദാനം ചെയ്യപ്പെട്ട ഗവണ്മെന്റ് സബ്സിഡിയുള്ള ഭക്ഷ്യധാന്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടായിരുന്നില്ല. അവരിൽ പലർക്കും ഒരു റേഷൻ കാർഡുപോലും കൈവശമില്ല. ചിലരുടെ പക്കൽ കാർഡുണ്ടെങ്കിലും, അത് അവരുടെ ഗ്രാമത്തിലുള്ള വീടിന്റെ മേൽവിലാസത്തിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് ഉത്തര കർണ്ണാടകയിലെ റായ്ച്ചൂർ ജില്ലയിൽനിന്ന് വരുന്ന 30 വയസ്സുകാരിയായ മാണിക്യമ്മ വിശദീകരിക്കുന്നു. "ആ കാർഡുകൾ ബെംഗളൂരുവിൽ ആ കാർഡുകൊണ്ട് ഒരു ഉപയോഗവുമില്ല", അവർ അഭിപ്രായപ്പെട്ടു.
"ജോലിയില്ലാതെ ഇപ്പോൾ ഞങ്ങൾ വലയുകയാണ്. ധാരാളം ബുദ്ധിമുട്ടുകളുണ്ട്. ഞങ്ങൾക്ക് മക്കളുണ്ട്, വാടക കൊടുക്കേണ്ടതായിട്ടുണ്ട്, ഞങ്ങൾ എങ്ങനെയാണ് അതൊക്കെ ചെയ്യേണ്ടത്?" അവൾ ചോദിക്കുന്നു. മാണിക്യമ്മയും ഭർത്താവ് ഹേമന്തും നിർമ്മാണത്തൊഴിലാളികളായിട്ടാണ് ലോക്കഡൗണിന് മുൻപ് ജോലിചെയ്തിരുന്നത്. ഏഴ് വർഷങ്ങൾക്കുമുൻപാണ് ഇവർ ബെംഗളൂരുവിൽ എത്തിയത്. നാല് മക്കളാണ് ഈ ദമ്പതിമാർക്ക്.
റായിച്ചുരിൽനിന്നുള്ള 27 വയസ്സുകാരിയായ എൻ. ലക്ഷ്മിയും, മാണിക്യമ്മ എത്തിപ്പെട്ട ഏതാണ്ടതേ കാലത്താണ് നഗരത്തിലെത്തിച്ചേർന്നത്. ലോക്ക്ഡൗൺ തുടങ്ങുന്നതുവരെ വടക്കൻ ബെംഗളൂരുവിലെ നിർമ്മാണസ്ഥലങ്ങളിലാണ് അവർ ജോലിചെയ്തിരുന്നത്. "ഞങ്ങൾ സിമെൻറ് നിർമ്മിക്കുകയും കല്ല് പൊട്ടിക്കുകയും ചെയ്യുന്നു. പ്രതിദിനം 300 രൂപയാണ് ഈ ജോലിയിലൂടെ ഞങ്ങൾ സമ്പാദിക്കുന്നത്" അവർ എന്നോട് പറഞ്ഞു. രാച്ചെനഹള്ളിയിൽ അവർ തനിച്ച് താമസിക്കുന്ന ഒറ്റമുറിയുള്ള താത്ക്കാലിക ഷെഡ്‌ഡിന് മാസം 500 രൂപയാണ് വാടക.
കുടിയേറ്റത്തൊഴിലാളികൾ അവർ നേരിടുന്ന പല ബുദ്ധിമുട്ടുകളേക്കുറിച്ചും സംസാരിച്ചു. അവർക്കാർക്കുംതന്നെ ഗവണ്മെന്റ് സബ്സിഡിയുള്ള ഭക്ഷ്യധാന്യങ്ങൾ വാങ്ങിക്കാൻ അർഹതയില്ല. പലർക്കും ഒരു റേഷൻ കാർഡുപോലും കൈവശമില്ല
വാടകയെക്കുറിച്ചു മാത്രമല്ല, ഇവിടെ എല്ലാവരും ലോക്ക്ഡൗണിൽ ഭക്ഷ്യവസ്തുക്കളുടെ ഉയർന്നുവരുന്ന വിലയെക്കുറിച്ചും വ്യാകുലരാണ്. "കൈയ്യിൽ പണമില്ലാതെ എങ്ങനെയാണ് എന്തെങ്കിലും വാങ്ങിക്കുക? ഞങ്ങൾക്ക് ഒന്നുംതന്നെ സമ്പാദിക്കുവാൻ കഴിയുന്നില്ല. ജോലിയുള്ളതുവരെ ഞങ്ങൾക്ക് കുഴപ്പമില്ല, പക്ഷെ ഇപ്പോൾ അതും അവർ ഞങ്ങളിൽനിന്ന് കവർന്നെടുത്തിരിക്കുകയാണ്" 33 വയസ്സുള്ള സോണി ദേവി പറഞ്ഞു. അവൾ രാച്ചെനഹള്ളിക്ക് സമീപമുള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ വീട്ടുജോലി ചെയുന്നു.
സോണി പ്രതിമാസം സമ്പാദിക്കുന്നത് 9,000 രൂപയാണ്. ഈ മേയ് മാസത്തിൽ അവർ വീണ്ടും ജോലിക്കു പോയിതുടങ്ങിയെങ്കിലും, മാർച്ച് മാസത്തിൽ വെറും 5,000 രൂപയാണ് അവർക്ക് ലഭിച്ചത്. ഏപ്രിലിൽ ജോലിക്കുപോകാൻ പറ്റാത്തതുകൊണ്ട് വരുമാനമൊന്നും ലഭിച്ചില്ല. അവരുടെ 11 വയസ്സിൽ താഴെ പ്രായമുള്ള മൂന്ന് കുട്ടികളടങ്ങുന്ന കുടുംബത്തിന് ഏപ്രിൽ മാസം ദുരിതമായിരുന്നു. അവളുടെ ഭർത്താവ് ലഖൻ സിങ് വല്ലപ്പോഴും നിർമ്മാണത്തൊഴിലിൽ ഏർപ്പെടുന്നത്. ജോലിയുള്ള ദിവസങ്ങളിൽ അയാൾ 450 രൂപ സമ്പാദിക്കുമെങ്കിലും, ഹൃദ്രോഗിയായതിനാൽ ഇപ്പോൾ അയാൾക്ക് അത്രപോലും സമ്പാദിക്കാനാവുന്നില്ല. മൿതുംബെയുടേതുപോലുള്ള ഒരു മുറിയിലാണ് ഈ കുടുംബവും താമസിക്കുന്നത്. അവരെപ്പോലെത്തന്നെ പ്രതിമാസം 2,000 രൂപയും വാടകയായി ഇവർ കൊടുക്കുന്നു. ഏഴ് മാസങ്ങൾക്കു മുൻപ് ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിൽ തന്റെ 13 വയസ്സുകാരിയായ മകളെ ബന്ധുക്കളുടെയടുത്താക്കിയിട്ടാണ് സോണി തന്റെ കുടുംബത്തിനൊപ്പം ബെംഗളൂരുവിലേക്കു കുടിയേറിയത്.
ഏപ്രിലിന്റെ തുടക്കത്തിൽ ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ, സോണി പച്ചക്കറിക്കളുടെ വിലക്കയറ്റത്തെക്കുറിച്ചു ഉത്കണ്ഠാകുലയായിരുന്നു. "കിലോയ്ക്ക് 25 രൂപ വിലയുണ്ടായിരുന്ന ഉള്ളിക്ക് ഇപ്പോൾ വില 50 രൂപയാണ്. ഈ രോഗം വന്നതിൽപ്പിന്നെ ഞങ്ങൾ ഞങ്ങളുടെ വീട്ടിൽ പച്ചക്കറികൾ പാചകം ചെയ്യുന്നത് നിർത്തിയിരിക്കുകയാണ്." കുറച്ച് കാലം, ഒരു ദാതാവ് ചേരിയിലെ ജനങ്ങൾക്ക് ഭക്ഷണം കൊടുത്തയച്ചിരുന്നു. " ദിവസത്തിൽ ഒരുനേരം, പാചകം ചെയ്ത ഭക്ഷണം ഞങ്ങൾക്കും ലഭിച്ചിരുന്നു", സോണി ദേവി പറഞ്ഞു.
"പച്ചക്കറികൾ എന്താണെന്നുതന്നെ ഞങ്ങൾ മറന്നുപോയിരിക്കുന്നു" മൿതുംബെ പറഞ്ഞു."[പൗരസംഘടനകൾ] ഞങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന അരികൊണ്ടുമാത്രം വേണം ഞങ്ങൾക്ക് കഴിയാൻ." ഒരു സന്നദ്ധസംഘടന മുൻകൂട്ടി തയ്യാറാക്കിയ ഭക്ഷണമടങ്ങുന്ന റേഷൻ കിറ്റുകൾ വിതരണം ചെയ്തുവെങ്കിലും, അവ എല്ലാവർക്കും തികഞ്ഞില്ല."ചിലർക്ക് അത് ലഭിച്ചു. മറ്റുചിലർക്ക് ലഭിച്ചില്ല" അവർ പറഞ്ഞു.
"ആരെങ്കിലും ഭക്ഷണം കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് എല്ലാവർക്കും വേണ്ടിയുള്ളതായിരിക്കണം, അല്ലാത്തപക്ഷം ആർക്കും അത് വേണ്ട. ഇവിടെ 100-ൽപരം ജനങ്ങളാണ് ഞങ്ങൾ. ഞങ്ങളെ തമ്മിലടിപ്പിക്കരുത്." നിരാശയോടെ മാണിക്യമ്മ കൂട്ടിച്ചേർത്തു.
ഏപ്രിൽ 14-ന് ഞാൻ രാച്ചെനഹള്ളിയിലേക്ക് തിരികെ ചെന്നപ്പോൾ, അവിടത്തെ സ്ത്രീകൾ, ഏപ്രിൽ 4-ന് നടന്ന ഒരു സംഭവത്തെക്കുറിച്ചു എന്നോട് പറഞ്ഞു. ഏപ്രിൽ 4-ന് ഞാൻ അവരെ കണ്ടുമുട്ടിയതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം നടന്നതാണ് അത്.
‘ആരെങ്കിലും ഭക്ഷണം കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് എല്ലാവർക്കും വേണ്ടിയുള്ളതായിരിക്കണം, അല്ലാത്തപക്ഷം ആർക്കും അത് വേണ്ട. ഞങ്ങളെ തമ്മിലടിപ്പിക്കരുത്‘
ആ സായാഹ്നത്തിൽ, ചേരിയിലെ താമസക്കാരോട് കോളനിയിൽനിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള അമൃതഹള്ളിയിലെ സറീൻ താജ് എന്ന സാമൂഹ്യപ്രവർത്തകയുടെ വീട്ടിൽനിന്നും റേഷൻ കിറ്റുകൾ ശേഖരിക്കാനായിരുന്നു പറഞ്ഞിരുന്നത്. "റേഷൻ കാർഡുകൾ ഇല്ലാത്തവർക്ക് റേഷൻ നൽകുന്നതായിരിക്കും എന്നാണ് അവൾ ഞങ്ങളെ അറിയിച്ചത്. അതുകാരണം ഞങ്ങൾ അവിടെ ചെന്ന് വരിയിൽ കാത്തുനിൽക്കുകയായിരുന്നു" ലക്ഷ്മി ഓർത്തു.
പിന്നീട് സംഭവിച്ചത് അവരെ അമ്പരപ്പിച്ചു. "ഞങ്ങൾ ഞങ്ങളുടെ ഊഴത്തിനായി കാത്തുനിൽക്കുമ്പോൾ ചില പുരുഷന്മാർ അവിടെയെത്തി ഒച്ചയിടാൻ തുടങ്ങി. അവിടെനിന്ന് ഭക്ഷണം കൊണ്ടുപോയാൽ ശരിയാക്കിക്കളയുമെന്ന് അവർ ഭീഷണിപ്പെടുത്തി ഞങ്ങൾ ഒന്നും എടുക്കാതെ അവിടെനിന്ന് ഓടി രക്ഷപ്പെട്ടു”, ലക്ഷ്മി പറഞ്ഞു.
15-20 പുരുഷന്മാർ തന്റെ വീടിന്റെ മുമ്പിൽ ഒത്തുകൂടി അസഭ്യം പറയാൻ തുടങ്ങിയെന്ന് സറീൻ പറയുന്നു. "ഞങ്ങൾ ഭക്ഷണം കൊടുക്കുന്നത് അവർക്ക് ഇഷ്ടപ്പെട്ടില്ല ‘ഇവർ തീവ്രവാദികളാണ്. നിസാമുദ്ദിനിൽനിന്ന് വന്നവരാണ് ഇവർ. ഇവരുടെ ഭക്ഷണം സ്വീകരിക്കരുത് നിങ്ങൾക്ക് അസുഖം പിടിക്കും.' എന്നൊക്കെ അവർ വിളിച്ചുപറയാൻ തുടങ്ങി.
പിന്നീട് ഏപ്രിൽ 6-ന്, അടുത്തുള്ള ദസറഹള്ളിയിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ സറീനെയും അവരുടെ ദുരിതാശ്വാസസംഘത്തെയും ഒരു സംഘമാളുകൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. "ക്രിക്കറ്റ് ബാറ്റുകൾ കൈയ്യിലേന്തിയ ആണുങ്ങൾ ഞങ്ങളെ വളഞ്ഞു. എന്റെ മകന് ഗുരുതരമായി പരിക്കേറ്റു”, അവർ പറയുന്നു.
അവസാനം ഏപ്രിൽ 16-നാണ് രാച്ചെനഹള്ളിയിലെ ദിവസക്കൂലി
തൊഴിലാളികൾക്കായി മുൻകൂട്ടി തയ്യാറാക്കിയ ഭക്ഷണമടങ്ങുന്ന കിറ്റുകൾ എത്തിക്കാൻ സരീനിന്റെ സംഘത്തിന് സാധിച്ചത്. "അവിടത്തെ പ്രാദേശിക
കോർപ്പറേറ്റർ കിറ്റുകൾ വിതരണം ചെയ്യാൻ ഒരു ബിബി എംപി [മുനിസിപ്പൽ കോർപ്പറേഷൻ] വാഹനം ഏർപ്പാടാക്കിത്തന്നു." സറീനും സംഘവുമൊത്ത് പ്രവർത്തിക്കുന്ന സന്നദ്ധസേവകനായ സൗരഭ് കുമാർ
പറയുന്നു.
"ഞങ്ങൾക്ക് ഇതിനൊന്നും സമയമില്ല. ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകണം" മൿതുംബെ പറയുന്നു. ആ സംഭവം അവരെ വല്ലാതെ വിഷമത്തിലാഴ്ത്തി. "ഞാൻ ഹിന്ദുവാണ്, ഇവൾ മുസ്ലിമും", മൿതുംബയെ ചൂണ്ടിക്കാണിച്ചുകൊണ്ട് സോണി ദേവി പറഞ്ഞു. "എന്ത് വ്യത്യാസമാണ് അതുണ്ടാക്കുന്നത്? ഞങ്ങൾ അയൽക്കാരായി ജീവിക്കുകയാണ്. ഞങ്ങളുടെ മക്കൾ അമ്മമാരുടെ ഉദരത്തിൽനിന്നുതന്നെയല്ലേ ജനിച്ചത്? [വർഗീയ രാഷ്ട്രീയത്തിന്റെ] നടുവിൽ അകപ്പെടുന്നതിനേക്കാൾ നല്ലത് പട്ടിണിക്കിരയാവുന്നതാണ്".
"ഞങ്ങൾ ഇതിന്റെയിടയിൽപ്പെട്ട് ഞെരുങ്ങുന്നു" മൿതുംബെ കൂട്ടിച്ചേർക്കുന്നു. "പാവപ്പെട്ടവർക്ക് സംഭവിക്കുന്നത് അതാണ്. ഞങ്ങളാണ് മരിക്കുന്നത്".
പരിഭാഷ: വിശാലാക്ഷി ശശികല