“എന്റെ കൈയ്യിൽ ഒരിക്കലും പൈസയുണ്ടാവാറില്ല,” കുടുംബത്തിന്റെ ബഡ്ജറ്റുണ്ടാക്കുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുകയായിരുന്നു ബബിത മിത്ര. “ഭക്ഷണം വാങ്ങാനുള്ള പൈസ മാറ്റിവെച്ചാലും, ഒടുവിൽ അത് മരുന്നിന് വേണ്ടി ചിലവായിപ്പോവും. എന്റെ ആണ്മക്കളുടെ ട്യൂഷൻ ഫീസിന് സ്വരൂപിച്ച പൈസയാണെങ്കിൽ, അത് റേഷൻ വാങ്ങാൻ ചിലവാകും. എല്ലാ മാസവും, മുതലാളിയുടെ കൈയ്യിൽനിന്ന് കടം വാങ്ങേണ്ടിവരുന്നു.”

കൊൽക്കൊത്തയിലെ കലികാപുർ പ്രദേശത്തുള്ള രണ്ട് വീടുകളിൽ ജോലി ചെയ്തിട്ടും ഈ 37 വയസ്സുള്ള സ്ത്രീക്ക് സമ്പാദിക്കാൻ കഴിയുന്നത്, വർഷത്തിൽ കഷ്ടിച്ച് 1 ലക്ഷം രൂപ മാത്രമാണ്. 10 വയസ്സുള്ളപ്പോൾ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ അസൻ നഗറിൽനിന്ന് നഗരത്തിലേക്ക് വന്നതാണ് ഇവർ. “മൂന്ന് മക്കളെ വളർത്തി വലുതാക്കാൻ ബുദ്ധിമുട്ടിയപ്പോൾ, എന്റെ അച്ഛനമ്മമ്മാർ കൊൽക്കൊത്തയിലെ ഒരു വീട്ടിലെ ജോലിക്ക് എന്നെ അയയ്ക്കുകയായിരുന്നു. ഞങ്ങളുടെതന്നെ ഗ്രാമത്തിലുള്ള ഒരു കുടുംബമായിരുന്നു അത്.”

അതിനുശേഷം, വിവിധ വീടുകളിൽ വീടുപണി ചെയ്തു ബബിത. കൊൽക്കൊത്തയിൽ അവർ ജീവിച്ച കാലത്ത് പ്രഖ്യാപിക്കപ്പെട്ട 27 കേന്ദ്രബഡ്ജറ്റുകളും അവളുടേയോ, ഇന്ത്യയിലെ (ഔദ്യോഗികക്കണക്കുപ്രകാരമുള്ള) 4.2 ദശലക്ഷം വീടുപണിക്കാരുടേയോ ജീവിതത്തിൽ ഒരു മാറ്റവും വരുത്തിയില്ല. അനൌദ്യോഗിക കണക്കുപ്രകാരം, അവരുടെ എണ്ണം 50 ദശലക്ഷത്തിന് മീതെയാണ്.

2017-ൽ, ബബിത, 40 വയസ്സ് കഴിയാറായ അമൽ മിത്രയെ വിവാഹം ചെയ്തു. സൌത്ത് 24 പർഗാനയിലെ ഉച്ചേപോഡ പഞ്ചായത്തിലെ ഭഗബാൻപുർ പ്രദേശത്തുകാരനായിരുന്നു അമൽ മിത്ര. ഒരു ഫാക്ടറിയിൽ കൂലിവേല ചെയ്തിരുന്ന അയാൾക്ക് വീട്ടുചിലവിലേക്ക് വലിയ സംഭാവനയൊന്നും ചെയ്യാൻ കഴിവില്ലായിരുന്നതിനാൽ ബബിതയുടെ ഉത്തരവാദിത്തം ഇരട്ടിച്ചു. 5-ഉം 6-ഉം വയസ്സുള്ള രണ്ടാണ്മക്കൾ, ഭർത്താവിന്റെ മുൻ വിവാഹത്തിലുണ്ടായ 20 വയസ്സുള്ള മകൾ, അയാളുടെ അമ്മ - ആ ആറുപേരുടെ ചിലവ് ബബിതയുടെ ജോലികൊണ്ടായിരുന്നു നടന്നിരുന്നത്.

4-ആം ക്ലാസ്സിൽ പഠനം നിർത്തിയ ബബിതയ്ക്ക്, രണ്ട് പതിറ്റാണ്ടായി നടക്കുന്ന ‘ജെൻഡർ ബഡ്ജറ്റിംഗ്’നെക്കുറിച്ച് ഒന്നുമറിയില്ല. 2025-2026-ന്റെ ബഡ്ജറ്റിൽ ധനകാര്യമന്ത്രി അവതരിപ്പിച്ച സ്ത്രീകളുടെ ഉന്നമനം എന്ന ആശയത്തെക്കുറിച്ചും അവർക്ക് അറിയില്ല. എന്നാൽ അവരുടെ പ്രതികരണത്തിൽനിന്ന് അവരുടെ കൂർമ്മബുദ്ധി തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു. അവർ ചോദിക്കുന്നു: “ദുർഘടസമയത്ത് സ്ത്രീകൾക്ക് ആശ്രയമാവുന്നില്ലെങ്കിൽ‌പ്പിന്നെ, സ്ത്രീകളുടെ ബഡ്ജറ്റെന്നൊക്കെ വീരവാദം മുഴക്കിയിട്ട് എന്ത് പ്രയോജനം?”

PHOTO • Smita Khator
PHOTO • Smita Khator

കോവിഡ്-19-ന്റെ കാലത്ത് അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ചാലോചിച്ച് ബബിത മിത്രയുടെ കണ്ണുകൾ നിറയുന്നു. ഗർഭധാരണത്തിന്റെ അവസാനത്തെ മൂന്ന് മാസം, സർക്കാരിൽനിന്ന് സഹായങ്ങളോ, സമഗ്ര ശിശുവികസന സേവനത്തിന്റെ (ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സർവീസസ്-ഐ.സി.ഡി.എസ്) കീഴിൽ ആവശ്യത്തിന് പോഷക- മാംസ്യ അനുബന്ധങ്ങളോ കിട്ടാതെ, വൈറ്റാമിൻ കുറവ് വല്ലാതെ അനുഭവിക്കേണ്ടിവന്നു. അതിന്റെ അടയാളങ്ങൾ ഇപ്പൊഴും ശരീരത്തിൽ കാണാം

PHOTO • Smita Khator
PHOTO • Smita Khator

സ്കൂൾപ്രായത്തിലുള്ള രണ്ട് കുട്ടികളുടെ അമ്മയായ അവർ കൊൽക്കൊത്തയിൽ രണ്ട് വീടുകളിൽ വീട്ടുജോലികൾ ചെയ്യുന്നുണ്ടെങ്കിലും എന്നും പ്രാരാബ്ധത്തിലാണ്. അവശ്യഘട്ടങ്ങളിൽ സ്ത്രീകൾക്ക് തുണയാവാതെ വരുന്ന ബഡ്ജറ്റുകൊണ്ട് സ്ത്രീകൾക്ക് ഒരു പ്രയോജനവുമില്ലെന്ന് അവർ ദൃഢമായി വിശ്വസിക്കുന്നു

“ജീവിതത്തിലെ ഏറ്റവും ദുരിതം പിടിച്ച കാലമായിരുന്നു അത്. രണ്ടാമത്തെ കുട്ടിയെ ഗർഭമുള്ള സമയം. മൂത്ത കുട്ടിക്ക് മുലകുടി പ്രായവും. എന്റെ ശരീരത്തിന് ഒരു ബലവുമുണ്ടായിരുന്നില്ല. എങ്ങിനെയാണ് രക്ഷപ്പെട്ടതെന്ന് എനിക്കറിയില്ല,” അത് പറയുമ്പോൾ ഇപ്പോഴും അവർ വിതുമ്പുന്നു.

“സഹായസംഘങ്ങളും ചില നല്ല മനുഷ്യരും വിതരണം ചെയ്തിരുന്ന ഭക്ഷണം വാങ്ങാൻ, വലിയ വയറുംവെച്ച്, നാഴികൾ നടന്ന് നീണ്ട ക്യൂവിൽ പോയി നിൽക്കേണ്ടിവന്നിട്ടുണ്ട്,” അവർ പറയുന്നു.

“സൌജന്യമായി 5 കിലോഗ്രാം അരി മാത്രം (പൊതുവിതരണ സംവിധാനംവഴി – പി.ഡി.എസ്) തന്ന് സർക്കാർ കൈകഴുകി. മരുന്നോ, ഗർഭിണികൾക്ക് അവകാശപ്പെട്ട പോഷക-മാംസ്യ അനുബന്ധ ആഹാരമോ ഒന്നും കിട്ടിയിരുന്നില്ല,” അവർ പറയുന്നു. അവരുടെ കൈകാലുകളിൽ ഇപ്പൊഴും വിളർച്ചയും ശോഷിപ്പും കാണാം.

“രക്ഷിതാക്കളിൽനിന്നോ, ഭർത്താവിന്റെ കുടുംബത്തിൽനിന്നോ ഒരു സഹായവും ലഭിക്കാത്ത സ്ത്രീകളെ സർക്കാരാണ് സംരക്ഷിക്കേണ്ടത്,” അവർ തുടർന്നു. എന്നിട്ട്, 12 ലക്ഷത്തിന്റെ നികുതിയിളവിനെ പരിഹസിച്ചു. “ഞങ്ങളുടെ കാര്യമോ? വാങ്ങുന്ന സാധനങ്ങൾക്ക് ഞങ്ങളും നികുതിയടയ്ക്കുന്നില്ലേ? സർക്കാർ വലിയ വായിൽ വർത്തമാനം പറയുന്നുണ്ടല്ലോ. പക്ഷേ അവർ വല്ല പൈസയും തരുന്നുണ്ടെങ്കിൽ, അത് ഞങ്ങൾ കൊടുക്കുന്ന പൈസയിൽനിന്നാണ്,” വീട്ടുടമസ്ഥന്റെ ബാൽക്കണിയിലെ അയയിൽ കെട്ടിയ ഉണങ്ങിയ തുണികൾ എടുക്കാൻ അവർ ഒന്ന് നിർത്തി.

എന്നിട്ട്, ഒരൊറ്റ വാചകംകൊണ്ട്, ഞങ്ങളുടെ സംഭാഷണം അവസാനിപ്പിച്ചു: “ഞങ്ങൾക്ക് അവകാശപ്പെട്ടത് മാത്രമാണ് സർക്കാർ തരുന്നത്. എന്നിട്ടാണ് അതിനെക്കുറിച്ച് വലിയ വർത്തമാനം പറയുന്നത്!”

പരിഭാഷ: രാജീവ് ചേലനാട്ട്

Smita Khator

اسمِتا کھٹور، پیپلز آرکائیو آف رورل انڈیا (پاری) کے ہندوستانی زبانوں کے پروگرام، پاری بھاشا کی چیف ٹرانسلیشنز ایڈیٹر ہیں۔ ترجمہ، زبان اور آرکائیوز ان کے کام کرنے کے شعبے رہے ہیں۔ وہ خواتین کے مسائل اور محنت و مزدوری سے متعلق امور پر لکھتی ہیں۔

کے ذریعہ دیگر اسٹوریز اسمیتا کھٹور
Editor : Pratishtha Pandya

پرتشٹھا پانڈیہ، پاری میں بطور سینئر ایڈیٹر کام کرتی ہیں، اور پاری کے تخلیقی تحریر والے شعبہ کی سربراہ ہیں۔ وہ پاری بھاشا ٹیم کی رکن ہیں اور گجراتی میں اسٹوریز کا ترجمہ اور ایڈیٹنگ کرتی ہیں۔ پرتشٹھا گجراتی اور انگریزی زبان کی شاعرہ بھی ہیں۔

کے ذریعہ دیگر اسٹوریز Pratishtha Pandya
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat