ദൂരേക്ക് പോകുന്നു, ഞാൻ, ഏതോ മറുനാട്ടിലേക്ക്
ദീർഘമായ യാത്രയാണിത്, പ്രിയപ്പെട്ട കുഞ്ജപ്പക്ഷീ, ദൂരേക്ക് പോകുന്നു ഞാൻ
കുഞ്ജ പക്ഷി എന്ന അറിയപ്പെടുന്ന ഡെമൊസെല്ലെ കൊറ്റികളെ അഭിസംബോധന ചെയ്തുകൊണ്ട്, ഒരു നവവധു പാടുന്ന പാട്ടാണിത്. സ്വന്തം വീടുപേക്ഷിച്ച് ഭർത്തൃവീട്ടുകാരുടെ വീട്ടിലേക്ക് പുറപ്പെടുന്ന തന്റെ യാത്രയെ, ആ കുഞ്ജപ്പക്ഷിയുടെ യാത്രയോടാണ് അവൾ ഉപമിക്കുന്നത്.
എല്ലാവർഷവും മദ്ധ്യേഷ്യയിലെ തങ്ങളുടെ സ്വദേശത്തുനിന്ന്, പശ്ചിമേന്ത്യയിലെ വരണ്ട ഭാഗങ്ങളിലേക്ക് - വിശേഷിച്ചും ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് - ചാരക്കഴുത്തും, കാണാൻ ഭംഗിയുള്ളതുമായ ആയിരക്കണക്കിന് ഇത്തരം പക്ഷികൾ പറന്നെത്താറുണ്ട്. 5,000-ലധികം കിലോമീറ്റർ താണ്ടി ഇവിടേക്ക് വരുന്ന അവ, നവംബർ മുതൽ മാർച്ചുവരെ ഇവിടെ തങ്ങി, തിരിച്ചുപോകും.
‘സിംഗിങ്ക് ലൈക് ലാർക്‘ (വാനമ്പാടിയെപ്പോലെ പാടുന്നു) എന്ന തന്റെ പുസ്തകത്തിൽ ആൻഡ്രൂ മിൽഹാം പറയുന്നു, “നാടോടി പക്ഷിപ്പാട്ടുകൾ വംശനാശം വന്നവയാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികതയുടെ ലോകത്ത്, അവ അസ്ഥാനത്തായിപ്പോകുന്നു”. നമ്മെ നമ്മുടെ വീട്ടുപടികളിൽനിന്ന് അപ്പുറത്തേക്കുള്ള ലോകത്തേക്ക് അവയുടെ ചിറകിൽ കൊണ്ടുപോകാൻ കഴിയുന്നു എന്നതാണ് ആ പക്ഷികൾക്കും പക്ഷിപ്പാട്ടുകൾക്കുമുള്ള പൊതുവായ ഒരു ഘടകം എന്നും അദ്ദേഹം ആ പുസ്തകത്തിൽ സൂചിപ്പിക്കുന്നു.
തലമുറകളിലേക്ക് പകർന്നുകൊടുക്കപ്പെടാതെ, ആരാലും ആലപിക്കപ്പെടാതെ, അതിവേഗം വംശനാശം വന്നുകൊണ്ടിരിക്കുന്ന നാടോടിപ്പാട്ടുകളുടെ കാലത്താണ് നാം ജീവിക്കുന്നത്. എന്നാൽ അവ സൃഷ്ടിച്ചവരും പാടിയവരുമായ ആളുകൾ ആകാശത്തേക്കും ചുറ്റുമുള്ള ലോകത്തിലേക്കും, സ്വന്തം ആളുകളിലേക്കും നോക്കിക്കൊണ്ടും, അതിൽനിന്ന് സൃഷ്ടിപരമായ പ്രചോദനം ഉൾക്കൊണ്ടും, ജീവിതപാഠം പഠിച്ചുമാണ് അവ സൃഷ്ടിച്ചത്.
അതിനാൽ, ഈ പക്ഷികൾ കച്ച് പ്രദേശത്തെ ഗാനങ്ങളിലും കഥകളിലും പറന്നെത്തിയതിൽ അത്ഭുതമില്ല. മുന്ദ്ര താലൂക്കിലെ ഭദ്രേസർ ഗ്രാമത്തിൽ ജുമ വാഗേറിന്റെ ആലാപനം അതിന്റെ സൌന്ദര്യവും ശക്തിയും ഒന്നുകൂടി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
કરછી
ડૂર તી વિના પરડેસ તી વિના, ડૂર તી વિના પરડેસ તી વિના.
લમી સફર કૂંજ મિઠા ડૂર તી વિના,(૨)
કડલા ગડાય ડયો ,વલા મૂંજા ડાડા મિલણ ડયો.
ડાડી મૂંજી મૂકે હોરાય, ડાડી મૂંજી મૂકે હોરાય
વલા ડૂર તી વિના.
લમી સફર કૂંજ વલા ડૂર તી વિના (૨)
મુઠીયા ઘડાઈ ડયો વલા મૂંજા બાવા મિલણ ડયો.
માડી મૂંજી મૂકે હોરાઈધી, જીજલ મૂંજી મૂકે હોરાઈધી
વલા ડૂર તી વિના.
લમી સફર કૂંજ વલા ડૂર તી વિના (૨)
હારલો ઘડાય ડયો વલા મૂંજા કાકા મિલણ ડયો,
કાકી મૂંજી મૂકે હોરાઈધી, કાકી મૂંજી મૂકે હોરાઈધી
વલા ડૂર તી વિના.
લમી સફર કૂંજ વલા ડૂર તી વિના (૨)
નથડી ઘડાય ડયો વલા મૂંજા મામા મિલણ ડયો.
મામી મૂંજી મૂકે હોરાઈધી, મામી મૂંજી મૂકે હોરાઈધી
વલા ડૂર તી વિના.
മലയാളം
ദൂരേക്ക് പോകുന്നു, ഞാൻ, ഏതോ മറുനാട്ടിലേക്ക്(2)
ദീർഘമായ യാത്രയാണിത്, പ്രിയപ്പെട്ട കുഞ്ജപ്പക്ഷീ,
ദൂരേക്ക് പോകുന്നു ഞാൻ (2)
എനിക്കായി കടലകളുണ്ടാക്കൂ, എന്റെ കാലുകളെ അണിയിക്കൂ
എനിക്കെന്റെ മുത്തച്ഛനെ കാണണം, എന്റെ അച്ഛച്ഛനെ കാണണം
എന്റെ അച്ഛമ്മ എന്നെ യാത്രയയയ്ക്കും, അമ്മമ്മയും എന്നെ യാത്രയാക്കാൻ
വരും
പ്രിയേ, ഞാൻ ഇവിടെനിന്ന് ദൂരേക്ക് പോകുന്നു.
ദീർഘമായ യാത്രയാണിത് എന്റെ പ്രിയപ്പെട്ട കുഞ്ജിപ്പക്ഷി, ഞാൻ ദൂരേക്ക്
പോവുന്നു (2)
എനിക്കായി മൈലാഞ്ചിയുണ്ടാക്കൂ, എന്റെ കൈകളെ അലങ്കരിക്കൂ
ഞാൻ എന്റെ അച്ഛനെ കാണട്ടെ, എനിക്കെന്റെ അച്ഛനെ കാണണം,
അമ്മ എന്നെ യാത്രയാക്കും, എന്റെ പുന്നാര അമ്മ എന്നെ യാത്രയാക്കും.
പ്രിയേ, ഞാൻ ഇവിടെനിന്ന് ദൂരേക്ക് പോകുന്നു.
ദീർഘമായ യാത്രയാണിത് എന്റെ പ്രിയപ്പെട്ട കുഞ്ജിപ്പക്ഷി, ഞാൻ ദൂരേക്ക്
പോവുന്നു (2)
എനിക്കൊരു മാല പണിയിക്കൂ, കഴുത്തിലിടാൻ ഒരു പതക്കം,
ഞാൻ എന്റെ ചെറിയച്ഛനെ കാണട്ടെ, എന്റെ ചെറിയച്ഛനെ എനിക്ക് കാണണം.
എന്റെ ചെറിയമ്മയെ ഒന്ന് കാണട്ടെ, എന്റെ ചെറിയമ്മയെ എനിക്ക് കാണണം.
പ്രിയേ, ഞാൻ ഇവിടെനിന്ന് ദൂരേക്ക് പോകുന്നു.
ദീർഘമായ യാത്രയാണിത് എന്റെ പ്രിയപ്പെട്ട കുഞ്ജിപ്പക്ഷി, ഞാൻ ദൂരേക്ക്
പോവുന്നു (2)
എനിക്കൊരു മൂക്കുത്തി പണിയിക്കൂ, ഒരു മൂക്കുത്തി എനിക്ക് തരൂ
എന്റെ അമ്മാവനെ ഒന്ന് കാണട്ടെ, എന്റെ അമ്മാവനെ എനിക്ക് കാണണം.
എന്റെ അമ്മായിയെ ഒന്ന് കാണട്ടെ, എന്റെ അമ്മായിയെ എനിക്ക് കാണണം
പ്രിയേ, ഞാൻ ഇവിടെനിന്ന് ദൂരേക്ക് പോകുന്നു.
ദീർഘമായ യാത്രയാണിത് എന്റെ പ്രിയപ്പെട്ട കുഞ്ജിപ്പക്ഷി, ഞാൻ ദൂരേക്ക്
പോവുന്നു (2)
സംഗീതരൂപം : നാടൻ പാട്ട്
ഗണം : വിവാഹഗാനങ്ങൾ
ഗാനം : 9
ശീർഷകം: ദൂർ തി വിന, പർദേശ് തി വിന
സംഗീതം : ദേവൽ മേത്ത
ഗായകൻ : മുന്ദ്ര താലൂക്കിലെ ഭദ്രേസർ ഗ്രാമത്തിലെ ജുമ വാഗെർ
സംഗീതോപകരണങ്ങൾ: ഡ്രം, ഹാർമ്മോണിയം, ബാഞ്ജൊ
റിക്കാർഡ് ചെയ്ത വർഷം : 2012, കെ.എം.വി.എസ് സ്റ്റുഡിയോ
സൂർവാണി എന്ന സാമൂഹിക റേഡിയോ റിക്കാർഡ് ചെയ്ത 341 പാട്ടുകളുടെ ശേഖരം പാരിക്ക് ലഭിച്ചത്, കച്ച് മഹിളാ വികാസ് സംഘടനിലൂടെയാണ് (കെ.എം.വി.എസ്). ഇത്തരം കൂടുതൽ ഗാനങ്ങൾക്ക് ഈ പേജ് സന്ദർശിക്കുക: റാണിലെ പാട്ടുകൾ: കച്ചി നാടോടിപ്പാട്ടുകളുടെ ശേഖരം
പ്രീതി സോണി, കെ.എം.വി.എസിന്റെ സെക്രട്ടറി അരുണ ധോലാക്കിയ, കെ.എം.വി.എസിന്റെ പ്രോജക്ട് കോഓർഡിനേറ്റർ അമദ് സമേജ എന്നിവരുടെ പിന്തുണയ്ക്കും, ഗുജറാത്തി പരിഭാഷ തയ്യാറാക്കാൻ സഹായിച്ച ഭാർതിബെൻ ഗോറിനും പ്രത്യേക നന്ദി
പരിഭാഷ: രാജീവ് ചേലനാട്ട്