മഹാമാരി നമ്മെ ഒറ്റപ്പെട്ട തുരുത്തുകളാക്കി മാറ്റിയിരിക്കുന്നു. പരസ്പരം അകലം പാലിക്കണമെന്നുള്ള ഉപദേശം ജനങ്ങൾക്കിടയിൽ വലിയ സാമൂഹ്യ അകലം സൃഷ്ടിച്ചിരിക്കുകയാണ്. മറ്റുള്ളവരുമായി സമ്പർക്കം പുലർത്താനും ബന്ധപ്പെടുവാനും നാമിന്ന് ഭയപ്പെടുകയാണ്. ജീവിതം കരുപ്പിടിപ്പിക്കാനായി വിദൂരസ്ഥലങ്ങളിലേക്ക് കുടിയേറിയ ആയിരക്കണക്കിന് തൊഴിലാളികൾ തൊഴിലിനായുള്ള അനന്തമായ കാത്തിരിപ്പും പട്ടിണിയും കാരണം തളർന്ന് ഹതാശരായി സ്വദേശങ്ങളിലേക്ക് കാൽനടയായി പലായനം ചെയ്യുന്ന ദൃശ്യങ്ങളാണ് നാം മാദ്ധ്യമങ്ങളിൽ കാണുന്നത്. പണമോ ഒരു പിടി ഭക്ഷണമോ കൈവശമില്ലാതെ, ലാത്തിച്ചാർജും ബാരിക്കേഡുകളും കടന്ന് അവർ നടത്തുന്ന യാത്ര കാണുമ്പോൾ മനുഷ്യത്വം എന്ന ഒന്ന് എങ്ങും അവശേഷിക്കുന്നില്ല എന്ന് തോന്നിപ്പോവുകയാണ്.
അപ്പോഴാണ് നാം ഈ മനുഷ്യനെ കാണുന്നത്. അയാൾ തന്റെ വൃദ്ധയായ
അമ്മായിയെ കൈയിൽ താങ്ങിയെടുത്ത് നടക്കുകയാണ്. മേയ് മാസത്തിലെ
ചുട്ടുപൊള്ളുന്ന ചൂടിൽ ആ വൃദ്ധയുമായി മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ അവരുടെ
വീട്ടിലേക്കാണ് അയാളുടെ കാൽനടയാത്ര. ഇദ്ദേഹം വെറും മനുഷ്യനാണോ അതോ ഏതെങ്കിലും
ദേവദൂതനോ? വൃദ്ധരെ ഭാരമായി കാണുന്ന കാലമാണല്ലോ നമ്മുടേത്.
ഉത്സവസ്ഥലങ്ങളിലോ വൃദ്ധസദനങ്ങളിലോ വൃന്ദാവനത്തിലോ അവരെ ഉപേക്ഷിക്കാൻ
മടിയില്ലാത്തവരായി ജനങ്ങൾ മാറിയിട്ടുണ്ട്. സമ്പന്നകുടുംബങ്ങളിൽ വൃദ്ധർ
ഏകാന്തവാസമാണ് നയിക്കുന്നത്. അവരുടെ മക്കൾ പുതിയ ജീവീതവും സൗഭാഗ്യങ്ങളും തേടി
പറന്നുപോയിരിക്കുന്നു. ഈ കാലഘട്ടത്തിന് യോജിച്ചവനല്ല ഈ മനുഷ്യൻ. ദാരിദ്ര്യത്തിനും
അപമാനത്തിനുമിടയിലും മനുഷ്യത്വം ഉണർന്നിരിക്കുകയാണെന്ന് നമ്മെ പഠിപ്പിക്കുന്ന ഒരു
ദേവദൂതൻതന്നെയാണ് ഈ മനുഷ്യൻ.
കുറിപ്പ് - വിശ്വനാഥ് ഷിന്ഡെ എന്ന ഈ കുടിയേറ്റത്തൊഴിലാളി തന്റെ അമ്മായിയായ ബചേല ബായിയുമായി മുംബയ് - നാസിക് ഹൈവേയിലൂടെ നവി മുംബൈയിൽനിന്ന് വിദർഭയിലെ അകോലയിലേക്ക് നടക്കുകയായിരുന്നു. 2020 മേയ് 4-ന് എൻ.ഡി.ടി.വി ഇന്ത്യയിലെ പ്രൈം ടൈം വിത്ത് രവീഷ് കുമാർ എന്ന പരിപാടിയിൽ സോഹിത് മിശ്ര അവതരിപ്പിച്ച റിപ്പോർട്ടിലാണ് ലബാനി ജംഗി എന്ന കലാകാരി ഈ ദൃശ്യം കണ്ടത്. ലബാനിയുടെ വാക്കുകൾ പകർത്തിയതും വിവർത്തനം ചെയ്തതും സ്മിത ഖടൊർ.
പരിഭാഷ: ബൈജു വി.