ജാർഖണ്ഡിലെ ബോറോതികയിൽ, സങ്കീർണ്ണമായ ഗർഭകാലത്തിലൂടെ കടന്നുപോകുന്ന ഒരു സ്ത്രീക്ക്, ഒരു ഡോക്ടറെ കാണാനായി മാത്രം ചിലപ്പോൾ അതിർത്തി കടന്ന് ഒഡീഷയിൽ പോകേണ്ടി വന്നേക്കാം.

ആ സ്ത്രീയുടേത് ഒറ്റപ്പെട്ട അനുഭവമാകില്ല-നിങ്ങൾ ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്ന ഒരു സ്ത്രീ ആണെങ്കിൽ, നിങ്ങൾക്ക് ഒരു ഗൈനക്കോളജിസ്റ്റിന്റെയോ എന്തിന് ഒരു ശസ്ത്രക്രിയാ വിദഗ്ധന്റെയോ സേവനം ലഭിക്കാനുള്ള സാധ്യത തീർത്തും വിരളമാണ്. ഗ്രാമപ്രദേശങ്ങളിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ (സി.എച്ച്.സി-സാമൂഹിക ആരോഗ്യ കേന്ദ്രം) നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് ആനുപാതികമായി ഉണ്ടാകേണ്ട ഗൈനക്കോളജിസ്റ്റുകളുടെയും പ്രസവചികിത്സാ വിദഗ്ധരുടെയും എണ്ണത്തിൽ 74.2 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെടുന്നത്.

അസുഖബാധിതനായ ഒരു കുഞ്ഞ് ഉള്ള ചെറുപ്പക്കാരിയായ ഒരു അമ്മയാണ് നിങ്ങളെങ്കിൽ, സി.എച്ച്.സിയിൽ ഒരു ശിശുരോഗ വിദഗ്ധനെ കാണുന്നതിൽ നിങ്ങൾക്ക് കാലതാമസം നേരിട്ടേക്കാം. ശിശുരോഗ വിദഗ്ധരുടെയും ഫിസിഷ്യന്മാരുടെയും ഒഴിവുകളിൽ 80 ശതമാനത്തോളം ഇപ്പോഴും നികത്താതെ തുടരുന്നതിനാലാണിത്.

ഈ വസ്തുതകളൂം ഇത് പോലെയുള്ള കൂടുതൽ വിവരങ്ങളും നമുക്ക് ലഭ്യമാകുന്നത് 2021-22-ലെ റൂറൽ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സിൽ നിന്നുമാണ്. പാരി ഹെൽത്ത് ആർക്കൈവിൽ ലഭ്യമായിട്ടുള്ള ഇത്തരത്തിലുള്ള പ്രധാനപ്പെട്ട റിപ്പോർട്ടുകൾ, ഗവേഷണ പ്രബന്ധങ്ങളും ഹാർഡ് ഡാറ്റയും, നിയമങ്ങൾ, ഉടമ്പടികൾ എന്നിവ ഇന്ത്യയിലെ സ്ത്രീകളുടെ ആരോഗ്യസ്ഥിതിയെപ്പറ്റി ആഴത്തിൽ മനസ്സിലാക്കാനും വിശദീകരിക്കാനും ഉതകുന്ന പ്രധാന വിവര സൂചകങ്ങളാണ്.

സ്ത്രീകളുടെ, പ്രത്യേകിച്ചും ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ, ആരോഗ്യ അരക്ഷിതാവസ്ഥയിലേയ്ക്ക് വെളിച്ചം വീശുകയാണ് ഈ സെക്ഷൻ ചെയ്യുന്നത്. പ്രത്യുൽപ്പാദനപരമായ ആരോഗ്യം മുതൽ ലൈംഗിക അതിക്രമം വരെ, മാനസികാരോഗ്യം മുതൽ കോവിഡ്-19 മഹാമാരി ഉണ്ടാക്കിയ ആഘാതം വരെ-സ്ത്രീകളുടെ ആരോഗ്യത്തിന്റെ വിവിധ മാനങ്ങൾ പാരി ഹെൽത്ത് ആർക്കൈവ് പരിശോധിക്കുന്നു. 'സാധാരണക്കാരായ ആളുകളുടെ ദൈനംദിന ജീവിതം' റിപ്പോർട്ട് ചെയ്യുക എന്ന പാരിയുടെ ദൗത്യമാണ് ഇതിലൂടെ ശക്തിപ്പെടുന്നത്.

PHOTO • Courtesy: PARI Library
PHOTO • Courtesy: PARI Library

പാരി ലൈബ്രറിയുടെ ഉപവിഭാഗമായ പാരി ഹെൽത്ത് ആർക്കൈവ്‌സിൽ സർക്കാരിന്റെയും സ്വതന്ത്ര സംഘടനകളുടെയും ഐക്യരാഷ്ട്ര സഭാ ഏജൻസികളുടെയും റിപ്പോർട്ടുകൾ ഉൾപ്പെടെ 256 രേഖകളുണ്ട്. ആഗോളപ്രാധാന്യമുള്ള വിഷയങ്ങൾ മുതൽ ദേശീയ പ്രസക്തമായതോ രാജ്യത്തെ പ്രത്യേക പ്രദേശങ്ങളെ ബാധിക്കുന്നതോ ആയ വിഷയങ്ങൾ വരെ അവ ചർച്ച ചെയ്യുന്നു.

"എനിക്ക് കാൽസ്യത്തിന്റെയും ഇരുമ്പിൻറെയും പ്രശ്നം (അപര്യാപ്തത) ഉണ്ടെന്നും ഒരു കാരണവശാലും നിലത്തിരിക്കരുതെന്നും അദ്ദേഹം എന്നോട് പറഞ്ഞു," പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ നിന്നുള്ള ബീഡിത്തൊഴിലാളിയായ തനൂജ പറയുന്നു.

"ശരീരത്തിൽ രക്തമേ ഇല്ലാത്തതിന് സമാനമായ അവസ്ഥയിലുള്ള ആദിവാസി സ്ത്രീകൾ ഇപ്പോഴും ഞങ്ങളെ കാണാനെത്താറുണ്ട്- ഒരു ഡെസിലിറ്റർ രക്തത്തിൽ 2 ഗ്രാം ഹീമോഗ്ലോബിൻ മാത്രമുള്ളവർ ! വാസ്തവത്തിൽ ഹീമോഗ്ലോബിന്റെ അളവ് അതിലും കുറവാകാനാണ് സാധ്യത, പക്ഷെ അത് നമുക്ക് അളക്കാനാകില്ല, " നീലഗിരിയിലെ ആദിവാസി ആശുപത്രിയിലെ ഡോക്ടർ ശൈലജ പറയുന്നു.

2015-16 മുതൽ, രാജ്യവ്യാപകമായി സ്ത്രീകളിലെ വിളർച്ച ഗുരുതരമായിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ ദേശീയ കുടുംബാരോഗ്യ സർവ്വേ ( എൻ.എഫ്. എച്ച്. എസ് - 5 2019-21 ) കാണിക്കുന്നത്. രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 707 ജില്ലകളിലെയും ജനസംഖ്യ, ആരോഗ്യം, പോഷണം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഈ സർവ്വേയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

PHOTO • Design Courtesy: Aashna Daga

"എനിക്ക് പ്രസവ സമയത്ത് ഒരുപാട് രക്തം നഷ്ടമായി . പ്രസവത്തിന് മുൻപ് തന്നെ, എനിക്ക് ഗുരുതരമായ രക്തക്കുറവ് (ഗുരുതരമായ വിളർച്ച) ഉണ്ടെന്നും പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നും നഴ്‌സ്‌ പറഞ്ഞിരുന്നു," ബിഹാറിലെ ഗയ ജില്ലയിൽ നിന്നുള്ള അഞ്ജനീ യാദവ് പറയുന്നു.

2019-21-ൽ, ഇന്ത്യയിലെ പതിനഞ്ചിനും നാല്പത്തിയൊൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 57 ശതമാനം പേർക്ക് വിളർച്ചയുണ്ടായിരുന്നു. ആഗോളതലത്തിൽ മൂന്നിലൊന്ന് സ്ത്രീകൾ വിളർച്ച ബാധിച്ചവരാണ്. ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ കാർഷിക സംഘടന പ്രസിദ്ധീകരിച്ച ദി സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രിഷൻ ഇൻ ദി വേൾഡ് 2022 പ്രകാരം, "ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്നവരും ദാരിദ്ര്യം അനുഭവിക്കുന്ന വീടുകളിൽ നിന്നുള്ളവരും ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവരുമായ സ്ത്രീകൾക്കാണ് കൂടുതലായും വിളർച്ച ബാധിക്കുന്നത്.

പോഷകസമ്പുഷ്ടമായ ഭക്ഷണം കണ്ടെത്താനാവശ്യമായ ചിലവ് താങ്ങാൻ കഴിയാത്തത് ഇത്തരം അപര്യാപ്തതകളെ ഗുരുതരമാക്കുന്നു. 2020 ഗ്ലോബൽ ന്യൂട്രിഷൻ റിപ്പോർട്ട് പറയുന്നത് പോഷക സമൃദ്ധമായ നിരവധി ഭക്ഷണയിനങ്ങളുടെ (പാലും മുട്ടയും പോലുള്ളവ) ഉയർന്ന വില, പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന ഒരു പ്രധാന ഘടകമാണെന്നാണ്. 2020-ലെ കണക്കുകൾ അനുസരിച്ച്, ഒരു നേരത്തെ സമീകൃത ഭക്ഷണത്തിന് 2.97 അമേരിക്കൻ ഡോളർ അഥവാ 243 രൂപ ചിലവാകുമെന്നിരിക്കെ, ഇന്ത്യയിലെ 973.3 ദശലക്ഷം ആളുകൾക്ക് സമീകൃത ഭക്ഷണം കിട്ടാക്കനിയാണ്. സ്വാഭാവികമായും, സ്വന്തം വീട്ടിലും പുറത്തും സ്ത്രീകൾക്കാണ് താരതമ്യേന ഏറ്റവും കുറവ് വിഭവങ്ങൾ പ്രാപ്യമാകുന്നത്.

PHOTO • Design Courtesy: Aashna Daga

ആരോഗ്യ രംഗത്ത് നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച ദേശീയ തലത്തിലുള്ള സർവ്വേകളും പാരി ലൈബ്രറിയുടെ ഭാഗമാണ്. ഇന്ത്യയിലെ 20 ശതമാനത്തിനടുത്ത് വീടുകൾക്ക് ശൗചാലയ സൗകര്യങ്ങൾ ലഭ്യമല്ലെന്നിരിക്കെ, "രാത്രിയിൽ, ഞങ്ങൾക്ക് പോകാനാകുന്ന ഒരേയൊരു ശൗചാലയം തീവണ്ടിപ്പാളങ്ങളാണ്," പാട്നയിലെ ചേരികളിൽ താമസിക്കുന്ന പെൺകുട്ടികൾ പറയുന്നു.

ദേശീയ കുടുംബാരോഗ്യ സർവ്വേ - 5 (2019-21) പ്രകാരം, നഗരപ്രദേശങ്ങളിൽ ജീവിക്കുന്ന സ്ത്രീകളിൽ 90 ശതമാനം പേർക്ക് ശുചിത്വമുള്ള ആർത്തവ ഉത്പ്പന്നങ്ങൾ ഉപയോഗിക്കാൻ കഴിയുമ്പോൾ, ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്ന സ്ത്രീകളിൽ 73 ശതമാനത്തിനാണ് അവ ലഭ്യമാകുന്നത്. സാനിറ്ററി നാപ്കിനുകൾ, മെൻസ്ട്രൽ കപ്പുകൾ, ടാംപോണുകൾ തുടങ്ങി വൃത്തിയുള്ള ഒരു തുണിക്കഷ്ണം പോലും 'ശുചിത്വമുള്ള ആർത്തവ ഉത്പ്പന്നങ്ങൾ' എന്നതിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിപണിയിൽ ലഭ്യമായിട്ടുള്ള പല സാനിറ്ററി നാപ്കിനുകളിലും ഉയർന്ന അളവിൽ വിഷാംശമുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു.

PHOTO • Design Courtesy: Aashna Daga

സ്ത്രീകൾക്ക് തങ്ങളുടെ പ്രത്യുൽപാദന ആരോഗ്യം സംബന്ധിച്ച വിഷയങ്ങളിൽ "വിവേചനമോ സമ്മർദമോ അതിക്രമമോ അഭിമുഖീകരിക്കാതെ' തീരുമാനങ്ങൾ എടുക്കാനുള്ള അവകാശങ്ങൾ ദി ഇന്ത്യൻ വിമൻസ് ഹെൽത്ത് ചാർട്ടർ ഉയർത്തിപ്പിടിക്കുന്നു. മിതമായ നിരക്കിൽ ആരോഗ്യ സംവിധാനങ്ങൾ ലഭ്യമാകേണ്ടത് ഈ അവകാശങ്ങളുടെ പൂർത്തീകരണത്തിന് അനിവാര്യമാണ്. ദേശീയ കുടുംബാരോഗ്യ സർവ്വേ - 5 (2019-21) നൽകുന്ന വിവരങ്ങൾ അനുസരിച്ച്, വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകളിൽ 80 ശതമാനവും മുൻസിപ്പൽ ആശുപത്രി അല്ലെങ്കിൽ സാമൂഹിക ആരോഗ്യ കേന്ദ്രം പോലെയുള്ള പൊതുജനാരോഗ്യ സ്ഥാപനങ്ങളെയാണ് ശസ്ത്രക്രിയയ്ക്കായി ആശ്രയിച്ചത്. എന്നിട്ടും ഇത്തരം സ്ഥാപനങ്ങളുടെ രൂക്ഷമായ കുറവാണ് രാജ്യം അഭിമുഖീകരിക്കുന്നത്.

ജമ്മു ആൻഡ് കശ്മീരിലെ വസീരിതാൽ സ്വദേശികൾക്ക് ഏറ്റവും അടുത്തുള്ള പ്രൈമറി ഹെൽത്ത് സെന്ററിൽ (പി.എച്ച്.സി -പ്രാഥമികാരോഗ്യ കേന്ദ്രം) എത്താൻ 5 കിലോമീറ്റർ സഞ്ചരിക്കണം.

ജീവനക്കാരുടെ കുറവും സൗകര്യങ്ങളുടെ അഭാവവും ഈ പ്രാഥമികാരോഗ്യ കേന്ദ്രം നേരിടുന്നുണ്ട്. കശ്മീരിലെ ബന്ദിപോർ ജില്ലയിലെ ബഡുഗാം പി.എച്ച്.സിയിൽ ആകെ ഒരു നഴ്‌സാണുള്ളത്. "എന്തെങ്കിലും അടിയന്തര ആവശ്യം വന്നാലോ ഗർഭഛിദ്രം നടത്തണമെങ്കിലോ ഗർഭം അലസിപ്പോയാലോ അവർ നേരെ ഗുരേസിലേയ്ക്കു തന്നെ പോകണം," വസീരിതാലിലെ അങ്കണവാടി ജീവനക്കാരിയായ രാജാ ബീഗം പാരിയോട് പറഞ്ഞു. "ഇനി ശസ്ത്രക്രിയ ആവശ്യമാണെങ്കിൽ, അവിടെനിന്ന് ശ്രീനഗറിലെ ദേഡ് ആശുപത്രിയിലേയ്ക്ക് പോകണം. ഗുരേസിൽനിന്ന് 125 കിലോമീറ്റർ അകലെയാണ് ദേഡ് ആശുപത്രി. കാലാവസ്ഥ മോശമാണെങ്കിൽ അവിടെയെത്താൻ ഒൻപത് മണിക്കൂർ വരെയെടുക്കാറുണ്ട് ," അവർ കൂട്ടിച്ചേർത്തു.

PHOTO • Design Courtesy: Aashna Daga

2022 മാർച്ച് 31-ലെ സ്ഥിതിയനുസരിച്ച്, സബ് സെന്ററുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമായി ഓക്സിലറി നഴ്‌സ്‌ മിഡ്‌വൈഫുമാരുടെ 34,541 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന് റൂറൽ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്‌സ് 2021-22 പറയുന്നു. സ്ത്രീകൾ തങ്ങളുടെ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്സ് (ASHA), ഓക്സിലറി നഴ്‌സ്‌ മിഡ്‌വൈഫ്സ് (ANM), അങ്കണവാടി ജീവനക്കാർ എന്നിവരെയാണ് കൂടുതലും സമീപിക്കുക എന്നത് പരിഗണിക്കുമ്പോൾ ഇത് ഞെട്ടിക്കുന്ന കണക്കുകളാണ്.

ഓക്സ്ഫാം ഇന്ത്യയുടെ ഇൻഇക്വാലിറ്റി റിപ്പോർട്ട് 2021 : ഇന്ത്യാസ് അൺഈക്വൽ ഹെൽത്ത്കെയർ സ്റ്റോറി പ്രകാരം, രാജ്യത്ത് 10,189 ആളുകൾക്ക് ഒരു സർക്കാർ അലോപ്പതിക് ഡോക്ടർ വീതവും 90,343 ആളുകൾക്ക് ഒരു സർക്കാർ ആശുപത്രി വീതവുമാണുള്ളത്.

PHOTO • Design Courtesy: Aashna Daga

ഇന്ത്യയിൽ ആരോഗ്യ സേവനങ്ങളുടെ ദൗർലഭ്യം പരിഹരിക്കാനും ആവശ്യകത നിറവേറ്റാനും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ തീർത്തും അപര്യാപ്തമാണ്. ലിംഗസമത്വത്തിന്റെ അടിസ്ഥാനത്തിൽ ലോകരാജ്യങ്ങളെ വിലയിരുത്തുന്ന ഗ്ലോബൽ ജൻഡർ ഗ്യാപ്പ് റിപ്പോർട്ട് അനുസരിച്ച്, 2022-ൽ 146 രാജ്യങ്ങളിൽ 135 ആണ് ഇന്ത്യയുടെ സ്ഥാനം. സൂചികയിലെ  'ആരോഗ്യവും അതിജീവനവും' എന്ന വിഭാഗത്തിൽ ഏറ്റവും ഒടുവിലത്തെ സ്ഥാനമാണ് രാജ്യത്തിന് ലഭിച്ചത്. ഘടനാപരവും ഭീമവുമായ ഇത്തരം വിടവുകളുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ ആരോഗ്യപരിപാലനത്തിന്റെ സ്ഥിതിയും സ്ത്രീകളുടെ ജീവിതത്തിൽ അത് ഉണ്ടാക്കുന്ന ആഘാതവും മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

പാരി ലൈബ്രറി ഈ ലക്ഷ്യത്തിലേക്കുള്ള ഒരു മാർഗ്ഗമാണ്.

ഗ്രാഫിക്സ് രൂപപ്പെടുത്തിയതിന് പാരി ലൈബ്രറി വളണ്ടിയർ ആഷ്‌ന ദാഗയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു .

കവർ ഡിസൈൻ : സ്വദേശ ശർമ്മ

പരിഭാഷ: പ്രതിഭ ആർ.കെ .

PARI Library Team

دیپانجلی سنگھ، سودیشا شرما اور سدھیتا سوناونے پر مشتمل پاری لائبریری کی ٹیم عام لوگوں کی روزمرہ کی زندگی پر مرکوز پاری کے آرکائیو سے متعلقہ دستاویزوں اور رپورٹوں کو شائع کرتی ہے۔

کے ذریعہ دیگر اسٹوریز PARI Library Team
Editor : Priti David

پریتی ڈیوڈ، پاری کی ایگزیکٹو ایڈیٹر ہیں۔ وہ جنگلات، آدیواسیوں اور معاش جیسے موضوعات پر لکھتی ہیں۔ پریتی، پاری کے ’ایجوکیشن‘ والے حصہ کی سربراہ بھی ہیں اور دیہی علاقوں کے مسائل کو کلاس روم اور نصاب تک پہنچانے کے لیے اسکولوں اور کالجوں کے ساتھ مل کر کام کرتی ہیں۔

کے ذریعہ دیگر اسٹوریز Priti David
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

کے ذریعہ دیگر اسٹوریز Prathibha R. K.