ഈ വർഷം ജൂണിലെ മൂന്നാമത്തെ വെള്ളിയാഴ്ചയായിരുന്നു. അപ്പോഴാണ് തൊഴിൽ സഹായകേന്ദ്രത്തിലെ ഫോൺ മുഴങ്ങിയത്.
“ഞങ്ങളെയൊന്ന് സഹായിക്കാമോ?? ഞങ്ങൾക്ക് ശമ്പളം കിട്ടിയിട്ടില്ല.”
രാജസ്ഥാനിലെ മറ്റ് സമീപ തെഹ്സിലുകളിലെ സൈറ്റുകളിൽ ജോലിക്ക് പോയ കുശാൽഗറിലെ 80 ജോലിക്കാരുടെ സംഘമാണ് വിളിച്ചത്. രണ്ട് മാസമായി അവർ ടെലിക്കോം ഫൈബർ കേബിളുകളിടാൻ രണ്ടടി വീതിയും ആറടി ആഴവുമുള്ള കുഴികളെടുക്കുകയായിരുന്നു. എത്ര മീറ്റർ കുഴിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് കൂലി നിശ്ചയിക്കുന്നത്.
രണ്ട് മാസം ജോലി ചെയ്ത് മുഴുവൻ കൂലി ചോദിച്ചപ്പോൾ, ജോലി തരംപോലെ ചെയ്തില്ലെന്ന് പറഞ്ഞും, മറ്റ് കണക്കുകൾ ഉദ്ധരിച്ചും കരാറുകാരൻ അവർക്ക് കൂലി കൊടുക്കാതിരിക്കാൻ ശ്രമിക്കുകയായിരുന്നു. ഒടുവിൽ, “നോക്കട്ടെ, നോക്കട്ടെ” എന്ന് പറഞ്ഞ് അയാൾ തടിതപ്പി. എന്നിട്ടും പൈസ കൊടുത്തില്ല. വീണ്ടും ഒരാഴ്ച കാത്തിരുന്ന്, അർഹതപ്പെട്ട 7-8 ലക്ഷം രൂപ കിട്ടാനായി അവർ പൊലീസിനെ സമീപിച്ചാപ്പോൾ, ലേബർ ഹെൽപ്പ്‌ലൈനിൽ വിളിക്കാനാണ് അവർ ഉപദേശിച്ചത്.
തൊഴിലാളികൾ ഫോൺ വിളിച്ചപ്പോൾ, “ഞങ്ങൾ അവരോട് തെളിവുകൾ വല്ലതുമുണ്ടോ എന്ന് ചോദിച്ചു. കരാറുകാരന്റ് പേരും, നമ്പറുകളും, ഹാജർ രജിസ്റ്ററിന്റെ എന്തെങ്കിലും തെളിവോ മറ്റോ,” കമലേഷ് ശർമ്മ പറഞ്ഞു. ജില്ലാ തലസ്ഥാനമായ ബൻസ്‌വാരയിലെ ഒരു സാമൂഹിക പ്രവർത്തകനാണ് അദ്ദേഹം.
ഭാഗ്യത്തിന് സംഘത്തിലെ ചില ചെറുപ്പക്കാരുടെ കൈയ്യിൽ ആവശ്യത്തിനുള്ള തെളിവുകളുണ്ടായിരുന്നു. ജോലിസ്ഥലത്തിന്റെ ചിത്രങ്ങളും മറ്റും. അവർ മൊബൈലിൽ അതെല്ലാം അയച്ചുകൊടുത്തു.
ഇതിലെ വിരോധാഭാസം അവർക്ക് മനസ്സിലാവാതിരുന്നില്ല. കുഴികൾ കുഴിച്ചിരുന്നത്, ജനങ്ങളെ ബന്ധിപ്പിക്കാൻ (‘കണക്ട് പീപ്പിൾ’) ആഗ്രഹിച്ചിരുന്ന രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം സേവനദാതാക്കൾക്കുവേണ്ടിയായിരുന്നു.
തൊഴിൽ വിഷയങ്ങളിൽ ഇടപെടുന്ന അജീവിക ബ്യൂറോ എന്ന സന്നദ്ധസംഘടനയുടെ പ്രൊജക്ട് മാനേജരായിരുന്ന കമലേഷും മറ്റ് ചിലരുമായിരുന്നു ഈ തൊഴിലാളികളെ അവരുടെ കേസിൽ സഹായിക്കാൻ മുന്നോട്ട് വന്നത്.
*****
തൊഴിലന്വേഷിച്ച് പലായനം ചെയ്യുന്ന ലക്ഷക്കണക്കിനാളുകളിൽ ബനസ്‌വാരയിലെ തൊഴിലാളികളുമുണ്ട്. “കുശാൽഗറിൽ നിരവധി കുടിയേറ്റക്കാരുണ്ട്” എന്ന് ജില്ലയിലെ ചുരാദ ഗ്രാമത്തിലെ സർപാഞ്ചായ ജോഗ പിട്ട പറഞ്ഞു. “കൃഷികൊണ്ട് മാത്രം ജീവിതം പുലർത്താനാവില്ല.”
തുണ്ട് കൃഷിയിടങ്ങൾ, ജലസേചനത്തിന്റെ അഭാവം, തൊഴിലില്ലായ്മ, മൊത്തത്തിലുള്ള ദാരിദ്ര്യം എന്നിവയാണ് ഈ ജില്ലയെ, ഭിൽ ഗോത്രക്കാരടക്കമുള്ളവരുടെ പരഗതിയില്ലാത്ത കുടിയേറ്റത്തിന്റെ കേന്ദ്രമാക്കുന്നത്. ജനസംഖ്യയുടെ 90 ശതമാനവും ആ ഗോത്രക്കാരാണ്. വരൾച്ച, പ്രളയം, ഉഷ്ണതരംഗം തുടങ്ങിയ തീവ്രകാലാവസ്ഥയ്ക്ക് ശേഷമാണ് ഇത്തരം കുടിയേറ്റങ്ങൾ കുത്തനെ വർദ്ധിച്ചതെന്ന്, ഇന്റർനാഷണൽ ഇൻസ്റ്റിട്യൂറ്റ് ഫോർ എൻവയണ്മെന്റ് ആൻഡ് ഡെവലപ്പ്മെന്റിന്റെ ഒരു പ്രവർത്തന രേഖ സൂചിപ്പിക്കുന്നു.
തിരക്കുള്ള കുശാൽഗർ ബസ് സ്റ്റാൻഡിൽനിന്ന്, ദിവസവും 40 സംസ്ഥാന ബസ്സുകൾ, ഓരോ യാത്രയിലും 50-100 ആളുകളേയും ചുമന്ന് യാത്രയാവുന്നു. ഏതാണ്ട് അത്രതന്നെ സ്വകാര്യ ബസ്സുകളും പോവുന്നുണ്ട്. സൂറത്തിലേക്ക് 500 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് ടിക്കറ്റ് ചുമത്താറില്ലെന്ന് കണ്ടക്ടർ പറഞ്ഞു.
സുരേഷ് മൈദ, ഭാര്യയും മൂന്ന് ചെറിയ കുട്ടികളുമായി നേരത്തേ വന്ന്, സൂറത്തിലേക്കുള്ള ബസ്സിൽ സീറ്റ് പിടിച്ചു. അഞ്ച് കിലോഗ്രാം ധാന്യത്തിന്റെ ഒരു ചാക്കും, കുറച്ച് പാത്രങ്ങളും തുണികളും, ബസ്സിന്റെ പിന്നിലുള്ള സ്ഥലത്ത് വെച്ച്, സുരേഷ് തിരികെ ബസ്സിൽ കയറി.
‘ദിവസേന 350 രൂപയോളം ഞാൻ സമ്പാദിക്കുന്നു,” ഒരു ഭിൽ ആദിവാസി ദിവസകൂലിക്കാരൻ പാരിയോട് പറഞ്ഞു. അയാളുടെ ഭാര്യയും ദിവസവും 250-300 രൂപ സമ്പാദിക്കുന്നു. ഒരു മാസമോ രണ്ടുമാസമോ അവിടെനിന്ന് വീട്ടിലേക്ക് തിരിച്ചുപോയി ഒരു 10 ദിവസം അവിടെ തങ്ങി, വീണ്ടും യാത്ര ചെയ്യാനാണ് മൂപ്പരുടെ പദ്ധതി. “കഴിഞ്ഞ 10 കൊല്ലമായി ഞാനിത് ചെയ്തുവരുന്നു,” 28 വയസ്സുള്ള അയാൾ പറഞ്ഞു. ഹോളി, ദീപാവലി, രക്ഷാബന്ധൻ തുടങ്ങിയ വിശേഷാവസരങ്ങളിലാണ് സുരേഷിനെപ്പോലെയുള്ള പ്രവാസികൾ നാട്ടിലേക്ക് വരാറുള്ളത്.
രാജസ്ഥാൻ ഒരു പുറംകുടിയേറ്റ സംസ്ഥാനമാണ് – അകത്തേക്ക് വരുന്നതിനേക്കാളധികം കുടിയേറ്റക്കാർ പുറത്തേക്ക് പോകുന്നതിനെയാണ് അങ്ങിനെ വിളിക്കുന്നത്. കൂലിപ്പണിക്കായി നാടുവിട്ടുപോകുന്നവർ കൂടുതലുള്ള സംസ്ഥാനങ്ങൾ ഉത്തർ പ്രദേശും ബിഹാറുമാണ്. “കൃഷി ഒരു ബദൽ ഉപജീവനമാർഗ്ഗമാണ്. പക്ഷേ അത് ഒരൊറ്റത്തവണ മാത്രമേ സാധിക്കൂ – മഴയ്ക്ക് ശേഷം,” കുശാൽഗർ തെഹ്സിൽ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനായ വി.എസ്. റാത്തോഡ് പറഞ്ഞു.
എല്ലാ തൊഴിലാളികളും കായം ജോലിയെ ആശ്രയിച്ചാണ് കഴിയുന്നത്. അതാവുമ്പോൾ, മുഴുവൻ സമയത്തേക്കും ഒരു കരാറുകാരന്റെ കീഴിലായിരിക്കും. റോക്ക്ഡി , അഥവാ ദേഹാദി വ്യവസ്ഥയേക്കാൾ - രാവിലെ മുതൽ ജോലിയന്വേഷിച്ച് തൊഴിൽച്ചന്തയിൽ നിൽക്കേണ്ടിവരുന്ന സ്ഥിതി - സ്ഥിരതയുള്ള ജോലിയായിരിക്കും.
ജൊഗാജി തന്റെ മക്കൾക്കൊക്കെ വിദ്യാഭ്യാസം കൊടുത്തിട്ടുണ്ടെങ്കിലും, “വിദ്യാഭ്യാസമുള്ളവർക്കുപോലും ഇവിടെ ജോലിയില്ല” എന്ന് അയാൾ സൂചിപ്പിച്ചു.
പലായനം മാത്രമാണ് മുന്നിലുള്ള ഒരേയൊരു വഴി.
രാജസ്ഥാൻ ഒരു പുറംകുടിയേറ്റ – അകത്തേക്ക് വരുന്നതിനേക്കാളധികം കുടിയേറ്റക്കാർ പുറത്തേക്ക് പോകുന്ന സംസ്ഥാനമാണ്. കൂലിപ്പണിക്കായി നാടുവിട്ടുപോകുന്നവർ കൂടുതലുള്ളത് ഉത്തർ പ്രദേശ്, ബിഹാർ എന്നിവിടങ്ങളിലാണ്
*****
മരിയ പാരു വീട് വിട്ടുപോകുമ്പോൾ, കൈയ്യിൽ മണ്ണിന്റെ ചീനച്ചട്ടിയും കൂടെ കരുതും. അത് അവരുടെ ഭാണ്ഡത്തിലെ ഒരു പ്രധാന ഇനമാണ്. ചോളത്തിന്റെ റൊട്ടികൾ, വിറകിന്റെ ചൂടിൽ കരിയാതിരിക്കാൻ അവ നല്ലതാണെന്ന് അവർ പറഞ്ഞു. എങ്ങിനെയാണ് അത് ചെയ്യേണ്ടതെന്ന് കാട്ടിത്തരികയും ചെയ്തു.
രാജസ്ഥാനിലെ ബൻസ്‌വാരാ ജില്ലയിൽനിന്ന് ജോലി തേടി സൂറത്തിലേക്കും, അഹമ്മദാബാദ്, വാപി തുടങ്ങിയ ഗുജറാത്തിലെ പട്ടണങ്ങളിലേക്ക് പോകുന്ന ലക്ഷക്കണക്കിന് ഭിൽ ആദിവാസികളിൽപ്പെട്ടവരാണ് മരിയയും ഭർത്താവ് പാരു ദാമോറും. “എം.എൻ.ആർ.ഇ.ജി.എ. കൂടുതൽ സമയമെടുക്കും, തികയുകയുമില്ല,” 100 ദിവസത്തെ ജോലി നൽകുന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ സൂചിപ്പിച്ച് അയാൾ പറഞ്ഞു.
30 വയസ്സുള്ള മരിയയും 10-15 കിലോ ചോളത്തിന്റെ പൊടി കൊണ്ടുപോകാറുണ്ട്. “ഞങ്ങൾ ഇത് കഴിക്കാനാണ് ആഗ്രഹിക്കുന്നത്,” അവർ പറഞ്ഞു. വർഷത്തിൽ ഒമ്പതുമാസവും ഈ ഭക്ഷണരീതിയാണ് അവർ പിന്തുടരുന്നത്. ഡംഗ്ര ചോട്ടയിലെ വീട്ടിൽനിന്ന് ദൂരെ കഴിയുമ്പോൾ, പരിചയമുള്ള ഭക്ഷണമാണ് ഒരാശ്വാസം.
3-13 വയസ്സിനുള്ളിലുള്ള ആറ് കുട്ടികളുണ്ട് ഈ ദമ്പതികൾക്ക്. സ്വന്തമായുള്ള രണ്ടേക്കർ ഭൂമിയിൽ അവർ ഗോതമ്പ്, കടല, ചോളം എന്നിവ സ്വന്തമാവശ്യത്തിനായി കൃഷിയും ചെയ്യുന്നു. “ജോലിക്കായി പലായനം ചെയ്യാതെ ഞങ്ങൾക്ക് മറ്റ് വഴിയില്ല. അച്ഛനമ്മമാർക്ക് പൈസ അയയ്ക്കണം, ജലസേചനത്തിനുള്ള ചിലവ്, കന്നുകാലികൾക്കുള്ള തീറ്റ, കുടുംബത്തിനുള്ള ഭക്ഷണം..”, പാരു തന്റെ ചിലവുകളുടെ പട്ടിക നിരത്തുന്നു. “അതുകൊണ്ട് ഞങ്ങൾക്ക് കുടിയേറേണ്ടിവരുന്നു.”
എട്ട് വയസ്സുള്ളപ്പോഴാണ് ആദ്യമായി, മുതിർന്ന സഹോദരന്മാരുടേയും സഹോദരിയുടേയും കൂടെ അയാൾ പലായനം ചെയ്തത്. ചികിത്സാച്ചിലവിനായി കുടുംബത്തിന് 80,000 രൂപയുടെ കടബാധ്യത വന്നപ്പോഴായിരുന്നു അത്. “തണുപ്പുകാലമായിരുന്നു, ഞാൻ അഹമ്മദാബാദിലേക്ക് പോയി. ദിവസം 60 രൂപ കിട്ടിയിരുന്നു,” സഹോദരങ്ങൾ നാല് മാസത്തോളം അവിടെ താമസിച്ച് പണിയെടുത്ത് കടം വീട്ടി. “സഹായിക്കാൻ പറ്റിയതിൽ എനിക്ക് സന്തോഷം തോന്നി,” പാരു ഓർമ്മിച്ചു. രണ്ട് മാസത്തിനുശേഷം വീണ്ടും അയാൾ പോയി. മുപ്പതുകളുടെ തുടക്കത്തിലെത്തിയ പാരു കുടിയേറ്റ ജീവിതം തുടങ്ങിയിട്ട് ഇപ്പോൾ 25 വർഷമായി.
*****
കടങ്ങളൊക്കെ വീട്ടി, കുട്ടികളെ സ്കൂളിൽ നിലനിർത്താനും പട്ടിണി അകറ്റാനുമൊക്കെ കഴിയുന്ന ഒരു കുടം ‘സ്വർണ്ണം’ സ്വപ്നം കാണുന്നവരാണ് എല്ലാ കുടിയേറ്റക്കാരും. എന്നാൽ കണക്കുകളൊക്കെ പിഴയ്ക്കുന്നു. ആജീവിക നടത്തുന്ന സംസ്ഥാനത്തെ തൊഴിലാളി ഹെൽപ്പ്‌ലൈനിലേക്ക്, ശമ്പള കുടിശ്ശികയെക്കുറിച്ച് പരാതി പറഞ്ഞുകൊണ്ട് മാസത്തിൽ 5,000- ത്തോളം വിളികൾ വരുന്നുണ്ട്.
“ഔപചാരികമായ തൊഴിൽക്കരാറുകൾ ഒരിക്കലും ഉണ്ടാവാറില്ല. എല്ലാം വാക്കാൽ മാത്രമായിരിക്കും. തൊഴിലാളികളെ ഒരു കരാറുകാരനിൽനിന്ന് മറ്റൊരു കരാറുകാരനിലേക്ക് കൈമാറും,” കമലേഷ് പറയുന്നു. ബൻസ്‌വാരാ ജില്ലയിലെ കുടിയേറ്റക്കാരുടെ ശമ്പളകുടിശ്ശിക മാത്രം കോടിക്കണക്കിന് രൂപ വരുമെന്ന് അയാൾ കണക്കാക്കുന്നു.
“യഥാർത്ഥ കരാറുകാരൻ ആരാണെന്ന് അവരൊരിക്കലും അറിയാറില്ല. ആർക്കുവേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന്. അതിനാൽ, കിട്ടാനുള്ള കൂലി വാങ്ങിക്കൊടുക്കുക എന്നത് പലപ്പോഴും ദീർഘവും സങ്കീർണ്ണവുമായ പ്രക്രിയയായി മാറാറുണ്ട്,” എന്ന് അയാൾ കൂട്ടിച്ചേർത്തു. കുടിയേറ്റത്തൊഴിലാളികൾ ഏതെല്ലാം വിധത്തിൽ ചൂഷണം ചെയ്യപ്പെടുന്നു എന്നറിയാൻ, ഈ തൊഴിൽ അദ്ദേഹത്തെ സഹായിക്കുന്നു.
2024 ജൂൺ 20-ന്, 45 വയസ്സുള്ള ഭിൽ ആദിവാസിയായ രാജേഷ് ദാമോറും മറ്റ് രണ്ട് തൊഴിലാളികളും, ബൻസ്‌വാരയിലെ അദ്ദേഹത്തിന്റെ ഓഫീസിൽ സഹായമഭ്യർത്ഥിച്ച് ചെന്നു. അന്തരീക്ഷ താപനില വളരെക്കൂടിയ സമയമായിരുന്നു. പക്ഷേ അതിനുള്ള പരിഹാരം തേടിയായിരുന്നില്ല അവരുടെ വരവ്. അവർക്ക് മൊത്തത്തിൽ 226,000 രൂപ തൊഴിൽ കോൺട്രാക്ടറിൽനിന്ന് കിട്ടാനുണ്ടായിരുന്നു. പരാതി ഫയൽ ചെയ്യാൻ അവർ കുശാൽഗറിലെ പതാൻ പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ, അവിടെയുള്ള പൊലീസുകാർ അവരോട്, ആജീവികയുടെ ശ്രമിക് സഹായത ഏവം സന്ദർബ് കേന്ദ്രയിലേക്ക് പോകാൻ പറഞ്ഞു. പ്രദേശത്തെ കുടിയേറ്റത്തൊഴിലാളികളുടെ റിസോഴ്സ് സെന്ററായിരുന്നു അത്.
ഏപ്രിലിൽ, സുഖ്‌വാര പഞ്ചായത്തിൽനിന്നുള്ള രാജേഷും 55 തൊഴിലാളികളും, 600 കിലോമീറ്റർ അകലെയുള്ള ഗുജറാത്തിലെ മോർബിയിലേക്ക് പോയി. അവിടെയുള്ള ഒരു ടൈൽ ഫാക്ടറിയുടെ നിർമ്മാണ സൈറ്റിൽ കല്ലുപണിയും കൂലിവേലയും ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു അവർ. 10 വിദഗ്ദ്ധ തൊഴിലാളികൾക്ക് 700 രൂപ പ്രതിദിന വേതനവും മറ്റുള്ളവർക്ക് 400 രൂപയുമായിരുന്നു വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്.
ഒരു മാസം ജോലി ചെയ്തതിനുശേഷം “ഞങ്ങൾ കരാറുകാരന്റെയടുത്ത് കിട്ടാനുള്ളത് ചോദിക്കാൻ പോയപ്പോൾ, അയാൾ അവധി പറഞ്ഞു,” പാരിയോട് രാജേഷ് ഫോണിൽ പറഞ്ഞു. ചർച്ചയ്ക്ക് നേതൃത്വം കൊടുത്തിരുന്ന രാജേഷിന് അഞ്ച് ഭാഷകൾ അറിയാമായിരുന്നത് - ഭിലി, വാഗ്ദി, മേവാരി, ഹിന്ദി, ഗുജറാത്തി - സഹായമായി. അവരുടെ ശമ്പളവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കിയിരുന്ന കോൺട്രാക്ടർ മധ്യ പ്രദേശിൽനിന്നുള്ള, ഹിന്ദി സംസാരിക്കുന്ന ആളായിരുന്നു. പലപ്പോഴും ഭാഷയുടെ പ്രശ്നംമൂലം തൊഴിലാളികൾക്ക് കരാറുകാരനുമായി വിനിമയം ചെയ്യാൻ പറ്റാതെ വരാറുണ്ട്. പല തട്ടുകളിലുള്ള ഉപകരാറുകാരുമായി ആശയവിനിമയം ചെയ്യേണ്ടിവരുന്നതുകൊണ്ടാണിത്. ചിലപ്പോൾ തൊഴിലാളികൾ കുടിശ്ശിക ചോദിച്ചാൽ കരാറുകാർ ദേഹോപദ്രവം ഏൽപ്പിക്കുകപോലും പതിവാണ്.
തങ്ങൾക്ക് കിട്ടാനുള്ള ഭീമമായ വേതനകുടിശ്ശിക കാത്തിരുന്ന് ആ 56 തൊഴിലാളികൾ ആഴ്ചകൾ കഴിച്ചു. വീട്ടിൽനിന്ന് കൊണ്ടുവന്ന ഭക്ഷണസാധനങ്ങളൊക്കെ തീർന്നുതുടങ്ങി. പുറമേനിന്ന് സാധനങ്ങൾ വാങ്ങി കൈയ്യിലുള്ള നീക്കിയിരുപ്പും തീർന്നു.
“അയാൾ ദിവസം നീട്ടിനീട്ടി ചോദിച്ചു, ആദ്യം 20, പിന്നെ മേയ് 24, പിന്നെ ജൂൺ 4..” രാജേഷ് ഓർമ്മിച്ചു. “ ‘നാട്ടിൽനിന്ന് ഇത്ര അകലെ കഴിയുന്ന ഞങ്ങൾ എന്തെടുത്ത് തിന്നും?’ എന്ന് ഞങ്ങൾ അയാളോട് ചോദിച്ചു. ഒടുവിൽ ഞങ്ങൾ അവസാനത്തെ 10 ദിവസം ജോലിക്ക് പോയില്ല. അങ്ങിനെയെങ്കിലും അയാൾ തരാൻ നിർബന്ധിതനായാലോ എന്ന് കരുതി.” ഒടുവിൽ ജൂൺ 20-ന് കൊടുക്കാമെന്ന് അയാൾ സമ്മതിച്ചു.
ഉറപ്പില്ലായിരുന്നെങ്കിലും, അവിടെ അധികം നിൽക്കാൻ കഴിയാതെ, ആ 56 പേരും കുശാൽഗറിലേക്ക് ബസ്സിൽ തിരിച്ചുപോയി. ജൂൺ 20-ന് രാജേഷ് അയാളെ വിളിച്ചപ്പോൾ ‘അയാളെന്നോട് മോശമായി പെരുമാറുകയും ചീത്ത വിളിക്കാനും തുടങ്ങി.” അപ്പോഴാണ് അവർ നാട്ടിലെ പൊലീസ് സ്റ്റേഷനെ സമീപിച്ചത്.
നാട്ടിൽ രാജേഷിന് 10 ബിഗ സ്ഥലമുണ്ട്. അതിൽ, അയാൾ, സോയാബീൻ, പരുത്തി ഗോതമ്പ് എന്നിവ കൃഷി ചെയ്യുന്നു. ഗോതമ്പ്, ഭക്ഷണത്തിനായി ഉപയോഗിക്കും. നാല് മക്കൾക്കും വിദ്യാഭ്യാസം കൊടുത്തിട്ടുണ്ട്. അവർ സ്കൂളുകളിലും കൊളേജുകളിലും ചേർന്നു. എന്നിട്ടും, ഈ വേനൽക്കാലത്ത്, ആ കുട്ടികൾ, അച്ഛനമ്മമാരുടെ കൂടെ കൂലിപ്പണിക്ക് ഇറങ്ങി. അവധിയായിരുന്നതുകൊണ്ട്, കൂടെ വന്നാൽ എന്തെങ്കിലും സമ്പാദിക്കാനാവുമല്ലോ എന്ന് ഞാൻ പറഞ്ഞു,” രാജേഷ് പറഞ്ഞു. തൊഴിൽക്കോടതിയിൽ കേസ് കൊടുത്തിട്ടുള്ളതിനാൽ, കിട്ടാനുള്ള പൈസ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് അയാൾ.
ലേബർ കോടതിയുടെ കാര്യം പറഞ്ഞാൽ, കുടിശ്ശിക വരുത്തുന്ന കരാറുകാർ പണം വേഗം തിരിച്ചുകൊടുക്കാറുണ്ട്. എന്നാൽ അത് ചെയ്യാൻ, തൊഴിലാളികൾക്ക്, കേസ് ഫയൽ ചെയ്യാനും മറ്റും സഹായമാവശ്യമാണ്. ഈ ഗ്രാമത്തിൽനിന്ന്, മധ്യ പ്രദേശിലെ അലിരാജ്പുരിലേക്ക് ജോലിക്ക് പോയ 12 പേരടങ്ങുന്ന ഒരു സംഘത്തിന്, മൂന്ന് മാസം ജോലി ചെയ്തിട്ടും കരാറുകാരൻ കൂലി കൊടുത്തില്ല. പണി മോശമായിരുന്നു എന്ന കാരണം പറഞ്ഞ്, അവർക്കവകാശപ്പെറ്റ 4-5 ലക്ഷം രൂപ അയാൾ കൊടുക്കാൻ വിസമ്മതിച്ചു.
“മധ്യ പ്രദേശിൽ കുടുങ്ങിക്കിടക്കുകയാണ്, ശമ്പളം കിട്ടിയിട്ടില്ല എന്നൊക്കെ പറഞ്ഞ് ഞങ്ങൾക്ക് വിളി വന്നു,” സ്വന്തം ഫോണിൽ അത്തരം ധാരാളം വിളികൾ വരാറുള്ള ടീന ഗരാസിയ പറഞ്ഞു. “ഞങ്ങളുടെ ഫോൺ നമ്പറുകൾ തൊഴിലാളികൾക്ക് നൽകാറുണ്ട്,” ബൻസ്‌വാരാ ജില്ലയിലെ, ആജീവികയുടെ ലൈവ്‌ലിഹുഡ് ബ്യൂറോയുടെ മേധാവിയായ അവർ സൂചിപ്പിച്ചു.
ഇത്തവണ, ജോലി സ്ഥലത്തിന്റെ പേരും, തങ്ങളുടെ ഹാജർനിലയും കോൺട്രാക്ടറുടെ പേരും ഫോൺ നമ്പറുമൊക്കെ വെളിപ്പെടുത്താൻ തൊഴിലാളികൾക്ക് കഴിഞ്ഞു. കേസ് ഫയലും ചെയ്തു.
ആറുമാസം കഴിഞ്ഞപ്പോൾ കോൺട്രാക്ടർ രണ്ട് തവണയായി പൈസ കൊടുത്തുതീർത്തു. “അയാൾ ഇവിടേക്ക് (കുശാൽഗർ) വന്നു, പൈസ തരാൻ”, തൊഴിലാളികൾക്ക് ശമ്പളം കിട്ടിയെങ്കിലും, വൈകിയതിന്റെ പലിശ കിട്ടിയില്ല.
“അദ്യം ഞങ്ങൾ ചർച്ചക്ക് ശ്രമിക്കും. എന്നാൽ കോൺട്രാക്ടറുടെ വിവരങ്ങളുണ്ടെങ്കിലേ അത് സാധ്യമാവൂ” കമലേഷ് ശർമ്മ പറഞ്ഞു.
സൂറത്തിലെ തുണി ഫാക്ടറിയിലേക്ക് തൊഴിലെടുക്കാൻ പോയ 25 തൊഴിലാളികൾക്ക് തെളിവുകളൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ല. “അവരെ ഒരു കരാറുകാരനിൽനിന്ന് മറ്റൊരാളിലേക്ക് മാറ്റിക്കൊണ്ടിരുന്നു. അവരുടെയൊന്നും ഫോൺ നമ്പറുകളും തൊഴിലാളികളുടെ കൈയ്യിലുണ്ടായിരുന്നില്ല. ഒരേപോലെയിരിക്കുന്ന ഫാക്ടറികളിൽനിന്ന് തങ്ങളുടെ ഫാക്ടറി തിരിച്ചറിയാൻ പോലും അവർക്ക് സാധിച്ചില്ല,” ടീന പറഞ്ഞു.
പീഡിപ്പിക്കപ്പെട്ടും, 6 ലക്ഷം രൂപയുടെ കുടിശ്ശിക മുഴുവൻ കിട്ടാതെയും അവർക്ക്, ബൻസ്‌വാരയിലെ കുശാൽഗർ, സജ്ജൻഗർ ഗ്രാമങ്ങളിലെ തങ്ങളുടെ വീടുകളിലേക്ക് തിരിച്ചുപോരേണ്ടിവന്നു.
ഇത്തരം സംഭവങ്ങളുണ്ടാകുമ്പോഴാണ്, സാമൂഹിക പ്രവർത്തകനായ കമലേഷ് നിയമസാക്ഷരതയിൽ വിശ്വാസമർപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ അതിർത്തിയിലാണ് ബൻസ്‌വാര ജില്ല. ഏറ്റവുമധികം കുടിയേറ്റം നടക്കുന്ന സ്ഥലം. കുശാൽഗർ, സജ്ജൻഗർ, അംബപാര, ഘടോൽ, ഗംഗാർ തലൈഹാവെ എന്നിവിടങ്ങളിലെ എൺപത് ശതമാനം കുടുംബങ്ങളിലും, ചുരുങ്ങിയത് ഒരാളെങ്കിലും – അതിൽക്കൂടുതലുണ്ടെങ്കിലും - പ്രവാസിയാണെന്ന് ആജീവികയുടെ സർവേ ഡേറ്റ കാണിക്കുന്നു.
“ചെറുപ്പക്കാരുടെ കൈയ്യിൽ ഫോണുള്ളതുകൊണ്ട് അവർക്ക് നമ്പറുകൾ സൂക്ഷിക്കാനും, വേണ്ടത്ര തെളിവുകൾ ഫോട്ടോയെടുത്തുവെക്കാനും സാധിക്കും. വീഴ്ച വരുത്തുന്ന തൊഴിലുടമകളെ അതിലൂടെ, നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാനും സാധിക്കും,” കമലേഷ് പറഞ്ഞു.
2020 സെപ്റ്റംബർ 17-ന് യൂണിയൻ സർക്കാരിന്റെ സമാധാൻ പോർട്ടൽ ഇന്ത്യയൊട്ടുക്കും തുടങ്ങി. വ്യാവസായിക തർക്കങ്ങൾ ഫയൽ ചെയ്യാനായിരുന്നു ആ സംവിധാനം. തൊഴിലാളികൾക്ക് പരാതി ഫയൽ ചെയ്യാൻ പാകത്തിൽ അത് 2022-ൽ വിപുലീകരിക്കുകയും ചെയ്തു. പക്ഷേ ഇത്തരം പരാതികളുടെ കേന്ദ്രമായിട്ടും ബൻസ്‌വാരയിൽ അതിന് ഓഫീസൊന്നുമില്ല.
*****
കൂലിത്തർക്കങ്ങളിൽ സ്ത്രീകുടിയേറ്റക്കാർക്ക് ശബ്ദം നിഷേധിക്കപ്പെട്ടിരിക്കുന്നു. അവർക്ക് സ്വന്തമായി ഫോണില്ല. ജോലിയും കൂലിയുമൊക്കെ അവർക്ക് ചുറ്റുമുള്ള പുരുഷന്മാരിലൂടെയാണ് വരുന്നത്. സ്ത്രീകൾക്ക് ഫോൺ കൊടുക്കുന്നതിൽ പരക്കെ എതിർപ്പുമുണ്ട്. സംസ്ഥാനത്തിലെ 13 കോടി സ്ത്രീകൾക്ക് സൌജന്യമായി ഫോൺ വിതരണം ചെയ്യുന്നതിനായി, കോൺഗ്രസ്സിന്റെ അശോക് ഗെഹ്‌ലോട്ട് നേതൃത്വം നൽകിയ കഴിഞ്ഞ സർക്കാർ ഒരു പദ്ധതി അവതരിപ്പിച്ചിരുന്നു. ആദ്യഘട്ടത്തിൽ, വിധവകൾക്കും, കുടിയേറ്റ കുടുംബങ്ങളിലെ 12-ആം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടികൾക്കുമാണ് ഫോൺ കൊടുത്തത്.
എന്നാൽ ഇപ്പോഴുള്ള ഭാരതീയ ജനതാ പാർട്ടിയുടെ ഭജൻ ലാൽ ശർമ്മയുടെ സർക്കാർ അത്, നിർത്തിവെച്ചിരിക്കുകയാണ്. “പദ്ധതിയുടെ ഗുണങ്ങൾ പരിശോധിക്കാൻ” എന്ന പേരും പറഞ്ഞ്. സത്യപ്രതിജ്ഞ ചെയ്ത്, ഒരു മാസം കഴിയുന്നതിനുമുൻപ് എടുത്ത തീരുമാനമായിരുന്നു അത്. ആ പദ്ധതി ഇനി തുടരില്ലെന്ന് നാട്ടുകാർ പറയുന്നു.
തങ്ങളുടെ സമ്പാദ്യത്തിൽ തീരുമാനങ്ങളെടുക്കാൻ കഴിയാത്തതിനാൽ മിക്ക സ്ത്രീകൾക്കും ലിംഗപരവും ലൈംഗികപരവുമായ പീഡനങ്ങൾ നേരിടേണ്ടിവരികയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു വായിക്കുക: ബനസ്‌വാരയിൽ: വരിഞ്ഞുകെട്ടി നിശ്ശബ്ദമാക്കുന്ന ഗാർഹികബന്ധങ്ങൾ .
“ഞാൻ ഗോതമ്പ് വൃത്തിയാക്കി. അയാൾ, കുറച്ച് ചോളപ്പൊടിയും , 5-6 കിലോ - അതിന്റെകൂടെ എടുത്ത്, സ്ഥലം വിട്ടു,” സംഗീത ഓർത്തെടുത്തു. ഭിൽ ആദിവാസിയായ അവർ, കുശാൽഗർ ബ്ലോക്കിലെ ചുരാദയിൽ, അച്ഛനമ്മമാരോടൊപ്പമാണ് താമസിക്കുന്നത്. വിവാഹം കഴിഞ്ഞ് ഭർത്താവ് സൂറത്തിലേക്ക് പലായനം ചെയ്തപ്പോൾ അവരും കൂടെ പോയി.
“ഞാൻ നിർമ്മാണ പ്രവർത്തനത്തിൽ സഹായിച്ചു,” അവർ പറഞ്ഞു. കിട്ടിയ കൂലിയൊക്കെ അവർ ഭർത്താവിനെ ഏൽപ്പിച്ചു. “എനിക്ക് അവിടെ ഇഷ്ടപ്പെട്ടില്ല.” മൂന്ന് കുട്ടികളായപ്പോൾ - ഏഴും, അഞ്ചും, നാലും വയസ്സുള്ള ആൺകുട്ടികൾ - അവർ ജോലിക്ക് പോകുന്നത് നിർത്തി. “ഞാൻ വീട്ടിൽ കുട്ടികളെ നോക്കി ജീവിച്ചു.”
ഇപ്പോൾ, ഒരു വർഷമായി, അവർ ഭർത്താവിനെ കണ്ടിട്ടില്ല. അയാളിൽനിന്ന് പൈസയും കിട്ടുന്നില്ല. “കുട്ടികളെ പോറ്റാൻ കഴിയാത്തതുകൊണ്ടാന് ഞാൻ (ഭർത്താവിന്റെ വീട്ടിൽനിന്ന്) ഇങ്ങോട്ട് പോന്നത്.”
ഒടുവിൽ, ഈ വർഷം ജനുവരിയിൽ (2024) അവൾ കുശാൽഗർ പൊലീസ് സ്റ്റേഷനിൽ പോയി. കേസ് ഫയൽ ചെയ്യാൻ. സ്ത്രീകൾക്കെതിരെ ഏറ്റവുമധികം ക്രൂരതകൾ (ഭർത്താവോ, ബന്ധുക്കളോ) നടക്കുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാന് രാജസ്ഥാൻ എൻ, നാഷണൽ ക്രൈംസ് റിക്കാർഡ്സ് ബ്യൂറോവിന്റെ (എൻ.സി.ആർ.ബി) 2020-ലെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പരാതികൾക്ക് പരിഹാരം തേടി വരുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിക്കുകയാണെന്ന് കുശാൽഗർ പൊലീസ് സ്റ്റേഷനും സമ്മതിക്കുന്നു. എന്നാൽ, മിക്കപ്പോഴും കേസുകൾ തങ്ങളുടെ അടുക്കലേക്ക് വരാറില്ലെന്നും, ബഞ്ജാഡിയയിൽ – പുരുഷന്മാർ മാത്രമടങ്ങുന്ന ഗ്രാമത്തിലെ സഭ) ഒതുക്കിത്തീർക്കുകയുമാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു. “ബഞ്ജാഡിയ ഇരുകക്ഷികളുടേയും കൈയ്യിൽനിന്ന് പണം വാങ്ങുന്നു. നീതി എന്നത് വെറുമൊരു പ്രഹസനം മാത്രമാണ്. സ്ത്രീകൾക്ക് ഒരിക്കലും അവർക്കർഹതപ്പെട്ട നീതി കിട്ടാറില്ല” എന്ന് ഒരു താമസക്കാരൻ പറഞ്ഞു.
ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പമാണെന്നും അവരെ വിവാഹം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും ബന്ധുക്കളിൽനിന്ന് അറിഞ്ഞതോടെ, സംഗീതയുടെ ദുരിതങ്ങൾ വർദ്ധിച്ചു. “അയാൾ എന്റെ കുട്ടികളെ വേദനിപ്പിച്ചു എന്നോർക്കുമ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഒരു കൊല്ലമായി അയാൾ വന്നിട്ട്. ‘അച്ഛൻ മരിച്ചോ’ എന്നാന് കുട്ടികൾ ചോദിക്കുന്നത്. മൂത്ത മകൻ പറയുന്നത്, ‘അമ്മേ, പൊലീസ് അച്ഛനെ പിടിച്ചാൽ അമ്മയും അയാളെ തല്ലണമെന്നാണ്,’ മുഖത്ത് ഒരു ചെറിയ ചിരിയോടെ അവർ പറയുന്നു.
*****
കുശാൽഗർ ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലെ ചെറുപ്പക്കാരികളുമായി, ഖെർപുറിലെ വിജനമായ പഞ്ചായത്തോഫീസിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ആ ശനിയാഴ്ച ഉച്ചയ്ക്ക്, 27 വയസ്സുള്ള സാമൂഹിക പ്രവർത്തക മെങ്ക ദാമോർ
“എന്താണ് നിങ്ങളുടെ സ്വപ്നം?”, അവർ തന്റെ ചുറ്റുമുള്ള 20 പെൺകുട്ടികളോട് ചോദിച്ചു. എല്ലാവരും കുടിയേറ്റക്കാരുടെ മക്കളാണ്. അച്ഛനമ്മമാരുടെ കൂടെ യാത്ര ചെയ്തിട്ടുണ്ട് അവർ. ഇനിയും പോകാൻ സാധ്യതയുണ്ട്. “സ്കൂളിൽ പോകാൻ കഴിഞ്ഞാലും, ഒടുവിൽ തൊഴിലിനായി പലായനം ചെയ്യേണ്ടിവരും എന്ന് അവരെന്നോട് പറഞ്ഞു,” പെൺകുട്ടികൾക്കായുള്ള കിശോരി ശ്രമിക് പ്രോഗ്രാം നടത്തുന്ന മെങ്ക പറഞ്ഞു.
കുടിയേറ്റത്തിനപ്പുറം ഒരു ഭാവി അവർ സ്വപ്നം കാണണമെന്ന് മെങ്ക ആഗ്രഹിക്കുന്നു. വാഗ്‌ദിയിലും ഹിന്ദിയിലും മാറി മാറി സംസാരിച്ചുകൊണ്ട്, വിവിധ തൊഴിലുകളുടെ ചിത്രങ്ങളടങ്ങുന്ന കാർഡുകൾ അവർ കാണിച്ചു. ക്യാമറാ പ്രവർത്തക, ഭാരോദ്വഹനക്കാരി, വസ്ത്രാലങ്കാരം, സ്കേറ്റ്ബോർഡർ, അദ്ധ്യാപിക, എൻജിനീയർ - എന്നിങ്ങനെ. “വേണമെന്നുവെച്ചാൽ നിങ്ങൾക്ക് ആരുമായിത്തീരാൻ സാധിക്കും. അതിനുവേണ്ടി പ്രവർത്തിക്കണം,” തിളങ്ങുന്ന മുഖങ്ങളെ നോക്കി അവർ പറഞ്ഞു.
“പലായനം മാത്രമല്ല ഒരേയൊരു വഴി.”
പരിഭാഷ: രാജീവ് ചേലനാട്ട്