“മുന്നോട്ട് വരാനും സ്വന്തം യുദ്ധങ്ങളിൽ പൊരുതാനും പ്രക്ഷോഭം എന്നെ പഠിപ്പിച്ചു. അത് ഞങ്ങൾക്ക് ബഹുമാന്യത നൽകുകയും ചെയ്തു”, 2020 സെപ്റ്റംബറിൽ നിലവിൽ‌വന്ന കാർഷികനിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്ത തന്നെപ്പോലെയുള്ളവരെ ഉദ്ദേശിച്ചാണ് രജീന്ദർ കൗർ ‘ഞങ്ങൾ’ എന്ന് പറഞ്ഞത്. 220 കിലോമീറ്റർ അകലെയുള്ള സിംഘുവിലേക്ക് യാത്ര ചെയ്യുകയും സമരമുഖത്ത് പ്രസംഗിക്കുകയുമൊക്കെ ചെയ്ത ആളാണ് പഞ്ചാബിലെ പട്യാല ജില്ലയിൽനിന്നുള്ള 49 വയസ്സുള്ള രജീന്ദർ എന്ന കർഷക.

ദൗൻ കലാം എന്ന ഗ്രാമത്തിലെ അവരുടെ അയൽക്കാരിയാണ് 50 വയസ്സുള്ള ഹർജീത് കൗർ. ദില്ലി-ഹരിയാന അതിർത്തിയിലെ സിംഘുവിൽ 205 ദിവസങ്ങളാണ് ഹർജീത് ചിലവഴിച്ചത്. “കഴിക്കാനുള്ള ഭക്ഷണം കൃഷിചെയ്യാത്ത ഒരു കാലം എനിക്കോർമ്മയില്ല” അവർ പറയുന്നു. “ഓരോ വിളവെടുപ്പ് കഴിയുമ്പോഴും എനിക്ക് പ്രായം ഏറുകയായിരുന്നു”. 36 വർഷമായി കൃഷിക്കാരിയാണ് അവർ. “പക്ഷേ, ആദ്യമായിട്ടായിരുന്നു ഇത്തരമൊരു പ്രക്ഷോഭം കാണുന്നതും അതിൽ പങ്കെടുക്കുന്നതും. കുട്ടികളും, പ്രായമായവരും സ്ത്രീകളുമൊക്കെ സമരത്തിൽ പങ്കെടുക്കാൻ വന്നു” അവർ പറഞ്ഞു.

വിവാദനിയമങ്ങൾ കേന്ദ്രസർക്കാർ പിൻ‌വലിക്കണമെന്ന് ആവശ്യപ്പെട്ട്, ലക്ഷക്കണക്കിന് കർഷകരാണ് രാജ്യതലസ്ഥാനത്തിന്‍റെ വെളിമ്പ്രദേശങ്ങളിൽ ഒത്തുകൂടിയത്. 2020 നവംബർ മുതൽ ഒരുവർഷത്തോളം പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള കർഷകർ അവിടെ തമ്പടിച്ച് താമസിച്ചു. 2021 നവംബറിൽ നിയമങ്ങൾ പിൻ‌വലിക്കുന്നതുവരെ. സമീപകാലത്ത് രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങളിൽ‌വെച്ച് ഏറ്റവും ഉജ്ജ്വലവും ഐതിഹാസികവുമായ ഒന്നായിരുന്നു കർഷകസമരം .

പ്രക്ഷോഭത്തിന്‍റെ മുൻ‌നിരയിൽ പഞ്ചാബിലെ സ്ത്രീകളുണ്ടായിരുന്നു. അന്നനുഭവിച്ച  ഐക്യദാർഢ്യം ഇന്നും തുടരുന്നുണ്ടെന്നും, പ്രക്ഷോഭത്തിന്‍റെ ഭാഗമായതിലൂടെ ലഭിച്ച ധൈര്യവും സ്വാതന്ത്ര്യവും ഇന്ന് കൂടുതൽ ശക്തിയാർജ്ജിച്ചിട്ടുണ്ടെന്നും അവർ പറയുന്നു. “സമരമുഖത്തേക്ക് പോയപ്പോൾ ഒരിക്കലും എനിക്ക് ഗൃഹാതുരത്വം തോന്നിയിരുന്നില്ല. എന്നാൽ ഇപ്പോൾ വീട്ടിലിരിക്കുമ്പോൾ ആ പ്രക്ഷോഭത്തിന്‍റെ ഓർമ്മകൾ എന്നെ പിന്തുടരുന്നു”, മാൻസ ജില്ലയിൽനിന്നുള്ള 58-കാരിയായ കുൽദീപ് കൗർ പറഞ്ഞു.

ബുധ്‌ലാദ തെഹ്സിലിൽ ഉൾപ്പെട്ട രാലി ഗ്രാമത്തിലെ തന്‍റെ വീട്ടുജോലികൾ മുൻപൊക്കെ തന്‍റെ സ്വഭാവത്തെ ബാധിച്ചിരുന്നുവെന്ന് അവർ പറയുന്നു. “വീട്ടിലാവുമ്പോൾ എന്തെങ്കിലുമൊക്കെയായി പണികളുണ്ടാവും, അല്ലെങ്കിൽ വിരുന്നുകാരെ സത്ക്കരിക്കേണ്ടിവരും, അവരോടൊക്കെ ഔപചാരികത കാണിക്കേണ്ടിവരും. എന്നാൽ സമരസ്ഥലത്ത് ഞാൻ സ്വതന്ത്രയായിരുന്നു” കുൽദീപ് പറഞ്ഞു. സമരമുഖത്തെ സമൂഹ അടുക്കളയിൽ അവർ സന്നദ്ധസേവനം നടത്തിയിരുന്നു. ജീവിതകാലം മുഴുവൻ അവിടെ ചിലവഴിക്കാനും താൻ തയ്യാറായിരുന്നുവെന്ന് പറയുന്നു കുൽദീപ്.

Harjeet Kaur is farming
PHOTO • Amir Malik
Kuldip Kaur mug short
PHOTO • Amir Malik
Rajinder Kaur in her house
PHOTO • Amir Malik

2020-ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷികനിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻ‌നിരയിലുണ്ടായിരുന്നവർ. ഇടത്തുനിന്ന് ഹർജീത്ത് കൗർ, കുൽദീപ് കൗർ, രജീന്ദർ കൗർ

വിവാദനിയമങ്ങൾക്കെതിരെ കർഷകർ പ്രതിഷേധിക്കാൻ തുടങ്ങിയ ആദ്യനാളുകളിൽ, ഒരു കർഷകസംഘടനയിലും ചേരാൻ കുൽദീപ് കൂട്ടാക്കിയില്ല. സംയുക്ത കിസാൻ മോർച്ച രൂപവത്ക്കരിച്ചപ്പോൾ, കുൽദീപ് ഒരു പോസ്റ്റർ ഉണ്ടാക്കി. അതിൽ അവർ, ‘കിസാൻ മോർച്ച സിന്ദാബാദ്’ (കർഷക പ്രക്ഷോഭം നീണാൾ വാഴട്ടെ) എന്ന മുദ്രാവാക്യം എഴുതി. ആ പോസ്റ്റർ സിംഘുവിലേക്ക് കൊണ്ടുപോവുകയും ചെയ്തു അവർ. സമരസ്ഥലത്തെ ക്യാമ്പുകളിൽ നിരവധി പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ അങ്ങോട്ട് വരരുതെന്ന് സമരമുഖത്തുള്ള സ്ത്രീകൾ കുൽദീപിനോട് പറഞ്ഞിട്ടും അവർ ഉറച്ചുനിന്നു “എനിക്കവിടേക്ക് വരണമെന്ന് ഞാനവരോട് പറഞ്ഞു”.

സിംഘുവിലെത്തിയപ്പോൾ വലിയ അടുപ്പുകളിൽ സ്ത്രീകൾ റൊട്ടി ഉണ്ടാക്കുന്നത് അവർ കണ്ടു. “ദൂരെനിന്നേ അവർ എന്നെ വിളിച്ച്, വാ, റൊട്ടിയുണ്ടാക്കാൻ സഹായിക്ക്” എന്ന് പറഞ്ഞു. ടിക്രിയിലും അത് സംഭവിച്ചു. അവിടെ മാൻസയിൽനിന്നുള്ള ഒരു ട്രാക്ടർ കണ്ടപ്പോൾ അവർ അതിൽ താമസം തുടങ്ങി. അടുപ്പിനരികത്ത് ഇരുന്നിരുന്ന ക്ഷീണിച്ച ഒരു സ്ത്രീ റൊട്ടിയുണ്ടാക്കാൻ സഹായമഭ്യർത്ഥിച്ചു. “ഒരു മണിക്കൂറോളം ഞാൻ റൊട്ടിയുണ്ടാക്കാൻ കൂടി”, കുൽദീപ് ഓർമ്മിക്കുന്നു. ടിക്രിയിൽനിന്ന് അവർ ഹരിയാന-രാജസ്ഥാൻ അതിർത്തിയിലുള്ള ഷാജഹാൻപുരിലേക്ക് പോയി. “അവിടെയുള്ള ആണുങ്ങൾ എന്നെ കണ്ടപ്പോൾ, അവർക്കുവേണ്ടി റൊട്ടിയുണ്ടാക്കിക്കൊടുക്കാൻ പറഞ്ഞു”, അവർ പറഞ്ഞു. “എവിടെച്ചെന്നാലും റൊട്ടിയുണ്ടാക്കാൻമാത്രം എല്ലാവർക്കും എന്നെ വേണം. റൊട്ടിയുണ്ടാക്കി കഴിയാനായിരിക്കും എന്‍റെ തലയിലെഴുത്ത്”, ചിരിച്ചുകൊണ്ട് അവർ കൂട്ടിച്ചേർത്തു.

നാട്ടിലാവട്ടെ, കർഷകപ്രക്ഷോഭത്തോടുള്ള കുൽദീപിന്‍റെ പ്രതിബദ്ധത അവരുടെ സുഹൃത്തുക്കൾക്കും അയൽക്കാർക്കും ആവേശം നൽകി. തങ്ങളേയും കൂടെ കൊണ്ടുപോകാൻ അവർ കുൽദീപിനോട് ആവശ്യപ്പെട്ടു. “സാമൂഹികമാധ്യമത്തിൽ ഞാൻ ഇടുന്ന ചിത്രങ്ങൾ കണ്ട്, അടുത്ത തവണ ഞങ്ങളും വരുന്നുണ്ടെന്ന് അവരെന്നോട് പറഞ്ഞു”, പങ്കെടുത്തില്ലെങ്കിൽ ഭാവിയിൽ ചെറുമക്കൾ എന്തുപറയുമെന്നായിരുന്നുവത്രെ കുൽദീപിന്‍റെ ഒരു കൂട്ടുകാരിയുടെ ആശങ്ക!

മുൻപ്, ടെലിവിഷൻ സീരിയലുകളും സിനിമകളുമൊന്നും കാണുന്നത് പതിവില്ലാതിരുന്ന കുൽദീപ്, പ്രക്ഷോഭസ്ഥലത്തുനിന്ന് നാട്ടിലേക്ക് വന്നപ്പോൾ ടി.വി.യിൽ വാർത്തകൾ കാണുന്നത് പതിവാക്കി. “ഒന്നുകിൽ ഞാൻ സമരസ്ഥലത്തായിരിക്കും, അതല്ലെങ്കിൽ അതിനെക്കുറിച്ചുള്ള വാർത്തകൾ കണ്ടുകൊണ്ടിരിക്കുകയായിരിക്കും”, അവർ പറയുന്നു. സാഹചര്യത്തിന്‍റെ അനിശ്ചിതാവസ്ഥ അവരെ അസ്വസ്ഥയാക്കി. സമ്മർദ്ദം കുറയ്ക്കാൻ മരുന്നുകൾ കഴിക്കാൻ ആരംഭിച്ചു കുൽദീപ്. “ചിലപ്പോൾ എന്‍റെ തല പെരുക്കും, വാർത്തകൾ കാണുന്നത് നിർത്താൻ ഡോക്ടർ എന്നോട് പറഞ്ഞു”, അവർ പറഞ്ഞു.

കർഷകസമരത്തോടൊപ്പം ചേർന്നതോടെ, അതിനുമുമ്പൊരിക്കലും ഇല്ലാതിരുന്ന ഒരു ധൈര്യം കുൽദീപിന് കൈവന്നു. കാറിലും ട്രാക്ടറിലും സഞ്ചരിക്കാനുള്ള ഭയത്തെ മറികടന്ന്, നിരവധി തവണ അവർ നൂറുകണക്കിന് കിലോമീറ്റർ സഞ്ചരിച്ച് ദില്ലിയിലേക്ക് യാത്ര ചെയ്തു. “അപകടത്തിൽ‌പ്പെട്ട് നിരവധി കർഷകർ മരിക്കുന്നുണ്ടായിരുന്നു. എന്തെങ്കിലും സംഭവിച്ച് മരണപ്പെട്ടാൽ, ഞങ്ങളുടെ വിജയം കാണാൻ കഴിയില്ലല്ലോ എന്നോർത്ത് ഞാൻ ഭയപ്പെട്ടിരുന്നു”, അവർ പറഞ്ഞു.

Kuldip at the protest site in Shahjahanpur
PHOTO • Courtesy: Kuldip Kaur
Kuldip in a protest near home
PHOTO • Courtesy: Kuldip Kaur
Kuldip making rotis during protest march
PHOTO • Courtesy: Kuldip Kaur

ഇടത്തും മധ്യത്തിലും: ഷാജഹാൻപുരിലെ സമരപ്പന്തലിൽ കുൽദീപ്; കയ്യിൽ ഒരു പോസ്റ്റർ പിടിച്ചുകൊണ്ട് നാട്ടിലെ ഒരു സമരത്തിൽ (നടുവിൽ). മുൻപ് നടന്ന ഒരു സമ്മേളനത്തിനിടയ്ക്ക് ഒരു അപകടത്തിൽ കൊല്ലപ്പെട്ട യുവാവിന്‍റെ ചിത്രമാണ് മുന്നിൽ കാണുന്നത്. വലത്ത്: ഷാജഹാൻപുരിലെ സമൂഹ അടുക്കളയിൽ റൊട്ടിയുണ്ടാക്കുന്ന കുൽദീപ് (ക്യാമറയിലേക്ക് നോക്കിക്കൊണ്ട് ഇരിക്കുന്നു)

വീട്ടിൽ തിരികെ എത്തിയതിനുശേഷം, സ്വന്തം നാട്ടിലെ സമരങ്ങളിൽ അവർ അണിചേർന്നു. ഒരു സംഭവം അവർ ഓർക്കുന്നുണ്ട്. ഒരു സമ്മേളനം നടക്കുമ്പോൾ കർഷകസമരത്തിൽ സ്ഥിരമായി പങ്കെടുത്തിരുന്ന ഒരു കൗമാരക്കാരൻ അവരുടെ തൊട്ടടുത്ത് നിൽക്കുന്നുണ്ടായിരുന്നു. നിയന്ത്രണം വിട്ടുവന്ന ഒരു വണ്ടി ഇടിച്ച്, അവനും, അവന്‍റെയടുത്തുണ്ടായിരുന്ന മറ്റൊരാളും തത്ക്ഷണം കൊല്ലപ്പെട്ടു. “ഞാനും ഭർത്താവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിൽ‌പ്പെട്ട് മരിക്കുന്നതിനെക്കുറിച്ച് അതിനുശേഷം ഞാൻ വേവലാതിപ്പെട്ടിട്ടേയില്ല. നിയമങ്ങൾ പിൻ‌വലിച്ച ദിവസം, ആ പയ്യനെ പെട്ടെന്ന് ഓർമ്മവന്ന് ഞാൻ കരഞ്ഞുപോയി”. കർഷകസമരത്തിനിടയിൽ ജീവൻ നഷ്ടമായ 700-ലധികം സമരക്കാരെക്കുറിച്ചുള്ള ഓർമ്മ ഇന്നും കുൽദീപിനെ വേട്ടയാടുന്നുണ്ട്.

കർഷകപ്രക്ഷോഭത്തിൽ സജീവമായി പങ്കെടുക്കുകയും അതിന് നിർണ്ണായകമായ പിന്തുണ നൽകുകയും ചെയ്തിട്ടും – ആ കരിനിയമങ്ങൾ പിൻ‌വലിക്കാൻ കേന്ദ്രസർക്കാരിനെ നിർബന്ധിതമാക്കിയ സമരമായിരുന്നു അത്, എന്നിട്ടും – രാഷ്ട്രീയമായ തീരുമാനങ്ങളെടുക്കുന്നതിൽനിന്ന് ഒഴിവാക്കപ്പെടുന്നതായിട്ടാണ് പഞ്ചാബിലെ സ്ത്രീകൾക്ക് ഇന്ന് അനുഭവപ്പെടുന്നത്. 2022 ഫെബ്രുവരി 20-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപ്പാർട്ടികൾ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച സ്ത്രീകളുടെ എണ്ണം അതിന്‍റെ തെളിവാ‍ണെന്ന് അവർ പറയുന്നു.

പഞ്ചാബിലെ 2.14 കോടി സമ്മതിദായകരിൽ ഏകദേശം പകുതിയോളം സ്ത്രീകളാണ്. എന്നിട്ടും, സംസ്ഥാനത്തെ 117 നിയമസഭാ മണ്ഡലങ്ങളിൽ നിന്നും മത്സരിച്ച 1,304 പേരിൽ സ്ത്രീകളുടെ എണ്ണം വെറും 93 (7.13 ശതമാനം) മാത്രമായിരുന്നു.

പഞ്ചാബിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയപ്പാർട്ടിയായ ശിരോമണി അകാലി ദൾ വെറും 5 സ്ത്രീകളെയാണ് സ്ഥാനാർത്ഥികളായി നിർത്തിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാകട്ടെ, 11 പേർക്ക് ടിക്കറ്റ് നൽകി. ഉത്തർപ്രദേശിലെ അവരുടെ ‘ലഡ്കീ ഹൂം, ലഡ് സക്തീ ഹൂം‘ (ഞാനൊരു പെണ്ണാണ്, എനിക്ക് പൊരുതാൻ കഴിയും) എന്ന മുദ്രാവാക്യം പഞ്ചാബിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരു വിദൂരസ്വപ്നം പോലെയാണ് തോന്നിയത്. ഒരു സ്ത്രീയെ അധികം നിർത്തി, ആം ആദ്മി പാർട്ടി 12 പേരെ സ്ഥാനർത്ഥികളായി പ്രഖ്യാപിച്ചു. നാഷണൽ ഡെമോക്രാറ്റിക്ക് അലയൻസിന്‍റെ (എൻ.ഡി.എ.) ഭാരതീയ ജനതാപാർട്ടി, ശിരോമണി അകാലി ദൾ (സംയുക്ത്), പുതുതായി രൂപവത്ക്കരിച്ച പഞ്ചാബ് ലോക് കോൺഗ്രസ്സ് എന്നിവർചേർന്ന് 9 സ്ത്രീകളെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് (ബി.ജെ.പി.യുടെ ആറുപേരടക്കം!).

*****

തണുപ്പുള്ള ഒരു ശിശിരകാലത്താണ് രജീന്ദർ കൗറിനെ ഞാൻ കണ്ടത്. ഒരു കസേരയിലിരിക്കുകയായിരുന്നു അവർ. അവരിരിക്കുന്നതിന്‍റെ പിന്നിലായി ചുമരിലുണ്ടായിരുന്ന ബൾബ് മങ്ങിയ വെളിച്ചം പരത്തുന്നുണ്ടായിരുന്നുവെങ്കിലും അവരുടെ ആവേശത്തിന് നല്ല തെളിച്ചമായിരുന്നു. ഞാൻ ഡയറി തുറന്നു. അവർ അവരുടെ മനസ്സും. കണ്ണിലെ തീപ്പൊരി പ്രതിഫലിപ്പിക്കുന്ന അവരുടെ ശബ്ദത്തിൽ, സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന ഒരു വിപ്ലവത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ മുഴങ്ങുന്നുണ്ടായിരുന്നു. മുട്ടുവേദനയുള്ളതിനാൽ ഇടയ്ക്കിടയ്ക്ക് വിശ്രമിക്കാൻ നിർബന്ധിതയായിരുന്നുവെങ്കിലും, കർഷകപ്രക്ഷോഭം തന്നെ ആവേശം കൊള്ളിച്ചുവെന്ന് അവർ പറയുന്നു. തുറന്ന വേദികളിൽ സംസാരിച്ച് അവർ അവരുടെ ശബ്ദം വീണ്ടെടുക്കുകയായിരുന്നു.

Rajinder in her farm
PHOTO • Amir Malik
Harjeet walking through the village fields
PHOTO • Amir Malik

ഇടത്ത്: ദൗൻ കലാമിലെ തന്‍റെ വീട്ടിലെ പൂന്തോട്ടത്തിൽ രജീന്ദർ. വലത്ത്: ഗ്രാമത്തിലെ വയലിലൂടെ നടക്കുന്ന ഹർജീത്ത്. “ആ മൂന്ന് നിയമങ്ങൾ ഞങ്ങളെ ഒരുമിപ്പിച്ചു”, അവർ പറയുന്നു

“ഇനി ആർക്ക് വോട്ട് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും”, രജീന്ദർ പറഞ്ഞു. “മുമ്പൊക്കെ എന്‍റെ ഭർത്താവോ ഭർത്തൃപിതാവോ ആയിരുന്നു, അവർക്ക് വോട്ട് ചെയ്യ്, ഇവർക്ക് വോട്ട് ചെയ്യ് എന്നൊക്കെ പറയാറുണ്ടായിരുന്നത്. പക്ഷേ ഇനി ആരും എന്നോടത് പറയാൻ ധൈര്യപ്പെടില്ല”, അവർ പറയുന്നു. രജീന്ദറിന്‍റെ അച്ഛൻ ശിരോമണി അകാലി ദളിനെ പിന്തുണച്ചിരുന്ന ആളായിരുന്നു. എന്നാൽ, വിവാഹശേഷം ദൗൻ കലാം ഗ്രാമത്തിലെത്തിയപ്പോൾ, കോൺഗ്രസ്സിന് വോട്ടുചെയ്യാൻ ഭർത്താവിന്‍റെ പിതാവ് ആവശ്യപ്പെടാൻ തുടങ്ങി. “ഞാൻ കൈപ്പത്തിക്ക് വോട്ട് ചെയ്തു. പക്ഷേ എന്‍റെ നെഞ്ചിൽ ആരോ വെടിവെക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്”. എന്നാൽ ഇന്ന്, ഇന്നയാൾക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് ഭർത്താവ് വരുമ്പോൾ “ഞാൻ അദ്ദേഹത്തോട് മിണ്ടാതിരിക്കാൻ പറയും”, രജീന്ദർ പറഞ്ഞു.

സിംഘുവിലെ രസകരമായ ഒരു സംഭവം അവരുടെ മനസ്സിലേക്ക് വന്നു. ഒരു സമ്മേളനത്തിൽ അവർ പ്രസംഗിച്ചു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു. “ഒന്ന് വിശ്രമിക്കാൻ ഞാൻ അടുത്തുള്ള ടെന്‍റിൽ പോയപ്പോൾ, അവിടെ പാചകം ചെയ്തുകൊണ്ടിരുന്ന ആൾ എന്നോട് ചോദിച്ചു. ‘കുറച്ച് മുമ്പ് ഒരു സ്ത്രീ പ്രസംഗിച്ചത് നിങ്ങൾ കേട്ടുവോ?’ അപ്പോഴേക്കും അവിടേക്ക് വന്ന മറ്റൊരാൾ എന്നെ തിരിച്ചറിഞ്ഞ് ‘ഇവരാണ് കുറച്ച് മുൻപ് പ്രസംഗിച്ചത്’ എന്ന് പറഞ്ഞു.  എന്നെക്കുറിച്ചായിരുന്നു അവർ പറഞ്ഞുകൊണ്ടിരുന്നത്!” അവരുടെ ശബ്ദത്തിൽ സന്തോഷവും അഭിമാനവും നിറഞ്ഞുനിന്നിരുന്നു.

“ആ മൂന്ന് നിയമങ്ങളും ഞങ്ങളെ ഒരുമിപ്പിച്ചു” തൊട്ടടുത്ത വീട്ടിലെ ഹർജീത്ത് പറയുന്നു. പക്ഷേ ആ സമരത്തിന്‍റെ ഫലത്തെക്കുറിച്ച് അവർക്ക് വിമര്‍ശനമുണ്ടായിരുന്നു. “നിയമങ്ങൾ പിൻ‌വലിക്കുന്നതിൽ പ്രക്ഷോഭം വിജയിച്ചുവെങ്കിലും ഞങ്ങളുടെ പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല”, അവർ പറഞ്ഞു. “മിനിമം താങ്ങുവില ഉറപ്പിക്കാതെയാണ് സംയുക്ത കിസാൻ മോർച്ച പ്രക്ഷോഭം അവസാനിപ്പിച്ചത്. മാത്രമല്ല, ലഖിം‌‌പുർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകർക്ക് നീതി ഉറപ്പാക്കുകയും ചെയ്യേണ്ടതായിരുന്നു”.

“പ്രക്ഷോഭത്തിന്‍റെ സമയത്ത് കർഷകസംഘടനകൾ ഒരുമിച്ചായിരുന്നുവെങ്കിലും, ഇപ്പോൾ അവർ വിഭജിക്കപ്പെട്ടിരിക്കുന്നു”, നിരാശയോടെ കുൽദീപ് പറഞ്ഞു.

പഞ്ചാബിൽ ഈ റിപ്പോർട്ടർ കണ്ടുമുട്ടിയ ഒട്ടുമിക്കവരും 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മത്സരത്തിൽ ഒരു സംഘടനയേയും പിന്തുണക്കുന്നില്ല. സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമായ ചില സംഘടനകൾ ചേർന്ന് 2021 ഡിസംബറിൽ രൂപവത്ക്കരിച്ച സംയുക്ത സമാജ് മോർച്ചയെപ്പോലും. (പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ - അവരില്‍ 4 പേരായിരുന്നു സ്ത്രീകള്‍ - സ്വതന്ത്രരായി മത്സരിച്ചു ). തിരഞ്ഞെടുപ്പ് ചൂട് പിടിച്ചതോടെ, ഏതാനും മാസങ്ങൾക്കുമുമ്പുമാത്രം പ്രക്ഷോഭത്തിൽ രക്തസാക്ഷികളായവരെക്കുറിച്ച് പാർട്ടി അണികളും നേതൃത്വവും, ഏതാണ്ട് മൗനം പാലിക്കുകയായിരുന്നു.

Jeevan Jyot, from Benra, Sangrur, says political parties showed no concern for the villages.
PHOTO • Amir Malik
Three-year-old Gurpyar and her father, Satpal Singh
PHOTO • Amir Malik

ഇടത്ത്: സംഗ്രൂരിലെ ബെൻ‌റയിൽനിന്നുള്ള ജീവൻ ജ്യോതി. രാഷ്ടീയപ്പാർട്ടികൾക്കൊന്നും ഗ്രാമങ്ങളുടെ കാര്യത്തിൽ ഒരു താത്പര്യവുമില്ലെന്ന് അവർ പറയുന്നു. വലത്ത്: മൂന്ന് വയസ്സുള്ള ഗുർപ്യാർ, അവളുടെ അച്ഛൻ സത്പാൽ സിംഗിന്‍റെ കൂടെ

“സംയുക്ത സമാജ് മോർച്ചയും ആം ആദ്മി പാർട്ടിപോലും ഗ്രാമങ്ങളുടെ കാര്യത്തിൽ ഒരു താത്പര്യവും ഉത്സാഹവും കാണിക്കുന്നില്ല”, സംഗ്രൂർ ജില്ലയിലെ ബെൻ‌റ ഗ്രാമത്തിലെ ജീവൻ ജ്യോതി എന്ന ചെറുപ്പക്കാരി പറഞ്ഞു. “ആരൊക്കെയാണ് ജീവിച്ചിരിക്കുന്നത്, ആരൊക്കെ മരിച്ചു എന്നുപോലും [രാഷ്ട്രീയ] പാര്‍ട്ടികള്‍ക്ക് അറിയില്ല” സങ്കടത്തോടെ അവർ കൂട്ടിച്ചേർത്തു.

കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന 22 വയസ്സുള്ള ഒരു സ്ത്രീയാണ് ജീവൻ ജ്യോതി. അവരുടെ അയൽക്കാരി പൂജ പ്രസവത്തിൽ മരിച്ചതോടെ, രാഷ്ട്രീയപ്പാർട്ടികളോടുള്ള അവരുടെ ദേഷ്യം വർദ്ധിച്ചു. “അവരുടെ കുടുംബം സന്ദർശിക്കാനുള്ള സാമാന്യ മര്യാദപോലും ഏതെങ്കിലും രാഷ്ട്രീയ നേതാക്കളോ ഗ്രാമത്തിലെ സർപാഞ്ചോ കാണിച്ചില്ല”. മരിച്ചുപോയ ആ സ്ത്രീയുടെ കുടുംബത്തെ സഹായിക്കാൻ ജീവൻ ജ്യോതി മുന്നോട്ട് വന്നു. ആ നവജാതശിശുവും മൂന്ന് വയസ്സുള്ള മറ്റൊരു മകൾ ഗുർപ്യാറും, അവരുടെ അച്ഛന്‍ സത്പാല്‍ സിംഗിന്‍റെ കൂടെയായിരുന്നു ജീവിച്ചിരുന്നത്. ഒരു ദിവസവേതനക്കാരനായിരുന്നു 32 വയസ്സുള്ളഅയാള്‍.

ബെൻ‌റയിൽ‌വെച്ച് ജീവൻ ജ്യോതിയെ ഞാൻ കാണുമ്പോൾ ഗുർപ്യാർ അവളുടെ അടുത്തുണ്ടായിരുന്നു. “അവളുടെ അമ്മയാണ് ഞാൻ എന്ന് എനിക്ക് തോന്നിപ്പോകുന്നു. എനിക്കവളെ ദത്തെടുക്കണമെന്നുണ്ട്. എനിക്ക് ഗര്‍ഭധാരണ ശേഷിയില്ല എന്നതരത്തില്‍ ആരെങ്കിലും എന്തെങ്കിലും പറയുമോ എന്നൊന്നും എനിക്ക് പേടിയില്ല”, ജീവൻ ജ്യോതി പറയുന്നു.

ജീവൻ ജ്യോതിയെപ്പോലെയുള്ള നിരവധി ചെറുപ്പക്കാരികൾക്ക്, കർഷകപ്രക്ഷോഭത്തിലെ സ്ത്രീകളുടെ പങ്കാളിത്തം പ്രതീക്ഷ നൽകിയിട്ടുണ്ട്. പിതൃമേധാവിത്ത ലോകം സ്ത്രീകളുമായി വിവിധ പോരാട്ടങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് അവർ പറഞ്ഞു. ആ പോരാട്ടത്തിനുള്ള ഊർജ്ജമാണ് കാർഷികനിയമങ്ങൾക്കെതിരെയുള്ള യുദ്ധത്തിലും പ്രകടമായതെന്ന് അവർ പറയുന്നു.

പ്രക്ഷോഭത്തിനായി അണിചേർന്ന പഞ്ചാബിലെ സ്ത്രീകളുടെ ഉറച്ച ശബ്ദം, അവരെ അരികുവത്ക്കരിക്കുന്നതിനെ അംഗീകരിക്കുന്നില്ല. “കാലങ്ങളായി സ്ത്രീകളെ വീട്ടിൽ തളച്ചിട്ടിരിക്കുകയാണ്”, ഹർജീത് പറയുന്നു. ജനകീയ പങ്കാളിത്തത്തിൽനിന്ന് ദൂരേയ്ക്കും പിന്നിലേക്കും മാറ്റിനിർത്തപ്പെടുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്ന അവർ, കർഷകപ്രക്ഷോഭത്തിലൂടെ തങ്ങൾക്ക് ലഭിച്ച ബഹുമാന്യത ഭാവിയിൽ ചരിത്രത്തിന്‍റെ ഒരു പിൻകുറി മാത്രമായിത്തീരുമോ എന്നും സംശയിക്കുന്നു.

കഥ റിപ്പോർട്ട് ചെയ്യുന്നതിൽ സഹായിച്ച മുഷറഫിനോടും പർഗത്തിനോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു .

പരിഭാഷ: രാജീവ് ചേലനാട്ട്

Amir Malik

عامر ملک ایک آزاد صحافی، اور ۲۰۲۲ کے پاری فیلو ہیں۔

کے ذریعہ دیگر اسٹوریز Amir Malik
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat