കരഡഗ ഗ്രാമത്തിൽ ഒരു കുട്ടി ജനിച്ചാൽ, കുടുംബങ്ങൾ ആദ്യം സോമക്ക പൂജാരിയെ അറിയിക്കും. 9,000-ത്തിനിടത്ത് ആളുകൾ താമസിക്കുന്ന ആ ഗ്രാമത്തിൽ, ആട്ടിൻ‌രോമംകൊണ്ട് വളകളുണ്ടാക്കാൻ അറിയുന്ന ചുരുക്കം കലാകാരികളിലൊരാളാണ് അവർ. കണ്ട എന്ന് പ്രാദേശികഭാഷയിൽ അറിയപ്പെടുന്ന ഈ ആഭരണങ്ങൾ, ശുഭകരമായി പരിഗണിക്കപ്പെടുകയും നവജാത ശിശുക്കളുടെ കൈത്തണ്ടയിൽ കെട്ടുകയും ചെയ്യുന്നു.

“മേച്ചിൽ‌പ്പുറങ്ങൾ തേടിയും, പരുക്കൻ കാലാവസ്ഥയെ അതിജീവിച്ചും, പലവിധ മനുഷ്യരുമായി ഇടപഴകിയും ആടുകൾ (ചെമ്മരിയാടുകൾ) ഗ്രാമങ്ങളിലൂടെ പോകാറുണ്ട്”, 50-കൾ കഴിയാറായ സോമക്ക പറയുന്നു. അതിജീവനത്തിന്റെ ചിഹ്നമായിട്ടാണ് ആടുകൾ കരുതപ്പെടുന്നത്. അതിനാൽ, അവയുടെ രോമംകൊണ്ടുണ്ടാക്കിയ കണ്ട , ദോഷങ്ങളെ അകറ്റുമെന്നാണ് വിശ്വാസം.

ധങ്കർ സമുദായത്തിലെ സ്ത്രീകളാണ് പരമ്പരാഗതമായി ഈ വളകൾ നിർമ്മിക്കുന്നത്. ഇന്ന്, കരഡഗയിൽ എട്ട് ധങ്കാർ കുടുബങ്ങൾ മാത്രമാണ് ഈ കല അഭ്യസിക്കുന്നത്. “ഈ ഗ്രാമത്തിലെ ഒരു പകുതിയോളം കുട്ടികളുടെ കൈകളിലെങ്കിലും ഞാൻ ഈ വള അണിയിച്ചിട്ടുണ്ട്,” സോമയ്യ മറാത്തിയിൽ പറയുന്നു. മഹാരാഷ്ട്രയുടെ അതിർത്തിയിലുള്ള കർണാടകയുടെ ബെലഗാവി ജില്ലയിലാണ് കരഡഗ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അതിനാൽ, സോമക്കയെപ്പോലെ ഗ്രാമത്തിലെ നിരവധിയാ‍ളുകൾക്ക് കന്നഡയും മറാത്തിയും സംസാരിക്കാനറിയാം.

“എല്ലാ ജാതിയിലും മതത്തിലും‌പെട്ടവർ കണ്ട ക്കുവേണ്ടി ഞങ്ങളുടെയടുത്ത് വരാറുണ്ട്,” സോമക്ക പറയുന്നു.

തന്റെ മരിച്ചുപോയ അമ്മ കിഷ്ണാബായി ബങ്കർ കരഡഗയിലെ ഏറ്റവും നല്ല കണ്ട കൾ ഉണ്ടാക്കുന്നത്, കുട്ടിയായിരുന്നപ്പോൾ, സോമക്ക കണ്ടിട്ടുണ്ട്. “ കണ്ട ഉണ്ടാക്കുന്നതിനുമുൻപ്, ഓരോ ആട്ടിൻ‌‌രോമവുമെടുത്ത് (ലോകർ എന്നും അതിനെ പറയപ്പെടുന്നു) അമ്മ പരിശോധിക്കുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്,” അവർ പറയുന്നു. ആകൃതി വരുത്താൻ യോജിച്ചത്, ഭംഗിയുള്ള രോമങ്ങളാണെന്നതിനാൽ അവയാണ് അമ്മ ഉപയോഗിച്ചിരുന്നത് എന്ന് അവർ ഓർമ്മിക്കുന്നു. ആടുകളിൽനിന്ന് ആദ്യമായി വെട്ടിയെടുക്കുന്ന രോമങ്ങൾ കൂടുതൽ പരുക്കനായിരിക്കും. “നൂറ് ആടുകളെടുത്താൽ, ശരിയായ പാകത്തിലുള്ള രോമം ഒന്നിനുമാത്രമേ ഉണ്ടാകൂ.”

അച്ഛൻ, അന്തരിച്ച അപ്പാജി ബങ്കറിൽനിന്നാണ് സോമക്ക കണ്ട നിർമ്മിക്കാൻ പഠിച്ചത്. 10 വയസ്സായിരുന്നു അപ്പോൾ അവർക്ക്. രണ്ടുമാസം കൊണ്ട് പഠിച്ചെടുത്തു. നാല് ദശാബ്ദങ്ങൾക്കിപ്പുറം, സോമക്ക ആ കല ഇപ്പൊഴും കൊണ്ടുനടക്കുകയും, അതിന്റെ പ്രചരം കുറയുന്നതിൽ ആശങ്കപ്പെടുകയും ചെയ്യുന്നു. “ചെറുപ്പക്കാരായ ആട്ടിടയർ ഇപ്പോൾ ആടുകളെ മേയ്ക്കാറില്ല. ആട്ടിൻ‌രോമം കൊണ്ടുള്ള കലയെക്കുറിച്ച് അവർക്കെന്തറിയാം”?

PHOTO • Sanket Jain
PHOTO • Sanket Jain

ഇടത്ത്: കരഡഗ ഗ്രാമത്തിലെ ഒരു കുഞ്ഞിന്റെ കൈയ്യിൽ കണ്ട കെട്ടുന്ന സോമക്ക. വലത്ത്: ആട്ടി‌ൻ‌രോമം വെട്ടിയെടുക്കാൻ ഉപയോഗിക്കുന്ന, കതർഭുനി എന്ന ലോഹക്കത്രിക

PHOTO • Sanket Jain

ദോഷങ്ങളെ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ജോഡി കണ്ടകൾ സോമക്ക കാണിച്ചുതരുന്നു

“ഒരു ആടിൽനിന്ന് സാധാരണയായി 1-2 കിലോഗ്രാം രോമങ്ങൾ കിട്ടും”, സോമക്ക വിശദീകരിക്കുന്നു. അവർക്ക് സ്വന്തമായുള്ള ആടുകളുടെ രോമങ്ങൾ വെട്ടുന്നത് പുരുഷന്മാരാണ്. സാധാരണയായി ദീപാവലി, ബെന്തൂർ (ജൂണിലും ആഗസ്റ്റിലും നടക്കാറുള്ള, കാളകളെ ആഘോഷിക്കുന്ന ഉത്സവം) കാലത്താണ് രോമം വെട്ടുക. കതർഭുനി എന്ന് വിളിക്കുന്ന ഒരു ജോടി ലോഹക്കത്രികകളാണ് രോമം വെട്ടാൻ ഉപയോഗിക്കുക. ഒരു ആടിന്റെ രോമം വെട്ടാൻ ഏകദേശ, 10 മിനിറ്റെടുക്കും. പകലാണ് അത് നിർവഹിക്കുക. ഓരോ രോമത്തിന്റേയും ഗുണനിലവാരം പരിശോധിച്ച്, കേറ്റുവന്ന രോമങ്ങൾ ഒഴിവാക്കുന്നു.

ഒരു കണ്ട ഉണ്ടാക്കാൻ സോമക്കയ്ക്ക് 10 മിനിറ്റ് മതി. 2023-ലെ ദീപാവലി സമയത്ത് മുറിച്ചെടുത്ത രോമമാണ് ഇപ്പോൾ സോമക്ക ഉപയോഗിക്കുന്നത്. “നവജാത ശിശുക്കൾക്കുവേണ്ടി ഞാനിത് സുരക്ഷിതമായി സൂക്ഷിച്ചിരുന്നു,” അവർ പറയുന്നു.

രോമത്തിന് ആകൃതി വരുത്തുന്നതിനുമുൻപ്, സോമക്ക അതിൽനിന്ന് പൊടിയും അഴുക്കുകളും കളയുന്നു. രോമങ്ങൾ വലിച്ച് ഒരു വൃത്താകൃതി വരുത്തുന്നു. കുട്ടികളുടെ മണികണ്ഠത്തിന്റെ വലിപ്പത്തിനനുസരിച്ചാണ് ഉണ്ടാക്കുന്നത്. വട്ടത്തിലുള്ള രൂപം തയ്യാറായാൽ, അത് കൈത്തലത്തിലിട്ട് ഉരയ്ക്കുന്നു. അപ്പോൾ ആ രോമം ബലമുള്ളതാകും.

ഇടയ്ക്കിടയ്ക്ക് സോമക്ക, ആ വട്ടത്തിലുള്ള ചട്ടക്കൂട് വെള്ളത്തിൽ മുക്കും. “കൂടുതൽ വെള്ളം ചേർക്കുന്തോറും അതീന്റെ ബലം വർദ്ധിക്കുന്നു,” അവർ പറയുന്നു. ഓരോ രോമവും സൂക്ഷ്മമായി വലിച്ചെടുത്ത്, കൈപ്പത്തികൾക്കിടയിൽ വെച്ച് പിരിക്കുകയായിരുന്നു അവർ.

“1-3 വയസ്സിനിടയിലുള്ള കുട്ടികളാണ് ഇത് ധരിക്കുന്നത്,” അവർ പറഞ്ഞു. ഒരു ജോടി കണ്ട കൾ മൂന്ന് വർഷംവരെ നിലനിൽക്കുമെന്നും അവർ സൂചിപ്പിക്കുന്നു. വളകളുണ്ടാക്കുന്നതിന് പുറമേ ഈ സമുദായം, കന്നുകാലികളെ മേയ്ക്കുകയും കൃഷിയിടങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു. മഹാരാഷ്ട്രയിൽ ധങ്കാറുകളെ ഇടയഗോത്രമായും, കർണാടകയിൽ മറ്റ് പിന്നാക്കവിഭാഗമായും പരിഗണിക്കുന്നു.

PHOTO • Sanket Jain
PHOTO • Sanket Jain

വൃത്തിയാക്കിയ ആട്ടിൻ‌രോമം കൈത്തലങ്ങൾക്കിടയിലിട്ട് സോമക്ക ആകൃതി വരുത്തുന്നു

PHOTO • Sanket Jain
PHOTO • Sanket Jain

വട്ടത്തിലാക്കിയ കണ്ട വെള്ളത്തിൽ മുക്കി അതിനെ ബലമുള്ളതാക്കിയതിനുശേഷം കൂടുതലുള്ള വെള്ളം കളയുന്നു

സോമക്കയുടെ ഭർത്താവ് ബാലു പൂജാരി, 15 വയസ്സുമുതൽ ആട്ടിടയനായി ജോലി ചെയ്യാൻ തുടങ്ങിയതാണ്. 62 വയസ്സായ അദ്ദേഹം ഇപ്പോൾ, പ്രായം മൂലം, കന്നുകാലികളെ മേയ്ക്കുന്ന ജോലി നിർത്തിയിരിക്കുന്നു. ഇപ്പോൾ അദ്ദേഹം, ഗ്രാമത്തിൽ സ്വന്തമായുള്ള രണ്ടേക്കർ സ്ഥലത്ത് കരിമ്പ് കൃഷി ചെയ്തുവരുന്നു.

ആടുമേയ്ക്കുന്ന പണി ഇപ്പോൾ സോമക്കയുടെ മൂത്ത മകൻ, 34 വയസ്സുള്ള മാലു പൂജാരിയാണ് ചെയ്യുന്നത്. 50-ൽത്താഴെ ആടുകളേയും ചെമ്മരിയാടുകളേയും മാത്രമാണ് തന്റെ മകൻ ഇപ്പോൾ നോക്കുന്നതെന്ന് ബാലു പറയുന്നു. “ഒരു പതിറ്റാണ്ട് മുമ്പ്, ഞങ്ങളുടെ കുടുംബത്തിന് സ്വന്തമായി മേയ്ക്കാൻ 200-ലധികം ആടുകളുണ്ടായിരുന്നു,” എന്ന് ബാലു ഓർത്തെടുക്കുന്നു. കരഡഗയ്ക്ക് ചുറ്റും മേച്ചിൽ‌പ്പുറങ്ങൾ കുറഞ്ഞുകൊണ്ടുവരുന്നതാന് ആടുകളുടെ എണ്ണത്തിലെ കുറവിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആട്ടിൻപറ്റത്തിലുണ്ടായ കുറവുമൂലം രോമം വെട്ടിമാറ്റാനുള്ള ആടുകളുടെ എണ്ണത്തിലും കുറവുണ്ടായി. അതാകട്ടെ, ഗ്രാമത്തിലെ കണ്ട കളേയും ബാധിച്ചു.

ചെമ്മരിയാടുകളേയും ആടുകളേയും മേയ്ക്കാൻ സോമക്കയെ ദിവസവും അനുഗമിച്ചിരുന്നത് സോമക്ക ഓർത്തെടുത്തു. 151 കിലോമീറ്റർ അകലെ, കർണ്ണാടകയിലെ ബിജാപുരിലേക്കും, 227 കിലോമീറ്റർ അകലെ മഹാരാഷ്ട്രയിലെ സോളാപ്പുരിലേക്കും ഈ ദമ്പതികൾ യാത്ര ചെയ്യാറുണ്ടായിരുന്നു. “ഞങ്ങൾ ധാരാളം യാത്ര ചെയ്തു. പാടങ്ങളായിരുന്നു ഞങ്ങളുടെ വീടുകൾ,” പതിറ്റാണ്ട് മുമ്പുള്ള തങ്ങളുടെ ജീവിതത്തെക്കുറിച്ച് സോമക്ക പറയുന്നു. “ദിവസവും തുറസ്സായ പാടങ്ങളിൽ ഞങ്ങൾ ഉറങ്ങാറുണ്ടായിരുന്നു. തലയ്ക്ക് മുകളിൽ ചന്ദ്രനും നക്ഷത്രങ്ങളുമായിരുന്നു. നാല് ചുമരുകൾക്കുള്ളിൽ സുരക്ഷിതമായ വീടുപോലെയായിരുന്നില്ല അത്.”

കരഡഗയിലേയും സമീപഗ്രാമങ്ങളിലേയും പാടങ്ങളിൽ സോമക്ക ജോലി ചെയ്യാറുണ്ടായിരുന്നു. ചിലപ്പോൾ 10 കിലോമീറ്റർ അകലെവരെ. എല്ലാ ദിവസവും നടന്നുപോകും. ചിലപ്പോൾ ‘കിണർ കുഴിക്കാനും കല്ലുകൾ പൊക്കാം’ കൂടും. 1980-കളിൽ, കിണർ കുഴിക്കാൻ 24 പൈസ കിട്ടിയിരുന്നു. “അക്കാലത്ത്, ഒരു കിലോഗ്രാം അരിക്ക് 2 രൂപയാണ് വില,” അവർ ഓർമ്മിക്കുന്നു.

PHOTO • Sanket Jain

ചെമ്മരിയാടുകളേയും ആടുകളേയും മേയ്ക്കാനായി സോമക്കയും ഭർത്താവ് ബാലുവും നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കാറുണ്ടായിരുന്നു

PHOTO • Sanket Jain
PHOTO • Sanket Jain

ഇടത്ത്: നെയ്യുന്നതിനായി ധങ്കാർ സമുദായം ഉപയോഗിച്ചിരുന്ന ഒരു പരമ്പരാഗത ഉപകരണം. വലത്ത്: ആണി ഉപയോഗിച്ച്, ഒരു പിച്ചളപ്പാത്രത്തിൽ കൊത്തിവെച്ചിരിക്കുന്ന പക്ഷിരൂപം. ‘എനിക്ക് ഇങ്ങനെ ചെയ്യാൻ ഇഷ്ടമായിരുന്നു പാത്രം എന്റെ സ്വന്തമാണെന്നതിന്റെ അടയാളമാണത്,’ ബാലു പറയുന്നു

കൈകൊണ്ട് കണ്ട ഉണ്ടാക്കുന്നത് കണ്ടാൽ എളുപ്പമാണെന്ന് തോന്നുമെങ്കിലും, നിരവധി വെല്ലുവിളികളുള്ള കലയാണത്. ഉണ്ടാക്കുന്നവരുടെ മൂക്കിലും വായിലുമൊക്കെ അത് പോകാനിടയുണ്ട്. ചുമയും തുമ്മലും പതിവാകും. പിന്നെ, സൌജന്യമായി ചെയ്യുന്ന ജോലിയുടെ പ്രകൃതവും. പണമൊന്നും കൈമാറ്റം ചെയ്യപ്പെടുന്നില്ല ഇതിൽ. മേച്ചിൽ‌പ്പുറങ്ങൾ കുറഞ്ഞതും ഈ കലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

നവജാതശിശുവിന്റെ കൈത്തണ്ടയിൽ കണ്ട കെട്ടുന്ന ചടങ്ങിനുശേഷം അവർക്ക് മഞ്ഞൾക്കുറി, തൊപ്പി, (പരമ്പരാഗത തൊപ്പി) വെറ്റില, അടയ്ക്ക, ബ്ലൌസിനുള്ള തുണി, നാളികേരം, തൂവാല എന്നിവ ലഭിക്കും. “ചില കുടുംബങ്ങൾ കുറച്ച് പണവും തരാറുണ്ട്,” സോമക്ക പറയുന്നു. എന്നാൽ താൻ ഒരിക്കലും പ്രതിഫലം ചോദിക്കാറില്ലെന്ന് അവർ കൂട്ടിച്ചേർക്കുകയും ചെയ്തു. “ഇതൊരിക്കലും പണത്തിനുവേണ്ടി ചെയ്യുന്ന കലയല്ല,” അവർ ഉറപ്പിച്ച് പറയുന്നു.

ഈയടുത്ത കാലത്ത് ചിലർ, ആട്ടിൻ‌രോമവും കറുത്ത ചരടും കൂട്ടിക്കെട്ടി ഒന്നിന് 10 രൂപ വെച്ച് മേളകളിൽ വിൽക്കാറുണ്ട്. “ശരിക്കുള്ള കണ്ട കണ്ടുകിട്ടാൻ ബുദ്ധിമുട്ടാണ്,” സോമക്കയുടെ ഇളയ മകൻ, 30 വയസ്സുള്ള രാമചന്ദ്ര പറയുന്നു. അച്ഛന്റെ കൂടെ കൃഷി ചെയ്യാറുള്ള അയാൾ, ഗ്രാമക്ഷേത്രത്തിലെ പൂജാരിയുമാണ്.

PHOTO • Sanket Jain
PHOTO • Sanket Jain

ഇടത്ത്: ബാലു-സോമക്ക പൂജാരിയുടെ കുടുംബ കഴിഞ്ഞ ആറ് തലമുറയായി കരഡഗയിലാണ് താമസിക്കുന്നത്. വലത്ത്: ആട്ടിൻ‌രോമംകൊണ്ടുണ്ടാക്കുന്ന പരമ്പരാഗതമായ കമ്പിളി. പൂജാരിയുടെ കുടുംബത്തിന്റേതാണ് ഇത്

സോമക്കയുടെ മകൾ, 28 വയസ്സുള്ള മഹാദേവി ഈ കല പഠിച്ചത് അമ്മയിൽനിന്നാണ്. “വളരെ കുറച്ചുപേർക്കേ ഇപ്പോൾ ഇതിൽ താത്പര്യമുള്ളു,” ധങ്കാർ സമുദായത്തിലെ എല്ലാ സ്ത്രീകൾക്കും കണ്ട യുണ്ടാക്കാൻ അറിയുമായിരുന്ന ആ പഴയ കാലമോർത്തുകൊണ്ട് സോമക്ക പറയുന്നു.

ആട്ടിൻ‌രോമം തുടയിൽ‌വെച്ച് പിരിച്ച് നൂൽ നൂൽക്കാനും സോമക്കയ്ക്ക് അറിയാം. ഘർഷണം മൂലം തൊലി ചിലപ്പോൾ പൊള്ളാറുണ്ട്. അതുകൊണ്ടാണ് ഇപ്പോൾ ചിലർ, അത്തരം നൂൽ നൂൽക്കാൻ ചർക്ക ഉപയോഗിക്കുന്നത്. അവരുടെ കുടുംബം, നെയ്ത ആട്ടിൻ‌രോമങ്ങൾ സംഗാർ എന്ന സമുദായത്തിന് – ആട്ടിൻ‌രോമംകൊണ്ട് കമ്പിളിയുണ്ടാക്കുന്നതിൽ പേരുകേട്ട സമുദായം – വിൽക്കാറുണ്ട്. ഖൊംഗഡി എന്നാണ് ആ കമ്പിളിക്കുള്ള പേര് ഈ കമ്പിളികൾ 1,000 രൂപയ്ക്ക് മേലെയാണ് വിൽക്കുന്നതെങ്കിലും, നെയ്ത രോമങ്ങൾ സോമക്ക വിൽക്കുന്നത്, കിലോഗ്രാമിന് വെറും 7 രൂപയ്ക്കാണ്.

എല്ലാ വർഷവും ഒക്ടോബറിനും ഡിസംബറിനുമിടയിൽ കോൽഹാപുരിലെ പട്ടാൻ കോഡോലി ഗ്രാമത്തിൽ നടക്കുന്ന വിത്തൽ ബീർദേവ് യാത്രയിൽ ഈ നൂലുകൾ വിൽക്കാറുണ്ട്. ഈ യാത്രയ്ക്കുള്ള വില്പനയ്ക്കായി ദീർഘനേരം സോമക്ക നൂൽ നൂൽക്കാൻ ചിലവഴിക്കുന്നു. യാത്രയുടെ തലേന്നാവുമ്പോഴേക്കും 2,500 നൂൽത്തിരികൾ അവർ നെയ്യും. “എന്റെ കാലുകൾ നീരുവെയ്ക്കും,” സോമക്ക പറയുന്നു. തലയിലേന്തിയ ഒരു കൊട്ടയിൽ 10 കിലോഗ്രാം നൂലും ചുമന്ന് 16 കിലോമീറ്റർ നടന്നിട്ടാണ് അവർ ആ സ്ഥലത്തേക്കും പോവാറുള്ളത്. ഇതിന് അവർക്ക് ആകെ കിട്ടുന്നതാകട്ടെ 90 രൂപയും.

ഇത്രയൊക്കെ ബുദ്ധിമുട്ടിയിട്ടും, കണ്ട ഉണ്ടാക്കുന്നതിലുള്ള സോമക്കയുടെ ഉത്സാഹത്തിന് ഒരു കുറവുമില്ല. “ഈ പാരമ്പര്യം ഞാൻ നിലനിർത്തുന്നു എന്നതിൽ എനിക്ക് അഭിമാനമുണ്ട്.” നെറ്റിയിൽ മഞ്ഞൾ തേച്ച സോമക്ക പറയുന്നു. “ചുറ്റും ആടുകളും ചെമ്മരിയാടുകളുമായി, പാടത്താണ് ഞാൻ ജനിച്ചത്. മരിക്കുന്നതുവരെ ഈ കല ഞാൻ കൊണ്ടുനടക്കും,” അവർ പറയുന്നു.

മൃണാളിനി മുഖർജി ഫൌണ്ടേഷന്റെ സഹായത്തോടെ, ഗ്രാമീണ കരകൌശലക്കാരെക്കുറിച്ച് സങ്കേത് ജയിൻ തയ്യാറാക്കുന്ന പരമ്പരയുടെ ഭാഗമാണ്ഈ റിപ്പോർട്ട്

പരിഭാഷ: രാജീവ് ചേലനാട്ട്

Sanket Jain

سنکیت جین، مہاراشٹر کے کولہاپور میں مقیم صحافی ہیں۔ وہ پاری کے سال ۲۰۲۲ کے سینئر فیلو ہیں، اور اس سے پہلے ۲۰۱۹ میں پاری کے فیلو رہ چکے ہیں۔

کے ذریعہ دیگر اسٹوریز Sanket Jain
Editor : Dipanjali Singh

دیپانجلی سنگھ، پیپلز آرکائیو آف رورل انڈیا کی اسسٹنٹ ایڈیٹر ہیں۔ وہ پاری لائبریری کے لیے دستاویزوں کی تحقیق و ترتیب کا کام بھی انجام دیتی ہیں۔

کے ذریعہ دیگر اسٹوریز Dipanjali Singh
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat