“എനിക്കീ ഒ.ടി.പി.യെ ഭയങ്കര പേടിയാണ്. ആറ് അക്കങ്ങൾ അമർത്തിയാൽ പൈസ പോയിക്കിട്ടും,” തിരക്കുള്ള ഒരു സംസ്ഥാന ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിൽ‌വെച്ച് എന്നോട് പറയുകയായിരുന്നു അനിൽ ടോംബരെ. വണ്ടികളുടെ ഹോൺ ശബ്ദവും, സാധനങ്ങൾ വിൽക്കുന്നവരുടെ ഒച്ചപ്പാടും, പുറപ്പെടുന്ന വണ്ടികളെക്കുറിച്ചുള്ള അറിയിപ്പുകളും എല്ലാം ചേർന്ന് ശബ്ദമുഖരിതമായിരുന്നു അവിടം. ആരോ അയാളോട് ഒ.ടി.പി. ചോദിച്ചപ്പോൾ, എന്റെ സഹായം അഭ്യർത്ഥിച്ചു അനിൽ.

ബഡ്ജറ്റിനെക്കുറിച്ച് അയാൾ കേട്ടിരുന്നു. അർത്ഥസങ്കല്പ എന്നാണ് അയാൾ അതിനെ സ്വന്തം ഭാഷയിൽ വിശേഷിപ്പിച്ചത്. “ജനുവരി 31-ന് റേഡിയോയിൽ അതിനെക്കുറിച്ച് എന്തോ വാർത്ത ഉണ്ടായിരുന്നു. ഓരോ വകുപ്പുകൾക്കും സർക്കാർ പണം നീക്കിവെച്ചതായി അറിഞ്ഞു. മുഴുവനല്ലെങ്കിലും കുറച്ചൊക്കെ അതിനെക്കുറിച്ച് എനിക്കറിയാം. “ഒരു രൂപയിൽ പത്ത് പൈസ എന്ന കണക്കിൽ,” ഒരു അടയ്ക്ക മുറിച്ചുകൊണ്ട് അയാൾ പറയുന്നു.

ശാന്തമായ ഒരു സ്ഥലം തേടി കാന്റീനിലേക്ക് നയിച്ചത് അയാളായിരുന്നു, അല്ലെങ്കിൽ അയാളുടെ വെളുപ്പും ചുവപ്പും നിറമുള്ള ഊന്നുവടി. കാഴ്ച പരിമിതനായിരുന്നു ടോംബരെ. പ്ലാറ്റ്ഫോമും, തിരക്കും, കാന്റീൻ കൌണ്ടറും, ചവിട്ടുപടികളും എല്ലാം അദ്ദേഹത്തിന് കാണാതറിയാം. “എനിക്ക് ഒരു മാസം പ്രായമുള്ളപ്പോഴാണ് അഞ്ചാം പനി വന്ന് കാഴ്ചശക്തി പൂർണ്ണമായി നഷ്ടപ്പെട്ടത്. അതാണ് ഞാൻ കേട്ടത്.”

PHOTO • Medha Kale

അംഗപരിമിതികളുള്ളവരിൽ ബഡ്ജറ്റ് കൂടുതൽ ശ്രദ്ധ ചെലുത്തണണമെന്നാണ് ബാറുളിൽനിന്നുള്ള പാട്ടുകാരനായ അനിൽ തോംബരെയുടെ അഭിപ്രായം

തുൽജാപുരിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള, 2,500-ഓളം ആളുകൾ താമസിക്കുന്ന ബാറുൾ എന്ന ഗ്രാമത്തിലാണ് അദ്ദേഹം താമസിക്കുന്നത്. ഭക്തിഗീതങ്ങൾ ആലപിക്കുകയും അവതരിപ്പിക്കുകയും ചെയുന്ന ഒരു ഭജന മണ്ഡലിനുവേണ്ടി തബലയും പക്കവാദ്യവും വായിക്കുന്നുണ്ട് ടോംബരെ. അംഗപരിമിതർക്ക് കിട്ടുന്ന 1,000 രൂപ പെൻഷന് പുറമേ, ഈ ഭജന മണ്ഡലിന്റെ സംഘാടകരിൽനിന്നും കുറച്ച് പൈസ അദ്ദേഹത്തിന് ഈ വകയിൽ കിട്ടുന്നുണ്ട്. “ഒരിക്കലും സമയത്തിന് കിട്ടാറില്ല,” അദ്ദേഹം പറയുന്നു. തുൽജാപുരിലെ ബാങ്കിൽ പോയി വേണം പെൻഷൻ വാങ്ങാൻ. ഈയിടെ, പ്രധാൻ മന്ത്രി ആവാസ് യോജന യിൽ ഒരു വീട് അയാൾക്ക് അനുവദിച്ചിട്ടുണ്ട്. അതിന്റെ പണി ഉടൻ തുടങ്ങും. “അത് കിട്ടാനും ആദ്യത്തെ ഗഡു ബാങ്കിലെ അക്കൌണ്ടിൽ വരണം. അതിനാകട്ടെ, കെ.വൈ.സി.യും വേണം,” 55 വയസ്സുള്ള അദ്ദേഹം പറയുന്നു.

ഇന്ന് അദ്ദേഹം തുൽജാപുരിൽ വന്നത്, കഴുകിയ വസ്ത്രങ്ങൾ അലക്കുകമ്പനിയിൽനിന്ന് വാങ്ങാനാണ്. ബാറുളിലെ ഒരു സുഹൃത്ത് നൽകുന്ന സേവനമാണ് അത്. “ഞാൻ ഒറ്റയ്ക്കാണ്. വീട്ടിലെ എല്ലാ ജോലിയും ഞാൻ തനിച്ചാണ് ചെയ്യുന്നത്. പാചകവും, ടാപ്പിൽനിന്ന് വെള്ളം കൊണ്ടുവരലും എല്ലാം. പക്ഷേ, തുണി അലക്കാൻ എനിക്ക് മടിയാണ്,” ഹൃദ്യമായി ചിരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു.

ടോംബരയെ സംബന്ധിച്ചിടത്തോളം “രക്ഷകർത്താവായ സർക്കാർ എല്ലാവരേയും സംരക്ഷിക്കണം. എന്നാൽ എന്നോട് ചോദിച്ചാൽ, ഞങ്ങളെപ്പോലുള്ള ശാരീരികപരിമിതികളുള്ളവരുടെ കാര്യത്തിൽ ബഡ്ജറ്റിൽ കുറച്ചുകൂടി ശ്രദ്ധ ചെലുത്തണം.”

എന്നാൽ, 2025-ലെ കേന്ദ്ര ബഡ്ജറ്റിൽ, ശാരീരിക പരിമിതികളുള്ളവരെക്കുറിച്ച്, അഥവാ ദിവ്യാംഗജന ത്തെക്കുറിച്ച് ഒരിക്കൽ‌പ്പോലും പരാമർശിച്ചിട്ടില്ലെന്ന് ടോംബരെക്ക് അറിയില്ല.

പരിഭാഷ: രാജീവ് ചേലനാട്ട്

Medha Kale

میدھا کالے پونے میں رہتی ہیں اور عورتوں اور صحت کے شعبے میں کام کر چکی ہیں۔ وہ پیپلز آرکائیو آف رورل انڈیا (پاری) میں مراٹھی کی ٹرانس لیشنز ایڈیٹر ہیں۔

کے ذریعہ دیگر اسٹوریز میدھا کالے
Editor : Sarbajaya Bhattacharya

سربجیہ بھٹاچاریہ، پاری کی سینئر اسسٹنٹ ایڈیٹر ہیں۔ وہ ایک تجربہ کار بنگالی مترجم ہیں۔ وہ کولکاتا میں رہتی ہیں اور شہر کی تاریخ اور سیاحتی ادب میں دلچسپی رکھتی ہیں۔

کے ذریعہ دیگر اسٹوریز Sarbajaya Bhattacharya
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat