അത്ര ഉറപ്പിച്ച് പറയാനാവില്ലെങ്കിലും, ഭർത്താവിന്റെ കണ്ണുകൾ തന്നിൽ പതിഞ്ഞത്, താൻ അലങ്കാരതുന്നൽ‌പ്പണി ചെയ്യുമ്പോഴാണെന്ന് ശശി രൂപേജ വിചാരിക്കുന്നു. “ഞാൻ ഫുൽക്കാരി തുന്നിപ്പിടിപ്പിക്കുന്നത് കണ്ടിട്ടുണ്ടാകാം. അദ്ധ്വാനിക്കുന്നവളാണെന്ന് കരുതിയിട്ടുമുണ്ടാവണം,” കൈയിൽ പകുതി പണി കഴിഞ്ഞ ഒരു ഫുൽക്കാരി പിടിച്ചുകൊണ്ട്, ശശി, ആ പഴയ രംഗം ഓർമ്മിച്ച് ആനന്ദത്തോടെ ചിരിക്കുന്നു.

പഞ്ചാബിൽ നല്ല തണുപ്പുകാലമായിരുന്നു. സുഹൃത്ത് ബിമലയോടൊപ്പം, ശിശിരത്തിൽ വെയിൽ കാഞ്ഞ് ഇരിക്കുകയായിരുന്നു അവർ. തമ്മിൽതമ്മിൽ സംസാരിക്കുമ്പോൾ അവരുടെ കൈകൾ ഇടതടവില്ലാതെ പ്രവർത്തിച്ചുകൊണ്ടിരുന്നു. എന്നാൽ തുണിയിൽ ഫുൽക്കാരി രൂപമാതൃകകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്ന കൈയ്യിലെ സൂചിയിൽനിന്ന് ഒരിക്കൽപ്പോലും അവരുടെ ശ്രദ്ധ വ്യതിചലിച്ചില്ല.

“എല്ലാ വീടുകളിലേയും സ്ത്രീകൾ ഫുൽക്കാരി ചിത്രങ്ങൾ തുന്നിപ്പിടിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു,” 56 വയസ്സുള്ള ആ പാട്യാല സ്വദേശി ഓർമ്മിക്കുന്നു. ചുവന്ന ദുപ്പട്ടയിൽ തുന്നിപ്പിടിപ്പിച്ചിരുന്ന പൂവിന്റെ ചിത്രത്തിൽ സൂചി കയറ്റിക്കൊണ്ട് അവർ കൂട്ടിച്ചേർക്കുന്നു.

പൂക്കളുടെ ചിത്രങ്ങൾ ദുപ്പട്ടകളിലും സൽ‌വാർ കമ്മീസുകളിലും, സാരികളിലും തുന്നിച്ചേർക്കുന്ന അലങ്കാരപ്പണിയാണ് ഫുൽക്കാരി. മരത്തിന്റെ അച്ചുകളിൽ മഷി പുരട്ടി, ആദ്യം തുണിയിൽ രൂപമാതൃകകൾ പതിപ്പിക്കും. അതിനുശേഷം, എംബ്രോയ്ഡർമാർ, ആ ചിത്രത്തിൽ, നിറമുള്ള പട്ടുനൂലുകളും പരുത്തിനൂലുകളുമുപയോഗിച്ച് പൂക്കൾ തുന്നിപ്പിടിപ്പിക്കുന്നു. പാട്യാല നഗരത്തിൽനിന്നാണ് ആ നൂലുകൾ അവർ സംഘടിപ്പിക്കുന്നത്.

PHOTO • Naveen Macro
PHOTO • Naveen Macro

സുഹൃത്ത് ബിമലയോടൊപ്പം, ഒരു ഫുൽക്കാരിയുടെ പണിയിൽ ഏർപ്പെട്ടിരിക്കുന്ന ശശി രൂപേജ (കണ്ണട ധരിച്ച സ്ത്രീ)

PHOTO • Naveen Macro
PHOTO • Naveen Macro

മരത്തിന്റെ അച്ചുകളിൽ മഷി പുരട്ടി (വലത്ത്), തുണിയിൽ രൂപമാതൃകകൾ പതിപ്പിച്ച്, അതിൽ പൂക്കളുടെ ചിത്രങ്ങൾ, നിറമുള്ള നൂലുകൾകൊണ്ട് തയ്ച്ചുപിടിപ്പിക്കുന്ന കലയാണ് ഫുൽക്കാരി

“ഞങ്ങളുടെ ത്രിപുരി എന്ന ഈ പ്രദേശം ഫുൽക്കാരിക്ക് പ്രസിദ്ധമാണ്,” നാല് പതിറ്റാണ്ട് മുമ്പ്, വിവാഹിതയായതിനുശേഷം, സമീപത്തെ ഹരിയാനയിൽനിന്ന് പഞ്ചാബിലെ പാട്യാല ജില്ലയിലേക്ക് താമസം മാറ്റിയ ശശി പറയുന്നു. “ത്രിപുരിയിലെ പെണ്ണുങ്ങളെ നിരീക്ഷിച്ച് ഞാൻ പഠിച്ചെടുത്തതാണ് ഈ കല,” അവർ പറയുന്നു. ഈ പ്രദേശത്തേക്ക് വിവാഹം ചെയ്തയച്ച സഹോദരിയെ സന്ദർശിക്കാൻ ഇവിടെ വന്നപ്പോഴാണ് ഈ കല ആദ്യമായി ശശിയുടെ ശ്രദ്ധയിൽ‌പ്പെട്ടത്. 18 വയസ്സായിരുന്നു അവർക്കപ്പോൾ. ഒരു വർഷത്തിനുശേഷം, ഈ പ്രദേശത്തെ ഒരു വിനോദ് കുമാറുമായി അവർ വിവാഹിതയാവുകയും ചെയ്തു.

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്ക് 2010-ൽ ഭൌമസൂചികാ പദവി (ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷാൻ  ജി.ഐ) നേടിക്കൊടുത്ത ഈ കലയ്ക്ക്, ഈ മേഖലയിലെ സ്ത്രീകൾക്കിടയിൽ പ്രചാരമുണ്ടായിരുന്നു. വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാൻ ഈ കല അവരെ സഹായിച്ചു. സാധാരണയായി 20-25 ആളുകളുടെ ഒരു സംഘമായി രൂപം കൊണ്ട്, കമ്മീഷൻ വ്യവസ്ഥയിൽ എംബ്രോയ്ഡറി ജോലികൾ ചെയ്ത്, ലാഭം പങ്കിട്ടെടുക്കുകയാണ് ഇവിടെ അവർ ചെയ്യുന്നത്.

“ഇപ്പോൾ ചുരുക്കം ചിലർ മാത്രമേ കൈകൊണ്ട് ഫുൽക്കാരി ഉണ്ടാക്കുന്ന ജോലി ചെയ്യുന്നുള്ളു,” ശശി പറഞ്ഞു. യന്ത്രത്തിലുണ്ടാക്കുന്ന വില കുറഞ്ഞ ഫുൽക്കാരി അവരുടെ സ്ഥാനം ഏറ്റെടുത്തുകഴിഞ്ഞു. എന്നാലും, ഇപ്പോഴും ത്രിപുരിയിൽ ഈ കല ബാക്കി നിൽക്കുന്നുണ്ട്. ഫുൽക്കാരി വസ്ത്രങ്ങൾ വിൽക്കുന്ന നിരവധി സ്ഥാപനങ്ങൾ ഇവിടെയുണ്ട്.

23 വയസ്സിലാണ് ഈ കലയിലൂടെ സ്വന്തമായി അവർ ആദ്യമായി വരുമാനം നേടിയത്. 10 ജോടി സൽവാർ കമ്മീസുകൾ വാങ്ങി, അവർ എംബ്രോയ്ഡറി ചെയ്ത് നാട്ടിലുള്ള ഉപഭോക്താക്കൾക്ക് വിറ്റു. 1,000 രൂപ സമ്പാദിക്കുകയും ചെയ്തു. ബുദ്ധിമുട്ടുള്ള കാലത്തും, ഈ കല അവർക്ക്, കുടുംബം പോറ്റാനുള്ള വരുമാനം ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. “കുട്ടികളുടെ വിദ്യാഭ്യാസത്തിന് പുറമേ, മറ്റ് ചിലവുകളുമുണ്ട്,” അവർ പറയുന്നു.

ചന്ദൻ ദി ഫുൽക്കാരി എന്ന സിനിമ കാണുക

ശശിയുടെ ഭർത്താവ് ഒരു തയ്യൽക്കാരനായിരുന്നു. ശശി ആദ്യമായി ജോലി തുടങ്ങുന്ന സമയത്ത്, ഭർത്താവിന്റെ കച്ചവടം നഷ്ടത്തിലായിക്കഴിഞ്ഞിരുന്നു. അയാളുടെ ആരോഗ്യം ക്ഷയിക്കുകയും, അധികം ജോലി ചെയ്യാൻ കഴിയാതാവുകയും ചെയ്തതോടെ, ശശി ചുമതലകൾ സ്വയം ഏറ്റെടുത്തു. “ഭർത്താവ് ഒരു തീർത്ഥാടനം കഴിഞ്ഞ വന്നപ്പോൾ, അദ്ദേഹത്തിന്റെ തയ്യൽക്കടയുടെ രൂപത്തിൽ ഞാൻ മാറ്റങ്ങൾ വരുത്തിയത് കണ്ട് അത്ഭുതപ്പെട്ടു” ശശി പറയുന്നു. തയ്യൽ മെഷീനുകൾ മാറ്റി, ആ സ്ഥാ‍നത്ത്, രൂപമാതൃക ഉണ്ടാക്കാനുള്ള നൂലുകളും അച്ചുകളും അവർ പ്രതിഷ്ഠിച്ചിരുന്നു. കൈയ്യിൽ സൂക്ഷിച്ചുവെച്ചിരുന്ന 5,000 രൂപകൊണ്ടാണ് അതെല്ലാം അവർ നിർവഹിച്ചത്.

പാട്യാല നഗരത്തിലെ തിരക്കുള്ള ലാഹോറി ഗേറ്റ് പ്രദേശങ്ങളിലൊക്കെ താനുണ്ടാക്കിയ ഫുൽക്കാരി തയ്യലുകളുള്ള വസ്ത്രങ്ങൾ വിൽക്കാൻ അവർ നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നു ദിവസവും. 50 കിലോമീറ്റർ അകലേയുള്ള അംബാല ജില്ലയിലേക്ക് ട്രെയിനിൽ പോയി, വീടുകളിൽ കയറിയിറങ്ങി അവർ ഫുൽക്കാരി വിൽക്കാൻ തുടങ്ങി. “ഭർത്താവിന്റെ കൂടെ ഞാൻ ജോധ്പുർ, ജയ്സാൽമർ, കർനാൽ തുടങ്ങിയ സ്ഥലങ്ങളിൽ ഫുൽക്കാരി എക്സിബിഷനുകൾ നടത്തി,” അവർ പറയുന്നു. ഒടുവിൽ ഈ തിരക്കുള്ള ജീവിതം മടുത്ത് അവർ ഇപ്പോൾ വിനോദത്തിനുവേണ്ടി ഫുൽക്കാരികൾ തയ്ക്കുകയാണ്. 35 വയസ്സുള്ള മകൻ ദീപാൻശു രൂപേജയാണ് ഇപ്പോൾ കച്ചവടം നോക്കിനടത്തുന്നത്. പാട്യാലയിലുടനീളം, കരകൌശലക്കാരെ നിയോഗിച്ച്, അയാൾ ഫുൽക്കാരി വസ്ത്രങ്ങൾ വിൽക്കുന്നു.

“യന്ത്രങ്ങൾകൊണ്ട് നിർമ്മിക്കുന്ന ഫുൽക്കാരി വസ്ത്രങ്ങൾ കമ്പോളത്തിൽ വന്നിട്ടും, കൈകൊണ്ടുണ്ടാക്കുന്നവയ്ക്ക് ഇപ്പോഴും ആവശ്യക്കാരുണ്ട്,” ദീപാൻശു പറയുന്നു. ഫുൽക്കാരിയുടെ ഗുണത്തിൽ മാത്രമല്ല, വിലയിലും ഈ രണ്ട് രീതിയിലുള്ള ഉത്പാദനം വ്യത്യാസപ്പെട്ടിരിക്കുന്നു. കൈകൊണ്ട് നിർമ്മിക്കുന്ന ഫുൽക്കാരി 2,000 രൂപയ്ക്ക് വിൽക്കുമ്പോൾ, യന്ത്രത്തിലുണ്ടാക്കുന്നവയ്ക്ക്ക്ക്ക്ക് 500 മുതൽ 800 രൂപവരെയാണ് വില.

“വസ്ത്രത്തിലെ പൂക്കളുടെ എണ്ണവും അവയുടെ രൂപമാതൃകയുടെ അപൂർവ്വതയും ആശ്രയിച്ചാണ് ഞങ്ങൾ വസ്ത്രങ്ങൾക്ക് വിലയിടുന്നത്,” ദീപാൻശു വിശദീകരിച്ചു. കരകൌശലത്തൊഴിലാളിയുടെ വൈദഗ്ദ്ധ്യത്തെയും അശ്രയിച്ചിരിക്കും അത്. “ഒരു പൂവിന് 3 രൂപ മുതൽ 16 രൂപവരെ കൊടുക്കണം ഒരു തൊഴിലാളിക്ക്”.

ദീപാൻശുവിന്റെ കൂടെ ജോലി ചെയ്യുന്ന ഒരു കരകൌശലത്തൊഴിലാളി 55 വയസ്സുള്ള ബൽ‌വിന്ദർ കൌറാണ്. പാട്യാല ജില്ലയിലെ മിയാൽ ഗ്രാമത്തിലെ താമസക്കാരിയായ ബൽവിന്ദർ മാസത്തിൽ 3-4 തവണ ത്രിപുരിയിലെ ദീപാൻശുവിന്റെ കടയിലേക്ക് വരുന്നു. 30 കിലോമീറ്റർ ദൂരത്തുനിന്ന്. അവിടെനിന്ന് അവർക്ക് ഡിസൈൻ വരച്ച് തുണികളും നൂലും കിട്ടും. അതുവെച്ച് അവർ ചിത്രപ്പണികൾ ചെയ്യും.

PHOTO • Naveen Macro
PHOTO • Naveen Macro

ഭർത്താവിന്റെ കൂടെ ഞാൻ ജോധ്പുർ, ജയ്സാൽമർ, കർനാൽ തുടങ്ങിയ സ്ഥലങ്ങളിൽ പോയി ശശി രൂപേജ ഫുൽക്കാരി എക്സിബിഷനുകൾ നടത്താറുണ്ടായിരുന്നു. ഇപ്പോൾ മകൻ ദീപാൻശുവാണ് (വലത്ത്) കച്ചവടം നോക്കിനടത്തുന്നത്

PHOTO • Naveen Macro
PHOTO • Naveen Macro

ഒരു സൽ‌വാർ കമ്മീസിൽ നൂറ് പൂക്കൾ തുന്നിപ്പിടിപ്പിക്കാൻ, ബൽ‌വിന്ദർ കൌർ എന്ന വിദഗ്ദ്ധതൊഴിലാളിക്ക് വെറും രണ്ട് ദിവസം മതി

ഒരു സൽ‌വാർ കമ്മീസിൽ 100 പൂക്കൾ തുന്നിപ്പിടിപ്പിക്കാൻ, ബൽ‌വിന്ദർ കൌർ എന്ന മാസ്റ്റർ എംബ്രോയ്ഡർക്ക് വെറും രണ്ട് ദിവസം മതി. “ആരും എന്നെ ഫുൽക്കാരി കല ഔപചാരികമായി പഠിപ്പിച്ചിട്ടില്ല,” ബൽ‌വിന്ദർ പറയുന്നു. 19 വയസ്സ് മുതൽ അവർ ഈ ജോലി ചെയ്യുകയാണ്. “എന്റെ കുടുംബത്തിന് സ്വന്തമായി ഭൂമിയൊന്നുമില്ലായിരുന്നു. സർക്കാർ ജോലിയും,” മൂന്ന് മക്കളുള്ള ബൽ‌വിന്ദർ പറയുന്നു. ഭർത്താവ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന ആളായിരുന്നു. അവർ ജോലി തുടങ്ങുമ്പോഴേക്കും അയാൾ തൊഴിൽ‌രഹിതനായിക്കഴിഞ്ഞിരുന്നു.

“നിനക്ക് വിധിച്ചത് നിനക്ക് കിട്ടും. നിനക്ക് കിട്ടുന്ന ജോലി ചെയ്യുക. സ്വയം ജീവിക്കുക” എന്ന് അമ്മ പറയാറുണ്ടായിരുന്നത് ബൽ‌വിന്ദർ ഓർക്കുന്നു. അവരുടെ ചില പരിചയക്കാർ, ത്രിപുരിയിലെ വസ്ത്രവ്യാപാരികളിൽനിന്ന് ഫുൽക്കാരി തുന്നൽ‌പ്പണിക്കുള്ള മൊത്തത്തിലുള്ള ഓർഡർ എടുത്തിരുന്നു. “ഞാൻ പറഞ്ഞു, എനിക്കും പൈസ ആവശ്യമുണ്ട്, ഒരു ദുപ്പട്ട ചെയ്യാൻ തരുമോ എന്ന്. അവർ തന്നു.”

ക്രമേണ, ബൽ‌വിന്ദറിന് കമ്മീഷൻ വ്യവസ്ഥയിൽ ഫുൽക്കാരി ചെയ്യാൻ തുണികൾ കിട്ടിത്തുടങ്ങി. ആദ്യമൊക്കെ കടക്കാർ സെക്യൂരിറ്റി ഡിപ്പോസിറ്റ് ചോദിച്ചിരുന്നു. 500 രൂപയൊക്കെ കടക്കാർക്ക് കൊടുക്കാൻ ബൽ‌വിന്ദർ നിർബന്ധിതയായി. എന്നാൽ “പതുക്കെപ്പതുക്കെ അവർക്ക് എന്നിൽ വിശ്വാസമായിത്തുടങ്ങി”, ഇന്ന് ത്രിപുരിയിലെ എല്ല കച്ചവടക്കാ‍ർക്കും തന്നെ നല്ല പരിചയമാണെന്ന് ബൽ‌വിന്ദർ പറയുന്നു. “പണിക്ക് ഒരു കുറവുമില്ല,” അവർ പറയുന്നു. എല്ലാ മാസവും 100 വസ്ത്രങ്ങൾ കമ്മീഷൻ വ്യവസ്ഥയിൽ കിട്ടുന്നുണ്ടെന്ന് അവർ പറയുന്നു. ഫുൽക്കാരി കരകൌശല വിദഗ്ദ്ധരുടെ ഒരു സംഘത്തെത്തന്നെ അവർ സംഘടിപ്പിച്ചിട്ടുണ്ട്. ചില ജോലികളൊക്കെ ബൽ‌വിന്ദർ അവർക്ക് കൈമാറും. “ആരെയും ആശ്രയിക്കാൻ എനിക്കിഷ്ടമല്ല,” അവർ പറയുന്നു.

35 കൊല്ലം മുമ്പ് ജോലി ചെയ്യാൻ തുടങ്ങിയ കാലത്ത്, ഒരു ദുപ്പട്ട ചെയ്യാൻ 60 രൂപയൊക്കെയാണ് ബൽ‌വിന്ദറിന് കിട്ടിക്കൊണ്ടിരുന്നത്. ഇപ്പോൾ 2,500 കിട്ടുന്നുണ്ട് അവർ. വിദേശത്തേക്ക് പോകുന്ന ചില ആളുകൾ ബൽ‌വിന്ദർ കൈകൊണ്ടുണ്ടാക്കുന്ന എംബ്രോയ്ഡറി വസ്ത്രങ്ങൾ സമ്മാനമായി കൊണ്ടുപോകാറുണ്ട്. “എന്റെ ഉത്പന്നങ്ങൾ നിരവധി രാജ്യങ്ങളിലേക്ക് പോകുന്നു. അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്ക്. ഞാൻ ഇതുവരെ പോകാത്ത വിദേശരാജ്യങ്ങളിലേക്കൊക്കെ അവ പോകുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു,” അഭിമാനത്തോടെ അവർ പറഞ്ഞു.

മൃണാളിനി മുഖർജി ഫൌണ്ടേഷന്റെ ഫെല്ലോഷിപ്പോടെ ചെയ്ത റിപ്പോർട്ടാണിത്

പരിഭാഷ: രാജീവ് ചേലനാട്ട്

Sanskriti Talwar

سنسکرتی تلوار، نئی دہلی میں مقیم ایک آزاد صحافی ہیں اور سال ۲۰۲۳ کی پاری ایم ایم ایف فیلو ہیں۔

کے ذریعہ دیگر اسٹوریز Sanskriti Talwar
Naveen Macro

نوین میکرو، دہلی میں مقیم ایک آزاد فوٹو جرنلسٹ اور ڈاکیومینٹری فلم ساز ہیں۔ وہ سال ۲۰۲۳ کے پاری ایم ایم ایف فیلو بھی ہیں۔

کے ذریعہ دیگر اسٹوریز Naveen Macro
Editor : Dipanjali Singh

دیپانجلی سنگھ، پیپلز آرکائیو آف رورل انڈیا کی اسسٹنٹ ایڈیٹر ہیں۔ وہ پاری لائبریری کے لیے دستاویزوں کی تحقیق و ترتیب کا کام بھی انجام دیتی ہیں۔

کے ذریعہ دیگر اسٹوریز Dipanjali Singh
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat