കുദ്രെമുഖ ദേശീയ പാർക്കിലെ മലനിരകളിലുള്ള ഇടതൂർന്ന വനങ്ങളിൽ കാലാകാലങ്ങളായി താമസിക്കുന്ന സമുദായങ്ങൾക്ക് ഏറ്റവും അടിസ്ഥാനപരമായ സൗകര്യങ്ങൾപോലും ഇന്നും അന്യമാണ്. അതിൽ കുത്ത്‌ലൂരു ഗ്രാമത്തിലെ മലേക്കുടിയ സമുദായം താമസിക്കുന്ന 30 വീടുകളിൽ ഇന്നും വൈദ്യുതി കണക്ഷനോ കുടിവെള്ളമോ എത്തിയിട്ടില്ല. "ഗ്രാമത്തിൽ വൈദ്യുതി ലഭ്യമാക്കണമെന്ന് ഗ്രാമീണരുടെയിടയിൽ വലിയ തോതിൽ ആവശ്യമുയരുന്നുണ്ട്," കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയ്ക്ക് കീഴിലുള്ള ബെൽത്തംഗഡി താലൂക്കയിൽ ഉൾപ്പെടുന്ന കുത്ത്‌ലൂരു ഗ്രാമത്തിൽ താമസിക്കുന്ന ശ്രീധര മലേക്കുടിയ എന്ന കർഷകൻ പറയുന്നു.
ഏതാണ്ട് എട്ടുവർഷം മുൻപ്, ശ്രീധര തന്റെ വീട് വൈദ്യുതീകരിക്കാനായി ഒരു പിക്കോ ഹൈഡ്രോ ജനറേറ്റർ വാങ്ങിക്കുകയുണ്ടായി. ശ്രീധര ഉൾപ്പെടെ 11 പേരാണ് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഈ ഉദ്യമത്തിൽ നിക്ഷേപിച്ചത്. "മറ്റുള്ള വീടുകളിൽ വൈദ്യുതിയോ ജലവൈദ്യുതിയോ ജലലഭ്യതയോ ഒന്നും തന്നെയില്ല." ഇന്നിപ്പോൾ ഗ്രാമത്തിലെ 15 വീടുകളിൽ പിക്കോ ഹൈഡ്രോ ജനറേറ്ററുകൾ ഉപയോഗിച്ച് ജലവൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ചെറിയ വാട്ടർ ടർബൈൻ ഉപയോഗിച്ച് 1 കിലോവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കാനാകും - ഒരു വീട്ടിലെ ഒന്ന്, രണ്ടു വൈദ്യുതി ബൾബുകൾ പ്രവർത്തിക്കാൻ അത് ധാരാളമാണ്.
വനാവകാശ നിയമം നടപ്പാക്കിയിട്ട് 18 വർഷം പിന്നിടുമ്പോഴും, കുദ്രെമുഖ ദേശീയ പാർക്കിൽ ജീവിക്കുന്ന ആളുകൾക്ക് നിയമം അനുശാസിക്കുന്നതുപ്രകാരം ജലലഭ്യത, റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. വൈദ്യുതിയടക്കമുള്ള സൗകര്യം നേടിയെടുക്കാനുള്ള കഠിനമായ പോരാട്ടത്തിലാണ് പട്ടികജാതി വിഭാഗമായ മലേക്കുടിയ സമുദായം.
പിൻകുറിപ്പ്: ഈ വീഡിയോ 2017-ൽ നിർമ്മിച്ചതാണ്. കുത്ത്‌ലൂരു ഗ്രാമത്തിൽ ഇന്നും വൈദ്യുതി എത്തിയിട്ടില്ല.
പരിഭാഷ: പ്രതിഭ ആര്‍. കെ .