അറിയപ്പെടുന്നത് ‘വിരാട് കൊഹ്‌ലി എന്നാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതിരൂപ്മായ കൊഹ്‌ലിക്ക് ഇവിടെ ദുംഗ്ര ച്ഛോട്ടയിൽ ധാരാളം ആരാധകരുണ്ട്.
തണുപ്പുള്ള ആ പ്രഭാതത്തിൽ 10 മണി കഴിഞ്ഞപ്പോൾ, ചെറുപ്പക്കാരായ പന്ത്രണ്ട് കുട്ടികൾ കളിയിൽ മുഴുകിയിരുന്നു. കടുംപച്ച നിറമുള്ള ചോളവയലുകൾക്കിടയിലെ ആ ചതുരത്തിലുള്ള ഒഴിഞ്ഞ സ്ഥലം ഒരു ക്രിക്കറ്റ് മൈതാനമാണെന്ന് നീങ്ങൾക്ക് മനസ്സിലാവില്ല. എന്നാൽ ബൻസ്‌വാര ജില്ലയിലെ ഈ ഗ്രാമത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആ സ്ഥലത്തിന്റെ ഓരോ മുക്കും മൂലയും അറിയാം. ക്രീസും, ബൌണ്ടറി ലൈനും എല്ലാം.
ഒരു ക്രിക്കറ്റ് പ്രേമിയുമായി സംഭാഷണം ആരംഭിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം, അയാളുടെ ഇഷ്ടതാരത്തിനെക്കുറിച്ച് ചോദിക്കലാണ്. ഇവിടെ വിരാട് കോഹ്‌ലിയാണ് ആദ്യം വരുന്നതെങ്കിലും, മറ്റ് പേരുകളും പിന്നാലെ വന്നു. രോഹിത് ശർമ്മ, ജസ്‌പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, മൊഹമ്മദ് സിറാജ്..
ഒടുവിൽ, 18 വയസ്സുള്ള ശിവം ലബാന കൂട്ടിച്ചേർത്തു, “എനിക്ക് സ്മൃതി മന്ധാനയെ ഇഷ്ടമാണ്.” രാജ്യത്തിലെ ഏറ്റവും പ്രചാരമുള്ള ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ഇന്ത്യാ വിമൻ ടി-20യുടെ മുൻ ക്യാപ്റ്റനും, ഓപ്പണിംഗ് ബാറ്ററുമായ ഈ ഇടതുകൈ കളിക്കാരി.
എന്നാൽ, ഫീൽഡിൽ ചർച്ച ചെയ്യപ്പെടുന്ന ഒരേയൊരു ഇടങ്കൈ കളിക്കാരിയല്ല അവർ. അത് ഞങ്ങൾ അറിയാൻ പോവുന്നതേ ഉണ്ടായിരുന്നുള്ളു.
ബൌളർമാരായും ബാറ്റ്സ്മാന്മാരായും വളരാൻ കൊതിക്കുന്ന അവരുടെയിടയിൽ - എല്ലാം ആൺകുട്ടികൾ - ഒരു പെൺകുട്ടി വേറിട്ട് നിൽക്കുന്നു. കേവലം ഒമ്പത് വയസ്സുള്ള ഹിതാക്ഷി രാഹുൽ ഹർകിഷി. വെള്ള ഷൂസ് ധരിച്ചും, ബാറ്റ് ചെയ്യുമ്പോൾ ധരിക്കുന്ന പാഡ് തുടയിലും കൈമുട്ടുകളിലും കെട്ടിവെച്ചുമാണ് ആ ചെറിയ പെൺകുട്ടി നിന്നിരുന്നത്.
“എനിക്കൊരു ബാറ്റ്സ്മാനാവണം. ബാറ്റ് ചെയ്യാനാണ് എനിക്ക് കൂടുതലിഷ്ടം,” അവൾ പാരിയോട് പറയുന്നു. “എനിക്ക് ഇന്ത്യയ്ക്കുവേണ്ടി കളിക്കണം,” അവൾ പ്രഖ്യാപിച്ചു. സംസാരിക്കാൻ അത്ര താത്പര്യമില്ലാതിരുന്ന ഹിതാക്ഷിക്ക് പക്ഷേ ക്രീസിൽ നിന്ന് അവളുടെ കളി കാണിച്ചുതരാൻ ഉത്സാഹമായിരുന്നു. ഉറച്ച പിച്ചിലേക്ക് നടന്ന്, അവൾ ചില പന്തുകൾ വലയായി ഉപയോഗിക്കുന്ന കമ്പിവേലിയിലേക്ക് അടിച്ചുതെറിപ്പിച്ചു.
കളിക്കാനുള്ള ഹിതാക്ഷിയുടെ ആഗ്രഹത്തെ, അവളുടെ കോച്ചുകൂടിയായ അച്ഛനും പ്രോത്സാഹിപ്പിക്കുന്നുണ്ട്. അവൾ തന്റെ പരിശീലന രീതികൾ വിവരിച്ചു. “സ്കൂൾ കഴിഞ്ഞാൽ ഞാൻ വീട്ടിൽ വന്ന് ഒരു മണിക്കൂർ ഉറങ്ങും. പിന്നെ നാലുമുതൽ എട്ടുമണിവരെ (വൈകീട്ട്) പരിശീലിക്കും.” വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും രാവിലെ 7.30-ന് പരിശീലനം തുടങ്ങി, ഉച്ചയോടെ അവസാനിപ്പിക്കും.
“കഴിഞ്ഞ 14 മാസമായി തുടർച്ചയായി ഞങ്ങൾ പരിശീലിക്കുകയാണ്,” ഹിതാക്ഷിയുടെ അച്ഛൻ രാഹുൽ ഹർകിഷി 2024 ജനുവരിയിൽ പാരിയോട് പറഞ്ഞു. രാജസ്ഥാനിലെ ബൻസ്‌വാര ജില്ലയിലെ ഡംഗ്ര ബാഡയിൽ ഒരു വാഹനഗ്യാരേജ് നടത്തുകയാണ് അദ്ദേഹം. മകളുടെ കഴിവുകളെക്കുറിച്ച് അദ്ദേഹത്തിന് അഭിമാനവും വിശ്വാസവുമുണ്ട്. “അവൾ നന്നായി കളിക്കുനുണ്ട്. അച്ഛൻ എന്ന നിലയ്ക്ക് ഞാൻ അധികം കാർക്കശ്യം കാണിക്കാൻ പാടില്ലെങ്കിലും, അത് പറ്റാറില്ല.”
‘അവൾ നന്നായി കളിക്കുന്നുണ്ട്,’ അവളുടെ അച്ഛൻ രാഹുൽ ഹർകിഷി പറയുന്നു. ഒരുകാലത്ത് അദ്ദേഹവും ക്രിക്കറ്റ് കളിക്കാരനായിരുന്നു. ഇപ്പോൾ ഹിതാക്ഷിയുടെ പരിശീലകനുംകൂടിയാണ് രാഹുൽ
മാതാപിതാക്കൾ അവൾക്ക് സമീകൃത ആഹാരം നൽകുന്നുണ്ട്. “ആഴ്ചയിൽ നാല് തവണ മുട്ട, പിന്നെ കുറച്ച് ഇറച്ചിയും. ദിവസവും രണ്ട് ഗ്ലാസ് പാലും, കുക്കുമ്പറും കാരറ്റുമിട്ട സലാഡും കഴിക്കും.
അദ്ധ്വാനം ഹിതാക്ഷിയുടെ കളിയിൽ തിളങ്ങുന്നുണ്ട്. 18 വയസ്സുള്ള ശിവം ലബാന, 15 വയസ്സുള്ള അഷീഷ് ലബാന, ജില്ലാതലത്തിൽ കളിച്ചിട്ടുള്ള. ഡംഗ്ര ച്ഛോട്ടായിൽനിന്നുള്ള രണ്ട് ആൺകുട്ടികൾ തുടങ്ങിയ മുതിർന്നവരുടെ കൂടെയാണ് അവളുടെ പരിശീലനം. ആ രണ്ട് ആൺകുട്ടികളും ബൌളർമാരാണ്. 4-5 വർഷമായി, ലബാന പ്രീമിയ ലീഗ് (എൽ.പി.എൽ) പോലുള്ള ടൂർണമെന്റുകളിൽ പങ്കെടുക്കുന്നുമുണ്ട. ലബാന സമുദായത്തിൽനിന്നുള്ള 60-ലധികം ടീമുകൾ പരസ്പരം മത്സരിക്കുന്ന ടൂർണമെന്റാണ് എൽ.പി.എൽ.
“ആദ്യമായി എൽ.പി.എല്ലിൽ കളിക്കുമ്പോൾ, ഞങ്ങൾ കുട്ടികളായിരുന്നു. ഞങ്ങൾക്ക് രാഹുൽ ഭയ്യയുടെ (ഹിതാക്ഷിയുടെ അച്ഛൻ) പരിശീലനമൊന്നും കിട്ടിയിരുന്നില്ല. ഒരു കളിയിൽ ഞാൻ അഞ്ച് വിക്കറ്റ് വീഴ്ത്തി” ശിവം പറയുന്നു.
രാഹുൽ സംഘടിപ്പിച്ച ഹിതാക്ഷി ക്ലബ്ബിലും അവർ ഇപ്പോൾ കളിക്കുന്നുണ്ട്. “ഞങ്ങൾ അവൾക്ക് (ഹിതാക്ഷിക്ക്) പരിശീലനം നൽകുന്നു. അവളുടെ അരങ്ങേറ്റം ഞങ്ങളുടെ ടീമിലാവണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഞങ്ങളുടെ സമുദായത്തിലെ പെൺകുട്ടികൾ ക്രിക്കറ്റ് കളിക്കാറില്ല. അതുകൊണ്ട് അവൾ മുന്നോട്ട് വന്നത് നന്നായി.”
ഹിതാക്ഷിയെക്കുറിച്ചുള്ള അവളുടെ മാതാപിതാക്കളുടെ സ്വപ്നം, അവളുടെ ഭാഗ്യമാണെന്ന്, ഹിതാക്ഷിയുടെ കൂട്ടത്തിലുള്ള ഒരു ടീമംഗം പറയുന്നു. “അവളെ മുൻപിലേക്ക് കൊണ്ടുപോവുക എന്നതാണ് അവരുടെ സ്വപ്നം.”
പ്രചാരമുള്ള കളിയായിട്ടും, കുടുംബങ്ങൾ കുട്ടികളെ ഈ കളിയിലേക്ക് വിടാൻ മടിക്കുന്നു. ഒരു 15 വയസ്സുകാരനുണ്ടായ സാഹചര്യത്തെക്കുറിച്ച് ശിവം സൂചിപ്പിച്ചു. “അവൻ പല തവണ സംസ്ഥാനതലത്തിൽ കളിച്ചിട്ടുണ്ട്. അത് തുടരണമെന്നും ആഗ്രഹിച്ചിരുന്നു. എന്നാൽ വീട്ടുകാർ മിക്കവാറും അവനെ കോട്ടയിലേക്ക് പറഞ്ഞയക്കും.” ഉപരിവിദ്യാഭ്യാസം, മത്സരപരീക്ഷകൾ എന്നിവയുടെ പര്യായമാണ് കോട്ട. ക്രിക്കറ്റുമായി പുലബന്ധംപോലുമില്ലാത്ത മേഖല.
പ്രൈമറി, സെക്കൻഡറി കുട്ടികളുടെ ഹിന്ദി അദ്ധ്യാപികയാണ് ഹിതാക്ഷിയുടെ അമ്മ, ഷീല ഹർകിഷി. കുടുംബത്തിലെ എല്ലാവരേയുംപോലെ അവരും ഒരു ക്രിക്കറ്റ് പ്രേമിയാണ്. “ഇന്ത്യൻ ടീമിലെ എല്ലാവരുടെ പേരും എനിക്കറിയാം. അവരെ കണ്ടാലും തിരിച്ചറിയാം. എന്നാലും രോഹിത് ശർമയെയാണ് കൂടുതലിഷ്ടം,” ഒരു പുഞ്ചിരിയോടെ അവർ പറയുന്നു.
പഠിപ്പിക്കുന്നതിന് പുറമേ, അവർ ഗ്യാരേജും നോക്കിനടത്താറുണ്ട്. അവിടെവെച്ചാണ് ഞങ്ങളവരെ കണ്ട് സംസാരിച്ചതും. “രാജസ്ഥാനിൽ ഇപ്പോൾ, ക്രിക്കറ്റ് കളിക്കുന്ന അധികം ആൺകുട്ടികളും പെൺകുട്ടികളുമൊന്നും അധികമില്ല. ഞങ്ങൾ ഞങ്ങളുടെ മകൾക്കുവേണ്ടി ഞങ്ങളെക്കൊണ്ടാവുംവിധം ശ്രമിക്കുന്നു. ഇനിയും ശ്രമിക്കും.”
ഒമ്പത് വയസ്സുള്ള ഹിതാക്ഷിക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. എന്നാൽ, “അവളെ ഒരു മികച്ച ക്രിക്കറ്റ് കളിക്കാരിയാക്കാൻ വേണ്ടതൊക്കെ ഞങ്ങൾ ചെയ്യും” എന്ന് ദൃഢനിശ്ചയമുള്ളവരാണ് അവളുടെ മാതാപിതാക്കൾ.
“ഭാവി എന്തൊക്കെയാണ് കരുതിവെച്ചിരിക്കുന്നതെന്ന് എനിക്കറിയില്ല. എന്നാൽ, അവൾ ഇന്ത്യയ്ക്കുവേണ്ടി കളിക്കുമെന്ന് അച്ഛൻ എന്ന നിലയ്ക്കും, നല്ലൊരു കളിക്കാരൻ എന്ന നിലയ്ക്കും എനിക്കുറപ്പുണ്ട്.
പരിഭാഷ: രാജീവ് ചേലനാട്ട്