ആ വോട്ടിംഗ് ദിവസം – 1951-52-ൽ ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് ദിവസം – താൻ ധരിച്ച കട്ടിയുള്ള വെളുത്ത കുർത്തപോലും ഖ്വാജ മൊയിനുദ്ദീന് ഇപ്പോഴും ഓർമ്മയുണ്ട്. 20 വയസ്സായിരുന്നു അന്ന് പ്രായം. തന്റെ ചെറിയ പട്ടണത്തിലൂടെ, പോളിംഗ് സ്റ്റേഷനിലേക്ക്, ആവേശത്തോടെയാണ് അയാൾ പോയിരുന്നത്. പുതുതായി സ്വാതന്ത്ര്യം കിട്ടിയ ജനാധിപത്യ രാജ്യത്തിന്റെ ആഘോഷാന്തരീക്ഷം ശ്വസിച്ചുകൊണ്ടുള്ള യാത്ര.
72 വർഷങ്ങൾക്കുശേഷം ഇന്ന് മൊയിനുദ്ദീൻ തന്റെ ജീവിതത്തിന്റെ പത്താമത്തെ ദശകത്തിലാണ്. 2024 മേയ് 13-ന് ഒരിക്കൽക്കൂടി, വെളുത്ത കുർത്തയണിഞ്ഞ്, പ്രഭാതത്തിൽ അദ്ദേഹം പുറത്തിറങ്ങി. എന്നാലിപ്പോൾ ഊന്നുവടിയുടെ സഹായത്തോടെയാണെന്ന് മാത്രം. നടത്തത്തിലെ കുതിപ്പ് അവസാനിച്ചിരുന്നു. അന്നത്തെ ആ വോട്ടിംഗ് ദിവസത്തിന്റെ ആഘോഷലഹരിയും.
“അന്ന് വോട്ട് ചെയ്തത്, രാഷ്ട്രത്തെ നിർമ്മിക്കാനായിരുന്നു. ഇന്ന്, അതിനെ രക്ഷിക്കാനും”, മഹാരാഷ്ട്രയിലെ ബീഡ് പട്ടണത്തിലെ വീട്ടിലിരുന്ന് പാരിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീഡ് ജില്ലയിലെ ശിരൂർ കാസർ തെഹ്സിലിൽ 1932-ൽ ജനിച്ച മൊയീൻ തെഹ്സിൽ ഓഫീസിൽ കാവൽക്കാരനായിട്ടാണ് ജോലി ചെയ്തിരുന്നത്. എന്നാൽ 1948-ൽ 40 കിലോമീറ്റർ അകലെയുള്ള ബീഡിലേക്ക് ഓടിപ്പോകാൻ അദ്ദേഹം നിർബന്ധിതനായി. അന്നത്ത നാട്ടുരാജ്യമായ ഹൈദരബാദ് ഇന്ത്യൻ യൂണിയനിൽ ചേർന്നപ്പോഴുണ്ടായ അക്രമപരമ്പരകളിൽനിന്ന് രക്ഷപ്പെടാനായിരുന്നു അത്.
1947-ലെ രക്തരൂഷിതമായ വിഭജനത്തിനുശേഷം, മൂന്ന് നാട്ടുരാജ്യങ്ങൾ - ഹൈദരബാദ്, കശ്മീർ, തിരുവിതാംകൂർ - ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ചു. ഇന്ത്യയുടേയും പാകിസ്ഥാനിന്റേയും ഭാഗമല്ലാത്ത ഒരു സ്വതന്ത്ര രാജ്യമായി നിലനിർത്താനായിരുന്നു ഹൈദരബാദിലെ നിസാം ശ്രമിച്ചത്. മറാത്ത്‌വാഡയിലെ ആ കാർഷികമേഖല – ബീഡ് ഉൾപ്പെടുന്ന സ്ഥലം – ഹൈദരബാദ് എന്ന നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു അന്ന്.
1948 സെപ്റ്റംബറിൽ ഇന്ത്യൻ സേന ഹൈദരബാദിൽ പ്രവേശിക്കുകയും നാല് ദിവസത്തിനുള്ളിൽ കീഴടങ്ങാൻ നൈസാമിന് അന്ത്യശാസനം നൽകുകയും ചെയ്തു. എന്നാൽ, സൈന്യത്തിന്റെ കടന്നുകയറ്റക്കാലത്തും തൊട്ടുപിന്നാലെയുമായി, 27,000-ത്തിനും 40,000-ത്തിനുമിടയിൽ മുസ്ലിമുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായി സുന്ദർലാൽ കമ്മിറ്റിയുടെ രഹസ്യ റിപ്പോർട്ട് - ദശകങ്ങൾക്കുശേഷമാണ് ആ റിപ്പോർട്ട് പരസ്യമാക്കിയത് – സൂചിപ്പിക്കുന്നുണ്ട്.
ബീഡിൽവെച്ച് വിവാഹിതനായി. കുട്ടികളെ വളർത്തി. പേരക്കുട്ടികൾ മുതിർന്ന് വലിയവരാവുന്നതിനുവരെ അദ്ദേഹം സാക്ഷിയായി. 30 വർഷം തുന്നൽക്കാരനായിട്ടായിരുന്നു ജീവിതം. പ്രാദേശികരാഷ്ട്രീയത്തിലും അല്പം പ്രവർത്തിച്ചു.
എന്നാൽ, ശിരൂർ കാസറിലെ സ്വന്തം വീട്ടിൽനിന്ന് ഏഴ് പതിറ്റാണ്ട് മുമ്പ് ഓടിപ്പോന്നതിനുശേഷം ആദ്യമായി ഇപ്പോൾ മൊയീനിന് തന്റെ മുസ്ലിം സ്വത്വത്തിൽ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു.
വിദ്വേഷപ്രസംഗങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും രേഖപ്പെടുത്തുന്ന, വാഷിംഗ്ടൺ ആസ്ഥാനമായ ഇന്ത്യാ ഹേറ്റ് ലാബ് എന്ന സംഘടനയുടെ കണക്കുപ്രകാരം, 2023-ൽ 668 വിദ്വേഷപ്രസംഗങ്ങൾ ഇന്ത്യയിൽ നടന്നിട്ടുണ്ട്. അതായത്, ദിവസത്തിൽ രണ്ടെണ്ണംവീതം. മഹാത്മാ ഫൂലെ, ബാബാസാഹേബ് അംബേദ്കർ തുടങ്ങിയ വലിയ ചിന്തകന്മാരുടെ ജന്മദേശമായ മഹാരാഷ്ട്രയാണ് 118 വിദ്വേഷപ്രസംഗങ്ങളുമായി ആ പട്ടികയിൽ മുന്നിൽ നിൽക്കുന്നത്.
“വിഭജനത്തിനുശേഷം ഇന്ത്യയിലെ മുസ്ലിങ്ങളുടെ സ്ഥാനത്തെച്ചൊല്ലി അല്പം അനിശ്ചിതത്വമുണ്ടായിരുന്നു,” അദ്ദേഹം ഓർത്തെടുക്കുന്നു. “എന്നാലും എനിക്ക് പേടിയൊന്നും തോന്നിയിരുന്നില്ല. ഒരു രാഷ്ട്രം എന്ന നിലയ്ക്ക് എനിക്ക് ഇന്ത്യയിൽ വിശ്വാസമുണ്ടായിരുന്നു. എന്നാൽ, ജീവിതകാലം മുഴുവൻ ഇവിടെ കഴിഞ്ഞതിനുശേഷം ഇന്നെനിക്ക് സംശയം തോന്നുന്നു, ഞാൻ ഇവിടത്തുകാരനാണോ..”
തലപ്പത്തുള്ള ഒരൊറ്റ നേതാവ് കാരണമാണ് ഈ സ്ഥിതി എന്നത്, അവിശ്വസനീയമായി അദ്ദേഹത്തിന് അനുഭവപ്പെടുന്നു.
“പണ്ഡിറ്റ് ജവഹർലാൽ നെഹ്രു ആത്മാർത്ഥമായി എല്ലാവരേയും സ്നേഹിച്ചിരുന്നു. എല്ലാവരും അദ്ദേഹത്തേയും തുല്യനിലയിൽ ഇഷ്ടപ്പെട്ടിരുന്നു. ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഒരുമയോടെ കഴിയാമെന്ന് അദ്ദേഹം നമ്മെ വിശ്വസിപ്പിച്ചു. സംവേദനക്ഷമതയുള്ള ആളായിരുന്നു. ശരിക്കും ഒരു മതനിരപേക്ഷൻ. ഇന്ത്യയ്ക്ക് വ്യത്യസ്തമാകാൻ കഴിയും എന്ന ഒരു പ്രതീക്ഷ പ്രധാനമന്ത്രി എന്ന നിലയ്ക്ക് അദ്ദേഹം നമുക്ക് നൽകി.”
എന്നാൽ, മുസ്ലിമുകളെ ‘നുഴഞ്ഞുകയറ്റ‘ക്കാരായി ചിത്രീകരിക്കുന്ന ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജനങ്ങളെ വർഗ്ഗീയമായി ധ്രുവീകരിച്ചുകൊണ്ട് വിജയിക്കാനുള്ള സാധ്യത കാണുമ്പോൾ, മൊയീന് തന്റെ അടിവയറ്റിൽ ചവിട്ടുകൊണ്ടതുപോലെ തോന്നുന്നു.
കോൺഗ്രസ് പാർട്ടി ജനങ്ങളുടെ സ്വത്തുവകകളെ ‘നുഴഞ്ഞുകയറ്റക്കാർക്ക്’ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നാണ്, ഭാരതീയ ജനതാ പാർട്ടിയുടെ താരപ്രചാരകനായ മോദി, 2024 ഏപ്രിൽ 22-ന് രാജസ്ഥാനിലെ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് തെറ്റായി അവകാശപ്പെട്ടത്.
“നിരാശാജനകമാണ് ഇത്. മൂല്യങ്ങളും ആദർശനിഷ്ഠയും ഏറ്റവും വിലപ്പെട്ടവയായി കണ്ടിരുന്ന ഒരു കാലം എനിക്കോർമ്മയുണ്ട്. എന്ത് ചെയ്തിട്ടായാലും അധികാരം പിടിച്ചെടുക്കുക എന്നതായി ഇപ്പോഴത്തെ സ്ഥിതി.” മൊയീൻ പറയുന്നു.
മൊയീനിന്റെ ഒറ്റമുറി വീട്ടിൽനിന്ന് രണ്ടുമൂന്ന് കിലോമീറ്റർ അകലെയാണ് സയ്ദ് ഫക്രു ഉസ് സാമ താമസിക്കുന്നത്. ആദ്യത്തെ പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടില്ലെങ്കിലും, 1962-ൽ നെഹ്രുവിനെ വീണ്ടും തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പിൽ അദ്ദേഹം വോട്ട് ചെയ്തിരുന്നു. “കോൺഗ്രസ്സിന് ഇപ്പോൾ നല്ല സമയമല്ല എന്ന് എനിക്കറിയാം. എന്നാലും ഞാൻ നെഹ്രുവിന്റെ ആശയം കൈവിടില്ല.” അദ്ദേഹം പറയുന്നു. “1970-കളിൽ ഇന്ദിരാ ഗാന്ധി ബീഡിൽ വന്നത് ഞാൻ ഓർക്കുന്നു. അന്ന് അവരെ കാണാൻ ഞാൻ പോയിരുന്നു.”
കന്യാകുമാരിയിൽനിന്ന് കശ്മീർവരെ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര എന്ന പേരിട്ട പദയാത്ര അദ്ദേഹത്തെ ആകർഷിച്ചു. മഹാരാഷ്ട്രയിൽ അദ്ദേഹത്തിന് ഉദ്ധവ് താക്കറെയോടാണ് കടപ്പാട്. അവരോട് തനിക്കൊരിക്കലും അത്തരമൊരു മനോഭാവമുണ്ടാകുമെന്ന് അദ്ദേഹം കരുതിയിരുന്നതല്ല.
“ശിവസേന വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. മഹാവ്യാധിയുടെ കാലത്ത് ഉദ്ധവ് താക്കറെ, മുഖ്യമന്ത്രി എന്ന നിലയിൽ നല്ല പ്രവർത്തനമായിരുന്നു കാഴ്ച വെച്ചത്. മറ്റ് സംസ്ഥാനങ്ങളിലേതുപോലെ, മുസ്ലിമുകൾ ഉപദ്രവിക്കപ്പെടുന്നില്ല എന്ന് അദ്ദേഹം ഉറപ്പ് വരുത്തി,” അദ്ദേഹം പറയുന്നു.
ഇന്ത്യയിൽ എല്ലാക്കാലത്തും ഒരു വർഗ്ഗീയ വിഭജനത്തിന്റെ അടിയൊഴുക്കുണ്ടായിരുന്നു എന്ന് 85 വയസ്സുള്ള സാമ സമ്മതിക്കുന്നുണ്ട്. എന്നാൽ, “അതിനെ ചെറുക്കുന്ന ആളുകളും ഒരുപോലെ ശക്തരായിരുന്നു.”
1992 ഡിസംബറിൽ, വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ഹിന്ദു തീവ്രവിഭാഗക്കാർ ഉത്തർ പ്രദേശിലെ അയോദ്ധ്യാനഗരത്തിലെ ബാബറി മസ്ജിദ് തല്ലിത്തകർത്തു, അത് ഇതിഹാസ കഥാപുരുഷനായ രാമന്റെ ജന്മസ്ഥലമാണെന്ന ന്യായത്തിന്മേൽ. അതിനെത്തുടർന്ന്, രാജ്യമെമ്പാടും, വർഗ്ഗീയ സംഘർഷങ്ങൾ അരങ്ങേറി. മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിലും കലാപങ്ങളും ബോംബ് സ്ഫോടനങ്ങളും നടന്നു.
1992-93-ലെ കലാപസമയത്ത്, ബീഡിലുണ്ടായ സംഘർഷം സാമ ഓർമ്മിക്കുന്നു.
“നമ്മുടെ സാഹോദര്യത്തിന് ഭംഗമുണ്ടാവില്ലെന്ന് ഉറപ്പ് വരുത്താൻ എന്റെ മകൻ നഗരത്തിൽ ഒരു സമാധാന റാലി സംഘടിപ്പിച്ചു. ഹിന്ദുക്കളും മുസ്ലിങ്ങളും ധാരാളമായി അതിൽ പങ്കെടുത്തു. ഇന്ന് ആ ഐക്യദാർഢ്യം കാണാനില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ താമസിക്കുന്ന വീട്ടിൽത്തന്നെയാണ് സാമ ജനിച്ചതും. ബീഡിലെ സ്വാധീനമുള്ള മുസ്ലിം കുടുംബങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിന്റേത്. തിരഞ്ഞെടുപ്പിന് മുമ്പ്, അനുഗ്രഹാശിസ്സുകൾ തേടാൻ രാഷ്ട്രീയ നേതാക്കന്മാർ വന്നിരുന്ന കുടുംബം. ‘പൊലീസിന്റെ ആക്ഷ’നിൽ, അദ്ധ്യാപകരായിരുന്ന അദ്ദേഹത്തിന്റെ അച്ഛനും മുത്തച്ചനുമൊക്കെ ജയിലിലടയ്ക്കപ്പെട്ടു. അച്ഛൻ മരിച്ചപ്പോൾ, പ്രാദേശിക നേതാക്കളടക്കം എല്ലാ മതവിഭാഗങ്ങളിലേയും ആയിരക്കണക്കിനാളുകളാണ് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയതെന്ന് സാമ പറയുന്നു.
“ഗോപിനാഥ് മുണ്ടെയുമായി എനിക്ക് വളരെയടുത്ത ബന്ധമുണ്ടായിരുന്നു,” ബീഡിലെ വലിയ നേതാവായിരുന്നു അദ്ദേഹം. “ബി.ജെ.പി.ക്കാരനായിരുന്നിട്ടും അദ്ദേഹത്തിനാണ് 2009-ൽ എന്റെ കുടുംബം ഒന്നടങ്കം വോട്ട് ചെയ്തത്. ഹിന്ദുക്കളേയും മുസ്ലിങ്ങളേയും അദ്ദേഹം വെവ്വേറെ കാണില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു.”
ബീഡിൽനിന്ന് ബി.ജെ.പി. ടിക്കറ്റിൽ മത്സരിക്കുന്ന മുണ്ടെയുടെ മകൾ പങ്കജയുമായും തനിക്ക് അടുത്ത ബന്ധമാണെന്ന് സാമ പറയുന്നു. എങ്കിലും മോദിയുടെ വർഗ്ഗീയതയെ തുറന്നെതിർക്കാൻ അവർക്കാവില്ലെന്നാണ് അദ്ദേഹത്തിന് തോന്നുന്നത്. “ബീഡിലും അദ്ദേഹം മോശപ്പെട്ട ഒരു പരാമർശം നടത്തി. അദ്ദേഹത്തിന്റെ സന്ദർശനത്തിനുശേഷം പങ്കജയ്ക്ക് ആയിരക്കണക്കിന് വോട്ട് നഷ്ടമായി. നുണകൾ പറഞ്ഞുകൊണ്ട് നിങ്ങൾക്ക് അധികദൂരം പോകാനാവില്ല.”
അച്ഛനെക്കുറിച്ചുള്ള താൻ ജനിക്കുന്നതിനുമുൻപത്തെ ഒരു കഥ സാമ ഓർത്തെടുക്കുന്നു. വീട്ടിൽനിന്ന് അധികം ദൂരത്തല്ലാതെ ഒരു ക്ഷേത്രമുണ്ടായിരുനു. 1930-കളിൽ അത് സംസാരവിഷയമായി. നിരവധി മുസ്ലിം നേതാക്കന്മാർ വിശ്വസിച്ചിരുന്നത്, അതൊരു മുസ്ലിം പള്ളിയാണെന്നായിരുന്നു. ആ ക്ഷേത്രത്തെ പള്ളിയാക്കി മാറ്റാൻ അവർ നൈസാമിന്റെ സഹായം അഭ്യർത്ഥിച്ചു. സാമായുടെ അച്ഛൻ സയദ് മെഹ്ബൂബ് അലി ഷാ, സത്യസന്ധനെന്ന് പേരുകേട്ട ആളായിരുന്നു.
“അത് ക്ഷേത്രമാണോ അമ്പലമാണോ എന്ന തീരുമാനമെടുക്കേണ്ട ചുമതല അദ്ദേഹത്തിൽ നിക്ഷിപ്തമായി. “ഒരു മുസ്ലിം പള്ളിയാണെന്നതിന്റെ ഒരു തെളിവും താൻ കണ്ടിട്ടില്ലെന്ന് എന്റെ അച്ഛൻ അഭിപ്രായം പറഞ്ഞു. വിവാദം അടങ്ങുകയും ക്ഷേത്രം രക്ഷപ്പെടുകയും ചെയ്തു. കുറച്ചുപേരെ അത് നിരാശപ്പെടുത്തിയെങ്കിലും എന്റെ അച്ഛൻ കള്ളം പറയാൻ ഒരുക്കമായിരുന്നില്ല. ‘സത്യം നിങ്ങളെ എപ്പോഴു സ്വതത്രനാക്കും’ എന്ന മഹാത്മാ ഗാന്ധിയുടെ തത്ത്വത്തിലായിരുന്നു ഞങ്ങളുടെ വിശ്വാസം.”
മൊയീനുമായുള്ള സംഭാഷണത്തിൽ ഗാന്ധിയെക്കുറിച്ചുള്ള പരാമർശം ഇടയ്ക്കിടയ്ക്ക് പൊന്തിവരും. “നമുക്കിടയിൽ ഐക്യത്തിന്റേയും സാമുദായിക സൌഹാർദ്ദത്തിന്റേയും ആശയങ്ങൾക്ക് വിത്തിട്ടത് അദ്ദേഹമാണ്,” അദ്ദേഹം പറയുന്നു. എന്നിട്ട് അദ്ദേഹം ആ പഴയ ഹിന്ദി സിനിമാഗാനം മൂളി.. തൂ ന ഹിന്ദു ബനേഗാ, നാ മുസൽമാൻ ബനീഗ, ഇൻസാൻ കി ഔലദായി, ഇൻസാൻ ബനേഗാ (നീ ഹിന്ദുവാകേണ്ട, മുസൽമാനുമാകേണ്ട, മനുഷ്യപുത്രനാവൂ, മനുഷ്യനാകൂ.
1990-ൽ ബീഡിലെ കൌൺസിലറായപ്പോൾ ഇതായിരുന്നു തന്റെ സന്ദേശവാക്യം എന്ന് മൊയീൻ പറയുന്നു. “30 വർഷങ്ങൾക്കുശേഷം ഞാൻ തുന്നൽപ്പണി ഉപേക്ഷിച്ചു. രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെട്ടു,” അദ്ദേഹം ചിരിക്കുന്നു. “എന്നാൽ അതിലെനിക്ക് തുടരാൻ കഴിഞ്ഞില്ല. പ്രദേശിക തിരഞ്ഞെടുപ്പുകളിൽപ്പോലും അഴിമതിയും പണവും ഉപയോഗിക്കുന്നത് കണ്ടപ്പോൾ തുടരാൻ തോന്നിയില്ല. കഴിഞ്ഞ 25 വർഷമായി വിശ്രമജീവിതത്തിൽ കഴിയുന്നു.”
വിരമിക്കാനുള്ള സാമയുടെ തീരുമാനത്തിന് മാറിവരുന്ന കാലവും ആഴത്തിൽ വേരോടിയ അഴിമതിയും കാരണങ്ങളാണ്. കുറച്ചുകാലം ഒരു പ്രാദേശിക കോൺട്രാക്ടറായി ജോലി ചെയ്തിരുന്നു. “1990-കൾക്കുശേഷം അതെല്ലാം മാറി. കരാർപണിയിലെ ഗുണമേന്മയ്ക്ക് സ്ഥാനമില്ലാതായി. എല്ലാം കൈക്കൂലിയെ അടിസ്ഥാനമാക്കാൻ തുടങ്ങി. വീട്ടിലിരിക്കുന്നതാണ് നല്ലതെന്ന് തോന്നി.”
വിശ്രമജീവിതത്തിൽ സാമയും മൊയീനും ആത്മീയതയിലേക്ക് കൂടുതലായി ചായാൻ തുടങ്ങി. സാമ രാവിലെ 4.30-ന് എഴുന്നേറ്റ് പ്രഭാത പ്രാർത്ഥന നടത്തും. ശാന്തി തേടി മൊയീൻ തന്റെ വീടിനും തെരുവിന്റെ എതിർവശത്തുള്ള പള്ളിക്കുമിടയിൽ യാത്ര ചെയ്യാൻ തുടങ്ങി. ബീഡിലെ ഒരു ചെറിയ തെരുവിലാണ് ആ പള്ളി.
കഴിഞ്ഞ ചില വർഷങ്ങളായി രാമനവമി ആഘോഷവേളയിൽ ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകൾ, മുസ്ലിം പള്ളികൾക്ക് മുമ്പിൽ, പ്രകോപനപരവും, വിദ്വേഷം കുത്തിവെക്കുന്നതുമായ പാട്ടുകൾ വെച്ച് സംഘർഷത്തിന് വഴിമരുന്നിടാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ബീഡിലെ സ്ഥിതിയും വ്യത്യസ്തമല്ല. രോഷാകുലമായ ഘോഷയാത്രയ്ക്കൊന്നും കടന്നുപോകാൻ കഴിയാത്ത ഇടുങ്ങിയ തെരുവിലാണ് പള്ളി എന്നത് ഭാഗ്യമായി.
ആ കാര്യത്തിൽ സാമയ്ക്ക് അത്ര ഭാഗ്യമില്ല. മുസ്ലിമുകൾക്കെതിരെ അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുകയും അവരെ അപമാനിക്കുകയും ചെയ്യുന്ന പാട്ടുകൾ അദ്ദേഹത്തിന് കേൾക്കേണ്ടിവരാറുണ്ട്. ഓരോ വാക്കും കേൾക്കുമ്പോൾ, താൻ മനുഷ്യജീവിയല്ലാതായിപ്പോകുന്നതായി അദ്ദേഹത്തിന് അനുഭവപ്പെടുന്നു.
“രാമനവമിക്കും ഗണേശോത്സവത്തിനും എന്റെ പേരക്കുട്ടികളും അവരുടെ മുസ്ലിം സുഹൃത്തുക്കളും ഹിന്ദു തീർത്ഥാടകർക്ക് ജ്യൂസും പഴവുമൊക്കെ കൊടുത്തിരുന്നു. എന്തൊരു മനോഹരമായ പാരമ്പര്യമായിരുന്നു അതൊക്കെ. വിദ്വേഷപ്പാട്ടുകൾ ഉച്ചത്തിൽ വെക്കാൻ തുടങ്ങിയതോടെയാണ് ആ പാരമ്പര്യമൊക്കെ ഇല്ലാതായത്. ഇത് ഞങ്ങളെ വേദനിപ്പിക്കുന്നു”, സാമ പറയുന്നു.
ഭഗവാൻ രാമനോട് അതിയായ ബഹുമാനം മാത്രമേയുള്ളു അദ്ദേഹത്തിന്. “പക്ഷേ മറ്റുള്ളവരെ വെറുക്കാൻ അദ്ദേഹം ഒരിക്കലും ആരേയും പഠിപ്പിച്ചിട്ടില്ല. ചെറുപ്പക്കാർ അവരുടെതന്നെ ദൈവത്തെ അപമാനിക്കുകയാണ്. രാമൻ പ്രതിനിധീകരിക്കുന്നത് അതല്ല”. അദ്ദേഹം പറയുന്നു.
പള്ളിയുടെ മുമ്പിലെത്തുന്ന അത്തരം ചെറുപ്പക്കാർ വളരെ ചെറിയ പ്രായക്കാരാണെന്നതാണ് സാമയെ ഏറ്റവുമധികം അലട്ടുന്നത്. “ഈദിന്, തന്റെ ഹിന്ദു സുഹൃത്തുക്കൾ വരാതെ എന്റെ അച്ഛൻ ഭക്ഷണം കഴിക്കില്ലായിരുന്നു. ഞാനും അങ്ങിനെ ചെയ്താണ് വളർന്നത്. അതെല്ലാം മാറിക്കൊണ്ടിരിക്കുന്നു.”
പഴയ സാമുദായിക സൌഹാർദ്ദത്തിന്റെ നാളുകളിലേക്ക് പോകണമെങ്കിൽ, ഐക്യത്തിന്റെ ആ സന്ദേശം വീണ്ടും ഉയർത്താൻ ഗാന്ധിജിയുടെ പ്രതിബദ്ധതയും സത്യസന്ധതയുമുള്ള ആരെങ്കിലും വീണ്ടും ജനിക്കേണ്ടിവരുമെന്ന് മൊയീൻ പറയുന്നു.
ഗാന്ധിയുടെ സഞ്ചാരത്തെക്കുറിച്ചോർക്കുമ്പോൾ മജ്രൂ സുൽത്താൻപുരിയുടെ ഈരടികളാണ് അദ്ദേഹത്തിന്റെ മനസ്സിൽ വരുന്നത്: “ലക്ഷ്യത്തിലേക്ക് ഞാൻ ഒറ്റയ്ക്ക് നടന്നു; യാത്രയിൽ ആളുകൾ കൂടിച്ചേർന്നു, ആ സംഘം വലുതായി.”
“അല്ലെങ്കിൽ, ഭരണഘടനയിൽ അവർ മാറ്റം വരുത്തും. അടുത്ത തലമുറയാകും അനുഭവിക്കുക,” അദ്ദേഹം പറഞ്ഞുനിർത്തി.
പരിഭാഷ: രാജീവ് ചേലനാട്ട്