“ബഡ്ജറ്റൊക്കെ ഉദ്യോഗസ്ഥർക്കുള്ളതാണ്” എന്നാണ് അലി മൊഹമ്മദ് ലോണിന്റെ വിശ്വാസം. അതായത്, മദ്ധ്യവർഗ്ഗക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക്. തന്നെപ്പോലുള്ളവർക്ക് താത്പര്യം തോന്നിപ്പിക്കുന്ന ഒന്നും അതിലില്ലെന്നാണ്, കശ്മീരിലെ ബാരാമുല്ല ജില്ലയിലെ ആ ചെറുകിട ബേക്കറിയുടമസ്ഥൻ അർത്ഥമാക്കുന്നത്.

“2024-ൽ 50 കിലോഗ്രാം ധാന്യപ്പൊടി ഞാൻ 1,400 രൂപയ്ക്കാണ് വാങ്ങിയത്. ഇന്നതിന് 2,200 രൂപയാണ്,” തംഗ്‌മാർഗ് ബ്ലോക്കിലെ മാഹീൻ ഗ്രാമത്തിലിരുന്ന് ഞങ്ങളോട് സംസാരിക്കുകയായിരുന്നു 52 വയസ്സുള്ള അലി. “വില കുറയ്ക്കാൻ സഹായിക്കുന്ന എന്തെങ്കിലും ബഡ്ജറ്റിലുണ്ടെങ്കിൽ എനിക്ക് ഇതിൽ താത്പര്യമുണ്ടാവും. ഇല്ലെങ്കിൽ, ഞാൻ ആദ്യം പറഞ്ഞതുപോലെ, ഇതൊക്കെ ഓഫീസർമാർക്ക് മാത്രമുള്ളതാണ്.”

വിനോദസഞ്ചാരകേന്ദങ്ങളായ തംഗ്‌മാർഗിനും ദ്രാംഗിനുമിടയിലാണ് മാഹീൻ ഗ്രാമം. പോണികളെ വാ‍ടകയ്ക്ക് കൊടുക്കുക, സ്ലെഡ്ജ് വലിക്കുക, സഞ്ചാരികൾക്ക് വഴികാട്ടുക തുടങ്ങിയ, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടുള്ള ജോലികളിലേർപ്പെട്ട 250-ഓളം കുടുംബങ്ങളാണ് ആ ഗ്രാമത്തിലുള്ളത്. തണുപ്പ് കൂടുതലുള്ള പ്രദേശമായതിനാൽ, പ്രധാനമായും ചോളമാണ് മാഹീനിലെ കൃഷി.

PHOTO • Muzamil Bhat
PHOTO • Muzamil Bhat

ഇടത്ത്: മാഹീൻ ഗ്രാമത്തിലെ തന്റെ ബേക്കറി ഷാപ്പിനകത്തിരിക്കുന്ന അലി മൊഹമ്മദ് ലോൺ. 2025-ലെ കേന്ദ്ര ബഡ്ജറ്റ് മദ്ധ്യവർഗ്ഗത്തിനും സർക്കാർ ജീവനക്കാർക്കുമുള്ളതാണെന്ന് അയാൾ കരുതുന്നു. വലത്ത്: മാഹീൻ ഗ്രാമത്തിൽനിന്നുള്ള കാഴ്ച

PHOTO • Muzamil Bhat
PHOTO • Muzamil Bhat

തണുപ്പുകാല വിനോദസഞ്ചാരകേന്ദ്രങ്ങളായ താംഗ്‌മാർഗിനും ദ്രാംഗിനുമിടയിലാണ് മാഹീൻ സ്ഥിതി ചെയ്യുന്നത്. വലത്ത്: മാഹീനിലെ എ.ടി.വി. ഡ്രൈവർമാർ, താംഗ്‌മാർഗിലെ വിരുന്നുകാർക്കുവേണ്ടി കാത്തുനിൽക്കുന്നു

വീട്ടിൽ, അയാളുടെ കൂടെയുള്ളത് ഭാര്യയും, വിദ്യാർത്ഥികളായ രണ്ട് ആണ്മക്കളുമാണ്. അയാളുടെ ബേക്കറിയിൽനിന്നുള്ള റൊട്ടിയാണ് ഗ്രാമത്തിലെ മിക്ക കുടുംബങ്ങളുടേയും തീൻ‌മേശയിലെത്തുന്നത്. രാവിലെ 5 മണിക്ക് തുറന്ന്, ഉച്ചയ്ക്ക് 2 മണിക്ക് അടയ്ക്കുന്ന ബേക്കറി സ്റ്റോറിൽ അയാളെ സഹായിക്കാൻ മൂത്ത മകൻ യാസ്സിറുണ്ട്. രണ്ടുമണിക്ക് ശേഷം അയാൾ തൊട്ടടുത്തുള്ള തന്റെ പലചരക്കുകടയിലേക്ക് പോകുന്നു. അവിടെനിന്ന് കിട്ടുന്ന അധികവരുമാനംകൊണ്ടാണ് അയാൾ കമ്പോളത്തിലെ വിലക്കയറ്റത്തിൽനിന്ന് അല്പമെങ്കിലും രക്ഷപ്പെടുന്നത്.

“12 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് നികുതിയിളവുണ്ടെന്നും, കിസാൻ ക്രെഡിറ്റ് കാർഡുവഴി വായ്പകൾ ലഭ്യമാണെന്നും ആളുകൾ ചർച്ച ചെയ്യുന്നത് കേട്ടു. ആദ്യം ഞാൻ 12 ലക്ഷം രൂപ വരുമാനമുണ്ടാക്കട്ടെ. എന്റെ വാർഷികവരുമാനം 4 ലക്ഷം രൂപയാണ്. ചെറുപ്പക്കാർക്കുള്ള ജോലിയെക്കുറിച്ച് ആരും ഒന്നും സംസാരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ അത്ഭുതപ്പെടുന്നു. തൊഴിലവസരങ്ങളെക്കുറിച്ച് ബഡ്ജറ്റിൽ എന്തെങ്കിലും പറയുന്നുണ്ടോ?” കൌതുകം സ്ഫുരിക്കുന്ന മുഖഭാവത്തോടെ അയാൾ ചോദിക്കുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Muzamil Bhat

مزمل بھٹ، سرینگر میں مقیم ایک آزاد فوٹو جرنلسٹ اور فلم ساز ہیں۔ وہ ۲۰۲۲ کے پاری فیلو تھے۔

کے ذریعہ دیگر اسٹوریز Muzamil Bhat
Editor : Sarbajaya Bhattacharya

سربجیہ بھٹاچاریہ، پاری کی سینئر اسسٹنٹ ایڈیٹر ہیں۔ وہ ایک تجربہ کار بنگالی مترجم ہیں۔ وہ کولکاتا میں رہتی ہیں اور شہر کی تاریخ اور سیاحتی ادب میں دلچسپی رکھتی ہیں۔

کے ذریعہ دیگر اسٹوریز Sarbajaya Bhattacharya
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat