“എന്റെ ശ്വാസകോശം കല്ലുപോലെ ഘനമുള്ളതായി തോന്നുന്നു. അധികം നടക്കാൻ എനിക്ക് സാധിക്കില്ല,” മാണിക് സർദാർ പറയുന്നു.
55 വയസ്സുള്ള അദ്ദേഹത്തിന് സിലിക്കോസ് ബാധിച്ചതായി 2022 നവംബറിൽ കണ്ടെത്തി – ചികിത്സയില്ലാത്ത ഒരു ശ്വാസകോശ രോഗമാണത്. “വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ എനിക്കൊരു താത്പര്യവുമില്ല. എന്റെ കുടുംബത്തിന്റെ കാര്യമാലോചിച്ചാണ് എന്റെ വേവലാതി മുഴുവൻ,” അദ്ദേഹം പറയുന്നു.
നബ കുമാർ മണ്ഡലും സിലിക്കോസിസ് രോഗിയാണ്. “തിരഞ്ഞെടുപ്പുകളൊക്കെ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പെന്നത് ഒരു പതിവ് ജോലി മാത്രം. ആരധികാരത്തിൽ വന്നാലും ഞങ്ങളുടെ സ്ഥിതിയിലൊന്നും മാറ്റം വരാൻ പോവുന്നില്ല.”
2024-ലെ പൊതു തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ജൂൺ 1-ന് പോളിംഗ് ബൂത്തിലേക്ക് പോവുന്ന, പശ്ചിമ ബംഗാളിലെ മിനാഖാൻ ബ്ലോക്കിലെ ഝുപ്ഖാലി ഗ്രാമത്തിലെ താമസക്കാരാണ് മാണിക്കും നബയും.
ഒന്നൊന്നരക്കൊല്ലമായി ഇടയ്ക്കിടയ്ക്ക് ജോലി ചെയ്തിരുന്ന ഫാക്ടറികളിലെ സിലിക്ക പൊടി ശ്വസിക്കേണ്ടിവന്നതുകൊണ്ട് ആരോഗ്യം ക്ഷയിക്കുകയും കൂലി നഷ്ടപ്പെടുകയും ചെയ്യേണ്ടിവരുന്നവരാണ് രണ്ടുപേരും. റാമിംഗ് മാസ് ഫാക്ടറികൾ (സിലിക്കപ്പൊടി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇരുമ്പുരുക്ക് ഫാക്ടറികൾ) ഡയറക്ടറേറ്റ് ഓഫ് ഫാക്ടറീസിന്റെ കീഴിൽ പൊതുവെ രജിസ്റ്റർ ചെയ്യപ്പെടാറില്ലാത്തതിനാലും, അഥവാ ഉണ്ടെങ്കിലും തൊഴിലാളികൾക്ക് നിയമന രേഖകളും തിരിച്ചറിയൽ കാർഡുകളും കൊടുക്കാത്തതിനാലും, നഷ്ടപരിഹാരം പലപ്പോഴും അപ്രാപ്യമാണ് ഇത്തരം തൊഴിലിടങ്ങളിൽ. പല ഫാക്ടറികളും നിയമവിരുദ്ധമായോ, പകുതി അനുമതിയോടെയോ പ്രവർത്തിക്കുന്നവയാണ്. തൊഴിലാളികൾ രജിസ്റ്റർ ചെയ്യപ്പെടാറുമില്ല.
അത്തരം ജോലികളിൽ അപകടസാധ്യത തീർച്ചയാണെന്ന് മനസ്സിലാക്കിയിട്ടും, 2000-ത്തിനും 2009—നുമിടയ്ക്ക്, നോർത്ത് 24 പർഗാനയിലെ, മാണിക്കിനേയും നബ കുമാറിനേയുംപോലുള്ള, നിരവധിയാളുകൾ കൂടുതൽ നല്ല വരുമാനം ലക്ഷ്യമാക്കി ഇത്തരം ഫാക്ടറികളിലേക്ക് ജോലിയെടുക്കാൻ പോയി. പരമ്പരാഗത വരുമാനമാർഗ്ഗമായ കൃഷിപ്പണിയിൽനിന്നുള്ള വരുമാനം, കാലാവസ്ഥാ വ്യതിയാനവും, വിളകളുടെ വിലക്കുറവുംമൂലം ലാഭകരമല്ലാതായിക്കഴിഞ്ഞിരുന്നു അവർക്ക്.
“ജോലിയന്വേഷിച്ചാണ് ഞങ്ങൾ അങ്ങോട്ട് പോയത്,” ഝുപ്ഖാലി ഗ്രാമത്തിലെ മറ്റൊരു താമസക്കാരനായ ഹര പൈക്ക് പറയുന്നു. “അതൊരു മരണമേഖലയാണെന്ന് ഞങ്ങളറിഞ്ഞിരുന്നില്ല.”
സിലിക്കയുടെ സൂക്ഷ്മമായ പൊടികൾ, അത്തരം ഫാക്ടറികളിലെ തൊഴിലാളികൾക്ക് നിരന്തരം ശ്വസിക്കേണ്ടിവരുന്നു.
സ്റ്റീൽ ഉത്പാദനത്തിലും, ലോഹ-ലോഹേതര ധാതുക്കൾകൊണ്ടുള്ള പാഴ്വസ്തുക്കൾ ഉരുക്കാനുള്ള ഇൻഡക്ഷൻ ഫർണസുകളിലും, ഇരുമ്പു സാമഗ്രികൾ പൊക്കാനും കൊണ്ടുവരാനും ഉപയോഗിക്കുന്ന വാഹനങ്ങളിലും ഉപയോഗിക്കുന്ന മുഖ്യ വസ്തുവാണ് റാമിംഗ് മാസ്. ഫയർ ബ്രിക്ക്സ് (ഉയർന്ന ചൂടിലും ഉരുകാത്ത ഇഷ്ടികകൾ) നിർമ്മാണത്തിലും ഇവ ഉപയോഗിക്കാറുണ്ട്.
ഈ ഫാക്ടറികളിൽ, തൊഴിലാളികൾക്ക് നിരന്തരം സിലിക്കപ്പൊടി ശ്വസിക്കേണ്ടിവരുന്നു. “തൊഴിൽസ്ഥലത്തിനടുത്തുള്ള ഒരു ഭാഗത്താണ് ഞാൻ ഉറങ്ങുന്നത്. ഉറക്കത്തിൽപ്പോലും ആ പൊടി ഉള്ളിൽ പോവും,” ഏകദേശം 15 മാസത്തോളം അവിടെ ജോലി ചെയ്ത ഹര പറയുന്നു. സുരക്ഷാസാമഗ്രികളുടെ അഭാവത്താൽ, വളരെ വേഗത്തിൽ സിലിക്കോസിസിന് വിധേയരാവുകയും ചെയ്യും.
ഇത്തരം റാമിംഗ് മാസ് വ്യവസായത്തിൽ ഒമ്പത് മാസം മുതൽ മൂന്ന് വർഷംവരെ ജോലി ചെയ്ത മിനാഖാൻ-സന്ദേശ്ഖാലി ബ്ലോക്കിലെ വിവിധ ഗ്രാമങ്ങളിലെ 34 തൊഴിലാളികൾ 2009-10 മുതൽ, സിലിക്കോസിസ് ബാധിച്ച് അകാലത്തിൽ മരിക്കുകയുണ്ടായി.
ശ്വസിക്കുന്ന സിലിക്കപ്പൊടി തൊഴിലാളികളുടെ ശ്വാസകോശത്തിലെ അൽവിയോലർ അറകളിൽ അടിഞ്ഞുകൂടുകയും സാവധാനത്തിൽ അതിനെ കട്ടിയുള്ളതാക്കുകയും ചെയ്യും. ചുമയും, ശ്വാസംമുട്ടലും, തുടർന്ന് ഭാരക്കുറവും, ചർമ്മം കറുത്ത നിറമാവലുമാണ് സിലിക്കോസിസിന്റെ പ്രാഥമിക ലക്ഷണങ്ങൾ. അടുത്ത ഘട്ടത്തിൽ നെഞ്ചുവേദനയും ശാരീരികമായ ക്ഷീണവും ഉണ്ടാവുന്നു. പ്രണവായുവിനെ തുടർച്ചയായി ആശ്രയിക്കേണ്ടിവരും രോഗികൾക്ക്. ഓക്സിജൻ കിട്ടാതെയുള്ള ഹൃദയാഘാതത്താലാണ് മിക്ക സിലിക്കോസിസ് രോഗികളും മരിക്കുന്നത്.
പൂർവസ്ഥിതിയിലാക്കാനോ ചികിത്സിച്ച് ഭേദമാക്കാനോ സാധിക്കാത്ത, നാൾക്കുനാൾ മോശമാവുന്ന ഒരു തൊഴിൽജന്യരോഗമാണ് സിലിക്കോസിസ്. ന്യൂമോകോണിയോസിസിന്റെ മറ്റൊരു രൂപം. തൊഴിൽജന്യരോഗ വിദഗ്ദ്ധൻ ഡോ. കുനാൽ കുമാർ ദത്ത പറയുന്നു, “സിലിക്കോസിസുള്ള രോഗികൾക്ക് ക്ഷയം ബാധിക്കാനുള്ള സാധ്യത 15 ഇരട്ടി കൂടുതലാണ്.” സിലിക്കോ ട്യൂബർക്കുലോസിസ് അഥവാ സിലിക്കോട്ടിക് ടിബി. എന്നാണ് ഇത് അറിയപ്പെടുന്നത്.
എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി, ഒരു ഉപജീവനത്തിനായുള്ള ആവശ്യം അത്രകണ്ട് വർദ്ധിച്ചതിനാൽ, സ്ഥിരമായി പലായനം ചെയ്യുന്ന ആളുകളുടെ ഒഴുക്കും വർദ്ധിച്ചിട്ടുണ്ട്. 2000-ത്തിൽ 30-35 തൊഴിലാളികളാണ് ഗോവൽദാഹ ഗ്രാമത്തിൽനിന്ന്, 300 കിലോമീറ്റർ അകലെയുള്ള കുൽട്ടി ആസ്ഥാനമായ റാമിംഗ് നിർമ്മാണ യൂണിറ്റിലേക്ക് ജോലിക്കായി പോയത്. രണ്ടുമൂന്ന് വർഷം കഴിഞ്ഞപ്പോഴേക്കും, ഗോവൽദാഹ, ദേബിതല, ഖൊരിബാരിയ, മിനാഖൻ ബ്ലോക്കിലെ ജയഗ്രാം തുടങ്ങിയ ഗ്രാമങ്ങളിൽനിന്ന് ബരാശാത്തിലെ ദത്തപുകുരിലുള്ള ഒരു യൂണിറ്റിലേക്ക് ജോലിക്കായി പോയി. അതുപോലെത്തന്നെ, സുന്ദരിഖാലി, സർബാരിയ, ബതിദാഹ, അഗർഹതി, ജെലിയഖാലി, സന്ദേശ്ഖാലി ബ്ലോക്ക് 1, 2 എന്നിവിടങ്ങളിലെ രാജ്ബാരി, ഝുപഖാലി ഗ്രാമങ്ങളിൽനിന്നുള്ള കർഷകരും തൊഴിലന്വേഷിച്ച് പലായനം ചെയ്തു. ഇതേ കാലയളവിൽ, ഈ ബ്ലോക്കുകളിലെ തൊഴിലാളികളും ജമുരിയയിലെ ഒരു റാമിംഗ് മാസ് പ്രൊഡക്ഷൻ യൂണിറ്റിലേക്ക് പോവുകയുണ്ടായി.
“ഞങ്ങൾ യന്ത്ര അരകല്ലുപയോഗിച്ച് സ്ഫടികക്കല്ലുകളിൽനിന്ന് തരിപ്പൊടികളും, പൊടിക്കുന്ന യന്ത്രമുപയോഗിച്ച് സെമോലിനയും പഞ്ചസാരയുംപോലുള്ള പദാർത്ഥങ്ങളും ഉത്പാദിപ്പിച്ചു,” എന്ന് ഝുപ്കാലിയിലെ മറ്റൊരു താമസക്കാരനായ അമോയ് സർദാർ പറയുന്നു. “ഒരു കൈയകലത്തിലുള്ളതുപോലും കാണാൻ പറ്റാത്തത്ര പൊടിയായിരിക്കും. ദേഹത്ത് മുഴുവൻ പൊടിയാവും,” അയാൾ കൂട്ടിച്ചേർത്തു. രണ്ടുവർഷം ജോലി ചെയ്തതിനുശേഷം, 2022 നവംബറിൽ അമോയ്ക്ക് സിലിക്കോസിസ് കണ്ടെത്തി. “കുടുംബത്തെ പോറ്റാൻവേണ്ടിയാണ് ജോലിക്ക് പോയത്. കിട്ടിയതോ, രോഗവും.”
സുന്ദർബനിലെ കൃഷിഭൂമിയെ മുഴുവൻ തകർത്ത 2009-ലെ ആയില എന്ന ഭയങ്കരമായ ചക്രവാതമാണ് വീണ്ടും കുടിയേറ്റത്തിന് കളമൊരുക്കിയത്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വിദേശത്തേക്കും ജോലി തേടിപ്പോകാൻ ചെറുപ്പക്കാരെ അത് നിർബന്ധിതരാക്കി.
മഹാനന്ദ സർദാറിന് ഒരു പാട്ടുകാരനാവണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ആയില ചക്രവാതത്തിനുശേഷം, ജമൂരിയയിലെ ഒരു റാമിംഗ് മാസ് ഫാക്ടറിയിൽ ജോലിക്ക് പോയ അദ്ദേഹത്തിന് സിലിക്കോസിസ് പിടിപെട്ടു. “ഞാനിപ്പൊഴും കീർത്തനങ്ങൾ പാടാറുണ്ട്. എന്നാൽ ശ്വാസതടസ്സമുള്ളതുകൊണ്ട് ഒറ്റയടിക്ക് പാടാൻ സാധിക്കില്ല,” ഝുപ്കാലിയിലെ ഈ താമസക്കാരൻ പറയുന്നു. സിലിക്കോസിസ് കണ്ടുപിടിച്ചതിനുശേഷം മഹാനന്ദ ചെന്നൈയിലെ ഒരു നിർമ്മാണ സൈറ്റിലേക്ക് ജോലിക്ക് പോയെങ്കിലും, ഒരപകടത്തിൽപ്പെട്ട്, 2023 മേയിൽ തിരിച്ചുപോരേണ്ടിവന്നു.
സന്ദേശ്ഖാലിയിലേയും മിനാഖാൻ ബ്ലോക്കിലേയും പല രോഗികളും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും ഇപ്പോഴും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ അവർ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നുണ്ട്.
*****
നേരത്തെ കണ്ടുപിടിച്ചാൽ രോഗത്തെ കൈകാര്യം ചെയ്യാനാകും. ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്-നാഷണൽ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഒക്കുപ്പേഷണൽ ഹെൽത്തിന്റെ ഡയറക്ടറായ ഡോ. കമലേഷ് സർകാർ പറയുന്നു: “ഈ രോഗത്തെ വിജയകരമായി കൈകാര്യം ചെയ്യാനും തടയാനും ക്ലാര സെൽ പ്രോട്ടീൻ 16 (സി.സി.16) തിരിച്ചറിയേണ്ടത് ആവശ്യമാണ്. വിരൽത്തുമ്പിൽനിന്ന് ശേഖരിക്കുന്ന ഒരു തുള്ളി രക്തത്തിൽനിന്ന് ഇത് പരിശോധിക്കാനാവും. സിലിക്കോസിസ് അടക്കമുള്ള വിവിധ ശ്വാസകോശരോഗങ്ങൾക്കുള്ള പരിശോധനാമാർഗ്ഗമാണ് ഇത്”, ആരോഗ്യമുള്ള ഒരു മനുഷ്യശരീരത്തിൽ സി.സി.16-ന്റെ മൂല്യം ഓരോ മില്ലിലിറ്ററിലും 16 നാനോഗ്രാമാണ് (എൻ.ജി/എം.എൽ). എന്നാൽ സിലിക്കോസിസ് രോഗികളിൽ, രോഗം മൂർച്ഛിക്കുന്തോറും മൂല്യം ക്രമേണ കുറഞ്ഞ് പൂജ്യത്തിലെത്തും.
“ആവശ്യമായ നിയമനടപടികളും, സിലിക്കപ്പൊടിപോലുള്ളവ ശ്വസിക്കാനിടവരുന്ന അപകടകരങ്ങളായ വ്യവസായങ്ങളിലെ തൊഴിലാളികളെ നിശ്ചിത കാലയളവിലുള്ള സിസി 16 പരിശോധനയ്ക്ക് വിധേയമാക്കാനുള്ള സംവിധാനവും സർക്കാർ ഒരുക്കണം,” എന്ന് ഡോ. സർക്കാർ സൂചിപ്പിക്കുന്നു.
“അടുത്തൊന്നും ആശുപത്രികളില്ല,” 2019-ൽ സിലിക്കോസിസ് കണ്ടെത്തിയ രബീന്ദ്ര ഹൽദാർ പറയുന്നു. ഏറ്റവുമടുത്ത ആശുപത്രി ഖുൽനയിലാണ്. അവിടെയെത്താൻ, ഝുപ്കാലി നിവാസിയായ രബീന്ദ്രയ്ക്ക് രണ്ട് ബോട്ടുകൾ മാറിക്കയറണം. “സർബാരിയയിൽ ശ്രമജീബി ആശുപത്രിയുണ്ടെങ്കിലും അവിടെ സൌകര്യങ്ങളൊന്നുമില്ല” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഗൌരവമുള്ള എന്തെങ്കിലും അസുഖത്തിന് ചികിത്സിക്കാൻ ഞങ്ങൾക്ക് കൊൽക്കൊത്തയിൽ പോകണം. ആംബുലൻസിന്റെ ചിലവ് 1,500-ത്തിനും 2,000-ത്തിനുമിടയ്ക്കാണ്,” രബീന്ദ്ര പറയുന്നു.
ഗോവൽദാഹയിലെ വീട്ടിൽ 50 വയസ്സുള്ള മൊഹമ്മദ് സഫിഖ് മൊല്ല കഴിഞ്ഞ രണ്ടുവർഷമായി, ഗുരുതരമായ ശ്വസനരോഗവുമായി കിടക്കയിലാണ്. “20 കിലോ ഭാരം കുറഞ്ഞു. എപ്പോഴും ഓക്സിജൻ സഹായം വേണം. നോമ്പെടുക്കാൻ പറ്റുന്നില്ല. കുടുംബത്തെ ഓർത്ത് എനിക്ക് ആധിയാണ്. ഞാൻ പോയിക്കഴിഞ്ഞാൽ അവർക്ക് ആരുണ്ട്?
"2021-ൽ സംസ്ഥാന സർക്കാരിൽനിന്ന് കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടി. "മിസ്റ്റർ സമിത് കുമാർ ഞങ്ങൾക്ക് വേണ്ടി കേസ് ഫയൽ ചെയ്തു", സഫിക്കിന്റെ ഭാര്യ തസ്ലിമ ബീവി പറഞ്ഞു. എന്നാൽ ആ പണം വളരെ വേഗത്തിൽ ചിലവായി."വീട് നേരെയാക്കാനും മൂത്ത മകളുടെ വിവാഹത്തിനും ഞങ്ങൾ ആ പൈസ ചെലവഴിച്ചു", തസ്ലീമ വിശദീകരിച്ചു
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി, ജാർഘണ്ടിലേയും പശ്ചിമ ബംഗാളിലേയും സിലിക്കോസിസ് ബാധിതരായ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുകയും അവരുടെ സാമൂഹികസുരക്ഷയ്ക്കും നഷ്ടപരിഹാരത്തിനുമായി അവർക്കുവേണ്ടി പരാതികൾ ഫയൽ ചെയ്യുകയുമാണ് ഒക്കുപ്പേഷണൽ സേഫ്റ്റ് ആൻഡ് ഹെൽത്ത് അസോസിയേഷൻ ഓഫ് ജാർഘണ്ടിലെ (ഒ.എസ്.എ.ജെ.എച്ച് ഇന്ത്യ) സമിത് കുമാർ കാർ.
2019-നും 2023-നുമിടയ്ക്ക് സിലിക്കോസിസ് ബാധിച്ച് മരിച്ച പശ്ചിമ ബംഗാളിലെ 23 തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതവും, സിലിക്കോസിസ് ബാധിച്ച 30 തൊഴിലാളികൾക്ക് 2 ലക്ഷം രൂപ വീതവും വാങ്ങിക്കൊടുക്കാൻ ഒ.എസ്.എ.ജെ.എച്ചിന് സാധിച്ചു. അതിനുപുറമേ, 10 കോടിയുടെ പെൻഷൻ, ക്ഷേമപദ്ധതികൾ സർക്കാരിനെക്കൊണ്ട് അനുവദിപ്പിക്കാനും അവർക്ക് കഴിഞ്ഞു.
“10-ൽക്കൂടുതൽ തൊഴിലാളികൾ വൈദ്യുതി ഉപയോഗിച്ച് തൊഴിലെടുക്കുന്നതിനാൽ, 1948-ലെ ഫാക്ടറി നിയമം അനുസരിച്ച്, റാമിംഗ് മാസും സിലിക്കപ്പൊടിയും ഉത്പാദിപ്പിക്കുന്ന ഫാക്ടറികൾ സംഘടിത വ്യവസായം എന്ന പട്ടികയിൽ ഉൾപ്പെടുന്നു. അതിനാൽ ഫാക്ടറിയുമായി ബന്ധപ്പെട്ട തൊഴിൽ നിയമങ്ങളും നിയന്ത്രണങ്ങളും അവയ്ക്കും ബാധകമാണ്” എന്ന് സമിത് പറയുന്നു. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് ആക്ട് 1948, വർക്ക്മെൻ (എംപ്ലോയീസ്) കോമ്പൻസേഷൻ ആക്ട് 1923 എന്നിവയുടെ പരിധിയിലും ഈ വ്യവസായങ്ങൾ ഉൾപ്പെടുന്നു. ഫാക്ടറി നിയമത്തിൽ പരാമർശിക്കപ്പെട്ട നോട്ടിഫയബിൾ ഡിസീസ് ആയതിനാൽ, ഒരു രോഗി സിലിക്കോസിസ് ബാധിതനാണെന്ന് കണ്ടെത്തിയാൽ ചീഫ് ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസിനെ അറിയിക്കാൻ ഫാക്ടറി ബാധ്യസ്ഥമാണ്.
ദീർഘകാലം സിലിക്കാപ്പൊടി ശ്വസിച്ചാൽ മാത്രമേ സിലിക്കോസിസ് ബാധിക്കുകയുള്ളൂ എന്ന പൊതുവായ വിശാസത്തിന് വിരുദ്ധമായി, ഹ്രസ്വകാല ബന്ധത്തിലൂടെയും രോഗം വരാമെന്ന്, 2024 മാർച്ച് 31-ന് കൊൽക്കൊത്തയിൽ ഒ.എസ്.എച്ച്.എ.ജെ സംഘടിപ്പിച്ച ഒരു ശില്പശാലയിൽ പങ്കെടുത്ത വിദഗ്ദ്ധരുടെ ഒരു പാനൽ സൂചിപ്പിച്ചു. റാമിംഗ് മാസ് വ്യവസായങ്ങളിൽ ജോലി ചെയ്ത നോർത്ത് 24 പർഗാനയിലെ സിലിക്കോസിസ് രോഗികളിൽനിന്ന് ഇത് വ്യക്തമാകുന്നുണ്ട്. കുറച്ചുകാലം, അത്തരം വ്യവസായങ്ങളിൽ തൊഴിലെടുത്താൽപ്പോലും, ആ പൊടികൾക്ക് ചുറ്റും ഫൈബ്രസ് കോശങ്ങൾ വളർന്ന്, ഓക്സിജനും കാർബൺ ഡയോക്സൈഡും കൈമാറുന്നതിനെ തടഞ്ഞ് ശ്വാസസംബന്ധമായ പ്രശ്നങ്ങളുണ്ടാകാമെന്ന് ആ സംഘം വെളിപ്പെടുത്തി.
തൊഴിലാളികൾക്ക് നഷ്ടപരിഹാരം കിട്ടാൻ അർഹതയുള്ള ഒരു തൊഴിൽജന്യ രോഗമാണ് സിലിക്കോസിസ് എന്ന് കാർ വിശദീകരിച്ചു. എന്നാൽ മിക്ക തൊഴിലാളികളും കമ്പനികളിൽ രജിസ്റ്റർ ചെയ്യപ്പെടാറില്ല. സിലിക്കോസിസ് ബാധിച്ച തൊഴിലാളികളുള്ള ഫാക്ടറികളെ തിരിച്ചറിയേണ്ടത് സർക്കാരിന്റെ ചുമതലയാണ്. നിയമം എന്തുതന്നെയായാലും തൊഴിലാളികൾക്ക് തൊഴിലുടമകളിൽനിന്ന് നഷ്ടപരിഹാരം ചോദിക്കാനുള്ള അവകാശമുണ്ടെന്ന് പശ്ചിമ ബംഗാൾ സർക്കാരിന്റെ റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ പോളിസി (ക്ലോസ് 11.4) വ്യക്തമാക്കുന്നു.
എന്നാൽ യാഥാർത്ഥ്യം അല്പം വ്യത്യസ്തമാണെന്ന് കാർ സൂചിപ്പിച്ചു. “ധാരാളം കേസുകളിൽ, മരണകാരണം സിലിക്കോസിസ് ആണെന്ന് മരണസർട്ടിഫിക്കറ്റിൽ എഴുതാൻ ഭരണകൂടം വിസമ്മതിച്ചതായി ഞാൻ നിരീക്ഷിച്ചിട്ടുണ്ട്.” രോഗികളാവുന്നതിന് മുന്നേത്തന്നെ ഫാക്ടറികൾ തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്യുന്നു.
2017 മേയ് മാസം, അനിതയുടെ ഭർത്താവ് സുബർണ സിലിക്കോസിസ് ബാധിച്ച് മരിച്ചപ്പോൾ, കൊൽക്കൊത്തയിലെ നീൽ രത്തൻ സിർക്കാർ ആശുപത്രി മരണസർട്ടിഫിക്കറ്റിൽ സൂചിപ്പിച്ചത്, “കരൾവീക്കവും സാംക്രമികമായ കുടൽവീക്കവു’മാണ് മരണകാരണമെന്നാണ്. ജമൂരിയയിലെ റാമിംഗ് മാസ് ഫാക്ടറിയിലായിരുന്നു സുബർണ ജോലി ചെയ്തിരുന്നത്.
“എന്റെ ഭർത്താവിന് ഒരിക്കലും കരൾരോഗമുണ്ടായിരുന്നില്ല. സിലിക്കോസിസ് കണ്ടെത്തിയിരുന്നു,” അനിത പറയുന്നു. ഝുപ്ഖാലിയിലെ താമസക്കാരിയായ അനിത കർഷകത്തൊഴിലാളിയായി ജോലി ചെയ്യുന്നു. മകൻ കൊൽക്കൊത്തയിലെയും ഡയമണ്ട് ഹാർബറിലെയും നിർമ്മാണ സൈറ്റുകളിൽ കുടിയേറ്റത്തൊഴിലാളിയാണ്. “മരണ സർട്ടിഫിക്കറ്റിൽ അവർ എന്താണ് എഴുതിവെച്ചതെന്ന് എനിക്കൊരു പിടിയുമില്ലായിരുന്നു. ഞാൻ ആകെ തളർന്നുപോയിരുന്നു. എനിക്കെങ്ങിനെയാണ് ഈ വലിയ വാക്കുകളൊക്കെ അറിയുക? ഞാൻ ഒരു ഗ്രാമത്തിലെ സാധാരണക്കാരിയായ വീട്ടമ്മ മാത്രമല്ലേ?”
അനിതയും മകനും അവർക്ക് കിട്ടുന്ന ശമ്പളം സ്വരൂപിച്ച് മകളുടെ ഉന്നതപഠനത്തിന് പിന്തുണ നൽകുന്നു. തിരഞ്ഞെടുപ്പിനെക്കുറിച്ച് അവർക്കൊരു താത്പര്യവുമില്ല. “കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ രണ്ട് തിരഞ്ഞെടുപ്പുകൾ നടന്നു. എന്നിട്ടും ഞാൻ ദുരിതത്തിലാണ് കഴിയുന്നത്. എനിക്കെന്ത് താത്പര്യമാണ് ഉണ്ടാവുക. നിങ്ങൾ പറയൂ.”
പരിഭാഷ: രാജീവ് ചേലനാട്ട്