അനോപ്‌റാം ഒരിക്കലും ഒരു സംഗീതോപകരണം വായിച്ചിട്ടില്ല. എങ്കിലും ഏത് മരമാണ് നല്ല ശ്രുതി നൽകുക എന്ന് അയാൾക്കറിയാം. “ഒരു കഷണം മരം തരൂ, ഞാൻ പറയാം, അതിൽനിന്ന് നല്ലൊരു സംഗീതോപകരണം ഉണ്ടാക്കാൻ പറ്റുമോ എന്ന്” ഖർതാൽ നിർമ്മാതാക്കളുടെ എട്ടാമത്തെ തലമുറയിൽപ്പെട്ട അദ്ദേഹം പറയുന്നു.
രാജസ്ഥാനിലെ നാടോടിഗാനങ്ങൾക്കും, ഭക്തിഗാനങ്ങൾക്കും വായിക്കുന്ന ഖർതാൽ എന്ന താളവാദ്യത്തിന് നാല് ഭാഗങ്ങളുണ്ട്. ഓരോ കൈയ്യിലും രണ്ട് ഭാഗങ്ങളുണ്ടാവും. ഒന്ന് തള്ളവിരലുകൊണ്ടും മറ്റേത് ബാക്കിയുള്ള നാല് വിരലുകൾകൊണ്ടും. ഒരുമിച്ച് അവ കൊട്ടുമ്പോൾ ഒരു കിലുങ്ങുന്ന ശബ്ദമുണ്ടാവും രണ്ട് സ്വരം മാത്രമേ ഈ ഉപകരണത്തിൽ ഉപയോഗിക്കുന്നുള്ളു. ‘ ത ’ എന്നും ‘ ക ’ എന്നും. “കലാകാരന്മാർ ഖർതാൽ ഉണ്ടാക്കിക്കുകയാണ് ചെയ്യുന്നത്” എന്ന് 57 വയസ്സുള്ള അദ്ദേഹം പറയുന്നു.
മഞ്ജീര, കരതാള എന്നിവയിൽനിന്ന് വ്യത്യസ്തമായി രാജസ്ഥാനിലെ ഖർതാലിൽ മണികൾ കെട്ടിവെക്കാറില്ല.
ഒരു മരപ്പണിക്കാരന് വെറും രണ്ട് മണിക്കൂറിനുള്ളിൽ നാല് ഭാഗങ്ങളുള്ള ഒരു സെറ്റ് ഉണ്ടാക്കാനാവും. “മുമ്പ്, ഞാൻ ദിവസം മുഴുവൻ (എട്ട് മണിക്കൂർ) എടുത്തിരുന്നു,” ആദ്യകാലത്തെക്കുറിച്ച് ഓർമ്മിച്ചുകൊണ്ട് അദ്ദേഹം പറയുന്നു. അനോപ്റാമിന്റെ സുതർ കുടുംബം രണ്ട് നൂറ്റാണ്ടായി ഇതുണ്ടാക്കിവരുന്നു. “കുട്ടിക്കാലം തൊട്ട് ഇതായിരുന്നു ഞങ്ങളുടെ ജോലി’.
അദ്ദേഹത്തിന്റെ അച്ഛൻ, മരിച്ചുപോയ ഉസ്‌ലാറാം ക്ഷമയും സ്നേഹവുമുള്ള ഗുരുവായിരുന്നു എന്ന് അനോപ്റാം സൂചിപ്പിച്ചു. “ഞാൻ ധാരാളം തെറ്റ് വരുത്താറുണ്ടായിരുന്നു. എന്നാലും അദ്ദേഹം ഒരിക്കലും ഒച്ചവെക്കുകയോ ചീത്ത പറയുകയോ ചെയ്തിരുന്നില്ല.” സുതർ സമുദായത്തിൽ ആണുങ്ങൾ മാത്രമാണ് ഖർതാൽ ഉണ്ടാക്കുന്നത്.
ബാർമർ ജില്ലയിലെ ഹർസാനി ഗ്രാമത്തിൽനിന്നുള്ള ഈ കുടിയേറ്റത്തൊഴിലാളി 1981-ലാണ് ജോലി തേടി ജയ്സാൽമറിലെത്തിയത്. “ഗ്രാമത്തിൽ ആവശ്യത്തിനുള്ള മരപ്പണിയൊന്നും ഇല്ലായിരുന്നു.” ഹാർമ്മോണിയം, കർമൈച, സാരംഗി, വീണ എന്നിവ ഉണ്ടാക്കാനും അദ്ദേഹത്തിന് അറിയാം. “പക്ഷേ അതിന് അധികം ആവശ്യക്കാരില്ല,” അദ്ദേഹം പറയുന്നു. കർമൈചയും സാരംഗി യും കൈകൊണ്ട് നിർമ്മിക്കാൻ ഒരാഴ്ച വേണം അദ്ദേഹത്തിന്. 8,000 രൂപയ്ക്കും, 4,000 രൂപയ്ക്കുമാണ് യഥാക്രമം അവ വിൽക്കുന്നത്.
സംഗീതോപകരണങ്ങൾക്ക് പുറമേ, ജയ്സാൽമറിലെ തച്ചുശാസ്ത്രത്തിന്റെ മുഖമുദ്രയായ പൂക്കൾ കൊത്തുപണി ചെയ്ത വാതിലുകൾ നിർമ്മിക്കുന്നതിലും അദ്ദേഹം വിദഗ്ദ്ധനാണ്. കസേരകൾ, അലമാരയ്ടക്കമുള്ള മരസ്സാമാനങ്ങളും നിർമ്മിക്കാറുണ്ട്
രാജസ്ഥാനിലെ ജയ്സാൽമർ, ജോധ്പുർ ജില്ലകളിലെ ഖർതാലുകൾ ശീശം (ഡാൽബെർഗ്ജിയ സിസ്സൂ), സഫേദാ (യൂക്കാലിപ്റ്റസ്) മരങ്ങൾകൊണ്ടാണ് നിർമ്മിക്കുന്നത്. ഖർതാലുണ്ടാക്കുന്നതിൽ ഏറ്റവും നിർണ്ണായകം, കൃത്യമായ മരം കണ്ടെത്തുന്നതിലാണ്. “നല്ലവണ്ണം നോക്കിവേണം മരം വാങ്ങാൻ. പുതിയ തലമുറയ്ക്കൊന്നും, ഖർതാലുപോലുള്ള ഉപകരണങ്ങളുണ്ടക്കാൻ പറ്റിയ മരം തിരിച്ചറിയാൻ കഴിവില്ല”, അദ്ദേഹം പറയുന്നു.
ഖർതാലുണ്ടാക്കുന്ന മരം അനോപ്‌റാം വാങ്ങുന്നത് ജയ്സാൽമറിൽനിന്നാണ്. ശീശം, സഫേദ മരങ്ങളാണ് ഇതിനുപയോഗിക്കുക. എന്നാൽ കൃത്യമായ മരം തിരഞ്ഞെടുക്കാൻ ഇപ്പോൾ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
നാല് സെറ്റ് ഖർതാലുണ്ടാക്കാൻ, 2.5 അടി നീളമുള്ള ഒരു മരമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. 150 രൂപ വിലവരും അതിന്. പിന്നെ അളവുകൾ കുറിച്ചിടും. 7.25 ഇഞ്ച് നീളം, 2.25 ഇഞ്ച് വീതി, 56 മില്ലിമീറ്റർ ആഴം, എന്നിട്ട് ഈർച്ചവാളുപയോഗിച്ച് മുറിക്കും.
“മരപ്പൊടി കണ്ണിലും കാതിലുമൊക്കെ പോകും”, അത് ചുമയ്ക്ക് കാരണമാകും. മുഖാവരണം ധരിച്ചതുകൊണ്ടൊന്നും കാര്യമില്ല. എട്ട് മണിക്കൂർ അത് ധരിച്ചാൽ ശ്വാസംമുട്ടും. “ജയ്സാൽമറിന്റെ ചൂടിൽ അത് കൂടുതൽ ബുദ്ധിമുട്ടാണ്,” വേനലിൽ 45 ഡിഗ്രി സെൽഷ്യസുവരെ എത്തുന്ന ചൂടിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുകയായിരുന്നു.
മരം മുറിച്ചതിനുശേഷം രണ്ട (മിനുസപ്പെടുത്തുന്ന ഉപകരണം) ഉപയോഗിച്ച് ഉപരിതലം മിനുസപ്പെടുത്തുന്നു. “ഇത് ശ്രദ്ധിച്ച് ചെയ്യണം, ചെറിയൊരു അബദ്ധം പറ്റിയാൽപ്പോലും, പുതിയ മരമുപയോഗിച്ച് വീണ്ടും പണിയെടുക്കേണ്ടിവരും,” അദ്ദേഹം പറയുന്നു. ഉപരിഭാഗത്തെ മിനുസത്തിലുണ്ടാവുന്ന ചെറിയ കുറവുകൾപോലും, ഖർതാലിന്റെ ശ്രുതിയിൽ മാറ്റം വരുത്തും.
ഈർച്ചവാളുപയോഗിച്ച് പലപ്പോഴും വിരലുകൾക്ക് പരിക്ക് പറ്റും. അടിച്ചുപരത്തുന്ന ജോലിയും വേദനയുളവാക്കുന്നതാണ്. എങ്കിലും ഇതൊക്കെ ജോലിയുടെ ഭാഗമാണെന്ന് പറഞ്ഞ് അദ്ദേഹം തള്ളിക്കളയുന്നു. അച്ഛൻ ഉസ്‌ലാറാമിനും പലപ്പോഴും പരിക്ക് പറ്റാറുണ്ടായിരുന്നു
ഉപരിതലം മിനുസപ്പെടുത്താൻ ഒരു മണിക്കൂറോളമെടുത്തു. പിന്നെ നാല് ഭാഗവും ഉരുട്ടിയെടുക്കാൻ തുടങ്ങി. അതിന്റെ വക്കുകൾ പരിശോധിച്ച്, പിന്നെയും മിനുസപ്പെടുത്തി ചില്ലുപോലെയാക്കിയെടുത്തു അനോപ്‌റാം.
ഖർതാൽ വാങ്ങിക്കഴിഞ്ഞാൽ, സംഗീതജ്ഞന്മാർ ഉരകടലാസ്സുപയോഗിച്ച് അതിന്റെ ശ്രുതി മെച്ചപ്പെടുത്താറുണ്ട്. കടുകെണ്ണ ഉപയോഗിച്ചാൽ, ഉപകരണത്തിന് ഒരു ചെസ്റ്റ്നട്ട് ബ്രൌൺ നിറം കിട്ടും.
സഫേദ ഖർതാലിന്റെ നാലെണ്ണമടങ്ങുന്ന ഒരു സെറ്റ് അദ്ദേഹം വിൽക്കുന്നത് 350 രൂപയ്ക്കാണ്. ശീശ മരത്തിന്റെ സെറ്റിന് 450 രൂപയും. “ ശീശം ഖർതാലുകളുടെ സംഗീതവും ശ്രുതിയും പ്രസിദ്ധമാണ്,” അദ്ദേഹം പറയുന്നു.
എല്ലാ മാസവും 5-10 സെറ്റ് ഖർതാലുകൾക്കുള്ള ഓർഡർ അദ്ദേഹത്തിന് കിട്ടുന്നുണ്ട്. തുടങ്ങിയ കാലത്ത്, രണ്ടും നാലുമൊക്കെയായിരുന്നു. രാജസ്ഥാൻ സന്ദർശിക്കുന്ന വിദേശസഞ്ചാരികളുടെ എണ്ണം വർദ്ധിച്ചപ്പോൾ, ആവശ്യക്കാരുടെ എണ്ണവും കൂടി. എന്നാൽ, അതുണ്ടാക്കുന്ന ആളുകളുടെ എണ്ണം കുറയുകയും ചെയ്തു. രണ്ട് പതിറ്റാണ്ട് മുമ്പ്, 15-ലധികം ആശാരിമാർ ഈ സംഗീതോപകരണം ഉണ്ടാക്കിയിരുന്നുവെങ്കിലും ഇപ്പോൾ ജയ്സാൽമറിൽ, ചുരുക്കം ചിലരേയുള്ളു. അതിലൊരാളാണ് അനോപ്‌റാം. ചെറുപ്പക്കാരായ ആശാരിമാരൊക്കെ, കൂടുതൽ ശമ്പളം കിട്ടുന്ന ജോലികൾക്കായി, നഗരങ്ങളിലേക്ക് മാറിക്കഴിഞ്ഞു.
വിനോദസഞ്ചാരികൾക്ക് ഖർതാൽ വിൽക്കുന്ന ചില കൈവേലക്കാർ വിദേശസഞ്ചാരികളുമായി ഓൺലൈൻ സെഷനുകളും നടത്തുന്നുണ്ട്, വിവിധ ഭാഷകളിലൂടെ.
“ഈ കല വളരെ പഴയതാണ്. എന്നാൽ പുതിയ തലമുറയ്ക്കൊന്നും ഖർതാൽ ഉണ്ടാക്കാൻ താത്പര്യമില്ല,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ചുരുങ്ങിയത് ഏഴുപേരെയെങ്കിലും ഇതുണ്ടാക്കാൻ താൻ പഠിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. “എവിടെയായിരുനാലും അവരൊക്കെ ഖർതാലുണ്ടാക്കുന്നുണ്ടായിരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.”
മക്കളായ 28 വയസ്സുള്ള പ്രകാശും 24 വയസ്സുള്ള കൈലാസും ഇതുണ്ടാക്കാൻ പഠിച്ചിട്ടില്ല. അവർ വിവിധ സംസ്ഥാനങ്ങളിൽ, വീടുകൾക്കും ഓഫീസുകൾക്കുമുള്ള മരസ്സാമാനങ്ങളും മറ്റും ഉണ്ടാക്കി ജീവിക്കുന്നു. 25 വയസ്സുള്ള മകൾ സന്തോഷ് വിവാഹം കഴിച്ച് വീട്ടമ്മയാണ്. ആണ്മക്കൾ എന്നെങ്കിലും ഈ ജോലി ഏറ്റെടുക്കുമോ എന്ന് ചോദിച്ചപ്പോൾ, ‘ഒരു ഉറപ്പുമില്ല” എന്നാണ് അദ്ദേഹത്തിന്റെ മറുപടി.
ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടിരുന്ന ഒരു കസ്റ്റമർ അദ്ദേഹത്തോട് ചോദിക്കുന്നു, “കൂടുതൽ പൈസയുണ്ടാക്കാൻ നിങ്ങൾക്ക് നഗരത്തിലേക്ക് പോയ്ക്കൂടേ?” എന്ന്. അനോപ്‌റാമിന്റെ മറുപടി, “ഞാൻ ഇതിൽ സന്തുഷ്ടനാണ്”.
ഗ്രാമീണ കരകൌശലക്കാരെക്കുറിച്ച്, സങ്കേത് ജയിൻ നടത്തുന്ന പരമ്പരയുടെ ഭാഗമാണ് ഈ റിപ്പോർട്ട്. മൃണാളിനി മുഖർജി ഫൌണ്ടേഷന്റെ സഹായത്തോടെയാണ് ഇത് നടത്തുന്നത്
പരിഭാഷ: രാജീവ് ചേലനാട്ട്