"എനിക്ക് സിക്സ് പാക്ക് സ്വാഭാവികമായി ഉണ്ടായതാണ്. ഞാൻ ഒരിക്കൽപ്പോലും വ്യായാമം ചെയ്തിട്ടില്ല. അതാ ആ ഷാബാസിന്റെ ബൈസെപ്സ് കണ്ടോ!" ആദിൽ എന്ന യുവാവ് തന്റെ സഹപ്രവർത്തകനെ ചൂണ്ടിക്കാണിച്ച് ചിരിച്ചുകൊണ്ട് പറയുന്നു.
മീററ്റിലെ ആരോഗ്യപരിപാലന, ജിം ഉപകരണ വ്യവസായമേഖലയിൽ തൊഴിലാളികളായ മുഹമ്മദ് ആദിലും ഷാബാസ് അൻസാരിയും, ജിമ്മിൽ പോകുന്ന ആളുകൾ ഒരു ആഴ്ചയിൽ ഉയർത്തുന്ന ഭാരത്തേക്കാൾ കൂടുതൽ ഭാരം ഒരു ദിവസം ഉയർത്താറുണ്ട്. അവർ ഇരുവരെയുംപോലെയുള്ള, ഉത്തർ പ്രദേശിലെ മീററ്റ് പട്ടണത്തിൽ ജീവിക്കുന്ന മുസ്‌ലിം കുടുംബങ്ങളിൽനിന്നുള്ള യുവാക്കൾക്ക് ഈ ഭാരോദ്വഹനം ആരോഗ്യസംരക്ഷണത്തിനുള്ള ഒരു ഉപാധിയല്ല, മറിച്ച് ഒരു പ്രധാന ഉപജീവനമാർഗ്ഗമാണ്. പടിഞ്ഞാറൻ യു.പിയിലെ ഈ ജില്ല ഒന്നാകെ തകായിക ഉത്‌പന്നങ്ങളുടെ നിർമ്മാണത്തിന് വിഖ്യാതമാണ് എന്നതാണ് വസ്തുത.
"കുറച്ച് ദിവസങ്ങൾക്ക് മുൻപ്, ഇവിടത്തെ പയ്യന്മാർ അവരുടെ ബൈസെപ്‌സും ആബ്‌സും (വയറിലെ പേശികൾ) താരതമ്യം ചെയ്യാനായി ഫോട്ടോഷൂട്ട് നടത്തിയിരുന്നു," മുഹമ്മദ് സാക്കിബ് പറയുന്നു. സൂരജ് കുണ്ഡ് റോഡിൽ, സാക്കിബിന്റെ കുടുംബം വാടകയ്ക്കെടുത്ത് നടത്തുന്ന ജിം ഉപകരണ ഷോറൂമിൽ കൗണ്ടറിന് പുറകിൽ ഇരിക്കുകയാണ് 30 വയസ്സുള്ള ഈ സംരംഭകൻ. മീററ്റിലെ കായികോത്പന്ന വിപണിയുടെ പ്രധാനകേന്ദ്രമാണ് സൂരജ് കുണ്ഡ് റോഡ് എന്ന ഒരു കിലോമീറ്റർ നീളമുള്ള പാത.
"സാധാരണ ഡംബല്ലുകൾ ഉപയോഗിക്കുന്ന വീട്ടമ്മമാർമുതൽ സങ്കീർണ്ണമായ ഉപകരണങ്ങൾ ഉപയോഗിക്കുന്ന കായികതാരങ്ങൾവരെ, എല്ലാവർക്കും ഇന്ന് ജിം, ആരോഗ്യപരിപാലന ഉപകരണങ്ങൾ ആവശ്യമാണ്,' അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഞങ്ങൾ സംസാരിക്കുന്നതിനിടെ, ഇരുമ്പ് ദണ്ഡുകളും ഇരുമ്പ് കുഴലുകളും പണി പൂർത്തിയായ ഹോം ജിം പോലെയുള്ള ഉത്പന്നങ്ങളും ഇരുമ്പുകമ്പികളുമായി നിരവധി മുച്ചക്ര വൈദ്യുതി വാഹനങ്ങൾ (പ്രാദേശികമായി മിനി മെട്രോ എന്ന് അറിയപ്പെടുന്നു) തിരക്കേറിയ റോഡിൽ വരുകയും പോവുകയും ചെയ്തുകൊണ്ടിരുന്നു. "ജിം മെഷീനുകളുടെ വിവിധ ഭാഗങ്ങൾ ആദ്യം നിർമ്മിച്ച് പിന്നീട് സംയോജിപ്പിക്കുകയാണ് ചെയ്യുന്നത്," ഇരുമ്പ് വസ്തുക്കൾ കൊണ്ടുപോകുന്നത് ഷോറൂമിന്റെ ചില്ല് വാതിലിലൂടെ നോക്കിക്കാണുന്നതിനിടെ സാക്കിബ് വിശദീകരിക്കുന്നു.
ഇരുമ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ പ്രധാന കേന്ദ്രമാണ് പണ്ടുമുതലേ മീററ്റ്. "ഈ നഗരത്തിലെ കൈചി (കത്രിക) വ്യവസായം ലോകപ്രശസ്തമാണ്" സാക്കിബ് പാരിയോട് പറയുന്നു. ഏതാണ്ട് മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള വ്യവസായമായ മീററ്റിലെ കത്രികൾക്ക് 2013-ൽ ഭൗമസൂചികാ പദവി ലഭിക്കുകയുണ്ടായി.
അതേസമയം, മീററ്റിൽ ജിം ഉപകരണങ്ങളുടെ നിർമ്മാണം താരതമ്യേന സമീപകാലത്തായി, 1990-കളുടെ തുടക്കത്തിലാണ് ആരംഭിച്ചത്. "ഏതാനും പഞ്ചാബി സംരംഭകരും ജില്ലയിലെ കായികോത്പന്ന നിർമ്മാണമേഖലയിൽ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ചില പ്രാദേശിക സ്ഥാപനങ്ങളുമാണ് ഇതിന് മുൻകൈ എടുത്തത്," സാക്കിബ് പറയുന്നു. കഴിവുറ്റ ഇരുമ്പ് പണിക്കാർ ഇവിടെ നേരത്തെതന്നെ ഉണ്ടായിരുന്നതും ജിം ഉപകരണ നിർമ്മാണത്തിന് ആവശ്യമായ പുനരുത്പാദിപ്പിച്ച ഇരുമ്പ് കുഴലുകൾ, ദണ്ഡുകൾ, ഷീറ്റുകൾ തുടങ്ങിയ അസംസ്കൃത വസ്തുക്കൾ നഗരത്തിലെ ലോഹാ മണ്ഡിയിൽ (അസംസ്കൃത വസ്തുക്കളുടെ മൊത്തക്കച്ചവടം നടക്കുന്ന വിപണി) സുലഭമായി ലഭ്യമായതും ഇതിന് സഹായകമായി."
ഇരുമ്പ് കൊല്ലന്മാരും ഇരുമ്പ് മൂശയിൽ പണിയെടുക്കുന്ന തൊഴിലാളികളും കൂടുതലും വരുമാനം കുറഞ്ഞ വീടുകളിൽനിന്നുള്ള മുസ്‌ലിം സമുദായക്കാരാണ്. "കുടുംബത്തിലെ മൂത്ത ആൺകുട്ടിയ്ക്ക് വളരെ ചെറുപ്പത്തിൽത്തന്നെ ഈ ജോലിയിൽ പരിശീലനം ലഭിക്കും," സാക്കിബ് പറയുന്നു. "സൈഫി/ലോഹാർ (മറ്റ് പിന്നാക്കവിഭാഗം) ഉപജാതിയിൽപ്പെട്ടവർ ഈ ജോലിയിൽ സമർത്ഥരാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്," അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സംസ്ഥാനത്ത് മറ്റ് പിന്നാക്കവിഭാഗമായി പരിഗണിക്കപ്പെടുന്ന, നെയ്ത്തുകാരിലെ മുസ്‌ലിം ഉപജാതിയായ അൻസാരി സമുദായക്കാരാണ് സാക്കിബിന്റെ കുടുംബം.
"മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളായ ഇസ്ലാമാബാദ്, സക്കീർ ഹുസ്സൈൻ കോളനി, ലിസാഡി ഗേറ്റ്, സൈദി ഫാം എന്നിവിടങ്ങളിൽ ഒരുപാട് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്," സാക്കിബ് പറയുന്നു. 2011-ലെ കണക്കെടുപ്പനുസരിച്ച്, മീററ്റ് ജില്ലയിലെ ജനസംഖ്യയുടെ 34 ശതമാനം മുസ്‌ലിം സമുദായക്കാരാണ് - ജില്ലാടിസ്ഥാനത്തിൽ, സംസ്ഥാനത്തെ ഏഴാമത്തെ ഉയർന്ന മുസ്‌ലിം ജനസംഖ്യാ ശതമാനമാണിത്.
ഇരുമ്പുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവരിൽ കൂടുതലും മുസ്‌ലിം സമുദായക്കാരാകുന്നത് മീററ്റിന്റെ മാത്രം പ്രത്യേകതയല്ല. 2006-ൽ പ്രസിദ്ധീകരിച്ച, ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് ( സച്ചാർ കമ്മിറ്റി റിപ്പോർട്ട് ) പ്രകാരം, തൊഴിലാളികളിൽ നല്ലൊരു പങ്കും മുസ്ലീങ്ങളായിട്ടുള്ള മൂന്ന് നിർമ്മാണമേഖലകളിലൊന്നാണ് ഫാബ്രിക്കേറ്റ് ചെയ്ത ലോഹ ഉത്പന്നങ്ങളുടെ വ്യവസായം.
സാക്കിബും അദ്ദേഹത്തിന്റെ സഹോദരന്മാർ, മുപ്പതുകളുടെ മദ്ധ്യത്തിൽ പ്രായമുള്ള മുഹമ്മദ് നാസിമും മുഹമ്മദ് ആസിമും നഗരത്തിലെ ഇരുമ്പ് വ്യവസായശാലകളിൽ തൊഴിലാളികളായാണ് തുടങ്ങിയത്. അന്ന് ചെറിയ കുട്ടികളായിരുന്ന അവർ, അവരുടെ പിതാവ് നടത്തിയിരുന്ന തുണികളുടെ മൊത്തക്കച്ചവടം 2000-ത്തിന്റെ തുടക്കത്തിൽ കനത്ത നഷ്ടം നേരിട്ടതിന് പിന്നാലെ ജോലിയ്ക്ക് ഇറങ്ങുകയായിരുന്നു.
ആസിം, അഹമ്മദ് നഗർ പ്രദേശത്തുള്ള വീട്ടിൽവെച്ച് ഡംബെൽ പ്ളേറ്റുകൾ നിർമ്മിച്ച് തുടങ്ങിയപ്പോൾ നാസിം വാഹനഭാഗങ്ങൾ നിർമ്മിക്കുന്ന വ്യവസായത്തിന്റെ ഭാഗമായി. വിദഗ്ദ്ധനായ കൈപ്പണിക്കാരൻ ഫക്രുദ്ദീൻ അലി സൈഫിയുടെ സഹായിയായി, ഒരു മെറ്റൽ ഫാബ്രിക്കേഷൻ കാർഖാനയിൽ (ഫാക്ടറി) ജോലിയ്ക്ക് കയറിയായിരുന്നു സാക്കിബിന്റെ തുടക്കം. "ലോഹങ്ങൾ മുറിച്ച്, വളച്ച്, വെൽഡ് ചെയ്ത്, സംയോജിപ്പിച്ച് ജിം ഉപകരണങ്ങൾ, ഝൂലെ (ഊഞ്ഞാലുകൾ), ജാലി ഗേറ്റുകൾ (ലാറ്റിസ് വർക്ക് ചെയ്ത ഗേറ്റുകൾ) എന്നിങ്ങനെയുള്ള വ്യത്യസ്ത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ അദ്ദേഹമാണ് എന്നെ പഠിപ്പിച്ചത്," സാക്കിബ് പറയുന്നു.
ഇന്നിപ്പോൾ ഈ സഹോദരങ്ങൾ, നഗരത്തിലെ അവരുടെ ഷോറൂമിൽനിന്ന് ഒൻപത് കിലോമീറ്റർ അകലെയുള്ള, തതീന സെയ്നി എന്ന ചെറുഗ്രാമത്തിൽ സ്വന്തമായി ഒരു ജിം, ആരോഗ്യപരിപാലന ഉപകരണ നിർമ്മാണശാല നടത്തുന്നുണ്ട്. ഇരുമ്പ് ഉത്പന്ന നിർമ്മാണത്തിന്റെ ഒരു പ്രധാനകേന്ദ്രംകൂടിയാണ് മീററ്റ് - ഇവിടെനിന്ന് കയറ്റി അയക്കുന്ന പ്രധാന ഉത്പന്നങ്ങളിൽ പണിയായുധങ്ങൾ, കത്രികകൾ, ഇരുമ്പ് വീട്ടുപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.( 2011-ലെ കണക്ക്)
"എന്നേക്കാൾ കഴിവുള്ള ഒരുപാട് ഇരുമ്പുപണിക്കാർ മീററ്റിലുണ്ട്. ഞാൻ ഒരു തൊഴിലാളിയിൽനിന്ന് തൊഴിൽ ദാതാവായപ്പോൾ അവരിൽ പലർക്കും അത് സാധിച്ചിട്ടില്ല എന്നത് മാത്രമാണ് വ്യത്യാസം," സാക്കിബ് പറയുന്നു.
സാക്കിബിന്റെ ഈ യാത്ര സാധ്യമായത്, സഹോദരന്മാർ സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് അദ്ദേഹത്തിന് കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ബിരുദാനന്തരബിരുദം (എം.സി.എ) പഠിക്കാനുള്ള അവസരം ലഭിച്ചതുകൊണ്ടാണ്. "എന്റെ സഹോദരന്മാർ ആദ്യം അല്പം മടിച്ചെങ്കിലും, എം.സി.എ പഠിക്കുന്നതിൽനിന്ന് ലഭിക്കുന്ന അറിവ്, നല്ല രീതിയിൽ പ്രവർത്തിക്കുന്ന ജിം, ആരോഗ്യപരിപാലന ഉപകരണമേഖലയിൽ ഞങ്ങളുടെ സ്വന്തം ബിസിനസ് കെട്ടിപ്പടുക്കാൻ സഹായകമാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു," സാക്കിബ് പറയുന്നു.
*****
"ജിം ഉപകരണങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി ലോഹഭാഗങ്ങൾ മുറിച്ച്, വെൽഡിങ്ങും ബഫിങ്ങും ചെയ്ത്, ഫിനിഷിങ് നൽകി, പെയിന്റടിച്ച്, പൗഡർ കോട്ട് കൊടുത്ത് പാക്ക് ചെയ്യേണ്ടതുണ്ട്. ഇത്തരത്തിൽ നിർമ്മിച്ച ചെറിയ ഭാഗങ്ങൾ പിന്നീട് സംയോജിപ്പിച്ച് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്," ഞങ്ങൾ ഫാക്ടറി നടന്നുകാണുമ്പോൾ സാക്കിബ് വിശദീകരിക്കുന്നു. "എയർകണ്ടീഷൻ ചെയ്ത മുറികളിൽ വെച്ചിട്ടുള്ള, പൂർണ്ണമായി ഘടിപ്പിച്ച, ആകർഷകമായ ഉപകരണം മാത്രമാണ് സാധാരണക്കാർ കാണുന്നത് എന്നതുകൊണ്ടുതന്നെ ഇവിടെ ഏത് ഭാഗമാണ് നിർമ്മിക്കുന്നതെന്ന് മനസ്സിലാക്കാൻ അവർക്ക് സാധിക്കുകയില്ല."
സാക്കിബ് പരാമർശിക്കുന്ന ജിമ്മുകളിൽനിന്ന് തീർത്തും വിഭിന്നമാണ് ഞങ്ങൾ നിൽക്കുന്ന ഫാക്ടറിയിലെ അന്തരീക്ഷം. മൂന്ന് ചുവരുകളും മുകളിൽ തകരഷീറ്റുകളുമുള്ള ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തതീന സൈനിയിലെ ഫാക്ടറിയെ മൂന്ന് ജോലി മേഖലകളാക്കി തിരിച്ചിട്ടുണ്ട് - ഫാബ്രിക്കേഷൻ ഏരിയ, പെയിന്റിംഗ് ഏരിയ, പാക്കിങ് ഏരിയ എന്നിങ്ങനെ. കെട്ടിടത്തിന്റെ ഒരു വശം തുറന്നുകിടക്കുന്നത് വേണ്ടത്ര വായുസഞ്ചാരം സാധ്യമാക്കുന്നു - നീണ്ട വേനൽക്കാല മാസങ്ങളിൽ താപനില 40 ഡിഗ്രിയാകുകയും ചിലപ്പോഴെല്ലാം 45 ഡിഗ്രിയിൽ കൂടുകയും ചെയ്യുമെന്നിരിക്കെ, ഇത്തരമൊരു സൗകര്യം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
കടയിലൂടെ നടക്കുമ്പോൾ എവിടെയാണ് കാല് വെക്കുന്നതെന്ന് ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
15 അടി നീളമുള്ള ഇരുമ്പ് ദണ്ഡുകളും കുഴലുകളും, 400 കിലോയിൽ കൂടുതൽ ഭാരം വരുന്ന, ദീർഘവൃത്താകൃതിയിലുള്ള ഇരുമ്പ് കട്ടകൾ, വെയ്റ്റ് പ്ളേറ്റുകൾ മുറിച്ചെടുക്കാൻ ഉപയോഗിക്കുന്ന കട്ടിയുള്ള, പരന്ന ലോഹഷീറ്റുകൾ, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വലിയ യന്ത്രങ്ങൾ, നിർമ്മാണത്തിന്റെ വിവിധ ഘട്ടത്തിലിരിക്കുന്ന ജിം ഉപകരണങ്ങൾ തുടങ്ങിയവ നിലത്താകെ അങ്ങിങ്ങ് കിടക്കുകയാണ്. ഇവയ്ക്കിടയിലൂടെ നീളുന്ന, ഇടുങ്ങിയ, കൃത്യമായി വേർതിരിച്ചിട്ടില്ലാത്ത പാതയിൽനിന്ന് അല്പമൊന്ന് മാറിനടന്നാൽപ്പോലും എന്തിന്റെയെങ്കിലും കൂർത്ത അറ്റം തട്ടി മുറിവ് പറ്റാനോ ഭാരമുള്ള എന്തെങ്കിലും കാൽപ്പാദത്തിൽ വീണ് എല്ലൊടിയാനോ സാധ്യതയുണ്ട്.
തവിട്ടും ചാരവും കറുപ്പും നിറത്തിലുള്ള ഘനവസ്തുക്കൾ നാലുപാടുമുള്ള, നിശ്ചലമായ ഈ ലോകത്ത്, ആകെയുള്ള ചലനവും പ്രകാശവും ഉണ്ടാകുന്നത് തൊഴിലാളികളിൽനിന്നാണ്. വർണ്ണശബളമായ ടീഷർട്ടുകൾ ധരിച്ച ഫാക്ടറി തൊഴിലാളികൾ പ്രവർത്തിപ്പിക്കുന്ന വൈദ്യുതോപകരണങ്ങൾ ലോഹത്തിൽ തട്ടുമ്പോൾ തീപ്പൊരി ചിതറുന്നു.
ഇവിടെയുള്ള തൊഴിലാളികളിൽ മുഹമ്മദ് ആസിഫ് മാത്രമാണ് തതീന സൈനി സ്വദേശി; മറ്റുള്ളവർ മീററ്റ് പട്ടണത്തിൽനിന്നും അതിന്റെ ചുറ്റുവട്ടത്തിൽനിന്നുമുള്ളവരാണ്. "ഞാനിവിടെ ജോലിയ്ക്ക് കയറിയിട്ട് രണ്ടരമാസമായി, എന്നാൽ ഇത് എന്റെ ആദ്യത്തെ ജോലിയല്ല. ഇതിനുമുൻപ് ഞാൻ മറ്റൊരു ജിം മെഷീൻ ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്," ഇരുമ്പുകുഴൽ മുറിക്കുന്നതിൽ വിദഗ്ധനായ 18 വയസ്സുകാരൻ ആസിഫ് പറയുന്നു. 15 അടി നീളമുള്ള കുഴലുകൾ കൂട്ടിയിട്ടതിൽനിന്ന് ഓരോന്നായി വലിച്ചെടുത്ത് അദ്ദേഹം തന്റെ ഇടതുഭാഗത്തുള്ള ഒഴിഞ്ഞ സ്ഥലത്തുകൂടി തള്ളിനീക്കി കുഴൽ മുറിക്കുന്ന യന്ത്രത്തിലേയ്ക്ക് കയറ്റിവെക്കുന്നു. അടുത്തതായി അദ്ദേഹം, നിർമ്മാണത്തിൽ ഇരിക്കുന്ന ജിം ഉപകരണത്തിന് ആവശ്യമായ നീളത്തിനും ഡിസൈനിനുമനുസരിച്ച് കുഴലിൽ മുറിക്കേണ്ട ഇടങ്ങൾ ഒരിഞ്ച് ടേപ്പ് ഉപയോഗിച്ച് അടയാളപ്പെടുത്തുന്നു.
"എന്റെ അച്ഛൻ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഓട്ടോ ഓടിക്കുകയാണ്," ആസിഫ് തുടരുന്നു. "അച്ഛന്റെ വരുമാനം മതിയാകാത്തതിനാൽ എനിക്ക് കഴിയുന്നത്ര നേരത്തെ ജോലി ചെയ്ത് തുടങ്ങേണ്ടിവന്നു." ആസിഫിന്റെ ഒരു മാസത്തെ ശമ്പളം 6,500 രൂപയാണ്.
ഫാക്ടറിയുടെ മറ്റൊരു വശത്ത് മുഹമ്മദ് നൗഷാദ് ദീർഘവൃത്താകൃതിയിലുള്ള ഒരു ഇരുമ്പ് കട്ട ഒരു ബാൻഡ് സോ മെഷീനിൽവെച്ച് പരന്ന കഷണങ്ങളാക്കി മുറിക്കുകയാണ്. ഇവിടത്തെ ലാത്ത് മെഷീൻ ടെക്‌നീഷ്യൻകൂടിയായ ഈ 32 വയസ്സുകാരൻ 2006 മുതൽ ആസിമിനോടൊപ്പം ജോലി ചെയ്യുന്നു. "ഇവയെല്ലാം ഭാരം ഉയർത്തുന്ന വ്യായാമത്തിനായി പല തരത്തിലുള്ള ജിം ഉപകരണങ്ങളിൽ ഘടിപ്പിക്കപ്പെടും," അദ്ദേഹത്തിന്റെ പണിസ്ഥലത്ത് ഡിസ്ക്കിന്റെ ആകൃതിയിലുള്ള അനേകം ഇരുമ്പുകഷണങ്ങൾ ഭാരമനുസരിച്ച് മേൽക്കുമേൽ അടുക്കിയിരിക്കുന്നതിലേയ്ക്ക് ചൂണ്ടിക്കാണിച്ച് നൗഷാദ് പറയുന്നു. നൗഷാദ് ഒരു മാസം 16,000 രൂപ സമ്പാദിക്കുന്നു.
നൗഷാദിന്റെ പണിസ്ഥലത്തിന്റെ ഇടതുവശത്തായി 42 വയസ്സുകാരനായ മുഹമ്മദ് ആസിഫ് സൈഫിയും 27 വയസ്സുകാരനായ ആമീർ അൻസാരിയും എട്ടു സ്റ്റേഷനുള്ള ഒരു മൾട്ടി ജിം സംയോജിപ്പിക്കുകയാണ്. ജമ്മു ആൻഡ് കശ്മീരിലെ കുപ്‌വാരയിലുള്ള ഒരു പട്ടാള ക്യാമ്പിലേക്ക് അയക്കാനുള്ള ഉപകരണങ്ങളുടെ കൂട്ടത്തിലുള്ളതാണ് ആ മൾട്ടി ജിം.
ശ്രീനഗർ, കത്ര (ജമ്മു ആൻഡ് കശ്മീർ), അംബാല (ഹരിയാന), ബിക്കാനീർ (രാജസ്ഥാൻ), ഷില്ലോങ് ( മേഘാലയ) എന്നിവിടങ്ങളിലെ ഇന്ത്യൻ പട്ടാള സ്ഥാപനങ്ങൾ കമ്പനിയുടെ ഉപഭോക്താക്കളാണ്. ഇതുകൂടാതെ, "മണിപ്പൂർമുതൽ കേരളംവരെയുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള സ്വകാര്യ ജിമ്മുകൾ ഇവിടെനിന്ന് ഉപകരണങ്ങൾ കൊണ്ടുപോകുന്നുണ്ട്. ഭൂട്ടാനിലേയ്ക്കും നേപ്പാളിലേയ്ക്കും ഇവിടെനിന്ന് ഉപകരണങ്ങൾ കയറ്റി അയക്കുന്നുമുണ്ട്," സാക്കിബ് കൂട്ടിച്ചേർക്കുന്നു.
ആർക്ക് വെൽഡിങ്ങിൽ വിദഗ്ധരായ ഇരുവരും ചെറിയ യന്ത്രഭാഗങ്ങൾ നിർമ്മിക്കുന്നതിനൊപ്പം അവ സംയോജിപ്പിച്ച് വലിയ യന്ത്രമുണ്ടാക്കുന്ന ജോലിയും ചെയ്യുന്നു. ഓർഡറുകളുടെ എണ്ണവും അവർക്ക് നിർമ്മിക്കാൻ കഴിയുന്ന യന്ത്രങ്ങളുടെ എണ്ണവുമനുസരിച്ച് ഇരുവർക്കും മാസത്തിൽ 50-60,000 രൂപ ലഭിക്കും.
"ആർക്ക് വെൽഡിങ് യന്ത്രത്തിന്റെ മുൻവശത്തുള്ള നേർത്ത ഇലക്ട്രോഡ് ഇരുമ്പിന്റെ കട്ടിയുള്ള പ്രതലം തുളച്ച് അത് ഉരുക്കും," താൻ ചെയ്യുന്ന പ്രക്രിയ വിശദീകരിച്ചുകൊണ്ട് ആമിർ കൂട്ടിച്ചേർക്കുന്നു," ലോഹത്തിന്റെ രണ്ട് കഷണങ്ങൾ യോജിപ്പിക്കുന്ന പ്രക്രിയയ്ക്കിടെ, ഈ ഇലക്ട്രോഡ് നമ്മൾ കൈ വിറയ്ക്കാതെ നിയന്ത്രിക്കണം. അതുകൊണ്ടുതന്നെ ഈ വിദ്യ പഠിക്കാനും സ്വായത്തമാക്കാനും ബുദ്ധിമുട്ടാണ്.
"ആമിറും ആസിഫും തേക്കയിലാണ് (കരാറടിസ്ഥാനത്തിൽ) ജോലി ചെയ്യുന്നത്," അവരുടെ ശമ്പളഘടന വിശദീകരിച്ച് സാക്കിബ് പറയുന്നു. "കുറഞ്ഞ വൈദഗ്ധ്യം ആവശ്യമായ ജോലികളിൽനിന്ന് വ്യത്യസ്തമായി ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള ജോലികൾ കരാർ അടിസ്ഥാനത്തിലാണ് ചെയ്യുന്നത്. ഇത്തരം ജോലികളിൽ വിദഗ്ധരായവർക്ക് ആവശ്യക്കാർ കൂടുതൽ ഉണ്ടാകുമെന്നത് കൊണ്ടുതന്നെ അവർക്ക് മെച്ചപ്പെട്ട ശമ്പളം വാങ്ങിച്ചെടുക്കാനുമാകും," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
പൊടുന്നനെ കടയിലെ പ്രകാശം മങ്ങി. വൈദ്യുതി നിലച്ചിരിക്കുന്നു; ഫാക്ടറിയിലെ ജനറേറ്റർ പ്രവർത്തിച്ചുതുടങ്ങിയതുവരെ ജോലികൾ തടസപ്പെട്ടു. അതിനുശേഷം, ജനറേറ്ററിന്റെയും വൈദ്യുതി ഉപകരണങ്ങളുടെയും ഒച്ചയ്ക്ക് മുകളിൽ പരസ്പരം പറയുന്നത് കേൾക്കാനായി തൊഴിലാളികൾ ഉച്ചത്തിലാണ് സംസാരിക്കുന്നത്.
അടുത്ത പണിസ്ഥലത്ത്, 21 വയസ്സുകാരനായ ഇബാദ് സൽമാനി, ജിം ഉപകരണത്തിന്റെ വിവിധ ഭാഗങ്ങൾ യോജിക്കുന്ന ഇടങ്ങൾ ഒരു മെറ്റൽ ഇനർട്ട് ഗ്യാസ് (എം.ഐ.ജി) വെൽഡർ ഉപയോഗിച്ച് ശക്തിപ്പെടുത്തുകയാണ്. "കട്ടി കുറഞ്ഞതും കട്ടി കൂടിയതുമായ ഭാഗങ്ങൾ വെൽഡ് ചെയ്യേണ്ട വ്യത്യസ്ത താപനിലകൾ കൃത്യമായി അറിയില്ലെങ്കിൽ ഇരുമ്പ് ഉരുകിപ്പോകും," ഇബാദ് പറയുന്നു. അദ്ദേഹത്തിന്റെ മാസശമ്പളം 10,000 രൂപയാണ്,
ലോഹക്കഷണത്തിൽ പണിയെടുക്കാനായി കുനിഞ്ഞുനിൽക്കുന്ന ഇബാദ്, പ്രക്രിയയ്ക്കിടെ ഉണ്ടാകുന്ന തീപ്പൊരിയിൽനിന്ന് കണ്ണുകളും കൈകളും സംരക്ഷിക്കാനായി കയ്യിൽ പിടിക്കുന്ന ഒരു ഷീൽഡ് ഉപയോഗിക്കുന്നു. "ഞങ്ങൾക്ക് എല്ലാവിധ സുരക്ഷാ ഉപകരണങ്ങളുമുണ്ട്. എന്താണ് സുരക്ഷയും സൌകര്യവും സ്വയം വിലയിരുത്തിയതിനുശേഷം തൊഴിലാളികൾ അവ വേണ്ടവണ്ണം ഉപയോഗിക്കും," സാക്കിബ് പറയുന്നു.
"ഞങ്ങളുടെ വിരലുകൾ പൊള്ളും, കാലിൽ ഇരുമ്പ് കുഴലുകൾ വീഴും. മുറിവുകൾ പറ്റുന്നത് സാധാരണമാണ്," എന്ന് പറഞ്ഞു ആസിഫ് സൈഫി ഭാവഭേദമൊന്നുമില്ലാതെ കൂട്ടിച്ചേർക്കുന്നു, "ചെറുപ്പംമുതൽ ഞങ്ങൾക്ക് ഇതൊക്കെ ശീലമാണ്, ഈ ജോലി ഉപേക്ഷിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല."
ഏറ്റവും മുതിർന്ന തൊഴിലാളിയായ 60 വയസ്സുകാരൻ ബാബു ഖാൻ, ഉടലും കാലുകളും തീപ്പൊരിയിൽനിന്ന് സംരക്ഷിക്കാനായി കൈകൾക്ക് ചുറ്റും ചെറിയ ഒരു പരുത്തിത്തുണി പുതയ്ക്കുകയും അരയ്ക്ക് ചുറ്റും വലിയ ഒരു തുണി കെട്ടുകയും ചെയ്യുന്നു "ചെറുപ്പത്തിൽ ഞാൻ മറ്റൊരു ജിം ഉപകരണ ഫാക്ടറിയിൽ ഇരുമ്പ് ദണ്ഡുകൾ വെൽഡ് ചെയ്യുന്ന ജോലിയ്ക്ക് പോയിരുന്നു, എന്നാൽ ഇപ്പോൾ ഞാൻ ബഫിങ് ജോലിയാണ് ചെയ്യുന്നത്," അദ്ദേഹം പറയുന്നു.
"ബഫിങ് എന്ന അവസാനഘട്ട സാങ്കേതിക പ്രക്രിയയിൽ, മുറിക്കലിനും വെൽഡ് ചെയ്യലിനുമിടെ ലോഹത്തിന്റെ പ്രതലത്തിൽ ഉണ്ടാകുന്ന ചെറിയ പോറലുകൾ നീക്കുകയാണ് ചെയ്യുന്നത്," സാക്കിബ് വിശദീകരിക്കുന്നു. ബാബു ഒരു മാസം 10,000 രൂപ സമ്പാദിക്കുന്നു.
ലോഹത്തിന്റെ പ്രതലം മിനുസപ്പെടുത്തുന്ന ഘട്ടത്തിനുശേഷം, 45 വയസ്സുകാരനായ ഷാക്കിർ അൻസാരി, യന്ത്രഭാഗങ്ങൾ ചേരുന്ന ഇടം ബോഡി ഫില്ലർ പുട്ടി ഉപയോഗിച്ച് മറയ്ക്കാനും ഉരകടലാസുകൊണ്ട് കൂടുതൽ മിനുസപ്പെടുത്താനും ആരംഭിക്കുന്നു. സാക്കിബിന്റെ സഹോദരീഭർത്താവായ ഷാക്കിർ ആറ് വർഷമായി ഇവിടെയാണ് ജോലിചെയ്യുന്നത്. കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അദ്ദേഹത്തിന് മാസത്തിൽ 50,000 രൂപവരെ സമ്പാദിക്കാനാകും. "നേരത്തെ എനിക്ക്, ഡീസലിൽ ഓടുന്ന ഓട്ടോകൾക്കായി ഇരുമ്പ് നോസിലുകൾ നിർമ്മിക്കുന്ന ബിസിനസ്സ് സ്വന്തമായുണ്ടായിരുന്നു. പക്ഷെ കംപ്രസ്സ്ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി) ഓട്ടോകൾ വിപണിയിൽ ഇറങ്ങിയതോടെ എന്റെ കച്ചവടം പൂർണ്ണമായും തകർന്നു", അദ്ദേഹം പറയുന്നു.
ഉപകരണങ്ങളിൽ പ്രൈമറും പെയിന്റും അടിക്കുന്ന ജോലി ഷാക്കിർ പൂർത്തിയാക്കുന്നതിനുപിന്നാലെ, അവ യന്ത്രസഹായത്താൽ പൗഡർ കോട്ട് ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് "അവ കൂടുതൽ കാലം ഈടുനിൽക്കുകയും തുരുമ്പ് പിടിക്കാതിരിക്കുകയും ചെയ്യും," സാക്കിബ് വിശദീകരിക്കുന്നു.
പുതുതായി നിർമ്മിച്ച ഉപകരണഭാഗങ്ങൾ ഗേറ്റിന് സമീപത്തുള്ള ഒരു സ്ഥലത്തുവെച്ച് വെവ്വേറെയായി പാക്ക് ചെയ്തശേഷം വിവിധ സ്ഥലങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതിനായി ട്രക്കുകളിൽ കയറ്റുന്നു. മുഹമ്മദ് ആദിൽ, സമീർ അബ്ബാസി, മൊഹ്‌സിൻ ഖുറേഷി, ഷാബാസ് അൻസാരി എന്നിവർ ഉൾപ്പെടുന്ന, ഉപകരണങ്ങൾ പാക്ക് ചെയ്യുകയും ഘടിപ്പിക്കുകയും ചെയ്യുന്ന സംഘത്തിലെ അംഗങ്ങൾക്ക് 17-18 വയസ്സുണ്ട്; അവർ ഓരോരുത്തരുടെയും മാസശമ്പളം 6,500 രൂപയാണ്.
കുപ്‌വാരയിലെ പട്ടാള ജിമ്മിലേയ്ക്ക് ഉപകരണം കൊണ്ടുപോകാനുള്ള ട്രാക്ക് എത്തിയതിനാൽ അതിൽ ഉപകരണങ്ങൾ കയറ്റാൻ അവർ തയ്യാറെടുക്കുകയാണ്.
"ഉപകരണങ്ങൾ ട്രാക്കിലാണ് കൊണ്ടുപോകുന്നതെങ്കിൽ, അവ സംയോജിപ്പിക്കാനായി ഞങ്ങൾ അവിടേയ്ക്ക് ട്രെയിൻ മാർഗം യാത്ര ചെയ്യും," എന്ന് പറഞ്ഞ് സമീർ കൂട്ടിച്ചേർക്കുന്നു," ഈ ജോലി ഉള്ളതുകൊണ്ട് മാത്രമാണ് ഞങ്ങൾക്ക് മലകളും കടലുകളും മരുഭൂമിയുമെല്ലാം കാണാൻ സാധിക്കുന്നത്."
പരിഭാഷ : പ്രതിഭ ആർ. കെ.