“മദ്യത്തിനൊരു ഗുണമുണ്ട്. വിശപ്പടക്കം പലതും മറക്കാൻ എളുപ്പമാക്കും അത്”, സിംഗ്ദുയി ഗ്രാമത്തിലെ രബീന്ദ്ര ഭുയ്യ പറഞ്ഞു.
അമ്പത് വയസ്സായ ഭുയ്യ ഒരു സാബർ ആദിവാസിയാണ് (പശ്ചിമ ബംഗാളിൽ സാവർ എന്ന പേരിലാണ് അവരെ പട്ടികപ്പെടുത്തിയിട്ടുള്ളത്). മുണ്ട ഗോത്രസമുദായക്കാരായ സാബറുകൾ ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിൽ ജീവിക്കുന്നു. സവോര, സോര, ശാബർ, സൂരി എന്നീ പല പേരുകളിൽ അറിയപ്പെടുന്നവരാണ് അവർ. പശ്ചിമ മേദിനിപൂരിൽ (അവിഭജിത) പ്രധാനമായുള്ളത് ലോധ സാവറുകളാണ്. ഖാരിയ സാവറുകൾ, പുരുളിയയിലും, ബങ്കുറയിലും പശ്ചിമ മേദിനിപൂരിലും (അവിഭജിത) താമസിക്കുന്നു.
മഹാശ്വേതാ ദേവിയുടെ ‘നായാട്ടുകാരന്റെ പുസ്തക’ത്തിൽ (1994-ൽ ബംഗാളിയിൽ ബ്യാധ്ഖണ്ഡ എന്ന പേരിൽ പ്രസിദ്ധീകരിച്ചത്) ഈ സമുദായത്തിന്റെ കൊടുംദാരിദ്ര്യത്തെയും ദുരിതാവസ്ഥയേയുംകുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പതിറ്റാണ്ടുകൾക്കുശേഷവും വലിയ മാറ്റമൊന്നും വന്നിട്ടില്ല. പശ്ചിമ ബംഗാളിലെ ആദിവാസികൾ ജീവിക്കുന്ന ലോകം എന്ന 2020-ലെ റിപ്പോർട്ടിൽ പറയുന്നത്, “സർവ്വേ ചെയ്ത 67 ശതമാനം ഗ്രാമങ്ങളും പട്ടിണിദുരിതം അനുഭവിക്കുന്നു’ എന്നാണ്.
18-ആം നൂറ്റാണ്ടിന്റെ പകുതിമുതൽ ബ്രിട്ടീഷുകാർ ഇവരെ ‘കുറ്റവാളി ഗോത്ര’മെന്ന പേരിലാണ് പട്ടികപ്പെടുത്തിയിരുന്നത്. 1952-ലാണ് അവർക്ക് ആ അപമാനത്തിൽനിന്ന് രക്ഷകിട്ടിയത്. പരമ്പരാഗതമായി വേട്ടക്കാരായ അവർ ഫലമൂലാദികളും ഇലകളും വേരുകളും ശേഖരിക്കുന്നതിലും, കാട്ടിലെ മൃഗങ്ങളെ വേട്ടയാടുന്നതിലും സമർത്ഥരായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം കൃഷി ചെയ്യാൻ ഇവർക്ക് ഭൂമി കിട്ടിയെങ്കിലും അവയൊക്കെ മിക്കവാറും പാറപ്രദേശങ്ങളും ഊഷരഭൂമികളുമായിരുന്നു. അങ്ങിനെ ഒടുവിൽ അവർ നിവൃത്തിയില്ലാതെ കുടിയേറ്റത്തൊഴിലാളികളായി മാറി. കുറ്റവാളിപ്പട്ടികയിൽനിന്ന് പുറത്തുവന്നെങ്കിലും അവരിപ്പൊഴും ആ മുദ്രയുടെ മേൽവിലാസത്തിൽത്തന്നെ കഴിയുന്നു. പൊലീസിന്റെയും വനംവകുപ്പിന്റെയും ദാക്ഷിണ്യത്തിലാണ് അവരുടെ ജീവിതവും സഞ്ചാരവും.
വരുമാനമാർഗ്ഗങ്ങളൊന്നുമില്ലാതെ കഴിയുന്ന പശ്ചിമ മേദിനീപൂരിലേയും ഝാർഗ്രാം ജില്ലയിലേയും സാബർ സമുദായത്തിന്. വിശപ്പ് ഒരു യാഥാർത്ഥ്യമാണ്. ഭുയ്യയെപ്പോലുള്ള പലരും അവരുടെ വിശപ്പിനെ മറക്കുന്നത്, മദ്യത്തിലൂടെയാണ്. “അല്ലെങ്കിൽ ഞങ്ങൾ മൂന്ന് നേരവും അരി വാറ്റി ( പന്താബാത്ത് ) കഴിക്കുന്നു”, ബങ്കിം മല്ലിക് പറഞ്ഞു. സർക്കാരിന്റെ പൊതുവിതരണ സംവിധാനത്തിൽനിന്ന് (പി.ഡി.എസ്) കുടുംബത്തിലെ ഓരോ അംഗത്തിനും മാസത്തിൽ കിട്ടുന്ന അഞ്ച് കിലോഗ്രാം വീതം അരിയെ ഉദ്ദേശിച്ചാണ് തപോബൻ ഗ്രാമത്തിലെ 55 വയസ്സായ അദ്ദേഹം അത് പറഞ്ഞത്. “ഉപ്പും എണ്ണയുമൊക്കെ ആഡംബരമാണ്”, അദ്ദേഹം തുടർന്നു. പൊട്ടിപ്പൊളിഞ്ഞ തന്റെ വീടിന്റെ മുമ്പിലിരുന്ന് ചോറ് കഴിക്കുകയായിരുന്നു അദ്ദേഹം.
തുച്ഛമായ റേഷന് പുറമേ മറ്റെന്തെങ്കിലും ഭക്ഷണം കിട്ടാൻ സാബറുകൾക്ക് കാടുകളെ ആശ്രയിച്ചേ മതിയാവൂ. വേനൽമാസങ്ങളായ ബൈശാഖ്, ജ്യേഷ്ഠയിലും, ആഷാഢത്തിലെ കാലവർഷക്കാലത്തും, സമുദായക്കാർ കാടുകളിൽനിന്ന് ഫലങ്ങളും വേരുകളും ശേഖരിക്കുകയും, ചെറിയ പക്ഷികൾ, പാമ്പുകൾ, ഗോസാപ്പുകൾ (ബംഗാൾ മോണിറ്റർ ലിസാർഡ്), തവളകൾ, ഒച്ചുകൾ എന്നിവയെ വേട്ടയാടുകയും ചെയ്യുന്നു. കൂടാതെ, വലിയ തവളകളും ഒച്ചുകളും മീനുകളും ഞണ്ടുകളും.
പിന്നീട് ശ്രാവണം, ഭാദ്രം, ആശ്വിൻ മാസങ്ങളിൽ, പുഴകളിൽനിന്ന് മത്സ്യവും, തുടർന്നുവരുന്ന കാർത്തിക, അഗ്രഹായന, പൌഷ മാസങ്ങളിൽ, എലികൾ മാളത്തിലൊളിപ്പിക്കുന്ന നെല്ലും അവർ തപ്പിയെടുക്കുന്നു. എലികളെ ആദ്യം പിടിച്ചതിനുശേഷമാണ് അവ സൂക്ഷിച്ച നെല്ല് അവർ ശേഖരിക്കുക. മാഘമാസത്തെ തണുപ്പിലും പിന്നീടുള്ള ഫാൽഗുനം, ചൈത്ര മാസങ്ങളിലെ വസന്തത്തിലും അവർ ചെറിയ മൃഗങ്ങളെ നായാടിയും, കാടുകളിലെ ഫലങ്ങളും തേൻകൂടുകളും അന്വേഷിച്ചുപോവുകയും ചെയ്യും.
എന്നാൽ വന്യമൃഗശല്യം മൂലം, മറ്റ് ആദിവാസി സമൂഹങ്ങളെപ്പോലെ, കാടുകളിലേക്ക് പോകാൻ അവർക്കും സാധിക്കുന്നില്ല. ജീവൻ നഷ്ടമാവുമെന്ന ഭീതിയിലാണ് അവരും.
“ആർക്കെങ്കിലും അസുഖമായാൽപ്പോലും, സന്ധ്യയ്ക്കുശേഷം ഞങ്ങൾ കഴിവതും പുറത്തിറങ്ങാറില്ല. ആനക്കൂട്ടങ്ങൾ വഴിയിൽനിന്ന് മാറുകപോലുമില്ല. ഇവിടെ വീടുണ്ടെന്ന് തെളിയിക്കാനുള്ള ആധാർ കാർഡ് അവയുടെ കൈയ്യിലുണ്ടെന്ന് തോന്നും അവയുടെ നിൽപ്പ് കണ്ടാൽ”, പകുതി തമാശയോടെ 52 വയസ്സുള്ള ജോഗ മല്ലിക് പറഞ്ഞു.
അറുപത് വയസ്സ് കഴിഞ്ഞ ശുക്ര നായക് തപോബൻ ഗ്രാമത്തിലെ സബാർ സമുദായക്കാരനാണ്. ആനകളുടെ സാന്നിദ്ധ്യം ഇവിടുത്തെ താമസം “ഭീതിദമാക്കി’ എന്ന് അദ്ദേഹം പറഞ്ഞു. “ആനകൾ എല്ലായിടത്തുമുണ്ട്. അവ ഈയിടെയായി അക്രമാസക്തരാവുകയും ചെയ്തിരിക്കുന്നു. ആളുകളെ മാത്രമല്ല, പാടവും, വാഴത്തോട്ടവും വീടുകളും ഒക്കെ അവ ആക്രമിക്കാറുണ്ട്”.
എന്നാൽ “കാട്ടിൽ പോയില്ലെങ്കിൽ ഞങ്ങൾ എന്താണ് ഭക്ഷിക്കുക? ഒരു നേരം മാത്രം പന്തബാത്ത് കഴിച്ച് ദിവസങ്ങളോളം വിശപ്പടക്കേണ്ടിവരാറുണ്ട്”, എന്നാണ് അദ്ദേഹത്തിന്റെ അയൽക്കാരനും ബെനാഷൂലി ഗ്രാമത്തിലെ സ്വദേശിയുമായ ജതിൻ ഭക്ത ചോദിക്കുന്നത്.
പരിമിതമായ ആഹാരംമൂലം ക്ഷയംപോലുള്ള രോഗങ്ങൾക്ക് കീഴ്പ്പെടേണ്ടിവരാറുണ്ട് സാബറുകൾക്ക്. സാരഥി മല്ലിക് ഒരു ക്ഷയരോഗിയാണ്. മെഡിക്കൽ ക്യാമ്പുകളിൽ പോകാറുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതിൽ പങ്കെടുക്കാൻ അവർക്ക് താത്പര്യമില്ല. അതിനുള്ള കാരണവും, ബെനഷൂലി സ്വദേശിയായ ആ 30 വയസ്സുകാരി ഞങ്ങളോട് പറഞ്ഞു. “എന്റെ കുടുംബത്തിലെ ഒരേയൊരു സ്ത്രീ ഞാനാണ്. ഞാൻ ആശുപത്രിയിൽപ്പോയാൽ പിന്നെ ആരാണ് വീട്ടുപണികൾ ചെയ്യുക? ഭർത്താവിന്റെ കൂടെ കാട്ടിൽപ്പോയി ഇലകൾ കൊണ്ടുവരിക?”, മാത്രമല്ല, ചികിത്സയ്ക്കായി ആശുപത്രികളിൽ പോകുന്നത് ചിലവുള്ള കാര്യമാണ്. “ഓരോ തവണ പോകാനും ഒരു ഭാഗത്തേക്ക് മാത്രം 50 -80 രൂപ വേണം. അതൊക്കെ ഞങ്ങൾക്ക് എങ്ങിനെ താങ്ങാനാവും?”.
സാബർ കുടുംബങ്ങളുടെ പ്രധാനവരുമാനം വരുന്നത്, സാലമരങ്ങളുടെ (ഷോരേഅരോബുസ്ത) ഇലകൾ ശേഖരിച്ച് വിൽക്കുന്നതിലൂടെയാണ്. അദ്ധ്വാനമുള്ള ജോലിയാണ് അത്. ഈടുള്ള തടിയാണ് സാലവൃക്ഷത്തിന്റേത്. ഇന്ത്യയിലെ മരപ്പണിയിലെ പ്രധാന ഇനവുമാണത്. ഒഡിഷയിൽനിന്ന് സ്ഥിരമായി സാലവൃക്ഷ ഇലകൾ വാങ്ങാൻ കമ്പോളത്തിലെത്തുന്ന ദിലീപ് മൊഹന്തി പറയുന്നു. “ഇക്കൊല്ലത്തെ ഇലകളുടെ വരവ്, ഗണ്യമായി കുറഞ്ഞു. ആനകളെ പേടിച്ച് സാബർ സമുദായം ഇപ്പോൾ കാടുകളിൽ പോവുന്നത് കുറഞ്ഞു”.
ജതിന്റെ അയൽക്കാരനായ കൊണ്ട ഭക്ത ഇതിനോട് യോജിച്ചുകൊണ്ട് പറയുന്നത്, ഇത് അപകടം പിടിച്ച പണിയാണെന്നാണ്. “സാധാരണയായി ഞങ്ങൾ ഒരു സംഘമായിട്ടാണ് പോകാറുള്ളത്. അപകടം പിടിച്ച പണിയാണ്. പാമ്പുകളും ആനകളുമൊക്കെ ഉണ്ട്. ഞങ്ങൾ രാവിലെ 6 മണിക്ക് പോയി, ഉച്ചയോടെ തിരിച്ചുവരും”.
ഇലകൾ ശേഖരിച്ച്, ഉണക്കും. പിന്നീട്, “ഞങ്ങൾ അത് സൈക്കിളിൽ കൊണ്ടുപോയി, അടുത്തുള്ള, ശനിയാഴ്ചകളിൽ മാത്രം നടക്കുന്ന ചന്തയിലെത്തിക്കും. ഒഡിഷയിൽനിന്നുള്ള വ്യാപാരികൾ വന്ന്, 1,000 ഇലകളുടെ ഒരു കെട്ടിന് 60 രൂപവെച്ച് തരും. ആഴ്ചയിൽ നാല് കെട്ട് വിൽക്കാൻ കഴിഞ്ഞാൽ, എനിക്ക് 240 രൂപ സമ്പാദിക്കാനാവും”, ജതിൻ ഭക്ത പറഞ്ഞു. “മിക്ക കുടുംബങ്ങളുടേയും ശരാശരി സമ്പാദ്യമാണ് അത്”.
പ്രധാൻ മന്ത്രി ആവാസ് യോജനയുടെ കീഴിൽ (പി.എം.എ.വൈ) സംസ്ഥാനം ഈ സമുദായത്തിന് വീടുകൾ നൽകാൻ തുടങ്ങിയിട്ടുണ്ട്. പക്ഷേ 40 വയസ്സുള്ള സാബിത്രി മല്ലിക് പറയുന്നു. “ഞങ്ങൾക്ക് അവിടെ താമസിക്കാൻ പറ്റില്ല്”. 43 ഡിഗ്രി സെൽഷ്യസുവരെയൊക്കെ ചൂട് ഉയരുന്ന സമയത്ത്, അസ്ബെസ്റ്റോസ് മേൽക്കൂരയുള്ള കോൺക്രീറ്റ് വീടുകളിൽ എങ്ങിനെ കഴിയാനാകും. “ചൂട് വർദ്ധിക്കുന്ന മാർച്ച് മുതൽ ജൂൺവരെയുള്ള കാലത്ത്, ഞങ്ങൾ എങ്ങിനെ അതിൽ താമസിക്കും?”.
സമുദായത്തിന്റെ ജീവിതനിലവാരം ഉയർത്തുന്നതിനായി പ്രവർത്തിക്കുന്ന കാജ്‌ല ജനകല്യാൺ സമിതി (കെ.ജെ.കെ.എസ്) എന്ന സന്നദ്ധസംഘടന സ്ഥാപിച്ച ചുരുക്കം ചില സ്വകാര്യ പ്രൈമറി സ്കൂളുകൾ ബെനഷൂലി, തപോബൻ ഗ്രാമങ്ങളിലുണ്ട്. സംസ്ഥാന, ദേശീയ ശരാശരിയിലും താഴെ, 40 ശതമാനത്തിലാണ് ഇവിടുത്തെ സാക്ഷരതാനിരക്ക്. ഈ മേഖലയിലെ മൂന്നിലൊന്ന് ആദിവാസികളും മിഡിൽ, ഹയർ സെക്കൻഡറി സ്കൂളുകളിൽ ചേർന്നിട്ടില്ലെന്ന്, 2020-ലെ ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ജാതീയമായ ആക്രമണങ്ങൾ, സ്കൂളിലേക്കുള്ള ദൂരം, താങ്ങാനാവാത്ത വിദ്യാഭ്യാസച്ചിലവുകൾ എന്നിവമൂലം, കുട്ടികൾ സ്കൂൾ വിദ്യാഭ്യാസത്തിൽനിന്ന് കൊഴിഞ്ഞുപോകുന്നതായും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
“സമുദായത്തിന് കാര്യമായ വരുമാനമില്ലെങ്കിൽ, കുട്ടികളെ സ്കൂളിലേക്കയയ്ക്കുന്നതൊക്കെ ആഡംബരമാണ്”, കെ.ജെ.എസിന്റെ മേധാവി സ്വപൻ ജന പറഞ്ഞു.
ആരോഗ്യപരിചരണത്തിന്റെ കാര്യവും സമാനമാണെന്ന് പല്ലവി സെൻഗുപ്ത സൂചിപ്പിച്ചു. “അടുത്തൊന്നും പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ എക്സ്-റേ എടുക്കാനൊക്കെ അവർക്ക് ബുദ്ധിമുട്ടാണ്. അതിനാൽ അവർ പരമ്പരാഗത ചികിത്സകരെ ആശ്രയിക്കുന്നു”, മേഖലയിലെ ആദിവാസികൾക്ക് ആരോഗ്യപരിചരണം നൽകുന്ന ജർമ്മൻ ഡോക്ടേഴ്സ് എന്ന ജീവകാരുണ്യ സംഘടനയോടൊത്ത് പ്രവർത്തിക്കുന്ന സെൻഗുപ്ത സൂചിപ്പിച്ചു. സർപ്പദംശനവും ഈ ഭാഗത്ത് പതിവ് സംഭവമാണ്. അപര്യാപ്തമായ ചികിത്സാസൌകര്യങ്ങൾമൂലം ഇവിടെയും പരമ്പരാഗത വിഷവൈദ്യന്മാരാണ് ചികിത്സിക്കുന്നത്.
പശ്ചിമ ബംഗാളിൽ 40,000-ത്തിന് മുകളിൽ ജനസംഖ്യയുണ്ടെങ്കിലും (2013-ലെ സ്റ്റാറ്റിസ്റ്റിക്കൽ പ്രൊഫൈൽ ഓഫ് ഷെഡ്യൂൾഡ് ട്രൈബ്സ് ) സാബർ സമുദായത്തിന്റെ ജീവിതം പട്ടിണിയുടെ പാർശ്വങ്ങളിലാണ് ഇപ്പോഴും.
2004-ലാണ്, അന്നത്തെ മേദിനീപുർ ജില്ലയിലെ (ഇന്ന് ഝാർഗ്രാം ജില്ല) സാബർ ഗ്രാമത്തിലെ അഞ്ചുപേർ മാസങ്ങളോളം നീണ്ട പട്ടിണിക്കൊടുവിൽ മരിച്ചുപോയത്, ദേശീയ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു അന്നത്. ഇരുപത്തിരണ്ട് വർഷം കഴിഞ്ഞ്, സ്ഥിതിഗതികളിൽ ഇന്നും വലിയ മാറ്റങ്ങളൊന്നുമില്ല അവിടെ. കഠിനമായ വിശപ്പും, വിദ്യാഭ്യാസ-ആരോഗ്യപരിചരണ സേവനങ്ങളുടെ അഭാവവും എല്ലാം പഴയതുപോലെത്തന്നെ. കോളനികൾ സ്ഥിതിചെയ്യുന്നത് കൊടുംവനങ്ങൾക്കകത്തായതിനാൽ മനുഷ്യ-മൃഗ സംഘർഷങ്ങളും പതിവാണ്.
ഈയൊരു അവസ്ഥയിൽ, ഭക്ഷണത്തിനുപകരം മദ്യം കുടിക്കുന്നതിനെക്കുറിച്ച് അവിടുത്തെ താമസക്കാർ ഫലിതം പറയുമ്പോൾ, അതിനെ ലളിതമായി എടുക്കാനാവില്ല. “എന്റെ ശ്വാസത്തിൽ മദ്യത്തിന്റെ മണമുണ്ടെങ്കിൽ താങ്കളെന്നെ ചീത്ത പറയുമോ?” എന്ന് നിഷ്കളങ്കമായി ചോദിക്കുന്നു രബീന്ദ്ര ഭുയ്യ എന്ന മനുഷ്യൻ.
പരിഭാഷ: രാജീവ് ചേലനാട്ട്