വീട്ടിൽ പാചകം ചെയ്യുന്ന റാഗി കാലി യുടെ ഗന്ധം നാഗരാജ് ബന്ദന് ഓർമ്മയുണ്ട്. കുട്ടിയായിരുന്നപ്പോൾ, എല്ലാ ദിവസവും അതിനായി അയാൾ കാത്തിരിക്കാറുണ്ടായിരുന്നു.
അഞ്ച് പതിറ്റാണ്ട് കഴിഞ്ഞ് ഇപ്പോൾ, റാഗി കാലി ക്ക് (റാഗി ധാന്യമുപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണം) ആ ഗന്ധമില്ല. ‘ഇപ്പോൾ കിട്ടുന്ന റാഗിക്ക് ആ മണവും സ്വാദുമില്ല” എന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ വല്ലപ്പോഴുമേ അതുണ്ടാക്കാറുള്ളു എന്നും കൂട്ടിച്ചേർത്തു.
തമിഴ് നാട്ടിൽ പട്ടികഗോത്രമായി അടയാളപ്പെടുത്തപ്പെട്ട ഇരുള സമുദായക്കാരനാണ്, നീലഗിരിയിലെ ബൊക്കാപുരത്ത് താമസിക്കുന്ന നാഗരാജ്. അച്ഛനമ്മമാർ കൃഷി ചെയ്തിരുന്ന റാഗി (മുത്താറി), ചോളം (സൊർഗും), ബജ്ര (പേൾ മില്ലറ്റ് - കാംബൂ), ചാമ (സമായ് – ലിറ്റിൽ മില്ലറ്റ്) എന്നിവയോടൊപ്പമാണ് അദ്ദേഹവും വളർന്നത്. ഏതാനും കിലോഗ്രാം ധാന്യങ്ങൾ വീട്ടിലെ ആവശ്യത്തിനായി മാറ്റിവെച്ചിട്ടുണ്ടാവും. ബാക്കിയുള്ളത് ചന്തയിൽ വിൽക്കും.
മുതിർന്നപ്പോൾ, നാഗരാജ് കൃഷി ഏറ്റെടുത്തു. അച്ഛന് കിട്ടിയിരുന്നത്ര വിളവ് തനിക്ക് കിട്ടുന്നില്ലെന്ന് അയാൾ ശ്രദ്ധിച്ചു. “കഴിക്കാനുള്ളത് മാത്രമേ ഞങ്ങൾക്ക് കിട്ടിയിരുന്നുള്ളു. ചിലപ്പോൾ അതുപോലും കിട്ടാറില്ല,” അയാൾ പാരി യോട് പറഞ്ഞു. ബീൻസ്, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികളോടൊപ്പം ഇടകലർത്തി റാഗിയും, തന്റെ രണ്ടേക്കർ സ്ഥലത്ത് അയാൾ കൃഷി ചെയ്യാറുണ്ട്.
മറ്റ് കൃഷിക്കാരും ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. തന്റെ അച്ഛന് 20 ചാക്ക് റാഗി കിട്ടാറുണ്ടായിരുന്നുവെന്ന് മാരി (പേരിന്റെ ആദ്യഭാഗം മാത്രമേ അയാൾ ഉപയോഗിക്കുന്നുള്ളു) പറയുന്നു. എന്നാലിപ്പോൾ, തന്റെ രണ്ടേക്കറിൽനിന്ന് കിട്ടുന്നത് 2-3 ചാക്ക് മാത്രമാണെന്നും ആ 45-കാരൻ സൂചിപ്പിച്ചു.
നാഗരാജിന്റേയും മാരിയുടേയും അനുഭവങ്ങൾ, ഔദ്യോഗിക കണക്കുകളിലും പ്രതിഫലിക്കുന്നുണ്ട്. നീലഗിരിയിലെ റാഗി കൃഷി, 1948-49 കാലത്ത് 1,369 ഹെക്ടറിലായിരുന്നുവെങ്കിൽ, 1998-99-ൽ അത് കേവലം 86 ഹെക്ടറായി ചുരുങ്ങി.
ഒടുവിലത്തെ സെൻസസ് (2011) പ്രകാരം, ജില്ലയിലെ ചെറുധാന്യം കൃഷി ചെയ്യുന്ന ഹെക്ടറിന്റെ സംഖ്യ ഒറ്റയക്കത്തിലെത്തിനിൽക്കുന്നു.
“കഴിഞ്ഞ കൊല്ലം എനിക്ക് ഒട്ടും റാഗി കിട്ടിയില്ല,” നാഗരാജ് പറഞ്ഞു. 2023 ജൂണിൽ വിതച്ച വിത്തിനെക്കുറിച്ചാണ് അയാൾ സൂചിപ്പിച്ചത്. “വിത്ത് വിതയ്ക്കുന്നതിന് മുമ്പ് മഴ പെയ്തു, വിതച്ചതിനുശേഷം പെയ്തതുമില്ല. വിത്തുകളൊക്കെ ഉണങ്ങിപ്പോയി.”
പുതിയ വിത്തുകളുപയോഗിക്കുമ്പോൾ റാഗി ചെടികൾ വളരുന്നത് പതുക്കെയാണെന്ന് ഇരുള സമുദായത്തിലെ മറ്റൊരു കൃഷിക്കാരനായ സുരേഷ് പറയുന്നു. “കൃഷിയെ ഇനി ആശ്രയിക്കാൻ പറ്റില്ല എന്നായിരിക്കുന്നു,” അദ്ദേഹം പറയുന്നു. അയാളുടെ രണ്ടാണ്മക്കളും കൃഷി ഉപേക്ഷിച്ച്, കോയമ്പത്തൂരിൽ ദിവസക്കൂലിക്കാരായി ജോലി ചെയ്യുകയാണെന്നും സൂചിപ്പിച്ചു.
മഴയുടെ കാര്യം ഇപ്പോൾ അനിശ്ചിതാവസ്ഥയിലായിരിക്കുന്നു. “മുമ്പൊക്കെ, ആറ് മാസത്തോളം (മേയ് അവസാനം മുതൽ ഒക്ടോബർ തുടക്കംവരെ) മഴ പെയ്യുമായിരുന്നു. എന്നാലിപ്പോൾ പറയാൻ പറ്റുന്നില്ല. ഡിസംബറിലും മഴ പെയ്തേക്കാം,” നാഗരാജ് പറയുന്നു. വിളക്കുറവിന് മഴയെയാണ് അദ്ദേഹം പഴിക്കുന്നത്. “മഴയെ ഇനി ഒരിക്കലും ആശ്രയിക്കാൻ പറ്റില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
റിസർവ്. സമ്പന്നമായ ജൈവവൈവിദ്ധ്യമുള്ളതായി യുനെസ്കോ അംഗീകരിച്ചിട്ടുള്ള പ്രദേശമാണ് ഇത്. എന്നാൽ പ്രാദേശികമല്ലാത്ത ഇനം സസ്യവർഗ്ഗങ്ങളെ കൊണ്ടുവന്ന് ഉയർന്ന പ്രദേശങ്ങൾ തോട്ടങ്ങളായി മാറ്റുകയും, കൊളോണിയൽ കാലത്ത് ചായക്കൃഷി ആരംഭിക്കുകയും ചെയ്തതോടെ, “മേഖലയുടെ ജൈവവൈവിദ്ധ്യം നഷ്ടപ്പെട്ടു’വെന്ന്, പശ്ചിമഘട്ട ഇക്കോളജി പാനൽ 2011-ൽ തയ്യാറാക്കിയ പഠനത്തിൽ പറയുന്നു.
മൊയ്യാറുപോലെയുള്ള നീലഗിരിയിലെ ജലസ്രോതസ്സുകളും വളരെ അകലെയാണ്. മുതുമല കടുവസങ്കേതത്തിന്റെ സംരക്ഷിതമേഖലയായ ബൊക്കാപുരത്താണ് കൃഷിഭൂമി എന്നതിനാൽ, വനംവകുപ്പുദ്യോഗസ്ഥർ കുഴൽക്കിണറുകളും അനുവദിക്കുന്നില്ല. 2006-ലെ വനാവകാശ നിയമ ത്തിനുശേഷം കാര്യങ്ങളെല്ലാം മാറിമറിഞ്ഞിരിക്കുന്നുവെന്ന്, ബൊക്കാപുരത്തെ മറ്റൊരു കർഷകനായ ബി.സിദ്ദൻ പറയുന്നു. “2006-ന് മുമ്പ് കാട്ടിൽനിന്ന് വെള്ളമെടുക്കാൻ അനുവാദമുണ്ടായിരുന്നെങ്കിലും, ഇപ്പോൾ കാടിന്റെയകത്തേക്കുപോലും ഞങ്ങളെ കടക്കാൻ സമ്മതിക്കുന്നില്ല”, 47 വയസ്സുള്ള അയാൾ പറഞ്ഞു.
“ഈ ചൂടിൽ എങ്ങിനെ റാഗി കൃഷി ചെയ്യും,” നാഗരാജ് ചോദിക്കുന്നു.
കൃഷിഭൂമിയിൽനിന്നുള്ള ഈ നഷ്ടത്തെ മറികടക്കാനും ഉപജീവനത്തിനുമായി, മസിനഗുഡിയിലും ചുറ്റുവട്ടത്തുമുള്ള കോളനികളിൽ, മറ്റുള്ളവരുടെ കൃഷിയിടങ്ങളിൽ ദിവസക്കൂലിക്ക് പോകുന്നുണ്ട് നാഗരാജ്. “ജോലി കിട്ടുന്ന ദിവസങ്ങളിൽ 400-500 രൂപവരെ ഉണ്ടാക്കാൻ പറ്റും,” അയാൾ പറയുന്നു. ഭാര്യ നാഗിയും ദിവസക്കൂലിക്ക് ജോലിയെടുക്കുന്നു. ജില്ലയിലെ നിരവധി സ്ത്രീകളെപ്പോലെ, അടുത്തുള്ള ചായത്തോട്ടത്തിൽ, പ്രതിദിനം 300 രൂപയ്ക്ക് തൊഴിലെടുക്കുകയാണ് അവർ.
*****
ആനകൾക്കും റാഗി ഇഷ്ടമാണെന്ന് കൃഷിക്കാർ തമാശ പറഞ്ഞു. ‘റാഗിയുടെ മണം (ആനകളെ) പാടത്തേക്ക് ആകർഷിക്കുന്നു,” സുരേഷ് പറയുന്നു. സിഗൂർ ആനത്താരയുടെ കീഴിലാണ് ബൊക്കാപുരം. പടിഞ്ഞാറൻ-കിഴക്കൻ ഘട്ടങ്ങൾക്കിടയിൽ സഞ്ചരിക്കാൻ ആനകൾ ഉപയോഗിക്കുന്ന പാതയാണ് അത്.
തങ്ങളുടെ ചെറുപ്പകാലത്തൊന്നും ആനകൾ പാടത്തിറങ്ങിയതായി അവർ കേട്ടിട്ടില്ല. “ഞങ്ങൾ ആനകളെ കുറ്റം പറയുകയല്ല. മഴയില്ലാത്തതിനാൽ കാടുകൾ ഉണങ്ങി. ആനകൾക്ക് തിന്നാൻ കിട്ടുന്നില്ല. അതുകൊണ്ട് ഭക്ഷണം തേടാൻ അവർ നിർബന്ധിതരായി.” 2002-നും 2022-നുമിടയിൽ 511 ഹെക്ടർ വനഭൂമി നീലഗിരി ജില്ലയിൽ നഷ്ടമായതായി ഗ്ലോബൽ ഫോറസ്റ്റ് വാച്ച് സൂചിപ്പിക്കുന്നുണ്ട്.
ബൊക്കാപുരത്തുനിന്ന് ഏതാനും കിലോമീറ്ററുകൾ അകലെയുള്ള മേൽഭൂതനാഥമെന്ന കോളനിയിലാണ് രംഗയ്യയുടെ കൃഷിഭൂമി. അമ്പത് വയസ്സ് കഴിഞ്ഞ അദ്ദേഹം തന്റെ ഒരേക്കർ ഭൂമിയിലാണ് കൃഷി ചെയ്യുന്നതെങ്കിലും ആ സ്ഥലത്തിന് പട്ടയം ലഭിച്ചിട്ടില്ല. “1947-ന് മുമ്പുമുതൽ എന്റെ കുടുംബം ഈ ഭൂമിയിൽ പണിയെടുക്കുന്നുണ്ട്,” അയാൾ പറയുന്നു. സോളിഗ ആദിവാസിയായ രംഗയ്യ, തന്റെ കൃഷിഭൂമിയുടെയടുത്തുള്ള ഒരു സോളിഗ അമ്പലവും നോക്കിനടത്തുന്നു.
ആനകളുടെ ശല്യം കാരണം, കുറച്ച് വർഷങ്ങളായി രംഗയ്യ, റാഗിയും മറ്റ് ചെറുധാന്യങ്ങളും കൃഷി ചെയ്യുന്നില്ല. “അവ (ആനകൾ) വന്ന് എല്ലാം തിന്നുതീർക്കും. ഒരിക്കൽ വന്ന് സ്വാദ് നോക്കിയാൽ പിന്നെ അവ എപ്പോഴും വരും”, അയാൾ പറഞ്ഞു. ഈ കാരണംകൊണ്ട് ധാരാളം കർഷകർ റാഗിയും ചെറുധാന്യങ്ങളും കൃഷി ചെയ്യുന്നത് അവസാനിപ്പിച്ചുവെന്നും അയാൾ കൂട്ടിച്ചേർത്തു. അതിനുപകരം അയാളിപ്പോൾ കാബേജും ബീൻസും പോലുള്ള പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.
രാത്രികളിൽ കർഷകർക്ക് കാവലിരിക്കേണ്ടിവരാറുണ്ടെന്നും, അബദ്ധവശാൽ ഉറങ്ങിപ്പോയാൽ ആനകൾ ദേഹോപദ്രവം എൽപ്പിക്കുമെന്ന് ഭയമുണ്ടെന്നും അയാൾ പറഞ്ഞു. “ആനകളെ പേടിച്ച് കർഷകർ റാഗി വിതയ്ക്കാറില്ല.”
ചന്തയിൽനിന്ന് ഒരിക്കലും റാഗി വാങ്ങേണ്ടിവരാറില്ലെന്നും, കൃഷി ചെയ്യുന്നത് കഴിക്കുകയാണ് പതിവെന്നും ആ കർഷകൻ പറഞ്ഞു. “ഇപ്പോൾ റാഗി കൃഷി ചെയ്യാത്തതിനാൽ, അത് ഭക്ഷിക്കാറുമില്ല.” .
ആനകളിൽനിന്നും മറ്റ് മൃഗങ്ങളിൽനിന്നും രക്ഷ നേടാനായി, പ്രദേശത്തെ ഒരു എൻ.ജി.ഒ. അദ്ദേഹത്തിനും മറ്റ് കർഷകർക്കും സൌരോർജ വേലികൾ നൽകിയിരുന്നു. അതിനുശേഷം, തന്റെ പാടത്തിന്റെ പകുതി ഭാഗത്ത് വീണ്ടും റാഗി കൃഷി ചെയ്യാൻ തുടങ്ങിയിട്ടുണ്ട് അയാൾ. ബാക്കി പകുതിയിൽ പച്ചക്കറിക്സളും. കഴിഞ്ഞ സീസണിൽ, ബീൻസും വെളുത്തുള്ളിയും ചന്തയിൽ വിറ്റ്, അദ്ദേഹം 7,000 രൂപ സമ്പാദിച്ചു.
ചെറുധാന്യങ്ങളിലുണ്ടായ കുറവ് ഭക്ഷണരീതികളിലും മാറ്റം വരുത്തി. “ചെറുധാന്യങ്ങളുടെ കൃഷി കുറഞ്ഞതിനുശേഷം ഞങ്ങൾക്ക് റേഷൻ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങേണ്ടിവന്നു – ഞങ്ങൾക്ക് തീരെ പരിചയമില്ലാത്ത ഒന്നായിരുന്നു അത്,” ലളിത മൂകസാമി പറയുന്നു. പ്രദേശത്തുള്ള ഒരു സന്നദ്ധസംഘടനയുടെ (എൻ.ജി.ഒ.) ഫീൽഡ് കോഓർഡിനേറ്ററായി ജോലി ചെയ്യുകയാണ് അതേ നാട്ടുകാരിയായ അവർ. റേഷൻ ഷോപ്പുകളിൽ അധികവും അരിയും ഗോതമ്പുമാണുണ്ടാവുക എന്ന് അവർ പറഞ്ഞു.
“കുട്ടിയായിരുന്നപ്പോൾ ഞങ്ങൾ ദിവസത്തിൽ മൂന്ന് നേരവും റാഗി കാലി കഴിക്കാറുണ്ടായിരുന്നു. ഇപ്പോൾ തീരെ കഴിക്കാറില്ല. ‘എളുപ്പത്തിലുണ്ടാക്കാൻ കഴിയുന്ന അരികൊണ്ടുള്ള ഭക്ഷണമാണ് ഇപ്പോൾ ഞങ്ങൾ കഴിക്കുന്നത്,” ലളിത പറയുന്നു. ആനക്കട്ടി ഗ്രാമത്തിൽനിന്നുള്ള ഇരുള സമുദായക്കാരിയായ അവർ കഴിഞ്ഞ 19 വർഷമായി സമുദായത്തിനകത്ത് പ്രവർത്തിക്കുന്നു. ഭക്ഷണ രീതികളിലുണ്ടായ മാറ്റമായിരിക്കണം, വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം എന്നും അവർ സൂചിപ്പിച്ചു.
“ആരോഗ്യം ക്ഷയിപ്പിക്കുന്ന രോഗങ്ങൾ തടയുന്നതിനുപുറമേ, പോഷകാഹാരക്കുറവുകൊണ്ടുള്ള രോഗങ്ങൾക്കും ഫലപ്രദമാണ് അറിയപ്പെടുന്ന ചില പോഷകങ്ങളും, വൈറ്റമിനുകളും, ധാതുക്കളും, അവശ്യം വേണ്ടുന്ന കൊഴുപ്പുള്ള അമ്ലങ്ങളും” എന്ന്, ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് മില്ലറ്റ്സ് റിസർച്ചിന്റെ (ഐ.ഐ.എം.ആർ) ഒരു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇന്ത്യൻ കൌൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ (ഐ.സി.എ.ആർ) ഭാഗമാണ് തെലുങ്കാന ആസ്ഥാനമായ ഐ.ഐ.എം.ആർ.
“റാഗിയും തിനയും മുഖ്യവിഭവങ്ങളായിരുന്നു. കടുകിന്റെ ഇലയും, കാട്ടുചീരയും (കാട്ടിൽ കാണുന്ന ഒരിനം ചീര) ചേർത്ത് ഞങ്ങളവ കഴിക്കാറുണ്ടായിരുന്നു.” രംഗയ്യ പറഞ്ഞു. ഏറ്റവും അവസാനമായി അത് എന്നാണ് കഴിച്ചതെന്ന് അദ്ദേഹത്തിന് ഓർമ്മയില്ല. “ഞങ്ങളിപ്പോൾ കാട്ടിൽ പോകാറേ ഇല്ല.”
ഇതെഴുതാൻ സഹായിച്ച കീസ്റ്റോൺ ഫൌണ്ടേഷന്റെ ശ്രീറാം പരമശിവന് റിപ്പോർട്ടർ നന്ദി അറിയിക്കുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്