“വൈകുന്നേരം, എല്ലാ മൃഗങ്ങളും ഇവിടെ വിശ്രമിക്കാനെത്തുന്നു. ഇതൊരു ബനിയന്‍ മരമാണ്.”

താന്‍ വരച്ചുകൊണ്ടിരിക്കുന്ന, പോസ്റ്റര്‍ വലിപ്പത്തിലുള്ള, കടലാസിലേക്ക് നിറങ്ങളുപയോഗിച്ച് വളരെ വിദഗ്ദ്ധവും കൃത്യവുമായി വരകള്‍ പകര്‍ത്തിക്കൊണ്ട് സുരേഷ് ധുര്‍വെ സംസാരിക്കുകയായിരുന്നു.

“ഇതൊരു അരയാലാണ്, വളരെയധികം പക്ഷികള്‍ ഇതില്‍വന്ന് ഇരിക്കാറുണ്ട്”, പക്ഷികള്‍ക്ക് സ്വാഗതമരുളുന്ന വലിയ മരത്തിന് കൂടുതൽ ശിഖരങ്ങൾ വരച്ചുകൊണ്ട് അദ്ദേഹം പാരിയോടു പറഞ്ഞു.

മധ്യപ്രദേശിലെ ഭോപാലിലുള്ള തന്‍റെ വീടിന്‍റെ തറയിലിരിക്കുകയാണ് 49-കാരനായ ആ ഗോണ്ട് കലാകാരൻ. ഒരുമരത്തിലൂടെ അരിച്ചിറങ്ങിവരുന്ന വെളിച്ചം മുകളിലത്തെ നിലയിലെ മുറിയുടെ വാതിലിലൂടെയും ജനാലയിലൂടെയും കടന്നുവരുന്നുണ്ടായിരുന്നു. തറയിൽ അദ്ദേഹത്തിന് തൊട്ടടുത്ത് പച്ച നിറം കലക്കിയ ഒരു ചെറിയ പാത്രം ഇരിക്കുന്നു. അതിലേക്ക് അദ്ദേഹം തുടര്‍ച്ചയായി ബ്രഷ് ഇട്ടുകൊണ്ടിരിക്കുന്നു. “നേരത്തെ ഞങ്ങള്‍ മുളംതണ്ടുകളും (ബ്രഷ് എന്നനിലയില്‍) അണ്ണാന്‍റെ രോമവും ഉപയോഗിക്കുമായിരുന്നു. ഇപ്പോള്‍ അത് (അണ്ണാന്‍റെ രോമം ഉപയോഗിക്കുന്നത്) നിരോധിച്ചിരിക്കുന്നു, അത് നന്നായി. ഇപ്പോള്‍ ഞങ്ങള്‍ പ്ലാസ്റ്റിക് ബ്രഷാണ് ഉപയോഗിക്കുന്നത്”, അദ്ദേഹം പറഞ്ഞു.

തന്‍റെ ചിത്രങ്ങൾ കഥ പറയുന്നു എന്ന് സുരേഷ് പറഞ്ഞു. “ചിത്രം വരയ്ക്കുമ്പോള്‍ അതെങ്ങനെ ആയിരിക്കണമെന്നാലോചിക്കാമ് എനിക്കൊരുപാട് സമയം ആവശ്യമാണ്‌. ദീപാവലി വരുന്ന കാര്യം നമുക്കെടുക്കാം. ആഘോഷവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പശുക്കളെയും ദീപങ്ങളെയും പോലെ എല്ലാത്തിനെയുംപ്പറ്റി എനിക്ക് ആലോചിക്കണം.” ജീവജാലങ്ങള്‍, കാട്, ആകാശം, ഐതിഹ്യങ്ങള്‍, നാടോടിക്കഥകൾ, കൃഷി, സാമൂഹിക ഇടപെടലുകള്‍ എന്നിവയെ ഗോണ്ട് കലാകാരർ തങ്ങളുടെ കലകളിലൂടെ ആവിഷ്ക്കരിക്കുന്നു.

ഭോപാലിലെത്തി ആദ്യം തുണിയിലും പിന്നീട് ക്യാന്‍വാസിലും കടലാസിലുമായി വരച്ചുതുടങ്ങിയത് ജാന്‍ഗർ സിംഗ് ശ്യാമായിരുന്നു. ജീവജാലങ്ങള്‍, കാട്, ആകാശം, ഇതിഹാസങ്ങള്‍, നാടോടിക്കഥകള്‍ എന്നിവയെയൊക്കെ ഗോണ്ട് കലാകാരർ തങ്ങളുടെ സൃഷ്ടികളിലൂടെ ആവിഷ്കരിക്കുന്നു

വീഡിയോ കാണുക: ഗോണ്ട് കല: നാടിന്‍റെ കഥ

പാടന്‍ഗര്‍ മാലിലാണ് സുരേഷ് ജനിച്ചത് - ഈ ഗ്രാമത്തില്‍നിന്നാണ് അദ്ദേഹത്തെപ്പോലെ ഭോപാലിലുള്ള എല്ലാ ഗോണ്ട് കലാകാരുടെയും പരമ്പരയുടെ തുടക്കം. അമര്‍കണ്ടക്-അച്നാക്മര്‍ കടുവാസാങ്കേതതത്താല്‍ ചുറ്റപ്പെട്ട് നര്‍മ്മദാ നദിയുടെ തെക്ക് ഭാഗത്തായാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. കടുവാസങ്കേതത്തില്‍ കാണുന്ന വന്യമൃഗങ്ങൾ, വിവിധതരത്തിലുള്ള മരങ്ങള്‍, പൂക്കൾ, പക്ഷികൾ, ഷഡ്പദങ്ങൾ എന്നിവയൊക്കെ ഗോണ്ട് ചിത്രങ്ങളിൽ ദൃശ്യമാണ്.

“സെമാല്‍ (സില്‍ക്ക് കോട്ടണ്‍) മരത്തിന്‍റെ പച്ചിലകൾ, കരിങ്കല്ല്, പൂക്കള്‍, ചെമണ്ണ് എന്നിങ്ങനെ കാട്ടില്‍നിന്ന് ലഭിക്കുന്ന വസ്തുക്കളുപയോഗിച്ചാണ് ഞങ്ങള്‍ സാധാരണയായി നിറങ്ങളുണ്ടാക്കിയിരുന്നത്. ഞങ്ങൾ അവ ഗോണ്ടുമായി (മരപ്പശ) കൂട്ടിക്കലര്‍ത്തുന്നു”, അദ്ദേഹം ഓര്‍ത്തെടുത്തു. “ഇപ്പോള്‍ ഞങ്ങൾ അക്രിലിക്കാണ് ഉപയോഗിക്കുന്നത്. ആളുകള്‍ പറയുന്നത് ആ സ്വാഭാവിക നിറങ്ങള്‍ ഉപയോഗിച്ചാൾ ഞങ്ങളുടെ ചിത്രങ്ങള്‍ക്ക് നല്ല വില ലഭിക്കുമെന്നാണ്. പക്ഷെ ഞങ്ങള്‍ക്കവ എവിടെക്കിട്ടാൻ?”, വനങ്ങള്‍ കുറഞ്ഞുവരുന്നത് സൂചിപ്പിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്സവങ്ങള്‍ക്കും വിവാഹങ്ങള്‍ക്കുമായി ഗ്രാമത്തിലെ ഗോത്രഭവനങ്ങളില്‍ ഉപയോഗിച്ചിരുന്ന ചുവർച്ചിത്രകലയായിരുന്നു ഗോണ്ട് ചിത്രകല. 1970-കളിലായിരുന്നു പ്രമുഖ ഗോണ്ട് ചിത്രകാരനായിരുന്ന ജാന്‍ഗർ സിംഗ് ശ്യാം സംസ്ഥാന തലസ്ഥാനമായ ഭോപാലില്‍ എത്തുകയും ആദ്യം തുണിയിലും പിന്നീട് ക്യാന്‍വാസിലും കടലാസിലുമായി ചിത്രം വരയ്ക്കാൻ തുടങ്ങുകയും ചെയ്തത്. കടലാസിലും ക്യാന്‍വാസിലും വരയ്ക്കുന്ന പുതുരൂപത്തിലുള്ള ഒരു ചിത്രകല രൂപപ്പെടുത്തിയതിനുള്ള അംഗീകാരം അദ്ദേഹത്തിനുള്ളതാണ്. പരേതനായ ഈ കലാകാരന് തന്‍റെ സംഭാവനകള്‍ക്കുള്ള അംഗീകാരമെന്ന നിലയിൽ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയൻ ബഹുമതിയായ ശിക്കാര്‍ സമ്മാൻ 1986-ല്‍ ലഭിച്ചു.

പക്ഷെ 2023 ഏപ്രിൽ മാസത്തില്‍ ഗോണ്ട് ചിത്രകലയ്ക്ക് ഭൌമസൂചികാമുദ്ര (ജിഐ ടാഗ് - ജ്യോഗ്രാഫിക്കൽ ഇൻഡിക്കേറ്റർ ടാഗ്) ലഭിച്ചപ്പോള്‍ ജാന്‍ഗറിന്‍റെ സമുദായക്കാരായ കലാകാരർ വിസ്മരിക്കപ്പെടുകയും ഭോപാല്‍ യുവ പര്യാവരൺ ശിക്ഷൺ ഏവം സാമാജിക് സന്‍സ്താൻ, ദിണ്ടോരി ജില്ലയില്‍നിന്നുള്ള തേജസ്വനി മേകല്‍സുത മഹാസംഘ് ഗോരഖ്പൂര്‍ സമിതി എന്നിവയ്ക്ക് ജിഐ ലഭിക്കുകയും ചെയ്തു. ഭോപാല്‍ കലാകാരരേയും ജങ്കാറിന്‍റെ കുടുംബത്തെയും അനുയായികളെയും ഞെട്ടിച്ച ഒരു നീക്കമായിരുന്നു അത്. “ജിഐ.  അപേക്ഷകരിൽ ജാന്‍ഗർ സിംഗിന്‍റെ പേരുണ്ടാവണമെന്നാണ് ഞങ്ങളുടെ ആഗ്രഹം, അദ്ദേഹമില്ലാതെ ഗോണ്ട് കലയില്ല”, പരേതനായ കലാകാരന്‍റെ മകൻ മയങ്ക് കുമാര്‍ ശ്യാം പറഞ്ഞു.

PHOTO • Priti David
PHOTO • Priti David

ഇടത്: ഗോണ്ട് കലയ്ക്ക് 2023 ഏപ്രിലിൽ ലഭിച്ച ഭൌമസൂചികാ സാക്ഷ്യപത്രം. വലത്: ഭോപാല്‍ കലാകാരരായ നങ്കുശിയ ശ്യാം, സുരേഷ് ധുര്‍വെ, സുഭാഷ് വായം, സുഖന്ധി വ്യാം, ഹീരാമാന്‍ ഉര്‍വെതി, മയങ്ക് ശ്യാം എന്നിവര്‍ പറയുന്നത് തങ്ങള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നാണ്

ദിണ്ടോരി ജില്ലാ കളക്ടറായ വികാസ് മിശ്ര ഫോണിലൂടെ ഉടന്‍തന്നെ പ്രതികരിച്ചത് “ജിഐ പട്ടം എല്ലാ ഗോണ്ട് കലാകാര്‍ക്കുംകൂടിയുള്ളതാണ്. എവിടെയാണ് നിങ്ങള്‍ താമസിക്കുന്നത് എന്നതിന്‍റെ അടിസ്ഥാനത്തിൽ ഞങ്ങൾ വിവേചനം കാണിക്കില്ല. ഭോപാലില്‍നിന്നുള്ള കലാകാരര്‍ക്ക്, അവരെല്ലാവരും ഇവിടെനിന്നുള്ളവരാകയാൽ, തങ്ങളുടെ കലയെ ‘ഗോണ്ട്’ എന്നുവിളിക്കാം. അവരെല്ലാവരും ഒരേ ജനതയാണ്.”

അപേക്ഷകരിൽ തങ്ങളുടെ പേരുകൾ ചേർക്കണമെന്നാവശ്യപ്പെട്ട് 2024 ജനുവരിയിൽ ജാന്‍ഗറിന്‍റെ ഭോപാൽ സംഘത്തിൽ‌പ്പെട്ട അനുയായികളായ ജാന്‍ഗർ സംവര്‍ധൻ സമിതി ചെന്നൈയിലുള്ള ജിഐ ഓഫീസിൽ ഒരു കത്ത് സമര്‍പ്പിച്ചു. പക്ഷെ ഈ ലേഖനം പ്രസിദ്ധീകരിക്കുന്ന സമയംവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല.

*****

പാടന്‍ഗറിൽ വളരുമ്പോൾ കുടുംബത്തിലെ ഏറ്റവും ഇളയ, ഒരേയൊരു ആണ്‍കുട്ടിയായ, സുരേഷിന് അദ്ദേഹത്തിന്‍റെ അച്ഛൻ പരിശീലനം നല്‍കിയിരുന്നു. വ്യത്യസ്ത വസ്തുക്കളുപയോഗിച്ച് സൃഷ്ടികള്‍ നടത്തിയിരുന്ന, വളരെ വിദഗ്ദ്ധനായ ഒരു കൈത്തൊഴില്‍ക്കാരനായിരുന്നു സുരേഷിന്‍റെ അച്ഛന്‍. “താക്കൂര്‍ ദേവിന്‍റെ പ്രതിമകളുണ്ടാക്കാനും വാതിലില്‍ അലങ്കാരപ്പണികളെന്ന നിലയില്‍ നൃത്തരൂപങ്ങൾ കൊത്താനും അദ്ദേഹത്തിന് കഴിയുമായിരുന്നു. അദ്ദേഹത്തെ ആരാണ് പഠിപ്പിച്ചതെന്ന് എനിക്കറിയില്ല, പക്ഷെ അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങള്‍ അറിയാമായിരുന്നു - കല്‍പ്പണി മുതൽ മരപ്പണി വരെ.”

കരകൌശലപ്പണികളൊക്കെ കണ്ടുവശത്താക്കി ഒരു കുട്ടിയെന്ന നിലയില്‍ സുരേഷ് അച്ഛനോടൊപ്പം ചുറ്റിസഞ്ചരിച്ചു. “ഞങ്ങള്‍ ഉത്സവങ്ങള്‍ക്ക് മണ്ണുകൊണ്ടുള്ള പ്രതിമകളുണ്ടാക്കി. അച്ഛന്‍ ഗ്രാമവാസികള്‍ക്കായി തടികൊണ്ടുള്ള വസ്തുക്കളുണ്ടാക്കി. പക്ഷെ, അദ്ദേഹത്തിനത് പ്രധാനമായും വിനോദമായിരുന്നു. അതിനാല്‍ അതില്‍നിന്നും പണമൊന്നും ഉണ്ടാക്കിയില്ല. പരമാവധി വന്നാല്‍ കുറച്ച് ഭക്ഷണം ലഭിക്കുമായിരുന്നു, ധാന്യമായിരുന്നു പണം. അതിനാല്‍, ഒന്നുമില്ലെങ്കില്‍ പാതി പസേരി (5 കിലോ) അരിയോ ഗോതമ്പോ എന്തെങ്കിലും ധാന്യമോ ലഭിക്കുമായിരുന്നു”, അദ്ദേഹം ഓര്‍മ്മിച്ചെടുത്തു.

PHOTO • Priti David
PHOTO • Priti David

പാടന്‍ഗര്‍മാലിലാണ് സുരേഷ് ജനിച്ചത് - ഈ ഗ്രാമത്തില്‍നിന്നാണ് അദ്ദേഹത്തെപ്പോലെ ഭോപാലിലുള്ള എല്ലാ ഗോണ്ട് കലാകാരന്മാരുടെയും പരമ്പരയുടെ തുടക്കം. അമര്‍കണ്ടക്-അചനാക്മര്‍ കടുവാസാങ്കേതതത്താൽ ചുറ്റപ്പെട്ട് നര്‍മ്മദാ നദിയുടെ തെക്കുഭാഗത്തായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്

മഴയെ ആശ്രയിച്ച് കൃഷി ചെയ്തിരുന്ന കുറച്ച് ഭൂമി മാത്രമാണ് കുടുംബത്തിനുണ്ടായിരുന്നത്. അതില്‍ അവർ നെല്ല്, ഗോതമ്പ്, ചന എന്നിവയൊക്കെ സ്വന്തം ഉപഭോഗത്തിനായി നട്ടു. കുഞ്ഞായിരുന്ന സുരേഷ് മറ്റുള്ളവരുടെ പാടങ്ങളില്‍ പണിയെടുത്തു: “മറ്റുള്ളവരുടെ പാടത്തോ പറമ്പിലോ പണിയെടുത്താല്‍ എനിക്ക് ഒരുദിവസത്തെ പണിക്ക് രണ്ടര രൂപ ലഭിച്ചിരുന്നു, പക്ഷെ, എല്ലാ ദിവസവും പണിയില്ലായിരുന്നു.”

1986-ല്‍, പത്താം വയസ്സിൽ, ആ ചെറുബാലൻ അനാഥനായി. “ഞാന്‍ തികച്ചും ഒറ്റയ്ക്കായിരുന്നു”, അദ്ദേഹം ഓര്‍ത്തെടുത്തു. മുതിര്‍ന്ന സഹോദരിമാരെല്ലാം വിവാഹിതരായിരുന്നതിനാൽ അദ്ദേഹത്തിന് തന്‍റെ കാര്യങ്ങൾ സ്വയം നോക്കേണ്ടിവന്നു. “ഒരുദിവസം ഗ്രാമത്തിലെ ചുവരുകളിലുള്ള എന്‍റെ കലകൾ കാണാനിടയായ ജാന്‍ഗറിന്‍റെ അമ്മ എന്തുകൊണ്ട് എന്നെ [ഭോപാലിലേക്ക്] കൂട്ടിക്കൊണ്ടുപോയിക്കൂടായെന്ന് ചിന്തിച്ചു. ‘അവന് കുറച്ചുകാര്യങ്ങള്‍ പഠിക്കാൻ കഴിയും’,” അദ്ദേഹം പറഞ്ഞു. അങ്ങനെ, കിഴക്കന്‍ മധ്യപ്രദേശില്‍നിന്നും ഏകദേശം 600 കിലോമീറ്റര്‍ അവർ തലസ്ഥാനനഗരിയിലേക്ക് സഞ്ചരിച്ചു.

ജാന്‍ഗര്‍ സിംഗ് അന്ന് ഭോപാലിലെ ഭാരത്‌ഭവനിൽ ജോലി ചെയ്യുകയായിരുന്നു. “ജാന്‍ഗര്‍ജി - ഞാനദ്ദേഹത്തെ ഭയ്യാ എന്നാണ് വിളിച്ചത്. അദ്ദേഹമായിരുന്നു എന്‍റെ ഗുരു. അദ്ദേഹമെനിക്ക് ജോലി തന്നു. അതിനുമുന്‍പ്‌ ഞാനൊരിക്കലും ക്യാന്‍വാസിൽ സൃഷ്ടികൾ ചെയ്തിരുന്നില്ല, ഭിത്തിയില്‍ മാത്രമെ ചെയ്തിരുന്നുള്ളൂ.” “കല്ലുകളും മറ്റ് വസ്തുക്കളും തിരുമ്മിയെടുത്ത്” ശരിയായ നിറങ്ങളുണ്ടാക്കുകയായിരുന്നു എന്‍റെ ആദ്യത്തെ ജോലി.

അത് നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പായിരുന്നു. അന്നുതുടങ്ങി സുരേഷ് സ്വന്തം കയ്യൊപ്പ് - ‘സീധി പീഡി’ ഡിസൈന്‍ - സൃഷ്ടിച്ചു തുടങ്ങിയതാണ്‌. “ഇത് നിങ്ങള്‍ക്ക് എന്‍റെ എല്ലാ സൃഷ്ടികളിലും കാണാം”, അദ്ദേഹം പറഞ്ഞു. “ഈ ചിത്രത്തിലെ കഥകള്‍ ഞാൻ നിങ്ങളെ കാണിക്കാം…”

പരിഭാഷ: റെന്നിമോന്‍ കെ. സി.

Priti David

پریتی ڈیوڈ، پاری کی ایگزیکٹو ایڈیٹر ہیں۔ وہ جنگلات، آدیواسیوں اور معاش جیسے موضوعات پر لکھتی ہیں۔ پریتی، پاری کے ’ایجوکیشن‘ والے حصہ کی سربراہ بھی ہیں اور دیہی علاقوں کے مسائل کو کلاس روم اور نصاب تک پہنچانے کے لیے اسکولوں اور کالجوں کے ساتھ مل کر کام کرتی ہیں۔

کے ذریعہ دیگر اسٹوریز Priti David
Editor : Vishaka George

وشاکھا جارج، پاری کی سینئر ایڈیٹر ہیں۔ وہ معاش اور ماحولیات سے متعلق امور پر رپورٹنگ کرتی ہیں۔ وشاکھا، پاری کے سوشل میڈیا سے جڑے کاموں کی سربراہ ہیں اور پاری ایجوکیشن ٹیم کی بھی رکن ہیں، جو دیہی علاقوں کے مسائل کو کلاس روم اور نصاب کا حصہ بنانے کے لیے اسکولوں اور کالجوں کے ساتھ مل کر کام کرتی ہے۔

کے ذریعہ دیگر اسٹوریز وشاکا جارج
Video Editor : Sinchita Parbat

سنچیتا ماجی، پیپلز آرکائیو آف رورل انڈیا کی سینئر ویڈیو ایڈیٹر ہیں۔ وہ ایک فری لانس فوٹوگرافر اور دستاویزی فلم ساز بھی ہیں۔

کے ذریعہ دیگر اسٹوریز Sinchita Parbat
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

کے ذریعہ دیگر اسٹوریز Rennymon K. C.