“
ഹേ
പെണ്ണേ
,
സ്വന്തമായൊരു
അടയാളം
കുത്തൂ
ജനനത്തിലും
മരണത്തിലും
അത്
നിന്നോടൊപ്പമുണ്ടാവും
വന്നതുപോലെ
ഒറ്റയ്ക്കാവില്ല
നീ
തിരിച്ചുപോകുന്ന
ത്”
മന്ദർ ബ്ലോക്കിലെ ഓരോ വീടും കയറിയിറങ്ങുമ്പോൾ, രജ്പതി ദേവി മുകളിലെഴുതിയ പാട്ട് പാടുന്നുണ്ടായിരുന്നു. ചുമലിൽ ഒരു ചാക്കിൽ, ചില്ലറ സാധനങ്ങളും, സൂചിയുടെ ഒരു പെട്ടിയുമുണ്ടായിരുന്നു. ഒരു ഗോഡ്‌ന (പച്ചകുത്ത്) കലാകാരിയായ രജ്പതിക്ക്, പൂക്കളും, ചന്ദ്രനും, തേളും, കുത്തുകളും മഷിയിൽ വരയ്ക്കാനറിയാം. ചെറിയൊരു തുകയും വാങ്ങും. ഗ്രാമങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്ത് ഈ പുരാതനമായ കല അനുഷ്ഠിക്കുന്ന ചുരുക്കം കലാകാരികളിലൊരാളാണ് രജ്പതി.
“അമ്മയുടെ പിന്നാലെ നടന്ന്, അവരീ ഗോഡ്ന ചെയ്യുന്നത് കണ്ട് പഠിച്ചതാണ് ഞാൻ,” അഞ്ചാം തലമുറയിലെ ഗൊഡ്ന കലാകാരിയായ, അവർ പറയുന്നു.
അവർ ഉൾപ്പെടുന്ന മലർ സമുദായത്തിൽ (സംസ്ഥാനത്ത് അവർ പട്ടികവിഭാഗമാണ്), നൂറ്റാണ്ടുകളായി, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട കലയാണ് ഗോഡ്ന. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിത്രപ്പണികൾ ആലേഖനം ചെയ്യുന്നു. വിവിധ പ്രദേശങ്ങളിലേക്കും സമുദായങ്ങളിലേക്കുമെത്തുമ്പോൾ അതിലെ ചിഹ്നങ്ങൾക്കും അർത്ഥങ്ങൾക്കും മാറ്റം വരുന്നു.
വൈകീട്ട് മൂന്നുമണിയായി. ജാർഘണ്ടിലെ റാഞ്ചി ജില്ലയിലെ ഗ്രാമങ്ങളിലൂടെ അവർ നടക്കാൻ തുടങ്ങിയിട്ട് ആറ് മണിക്കൂറായി. മന്ദർ ഗ്രാമത്തിന്റെ പുറത്ത്, മലർ സമുദായക്കാരുടെ കോളണിയായ ഖർഗെ ബസ്തിയിലെ ഇരുമുറിയുള്ള താത്ക്കാലിക വീട്ടിലേക്ക് അവർ മടങ്ങുന്നു. 30 വീട്ടിൽവെച്ചുണ്ടാക്കിയ സാധനങ്ങൾ വിറ്റും ഗോഡ്ന ചെയ്യാൻ ആളുകളെ നിർബന്ധിച്ചും ചില ദിവസങ്ങളിൽ കിലോമീറ്റർവരെ അവർ സഞ്ചരിക്കാറുണ്ട്.
അവരുടെ ഭർത്താവ്, 50 വയസ്സുള്ള ശിവ്നാഥുണ്ടാക്കിയ സാധനങ്ങളാണ് അവർ വിൽക്കുന്നത്. പരമ്പരാഗതമായ ലോഹവിദ്യയായ ഡോക്ര ഉപയോഗിച്ച് അലുമിനിയത്തിന്റേയും പിച്ചളയുടേയും സാധനങ്ങളാണ്. വീട്ടിലെ എല്ലാവരും അവയുടെ നിർമ്മാണത്തിൽ കൂട്ടുചേരാറുണ്ട്, ഏതെങ്കിലും വിധത്തിൽ. രജ്പതിയും മകളും പുത്രവധുക്കളും അച്ചുണ്ടാക്കാനും വെയിലത്തിട്ട് ഉണക്കാനും മറ്റും സഹായിക്കുന്നു. ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങളാണ് ഉണ്ടാക്കുന്നത് – മണ്ണെണ്ണ വിളക്ക്, പൂജയ്ക്കുള്ള സാമഗ്രികൾ, കന്നുകാലികൾക്കുള്ള മണി, അളവുപാത്രങ്ങൾ ആദിയായവ.
“ഈ ചെറിയ സാധനത്തിന് 150 രൂപയാണ്,” തങ്ങളുടെ നാഗ്പുരി ഭാഷയിൽ, പൈല എന്ന് വിളിക്കുന്ന സാധനം കാണിച്ചുതന്ന് അവർ പറയുന്നു. “ഇത് അരി അളക്കാനുള്ളതാണ്. ഒരു കാൽക്കിലോ ഇതിൽ നിറയ്ക്കാൻ പറ്റും,” അവർ തുടർന്നു. പട്ടിണി ഇല്ലാതാക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ പാത്രം, ഈ പ്രദേശങ്ങളിൽ ഒരു മംഗളമായ വസ്തുവാണ്.
*****
ഒരു ചെറിയ മഞ്ഞപ്പെട്ടി കാണിച്ചുതന്ന് ആ പച്ചകുത്ത് കലാകാരി പറയുന്നു, “ഇതിൽ സൂചികളും, ഇതിൽ മഷിയുമുണ്ട്.”
പ്ലാസ്റ്റിക് സഞ്ചിയിൽനിന്ന് ഒരു കടലാസ് ഷീറ്റെടുത്ത്, അവരുണ്ടാക്കുന്ന ചിത്രപ്പണികൾ കാണിച്ചുതന്നു.
“ഇതിന് പൊതി എന്ന് പറയുന്നു, ഇത് ഡങ്കഫൂലും,” തന്റെ കൈയിൽ കുത്തിയ, ചട്ടിയിലുള്ള പൂവിന്റെ ചിത്രം കാണിച്ച് അവർ തുടർന്നു. “ഇതിന് ഹസൂലി എന്ന് പറയും. കഴുത്തിന്റെ ചുറ്റുമാണ് ഇത് കുത്തുക,” ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ചിത്രപ്പണി കാണിച്ചുതന്ന് അവർ പറയുന്നു.
സാധാരണയായി, ശരീരത്തിന്റെ അഞ്ച് ഭാഗങ്ങളിലാണ് രജ്പതി പച്ചകുത്തുക. കൈകൾ, കാൽ, ഞെരിയാണി, കഴുത്ത്, നെറ്റി. ഓരോന്നിന്നും വെവ്വേറെ ഡിസൈനുകളുണ്ട്. കൈകളിൽ സാധാരണയായി, പൂക്കൾ, പക്ഷികൾ, മത്സ്യം എന്നിവയും കഴുത്തിൽ വളഞ്ഞ വരകളും കുത്തുകളുമായി ചന്ദ്രക്കലയുടെ രൂപത്തിലുമാണ് പച്ചകുത്തുക. നെറ്റിയിലെ ടാറ്റൂ, ഓരോ ഗോത്രങ്ങൾക്കും വെവ്വേറെയായിരിക്കും.
“വിവിധ ഗോത്രസംഘങ്ങൽക്ക് വ്യത്യസ്തമായ ടാറ്റൂ പാരമ്പര്യമുണ്ട്. ഒറാംവുകൾ മഹാദേവ്ജാട്ടും (പ്രാദേശിക പുഷ്പം) മറ്റ് പൂക്കളും പച്ചകുത്തുന്നു. ഖരിയകൾ മൂന്ന് നേർരേഖകളാണ് വരയ്ക്കുക. മുണ്ടകൾ കുത്തുകളും,” രജ്പതി വിശദീകരിക്കുന്നു. പണ്ടുകാലത്ത്, നെറ്റിയിലെ ടാറ്റൂവിൽനിന്നാന് ആളുകളെ തിരിച്ചറിഞ്ഞിരുന്നത് എന്നുകൂടി അവർ കൂട്ടിച്ചേർക്കുന്നു.
സുനിതാ ദേവിയുടെ കാലിൽ ഒരു സുപാലിയുടെ (മുളകൊണ്ടുള്ള മുറം) ചിത്രമുണ്ട്. അത് തന്റെ വംശശുദ്ധിയുടെ ചിഹ്നമാണെന്ന്, പലാമു ജില്ലയിലെ ചെചെരിയ ഗ്രാമത്തിൽ താമസിക്കുന്ന ആ 49-കാരി പറയുന്നു. “പണ്ടൊക്കെ, ഈ ചിത്രമില്ലായിരുന്നെങ്കിൽ, പാടത്ത് പണി ചെയ്യാൻ പറ്റില്ല. ഞങ്ങൾക്ക് അശുദ്ധി കല്പിച്ചിരുന്നു. എന്നാൽ ഈ ചിത്രം ഉപയോഗിക്കാൻ തുടങ്ങിയതോടെ, ഞങ്ങൾ ശുദ്ധിയുള്ളവരായി.” ദളിത് സമുദായത്തിൽനിന്നുള്ള ഈ പാട്ടക്കൃഷിക്കാരി പറയുന്നു.
“ഗോഡ്ന കലയുടെ ഉത്ഭവം, നവീനശിലായുഗത്തിലെ ഗുഹാചിത്രങ്ങളിലേക്ക് നീളുന്നതായി കാണാം. ഗുഹകളിൽനിന്ന് അത് വീടുകളിലേക്കും ശരീരങ്ങളിലേക്കും എത്തി,” റായ്പുരിലെ പണ്ഡിറ്റ് രവിശങ്കർ ശുക്ല സർവകലാശാലയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഏൻഷ്യന്റ് ഹിസ്റ്ററി, കൾച്ചർ & ആർക്കിയോളജിയിൽ റിസർച്ച് സ്കോളറായ അനുസു ടിർക്കി പറയുന്നു.
ഗൊഹാമണി ദേവിയെപ്പോലെ പലരും, ഗോഡ്നയുടെ ദിവ്യശക്തിയിൽ വിശ്വസിക്കുന്നവരാണ്. ലതേഹർ ജില്ലയിലെ ചിപദോഹർ ഗ്രാമത്തിലാന് ഈ 65-കാരി താമസിക്കുന്നത്. കഴിഞ്ഞ അഞ്ച് ദശാബ്ദമായി അവർ ഗോഡ്ന പരിശീലിക്കുന്നുണ്ട്. അസുഖങ്ങൾ മാറ്റാൻ കഴിവുള്ളതെന്ന് വിശ്വസിക്കപ്പെടുന്ന ജഹർഗോഡ്ന (വിഷ ടാറ്റൂ) വരയ്ക്കുന്നതിൽ പ്രശസ്തയാണ് അവർ.
“ആയിരക്കണക്കിനാളുകളുടെ തൊണ്ടവീക്കം ഞാൻ ഗോഡ്നയിലൂടെ ഭേദപ്പെടുത്തിയിട്ടുണ്ട്,” സ്വല്പം അഭിമാനത്തോടെ പറഞ്ഞ്, അവർ തന്റെ തൊണ്ടവീക്കം അമ്മയുടെ ടാറ്റൂകൊണ്ട് മാറിയത് സൂചിപ്പിച്ചു. ചത്തീസ്ഗഡ്, ബിഹാർ, ബംഗാൾ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിൽനിന്നുപോലും ആളുകൾ അവരുടെ ചികിത്സ തേടി വരാറുണ്ട്.
തൊണ്ടവീക്കത്തിന് പുറമേ, മുട്ടുവേദന, മൈഗ്രേൻ, മറ്റ് ഗുരുതര രോഗങ്ങൾ എന്നിവയും ഗോഹാമണി ചികിത്സിക്കുന്നുണ്ട്. എന്നാൽ, ഈ കല വളരെ പെട്ടെന്ന് അപ്രത്യക്ഷമായേക്കുമെന്ന് അവർ ഭയക്കുന്നു. “ഇപോൾ, ആരും അധികം ടാറ്റൂ ചെയ്യാറില്ല. ഗ്രാമങ്ങളിൽ പോയാൽ, വരുമാനമൊന്നുമില്ല...ഞങ്ങളുടെ കാലശേഷം, ആരും ഇതൊന്നും ചെയ്യില്ല,” ഗോഹാമണി പറയുന്നു.
*****
ടാറ്റൂ വരയ്ക്കാൻ, ഒരു ഗോഡ്ന കലാകാരിക്ക് ആവശ്യമുള്ള സാധനങ്ങൾ, മുലപ്പാൽ, മഷി, മഞ്ഞൾ, കടുകെണ്ണ എന്നിവയാണ്. ഗോഡ്ന ചെയ്യുന്നത്, പിച്ചളയുടെ സൂചികൾകൊണ്ടാണ്. പീതാർമുഹി സൂയി എന്നാണ് അവയെ വിളിക്കുന്നത്. അവയുടെ അറ്റം പിച്ചളകൊണ്ടായിരിക്കും. അവ തുരുമ്പ് പിടിക്കുകയോ, അണുബാധ വരുത്തുകയോ ചെയ്യില്ല എന്നതാണ് അവയുപയോഗിക്കാനുള്ള കാരണം. “ഞങ്ങൾ പണ്ടൊക്കെ മഷി സ്വയം ഉണ്ടാക്കിയിരുന്നു. ഇപ്പോൾ വാങ്ങുകയാണ് ചെയ്യുന്നത്,” രജ്പതി പറയുന്നു.
ടാറ്റൂവിന്റെ ഡിസൈനനുസരിച്ച്, ചിലപ്പോൾ രണ്ടോ പതിനൊന്നോ സൂചികൾവരെ വേണ്ടിവന്നേക്കും. പാലും മഷിയുമുപയോഗിച്ച് ഒരു കുഴമ്പുണ്ടാക്കുകയാണ് ആദ്യം ഗോഡ്ന കലാകാരി ചെയ്യുന്നത്. അതിൽ അല്പം കടുകെണ്ണ ഒഴിക്കും. പിന്നീട്, പെന്നുകൊണ്ടോ പെൻസിൽകൊണ്ടോ ചിത്രത്തിന്റെ രൂപരേഖ വരയ്ക്കും. ഡിസൈനിനനുസരിച്ചാണ് സൂചികൾ തിരഞ്ഞെടുക്കുക. നേരിയ വരകൾക്ക് രണ്ടോ മൂന്നോ സൂചികൾ, കട്ടിയിൽ വരയ്ക്കാൻ അഞ്ചോ ഏഴോ എണ്ണം. “ഈ പച്ചകുത്തൽ ഒട്ടും വേദനിപ്പിക്കുന്നതല്ല,” രജ്പതി കളിയായി പറയുന്നു.
ടാറ്റൂവിന്റെ വലിപ്പമനുസരിച്ച്, ചിലപ്പോൾ “ചെറിയ ചിത്രങ്ങൾക്ക് ഏതാനും മിനിറ്റുകളും, വലിയവയ്ക്ക് മണിക്കൂറുകളോ” വേണ്ടിവന്നേക്കും എന്ന് രജ്പതി പറയുന്നു. ടാറ്റൂ വരച്ചുകഴിഞ്ഞാൽ, ആദ്യം പശുവിന്റെ ചാണകമുപയോഗിച്ച് കഴുകുന്നു. പിന്നെ മഞ്ഞളുപയോഗിച്ചും. പശുവിന്റെ ചാണകം ദുഷ്ടശക്തികളെ അകറ്റുമെന്നാണ് വിശ്വാസം. കടുകും മഞ്ഞളും ചേർന്ന എണ്ണ പുരട്ടുന്നത്, അണുബാധ ഉണ്ടാവാതിരിക്കാനാണ്.
“പണ്ടൊക്കെ ഗോഡ്ന വരയ്ക്കുമ്പോൾ സ്ത്രീകൾ പാട്ട് പാടാറുണ്ടായിരുന്നു. ഇപ്പോൾ അതൊന്നുമില്ലാതായി,” രജ്പതി പറയുന്നു. ചത്തീസ്ഗഢിലേക്കും ഒഡിഷയിലേക്കുമൊക്കെ അവർ ഗോഡ്ന വരയ്ക്കാൻ പോയിട്ടുണ്ട്.
“മൂന്ന് കുത്തുകളുള്ള ഈ ടാറ്റൂവിന് 150 രൂപ വിലവരും. പൂക്കളുടെ ഈ ഡിസൈന് 500 രൂപയും,” തന്റെ കണങ്കൈയിലെ ഗോഡ്ന കാണിച്ചുകൊണ്ട് രജ്പതി പറയുന്നു. “ചിലപ്പോൾ ഞങ്ങൾക്ക് പൈസ കിട്ടും. ചിലപ്പോൾ ആളുകൾ അരിയോ, എണ്ണയോ, പച്ചക്കറിയോ, സാരിയോ പ്രതിഫലമായി തരും,” അവർ പറയുന്നു.
ആധുനിക ടാറ്റൂ യന്ത്രങ്ങൾ, ഈ പരമ്പരാഗത പച്ചകുത്തൽ കലാകാരികളുടെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. “ചുരുക്കം ആളുകളേ ഇപ്പോൾ ഗോഡ്ന ആവശ്യപ്പെടാറുള്ളു. പെൺകുട്ടികൾക്ക് ഇഷ്ടം, യന്ത്രങ്ങൾകൊണ്ട് ഉണ്ടാക്കിയ ടാറ്റൂവാണ്. അവർക്കിഷ്ടമുള്ള ഡിസൈനുകൾ അവരുടെ ഫോണുകളിലുണ്ടാവും. അത് കാണിച്ചുതന്ന്, അതിനനുസരിച്ച് ചെയ്തുതരാൻ പറയും,” രജ്പതി പറയുന്നു.
പണ്ട് ചെയ്തിരുന്നതുപോലെ, ശരീരം മുഴുവൻ പച്ചകുത്തുന്ന ശീലം ഇപ്പോൾ ആളുകൾക്കില്ലെന്ന് രാജ്പതി സൂചിപ്പിച്ചു. “ഇപ്പോൾ അവർക്ക് ഒരു ചെറിയ പൂവോ, തേളോ ഒക്കെ മതി.”
കുടുംബത്തെ പോറ്റാൻ ഈ കലകൊണ്ട് മാത്രം സാധിക്കുന്നില്ല ഇപ്പോൾ. അതുകൊണ്ട്, പാത്രങ്ങളുടെ വില്പനയെയാണ് കൂടുതലും ആശ്രയിക്കുന്നത്. റാഞ്ചിയിലെ വാർഷിക മേളയിൽ വിൽക്കാൻ കഴിയുന്നതിനെ ആശ്രയിച്ചിരിക്കും, വരുമാനത്തിന്റെ വലിയൊരു പങ്ക്. “മേളയിൽ, 40,000-50,000 രൂപയ്ക്ക് സാധനങ്ങൾ വിൽക്കാൻ സാധിച്ചാൽ, നല്ലൊരു വരുമാനം കിട്ടും. അല്ലെങ്കിൽ, ദിവസത്തിൽ കിട്ടുന്നത്, 100-200 രൂപ മാത്രമാണ്,” രജ്പതി പറയുന്നു.
“ടാറ്റൂകൾ മംഗളകരമാണ്. മരണത്തിനുശേഷവും ശരീരത്തോടൊപ്പമുണ്ടാവും അത്. മറ്റെല്ലാം ഇവിടെ ബാക്കിയാവും.”
മൃണാളിനി മുഖർജി ഫൌണ്ടേഷനിൽനിന്നുള്ള (എം.എം.എഫ്) ഫെല്ലോഷിപ്പിന്റെ പിന്തുണയോടെ നടത്തിയ റിപ്പോർട്ട്
പരിഭാഷ: രാജീവ് ചേലനാട്ട്