അഞ്ജലി അവളെ എന്നും അഭിസംബോധന ചെയ്തിരുന്നത് അമ്മ എന്നാണ്. ഇത് പറയുമ്പോൾ അഭിമാനത്തോടെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു തുളസി. ചുരുൾമുടികൾ കെട്ടിവെച്ച്, പിങ്ക് സാരി ചുറ്റിയ അവർ ഒരു ട്രാൻസ് വുമണാണ്. ഒമ്പത് വയസ്സുള്ള ഒരു മകളുമുണ്ട് അവർക്ക്.
‘കാർത്തിഗ’എന്ന് തുളസി സ്വയം വിളിച്ചുതുടങ്ങിയത് കൗമാരത്തിന്റെ അവസാനഘട്ടത്തിലായിരുന്നു. പിന്നീട് ഒരു ഉദ്യോഗസ്ഥൻ വരുത്തിയ പിഴവ് കാരണം റേഷൻ കാർഡിൽ ‘തുളസി’എന്നായിപ്പോയി. തമിഴിൽ ഇരുലിംഗങ്ങൾക്കും ഇടാറുള്ള പൊതുവായ ഒരു പേരായിരുന്നു അത്. സന്തോഷത്തോടെ ആ പേര് സ്വീകരിച്ച് രണ്ട് പേരുകൾക്കും വിളി കേൾക്കാൻ തുടങ്ങി തുളസി.
തമിഴ് നാട്ടിലെ തിരുപോരൂർ താലൂക്കിലെ ദർഗാസ് എന്ന ഒരു ഇരുള കോളനിയിലാണ് തന്റെ മകൾ അഞ്ജലിയോടൊപ്പം അവർ താമസിക്കുന്നത്. അഞ്ജലി ചെറിയ കുട്ടിയായിരുന്നപ്പൊഴേ തുളസിയുടെ ഭാര്യ അവരിൽനിന്ന് വിവാഹമോചനം നേടി. 2016-ലെ വർധയിലെ കൊടുങ്കാറ്റിലാണ് ആ ദമ്പതികൾക്ക് അവരുടെ ഒമ്പത് വയസ്സായ ആദ്യത്തെ കുട്ടിയെ നഷ്ടമായത്.
നാല്പതുകളിലെത്തിനിൽക്കുന്ന തുളസി ഇപ്പോൾ കുറേ വർഷങ്ങളായി തിരുനംഗൈ (ട്രാൻസ് വുമണിനുള്ള തമിഴ് വാക്ക്) സമുദായത്തിന്റെ ഭാഗമാണ്. മടിയിലിരിക്കുന്ന അഞ്ജലിയെ അരുമയോടെ നോക്കി അവർ പറയുന്നു, “ഞാൻ ഒരു പാൽക്കുപ്പിയുമെടുത്ത് ഇവളേയും കൂട്ടി, ഞങ്ങളുടെ തിരുനംഗൈ സമ്മേളനങ്ങൾക്ക് പോകാറുണ്ട്”.
അഞ്ജലിക്ക് നാലുവയസ്സായപ്പോഴേക്കും അവളുടെ അമ്മയായി അറിയപ്പെടാൻ തുളസി ആഗ്രഹിച്ചുതുടങ്ങി. അതിനാൽ, വേഷ്ടി (പുരുഷന്മാർ ധരിക്കുന്ന വസ്ത്രം) ഉപേക്ഷിച്ച് അവർ സാരി മാത്രം ധരിക്കാൻ തുടങ്ങി. തുളസി ആയെ പ്പോലെ (അമ്മമ്മ) കരുതുന്ന 50 വയസ്സുള്ള കുമുദി എന്ന തിരുനംഗ യുടെ ഉപദേശവുംകൂടി അതിനുപിന്നിലുണ്ടായിരുന്നു.
സ്ത്രീയെന്ന രീതിയിലുള്ള തന്റ് അസ്തിത്വത്തിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ച ആ നിമിഷത്തെപ്പറ്റി തുളസി പറയുന്നത് ഇതാണ് “ഞാൻ ധൈര്യമായി പുറത്ത് വന്നു”.
ഈ മാറ്റത്തെ അടയാളപ്പെടുത്താൻ തുളസി, 40 വയസ്സുള്ള രവി എന്നൊരു ബന്ധുവുമായി ആചാരപരമായ വിവാഹം നടത്തി. തമിഴ് നാട്ടിലെ ട്രാൻസ് വുമണുകളുടെ ഇടയിൽ പതിവുള്ള ഈ വിവാഹം കേവലം പ്രതീകാത്മകം മാത്രമാണ്.തമിഴ് നാട്ടിലെ തിരുവള്ളുവർ ജില്ലയിലെ വേടൈയൂർ സ്വദേശിയും, ഭാര്യയും കൗമാരപ്രായക്കാരായ രണ്ട് പെൺകുട്ടികളുമുണ്ടായിരുന്ന രവിയുടെ കുടുംബം ഒരു വരദാനംപോലെയാണ് തുളസിയെ കുടുംബത്തിലേക്ക് സ്വീകരിച്ചത്
ഇപ്പോഴും ദർഗസിൽ താമസിക്കുന്ന തുളസി, തന്റെ പുതിയ കുടുംബത്തെ വിശേഷാവസരങ്ങളിൽ സന്ദർശിക്കുക പതിവാണ്.
എല്ലാ ദിവസവും സാരി ധരിക്കാൻ തുടങ്ങിയ ഏതാണ്ട് ഇതേ സമയത്ത്, അവരുടെ ഏഴ് സഹോദരങ്ങളും അവരെ ‘അമ്മ’ എന്നും ‘ശക്തി’ എന്നും വിളിക്കാൻ തുടങ്ങി. ദേവിയുടെ (അമ്മൻ അരുൾ) അനുഗ്രഹംകൊണ്ടാണ് തുളസിക്ക് മാറാൻ കഴിഞ്ഞതെന്ന് അവർ വിശ്വസിക്കുന്നു.
പരസ്പരം വളരെ അടുത്ത ബന്ധം പുലർത്തുന്ന ഇരുള സമുദായത്തിലെ എല്ലാവർക്കും അവരുടെ ലിംഗത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. അതിനാൽ അത് മറച്ചുപിടിക്കേണ്ട ആവശ്യം വന്നില്ലെന്ന് തുളസി സൂചിപ്പിക്കുന്നു. “ഞങ്ങളുടെ വിവാഹത്തിനുമുമ്പേ എന്റെ ഭാര്യയ്ക്ക് നന്നായി അറിയാമായിരുന്നു” തുളസി പറയുന്നു. ‘ഞാൻ ഇന്ന രീതിയിൽ വസ്ത്രം ധരിക്കണം, പെരുമാറണം എന്നൊന്നും ആരും ഒരിക്കലും പറഞ്ഞിട്ടില്ല. ഞാൻ കുടുമി (തലയിലെ കൊണ്ട) വെക്കാനും സാരി ധരിക്കാനും തുടങ്ങിയപ്പോഴും ആരും ഒന്നും പറഞ്ഞിടില്ല”, അവർ കൂട്ടിച്ചേർത്തു.
എന്തുകൊണ്ടാണ് തുളസി ‘പെൺകുട്ടികളെപ്പോലെ’ പെരുമാറുന്നതെന്ന് കൂട്ടുകാർ ചോദിച്ചിരുന്നത്, തുളസിയുടെ സുഹൃത്തായ പൂങ്കാവനം ഓർമ്മിക്കുന്നു. “ഗ്രാമമായിരുന്നു ഞങ്ങളുടെ ലോകം. അവനെപ്പോലെയൊരാളെ (തുളസി) ഞങ്ങൾ അതിനുമുമ്പ് കണ്ടിരുന്നില്ല. ഇങ്ങനെയും ആളുകളുണ്ടാവുമെന്ന് മനസ്സിലാക്കി ഞങ്ങൾ അത് അംഗീകരിക്കുകയായിരുന്നു”, പൂങ്കാവനം പറയുന്നു. ആരെങ്കിലും തുളസിയോടോ അഞ്ജലിയോടൊ മോശമായി പെരുമാറുകയോ അവരെ കളിയാക്കുകയോ ചെയ്തിട്ടില്ലെന്ന് അയാൾ ആണയിടുന്നു.
തുളസിയുടെ അച്ഛനമ്മമാർ, ഇപ്പോൾ, എഴുപതുകളുടെ ഒടുവിലെത്തിയ സെന്താമരയും ഗോപാലും അവളെ, അതേ വിധത്തിൽത്തന്നെ അംഗീകരിച്ചു. “അവളുടെ മനസ്സിനെ ഞങ്ങളായിട്ട് വിഷമിപ്പിക്കരുത്”, കുട്ടിയായിരുന്നപ്പോൾ തൊട്ടാവാടിയായയിരുന്ന അവളുടെ സ്വഭാവം ഓർത്തുകൊണ്ട് അവർ പറയുന്നു.
“അവൾ സാരി ധരിക്കാൻ തുടങ്ങിയത് നല്ല കാര്യമാണ്. വീട്ടിലേക്ക് അമ്മൻ എത്തിയതുപോലെയാണത്”, കൈകൾ കൂപ്പി, കണ്ണടച്ച്, നിശ്ശബ്ദമായി പ്രാർത്ഥിക്കുന്നതുപോലെ സെന്താമരൈ പറയുന്നു. കുടുംബത്തിന്റെ വികാരംതന്നെയാണ് അവർ പങ്കുവെച്ചത്. 2023 അവസാനം സെന്താമരൈ മരിച്ചു.
എല്ലാ മാസവും തുളസി തന്റെ തിരുനംഗൈ സമുദായത്തോടൊപ്പം 125 കിലോമീറ്റർ സഞ്ചരിച്ച് ക്ഷേത്രനഗരമായ വില്ലുപുരത്തെ മേൽമലയനൂർ സന്ദർശിച്ച് ഭക്തരെ അനുഗ്രഹിക്കുന്നു. “ഒരു തിരുനംഗ എന്തെങ്കിലും പറഞ്ഞാൽ അത് നടക്കുമെന്നാണ് അവരുടെ വിശ്വാസം. ഞാൻ ഒരിക്കലും ആളുകളെ ശപിക്കാറില്ല. അനുഗ്രഹിക്കുകയും അവർ തരുന്നത് സ്വീകരിക്കുകയും ചെയ്യുന്നു”, അവർ പറയുന്നു. ദിവസം സാരി ധരിക്കുന്ന ശീലം കാരണം, അനുഗ്രഹം നൽകുന്നത് കൂടുതൽ ഫലിക്കുന്നുണ്ടെന്നും ഒരു കുടുംബത്തെ അനുഗ്രഹിക്കാൻ കേരളത്തിലേക്കുപോലും സഞ്ചരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
സർവ്വസാധാരണമായ അസുഖങ്ങൾക്കുള്ള പച്ചമരുന്നുകളെക്കുറിച്ചുള്ള അവരുടെ അറിവിൽനിന്ന് ഒരുകാലത്ത് അവർക്ക് വരുമാനം ലഭിച്ചിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ച് കൊല്ലങ്ങളായി അത് കുറഞ്ഞുവരുകയാണ്. “ഞാൻ ധാരാളംപേരെ സുഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ എല്ലാവരും മൊബൈൽ നോക്കി സ്വയം ചികിത്സിക്കാൻ തുടങ്ങി. 50,000 രൂപവരെ കിട്ടിയിരുന്ന സമയമുണ്ടായിരുന്നു. പിന്നെയത് 40,000 ആയി. പിന്നെ 30,000. ഇപ്പോൾ കൊല്ലത്തിൽ 20,000 തികച്ച് കിട്ടുന്നില്ല”, അവർ പറയുന്നു. കോവിഡ് കാലമായിരുന്നു ഏറ്റവും കഷ്ടം.
ഇരുള ദേവതയായ കണ്ണിയമ്മയുടെ ക്ഷേത്രം നോക്കിനടത്തുന്നതിനുപുറമേ, അഞ്ചുവർഷം മുമ്പ് മുതൽ തുളസി ‘നൂറുനാൾ വേലൈ’(എം.ജി.എൻ.ആർ.ഇ.ജി.എ) ചെയ്യാൻ തുടങ്ങി. ദർഗസിൽ, മറ്റ് സ്ത്രീകളുടെകൂടെ പാടത്തെ പണിക്ക് പോയി പ്രതിദിനം 240 രൂപയും സമ്പാദിക്കുന്നുണ്ട് തുളസി. ഗ്രാമപ്രദേശത്തെ കുടുംബങ്ങൾക്ക് വർഷത്തിൽ 100 ദിവസം ജോലി ഉറപ്പ് നൽകുന്ന പദ്ധതിയാണ് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി.
കാഞ്ചീപുരം ജില്ലയിലെ ഒരു സർക്കാർ റസിഡൻഷ്യൽ സ്കൂളിലാണ് അഞ്ജലിയെ ചേർത്തത്. അവളുടെ വിദ്യാഭ്യാസത്തിനാണ് മുൻഗണന എന്ന് തുളസി പറയുന്നു. “അവൾക്ക് വിദ്യാഭ്യാസം നൽകാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. കോവിഡ് കാലത്ത്, അവൾക്ക് ഹോസ്റ്റലിൽ നിൽക്കാൻ ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് ഞാനവളെ ഇവിടെ നിർത്തി. എന്നാൽ ഇവിടെ അവളെ പഠിപ്പിക്കാൻ ആരുമില്ല”, അവൾ പറയുന്നു. 2023 ആദ്യം അഞ്ജലിയെ സ്കൂളിൽ ചേർക്കാൻ പോയപ്പോൾ, രണ്ടാം ക്ലാസ്സുവരെ പഠിച്ചിട്ടുള്ള തുളസിയെ ആദ്യത്തെ ട്രാൻസ്ജെൻഡർ രക്ഷിതാവായി സ്കൂൾ ആദരിച്ചു.
തുളസിയുടെ ചില തിരുനംഗൈ സുഹൃത്തുക്കൾ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ടെങ്കിലും, “എല്ലാവരും എന്നെ ഞാനായിത്തന്നെ അംഗീകരിക്കുന്നു. പിന്നെ എന്തിനാണ് ഈ പ്രായത്തിൽ ഞാൻ ഒരു ശസ്ത്രക്രിയ ചെയ്യുന്നത്?” എന്ന് തുളസി ചോദിക്കുന്നു.
എന്നാൽ ഈ വിഷയത്തെക്കുറിച്ച് ഗ്രൂപ്പിനകത്ത് നടക്കാറുള്ള ചർച്ചകൾ കേട്ടുകേട്ട് ഒരു പുനർവിചിന്തനത്തിലാണ് തുളസി. പാർശ്വഫലങ്ങളെക്കുറിച്ച് അല്പം ആശങ്കയുണ്ടെങ്കിലും. “വേനൽക്കാലത്ത് ശസ്ത്രക്രിയ ചെയ്യുന്നതായിരിക്കും നല്ലത്, വേഗം ഭേദമാകും”, അവർ പറയുന്നു.
ശാസ്ത്രക്രിയയ്ക്കും ആശുപത്രിച്ചിലവിനും എല്ലാം കൂടി, സ്വകാര്യാശുപത്രികളിൽ 50,000 രൂപ ചിലവ് വരും. ട്രാൻസ് വ്യക്തികൾക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ സർക്കാർ സഹായം കിട്ടുമോ എന്നറിയാൻ, തമിഴ് നാട് സർക്കാരിൻ്റെ നയങ്ങൾ പരിശോധിക്കുന്നുണ്ട് തുളസി.
2023 ഫെബ്രുവരിയിൽ തുളസിയും സെന്താമരയും അഞ്ജലിയും മേൽമയനൂർ ക്ഷേത്രത്തിലെ മ സാ നകൊല്ലൈ ( മായണകൊല്ലൈ ) എന്ന ജനകീയ ഉത്സവത്തിൽ പങ്കെടുത്തു.
അമ്മയുടെ കൈപിടിച്ച് അഞ്ജലി തിരക്കേറിയ ക്ഷേതത്തെരുവുകളിൽ പഴയ കൂട്ടുകാരുമായി പരിചയം പുതുക്കി. രവിയും ഗീതയും അവരുടെ കൂട്ടുകുടുംബത്തോടൊപ്പം വന്നു. തുളസിയുടെ തിരുനംഗൈ കുടുംബവും, ഗുരുവും സഹോദരിമാരും മറ്റ് പലരും അവരുടെ കൂടെ ചേർന്നു.
നെറ്റിയിൽ വലിയൊരു കുങ്കുമപ്പൊടും നീളൻ വെപ്പുമുടിയുമായി തുളസി എല്ലാവരോടും വർത്തമാനം പറഞ്ഞുനിന്നു. പൊട്ടിച്ചിരിച്ചും ഇടയ്ക്കൊന്ന് നൃത്തം ചെയ്തും അവർ പറയുന്നു, “ഞാൻ ഏറ്റവും സന്തോഷവതിയാണ്”.
“നിങ്ങൾ അഞ്ജലിയോട് ചോദിക്കൂ, എത്ര അമ്മമാരുണ്ടെന്ന്”, തുളസി എന്നോട് കുടുംബത്തിന്റെ ഉത്സവത്തിനിടയ്ക്ക് പറയുന്നു.
ഞാൻ ചോദിച്ചപ്പോൾ, തുളസിയേയും ഗീതയേയും ചൂണ്ടിക്കാണിച്ച് അവളുടെ കൃത്യമായ മറുപടി വന്നു, “രണ്ട്”.
പരിഭാഷ: രാജീവ് ചേലനാട്ട്