“ഈ കുർത്തയിൽ, (ഒരു വലിയ ബ്രാന്‍ഡ് വിപണനം നടത്തുന്ന കുര്‍ത്ത) തോട എംബ്രോയ്ഡറിയെക്കുറിച്ച് പറയുന്ന ടാഗ് ഒന്നു നോക്കൂ. ഇത് തുണിയിലൊട്ടിച്ച ഒരു പ്രിന്റാണ്! എംബ്രോയ്ഡറിയെ വിശേഷിപ്പിച്ചിരിക്കുന്നതോ ‘പുഖൂർ’ എന്നും! ഞങ്ങളുടെ ഭാഷയിൽപ്പോലും അങ്ങനെയൊരു പദമില്ല. ശരിയായ വസ്തുതകൾ പഠിക്കാൻപോലും അവർ മിനക്കെടുന്നില്ല”, കെ. വാസമല്ലി പറയുന്നു.

തോട ഭാഷയില്‍, സമൂഹത്തിന്റെ എംബ്രോയ്ഡറിയെ പോഹോർ എന്നാണ് വിളിക്കുന്നത്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ കുന്ദ താലൂക്കിലെ കരിക്കാട്മുണ്ട് കുഗ്രാമത്തിൽ താമസിക്കുന്ന, 60 പിന്നിട്ട വാസമല്ലി ഒരു മുതിർന്ന അലങ്കാരത്തുന്നൽക്കാരിയാണ്. ഏകദേശം 16 കിലോമീറ്ററകലെ, ഊട്ടി (ഉദഗമണ്ഡലം) ടൗണിൽ, തോട എംബ്രോയ്ഡറി ഉത്പന്നങ്ങളുടെ ഔട്ട്‌ലെറ്റ് നടത്തുന്ന ഷീല പവലിന്, മറ്റൊരു അറിയപ്പെടുന്ന റീട്ടെയിലര്‍ ഓണ്‍ലൈൻവഴി  ഒരു ‘തോട’ സാരി വെറും 2,500 രൂപയ്ക്ക് വിൽക്കുന്നത് കണ്ടപ്പോൾ അവിശ്വസനീയമായി തോന്നി. അവര്‍ ഉടനെതന്നെ ഒരെണ്ണം ഓര്‍ഡർ ചെയ്തു.  “തമിഴ്‌നാട്ടിലെ സ്ത്രീകൾ വിദഗ്ധമായി കൈകൊണ്ട് എംബ്രോയ്ഡറി ചെയ്ത തോട എംബ്രോയ്ഡറി സാരി” എന്നാണ് അവർ അതിൽ  പരസ്യപ്പെടുത്തിയിരുന്നത്. അവർ എങ്ങനെ ഇത്രയും കുറഞ്ഞ വിലക്ക് ഇത് നൽകുന്നുവെന്നും ഇത് എവിടെയാണ് ചെയ്തതെന്നും അറിയാൻ ഞാൻ ആഗ്രഹിച്ചു.”

ഏതാനും ദിവസങ്ങൾക്കുള്ളിൽ ഓര്‍ഡർ ചെയ്ത സാരി എത്തി. "ഇതിൽ മെഷീനുപയോഗിച്ചാണ് എംബ്രോയ്ഡറി ചെയ്തിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. വൃത്തിഹീനമായ ത്രെഡുകൾ മറയ്ക്കാൻ എതിര്‍വശം തുണികൊണ്ട് മറച്ചിരുന്നു," ഷീല പറയുന്നു. "അതെ, എംബ്രോയ്ഡറി കറുപ്പും ചുവപ്പുമായിരുന്നു, അത് മാത്രമാണ് ഇവ രണ്ടും തമ്മിലുള്ള സാമ്യം".

തോട സമുദായത്തിലെ സ്ത്രീകൾ ചെയ്യുന്ന പരമ്പരാഗത എംബ്രോയ്ഡറിക്ക്, വെളുത്ത കോട്ടൺ തുണികൊണ്ടുള്ള ജ്യാമിതീയ ഡിസൈനുകളിൽ ചുവപ്പും കറുപ്പും (ഇടയ്ക്കിടെ നീലയും) ത്രെഡ് വർക്കുണ്ട്. പരമ്പരാഗത തോട വസ്ത്രം ഒരു പ്രത്യേക ഷാളാണ്. പുതുകുളി എന്ന് വിളിക്കും. മഹത്തായ ഒരു വസ്ത്രമായാണ് ഇത് കണക്കാക്കപ്പെടുന്നത്, ക്ഷേത്രസന്ദർശനങ്ങൾ, ഉത്സവങ്ങൾ തുടങ്ങിയ വിശേഷാവസരങ്ങളിലും മൃതദേഹം പുതപ്പിക്കാനുമൊക്കെയാണ് ഇതുപയോഗിക്കുക. ഏകദേശം 1940-കളിൽ, തോട സ്ത്രീകൾ ബ്രിട്ടീഷ് ഉപഭോക്താക്കള്‍ക്കായി ഓര്‍ഡർ പ്രകാരം മേശവിരികൾ, ബാഗുകൾ, മറ്റ് വസ്തുക്കൾ എന്നിവ നിർമ്മിച്ചുതുടങ്ങി – എന്നാൽ പിന്നീടുള്ള ദശകങ്ങളിൽ ആവശ്യക്കാർക്ക് മാത്രമായി വിൽപ്പന പരിമിതപ്പെടുത്തി. മുൻകാലങ്ങളിൽ കോട്ടൺ ത്രെഡ് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ മിക്ക തോട സ്ത്രീകളും കമ്പിളി ത്രെഡ് ഉപയോഗിക്കുന്നു, ഇതിന് കാരണമായി അവർ പറയുന്നത്, ഇത് ജോലി കൂടുതൽ സുഗമമാക്കുകയും ചെലവ് കുറഞ്ഞതുമാണെന്നാണ്.

Toda Embroidery. T. Aradkuttan and U. Devikili dressed in their putukulis (traditional shawls embroidered only by Toda women), outside their home in Bhikapatimand, Kukkal, Ooty taluk
PHOTO • Priti David

കോട്ടൺ നൂൽ ഉപയോഗിച്ചുള്ള പഴയ രീതിയിലുള്ള തോട എംബ്രോയ്ഡറി. തങ്ങൾ പ്രകൃതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നും നിറങ്ങൾ മനുഷ്യജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നുമാണ് തോട കരകൗശലവിദഗ്ധർ പറയുന്നത്. താഴെ വലത്: ഊട്ടി താലൂക്കിലെ ഭികപതിമണ്ഡ് ഗ്രാമത്തിൽ പുതുകുളി (തോട സ്ത്രീകൾ മാത്രം എംബ്രോയ്ഡറി ചെയ്ത പരമ്പരാഗത ഷാളുകൾ) ധരിച്ച് നിൽക്കുന്ന ടി. ആരാദ്കുട്ടനും യു.ദേവികിളിയും

“എങ്കിലും, ഇത് വളരെ സങ്കീർണ്ണവും കണ്ണിന് ആയാസമുണ്ടാക്കുന്നതുമായ ജോലിയാണ്., അതിനാൽ ഒരാൾക്ക് ഒരുദിവസം മൂന്നോ നാലോ മണിക്കൂർമാത്രമേ ജോലി ചെയ്യാൻ കഴിയൂ,” വാസമല്ലിയുടെ സഹോദരഭാര്യ 54-കാരി പി. സിമ്മവാണി പറയുന്നു. ഇതിനൊരു മാതൃകാരൂപങ്ങളൊന്നുമില്ല. തുണിയുടെ വാർപ്പും നെയ്ത്തും എംബ്രോയിഡറിക്ക് ഒരു ചട്ടക്കൂടായി ഉപയോഗിക്കുന്നു. ചില തുന്നലുകൾ ബലമായി ചെയ്തതായിരിക്കും, മറ്റുള്ളവയിൽ ഡിസൈനിന്റെ ഭാഗമായി നൂലിന്റെ ലൂപ്പുകൾ തൂക്കിയിരിക്കുന്നു. ഒരു തോട എംബ്രോയ്‌ഡറി ചെയ്ത കഷണത്തിൽ മാറ്റങ്ങൾ വരുത്താൻ പറ്റില്ല, അതിനാൽ ഇരുവശത്തുമുള്ള ജോലി വൃത്തിയുള്ളതാവും - കരകൗശല വിദഗ്ധർക്ക് അതിൽ വലിയ അഭിമാനമുണ്ട്.

“ആറുമീറ്റർ സാരി എംബ്രോയിഡറി ചെയ്യാൻ ആറാഴ്ചയെങ്കിലും എടുക്കും, ചുരുങ്ങിയത് 7,000 രൂപയ്ക്ക് വിൽക്കും. ഒരു യഥാർത്ഥമായ തോട വസ്ത്രം 2,500-3,000 രൂപയ്ക്ക് വിൽക്കുന്നത് സാമ്പത്തികമായി സാധ്യമല്ല”, ഷീല വിശദീകരിക്കുന്നു.

വലിയ ബ്രാൻഡുകള്‍ വ്യാജവിവരണങ്ങൾ നല്‍കി തെറ്റിദ്ധരിപ്പിക്കുകമാത്രമല്ല ചെയ്യുന്നത്,  അവര്‍ ഒരു നിയമലംഘനംകൂടി നടത്തുന്നു. തോട എംബ്രോയ്ഡറിക്ക് 2013-ൽ ഭൌമസൂചികാ പദവി (ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ) സർട്ടിഫിക്കറ്റ് ലഭിച്ചു. ഒരു സമൂഹത്തിന്റെ പ്രത്യേക ഭക്ഷണങ്ങൾ, വ്യാപാരങ്ങൾ, കരകൗശലവസ്തുക്കൾ എന്നിവയുടെ നിർമ്മാതാക്കളുടെ പരമ്പരാഗത അറിവ് സംരക്ഷിക്കുന്നതിനാണ് സർക്കാർ ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ നൽകുന്നത്. അത് ഒരു ബൗദ്ധിക സ്വത്തവകാശംപോലെയാണ്. തോട എംബ്രോയ്ഡറിയുടെ ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ പദവി അർത്ഥമാക്കുന്നത്, നീലഗിരി ജില്ലയ്ക്ക് പുറത്ത് സൃഷ്ടിക്കുന്ന തോട എംബ്രോയ്ഡറി ഒരു നിയമലംഘനമാണ്, അതുപോലെത്തന്നെ കൈകൊണ്ട് ചെയ്യാത്ത ഏതൊരു ഉത്പാദനരീതിയും. പോംപുഹാർ (തമിഴ്‌നാട് കരകൗശല വികസന കോർപ്പറേഷൻ), കീസ്റ്റോൺ ഫൗണ്ടേഷൻ (നീലഗിരിയിൽ പ്രവർത്തിക്കുന്ന ഒരു എൻ‌ജി‌ഒ), തോട നലവാഴ്‌വു സംഘം (ചില തോട കരകൗശലവിദഗ്ധരുടെയും കൂനൂർ ആസ്ഥാനമായുള്ള ഒരു ടോഡ ഇതര ദന്തഡോക്ടറുമാരുടേയും സംഘടന) എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ടോഡ എംബ്രോയ്ഡറി ജി.ഐ.

ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ ഉണ്ടായിരുന്നിട്ടും, “നീലഗിരിക്ക് പുറത്തുള്ള വലിയ കമ്പനികൾ യന്ത്രങ്ങളുപയോഗിച്ചോ പ്രിന്റായോ ഞങ്ങളുടെ എംബ്രോയിഡറികൾ പകർത്തി ‘തോട എംബ്രോയ്ഡറി’ എന്ന് പേരിട്ട് വിൽക്കുന്നു. അവർക്ക് ഇതെങ്ങിനെ ചെയ്യാൻ കഴിയും?” വാസമല്ലി ചോദിക്കുന്നു.

Simmavani - : Toda embroidery has switched from cotton thread to wool, cheaper and easier to do
PHOTO • Priti David
Sheela Powell of Shalom
PHOTO • Priti David

ഇടത്: തോട എംബ്രോയ്ഡറി കോട്ടൺ നൂലിൽനിന്ന് കമ്പിളിയിലേക്ക് മാറിയെന്ന് പി. സിമ്മവാണിപറയുന്നു,. വലത്: അറിയപ്പെടുന്ന ഒരു റീട്ടെയിലർ ഓൺലൈനിൽ വെറും 2,500 രൂപയ്ക്ക് ‘തോട സാരി’ വിൽക്കുന്നത് കണ്ടപ്പോൾ തോട എംബ്രോയ്ഡറി ഉത്പന്നങ്ങളുടെ ഔട്ട്‌ലെറ്റ് നടത്തുന്ന ഷീല പവലിന് വിശ്വസിക്കാൻ കഴിഞ്ഞില്ല

വൻകിട കമ്പനികൾ മാത്രമല്ല, മറ്റു കരകൗശലതൊഴിലാളികളും നിയമം ലംഘിക്കുന്നു. ജയ്പൂരിലെ ഒരു കരകൗശലപ്രദർശനത്തിനിടയിൽ മറ്റൊരു സ്റ്റാളിൽ വെച്ചിരിക്കുന്ന കമ്പിളി ഷോളുകളിൽ വാസമല്ലി ടോഡ ഡിസൈനുകൾ കണ്ടെത്തി. "ഒരുകൂട്ടർ നിങ്ങളുടെ സാധനങ്ങൾ പകുതി വിലയ്ക്ക് അപ്പുറത്ത് വിൽക്കുമ്പോൾ എന്തുകൊണ്ടാണ് നിങ്ങള്‍ ഇത്ര വലിയ വിലക്ക് വില്‍ക്കുന്നതെന്ന് ചോദിച്ച് ഒരു ഉപഭോക്താവ് എന്നോട് വഴക്കിനുപോലും വന്നു" അവർ പറയുന്നു. "അവിടുത്തെ [മറ്റേ സ്റ്റാളിന്റെ] എംബ്രോയിഡറി കൈകൊണ്ട് ചെയ്തതായിരുന്നില്ല, മറിച്ച് സ്റ്റാമ്പ് ചെയ്ത പാറ്റേണായിരുന്നു, [അതിനാലായിരുന്നു] അതിന് വലിയ വിലക്കുറവ്”.

തോട ജനസംഖ്യ വളരെ ചെറുതായതിനാൽ തോടകളല്ലാത്ത സമൂഹം എംബ്രോയ്ഡറി വൈദഗ്ധ്യം ആർജ്ജിക്കുമെന്ന ഭയവും തോടസമൂഹത്തിനുണ്ട് - 2011ലെ സെന്‍സസ് പ്രകാരം, നീലഗിരിയിലെ ഏകദേശം 125 തോട കുഗ്രാമങ്ങളിലായി 538 വീടുകളിൽ വെറും 2002 തോടകളാണുള്ളത്. തോടകളുടെ സ്വന്തം കണക്കനുസരിച്ച്, അവരുടെ സമുദായത്തിൽ ഏകദേശം 300 സ്ത്രീകൾ പോഹോർ പരിശീലിക്കുന്നു. എന്നിരുന്നാലും, ചെറുപ്പക്കാരായ സ്ത്രീകൾക്കിടയിൽ എംബ്രോയ്ഡറിയോടുള്ള താത്പര്യം കുറയുകയാണ്, ഇത് ഈ കരകൗശലവിദ്യയുടെ ഭാവി അപകടത്തിലാക്കുന്നു.

കൂനൂർ താലൂക്കിലെ തോട കുഗ്രാമമായ നെടിമുണ്ടിൽ, 23-കാരിയായ കരകൗശല വിദഗ്ധ എൻ. സത്യാസിന്റെ ദുരവസ്ഥ അവളെപ്പോലുള്ള മറ്റുള്ളവരുടേയും കഥയാണ്. “ജോലി വളരെ കൂടുതലാണ്, ഇതിന് ധാരാളം സമയമെടുക്കും. ഒരു [തേയില] എസ്റ്റേറ്റിലെ തൊഴിലാളിയായ എനിക്ക് ഒരുദിവസം 300 രൂപയോ അതിൽ കൂടുതലോ ലഭിക്കും. ഈ ജോലിക്കായി ഞാൻ ഒരു ദിവസം രണ്ടുമുതൽ ആറുമണിക്കൂർവരെ ചെലവഴിക്കുന്നു, മാസാവസാനം എനിക്ക് ലഭിക്കുന്നത് ഏകദേശം 2,000 രൂപ മാത്രമാണ്”.

തോട സമുദായാംഗമല്ലാത്ത ഷീല നടത്തുന്ന തോട ഉത്പന്നങ്ങളുടെ വില്‍പ്പനകേന്ദ്രമായ ഷാലോമിലാണ് സത്യാസിൻ ജോലി ചെയ്യുന്നത്.  തോടകളല്ലാത്ത സ്ത്രീകളെ ജോലിക്കെടുത്തതിന് ഷാലോമിനേയും ചില തോടകൾ വിമർശിച്ചിട്ടുണ്ട്. “തുന്നൽ, മുത്തുകളും തൂവാലകളും ഘടിപ്പിക്കൽ തുടങ്ങിയ അനുബന്ധജോലികളാണ് അവർ ചെയ്യുന്നത്, എംബ്രോയിഡറി അല്ല,” ഷീല പറയുന്നു. “എല്ലാവരും ഇതേറ്റെടുത്തുതുടങ്ങിയാൽ ഈ കരകൗശലവിദ്യയുടെ മൂല്യം നഷ്ടപ്പെടുമെന്ന് എനിക്കറിയാം. ഇപ്പോൾ ഈ ജോലി വളരെക്കുറച്ചാളുകൾ ചെയ്യുന്നതിനാലും, വർഷത്തിൽ വളരെക്കുറച്ചുമാത്രം ഉത്പാദിപ്പിക്കപ്പെടുന്നതിനാലും ഈ തൊഴിലിനൊരു വിലയുണ്ട്. ഓരോ ഉത്പന്നവും തനതുരീതിയിൽ വ്യത്യസ്തമാണ്. എന്നാൽ ഈ ജോലി നടത്തിപ്പോവുകയും തുടരുകയും ചെയ്യുന്നത് വലിയ വെല്ലുവിളിയായിരിക്കുന്നു.”

Sathyasin
PHOTO • Priti David
Vasamalli is a member of the State Tribal Welfare Board since 2008, Vasamalli is also one of the six authors of ‘Maria Horigal’, (‘Enduring voices of the Todas’) 50 songs and 50 folk tales, published by the Sahitya Akademi in 2017
PHOTO • Priti David

ഇടത്: എൻ. സത്യസിന്റെ ദുരവസ്ഥ മറ്റ്  തോട യുവതികളുടേതുകൂടിയാണ്. വലത്:  'നീലഗിരിക്ക് പുറത്തുള്ള വൻകിട കമ്പനികൾ യന്ത്രങ്ങളുപപയോഗിച്ചോ പ്രിന്റായോ ആണ് ഞങ്ങളുടെ എംബ്രോയിഡറികൾ പകർത്തി ‘തോട എംബ്രോയ്ഡറി’ എന്ന് പേരിട്ട് വിൽക്കുന്നത് അവർക്ക് എങ്ങനെയാണിത് ചെയ്യാൻ കഴിയുക?' കെ. വാസമല്ലി ചോദിക്കുന്നു

2005-ൽ ആരംഭിച്ച ഈ ഔട്ട്‌ലെറ്റിൽ 220 തോട വനിതകൾ എംബ്രോയ്ഡറിംഗ് പീസുകൾ നിർമ്മിച്ച്, അവയെ സാരികൾ, ഷാളുകൾ, ബാഗുകൾ, ലിനൻ തുടങ്ങിയ ഉത്പന്നങ്ങളാക്കി മാറ്റുന്നു. ഓരോ സാരിയും വിൽക്കുന്നത് 7,000 രൂപയ്ക്കാണ്, ഏകദേശം. 5,000 രൂപ കരകൗശലക്കാരന് പോകുന്നു, ബാക്കിയുള്ളത് മെറ്റീരിയലിനും വിപണനത്തിനും ഉപയോഗിക്കുന്നു, ഷീല പറയുന്നു. പരിചയസമ്പന്നരായ കരകൗശലവിദഗ്ധരിൽ ഭൂരിഭാഗവും  അവർ ഏറ്റെടുക്കുന്ന ജോലിയുടെ അളവനുസരിച്ച് പ്രതിമാസം ശരാശരി 4,000 മുതൽ 16,000  രൂപവരെ സമ്പാദിക്കുന്നു. 2017-2018-ൽ ഷാലോമിന്റെ വിറ്റുവരവ് 35 ലക്ഷമായിരുന്നു. നീലഗിരിയിലെ പലരും ഈ ഉത്പന്നങ്ങളുടെ വിപണി വളരാൻ സഹായിച്ചു.

“തോടകളല്ലാല്ലാത്തവർ അത് ചെയ്താൽ അതിന്റെ മൂല്യം നഷ്ടപ്പെടും. മറുവശത്ത്, ആവശ്യത്തിന് ആളുകളില്ലെങ്കിൽ, അത് പൂർണ്ണമായും നശിക്കുകയും ചെയ്യും” വാസമല്ലി പറയുന്നു.

തോടകളുടെ സാക്ഷരതാനിരക്ക് 84 ശതമാനമാണ്. അതിനാല്‍ത്തന്നെ, തോടകള്‍ ഇപ്പോൾ ബാങ്കുകളിലും മറ്റ് സേവനമേഖലകളിലും ജോലി ചെയ്യുന്നു, അവർ സാമാന്യം നല്ല സ്ഥിതിയിലാണിന്ന്. വാസമല്ലിക്കും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദമുണ്ട്, തമിഴ്‌നാട് ട്രൈബൽ വെൽഫെയർ ബോർഡ് അംഗവും സാഹിത്യ അക്കാദമിയിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന എഴുത്തുകാരിയുമാണ് അവർ.

“ഇത് തോട പെണ്ണുങ്ങളുടെമാത്രം തലവേദനയാണ്! ആരാണ് എംബ്രോയ്ഡറി ചെയ്യുന്നതെന്നോ പകർത്തുന്നതെന്നോ പുരുഷന്മാർക്ക് ധാരണയില്ല," അവൾ പറയുന്നു. “[നമ്മുടെ ഹാൻഡ് എംബ്രോയ്ഡറി] വിൽക്കുന്നതും ബിസിനസ്സ് ചെയ്യുന്നതും നമ്മുടെ സംസ്കാരത്തിൽ ഒരു പരമ്പരാഗത തൊഴിലല്ല. അതിനാൽ പുരുഷന്മാർ അതിനെ ഗൗരവത്തിലെടുക്കുന്നില്ല. ഞങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ തൊഴിലിൽ ആ രണ്ട് ഘടകങ്ങളും നിലനിൽക്കുന്നു - നമ്മുടെ സാംസ്കാരികമായ അവകാശം സംരക്ഷിക്കണം, അതേസമയം സാമ്പത്തികനഷ്ടമുണ്ടാകാതെയും സൂക്ഷിക്കണം”.

ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി തോട കരകൗശലവിദഗ്ധരുടെ ഒരൊറ്റ സമിതിപോലും ഇല്ല എന്നത്, ടോഡ എംബ്രോയ്ഡറിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. “ഞങ്ങൾ ഒരു സമൂഹമെന്ന നിലയിൽ ചിതറിക്കിടക്കുകയാണ്,” വാസമല്ലി പറയുന്നു. “ഒന്നിലധികം സമിതികളുണ്ട്, അത് വളരെ രാഷ്ട്രീയമായി മാറിയിരിക്കുന്നു. ഞാൻ പല സംഘടനകളിലും അംഗമാണ്, പക്ഷേ എനിക്കുപോലും എല്ലാവരേയും ഇതിന് ചുറ്റും അണിനിരത്താൻ കഴിയുന്നില്ല. ഞങ്ങൾക്ക് സഹായം ആവശ്യമാണ്.”

Toda-GI135-Certificate of Registration
PHOTO • Priti David
Siyahi, a brand that copies Toda embroidery and sells it online. It's not an original Toda embroidered product.
PHOTO • Priti David
Machine embroidery front
PHOTO • Priti David

ഇടത്: തോട എംബ്രോയ്ഡറിക്കുള്ള ജി.ഐ സർട്ടിഫിക്കേഷൻ. മധ്യത്തിലും വലത്തും: വലിയ ബ്രാൻഡുകൾ വില്‍ക്കുന്ന സാങ്കൽപ്പിക തോട എംബ്രോയ്ഡറി ഉത്പന്നങ്ങൾ

അതേസമയം, ബൗദ്ധിക സ്വത്തവകാശം, പേറ്റന്റുകൾ, പകർപ്പവകാശം എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധയും, തോട എംബ്രോയ്ഡറി ജിഐക്ക് വേണ്ടി കീസ്റ്റോൺ ഫൗണ്ടേഷൻ നിയോഗിച്ച ബെംഗളൂരു ആസ്ഥാനമായ അഭിഭാഷകയുമായ സഹേദ മുല്ല പറയുന്നത്, "ഇതില്‍ നിയമപ്രശ്നമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. തോട എംബ്രോയ്ഡറിയിൽ, 'നിർമ്മാണ രീതി' എന്നത് കൈകൊണ്ട് മാത്രം ചെയ്യുന്ന എംബ്രോയ്ഡറിയെ സൂചിപ്പിക്കുന്നു, ഈ എംബ്രോയ്ഡറി യന്ത്രം ഉപയോഗിച്ചാണ് ചെയ്യുന്നതെങ്കിൽ, അതിനെ ‘തോട എംബ്രോയ്ഡറി’ എന്ന് വിളിക്കുന്നത് തെറ്റാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, 'തോട എംബ്രോയ്ഡറി' എന്ന പേരിൽ മെഷീൻ എംബ്രോയ്ഡറി ഉത്പന്നങ്ങൾ വിൽക്കുന്നത് നിയമലംഘനമാണ്. രജിസ്ട്രേഷൻ പ്രക്രിയയുടെ ഭാഗമായി, ചില പ്രത്യേക ഡിസൈനുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.”

“ഉപഭോക്താക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും നിങ്ങൾക്ക് മസിൽ പവർ ആവശ്യമാണ്. വ്യാജ ഉത്പന്നങ്ങൾമൂലം ദുരിതമനുഭവിക്കുന്ന ജി.ഐ ഉടമകളും (ജി.ഐ സർട്ടിഫിക്കറ്റിൽ 'അംഗീകൃത ഉപയോക്താക്കൾ' എന്ന് വിളിക്കപ്പെടുന്നുവർ) യഥാർത്ഥ നിർമ്മാതാക്കളും ഒരുമിച്ച്, വ്യാജ വിൽപനക്കാര്‍ക്കെതിരെ, അധികാരപരിധിയിലുള്ള ഹൈക്കോടതിയിൽ നിയമലംഘന കേസ്കൊടുത്ത്, ഈ പ്രശ്നത്തിന് പരിഹാരം കാണണം”.

ഈ സ്റ്റോറിയിൽ പരാമർശിച്ചിരിക്കുന്ന ‘തോട എംബ്രോയ്ഡറി‘ എന്ന് വിളിക്കപ്പെടുന്ന രണ്ട് ബ്രാൻഡുകൾ വിപണനം ചെയ്യുന്നത് റിലയൻസ് ട്രെൻഡ്സിന്റെ സിയാഹിയും Tjori.com(ജോറി)-ഉം ആണ്. അവരുടെ സൈറ്റുകളിൽ നൽകിയിരിക്കുന്ന ഉത്പന്നത്തെക്കുറിച്ചും അതിന്റെ വിശദാംശങ്ങളെക്കുറിച്ചും വ്യക്തത തേടി ആവർത്തിച്ച് ഇ-മെയിലുകൾ അയച്ചിട്ടും, ജോറി വിഷയത്തിൽ പ്രതികരിച്ചില്ല.

ഈ റിപ്പോർട്ടർ അയച്ച ഒരു ഇമെയിലിന് [email protected] നൽകിയ മറുപടി ഇതായിരുന്നു: പരമ്പരാഗത ഇന്ത്യൻ കരകൗശലവസ്തുക്കളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ബ്രാൻഡാണ് സിയാഹി. കരകൗശലവിദഗ്ധർ നിർമ്മിക്കുന്ന യഥാർത്ഥ ഉ ത്പ ന്നങ്ങ ളല്ല ഞങ്ങൾ നിർമിക്കുന്നത് . എംബ്രോയ്ഡറികൾ എല്ലാം യന്ത്രങ്ങളിൽ ചെയ്തതാണ്. എംബ്രോയ്ഡറികളെല്ലാം ഫാക്ടറികളിലെ കമ്പ്യൂട്ടർ എംബ്രോയ്ഡറി മെഷീനുകളിലാണ് ചെയ്യുന്നത്. തോട ഷാളുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്.

എന്നാല്‍, ഈ മറുപടിയോട് വാസമല്ലി യോജിക്കുന്നില്ല. “ഞങ്ങളുടെ ഡിസൈനുകൾ പകർത്തുന്നതും ഞങ്ങളുടെ പേരുപയോഗിക്കുന്നതും ശരിയല്ല,” അവര്‍ പറയുന്നു.

പരിഭാഷ: സിദ്ധിഖ് കാപ്പൻ

Priti David

پریتی ڈیوڈ، پاری کی ایگزیکٹو ایڈیٹر ہیں۔ وہ جنگلات، آدیواسیوں اور معاش جیسے موضوعات پر لکھتی ہیں۔ پریتی، پاری کے ’ایجوکیشن‘ والے حصہ کی سربراہ بھی ہیں اور دیہی علاقوں کے مسائل کو کلاس روم اور نصاب تک پہنچانے کے لیے اسکولوں اور کالجوں کے ساتھ مل کر کام کرتی ہیں۔

کے ذریعہ دیگر اسٹوریز Priti David
Editor : Sharmila Joshi

شرمیلا جوشی پیپلز آرکائیو آف رورل انڈیا کی سابق ایڈیٹوریل چیف ہیں، ساتھ ہی وہ ایک قلم کار، محقق اور عارضی ٹیچر بھی ہیں۔

کے ذریعہ دیگر اسٹوریز شرمیلا جوشی
Translator : Sidhique Kappan

Sidhique Kappan is a Delhi based Keralaite journalist. He writes on Adivasis, Dalits and women issues. He is a regular contributor to Encyclopedia and Wikipedia.

کے ذریعہ دیگر اسٹوریز Sidhique Kappan