“മുളക്, വെളുത്തുള്ളി, ഇഞ്ചി...പടവലങ്ങയുടെ ഇലകൾ, കയ്പ്പക്ക..ശർക്കര”

ഈ ഇഞ്ചിയും, വെളുത്തുള്ളിയും, കയ്പ്പയ്ക്കയുമൊക്കെ ഭക്ഷണത്തിനുള്ള ചേരുവയല്ല. മറിച്ച്, ഗുലാബ്‌റാണി സ്വയം നിർമ്മിക്കുന്ന വളവും കീടനാശിനിയുമാണ്. പന്ന ടൈഗർ റിസർവിന്റെ അറ്റത്തുള്ള ചുങ്കുണ ഗ്രാമത്തിലാണ് അവരിതൊക്കെ വാറ്റുന്നത്.

ആദ്യമായി ഈ പട്ടിക കേട്ടപ്പോൾ തന്റെ മനസ്സിൽ വന്ന സംശയങ്ങളോർത്ത് ഇന്ന് 53 വയസ്സായ അവർ ഉറക്കെ പൊട്ടിച്ചിരിക്കുന്നു. “ഞാൻ ആലോചിച്ചു, എവിടെനിന്ന് കിട്ടാനാണിതൊക്കെ? എന്നാൽ കാട്ടിൽ പടവലങ്ങയൊക്കെയുണ്ടായിരുന്നു,” അവർ സൂചിപ്പിച്ചു. ശർക്കരപോലുള്ള മറ്റ് ചേരുവകളൊക്കെ ചന്തയിൽനിന്ന് വാങ്ങേണ്ടിയിരുന്നു അവർക്ക്.

ഇവരെന്താണ് ഈ വാറ്റുന്നതെന്ന് അറിയാത്തതിനാൽ, സംശയാലുക്കളായ അയൽക്കാരൊന്നും അവരെ സഹായിക്കാൻ വന്നില്ല. എന്നാൽ മറ്റുള്ളവർ എന്ത് കരുതുമെന്നത് ഒരുകാലത്തും ഗുലാബ്‌റാണിയെ അലട്ടിയിരുന്നില്ല. ഏകദേശം 500-ഓളം ആളുകൾ താമസിക്കുന്ന ഗ്രാമത്തിൽ, ജൈവകൃഷിയിലേക്ക് ആദ്യമായി ചുവട് മാറിയത് അവരായിരുന്നുവെന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

“ചന്തയിൽനിന്ന് നമ്മൾ വാങ്ങുന്ന ഭക്ഷണസാധനങ്ങളിൽ മരുന്നുകളും, മറ്റ് രാസപദാർത്ഥങ്ങളുമുണ്ട്. അപ്പോൾ ഞങ്ങളാലോചിച്ചു, എന്തിന് അതൊക്കെ കഴിക്കണം,” നാലുവർഷം മുമ്പ് വീട്ടിൽ നടന്ന സംഭാഷണങ്ങൾ അവർ ഓർത്തെടുത്തു.

“ജൈവകൃഷിയിലേക്ക് തിരിയുന്നത് നല്ലൊരു ആശയമാണെന്ന് എന്റെ കുടുംബത്തിന് തോന്നി. ജൈവികമായത് കഴിച്ചാൽ, ഞങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുമെന്ന് ഞങ്ങൾക്ക് തോന്നി. ജൈവ വളം ഉപയോഗിച്ചാൽ, കീടങ്ങളുടെ ആരോഗ്യം തകരും, നമ്മുടേത് മെച്ചപ്പെടും,” സ്വന്തം ഫലിതം രസിച്ചുകൊണ്ട് അവർ പറയുന്നു.

PHOTO • Priti David
PHOTO • Priti David

ഇടത്ത്: പന്ന ജില്ലയിലെ ചുങ്കുണ ഗ്രാമത്തിലെ വീട്ടിലെ കലവറയുടെ പുറത്ത് നിൽക്കുന്ന ഗുലാബ്‌റാണി. വലത്ത്: കയ്പ്പക്ക ഇല, ഗോമൂത്രം തുടങ്ങിയവയുപയോഗിച്ചുണ്ടാക്കിയ ജൈവവളം നിറച്ച പാത്രവുമായി, ഭർത്താവ് ഉജിയൻ സിംഗിനോടൊപ്പം

PHOTO • Priti David
PHOTO • Priti David

ജൈവകൃഷിയിലേക്ക് തിരിയുന്നത് നല്ലൊരു ആശയമാണെന്ന് എന്റെ കുടുംബത്തിന് തോന്നി. ജൈവികമായത് കഴിച്ചാൽ, ഞങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുമെന്നും തോന്നി,’ ഗുലാബ്‌റാണി പറയുന്നു

തങ്ങളുടെ 2.5 ഏക്കർ ഭൂമിയിൽ ഇക്കൊല്ലം ചെയ്യുന്ന മൂന്നാമത്തെ ജൈവകൃഷിയിൽ, അവരും ഭർത്താവ് ഉജിയൻ സിംഗും ചേർന്ന്, നെല്ല്, ചോളം, പയർ, എള്ള് തുടങ്ങിയ ഖാരിഫ് വിളകളും, ഗോതമ്പ്, കടുക്, വെള്ളക്കടല എന്നീ റാബി വിളകളും കൃഷി ചെയ്യുന്നു. വർഷം മുഴുവൻ, തക്കാളി, വഴുതനങ്ങ, മുളക്, കാരറ്റ്, റാഡിഷ്, ബീറ്റ്‌റൂട്ട്, വെണ്ടയ്ക്ക, ഇലവർഗ്ഗങ്ങൾ, ബീൻസ്, പടവലം തുടങ്ങിയ പച്ചക്കറികളും അവരുണ്ടാക്കുന്നുണ്ട്. “ചന്തയിൽനിന്ന് ഒന്നും വാങ്ങേണ്ടതില്ല,” സന്തോഷത്തോടെ അവർ പറയുന്നു.

കിഴക്കൻ മധ്യ പ്രദേശിലെ പന്ന കടുവസങ്കേതത്തിന്റെ അറ്റത്താണ് ചുങ്കുണ ഗ്രാമം. രാജ്ഗോണ്ട് ആദിവാസിവിഭാഗത്തിൽ‌പ്പെട്ടവരാണ് ഭൂരിപക്ഷം കുടുംബങ്ങളും. അവരവരുടെ ചെറിയ കൃഷിയിടങ്ങളിൽ മഴയേയും സമീപത്തുള്ള കനാലിനേയും ആശ്രയിച്ച് കൃഷി ചെയ്യുന്നവരാണ് അവർ. പലരും കാലാനുസൃതമായ തൊഴിലുകൾ തേടി കാട്നിപോലുള്ള സമീപത്തെ പട്ടണങ്ങളിലേക്കും വടക്കുഭാഗത്തുള്ള ഉത്തർ പ്രദേശിലേക്കും കുടിയേറ്റം നടത്താറുണ്ട്.

“തുടക്കത്തിൽ ഞങ്ങൾ രണ്ടോ മൂന്നോ കർഷകരേ ഉണ്ടായിരുന്നുള്ളു, ഇത് ചെയ്യാൻ ആരംഭിച്ചവർ. പിന്നെ 8-9 പേർ ചേർന്നു,” ഗുലാബ്‌റാണി പറയുന്നു. തങ്ങളുടെ സമുദായാംഗങ്ങൾ കൃഷി ചെയ്യുന്ന 200 ഏക്കർ കൃഷിസ്ഥലങ്ങളിൽ ഇപ്പോൾ ജൈവകൃഷിയാണെന്ന് അവർ കണക്കാക്കുന്നു.

ശരദ് യാദവ് എന്ന സാമൂഹികപ്രവർത്തകൻ പറയുന്നു, ചുങ്കുണയിൽനിന്ന് ആളുകൾ കുടിയേറിപ്പോവുന്നത് കുറഞ്ഞിരിക്കുന്നു. ഇപ്പോൾ, വനോത്പന്നങ്ങളിൽ, വിറകിനുവേണ്ടി മാത്രമാണ് വനത്തെ ആശ്രയിക്കുന്നത്.” സ്വയം ഒരു കൃഷിക്കാരനായ ശരദ്, പീപ്പിൾസ് സയൻസ് ഇൻസ്റ്റിട്യൂറ്റിന്റെ (പി.എസ്.ഐ.) ക്ലസ്റ്റർ കോ‍ഓർഡിനേറ്ററുമാണ്.

ഗുലാബ്‌റാണിയുടെ തുറന്ന സമീപനവും, ചോദ്യം ചെയ്യാനുള്ള മനസ്ഥിതിയും അവരെ സമൂഹത്തിലെ സ്വാധീനശക്തിയാക്കുന്നു എന്ന് പി.എസ്.ഐ. സ്റ്റാഫ് പറയുന്നു. പി.എസ്.ഐ. നിർദ്ദേശിച്ച രീതി ഉപയോഗിച്ച് ആദ്യമായി ചോളത്തിന്റെ കൃഷി തുടങ്ങിവെച്ചത് അവരായിരുന്നു. നന്നായി നടക്കുകയും ചെയ്തു അത്. മറ്റുള്ളവർക്കും അത് പ്രോത്സാഹനമായി.

PHOTO • Priti David
PHOTO • Priti David

ഇടത്ത്: ജൈവവളവും ജൈവകീടനാശിനിയും ഉപയോഗിച്ച് കൃഷി ചെയ്യുന്ന 2.5 ഏക്കർ പാടത്ത് ഗുലാബ്‌റാണി. വലത്ത്: ഭക്ഷണാവശ്യത്തിനുള്ളതെല്ലാം കുടുംബം കൃഷിസ്ഥലത്തുണ്ടാക്കുന്നു

*****

“ഞങ്ങൾ മാസം‌തോറും 5,000 രൂപ വളത്തിനും കീടനാശിനിക്കും ചിലവഴിച്ചിരുന്നു – യൂറിയയ്ക്കും ഡി.എ.പി.യ്ക്കും,” ഉജിയാൻ സിംഗ് പറയുന്നു. രാസവളങ്ങളെ (നാടൻ ഭാഷയിൽ പറഞ്ഞാൽ ചിഡ്ക ഖേതി) – തളിച്ച് കൃഷി ചെയ്യൽ) മാത്രം ആശ്രയിച്ചായിരുന്നു അവരുടെ കൃഷി, എന്ന് ശരദ് പറയുന്നു.

“ഇന്ന് ഞങ്ങൾക്ക് സ്വന്തം മഡ്ക ഖാഡ് (കളിമൺപാത്ര വളം) ഉണ്ട്,” വീടിന്റെ പിൻ‌വശത്ത് കിടക്കുന്ന വലിയ കളിമൺപാത്രം ചൂണ്ടിക്കാട്ടി അവർ പറയുന്നു. “വീട്ടുപണിക്കിടെ സമയം കണ്ടെത്തണം,” അവർ പറയുന്നു. കൃഷിയിടത്തിന് പുറമേ, കുടുംബത്തിന് 10 കന്നുകാലികളുമുണ്ട്. അവർ പാലൊന്നും വിൽക്കുന്നില്ല. രണ്ട് പെണ്മക്കളും, വിവാഹിതനായ മകനും അടങ്ങുന്ന ആ ചെറിയ കുടുംബം, ആ പാൽ സ്വന്തമാവശ്യത്തിന് ഉപയോഗിക്കുന്നു.

കയ്പ്പക്ക, പടവലങ്ങ, വേപ്പില എന്നിവയോടൊപ്പം, മുളക്, ഇഞ്ചി, ഗോമൂത്രം എന്നിവ വേണം. “ഒരു മണിക്കൂർ തിളപ്പിക്കണം. പിന്നെ രണ്ടര-മൂന്ന് ദിവസം അത് സൂക്ഷിക്കും. പക്ഷേ ആവശ്യമുള്ള സമയംവരെ അത് മൺപാത്രത്തിൽ സൂക്ഷിക്കാം. “ചിലർ 15 ദിവസംവരെ വെക്കാറുണ്ട്. അപ്പോഴേക്കും നന്നായി നുരഞ്ഞിട്ടുണ്ടാവും,” ആ ജൈവകർഷക പറയുന്നു.

ഒരുസമയം അഞ്ചുമുതൽ 10 ലിറ്റർവരെ അവരുണ്ടാക്കാറുണ്ട്. “ഒരേക്കറിന് ഒരു ലിറ്റർ ധാരാളമാണ്. 10 ലിറ്റർ വെള്ളത്തിൽ അത് നേർപ്പിക്കണം. കൂടുതൽ ഉപയോഗിച്ചാൽ, അത് പൂക്കളെ കൊന്ന്, കൃഷിയെ നശിപ്പിക്കും,” അവർ പറയുന്നു. ആദ്യമൊക്കെ അയൽക്കാർ വന്ന്, പരീക്ഷിച്ചുനോക്കാൻ ഒരു കുപ്പി വാങ്ങിക്കൊണ്ട് പോകാറുണ്ടായിരുന്നു.

PHOTO • Priti David
PHOTO • Priti David

ഇടത്ത്: പേരക്കുട്ടി അനാമികയുമായി ഗുലാബ്‌റാണി തന്റെ അടുക്കളയിൽ. വലത്ത്: ഉജിയൻ സിംഗും, പമ്പ് പ്രവർത്തിപ്പിക്കാനുള്ള സൌരോർജ്ജ പാനലുകളും ദൂരെ കാണാം

PHOTO • Priti David
PHOTO • Priti David

ഇടത്ത്: കൃഷിയുപകരണങ്ങൾ വായ്പയായി കൊടുക്കുന്ന ടെക്നോളജി റിസോഴ്സ് സെന്റർ (ടി.ആർ.സി.) നോക്കിനടത്തുന്നത് രജീന്ദർ സിംഗാണ്. വലത്ത്: സിഹവാൻ ഗ്രാമത്തിലെ ഒരു പാടത്ത്, നാല് വ്യത്യസ്ത നെല്ലിനങ്ങൾ അടുത്തടുത്ത് കൃഷി ചെയ്യുന്നു

“വർഷം മുഴുവൻ ഭക്ഷിക്കാനുള്ളത് ഞങ്ങൾക്ക് കിട്ടുന്നുണ്ട്. വർഷത്തിൽ 15,000 രൂപയുടെ ഉത്പന്നങ്ങൾ വിൽക്കാനും സാധിക്കുന്നു,” ഉജിയാൻ സിംഗ് പറയുന്നു. മധ്യേന്ത്യയിലെ പല കർഷകരേയും‌പോലെ, ഇവരും, വിളകൾ നശിപ്പിക്കുന്ന മൃഗങ്ങളുടെ ശല്യം അനുഭവിക്കുന്നു. “സർക്കാർ പുതിയ നിയമം കൊണ്ടുവന്നിട്ടുള്ളതിനാൽ, ഞങ്ങൾക്ക് അവയെ പിടിക്കാനോ കൊല്ലാനോ ആവില്ല. നീൽഗായികൾ ഗോതമ്പും ചോളവും തിന്നും. വിളവ് മുഴുവൻ നശിപ്പിക്കും,” അവർ പാരിയോട് പറയുന്നു. കാട്ടുപന്നികളെ കൊല്ലുന്നത്, 1972-ലെ വന്യജീവി സംരക്ഷണനിയമം മൂലം നിരോധിക്കപ്പെട്ടിരിക്കുന്നു.

അടുത്തുള്ള കനാലിൽനിന്ന് വെള്ളം കൊണ്ടുവരാൻ ഒരു സൌരോർജ്ജ പമ്പ് ഉപയോഗിക്കുന്നുണ്ട്. വർഷത്തിൽ മൂന്ന് വിളകൾ വിതയ്ക്കാൻ പല കർഷകർക്കും സാധിക്കുന്നുവെന്ന് ഉജിയാൻ സിംഗ് പറയുന്നു, പാടത്തിന്റെ അറ്റത്തുള്ള സൌരോർജ പാനൽ ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു.

ബിൽ‌പുര പഞ്ചായത്തിന്റെ ചുറ്റുവട്ടത്തുള്ള 40 ഗ്രാമങ്ങളെ സേവിക്കാനായി, പീപ്പിൾസ് സയൻസ് ഇൻസ്റ്റിട്യൂറ്റ് (പി.എസ്.ഐ) ഒരു ടെക്നോളജി സേവ കേന്ദ്ര (ടി.ആർ.സി.) സ്ഥാപിച്ചിട്ടുണ്ട്. “ടി.ആർ.സി.യിൽ അവർ 15 ഇനം നെല്ലും, 11 ഇനം ഗോതമ്പും ശേഖരിച്ചിട്ടുണ്ട്. പരമ്പരാഗത വിത്തുകളാണ് അവയൊക്കെ. മഴക്കുറവിലും, അതിശൈത്യത്തിലും ജീവിക്കാൻ കഴിവുള്ള, വളരെ ചെറിയ തോതിൽ മാത്രം കളകളും കീടങ്ങളുമുള്ള ഇനങ്ങളാണവ,” ടി.ആർ.സി. നോക്കിനടത്തുന്ന രജീന്ദർ സിംഗ് പറയുന്നു.

PHOTO • Priti David
PHOTO • Priti David

ടെക്നോളജി സേവാ കേന്ദ്രത്തിൽ സൂക്ഷിച്ചിട്ടുള്ള നെൽ‌വിത്തിന്റേയും (ഇടത്ത്) പരിപ്പിന്റേയും (വലത്ത്) പരമ്പരാഗത ഇനങ്ങൾ ബിൽ‌പുര പഞ്ചായത്തിലെ ചുങ്കുണയടക്കമുള്ള 40 ഗ്രാമങ്ങൾക്ക് ലഭ്യമാണ്

PHOTO • Priti David
PHOTO • Priti David

ചുങ്കുണയിലെ സ്ത്രീകൾ കുളിക്കാൻ പുഴയിലേക്ക് പോവുന്നു. അതേ ദിവസം നടക്കുന്ന ഹൽച്ചത് പൂജയ്ക്ക് തയ്യാറെടുക്കുകയാണവർ.

“ഞങ്ങൾ കർഷക അംഗങ്ങൾക്ക് രണ്ട് കിലോഗ്രാം വിത്ത് നൽകുന്നു. വിളവെടുക്കുമ്പോൾ, അതിന്റെ ഇരട്ടി അവർ തിരിച്ചുതരണം,” അയാൾ കൂട്ടിച്ചേർക്കുന്നു. കുറച്ച് ദൂരെയായി ഒരേക്കർ നെൽ‌പ്പാടം അയാൾ കാണിച്ചുതന്നു. നാല് വ്യത്യസ്തയിനം നെല്ലിനങ്ങൾ അടുത്തടുത്തായി കൃഷി ചെയ്യുന്നുണ്ട് അതിൽ. അവയുടെ വിളവെടുപ്പ് സമയവും അദ്ദേഹം പറഞ്ഞുതന്നു.

അടുത്ത പടിയായി, മേഖലയിലെ കർഷകർ, പച്ചക്കറികൾ വിൽക്കാനായി ഒരു കൂട്ടായ്മ തുടങ്ങാൻ ആലോചിക്കുന്നുണ്ട്. ജൈവകൃഷിക്ക് കിട്ടുന്ന പ്രാധാന്യം മൂലം, അവയ്ക്ക് നല്ല വില കിട്ടുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

ഞങ്ങൾ പോകാനൊരുങ്ങുമ്പോൾ ഗുലാബ്‌റാണിയും ഗ്രാമത്തിലെ മറ്റ് സ്ത്രീകളും കനാലിൽ കുളിക്കാൻ പോകാൻ തുടങ്ങി. നോമ്പ് മുറിക്കുന്നതിനുമുമ്പ് അവർക്ക് ഹൽചത് പൂജ നടത്തണം. കുട്ടികൾക്കുവേണ്ടി, ഹിന്ദു കലണ്ടറിന്റെ അഞ്ചാമത്തെ മാസം – ഭാദോൻ - നടത്തിവരുന്ന പൂജയാണത്. “ഞങ്ങൾ മോരിന്റെ കൂടെ മഹുവ തിളപ്പിച്ച് അത് കഴിക്കും. നോമ്പ് മുറിക്കുന്നതിനുമുൻപ്,” ഗുലാബ്‌റാണി പറയുന്നു. വീട്ടിലുണ്ടാക്കിയ ജൈവ കടല പൊരിച്ച് അതും അവർ കഴിക്കുക പതിവാണ്.

പരിഭാഷ: രാജീവ് ചേലനാട്ട്

Priti David

پریتی ڈیوڈ، پاری کی ایگزیکٹو ایڈیٹر ہیں۔ وہ جنگلات، آدیواسیوں اور معاش جیسے موضوعات پر لکھتی ہیں۔ پریتی، پاری کے ’ایجوکیشن‘ والے حصہ کی سربراہ بھی ہیں اور دیہی علاقوں کے مسائل کو کلاس روم اور نصاب تک پہنچانے کے لیے اسکولوں اور کالجوں کے ساتھ مل کر کام کرتی ہیں۔

کے ذریعہ دیگر اسٹوریز Priti David
Editor : Sarbajaya Bhattacharya

سربجیہ بھٹاچاریہ، پاری کی سینئر اسسٹنٹ ایڈیٹر ہیں۔ وہ ایک تجربہ کار بنگالی مترجم ہیں۔ وہ کولکاتا میں رہتی ہیں اور شہر کی تاریخ اور سیاحتی ادب میں دلچسپی رکھتی ہیں۔

کے ذریعہ دیگر اسٹوریز Sarbajaya Bhattacharya
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat