രൂപേഷ് മൊഹാര്‍കര്‍ ഇരുപതുകളിലുള്ള തന്‍റെ സ്ത്രീ-പുരുഷ സംഘത്തെ ചിലകാര്യങ്ങള്‍ ധരിപ്പിക്കാനായി പെട്ടെന്ന് വിളിച്ചുകൂട്ടി.
“ശ്രദ്ധിച്ചു നില്‍ക്കൂ”, തന്നെ ശ്രദ്ധയോടെ ശ്രവിക്കുന്ന ചെറുപ്പക്കാരോടായി ആ 31-കാരന്‍ ഉച്ചത്തില്‍ പറഞ്ഞു. “ആലസ്യത്തിനിവിടെ സ്ഥാനമില്ല!” ഇപ്പോഴെന്നല്ല, ഒരിക്കലും, അദ്ദേഹം അവരെ ഓര്‍മ്മിപ്പിച്ചു.
ദൃഢനിശ്ചയത്തോടെ തലയാട്ടിക്കൊണ്ട്, സഗൗരവം, ആ സംഘം വിജയാഹ്ളാദം മുഴക്കി. എല്ലാവരും ഊര്‍ജ്ജസ്വലരായി. ഒരു മാസത്തോളമായി ചെയ്തുകൊണ്ടിരുന്ന കായിക പരിശീലനത്തിന്‍റെ ഭാഗമായി ഓടാനും വ്യായാമങ്ങള്‍ക്കുമായി അവര്‍ തിരികെപ്പോയി.
ഏപ്രില്‍ മാസം, രാവിലെ 6 മണി. നഗരത്തിലെ ഒരേയൊരു മൈതാനമായ ഭണ്ഡാരയിലെ ശിവാജി സ്റ്റേഡിയം ഊര്‍ജ്ജ്വസ്വലരായ, കഠിനപ്രയ്തനം ചെയ്യുന്ന, യുവജനങ്ങളെക്കൊണ്ട് നിറഞ്ഞു. 100 മീറ്റര്‍ ഓട്ടം, 1,600 മീറ്റര്‍ ഓട്ടം, ഷോട്ട്പുട്ട് പരിശീലനം, കരുത്ത് നേടുന്നതിനുള്ള മറ്റ് പരിശീലനങ്ങള്‍ എന്നിവയിലൊക്കെ ഏര്‍പ്പെടുന്നവരാണവര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായ മൂന്നാംതവണയും ജനവിധിതേടുന്ന പൊതുതിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്നു എന്നത് അവരുടെ മനസ്സിലെ അവസാനകാര്യമാണ്. ഭണ്ഡാര-ഗൊന്ധിയ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ 2024-ലെ ഇന്ത്യന്‍ പൊതുതെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഏപ്രില്‍ 19-ന് വോട്ടെടുപ്പ് നടക്കാന്‍ പോവുകയാണ്. കഠിനാദ്ധ്വാനവും ബുദ്ധിമുട്ടുകളും നിറഞ്ഞ സുദീര്‍ഘമായ തിരഞ്ഞെടുപ്പ് കാലയളവിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പാണിത്.
തിരഞ്ഞെടുപ്പ് യുദ്ധങ്ങളില്‍നിന്നും മാറിനിന്നുകൊണ്ട് ഈ യുവതീ-യുവാക്കള്‍ വരാന്‍പോകുന്ന സംസ്ഥാന പോലീസ് റിക്രൂട്ട്മെന്‍റ് പരിപാടിയിൽ ശ്രദ്ധയൂന്നിയിരിക്കുന്നു. ഏപ്രിൽ 15-നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. പോലീസ് കോൺസ്റ്റബിൾമാർ, കോൺസ്റ്റബിൾ ഡ്രൈവർമാർ, സംസ്ഥാന റിസർവ് പോലീസ് സേന, പോലീസ് ബാൻഡ്സ്മെൻ, പ്രിസൺ കോൺസ്റ്റബിൾമാർ എന്നീ വിഭാഗങ്ങളിലേക്കുളള ഒഴിവുകൾ നികത്താന്‍ ഏതാനും മാസങ്ങൾക്കുള്ളിൽ കായികക്ഷമത പരീക്ഷയും എഴുത്തു പരീക്ഷയും ചേർന്ന പരീക്ഷ നടക്കും.
അന്താരാഷ്ട്രാ തൊഴിൽ സംഘടനയും (ILO) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്മെന്‍റും ഈയിടെ പുറത്തുവിട്ട ഇന്ത്യ അൺ എംപ്ലോയ്മെന്‍റ് റിപ്പോർട്ട്, 2024 പ്രകാരം ഇന്ത്യയിലെ തൊഴിൽരഹിത തൊഴിൽശക്തിയുടെ (unemployed workforce) 83 ശതമാനം യുവജനങ്ങളാണ്. അതിൽത്തന്നെ സെക്കൻഡറി വിദ്യാഭ്യാസമോ അതിലുയർന്ന വിദ്യാഭ്യാസമോ നേടിയവരുടെ എണ്ണം 2000-ൽ 54.2 ശതമാനം ആയിരുന്നപ്പോൾ, 2022-ൽ അത് 65.7 ശതമാനമായി ഉയർന്നു.
രാജ്യത്തെ ഗ്രാമീണ യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മയ്ക്കും വര്‍ദ്ധിത ഉത്കണ്ഠകൾക്കും മുഖമുണ്ടായിരുന്നെങ്കിൽ അത് ഇപ്പോഴഞ്ഞെ ജനനിബിഢമായ ശിവാജി സ്റ്റേഡിയം പോലെ തോന്നിക്കുമായിരുന്നു. അവിടെയെല്ലാവരും പരസ്പരം മത്സരിക്കുകയാണ്, പക്ഷെ കുറച്ചുപേർ മാത്രമെ കടന്നുകൂടുകയുള്ളൂ. ബുദ്ധിമുട്ട് നിറഞ്ഞൊരവസ്ഥയാണിത്. കുറച്ചൊഴിവുകൾക്കായി ലക്ഷക്കണക്കിനാളുകളാണ് മത്സരിക്കുന്നത്.
നെൽകൃഷി നടക്കുന്ന ഭണ്ഡാരയും ഗൊന്ധിയയും വനനിബിഢമായ, ഉയർന്ന വർഷപാതമുള്ള ജില്ലകളാണ്. പക്ഷെ, ചെറുതല്ലാത്ത പട്ടികജാതി പട്ടികവർഗ്ഗ ജനതയെ ഉൾക്കൊള്ളാന്‍ പറ്റുന്ന എടുത്തുപറയാവുന്ന ഒരു വ്യവസായവും അവിടില്ല. ഈ ജില്ലകളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്കായി ചെറുകിട, പാർശ്വവത്കൃത, ഭൂരഹിത കർഷകരുടെ വൻകുടിയേറ്റത്തിനാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾ സാക്ഷ്യം വഹിച്ചത്.
ജില്ല തിരിച്ചുള്ള ക്വാട്ടകളിലെ 17,130 തസ്തികകൾ നികത്തുന്നതിനാണ് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് റിക്രൂട്ട്മെന്‍റ് പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ഭണ്ഡാര പോലീസിൽ 60 ഒഴിവുകളാണുള്ളത്, അതിൽ 24 എണ്ണം സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഗൊന്ധിയയിൽ ഏതാണ്ട് 110 തസ്തികകൾ ഉണ്ട്.
അതിലൊരു തസ്തികയ്ക്കു വേണ്ടിയാണ് രൂപേഷ് മത്സരിക്കുന്നത്. ബാല്യത്തിൽ അച്ഛൻ മരിച്ചതിനു ശേഷം അമ്മയാണ് രൂപേഷിനെ വളർത്തിയത്. ഭണ്ഡാരയ്ക്കടുത്തുള്ള സോനൂലി ഗ്രാമത്തിൽ അദ്ദേഹത്തിന്‍റെ കുടുംബത്തിന് ഒരേക്കർ ഭൂമിയുണ്ട്. സേനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടാനും വര്‍ദി (യൂണിഫോം) ധരിക്കാനുമുള്ള അദ്ദേഹത്തിന്‍റെ അവസാന അവസരമാണിത്.
"എനിക്ക് ഒരു പ്ലാൻ ബി ഇല്ല."
തന്‍റെ സ്വപ്നം പിന്തുടരുന്നതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കിഴക്കൻ മഹാരാഷ്ട്രയിലെ ഈ ജില്ലയിലെ സ്ത്രീകളും പുരുഷന്മാരുമായ അമ്പതോളം ചെറുപ്പക്കാര്‍ക്ക് അദ്ദേഹം സന്നദ്ധസേവനമെന്ന നിലയില്‍ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.
തങ്ങള്‍ നടത്തിയ പോരാട്ടങ്ങള്‍ക്കു ചേരുന്ന വിധത്തിൽ 'സംഘർഷ്' എന്ന് പേരിട്ടിരിക്കുന്ന ഒരു അക്കാദമി രൂപേഷ് അനൗപചാരികമായി നടത്തുന്നുണ്ട്. ഭണ്ഡാര, ഗൊന്ധിയ ജില്ലകളിലെ സാധാരണ ഗ്രാമങ്ങളില്‍നിന്നുള്ളവരാണ് അദ്ദേഹത്തിന്‍റെ സംഘത്തില്‍പെട്ടവരെല്ലാം. ഒരു സ്ഥിരജോലി നേടാമെന്നും യൂണിഫോം തരപ്പെടുത്താമെന്നും കുടുംബത്തിന്‍റെ ബാധ്യതകള്‍ ലഘൂകരിക്കാമെന്നും പ്രതീക്ഷിക്കുന്ന അവര്‍ ചെറുകിടകര്‍ഷകരുടെ മക്കളാണ്. അവരെല്ലാവരും ഹയര്‍സെക്കന്‍ഡറി വിജയിച്ചവരാണ്, കുറച്ചുപേര്‍ ബിരുദം നേടിയവരും.
അവരില്‍ എത്രപേര്‍ പാടത്ത് പണിയെടുത്തിട്ടുണ്ട്? അവരെല്ലാവരും കൈകള്‍ ഉയര്‍ത്തും.
അവരില്‍ എത്രപേര്‍ ജോലിക്കായി മറ്റെവിടേക്കെങ്കിലും കുടിയേറിയിട്ടുണ്ട്? കുറച്ചുപേര്‍ നേരത്തെ പോയിട്ടുണ്ട്.
എം.ജി.എന്‍.ആര്‍.ഇ.ജി.എ. (മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്‍റ് ഗാരന്‍റി ആക്റ്റ്) പണിയിടങ്ങളില്‍ പണിയെടുത്തിട്ടുള്ളവരാണ് അവരില്‍ ഭൂരിപക്ഷവും.
ഇത് ഒരുസംഘത്തിന്‍റെ മാത്രം കാര്യമാണ്. സ്റ്റേഡിയം നിരവധി അനൗപചാരിക അക്കാദമി സംഘങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. പരീക്ഷ കടന്നുകൂടാനായി പരാജയപ്പെട്ട ശ്രമങ്ങള്‍ നടത്തിയ രൂപേഷിനെപ്പോലുള്ള വ്യക്തികള്‍ നയിക്കുന്നവയാണ് അവയില്‍ മിക്കതും.
ഇവിടെ ശാരീരിക പരിശീലനം നടത്തുന്നവരില്‍ നിരവധിപേര്‍ ആദ്യമായോ രണ്ടാംതവണയോ വോട്ട് ചെയ്യുന്നവരാണ്. അവരെല്ലാവരും രോഷാകുലരും, ഒപ്പം തങ്ങളുടെ തൊഴിലിനെക്കുറിച്ചും ഭാവിയെക്കുറിച്ചും അടക്കിപ്പിടിച്ച ഉത്കണ്ഠയുള്ളവരുമാണ്. മറ്റുമേഖലകളിലെ സുരക്ഷിത തൊഴില്‍, ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം, ഗ്രാമങ്ങളിലെ മെച്ചപ്പെട്ട ജീവിതം, തുല്യ അവസരം എന്നിവയൊക്കെ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് അവര്‍ പാരിയോടു പറഞ്ഞു. ജില്ലാ പോലീസ് ഒഴിവുകളിലേക്ക് പ്രദേശവാസികള്‍ക്ക് ക്വാട്ടായും അവര്‍ ആവശ്യപ്പെടുന്നു.
“മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ റിക്രൂട്ട്മെന്‍റ് നടക്കുന്നത്”, ഗുരുദീപ്സിംഗ് ബച്ചില്‍ പറഞ്ഞു. ജോലിയാഗ്രഹിക്കുന്ന 32-കാരനായ അദ്ദേഹം രൂപേഷിനെപ്പോലെ ഒരവസാന പരിശ്രമം നടത്തുന്നയാളാണ്. വിരമിച്ച ഒരു പോലീസുകാരന്‍റെ മകനായ രൂപേഷ് ഒരുദശകമായി പോലീസില്‍ ഒരുജോലി നേടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. “ഞാന്‍ കായികക്ഷമതാ പരീക്ഷകള്‍ കടന്നിട്ടുണ്ട്, പക്ഷെ എഴുത്തുപരീക്ഷയില്‍ കുടുങ്ങിപ്പോയി”, ഉദ്യോഗാര്‍ത്ഥികളെക്കൊണ്ടു നിറഞ്ഞ സ്റ്റേഡിയത്തിനു കുറുകെ നടക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.
മറ്റൊരു വിഷയം കൂടിയുണ്ട്: മഹാരാഷ്ട്രയുടെ കുറച്ചുകൂടി അഭിവൃദ്ധിയുള്ള ഭാഗങ്ങളില്‍നിന്നും, ഉദ്യോഗാര്‍ത്ഥികളെന്ന നിലയില്‍ മെച്ചപ്പെട്ട അവസ്ഥയുള്ള, നന്നായി തയ്യാറെടുപ്പ് നടത്തിയ, നിരവധിപേര്‍ ഭണ്ഡാര പോലെ അഭിവൃദ്ധി കുറഞ്ഞ പ്രദേശങ്ങളിലെ ഒഴിവുകള്‍ക്ക് അപേക്ഷിക്കുന്നുവെന്ന് മിക്ക ഉദ്യോഗാര്‍ത്ഥികളും വിലപിക്കുന്നു. ഇടതുപക്ഷ തീവ്രവാദ (Left-Wing-Extremism - LWE) ബാധിത ജില്ലകളിലൊന്നായ ഗഡ്ചിറോലി ഇതിനൊരപവാദമാണ്. പ്രദേശവാസികള്‍ക്കു മാത്രമെ അവിടെ പോലീസില്‍ ജോലിക്കപേക്ഷിക്കാനും തിരഞ്ഞെടുക്കപ്പെടാനും സാധിക്കൂ. രൂപേഷിനും മറ്റുള്ളവര്‍ക്കും പരീക്ഷ അതുകൊണ്ടുതന്നെ ബുദ്ധിമുട്ടാണ്.
അതുകൊണ്ട് അവരെല്ലാം പരിശീലിക്കുന്നു, കഠിനമായി പരിശീലിക്കുന്നു.
കുതിച്ചോടുന്ന നൂറുകണക്കിന് കാലുകള്‍മൂലം സ്റ്റേഡിയത്തിലെ അന്തരീക്ഷം ചുവന്ന പൊടിപടലങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. സാധാരണ ട്രാക്ക്സ്യൂട്ട് അല്ലെങ്കില്‍ പാന്‍റ് ധരിച്ച്, കാലുകളില്‍ ഷൂസ് അണിഞ്ഞവരോ അല്ലാത്തവരോ ആയ ഉദ്യോഗാര്‍ത്ഥികള്‍ ഓടിയെത്തുന്ന സമയം മെച്ചപ്പെടുത്താനായി ശ്രമിക്കുന്നു. ഒന്നിനും അവരുടെ ശ്രദ്ധ തിരിക്കാന്‍ കഴിയില്ല. തിരഞ്ഞെടുപ്പുകള്‍ അവരില്‍നിന്നും മാറിനില്‍ക്കുന്നു.
കശാപ്പുകാരുടെ ജാതിയിപ്പെട്ട ആളല്ലെങ്കിലും ഭണ്ഡാരയിലുള്ള തന്‍റെ ആന്‍റിയുടെ കടയില്‍ കശാപ്പുകാരനായി തൊഴിലെടുക്കുകയാണ് രൂപേഷ്. ഇത് തന്‍റെ ആന്‍റിയായ പ്രഭ ശെന്ദ്രെയുടെ കുടുംബത്തിന് അദ്ദേഹം നല്‍കുന്ന സംഭാവനയാണ്. നീളന്‍ മേല്‍ക്കുപ്പായമണിഞ്ഞ് പരിചയസമ്പന്നനെപ്പോലെ അദ്ദേഹം കോഴിയിറച്ചി നുറുക്കുകയും തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന ഉപഭോക്താക്കളെ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ഒരുദിവസം കാക്കി യൂണിഫോം ധരിക്കുന്നതും സ്വപ്നംകണ്ട് ഏഴ് വര്‍ഷമായി അദ്ദേഹം ഈ ജോലി ചെയ്യുന്നു.
മിക്ക ഉദ്യോഗാര്‍ത്ഥികള്‍ക്കും ദാരിദ്ര്യം മൂലം കഠിനമായ ജോലികളില്‍ ഏര്‍പ്പെടേണ്ടിവരുന്നു.
കഠിനമായ കായികപരിശീലനം താങ്ങുന്നതിനായി നല്ല ഭക്ഷണം - കോഴിയിറച്ചി, മുട്ട, ആട്ടിറച്ചി, പാല്‍, പഴങ്ങള്‍ എന്നിവയൊക്കെ - വേണമെന്ന് രൂപേഷ് പറയുന്നു… “ഞങ്ങളില്‍ മിക്കവര്‍ക്കും നല്ല ഭക്ഷണത്തിനുള്ള ചിലവ് താങ്ങാന്‍ കഴിയില്ല”, അദ്ദേഹം പറഞ്ഞു.
*****
ഏറ്റവും ദരിദ്രരായ ഗ്രാമീണ ചെറുപ്പക്കാര്‍ക്ക് വന്ന് താമസിച്ച് പോലീസ് റിക്രൂട്ട്മെന്‍റ് പരിശീലനം നടത്താന്‍ പറ്റുന്ന ഒരുതാവളം പോലെയാണ് ഭണ്ഡാര - എല്ലാത്തവണയും ഇതിനെക്കുറിച്ച് പരസ്യം ചെയ്യാറുണ്ട്.
ശിവാജി സ്റ്റേഡിയത്തില്‍ കോടിക്കണക്കിന് സ്വപ്‌നങ്ങള്‍ പരസ്പരം കലഹിക്കുന്നു. ദിവസങ്ങള്‍ പോകുന്തോറും ജില്ലയില്‍നിന്നും കൂടുതല്‍ ചെറുപ്പക്കാര്‍ മൈതാനത്തെത്തുന്നു. ഗൊന്ധിയയില്‍ ഗഡ്ചിറോലിയുമായി അതിര്‍ത്തി പങ്കിടുന്ന അര്‍ജുനി മോര്‍ഗാവ് തെഹ്സീലില്‍പെടുന്ന അരക്തൊണ്ടി ഗ്രാമത്തിലെ എം.ജി.എന്‍.ആര്‍.ഇ.ജി.എ. തൊഴിലിടത്ത് നമ്മള്‍ കണ്ടുമുട്ടിയ മേഘ മേശ്രാമിനെപ്പോലുള്ളവരാണവര്‍. ബിരുദധാരിണിയായ മേഘ മേശ്രാം (24) തന്‍റെ അമ്മ സരിതയ്ക്കും, കൂടാതെ ചെറുപ്പക്കാരും പ്രായമുള്ളവരുമായ, 300 ഇതര ഗ്രാമീണര്‍ക്കുമൊപ്പം റോഡ് പണി നടക്കുന്ന ഒരിടത്ത് മണലും പാറക്കല്ലുകളും ചുമക്കുകയാണ്. മേഘ ആഡെയുടെ (23) അവസ്ഥയും ഇതുതന്നെ. ആദ്യത്തെ പെണ്‍കുട്ടി ദളിത് (പട്ടികജാതി) വിഭാഗത്തിലും രണ്ടാമത്തെ പെണ്‍കുട്ടി ആദിവാസി (പട്ടികവര്‍ഗ്ഗം) വിഭാഗത്തിലും പെടുന്നു.
“രാവിലെയും വൈകുന്നേരവും ഗ്രാമങ്ങളില്‍ ഞങ്ങള്‍ പരിശീലനം നടത്തുന്നു”, ദൃഢസ്വരത്തില്‍ മേഘ മേശ്രാം ഞങ്ങളോടു പറഞ്ഞു. നിബിഢവനപ്രദേശത്താണ് അവര്‍ താമസിക്കുന്നത്. രക്ഷിതാക്കളെ സഹായിച്ചുകൊണ്ട് പകല്‍ അവര്‍ ദിവസക്കൂലിക്ക് പണിയെടുക്കുന്നു. ഭണ്ഡാരയിലെ അക്കാദമികളെക്കുറിച്ച് കേട്ടിട്ടുള്ള രണ്ട് മേഘമാരും മെയ്മാസത്തില്‍ അങ്ങോട്ട് പോകുന്നതിനെക്കുറിച്ചും പോലീസ് സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന നൂറുകണക്കിന് ആളുകളോടൊപ്പം ചേരുന്നതിനെക്കുറിച്ചും ചിന്തിക്കുന്നു. ചിലവുകള്‍ നേരിടുന്നതിനായി അവര്‍ കൂലിയില്‍നിന്നും മിച്ചം പിടിക്കുകയും ചെയ്യുന്നു.
ഒരിക്കലവിടെ എത്തിക്കഴിഞ്ഞാല്‍ അവര്‍ മുറികള്‍ വാടകയ്ക്കെടുത്ത് ഒരുമിച്ചു താമസിക്കുകയും ഭക്ഷണം പാചകം ചെയ്യുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യും. ആരെങ്കില്‍ പരീക്ഷയില്‍ വിജയിച്ചാല്‍ എല്ലാവരും ചേര്‍ന്ന് അത് ആഘോഷിക്കും. മറ്റുള്ളവര്‍ അടുത്ത റിക്രൂട്ട്മെന്‍റ് പ്രഖ്യാപിക്കുന്നതും പ്രതീക്ഷിച്ചുകൊണ്ട് അടുത്തപ്രഭാതത്തില്‍ തന്നെ ട്രാക്കിലേക്കിറങ്ങും.
ചെറിയ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്ക് പിന്നിലല്ല, ബുദ്ധിമുട്ടുകള്‍ അവര്‍ ഒരിക്കലും കാര്യമാക്കാറില്ല.
“ഭാരക്കുറവുമൂലം ഞാന്‍ തള്ളപ്പെട്ടു”, ചമ്മല്‍ ഒളിച്ചുവയ്ക്കാന്‍ പറ്റാത്തവിധത്തില്‍ ശങ്കകലര്‍ന്ന ചിരിയോടെ ഇരുപത്തൊന്നുകാരിയായ വൈശാലി മേശ്രാം പറഞ്ഞു. അത് തന്‍റെ നിയന്ത്രണത്തില്‍ വരുന്ന കാര്യമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് തന്‍റെ ഭാരം തടസ്സമാകാത്ത ‘ബാന്‍ഡ്സ്മെന്‍’ എന്ന മറ്റൊരു വിഭാഗത്തില്‍ അവര്‍ അപേക്ഷിച്ചു.
നഗരത്തില്‍ വൈശാലി താമസിക്കുന്ന മുറി അവര്‍ സഹോദരിയായ ഗായത്രിക്കും മറ്റൊരു ഗ്രാമത്തില്‍നിന്നുള്ള പോലീസ് ഉദ്യോഗാര്‍ത്ഥിയും ഇരുപത്തൊന്നുകാരിയുമായ മയൂരി ഘരാഡെക്കുമൊപ്പം പങ്കിടുന്നു. വൃത്തിയുള്ള മുറിയില്‍ അവര്‍ ഊഴമനുസരിച്ച് ഭക്ഷണം പാകംചെയ്യുന്നു. കുറഞ്ഞത് 3,000 രൂപ അവര്‍ക്ക് മാസം ചിലവാകും. പ്രധാനമായും പയറുവര്‍ഗ്ഗങ്ങളാണ് അവര്‍ മാംസ്യത്തിനായി കഴിക്കുന്നത്.
കുതിച്ചുയരുന്ന വില തങ്ങളുടെ ചിലവുകളെ ബാധിക്കുമെന്ന് വൈശാലി പറഞ്ഞു. “എല്ലാത്തിനും വലിയ ചിലവാണ്.”
അവരുടെ ദൈനംദിന പരിപാടികള്‍ തിരക്കുപിടിച്ചതാണ്. രാവിലെ 5 മണിക്ക് ഉണര്‍ന്ന് കായികപരിശീലനത്തിനായി സൈക്കിളില്‍ മൈതാനത്തേക്ക് പോകും. രാവിലെ 10 മണിമുതല്‍ ഉച്ചകഴിഞ്ഞ് 12.30 വരെ സമീപത്തുള്ള ലൈബ്രറിയിലിരുന്ന് പഠിക്കും. രൂപേഷ് ഇറച്ചിക്കടയിലെ തന്‍റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് ഇടയ്ക്കെത്തി പരിശീലനത്തിന്‍റെ ഭാഗമായി മോക്ക് പരീക്ഷകൾ നടത്തും. വയ്കുന്നേരം കായിക പരിശീലനങ്ങൾക്കായി അവർ മൈതാനത്ത് തിരിച്ചെത്തും. ഒരു പരീക്ഷയ്ക്കായി തയ്യാറെടുത്തുകൊണ്ടാണ് അവർ അന്നത്തെ ദിവസം അവസാനിപ്പിക്കുന്നത്.
രൂപേഷിനെയും വൈശാലിയെയും പോലുള്ളവർ കൃഷിപ്പണിയിൽ ഭാവിയൊന്നും കാണാതെ അതിൽനിന്നും പുറത്തുകടക്കാനാണ് യഥാർത്ഥത്തിൽ ശ്രമിക്കുന്നത്. തിരിച്ചൊന്നും കിട്ടാനില്ലാതെ തങ്ങളുടെ രക്ഷിതാക്കൾ പാടത്ത് കഠിനാദ്ധ്വാനം ചെയ്യുന്നത് അവരിൽ മിക്കവരും കാണുന്നതാണ്. അലഞ്ഞു തിരിയുന്ന തൊഴിലാളികളായി വളരെ ദൂരത്തേക്ക് കുടിയേറണമെന്നവർക്കില്ല.
പ്രായമാകുന്തോറും സ്ഥിരതയുള്ള ജോലി നേടാന്‍ പറ്റുമോയെന്ന കാര്യത്തിൽ അവർ നിരാശരായിത്തീരുന്നു. മാന്യതയുള്ള ഉപജീവനമാർഗ്ഗമാണ് അവരെ സംബന്ധിച്ചിടത്തോളം അത്. പക്ഷെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലികൾ കുറവാണ്. 2024-ലെ തിരഞ്ഞെടുപ്പിന് തുടക്കം കുറിക്കുമ്പോൾ നിലവിലെ ഭരണകൂടം തങ്ങളുടെ ഭാവിയെക്കുറിച്ച് ഒന്നും പറയാത്തതിൽ അവർ നിരാശരാണ്. 12-ാം ക്ലാസ്സ് വിജയിച്ച, എന്നാൽ അതിൽ കൂടുതൽ യോഗ്യതയില്ലാത്തവർക്ക് ഈ പോലീസ് റിക്രൂട്ട്മെന്‍റാണ് ഒരേയൊരവസരം.
വരുന്ന തിരഞ്ഞെടുപ്പുകളിൽ അവർ ആർക്ക് വോട്ട് ചെയ്യും?
ഒരു നീണ്ട നിശ്ശബ്ദതയാണ് ആ ചോദ്യത്തെത്തുടര്‍ന്നുണ്ടായത്. അത് പാഠ്യപദ്ധതിക്ക് പുറത്താണ്!
പരിഭാഷ: റെന്നിമോന്‍ കെ. സി.