അസമിസ് ഉത്സവമായ രംഗൊലി ബിഹുവിന്റെ ദിവസമടുക്കുമ്പോൾ ചവിട്ടുപലകയും തറിയും ഒരു കൈത്തറിയന്ത്രത്തിന്റെ മരംകൊണ്ടുള്ള ചട്ടക്കൂടിലടിക്കുന്ന ശബ്ദം കേൾക്കാം ചുറ്റുവട്ടത്ത്.
ഭെല്ലാപാരയുടെ സമീപത്തുള്ള ശാന്തമായ ഒരു ഇടവഴിയിൽ, പട്നീ ദെയൂരി എന്ന നെയ്ത്തുകാരി, അവരുടെ കൈത്തറിയന്ത്രത്തിൽ തിരക്കിട്ട് പണിയെടുക്കുകയാണ്. ബജ്രാഹർ ഗ്രാമത്തിലെ വീട്ടിൽ അവർ ഒരു എൻഡിഗാമുസാസ് നെയ്യുകയായിരുന്നു. ഏകദേശം ഏപ്രിലിൽ നടക്കാറുള്ള അസമിന്റെ പുതുവർഷ വിളവെടുപ്പുത്സവത്തിനകം ആ വസ്ത്രം തയ്യാറാക്കേണ്ടതുണ്ട് അവർക്ക്.
എന്നാലിത് വെറും ഗാമുസാസല്ല. വളരെ സങ്കീർണ്ണമായ ചിത്രപ്പണികൾ നെയ്യുന്നതിന് പ്രശസ്തയാണ് ഈ 58-കാരി. “ബിഹുവിന് മുമ്പ് 30 ഗമുസകൾ തയ്യാറാക്കാനുള്ള ഓർഡർ കിട്ടിയിട്ടുണ്ട്. കാരണം, അതിഥികൾക്ക് സമ്മാനമായി കൊടുക്കാനുള്ളതാണ് അതെല്ലാം,” അവർ പറയുന്നു. അസമീസ് സംസ്കാരത്തിൽ വളരെ പ്രാധാന്യമുള്ളതാണ് ഗാമുസാസ് എന്ന ഒന്നര മീറ്റർ നീളമുള്ള, ഈ നെയ്ത്തു വസ്ത്രം. ഉത്സവകാലത്ത് വിശേഷിച്ചും നാട്ടുകാർക്കിടയിൽ ധാരാളം ആവശ്യക്കാരുണ്ട് ഇതിന്. അതിന്റെ ചുവന്ന നാരുകൾ ഒരു ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്നു.
“തുണിയിൽ പൂക്കൾ നെയ്യുന്നത് എനിക്കിഷ്ടമുള്ള ജോലിയാണ്. ഏത് പൂക്കൽ കണ്ടാലും അതേപോലെ നെയ്യാൻ എനിക്കറിയാം. ഒരിക്കൽ കണ്ടാൽ മതി,” തെല്ലഭിമാനത്തോടെ ചിരിച്ചുകൊണ്ട് ദെയൂരി പറയുന്നു. അസമിലെ പട്ടികഗോത്രമായി രേഖപ്പെടുത്തിയവരാണ് ദിയൂരി സമുദായം.












