“ഉച്ചയ്ക്ക് പെട്ടെന്നാണത് സംഭവിച്ചത്!“
“എനിക്കറിയാം. അത്ര ഭയങ്കരമായ കൊടുങ്കാറ്റായിരുന്നു. അല്ലേ?”
“അതെ, മരത്തിനും പ്രായമായിരുന്നുവെന്ന് ഞാൻ ഊഹിക്കുന്നു. അഞ്ച് പതിറ്റാണ്ടുമുമ്പ് ഞങ്ങൾ ഈ പ്രദേശത്തേക്ക് വരുമ്പോൾത്തന്നെ അത് ഇവിടെ ഉണ്ടായിരുന്നു”.
“എന്തായാലും അതിന്റെ ചാഞ്ഞുള്ള ആ നില്പ് അപകടകരമായിരുന്നു. മാത്രമല്ല, അതിന്റെ താഴെ ഉണ്ടായിരുന്ന ആ അബ്ദുളിന്റെ തട്ടുകടയും വലിയ ശല്യമായിരുന്നു. രാത്രി മുഴുവൻ വവ്വാലുകളും പകൽസമയങ്ങളിലും ചെക്കന്മാരും..എനിക്ക് കണ്ടുകൂടായിരുന്നു അത്”.
“ഹോ..എന്തൊരു ശബ്ദമായിരുന്നു അത്, അല്ലേ?”
മുനിസിപ്പാലിറ്റിയുടെ അത്യാഹിതവിഭാഗം വന്ന് അപ്പാർട്ട്മെന്റിന്റെ ഗേറ്റിന്റെ മുമ്പിൽ വീണുകിടന്നിരുന്ന മരം മാറ്റിയിട്ട് 36 മണിക്കൂർ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അതിനെക്കുറിച്ചുള്ള ആളുകളുടെ വർത്തമാനം അവസാനിച്ചിരുന്നില്ല. എന്താല്ലേ, വല്ലാത്തൊരു ഞെട്ടലായിരുന്നു, എത്ര പെട്ടെന്നായിരുന്നു, ശരിക്കും പേടിപ്പിച്ചുകളഞ്ഞു, ഭാഗ്യമായിപ്പോയി, അങ്ങിനെയങ്ങിനെ ആ വർത്തമാനങ്ങൾ നീണ്ടുപോയി. ചിലപ്പോൾ അവൾക്ക് തോന്നാറുണ്ട്, താൻ കാണുന്ന അതേ സാധനങ്ങൾ, താൻ കാണുന്ന അതേ വിധത്തിൽ മറ്റുള്ളവർക്ക് കാണാൻ കഴിയുന്നുണ്ടോ എന്ന്. ആ ഉച്ചയ്ക്ക് അയാൾ അവിടെയുണ്ടായിരുന്നുവെന്ന് അവർക്കറിയാമോ? അയാൾ മരിച്ചത് ആരെങ്കിലും കണ്ടിരുന്നോ?
അബ്ദുൾ ചാച്ചയുടെ കടയുടെ മുമ്പിൽ ഓട്ടോ ഇറങ്ങുമ്പോൾ മഴ ശക്തിയായി പെയ്തിരുന്നു. റോഡിൽ വെള്ളക്കെട്ടുണ്ടായിരുന്നതിനാൽ ഓട്ടോ ഗേറ്റിനടുത്തേക്കെത്താൻ മടിച്ച് കുറേ ദൂരെ നിന്നു. ചാച്ച അവളെ തിരിച്ചറിഞ്ഞ്, വേഗം വന്ന് ഒരു കുട നീട്ടി. ഒരക്ഷരം പറയാതെ, തല കുലുക്കുകമാത്രം ചെയ്തു ചാച്ച. അവൾക്ക് മനസ്സിലായി. അവൾ ആ കുട ഒരു പുഞ്ചിരിയോടെ വാങ്ങി കുറച്ചപ്പുറത്തുള്ള അപ്പാർട്ട്മെന്റിലേക്കെത്താൻ റോഡ് മുറിച്ചുകടന്നു. കാലാവസ്ഥ മാറുകയാണെന്ന് അവൾ മനസ്സിലായതുപോലുമില്ല.
ഒരു മണിക്കൂർ കഴിഞ്ഞ്, എന്തോ നിലംപൊത്തിയ വലിയ ശബ്ദം കേട്ട് അവൾ ജനലരികിൽ ചെന്നു. മുറ്റത്ത് ഒരു പുതിയ കാട് പ്രത്യക്ഷമായതുപോലെ തോന്നി. പഴയ ആ മരം വീണതാണെന്ന് തിരിച്ചറിയാൻ അവൾ അല്പസമയമെടുത്തു. മരത്തിന്റെ താഴെ ഒരു വെളുത്ത പ്രാവിനെപ്പോലെ ഒരു തൊപ്പി കിടക്കുന്നത് അവൾ കണ്ടു. ചാച്ചയുടെ വെളുത്ത തൊപ്പി
പ്രാചീനമായ വൃക്ഷം
ഇലകൾക്കുമീതെ സൂര്യൻ കയറിവരുന്നതും
സ്വർണ്ണനിറമുള്ള പച്ചയിൽനിന്ന് കാടിന്റെ
പച്ചയിലേക്ക്,
ഓറഞ്ചിലേക്ക്, തുരുമ്പിന്റെ നിറത്തിലേക്ക്
ഒരോന്ത് നിറം മാറുന്നതും
ശ്രദ്ധിക്കുന്നത് ആരാണെന്നാണ് നിങ്ങൾ കരുതിയത്
ഒന്നിനുമീതെ ഒന്നായി വീഴുന്ന ഇലകൾ
എണ്ണുന്നതാരാണ്
ബലമുള്ള ശരീരം ക്ഷയിക്കുന്നത്,
ഒടിയുന്ന ശാഖകളിൽ സന്ദേഹത്തോടെ
കാലം ധ്യാനിക്കുന്നത്
ദൈവത്തിനുമാത്രം അറിയാവുന്ന എന്തോ തേടിക്കൊണ്ട്
മുകളിലേക്കും താഴേക്കുംഅലയുന്ന അണ്ണാറക്കണ്ണന്മാർ
മരത്തിൽ ബാക്കിയാക്കിയ പല്ലിന്റെ പാടുകൾ
ആരാണ് ശ്രദ്ധിക്കുന്നത്?
ആത്മവിശ്വാസത്തിന്റെ തായ്ത്തടിയിൽ
സുഷിരങ്ങൾ തുളയ്ക്കുന്ന ചോണനുറുമ്പുകളേയും
ഇരുട്ടിൽ വിറകൊള്ളുന്ന തായ്‌മരത്തെയും
ആരാണ് ശ്രദ്ധിക്കുന്നത്?
മരത്തിന്റെ വളയങ്ങളിൽ
ഉയിർക്കുന്ന കൊടുങ്കാറ്റിനെയും,
അതിന്റെയുള്ളിൽ ഒടുങ്ങുന്ന വസന്തത്തെയും
ക്ഷണിക്കപ്പെടാതെ അതിൽ വളരുന്ന
കൂണുകളുടെ കൂട്ടത്തേയും
ആരാണ് മണത്തറിയുന്നത്?
വേരുകളുടെ ആഴത്തെ,
അവ കുഴിക്കുന്ന കാണാൻ കഴിയാത്ത ദൂരങ്ങളെ
പാറക്കെട്ടുകളിൽ അവ തേടുന്ന
അവസാനത്തെ പ്രതീക്ഷയുടെ നിറത്തെ,
ആരാണ് അളക്കുന്നത്?
വഴുതിപ്പോവുന്ന മണ്ണിൽ
മുറുക്കിപ്പിടിക്കുന്ന എന്റെ കൈകളെ
കണ്ടവരാരുണ്ട്?
കാട്ടുതീയിൽപ്പെട്ട് വെന്തുപോയ
എന്റെ സിരകളിലെ ചാറ്
ആരെങ്കിലും കണ്ടുവോ?
അവർക്ക് കാണാനായത്
എന്റെ അവസാനത്തെ വീഴ്ച മാത്രം
2023-ൽ വിനിത അഗ്രവാൾ എഡിറ്റ് ചെയ്ത കാലാവസ്ഥയെക്കുറിച്ചുള്ള കൌണ്ട് എവരി ബ്രെത്ത് എന്ന സമാഹാരത്തിലാണ് ഈ കവിത ആദ്യം പ്രസിദ്ധീകരിച്ചത്
പരിഭാഷ: രാജീവ് ചേലനാട്ട്