ദീപിക കമാന്റെ പരിചയസമ്പന്നമായ കണ്ണുകൾക്ക്, കാഴ്ചയിൽ ഒരുപോലെയിരിക്കുന്ന ആൺ-പെൺ പാറ്റകളെ തിരിച്ചറിയാൻ കഴിയും. “അവ ഒരുപോലെയിരിക്കുമെങ്കിലും ഒന്നിന് മറ്റേതിനേക്കാൾ നീളമുണ്ട്. ഇത് പുരുഷനാണ്,” ഇളം‌തവിട്ടുനിറവും, ഏകദേശം 13 സെന്റിമീറ്റർ ചിറകുവലിപ്പവുമുള്ള പാറ്റയെ നോക്കി അവർ പറയുന്നു. “തടിച്ച, കുറിയ പ്രാണി പെണ്ണും.”

അസമിലെ മജൂലി ജില്ലയിലെ ബൊറൺ ചിറ്റദാർ ചുക് ഗ്രാമത്തിലാണ് ദീപികയുടെ താമസം. മൂന്ന് വർഷം മുമ്പാണ് അവർ എരി പട്ടുപുഴുക്കളെ വളർത്താൻ തുടങ്ങിയത്. അമ്മയിൽനിന്നും അമ്മൂമ്മയിൽനിന്നുമാണ് അവരത് സ്വായത്തമാക്കിയത്.

അസമിന്റെ ബ്രഹ്മപുത്ര താഴ്വരയിലും, സമീപത്തെ, അരുണാചൽ പ്രദേശ്, മണിപുർ, മേഘാലയ, നാഗലാൻഡ് എന്നിവിടങ്ങളിലും കൃഷി ചെയ്യുന്ന പട്ടാണ് എരി എന്നത്. പട്ടുനൂൽ‌പ്പുഴുക്കളെ പരമ്പരാഗതമായി വളർത്തി, സ്വന്തമായി ധരിക്കാൻ എരി വസ്ത്രം നെയ്യുന്നവരാണ് മിസിംഗ് (മിഷിംഗ് എന്നും വിളീക്കുന്ന) സമുദായക്കാർ.

“ഇന്ന് കാലം മാറി.” 28 വയസ്സുള്ള ദീപിക പറയുന്നു. “ഇന്ന് ചെറുപ്പക്കാരികളായ പെൺകുട്ടികൾപോലും പട്ടുനൂൽ‌പ്പുഴുക്കളെ വളർത്താൻ തുടങ്ങിയിരിക്കുന്നു.”

PHOTO • Prakash Bhuyan

പട്ടുനൂൽ‌പ്പുഴുക്കളെ വളർത്തുകയാണ് ദീപിക കമാൻ. ഇര പാട്ട് ഇലകൾ ഭക്ഷിക്കുന്ന എരി പട്ടുനൂൽ‌പ്പുഴുക്കളുടെ ഭക്ഷണപാത്രം വൃത്തിയാക്കി, വീണ്ടും നിറയ്ക്കുകയാണ് അവർ

പട്ടുനൂൽ‌പ്പുഴുക്കളെ വളർത്തണമെങ്കിൽ ഒന്നുകിൽ ആളുകൾക്ക് മജൂലിയിലെ സെരികൾച്ചർ ഡിപ്പാർട്ട്മെന്റിൽനിന്ന് അവയുടെ മുട്ടകൾ വാങ്ങാം. ചില ഇനങ്ങളുടെ ഒരു പാക്കറ്റിന് 400 രൂപ വിലവരും. അല്ലെങ്കിൽ ഗ്രാമത്തിൽ ഈ തൊഴിൽ ചെയ്യുന്നവരിൽനിന്ന് മുട്ടകൾ നേരിട്ട് വാങ്ങുകയുമാവാം. ദീപികയും ഭർത്താവും രണ്ടാമത്തെ മാർഗമാണ് അവലംബിക്കുന്നത്. അതാവുമ്പോൾ സൌജന്യമായി കിട്ടുകയും ചെയ്യും. ഒരു സമയത്ത്, മൂന്ന് ജോടി പാറ്റകളിൽക്കൂടുതൽ അവർ കൈവശം വെക്കാറില്ല. കാരണം, അല്ലെങ്കിൽ, മുട്ട വിരിഞ്ഞ പുഴുക്കൾക്ക് തിന്നാൻ കൂടുതൽ എര പാട്ട് ഇലകൾ (ആവണ ഇലകൾ) കരുതണം. എര ചെടികളുടെ തോട്ടമില്ലാത്തതിനാൽ, അത് ശേഖരിക്കേണ്ടിയുംവരും.

“അത് വലിയ ജോലിയാണ്. ആവണ ഇലകൾ തുണ്ട് ഭൂമികളിൽ കൃഷി ചെയ്യാനാവില്ല. ആടുകൾ തിന്നാതിരിക്കാൻ മുളംവേലി കെട്ടി, വളർത്തേണ്ടിവരും,” അവർ പറയുന്നു.

സുഭിക്ഷമായി തിന്നുന്നവരാണ് എരി പുഴുക്കൾ. അവയ്ക്കാവശ്യമായ എരി ഇലകൾ കണ്ടെത്താനും ബുദ്ധിമുട്ടാണ്. “രാത്രിയും ഉറക്കമുണർന്ന് അവയെ ഊട്ടണം. കൂടുതൽ തിന്നുന്തോറും കൂടുതൽ പട്ട് അവ ഉത്പാദിപ്പിക്കും.” പുഴുക്കൾ കെസേരു (ഹെറ്റെറൊപനാക്സ് ഫ്രാഗ്രാൻസ്) ഇലകളും കഴിക്കുമെന്ന് ഉദയ് ചൂണ്ടിക്കാട്ടി. പക്ഷേ രണ്ടിലൊന്ന് മാത്രം. “അവയുടെ ജീവിതകാലത്ത് രണ്ടിൽ ഒന്നുമാത്രമേ കഴിക്കൂ.

തോടിനുള്ളിൽ ഇരിക്കാനുള്ള സമയമാവുമ്പോൾ, പുഴുക്കൾ സൌകര്യപ്രദമായ ഇടം തേടി അലയും. അപ്പോൾ അവയെ, പരിണാമം സംഭവിക്കാൻ, വാഴയിലയിലും വൈക്കോലിലും സൂക്ഷിച്ചുവെക്കും. “നൂലുകളുണ്ടാക്കാൻ തുടങ്ങുമ്പോൾ അവയെ ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമേ കാണാൻ കഴിയൂ. അതിനുശേഷം അവ വീണ്ടും തോടുകൾക്കകത്തേക്ക് അപ്രത്യക്ഷമാകും,” ദീപിക പറയുന്നു.

PHOTO • Prakash Bhuyan
PHOTO • Prakash Bhuyan

ഇടത്ത്: ദീപികയുടേയും ഉദയുയും വീട്ടിലെ ചുമരിൽ എരി പട്ടുപുഴുക്കൾ തൂങ്ങിക്കിടക്കുന്നു. പെൺപാറ്റകളുടെ കൊക്കൂണുകൾ ആൺപാറ്റകളുടേതിനേക്കാൾ വലുതാണ്. വലത്ത്: പട്ടുനൂൽ‌പ്പുഴുക്കൾക്ക് പാത്രത്തിൽ ഭക്ഷണം കൊടുക്കുന്നു

*****

കൊക്കൂൺ എന്ന തോടിനകത്തുള്ള പ്രക്രിയ കഴിഞ്ഞ് ഏകദേശം 10 ദിവസം കഴിഞ്ഞാണ് പട്ടുനൂലുകൾ വലിച്ചെടുക്കുന്ന പ്രക്രിയ ആരംഭിക്കുന്നത്. “കൂടുതൽ സമയം അവയെ അവിടെ വെച്ചാൽ, പുഴുക്കൾ പാറ്റയായി മാറി പറന്നുപോവും,” ദീപിക പറയുന്നു.

പട്ടിന്റെ വിളവെടുക്കാൻ രണ്ട് വഴികളുണ്ട്. രൂപാന്തരം വന്ന്, പട്ടുനൂലുകൾ ബാക്കിവെച്ച്, പാറ്റകൾ പറന്നുപോവുന്നതുവരെ കാത്തിരിക്കുക എന്ന മാർഗ്ഗം. അല്ലെങ്കിൽ, കൊക്കൂണുകളെ തിളപ്പിക്കുന്ന പരമ്പരാഗത മിസിംഗ് രീതി.

കൊക്കൂണുകളെ തിളപ്പിക്കാതെ കൈകൊണ്ട് നാരുകൾ വലിച്ചെടുക്കാൻ ബുദ്ധിമുട്ടാണെന്ന് ദീപിക പറയുന്നു. പാറ്റ പുറത്തുവരുമ്പോഴേക്കും അത് ദ്രവിച്ചിട്ടുണ്ടാകും. “തിളപ്പിക്കുമ്പോൾ, അവ മൃദുവാകുന്നുണ്ടോ എന്ന് ഞങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കും,” ഉദയ് പറയുന്നു. “തീയിൽ വേവാൻ ഏകദേശം അരമണിക്കൂറെടുക്കും.“

തിളപ്പിച്ച കൊക്കൂണിൽനിന്ന് വേർതിരിച്ചെടുക്കുന്ന പട്ടുനൂൽ‌പ്പുഴു നല്ല രുചിയുള്ള വിഭവമാണ്. “ഇറച്ചിയുടെ സ്വാദാണ്,” ദീപിക പറയുന്നു. “അത് വറുത്തിട്ടോ, അല്ലെങ്കിൽ വാഴയിലയിൽ പൊതിഞ്ഞ്, തീയിൽ പൊള്ളിച്ചോ കഴിക്കാവുന്നതാണ്.”

വേർതിരിച്ചെടുത്ത പട്ടുനാരുകൾ കഴുകി, തുണിയിൽ പൊതിഞ്ഞ്, തണലത്ത് ഉണക്കാൻ വെക്കും. നാരുകൾ പിന്നീട്, തകൂരി യോ പോപ്പിയോ കൊണ്ട് ചുറ്റിവെക്കും. “250 ഗ്രാം എരി നൂലുണ്ടാക്കാൻ മൂന്നോ നാലോ ദിവസമെടുക്കും,” ദീപിക പറയുന്നു. വീട്ടിലെ ജോലിയൊക്കെ കഴിഞ്ഞതിനുശേഷമാണ് അവർ നൂലുകൾ നൂൽക്കുക. ഒരു പരമ്പരാഗത ഡൊ - മെഖേല (രണ്ട് ഭാഗമുള്ള വസ്ത്രം) നിർമ്മിക്കാൻ ഏകദേശം ഒരു കിലോഗ്രാം നൂൽ വേണം.

PHOTO • Prakash Bhuyan
PHOTO • Prakash Bhuyan

ഇടത്ത്: പെൺപാറ്റകൾ മുട്ടയിടുന്നു. കൊക്കൂൺൽനിന്ന് പാറ്റകൾ പുറത്ത് വരുമ്പോഴേക്കും അവ ഇണചേരാനും പ്രജനനത്തിനും കഴിവ് നേടിയിരിക്കും. വലത്ത്: എരി സിൽക്ക് കൊക്കൂണുകളിൽനിന്ന് പാറ്റകൾ പുറപ്പെടുന്നു. മുട്ട വിരിഞ്ഞ് 3-4 ആഴ്ചകൾ കഴിയുമ്പോഴാണ് എരി പട്ടുനൂൽ‌പ്പുഴുക്കൾ കൊക്കൂൺ ഉണ്ടാ‍ക്കാൻ തുടങ്ങുക. ഈ സമയമാകുമ്പോഴേക്കും അവയുടെ നാലാമത്തെയും അവസാനത്തെയും ജീവിതചക്രമായ, പട്ടുനൂലുകൾ കൊഴിക്കുന്ന അവസ്ഥയിലെത്തുകയും പാറ്റകളായി രൂപാന്തരം പ്രാപിക്കാറാവുകയും ചെയ്യും. ഇതിനായി, പട്ടുനൂൽ‌പ്പുഴുക്കൾ സ്വന്തം ശരീരത്തിന് ചുറ്റും വിസർജ്ജ്യത്തിലൂടെ ഒരുതരം കൊക്കൂൺ നിർമ്മിക്കും. കൊക്കൂൺ നിർമ്മാണം പൂർത്തിയാകാൻ 2-3 ദിവസമെടുക്കും. പട്ടുനൂൽ‌പ്പുഴു അതിനകത്ത് അടുത്ത 3 ആഴ്ച കഴിയുകയും അതിനകം പാറ്റയായി പൂർണ്ണമായി രൂപാന്തരപ്പെടുകയും ചെയ്യും

PHOTO • Prakash Bhuyan
PHOTO • Prakash Bhuyan

കൊക്കൂണിൽനിന്ന് എരി പട്ടുനൂലുകൾ നെയ്യണമെങ്കിൽ ഈ പരമ്പരാഗത ഉപകരണങ്ങൾ ആവശ്യമാണ്: എരി പട്ടുനൂലുകൾ പിരിക്കാൻ ഉപയോഗിക്കുന്ന തക്കുരി. നൂലുണ്ടയാണ് (പോപ്പി) നൂലുകൾ കെട്ടിവെക്കാൻ ഉപയോഗിക്കുന്നത്. എരി പട്ടിന്റെ നിരവധി നാരുകളെ ഒരൊറ്റ നൂലാക്കി പിരിച്ചുവെക്കാൻ പോപ്പി സഹായിക്കുന്നു. വലത്ത്: വറുത്ത പട്ടുനൂൽ‌പ്പുഴുക്കളെ പാത്രത്തിൽ വിളമ്പുന്നു. വടക്കുകിഴക്കേന്ത്യയിലെ മിഷിംഗ് അടക്കമുള്ള പല സമുദായങ്ങൾക്കും പട്ടുനൂൽ‌പ്പുഴു ഒരു സ്വാദിഷ്ഠവിഭവമാണ്

ആദ്യമായി പിരിക്കുമ്പോൾ നൂലുകൾക്ക് വെളുത്ത നിറമായിരിക്കും. പല തവണ കഴുകിയെടുക്കുമ്പോൾ അവയ്ക്ക് എരി യുടെ ആ സവിശേഷ മഞ്ഞനിറം ലഭിക്കും.

“രാവിലെ മുതൽ ദിവസം മുഴുവൻ ജോലി ചെയ്താൽ, ഒരു മീറ്റർ എരി സിൽക്ക് നെയ്യാൻ സാധിക്കും,” അവർ പറയുന്നു.

പരുത്തിനൂലുകളുമായി ചേർത്തും പട്ടുനൂലുകൾ നൂൽക്കാറുണ്ട്. ഷർട്ടുകൾ, സാരി, അസമീസ് സ്ത്രീകൾ ധരിക്കുന്ന വിശേഷവസ്ത്രങ്ങൾ എന്നിവയ്ക്ക് ഇത്തരം തുണി ഉപയോഗിക്കാറുണ്ടെന്ന് ദീപിക പറയുന്നു. പുതിയ ഫാഷനനുസരിച്ച്, എരി ഉപയോഗിച്ചും സാ‍രികൾ നിർമ്മിക്കാറുണ്ട്.

പുതിയ പ്രവണതകൾ വന്നിട്ടുപോലും, പട്ടിന്റെ വ്യവസായം കൊണ്ടുനടത്തുക എന്നത് ബുദ്ധിമുട്ടുള്ള ജോലിയാണ്. “പട്ടുനൂൽ‌പ്പുഴുക്കളെ വളർത്താനും വസ്ത്രങ്ങൾ നെയ്യാനും ധാരാളം സമയമെടുക്കും,” എന്ന്, പട്ടുകൃഷിയിൽനിന്ന് തത്ക്കാലത്തേക്ക് മാറിനിൽക്കുന്ന ദീപിക പറയുന്നു. വീട്ടുപണി, കൃഷിപ്പണി, നാലുവയസ്സുള്ള മകനെ നോക്കൽ എന്നിവയ്ക്കിടയിൽ ഈ തൊഴിലിലേർപ്പെടാൻ അവർക്ക് സമയം കിട്ടുന്നില്ല.

*****

നാല്പത് വയസ്സ് കടന്ന ജാമിനി പായെംഗ് നെയ്ത്തുവിദഗ്ദ്ധയും ക്രാഫ്റ്റ്സ് കൌൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിയ വ്യക്തിയുമാണ്. ഒരു പതിറ്റാണ്ടായി അവർ എരി സിൽക്ക് തുണികൾ നെയ്യുന്നുണ്ട്. ഈ കരകൌശലവിദ്യയിലുള്ള ആളുകളുടെ താത്പര്യം കുറയുന്നത് അവരെ അലട്ടുന്നു. “ഇക്കാലത്ത്, തറികൾ തൊട്ടിട്ടുപോലുമില്ലാത്തവർ ഞങ്ങൾക്കിടയിലുണ്ട്. യഥാർത്ഥത്തിലുള്ള എരി എന്താണെന്ന് അവർക്കറിയില്ല. അങ്ങിനെയായി അവസ്ഥ.”

10-ആം ക്ലാസിലായിരുന്നപ്പോൾ അവർ ടെക്സ്റ്റയിൽ‌സിലും നെയ്ത്തിലും ഒരു കോഴ്സ് ചെയ്തിരുന്നു. രണ്ടുവർഷംകൂടി അത് പരിശീലിച്ചതിനുശേഷമാണ് അവർ കൊളേജ് പഠനം ഉപേക്ഷിച്ചത്. ബിരുദം ലഭിച്ചതിനുശേഷം അവർ ഒരു സർക്കാരിതര സംഘടനയിൽ ചേരുകയും, പരമ്പരാഗത പട്ടുനെയ്ത്ത് കണ്ട് പഠിക്കാൻ മജൂലിയിലെ ഗ്രാമങ്ങൾ സന്ദർശിക്കാൻ തുടങ്ങുകയും ചെയ്തു

PHOTO • Prakash Bhuyan
PHOTO • Prakash Bhuyan

ഇടത്ത്: അസമിലെ മജൂലിയിലെ കമലാബാരിയിലെ തന്റെ കടയിൽ ഒരു ച്ഛായാചിത്രത്തിന് ഇരുന്നുകൊടുക്കുന്ന ജാമിനി പായെംഗ്. വലത്ത്: കുടുംബസ്വത്തായി കിട്ടിയ ഒരു എരി ഷാൾ

PHOTO • Prakash Bhuyan
PHOTO • Prakash Bhuyan

ജാമിനി പായെംഗിന്റെ പണിശാലയിലെ നെയ്ത്ത് ഉപകരണം

എരി വളർത്തുന്ന വീടുകളിൽ, കുട്ടികൾ അമ്മമാരിൽനിന്നാണ് അത് പഠിക്കുന്നത്. നെയ്യാനും നൂൽ കെട്ടിവെക്കാനും എന്നെ ആരും പഠിപ്പിച്ചിട്ടില്ല. അമ്മ ചെയ്യുന്നത് കണ്ട് സ്വയം മനസ്സിലാക്കിയതാണ്,” മജൂലിക്കാരിയായ ജാമിനി പറയുന്നു.

മിക്ക സ്ത്രീകളും അവരവരുടെ കൈത്തറിയിൽ നിർമ്മിച്ച സിൽക്ക് വസ്ത്രങ്ങളാണ് ധരിക്കുന്നതെന്ന് അവർ പറയുന്നു. കാരണം, യന്ത്രവത്കൃതമായി നിർമ്മിച്ച വസ്ത്രങ്ങൾ ഇന്നത്തെപ്പോലെ പണ്ട് ലഭ്യമായിരുന്നില്ല. എരി, നൂനി, മുഗ സിൽക്ക് എന്നിവകൊണ്ട് നെയ്ത സഡൊർ-മെഖേല യാണ് സ്ത്രീകൾ ധരിക്കുന്നത്. “എവിടെ പോകുമ്പോഴും സ്ത്രീകൾ തകുതി (സ്പിൻഡിൽ) കൊണ്ടുപോകും.”

ജമിനിക്ക് പ്രചോദനം കിട്ടി. “ എരി പട്ടുനൂൽ‌പ്പുഴുക്കളെ വളർത്തുമെന്നും മറ്റുള്ളവരേയും അത് ചെയ്യാൻ പഠിപ്പിക്കുമെന്നും ഞാൻ ആ നിമിഷം തീരുമാനിച്ചു.” മജൂലിയിലെ ഏതാണ്ട് 25 സ്ത്രീകൾക്ക് ഇപ്പോൾ അവർ നെയ്ത്തിലും വസ്ത്ര്നിർമ്മാണത്തിലും പരിശീലനം കൊടുക്കുന്നു. രാജ്യത്തും വിദേശത്തും ജാമിനിയുടെ ഉത്പനങ്ങൾ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് മ്യൂസിയത്തിൽ‌പ്പോലും അവരുണ്ടാക്കിയ ഒരു ഉത്പന്നം കാണാം.

എരി വസ്ത്രങ്ങൾക്ക് ധാരാളം ആവശ്യക്കാരുണ്ട്. എന്നാൽ ഞങ്ങൾ പരമ്പരാഗത രീതിയിൽ മാത്രമേ നിർമ്മിക്കുന്നുള്ളു,” ജാമിനി പറയുന്നു. മറ്റ് പല സ്ഥലത്തും എരി വസ്ത്രങ്ങൾ യന്ത്രത്തിൽ നിർമ്മിക്കുന്നുണ്ട്. ബിഹാറിലെ ഭഗൽ‌പുരിൽനിന്നുള്ള പട്ടുവസ്ത്രങ്ങൾ അസമിലെ കമ്പോളങ്ങളിൽ വന്നുനിറയുന്നു.

കൈകൊണ്ടുണ്ടാക്കുന്നവയ്ക്ക് നൂലിന്റേയും ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുടേയും അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുന്നത്. ഡിസൈനും വിലയെ നിയന്ത്രിക്കുന്നു. കൈകൊണ്ട് നെയ്യുന്ന, പരമ്പരാഗത ഡിസൈനുകളുള്ള ഒരു എരി വസ്ത്രത്തിന് 3,500 രൂപയിൽക്കൂടുതൽ വിലയുണ്ട്. കൈകൊണ്ട് നെയ്യുന്ന ഒരു സഡൊർ-മെഖേലയ്ക്ക് 8,000 രൂപ മുതൽ 15,000-വും 20,000 രൂപവരെയും പ്രാദേശിക കമ്പോളത്തിൽ വിലയുണ്ട്.

“പണ്ടൊക്കെ, അസമീസ് സ്ത്രീകൾ അവരുടെ പ്രേമഭാജനങ്ങൾക്കായി, ഗമോഷയും, റുമാലും തലയിണയുറയും നെയ്തിരുന്നു. ഞങ്ങളുടെ മിസിംഗ് സമുദായത്തിലെ പെൺകുട്ടികൾ ഗാലോക്കും നെയ്തിരുന്നു,” അവർ പറയുന്നു. പരമ്പരാഗതരീതികൾ പുനരുജ്ജീവിപ്പിക്കുകയും അടുത്ത തലമുറയിലേക്ക് പകർന്നുനൽകുകയും ചെയ്തില്ലെങ്കിൽ ഈ സമ്പന്നമായ സാംസ്കാരിക പൈതൃകം അപ്രത്യക്ഷമാകുമെന്ന് ജാമിനി ഭയപ്പെടുന്നു. “അതുകൊണ്ടാണ് ഞാനിത് ഇപ്പൊഴും ചെയ്തുകൊണ്ടിരിക്കുന്നത്. അതിനെ ഒരു ഉത്തരവാദിത്തമായി കണ്ടുകൊണ്ട്.”

മൃണാളിനി മുഖർജി ഫൌണ്ടേഷന്റെ (എം.എം.എഫ്) ഫെല്ലോഷിപ്പിന്റെ പിന്തുണയോടെ നടത്തിയ റിപ്പോർട്ടിംഗ്

പരിഭാഷ: രാജീവ് ചേലനാട്ട്

Prakash Bhuyan

آسام سے تعلق رکھنے والے پرکاش بھوئیاں ایک شاعر اور فوٹوگرافر ہیں۔ وہ ۲۳-۲۰۲۲ کے ایم ایم ایف–پاری فیلو ہیں اور آسام کے ماجولی میں رائج فن اور کاریگری کو کور کر رہے ہیں۔

کے ذریعہ دیگر اسٹوریز Prakash Bhuyan
Editor : Swadesha Sharma

سودیشا شرما، پیپلز آرکائیو آف رورل انڈیا (پاری) میں ریسرچر اور کانٹینٹ ایڈیٹر ہیں۔ وہ رضاکاروں کے ساتھ مل کر پاری کی لائبریری کے لیے بھی کام کرتی ہیں۔

کے ذریعہ دیگر اسٹوریز Swadesha Sharma
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat