പണ്ടുപണ്ടൊരിടത്ത്, ദിമോന്ദ്ര നരൻ എന്നൊരു പ്രജാപതി പോഷകം കുറഞ്ഞ ഇരുമ്പുകൈയ്യിന്റെ ബലത്തിൽ ലാലാ ലാൻഡ് എന്ന മായികരാജ്യത്തെ അടക്കിവാണിരുന്നു. അയാൾ ഭക്ഷണം കഴിക്കുകയോ മറ്റുള്ളവരെ കഴിക്കാൻ അനുവദിക്കുകയോ ചെയ്തിരുന്നില്ല. അതിന്റെ ശോഷണമായിരുന്നു ആ കൈകൾക്ക്. എന്താ? ഒരക്ഷരം കാണാതായെന്നോ? ഓ, അത് ആന്തിഗുവ ആദം എന്ന പശ്ചിമദേശത്തെ കുള്ളൻ പ്രഭുവിന് ലേലം ചെയ്തുകൊടുത്തിരുന്നു.
ഒരു ദിവസം, മഹാരാജാവിന്റെ മന്ത്രവാദിപുരോഹിതൻ ഷാമീതന് ഒരു ദു:സ്വപ്നമുണ്ടായി. മലമ്പ്രദേശത്തെ രാവു എന്നൊരാൾ സിംഹാസനം തട്ടിയെടുക്കുന്നതായുള്ള ദു:സ്വപ്നം. ജനാധിപത്യം പോലുള്ള ദുരാചാരങ്ങൾ പ്രവർത്തിക്കുന്ന അക്രമകാരികളായ ഒരു വംശമായിരുന്നു രാവുവിന്റേത്. വളരെ വേഗത്തിൽ മന്ത്രവാദി എല്ലാ ദുരാത്മാക്കളേയും വിളിച്ചുകൂട്ടി ചർച്ച ചെയ്തു. ഒരു മാന്ത്രിക പരിഹാരം അവർ കണ്ടെത്തി. ബോണ്ടുകളുടെ ദേവതയായ അഗതമുവിന്റെ ശുദ്ധമായ ചാണകത്തിൽനിന്ന് നിർമ്മിച്ച 108 അടി നീളമുള്ള ഒരു മെഴുകുതിരി കത്തിച്ചുവെക്കണമെന്ന്.
അങ്ങിനെ, അഗതമുവിന്റെ വയർ തുരന്ന്, ആവശ്യമുള്ള എല്ലാ ബോണ്ടുകളും ശേഖരിച്ച്, ഒടുവിൽ മെഴുകുതിരി കത്തിച്ചു. ഓ, അതിന്റെയൊരു സുഗന്ധം! സുഖമുള്ളതും, കർഷകവിരുദ്ധവും, വാഗ്ദാനങ്ങളാൽ സമ്പന്നവുമായ സുഗന്ധം! അതിന്റെ ധൂപം വിശക്കുന്ന ആകാശത്തേക്ക് പൊങ്ങിയുയർന്നപ്പോൾ, സാക്ഷാൽ ദിമോന്ദ്ര നരൻതന്നെ, ആന്തിഗുവ ആദത്തിന്റേയും ഷാമിതന്റേയും കൂടെ ആനന്ദനൃത്തം ചെയ്തു. അതോടെ, ദുശ്ശകുനങ്ങൾ നീങ്ങിപ്പോയിട്ടുണ്ടാവാം, ആർക്കറിയാം. അതിനുശേഷം ലാലാ ലാൻഡ് എന്ന രാജ്യം സന്തോഷത്തോടെ കാലാവസാനംവരെ ജീവിച്ചു എന്നുമാത്രം നമുക്കറിയാം.
രാജാവ് നീണാൾ വാഴട്ടെ
1)
കാം എന്ന ശബ്ദവും, അവസാനം ലഹരിയുമുള്ള
വസ്തുവെന്താണ്?
ഒരു സങ്കീർത്തനം? ഒരു വിലാപഗാനം?
നർമ്മത്തിൽ പൊതിഞ്ഞ ഒരസംബന്ധ
കവിത?
ചാണകത്തിൽ പൊതിഞ്ഞത്,
ഒരു ഇ.വി.എമ്മിൽ തൂക്കിയത്
നൂറ്റെട്ടടി നീളമുള്ള ഒരു മെഴുകുതിരി
2)
കോടിക്കണക്കിന് ഏറാൻമൂളികളും
വിരലിലൊതുങ്ങുന്ന വിമതരുമായി
നാല്പത്തഞ്ച് ദിവസം അത് നിന്നെരിയുന്നു,
എന്നും തലയറുക്കപ്പെടുന്ന ശംഭൂകന്മാരുടെ
ഉറപ്പില്ലാത്ത ഒരു ദൈവത്തിനായി
ശുദ്ധമായ ഒരു വിശ്വാസത്തോടെ
3)
ബാബരിയുടെ ശവക്കല്ലറയിൽ ഒരു
സാമ്രാജ്യം വളരുന്നു
വാട്ട്സാപ്പിനോടും, പശുക്കളോടും
ബജ്രംഗദൾ സഹോദരരോടുമൊപ്പം
എന്നാൽ, എന്താണീ ഗന്ധം?
ഇത് സ്വർഗ്ഗമോ നരകമോ,
നിൽക്കൂ, രാജ്യത്തിന് അതറിഞ്ഞേ
തീരൂ
4)
നൂറ്റെട്ടടി നീളമുള്ള കുങ്കുമനിറമുള്ള
ദണ്ഡ്
ഞങ്ങൾ വോട്ട് ചെയ്തത് ഒരു രാജാവിനുവേണ്ടിയാണ്
ഒരു വ്യാജനുവേണ്ടിയല്ല.
അയാൾ മുതലക്കുഞ്ഞുങ്ങളെ ഊട്ടിവളർത്തി,
ക്യാമറകൾ തയ്യാറാക്കിവെക്കൂ,
നൂറ്റെട്ടടി നീളമുള്ള ബലമുള്ള
ഒരു ശരീരം
5)
വിശക്കുന്ന കർഷകരും, ഉത്തരവുകളും,
കലാപങ്ങളും
ലാലാ ലാൻഡിൽ ആരവങ്ങൾ
അഗറും ഒരു ബത്തിയും
ബസ്തിയെ ഉഴുതുമറിക്കൂ
കമ്മികളും കോങ്കികളും,
അവർക്കൊന്നും മനസ്സിലാവില്ല.
പരിഭാഷ:
രാജീവ് ചേലനാട്ട്