കഴിഞ്ഞ കുറച്ച് വർഷങ്ങളായി തന്റെ പ്രദേശത്തെ കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിലെ ആൽമരങ്ങൾ വെട്ടിവിൽക്കുന്നത് അസ്വസ്ഥതയോടെ നോക്കിനിന്നയാളാണ് 60 വയസുകാരനായ സുബ്ബയ്യ. ഏകദേശം രണ്ട് ദശാബ്ദങ്ങൾക്കുമുമ്പാണ് സുബ്ബയ്യയും തന്റെ രണ്ടേക്കർ കൃഷിഭൂമിയിൽ ഒരു ആൽമരം നട്ടത്. ആ തൈ വളർന്നുപന്തലിച്ച് ചൂടുകാലങ്ങളിൽ അവർക്ക് തണലും താങ്ങുമായി.
ഇപ്പോൾ ആൽമരം വിൽക്കാനുള്ള സുബ്ബയയുടെ സമയമായിരിക്കുന്നു. അതും വെറും 8,000 രൂപയ്ക്ക്. താത്പര്യമില്ലാതെയുള്ള ആ വില്പന അദ്ദേഹത്തിന്റെ ഭാര്യയുടെ ചികിത്സാച്ചിലവ് കണ്ടെത്താനായിരുന്നു. രണ്ടുവർഷം മുമ്പ് ഗൗരി ഗണേശ ഹബ്ബയ്ക്ക് (കർണാടകയിലെ ഒരു ആഘോഷം) രണ്ടാഴ്ച ബാക്കിയുള്ളപ്പോൾ ആടുമേയ്ക്കുന്നതിനിടെ സുബ്ബയ്യയുടെ ഭാര്യ 56-കാരിയായ മഹാദേവമ്മ ഒരു കല്ലിൽതട്ടി വീഴുകയും ഇടുപ്പിൽ ഒടിവുണ്ടാകുകയും ചെയ്തു.
“കൂട്ടത്തിൽനിന്ന് വിട്ടുപോയ കുഞ്ഞാടിന് പിറകെ ഓടുകയായിരുന്നു ഞാൻ. മുന്നിലെ കല്ല് കണ്ടില്ല. വീണശേഷം സ്വയം എണീക്കാൻപോലും എനിക്കായില്ല,” ദൗർഭാഗ്യകരമായ ആ ദിവസത്തെപ്പറ്റി മഹാദേവമ്മ പറയുന്നു. “അതികഠിനമായ വേദനയായിരുന്നു. ഭാഗ്യത്തിന് അതുവഴി കടന്നുപോയ ചിലർ എന്നെ വീടെത്താൻ സഹായിച്ചു.”
ഈ സംഭവം ദമ്പതികളുടെ അത്രയൊന്നും ഭദ്രമല്ലാത്ത ജീവിതത്തെ കൂടുതൽ ദുരിതത്തിലാക്കി.
മൈസുരു–ഊട്ടി ഹൈവേയിൽ നഞ്ചൻഗുഡ് ടൗണിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള ഹുനാസനലു ഗ്രാമത്തിലാണ് സുബ്ബയ്യയും മഹാദേവമ്മയും താമസിക്കുന്നത്. അഡി കർണാടക (എകെ) വിഭാഗത്തിൽപെട്ടവരാണവർ, കർണാടകയിലെ ഷെഡ്യൂൾഡ് കാസ്റ്റ് പട്ടികയിൽ ഉൾപ്പെട്ട വിഭാഗമാണിത്. 20-കാരിയായ മകൾ പവിത്രയും 18-കാരൻ മകൻ അഭിഷേകും അവർക്കൊപ്പമുണ്ട്.
പവിത്ര എട്ടാം ക്ലാസുവരെ പഠിച്ചു. അഭിഷേകിന് ജന്മനാ കേൾവിക്കുറവുണ്ടായിരുന്നു. ചുറ്റുമുള്ളവർ സംസാരിക്കുന്നതൊന്നും അവന് കേൾക്കാനാകില്ലായിരുന്നു. അതിനാൽതന്നെ അവന് സംസാരിക്കാനും കഴിയില്ല. ആംഗ്യഭാഷയിലൂടെയാണ് അഭിഷേക് ആശയവിനിമയം ചെയ്യുക. കേൾവിക്കുറവുള്ളതിനാൽതന്നെ പുറത്തിറങ്ങുമ്പോൾ വാഹനങ്ങളിൽനിന്ന് രക്ഷതേടാൻ അവന് കൂടുതൽ ശ്രദ്ധ പുലർത്തേണ്ടിവരും.
മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുര താലുക്കിൽ ചിനകുരാലി ഗ്രാമത്തിലുള്ള ജ്ഞാന വികാസ റെസിഡെൻഷ്യൽ സ്കൂൾ ഫോൾ സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ സുബ്ബയ്യ മകനെ ചേർത്തിരുന്നു. അവിടുത്തെ പഠനത്തിലൂടെ അഭിഷേക് 12–ആം ക്ലാസ് പാസായി. വീട്ടുചെലവുകൾക്കായി സമീപത്തെ പട്ടണങ്ങളിലും മറ്റും ജോലി തേടുന്നതിനിടെ വീട്ടിൽ പശുവിനെ പരിപാലിക്കാനും അവൻ സമയം കണ്ടെത്തുന്നുണ്ട്.
സമയം കഴിയുന്തോറും മഹാദേവമ്മയുടെ ചികിത്സാച്ചിലവ് കുടുംബത്തിന്റ ചെറിയ സമ്പാദ്യത്തെയും കാർന്നുതിന്നാൻ തുടങ്ങിയിരുന്നു. ആൽമരം വിറ്റതിനുപിന്നാലെ കൂടുതൽ പണം കണ്ടെത്താൻ സുബ്ബയ്യ തന്റെ രണ്ടേക്കർ കൃഷിഭൂമി ഗ്രാമത്തിലെ മറ്റൊരു കർഷകനായ സ്വാമിക്ക് മൂന്നുവർഷത്തേയ്ക്ക് 70,000 രൂപയ്ക്ക് പാട്ടത്തിന് നൽകുകയും ചെയ്തു.
വിവിധ പരിശോധനകൾക്കൊടുവിൽ മഹാദേവമ്മയ്ക്ക് ശസ്ത്രക്രിയ വേണമെന്ന നിഗമനത്തിൽ മൈസൂർ കെ ആർ ആശുപത്രിയിലെ ഡോക്ടർമാരെത്തി. പക്ഷേ വിളർച്ചയും തൈറോയ്‌ഡുമുള്ള മഹാദേവമ്മയുടെ അവസ്ഥ ശസ്‌ത്രക്രിയ ദുഷ്‌കരമാക്കും. 15 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ഡിസാചാർജായി ആറ് ആഴ്‌ചയ്കക്കുശേഷം ശസ്‌ത്രക്രിയയ്ക്കെത്താനാണ് ഡോക്ടർമാർ നിർദേശിച്ചത്. ഈ കാലയളവിൽ യാത്ര, ഭക്ഷണം, എക്സ്‌റേ, രക്തപരിശോധന, മരുന്നുകൾ എന്നിവയ്ക്കായി ഏകദേശം 40,000രൂപ ദമ്പതികൾക്ക് ചെലവായിരുന്നു.
കഠിനമായ വേദനയും അസ്വസ്ഥതയും കാരണം ശസ്‌ത്രക്രിയ ഒഴിവാക്കി 130 കിലോമീറ്റർ അകലെ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ ശിങ്കിരിപാളയത്തുനിന്ന് ചികിത്സ തേടാൻ അവർ തീരുമാനിച്ചു. അസ്ഥിരോഗശാന്തിയ്ക്കുള്ള പരമ്പരാഗത ചികിത്സാകേന്ദ്രങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് ശിങ്കിരിപാളയം. ഇടുപ്പ് മുതൽ കണങ്കാൽവരെ കെട്ടി ഇടുപ്പിൽ സസ്യ എണ്ണ ഒഴിച്ചുള്ള ചികിത്സയാണ് മഹാദേവമ്മയ്ക്ക് നൽകുന്നത്. എന്നാൽ ഇതത്ര ചിലവുകുറഞ്ഞ ചികിത്സയല്ല. നാല് സെഷനുകൾക്കായി 15 ദിവസം കൂടുമ്പോൾ വാടകയ്ക്കെടുത്ത കാറിലാണ് സുബ്ബയ്യയും മഹാദേവമ്മയും ശിങ്കിരിപാളയത്തേക്ക് പോകുന്നത്. ഓരോ തവണയും ചികിത്സയ്ക്ക് 6,000 രൂപയാണ് ചിലവ്. ഇതിന്‌പുറമെ യാത്രയ്ക്കുള്ള 4,500 രൂപ കാർ വാടകയും വേണം.
ഈ ചികിത്സ മറ്റ് ചില സങ്കീർണതകൾക്കും കാരണമായി. മഹാദേവമ്മയുടെ കാലിൽ വെച്ചുകെട്ടിയ കട്ടിയുള്ള വസ്‌തുവിന്റെ അഗ്രഭാഗം കാൽപ്പാദത്തിൽ തുളച്ചുകയറുകയും എല്ല് പുറത്തുകാണുകയും ചെയ്തു. തുടർന്ന് സുബ്ബയ്യ മഹാദേവമ്മയെ നഞ്ചൻഗുഡിലെ ഒരു സ്വകാര്യ ക്ലിനിക്കിലേക്ക് കൊണ്ടുപോയി. അവിടെ അവർക്ക് 30,000 രൂപയോളം ചെലവായി. എന്നിട്ടും അവരുടെ കാൽപ്പാദത്തിലെ മുറിവ് പൂർണമായും ഭേദമായില്ല.
പരിക്കേറ്റ കാലുമായി വീടിനുള്ളിൽ നടക്കാൻ ശ്രമിക്കവെ രണ്ടുതവണകൂടി മഹാദേവമ്മ വീണു. രണ്ട് വീഴ്‌ചയും അവരുടെ കാൽമുട്ടിന് ഗുരുതര പരിക്കേൽപ്പിച്ചു. തൊട്ടടുത്തുള്ള ആശുപത്രിയിൽ ഇതിനുള്ള ചികിത്സയ്ക്ക് 4,000 രൂപ കൂടി ചെലവായി. ചികിത്സയ്ക്കുശേഷവും കാൽമുട്ട് മടക്കാനാകാത്ത അവസ്ഥയിലാണ് അവർ.
തന്റെ രണ്ടേക്കർ പാടം പാട്ടത്തിന് നൽകിയതോടെ പരുത്തി, ചോളം, മുതിര, ചെറുപയർ, പയർ, വെള്ളപയർ തുടങ്ങി മഴയെ ആശ്രയിച്ച് ചെയ്തുവന്ന കൃഷിയിൽനിന്നുള്ള വരുമാനംകൂടിയാണ് സുബ്ബയ്യയ്ക്ക് നഷ്ടമായത്. പ്രദേശത്ത സ്വയംസഹായ സംഘത്തിൽനിന്ന് നാലുശതമാനം പലിശനിരക്കിൽ 100,000 രൂപ സുബ്ബയ്യ ലോണെടുത്തിരുന്നു. ഓരോ മാസവും 3,000 രൂപ വിതം ലോണിലേക്ക് അടയ്ക്കണം. ഇനിയും 14 മാസ അടവുണ്ട്. പാട്ടത്തിനുനൽകിയ ഭൂമി തിരികെയെടുക്കാൻ അടുത്ത ഒരുവർഷത്തിനുള്ളിൽ 70,000 രൂപയും സുബ്ബയ്യയ്ക്ക് കണ്ടെത്തേണ്ടതുണ്ട്.
ജോലി കണ്ടെത്താനായാൽ ദിവസം 500 രൂപ സുബ്ബയ്യയ്ക്ക് സമ്പാദിക്കാനാകും. സാധാരണ മാസത്തിൽ 20 ദിവസമാണ് ജോലിയുണ്ടാകുക. ഫാമുകളിലും നിർമാണ സൈറ്റുകളിലും അദ്ദേഹം ജോലി ചെയ്യാറുണ്ട്. കരിമ്പിന്റെ വിളവെടുപ്പ് സമയം ഫാക്ടറികൾക്കുവേണ്ടി കരിമ്പ് മുറിക്കാൻ പോകും. പുല്ല് പറിക്കാനും കള പറിക്കാനുമൊക്കെ പോകുമായിരുന്ന മഹാദേവമ്മ ദിവസവും 200 രൂപ സമ്പാദിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ നടക്കാൻ പോലുമാകാത്തതിനാൽ വീട്ടുകാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത് ഒരാളുടെ മാത്രം സമ്പാദ്യത്തിലാണ്.
മാസം 200 ലിറ്ററോളം പാലിലൂടെ 6000 രൂപ സമ്പാദിച്ചുനൽകുമായിരുന്ന അവരുടെ കറവപ്പശു രണ്ട് വർഷമായി പ്രസവിച്ചിട്ടില്ല. ഒരു വരുമാന സ്രോതസുകൂടി അങ്ങനെ ഇല്ലാതായി.
ഹുനാസനലു ഗ്രാമത്തിലെ കുമ്മായമടിച്ച ഒറ്റമുറി വീടുമാത്രമാണ് ഇനി ഈ കുടുംബത്തിന് ബാക്കിയുള്ളത്.
ജീവിതത്തിലെ ഈ പ്രതിസന്ധികൾക്ക് മുമ്പ് ശ്രവണ വൈകല്യമുള്ളവർക്കായുള്ള പ്രത്യേക സ്കൂളിൽ മകനെ ചേർത്ത സുബ്ബയ്യ അവന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയിലായിരുന്നു. “അവൻ സമർത്ഥനാണ്. സംസാരിക്കാൻ കഴിയില്ല എന്നുമാത്രമേയുള്ളൂ,”അദ്ദേഹം തന്റെ മകനെക്കുറിച്ച് അഭിമാനത്തോടെ പറയുന്നു. അവനെ കൂടുതൽ പിന്തുണയ്ക്കാൻ കഴിയാത്തതിൽ അദ്ദേഹം ഖേദിക്കുന്നുമുണ്ട്.
ആഹാരം പാകം ചെയ്യുന്നതുമുതലുള്ള വീട്ടുകാര്യങ്ങൾ നോക്കുന്നത് അവരുടെ മകൾ പവിത്രയാണ്. വിവാഹച്ചിലവ് താങ്ങാൻ കഴിയാത്തതിനാൽ പവിത്രയുടെ വിവാഹസാധ്യതകൾ ഇരുളിലാണെന്നാണ് അച്ഛൻ പറയുന്നത്.
“അവളെ ആശുപത്രിയിലെത്തിക്കാൻ മാത്രം 500 രൂപ യാത്രക്കൂലിയാകും. പിന്നെ മരുന്നും എക്സ്‌റേയും മറ്റും. ഇപ്പോൾതന്നെ ജീവിതത്തിൽ ഉണ്ടാക്കിയ മുഴുവൻ സമ്പാദ്യവും ചികിത്സയ്ക്കായി ഉപയോഗിച്ചുകഴിഞ്ഞു. ഇനി ഞാൻ എവിടെനിന്ന് പണം കണ്ടെത്താനാണ്”, നിസ്സഹായനായ സുബ്ബയ്യ ചോദിക്കുന്നു.
ആൽമരം നഷ്‌ടമായതിൽ അദ്ദേഹത്തിന് ഇപ്പോഴും സങ്കടമുണ്ട്. “ഞാൻ നട്ടുവളർത്തിയ മരമായിരുന്നു അത്. അത് വിൽക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കും. പക്ഷെ എനിക്ക് മറ്റെന്ത് മാർഗമാണുണ്ടായിരുന്നത്? ”
മഹാദേവമ്മയ്ക്ക് ആവശ്യമായിരുന്ന ദീർഘകാലചികിത്സ ആ കുടുംബത്തിന് താങ്ങാനാകുമായിരുന്നില്ല. അതിനുള്ള സാമ്പത്തികം അവർക്ക് ആവശ്യമായിരുന്നു. സ്വന്തം സ്ഥലം തിരികെ നേടാനും രണ്ട് മക്കളുടെ ഭാവി സുരക്ഷിതമാക്കാനും പഴയതുപോലെ സ്വന്തം കാലിൽ ഉറച്ചുനിൽക്കാനും അവർക്ക് കൂടുതൽ പണം ആവശ്യമാണ്.
“പരസഹായമില്ലാതെ മുറ്റത്തേക്ക് ഇറങ്ങാൻപോലും എനിക്കാകില്ല,” പ്രകടമായ അസ്വസ്ഥതയോടെ മഹാദേവമ്മ പറഞ്ഞു.
“ഈ നാലംഗ കുടുംബത്തെ പോറ്റാൻ ജോലിയെടുക്കുന്ന ഒരേയൊരാൾ ഞാനാണ്. ശത്രുവിനുപോലും ഇങ്ങനെയൊരു വിധി ഉണ്ടാകരുതെന്നാണ് എന്റെ ആഗ്രഹം. ഈ ദുരിതത്തിന് ഒരു അറുതിയും ഞാൻ കാണുന്നില്ല,” നിരാശയോടെ സുബ്ബയ്യ പറഞ്ഞു.
പരിഭാഷ: അശ്വതി ടി കുറുപ്പ്