ടിംഗ് ടിംഗ് ടിംഗ്. ഉയർന്നും താഴ്ന്നുമുള്ള ഈ കുടമണിക്കിലുക്കങ്ങൾ ഇപ്പോൾ ദക്ഷിണകന്നടയിലെ ബെൽത്തങ്ങടി താലൂക്കിലെ കുന്നുമ്പ്രദേശങ്ങളിൽ വളരെ അപൂർവ്വമായേ കേൾക്കാൻ കഴിയൂ. “ഇപ്പോൾ ആരും ഇതുണ്ടാക്കുന്നില്ല”, ഹുക്രപ്പ പറയുന്നു. സാധാരണ കുടമണികളെക്കുറിച്ചല്ല അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ ഗ്രാമമായ ഷിബാജെയിൽ പശുക്കളുടെ കഴുത്തിൽ തൂക്കുന്ന കുടമണികൾ ലോഹംകൊണ്ടല്ല നിർമ്മിച്ചവയല്ല. കൈകൊണ്ട് മുളയിൽ തീർക്കുന്ന കുടമണികളാണ് അത്. 60-ന്റെ അവസാനത്തിലെത്തിനിൽക്കുന്ന ഹുക്രപ്പ എന്ന അടയ്ക്കാ കർഷകൻ ഈ അപൂർവ്വ വസ്തു ഉണ്ടാക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
“കന്നുകാലി മേയ്ക്കലായിരുന്നു എന്റെ പണി. ചിലപ്പോൾ അവയിൽ ചിലതിനെ കാണാതാകും. അങ്ങിനെയാണ് മുളകൊണ്ട് കുടമണിയുണ്ടാക്കുന്ന ആശയം ഉദിച്ചത്”, അദ്ദേഹം പറയുന്നു. കുന്നുമ്പ്രദേശത്ത് വഴി തെറ്റുകയോ മറ്റുള്ളവരുടെ കൃഷിസ്ഥലങ്ങളിലേക്ക് പോവുകയോ ചെയ്തിട്ടുള്ള പശുക്കളെ കണ്ടെത്താൻ ഇത് സഹായിക്കുന്നു. ഗ്രാമത്തിലെ പ്രായമായ ഒരാൾ ഈ വിദ്യ പഠിപ്പിക്കാമെന്ന് ഏറ്റപ്പോൾ ഹുക്രപ്പ സമ്മതിച്ചു. അങ്ങിനെയാണ് ഈ തൊഴിൽ അദ്ദേഹം സ്വായത്തമാക്കിയത്. ചുരുങ്ങിയ കാലത്തിനുള്ളിൽ, വിവിധ വലിപ്പത്തിലുള്ള കുടമണികൾ ഉണ്ടാക്കുന്നതിൽ അദ്ദേഹം സമർത്ഥനായി. മുള എളുപ്പത്തിൽ കിട്ടാൻ ഇടയുണ്ടായിരുന്നത് ഈ തൊഴിലിൽ സഹായകവുമായി. അദ്ദേഹത്തിന്റെ ഗ്രാമമായ ഷിബാജെ ഉൾപ്പെട്ട ബെൽത്തങ്ങാടി സ്ഥിതി ചെയ്തിരുന്നത് കർണ്ണാടകയിലെ പശ്ചിമഘട്ട പ്രദേശത്തെ കുദ്രെമുഖ് ദേശീയോദ്യാനത്തിന്റെ റിസർവ് വനത്തിന്റെ കീഴിലായിരുന്നു. മുളയുടെ മൂന്ന് വ്യത്യസ്ത ഇനങ്ങൾ ധാരാളമായുള്ള സ്ഥലമായിരുന്നു അത്.
മുളകൊണ്ടുള്ള കുടമണിക്ക് ഹുക്രപ്പയുടെ മാതൃഭാഷയായ തുളുവിൽ ‘ബൊംക’ എന്നാണ് പറയുക. കന്നടയിലാകട്ടെ, ‘മോണ്ടെ’ എന്നും. ഷിബാജെയുടെ സാംസ്കാരികജീവിതത്തിൽ അതിന് സവിശേഷമായൊരു സ്ഥാനമുണ്ട്. അവിടെയുള്ള ദുർഗ പർമേശ്വരി ക്ഷേത്രത്തിലെ ദേവതയ്ക്കുള്ള വഴിപാട് ‘മൊണ്ടെ’ എന്ന ഈ കുടമണികളാണ്. ക്ഷേത്രപരിസരത്തെ വിളിക്കുന്നതുതന്നെ ‘മോണ്ടെതഡ്ക’ എന്നാണ്. കന്നുകാലികളുടെ സംരക്ഷണത്തിനും തങ്ങളുടെ ആഗ്രഹപൂർത്തീകരണത്തിനുമായി വിശ്വാസികൾ ഈ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നു. ചിലർ ഹുക്രപ്പയെക്കൊണ്ട് കുടമണികൾ ഉണ്ടാക്കിച്ച് പൂജിച്ച് വഴിപാട് നേരുകയും ചെയ്യുന്നുണ്ട്. “ആളുകൾ ഇത് വാങ്ങി വഴിപാടായി നൽകുന്നു. ഉദാഹരണത്തിന് ഒരു പശു പ്രസവിച്ചില്ലെങ്കിൽ ആളുകൾ ഈ കുടമണികൾ മൂർത്തിക്ക് കാണിക്കവെക്കും”, അദ്ദേഹം പറയുന്നു. “ഒരു കുടമണിക്ക് 50 രൂപവരെ കിട്ടും. വലുതിന് 70 രൂപവരെയും”.
കൃഷിയിലേക്കും കരകൌശലപ്പണിയിലേക്കും തിരിയുന്നതിനുമുൻപ് കന്നുകാലി മേയ്ക്കലായിരുന്നു അദ്ദേഹത്തിന്റെ ഉപജീവനമാർഗ്ഗം. ഗ്രാമത്തിലെ മറ്റൊരു വീട്ടുകാരുടെ പശുക്കളെ നോക്കുന്ന ജോലിയായിരുന്നു ഹുക്രപ്പയ്ക്കും ജ്യേഷ്ഠനും. “ഞങ്ങൾക്ക് ഭൂമിയൊന്നുമുണ്ടായിരുന്നില്ല. വീട്ടിൽ ഞങ്ങൾ പത്തുപേരുണ്ടായിരുന്നു. അതുകൊണ്ട് ഭക്ഷണം ഒരിക്കലും ആവശ്യത്തിന് തികഞ്ഞിരുന്നില്ല. എന്റെ അച്ഛൻ ഒരു കൂലിവേലക്കാരനായിരുന്നു. മുതിർന്ന സഹോദരിമാരും പണിക്ക് പോകും”, അദ്ദേഹം പറയുന്നു. പിന്നീട്, നാട്ടിലെ ഒരു ഭൂവുടമ അവർക്ക് കുറച്ച് സ്ഥലം പാട്ടത്തിന് കൊടുക്കാൻ തയ്യാറായപ്പോൾ അവർ അതിൽ അടയ്ക്ക കൃഷി ചെയ്യാൻ തുടങ്ങി. “വിളവിൽ ഒരു ഭാഗം വാടകയുടെ കണക്കിൽ അയാൾക്ക് കൊടുത്തിരുന്നു. പത്തുവർഷം ആ ജോലി ചെയ്തു. 1970-കളിൽ ഇന്ദിരാഗാന്ധി ഭൂപരിഷ്കരണം കൊണ്ടുവന്നപ്പോൾ ആ സ്ഥലത്തിന്റെ അവകാശം ഞങ്ങൾക്ക് കിട്ടി”, ഹുക്രപ്പ പറയുന്നു.
കുടമണികളിൽനിന്ന് വലിയ വരുമാനമൊന്നും കിട്ടില്ല. “ഞങ്ങളുടെ ഈ ഭാഗത്ത് മറ്റാരും ഈ തൊഴിൽ ചെയ്യുന്നില്ല. എന്റെ മക്കളും ഈ തൊഴിൽ പഠിച്ചില്ല” ഹുക്രപ്പ പറയുന്നു. ഇതിനുപുറമേ, ഒരിക്കൽ ധാരാളമായി കിട്ടിയിരുന്ന മുളയും ഇപ്പോൾ കിട്ടാനില്ല. “7-8 നാഴിക (11-13 കിലോമീറ്ററുകൾ) നടന്നാലേ മുള കാണാൻ പറ്റൂ. അവിടെയും ഇനി അധികകാലം അതുണ്ടാവില്ല”, അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
പക്ഷേ, മുള വെട്ടി, ചീന്തിയെടുത്ത്, ആവശ്യമുള്ള ആകൃതിവരുത്തി കുടമണികളുണ്ടാക്കുന്ന ഹുക്രപ്പയുടെ വിദഗ്ദ്ധമായ കൈകളിൽ ആ പഴയ കരകൌശലവിദ്യ ഇപ്പോഴും ജീവിക്കുന്നു. ബൽത്തങ്ങാടിയുടെ കാടുകളിൽ ഇപ്പോഴും ആ കുടമണിക്കിലുക്കം പ്രതിദ്ധ്വനിക്കുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്