"ഈ നിയമങ്ങൾ പിൻവലിക്കുകയാണ് ഞങ്ങളുടെ ആവശ്യം”, ഹരിയാനാ-ഡൽഹി അതിർത്തിയിലെ സിംഘുവിൽ സമരം ചെയ്യുന്ന വിശ്വജോത് ഗ്രേവാൽ പറഞ്ഞു. “ഞങ്ങളുടെ ഭൂമിയോട് ഞങ്ങൾക്ക് അത്രയ്ക്കു ബന്ധമുണ്ട്, അതിനാൽ ആരെങ്കിലും ഞങ്ങളിൽ നിന്ന് ഭൂമി പിടിച്ചെടുക്കുന്നത് സഹിക്കാൻ കഴിയില്ല”, കർഷക കുടുംബത്തിൽ നിന്നുള്ള ഒരു 23-കാരി പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ പാർലമെന്റിൽ മൂന്നു കാർഷിക നിയമങ്ങൾ പാസ്സാക്കിയതു മുതൽ ലുധിയാനാ ജില്ലയിലെ പാമൽ ജില്ലയിൽ സമരങ്ങൾ സംഘടിപ്പിക്കാൻ സഹായിച്ചത് ഈ സ്ത്രീയാണ്.
അവരുടെ കുടുംബത്തിൽ നിന്നുള്ള സ്ത്രീകൾ, ഗ്രാമീണ ഇന്ത്യയിലെ 65 ശതമാനം സ്ത്രീകളേയും പോലെ (2011 സെൻസസ് പ്രകാരം), നേരിട്ടോ അല്ലാതെയോ കാർഷിക വൃത്തികളിൽ ഏർപ്പെടുന്നു. അവരിൽ നിരവധി പേർക്കും സ്വന്തമായി ഭൂമിയില്ല, പക്ഷേ അവർ കൃഷിയുടെ കേന്ദ്രസ്ഥാനത്തുണ്ട്. ഏതാണ്ടെല്ലാ കാർഷിക ജോലികളും അവർ ചെയ്യുന്നു - വിതയ്ക്കൽ, പറിച്ചു നടൽ, വിളവെടുപ്പ്, മെതിക്കൽ, പാടത്തുനിന്നും വീട്ടിലേക്കു വിളകൾ എത്തിക്കൽ, ഭക്ഷ്യ സംസ്കരണം, പാലുത്പാദനം, അങ്ങനെ പലതും.
ജനുവരി 11 -ന് ഇന്ത്യയുടെ പരമോന്നത കോടതി മൂന്നു കാർഷിക നിയമങ്ങളും താത്കാലികമായി നിർത്തി വയ്ക്കുന്ന ഒരുത്തരവ് പാസ്സാക്കിയപ്പോൾ സ്ത്രീകളേയും പ്രായമുള്ളവരേയും സമരസ്ഥലങ്ങളിൽ നിന്നും പിന്മാറാൻ ‘പ്രേരിപ്പിക്കണമെന്ന്’ ചീഫ് ജസ്റ്റിസ് പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു. പക്ഷേ ഈ നിയമങ്ങളുടെ പരിണിത ഫലങ്ങൾ സ്ത്രീകളേയും പ്രായമുള്ളവരേയും ബാധിക്കുന്നു.
താഴെപ്പറയുന്ന മൂന്നു നിയമങ്ങള്‍ക്കെതിരെയാണ് കർഷകർ സമരം ചെയ്തുകൊണ്ടിരിക്കുന്നത്: വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 . ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്റെ പ്രാധാന്യം ഇല്ലാതാക്കിക്കൊണ്ട് എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിയ്ക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.
2020 ജൂൺ 5-നാണ് ഈ നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു. കര്‍ഷകരുടെയും കൃഷിയുടെമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്കുന്നതിനാല് കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. മിനിമം താങ്ങു വില (എം.എസ്.പി.), കാർഷികോത്പ്പന്ന വിപണന കമ്മിറ്റികൾ (എ.പി.എം.സി.കള്‍), സംസ്ഥാന സംഭരണം, എന്നിവയുള്‍പ്പെടെ കർഷകർക്കു താങ്ങാകാവുന്ന എല്ലാത്തിനേയും അവ ദുർബലപ്പെടുത്തുന്നു.
“സ്ത്രീകളെയാണ് ഈ കാർഷിക നിയമങ്ങൾ ഏറ്റവും മോശമായി ബാധിക്കാൻ പോകുന്നത്. കൃഷിയിൽ നന്നായി ഏർപ്പെടുന്നുണ്ടെങ്കിലും അവർക്ക് തീരുമാനങ്ങൾ എടുക്കാനുള്ള അധികാരങ്ങൾ ഇല്ല. അവശ്യ സാധന നിയമങ്ങളിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ [ഉദാഹരരണത്തിന്] ഭക്ഷണത്തിന്റെ അപര്യാപ്തതയിലേക്കു നയിക്കുകയും സ്ത്രീകൾ അതിന്റെ ആഘാതങ്ങൾ നേരിടുകയും ചെയ്യും. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറിയായ മറിയം ധവാലെ പറയുന്നു.
ഇവരിലെ നിരവധി സ്ത്രീകൾ - ചെറുപ്പക്കാരും പ്രായമുള്ളവരും - ഡൽഹിയിലും പരിസരങ്ങളിലുമുള്ള കർഷക സമര വേദികളിലെ ശക്തമായ സാന്നിദ്ധ്യമാണ്. കർഷകരല്ലാത്ത മറ്റു നിരവധിപേർ പിന്തുണ അറിയിക്കുന്നതിനായി അവിടെ എത്തുകയും ചെയ്യുന്നു. ഇനിയും മറ്റു നിരവധിപേർ അവിടെ സാധനങ്ങൾ വിറ്റ് ദിവസക്കൂലി നേടുകയോ ലങ്കറുകളിൽ (സിഖ് സാമൂഹ്യ അടുക്കളകൾ) നിന്നു നിര്‍ലോഭം ലഭിക്കുന്ന ഭക്ഷണം കഴിക്കുകയോ ചെയ്യുന്നു.
പരിഭാഷ: റെന്നിമോന്‍ കെ. സി.