സന്ധ്യക്ക്‌, ആ ആളൊഴിഞ്ഞ തോട്ടത്തിലേക്ക് അയാൾ നടന്നു ചെന്നു. ഒരു ബെഞ്ചിൽ ഇരുന്നു. വലിയ വടിയും, ചെറിയ ഫോണും അടുത്തു വച്ചു. രണ്ടാം പ്രാവശ്യമാണ് ആ തോട്ടം ഒരു കൊല്ലത്തിനിടയിൽ ശാന്തമായത്. കുട്ടികളും മുതിർന്നവരുമെല്ലാം വീണ്ടും അവരുടെ വീടുകളിൽ അടച്ചു പൂട്ടിയിരുന്നു.

കുറച്ചു ദിവസങ്ങളായി അയാൾ ആ തോട്ടം സന്ദർശിക്കുന്നു. ചുറ്റും ഇരുട്ട് മൂടി തെരുവ് വിളക്കുകൾ പ്രകാശിച്ചു തുടങ്ങിയപ്പോൾ, മരച്ചില്ലകൾ നിലത്തു നിഴലുകൾ പരത്തി. അവിടുത്തെ വൃക്ഷങ്ങൾ ഇളംകാറ്റ് വീശി. നിലത്ത് വട്ടത്തിൽ ആടിക്കൊണ്ടിരുന്ന കരിയിലകൾ നൃത്തം ചെയ്ത് ശ്രദ്ധ തിരിക്കാൻ സഹായിച്ചു. എന്നിട്ടും, അയാളുടെ ഉള്ളിലെ ഇരുട്ട് കൂടുതൽ ആഴത്തിൽ താണു. മണിക്കൂറുകളോളം അയാൾ അവിടെ ഇരുന്നു. പുറമെ ശാന്തനായിരുന്നെങ്കിലും അകമെ വളരെ അസ്വസ്ഥനായിരുന്നു.

ആ ചെറുപ്പക്കാരൻ, ഒരുപക്ഷെ അയാൾ തന്‍റെ 20 കളുടെ മധ്യത്തിലായിരിക്കാം, അവിടെ ഒരു സുപരിചിത കാഴ്ച ആയിരുന്നു. എന്നിട്ടും പലർക്കും അപരിചിതനായിരുന്നു അയാൾ. അയാളുടെ വേഷം അയാളുടെ പണിയെകുറിച്ച് പറഞ്ഞു - അടുത്ത ഒരു കെട്ടിടത്തിന്‍റെ കാൽവൽക്കാരൻ. അയാളുടെ പേര്... ആർക്കറിയണം? 7 കൊല്ലത്തെ സുരക്ഷ പണിക്കു ശേഷവും, ഫ്ളാറ്റുകൾക്കുള്ളിലെ മുതലാളിമാർക്ക് അയാൾ വെറും അജ്ഞാതൻ.

ഉത്തർ പ്രദേശിലെ ബുന്ദേൽഖണ്ഡിൽ നിന്നാണ് അയാൾ വന്നത്. അവിടെ വച്ചാണ് അയാളുടെ അച്ഛൻ- ഒരു പ്രാദേശിക കവിയും കഥാകൃത്തും- സ്വന്തം ആശയങ്ങൾ ശബ്ദിച്ചതിനു കൊല്ലപ്പെട്ടത്. സ്വയം പ്രകടിപ്പിച്ചതിനു മരണപ്പെട്ടത്. അദ്ദേഹത്തിന്‍റെ എഴുത്തുകളും പുസ്തകങ്ങളും- അദ്ദേഹത്തിന്‍റെ മൂല്യമുള്ള ആകെ സമ്പത്ത് - അവർ ദേഷ്യത്തിൽ കത്തിച്ചു കളഞ്ഞു. ഒരു തകർന്ന കത്തിക്കരിഞ്ഞ കുടിൽ ബാക്കിനിന്നു. അതുപോലെ തന്നെ തകർന്ന് മുറിവേറ്റ ഒരമ്മയും 10 വയസുകാരൻ മകനും. ആ സ്ത്രീയുടെ ഉള്ളിൽ ഭയം അരിച്ചു കയറി: മകനേയും അവർ കൊണ്ടുപോയാലോ? അമ്മ മകനോട് ഓടി രക്ഷപെടാൻ പറഞ്ഞു, ഓടാൻ പറ്റുന്ന അത്രയും ദൂരം പോകാൻ.

പഠിച്ച് ഒരു നിലയിൽ എത്തണം എന്ന് അയാൾ ആഗ്രഹിച്ചുവെങ്കിലും, അഭയം കണ്ടെത്തിയ മുംബൈ പട്ടണത്തിന്‍റെ റെയിൽവേ സ്റ്റേഷനുകളിൽ അയാൾ ചെരുപ്പ് വൃത്തിയാക്കി ജീവിക്കുകയാണ് ഉണ്ടായത്. ഓടകൾ വൃത്തിയാക്കി, വാർക്ക പണിക്കു പോയി- പതിയെ ഒരു സുരക്ഷ ഗാർഡിന്‍റെ തസ്തികയിലേക്ക് അയാൾ സ്വയം സ്ഥാനക്കയറ്റം ചെയ്തു. അമ്മക്ക് പണം അയയ്ക്കാൻ ഇത് മതിയായിരുന്നു. വൈകാതെ, അവർക്കു തന്‍റെ മകനെ വിവാഹം കഴിച്ചു കാണാൻ ആഗ്രഹമായി.

അവരാണ് ആ യുവതിയെ കണ്ടെത്തിയത്. അവളുടെ ഇരുണ്ട മൂർച്ചയുള്ള കണ്ണുകളിൽ അയാൾ ആകൃഷ്ടനായി. 17 കാരിയായിരുന്ന മധുനാ ഭംഗി, അവളുടെ പേര് പോലെ തന്നെ ഓമനത്തം നിറഞ്ഞ പ്രസന്നവദനയായിരുന്നു. അയാൾ അവളെ മുംബൈക്ക് കൊണ്ടുവന്നു. അതുവരെ വേറെ 10 പേരുടെ കൂടെ നാലാസോപാരയിലെ ഒരു ചൗളിലെ ചെറിയ മുറിയിലായിരുന്നു അയാളുടെ താമസം. ഇപ്പോള്‍ മധുനാ കൂടെയുള്ളതുകൊണ്ട് കുറച്ചു ദിവസത്തേക്ക് ഒരു സുഹൃത്തിന്‍റെ മുറി വാടകയ്ക്ക് എടുത്തു. അവൾ എപ്പോഴും അയാളെ ചുറ്റിപ്പറ്റി നിന്നു. തിരക്ക് നിറഞ്ഞ തീവണ്ടി യാത്രയും, ഉയർന്ന കെട്ടിടങ്ങളും, തിങ്ങി നിന്ന ബസ്തി കളുമെല്ലാം അവളെ ഭയപ്പെടുത്തി. അധികം വൈകാതെ അവൾ അയാളോട് പറഞ്ഞു, "ഇവിടെ ഇനി എനിക്ക് നില്ക്കാൻ വയ്യ. നാട്ടിലെ ഇളം കാറ്റ് ഇവിടെ ഇല്ല". തന്‍റെ നാട് വിട്ട് ആദ്യമായി വന്നപ്പോൾ അയാൾക്കും ഇത് തോന്നിയിരുന്നു.

വൈകാതെ മധുനാ ഗർഭിണിയായി. അവൾ അവരുടെ നാട്ടിലേക്ക് തിരിച്ചു പോയി. അയാളും അവളുടെ കൂടെ ആയിരിക്കാൻ തീരുമാനിച്ചിരിക്കെ, കോവിഡ് ലോക്ക്ഡൗൺ മൂലം അത് നടക്കാതെപോയി. അവധിക്കായി മുതലാളിമാരോട് അയാൾ കുറേ അപേക്ഷിച്ചെങ്കിലും അവർ സമ്മതിച്ചില്ല. നാട്ടിലേക്ക് പോയാൽ തിരികെ വരുമ്പോൾ ആ ജോലി വീണ്ടും അയാൾക്ക്‌ കൊടുക്കില്ല എന്ന് അവർ പറഞ്ഞു. മാത്രമല്ല, അയാൾ ആ പുതിയ അസുഖം തന്‍റെ കുഞ്ഞിന് പകർന്ന് കൊടുക്കാൻ സാധ്യതയുണ്ട് എന്നും അവർ വിശദീകരിച്ചു.

അവർ പറഞ്ഞതൊക്കെ കേട്ട് അയാൾ സ്വയം ആശ്വസിച്ചു (യഥാർത്ഥത്തിൽ അവരുടെ ആശങ്ക അവരുടെ കെട്ടിടത്തിന് കാവൽ ഇല്ലാതാകരുത് എന്നായിരുന്നു). കുറച്ച് ആഴ്ചകളുടെ കാര്യമല്ലേയുള്ളൂ എന്ന് അയാൾ ചിന്തിച്ചു. പിന്നെ പൈസയും പ്രധാനപ്പെട്ടതാണല്ലോ- തന്‍റെ കുട്ടിക്കാലത്ത് ഒരുപാട് ആഗ്രഹിച്ചിട്ടും കിട്ടാതെപോയതെല്ലാം തന്‍റെ കുട്ടിക്ക് കൊടുക്കണം എന്ന് അയാൾ ആശിച്ചു. കുറച്ച് നാളു മുന്നേ, ബസാറിൽ ഒരു കുഞ്ഞു മഞ്ഞ ഉടുപ്പ് കണ്ടിരുന്നു. കടകൾ വീണ്ടും തുറക്കുമ്പോൾ അത് വാങ്ങാം എന്ന് കരുതി, കൂടെ മധുനയ്ക്ക് ഒരു സാരിയും. അയാളുടെ മനസിലെ അശാന്തതയിൽ മുഴുവനും പിറക്കാൻപോകുന്ന തന്‍റെ കുട്ടിയെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.

നാട്ടിലായിരുന്ന മധുനയുടെ പക്കൽ ഫോൺ ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ തന്നെയും നെറ്റ്‌വർക്ക് അവിടെ എന്നും ഒളിച്ചു കളിയായിരുന്നു. അവൾ അയാളുടെ നമ്പർ എഴുതിയിരുന്ന ചീട്ട് അവിടുത്തെ കിരണ കടയ്ക്കടുത്തുള്ള ഫോൺ ബൂത്തിൽ കൊണ്ടുപോയി അയാളെ വിളിക്കുമായിരുന്നു. പക്ഷെ അപ്പോൾ കടകൾ അടച്ചിരുന്നതിനാൽ ഒരു അയൽവാസിയുടെ മൊബൈൽ കടമെടുത്തായിരുന്നു സംസാരിച്ചിരുന്നത്.

ഭർത്താവിനോട് തിരികെ വീട്ടിലേക്കു വരാൻ അവൾ അപേക്ഷിച്ചു. അയാൾ എങ്ങും പോകാനാകാതെ മുംബൈയിൽ തുടർന്നു. കുറച്ച് ആഴ്ചകൾക്കു ശേഷം അയാൾക്ക്‌ ആ വാർത്ത ലഭിച്ചു- അവൾ ഒരു പെൺകുഞ്ഞിന് ജന്മം കൊടുത്തു. അവർ കുട്ടിക്ക് പേര് ഇട്ടില്ല. ആദ്യം അയാൾ കുട്ടിയെ കാണണം എന്നായിരുന്നു മധുനയ്ക്ക്.

കൂടുതൽ രാത്രിയായി വിളക്കുകൾ മങ്ങി തുടങ്ങിയപ്പോൾ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് അയാളുടെ രാത്രിയിലെ ഉലാത്തൽ ആരംഭിച്ചു. ഫ്ലാറ്റുകളിൽ എല്ലാം വെളിച്ചം ഉണ്ടായിരുന്നു. ചില ജനാലകളിൽ നിന്ന് ടി വി സ്ക്രീനിലെ വെളിച്ചം പുറത്തു വന്നു. ഒരു കുട്ടിയുടെ ചിരി എവിടെനിന്നോ കേട്ടു. എവിടെയൊക്കെയോ പ്രഷർ കുക്കറുകൾ ചീറ്റി.

ലോക്ക്ഡൗൺ സമയത്ത്, രാത്രിയും പകലും എല്ലാ സമയത്തും ഓർഡർ അനുസരിച്ചു ഭക്ഷണം ഫ്ളാറ്റുകളിലേക്ക് അയാൾ എത്തിച്ചിരുന്നു. മധുനയ്ക്കും കുട്ടിക്കും കഴിക്കാൻ ആവശ്യത്തിനുണ്ടെന്ന് അയാൾ പ്രത്യാശിച്ചു. വയ്യാതിരുന്ന താമസക്കാരെ ആംബുലൻസിലേക്കെത്തിക്കാൻ അയാൾ സഹായിച്ചു. അയാൾക്കും അസുഖം എന്ന്  വേണമെങ്കിലും പിടിപെടാം എന്ന് അയാൾ മറന്നു. അസുഖം പിടിപെട്ട ഒരു സഹപ്രവർത്തകനെ ജോലിയിൽ നിന്നും പിരിച്ചു വിടുന്നത് അയാൾ കണ്ടു. ആ ഭയത്തിൽ അയാൾ നിശബ്ദമായി ചുമച്ചു, തന്‍റെയും ജോലി പോയാലോ.

ആ കെട്ടിടത്തിലെ ഒരു വീട്ടുജോലിക്കാരി തന്നെ തിരികെ ജോലിക്കെടുക്കുന്നതിനായി കെഞ്ചുന്നത്‌ അയാൾ കണ്ടു. അവരുടെ മകൻ വിശപ്പും ക്ഷയരോഗവും കാരണം തളർന്നിരുന്നു. അവരുടെ ഭർത്താവ് എല്ലാ സമ്പാദ്യവും എടുത്ത് അവരെ ഉപേക്ഷിച്ച് പോയതാണ്. കുറച്ചു കഴിഞ്ഞ്, അവർ തന്‍റെ പെൺകുട്ടിയുമായി തെരുവിൽ ഭിക്ഷയാചിക്കുന്നത് ആ സുരക്ഷ ഗാർഡ് കണ്ടു.

പച്ചക്കറി വിറ്റിരുന്ന ആളുടെ ഉന്തുവണ്ടി ഗുണ്ടകൾ മറിച്ചിടുന്നത് അയാൾ നോക്കി നിന്നു. ആ മനുഷ്യന്‍റെ ജീവിതം തന്നെ തകിടം മറിഞ്ഞു. ജോലി ചെയ്യുവാൻ അനുവാദത്തിനായി അയാൾ ഉറക്കെ കരഞ്ഞപേക്ഷിച്ചു - അന്നത്തെ ഇഫ്‌താറിന്‌ കഴിക്കാൻ അയാൾക്ക് ഒന്നും ഉണ്ടായിരുന്നില്ല. അയാളുടെ കുടുംബം അയാൾക്കായി കാത്തിരിപ്പുണ്ടായിരുന്നു. അവർ അയാളെ രക്ഷിക്കുകയായിരുന്നുവെന്ന് ഗുണ്ടകൾ പറഞ്ഞു, അല്ലെങ്കിൽ അയാൾക്കും ആ അസുഖം പിടിപെട്ടേക്കാമെന്ന്. അവർ അയാളുടെ ഉന്തുവണ്ടി കൊണ്ടുപോയപ്പോൾ നിലത്തു പച്ചക്കറികൾ ഒരു വലിയ സദ്യപോലെ നിരന്ന് കിടന്നു. അയാൾ ഓരോന്നായി പെറുക്കിയെടുത്ത് ഷർട്ട് മടക്കി, അതിൽ ഇടാൻ ശ്രമിച്ചു. തക്കാളികൾ അയാളുടെ കുപ്പായത്തിൽ ചുവപ്പു പൂശി. താമസിയാതെ, ഷർട്ടിൽ നിന്നും പച്ചക്കറികൾ താഴെ വീണു.

അവിടുത്തെ നിവാസികൾ ആ കാഴ്ച അവരുടെ ജനാലകളിൽ നിന്നു ഉറ്റു നോക്കി, ഫോണുകളിൽ പകർത്തി. സർക്കാരിനെ അഭിസംബോധന ചെയ്യുന്ന ക്രോധം നിറഞ്ഞ കുറിപ്പുകളോട് കൂടി വിഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു.

കുറച്ച് നാളു മുന്നേ, ബസാറിൽ ഒരു കുഞ്ഞു മഞ്ഞ ഉടുപ്പ് കണ്ടിരുന്നു. കടകൾ വീണ്ടും തുറക്കുമ്പോൾ അത് വാങ്ങാം എന്ന് കരുതി, കൂടെ മധുനയ്ക്ക് ഒരു സാരിയും

ഡിസംബറോടുകൂടി, എന്തായാലും നാട്ടിൽ പോകാം എന്ന് അയാൾ ആശിച്ചു, മറ്റു സുരക്ഷ ഗാർഡുകൾ തിരിച്ചെത്തുമ്പോൾ. പക്ഷെ പുതിയ ആളുകളും ജോലി തേടി വരുന്നുണ്ടായിരുന്നു. അവരുടെ തീക്ഷ്ണത അയാൾ കണ്ടു. അവർ അയാളെ അസൂയയോടെ നോക്കി. ആ സാഹചര്യത്തിൽ പോയാൽ, ജോലി നഷ്ടപ്പെടും എന്ന് അറിയാമായിരുന്നതുകൊണ്ട്, അയാൾ കുറച്ചു നാളുകൂടി അവിടെ തന്നെ പിടിച്ചു നില്ക്കാൻ സ്വയം നിർബന്ധിച്ചു. എല്ലാത്തിനുമുപരി, മധുനയ്ക്കും കുട്ടിക്കും വേണ്ടിയാണല്ലോ ഇതെല്ലം എന്ന് കരുതി ആശ്വസിച്ചു. കടത്തിന്‍റെ പേരിൽ ഗ്രാമത്തിലെ ജന്മിയുടെ ഉപദ്രവത്തേയും, കഴിക്കുന്ന ചെറിയ അളവ് ഭക്ഷണത്തേയും ചൊല്ലി അവൾ പരാതിപ്പെടില്ല എന്ന് അയാൾക്ക്‌ അറിയാമായിരുന്നു.

വീണ്ടും ഒരു ലോക്ക്ഡൗണിനെക്കുറിച്ച് വാർത്ത വന്നു. ആംബുലൻസുകൾ ഉറക്കെ നിലവിളിച്ചുകൊണ്ട് പാഞ്ഞുകൊണ്ടിരുന്നു. കഴിഞ്ഞ കൊല്ലത്തേക്കാളും മോശം ആയിരുന്നു ഇക്കൊല്ലം. കോവിഡ് പോസിറ്റീവ് ആയതു കാരണം വയസായ ഒരു മനുഷ്യനെ വീട്ടിൽ നിന്നും പുറത്താക്കുന്നത് അയാൾ കണ്ടു. കരയുന്ന ചെറിയ കുട്ടികളെ ആശുപത്രികളിൽ കൊണ്ടുപോകുന്നതും അയാൾ കണ്ടു.

അയാൾ ജോലി ചെയ്തുകൊണ്ടിരുന്നു. വൈകാതെ അടുത്തെത്താം എന്ന് മധുനയ്ക്ക് ഉറപ്പുകൊടുക്കുകയും ചെയ്തു. എല്ലാ പ്രാവശ്യവും അവൾ കരഞ്ഞു. അവൾക്കു പേടിയായിരുന്നു: "സ്വയം രക്ഷപെടു. ഞങ്ങൾക്ക് നിങ്ങളെ മാത്രം മതി. നമ്മുടെ കുഞ്ഞ് അവളുടെ അച്ഛന്‍റെ സാമീപ്യം ഇതുവരെ അറിഞ്ഞിട്ടില്ല". അവളുടെ വാക്കുകൾ അയാളുടെ ഉള്ളിൽ തുളഞ്ഞു കയറി, അവളുടെ ശബ്ദം  അയാൾക്ക്‌ സാന്ത്വനമേകി. കുറച്ചു നിമിഷങ്ങൾ മാത്രം നീണ്ടു നിന്നിരുന്ന ആ ഫോൺ കോളുകൾ രണ്ടു പേർക്കും മറ്റെന്തിനേക്കാളും ഉപരിയായിരുന്നു. അവർ കുറച്ചേ സംസാരിച്ചുള്ളു എങ്കിലും, ഇരുവരുടെയും ശ്വസനത്തിന്‍റെ ശബ്ദം പരസ്പരം  ഇരുവർക്കും ആശ്വാസമേകി.

അപ്പോൾ വേറെ ഒരു കോൾ വന്നു: "ഒരു ആശുപത്രിയിലും അവരെ കയറ്റിയില്ല. കിടക്കകൾ ഒന്നും ഒഴിവില്ല, ഓക്സിജൻ എങ്ങും കിട്ടാനില്ല. നിങ്ങളുടെ ഭാര്യയും കുട്ടിയും അവസാനം വരെ ശ്വാസത്തിനായി പ്രയാസപ്പെട്ടു" അപ്പുറത്ത് പരിഭ്രമിച്ചു നിന്ന ഗ്രാമവാസി അറിയിച്ചു. അയാൾ തന്‍റെ അച്ഛന് വേണ്ടി ഓക്സിജൻ തേടുകയായിരുന്നു. ഗ്രാമം മുഴുവൻ തന്നെയും ശ്വാസത്തിനായി വീർപ്പുമുട്ടുകയായിരുന്നു.

അതുവരെ സുരക്ഷ ഗാർഡിനെ കൂട്ടി നിർത്തിയിരുന്ന നേരിയ ഇഴ പൊട്ടി പോയി. മുതലാളി ഒടുവിൽ അയാൾക്ക്‌ ചുട്ടി കൊടുത്തു. ഇപ്പോള്‍ പക്ഷെ, അയാൾ ആരുടെ അടുത്തേക്ക് മടങ്ങും? അയാൾ അയാളുടെ ജോലിയിലേക്ക് മടങ്ങി. ഭക്ഷണ പൊതികൾ അങ്ങോട്ടും ഇങ്ങോട്ടും എത്തിച്ചു കൊടുക്കുന്നത് തുടർന്നു. മഞ്ഞ ഉടുപ്പും സാരിയും വൃത്തിയായി പൊതിഞ്ഞത് അയാളുടെ ചെറിയ ബാഗിൽ ഇരുന്നു. മധുനയും, പേരിടാത്ത അവരുടെ കുഞ്ഞും എവിടെയോ കത്തിയോ വലിച്ചെറിയപ്പെട്ടോ കിടന്നു.

പരിഭാഷ: ഗ്രെയ്‌സ് പോൾ വല്ലൂരാൻ

Aakanksha

آکانکشا (وہ صرف اپنے پہلے نام کا استعمال کرتی ہیں) پاری کی رپورٹر اور کنٹینٹ ایڈیٹر ہیں۔

کے ذریعہ دیگر اسٹوریز Aakanksha
Illustrations : Antara Raman

انترا رمن سماجی عمل اور اساطیری خیال آرائی میں دلچسپی رکھنے والی ایک خاکہ نگار اور ویب سائٹ ڈیزائنر ہیں۔ انہوں نے سرشٹی انسٹی ٹیوٹ آف آرٹ، ڈیزائن اینڈ ٹکنالوجی، بنگلورو سے گریجویشن کیا ہے اور ان کا ماننا ہے کہ کہانی اور خاکہ نگاری ایک دوسرے سے مربوط ہیں۔

کے ذریعہ دیگر اسٹوریز Antara Raman
Editor : Sharmila Joshi

شرمیلا جوشی پیپلز آرکائیو آف رورل انڈیا کی سابق ایڈیٹوریل چیف ہیں، ساتھ ہی وہ ایک قلم کار، محقق اور عارضی ٹیچر بھی ہیں۔

کے ذریعہ دیگر اسٹوریز شرمیلا جوشی
Translator : Grace Paul Vallooran

Grace Paul is a PG student of Journalism at Savitribai Phule Pune University.

کے ذریعہ دیگر اسٹوریز Grace Paul Vallooran