“ഓരോ വീടും മാസത്തില്‍ നാല് തവണയെങ്കിലും സന്ദര്‍ശിക്കുന്ന വിധത്തില്‍ ദിവസവും 25 വീടുകളാണ് കൊറോണ വൈറസ് സർവേ നടത്തുന്നതിന്റെ ഭാഗമായി ഞങ്ങൾ സന്ദർശിക്കേണ്ടത്”, സുനിത റാണി പറഞ്ഞു. 10 ദിവസത്തിലേറെയായി അവർ സന്ദര്‍ശനങ്ങള്‍ നടത്തുന്നു. അതേസമയം ഹരിയാനയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഏപ്രിൽ 14 വരെ 180 സ്ഥിരീകരിച്ച കേസുകളും രണ്ട് മരണങ്ങളുമാണ് രേഖപ്പെടുത്തിയിയിരിക്കുന്നത്.
“ആളുകൾ ഈ രോഗത്തെ ഭയപ്പെടുന്നു. സ്പർശനത്തിലൂടെയാണ് ഇത് പകരുന്നതെന്നാണ് പലരും കരുതുന്നത്. മാദ്ധ്യമങ്ങൾ ‘സാമൂഹിക അകലം’ പാലിക്കാൻ ആവശ്യപ്പെടുന്നു. കൊറോണ വൈറസ് എന്താണെന്നും എങ്ങനെ അകലം പാലിക്കണമെന്നും വിശദീകരിച്ചതിനുശേഷവും, അവരെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് എനിക്കറിയില്ല,” സുനിത പറഞ്ഞു. “ഏഴ് പേർ ഒരുമിച്ച് താമസിക്കുന്ന 10 ചതുരശ്ര അടി മാത്രമുള്ള വീട്ടിൽ എങ്ങനെ സാമൂഹിക അകലം സൂക്ഷിക്കാനാണ്?”
ഹരിയാനയിലെ സോനീപത് ജില്ലയിലെ നാഥുപൂർ ഗ്രാമത്തിൽ ജോലി ചെയ്യുന്ന അംഗീകൃത സാമൂഹ്യാരോഗ്യ പ്രവര്‍ത്തക (Accredited Social Health Activist) അഥവാ ആശ (ASHA) പ്രവര്‍ത്തകയാണ് 39 കാരിയായ സുനിത. ഇന്ത്യയിലെ ഗ്രാമീണ ജനതയെ പൊതുജനാരോഗ്യ സംവിധാനവുമായി ബന്ധിപ്പിക്കുന്ന 10 ലക്ഷത്തിലധികം പ്രവർത്തകരിൽ ഒരാൾ. കോവിഡ്-19 ഏറ്റവും വലിയ പൊതുജനാരോഗ്യ-സാമൂഹ്യക്ഷേമ പ്രതിസന്ധിയായി മാറിയതോടെ, നവജാതശിശുക്കൾക്ക് കുത്തിവയ്പ് നൽകുന്നത് മുതൽ ഗർഭിണികളായ സ്ത്രീകളെ പരിപാലിക്കുക, കുടുംബാസൂത്രണത്തെക്കുറിച്ച് അവരെ ഉപദേശിക്കുക - എന്നിങ്ങനെ 60-ലധികം ജോലികൾ ഉൾപ്പെട്ട ഇവരുടെ പൊതുവെ തിരക്കേറിയ പ്രവൃത്തി ദിനം തകിടം മറിഞ്ഞിരിക്കുകയാണ്.
മാർച്ച് 17 ന് ഹരിയാന ആദ്യത്തെ കോവിഡ്-19 കേസ് ഗുരുഗ്രാമിൽ റിപ്പോർട്ട് ചെയ്തപ്പോൾ സോനീപതിലെ ആശാ പ്രവർത്തകർക്ക് അവരുടെ സൂപ്പർവൈസർമാരിൽ നിന്ന് ഈ രോഗത്തെക്കുറിച്ച് ഒരു അറിവും ലഭിച്ചിട്ടുണ്ടായിരുന്നില്ല. നാല് ദിവസത്തിന് ശേഷം സോനീപതിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തു. അപ്പോഴും തങ്ങള്‍ പാലിക്കുകയോ ഗ്രാമീണരെ ബോധവാന്മാരാക്കുകയോ ചെയ്യേണ്ട പുതിയ സുരക്ഷാ ചട്ടങ്ങളെക്കുറിച്ച് ഒരു വിവരവും സൂപ്പർവൈസർമാരിൽ നിന്ന് ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. ഏപ്രിൽ രണ്ടാം തീയതിയോടെ സുനിതയ്ക്കും സോനീപതിലെ 1,270 ആശാ പ്രവർത്തകർക്കും മാരകമായ സാര്‍സ് കോവ്-2 (SARS-CoV-2) വൈറസിനെതിരെ പ്രവർത്തിക്കുന്നതിനാവശ്യമായ അവബോധവും പരിശീലനവും ലഭിക്കുമ്പോഴേക്കും, രാജ്യവ്യാപകമായി ലോക്ക്ഡൗൺ നടപ്പിലാക്കിയിരുന്നു. സംസ്ഥാനത്തെ ആദ്യത്തെ കോവിഡ്-19 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
തന്റെ ഗ്രാമത്തിലെ ഏകദേശം ആയിരം പേരുടെ ചുമതലയുള്ള സുനിതയുടെ പുതിയ ഉത്തരവാദിത്തങ്ങളിൽ ഓരോ കുടുംബത്തിലും എല്ലാ കുടുംബാംഗങ്ങളുടെയും പ്രായം, ആരെങ്കിലും രാജ്യത്തിന് പുറത്തുനിന്ന് മടങ്ങിയെത്തിയിട്ടുണ്ടോ, കോവിഡ്-19 ബാധിക്കാൻ ഉയർന്ന അപകടസാധ്യതയുള്ളവരുടെ - കാൻസർ, ക്ഷയം അല്ലെങ്കിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവരുടെ - ആരോഗ്യസ്ഥിതി എന്നിവ ഉൾപ്പെട്ട വിവരങ്ങളുടെ രേഖകളുണ്ടാക്കുക എന്നതും പെടുന്നു. “ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങൾ അല്ലെങ്കിൽ കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ ആർക്കെങ്കിലുമുണ്ടോ എന്ന് പരിശോധിച്ച് ഞാൻ കുറിപ്പ് തയ്യാറാക്കുന്നു. ഇതത്ര ബുദ്ധിമുട്ടുള്ള ജോലിയല്ല. വിശദമായ റെക്കോർഡ് സൂക്ഷിക്കൽ എനിക്ക് ശീലമാണ്, എന്നാലിപ്പോൾ സാഹചര്യങ്ങൾ പൂർണ്ണമായും മാറിയിരിക്കുന്നു,” സുനിത പറഞ്ഞു.
“ഞങ്ങൾക്ക് മാസ്കുകൾ നൽകിയിട്ടില്ല. ഏപ്രിൽ 2-ന് കൊറോണ വൈറസിനെക്കുറിച്ചുള്ള ആദ്യത്തെ പരിശീലനം പൂർത്തിയായപ്പോൾ ഞങ്ങൾ സുരക്ഷാ ഉപകരണങ്ങൾ ആവശ്യപ്പെട്ടിരുന്നു. അടിസ്ഥാന വിദ്യാഭ്യാസം ഉള്ളവരും വാർത്തകൾ വായിക്കുന്നവരുമാണ് ഞങ്ങൾ. അവർ ഞങ്ങൾക്ക് മാസ്കുകളോ ഹാൻഡ് സാനിറ്റൈസറുകളോ കൈയുറകളോ ഒന്നും തന്നിട്ടില്ല. ഞങ്ങൾ നിർബന്ധമായി ആവശ്യപ്പെട്ടപ്പോൾ ചില ആശാ പ്രവർത്തകർക്ക് മാത്രം കോട്ടൺ മാസ്കുകൾ ലഭിച്ചു. ബാക്കിയുള്ളവർ സ്വന്തം ആവശ്യത്തിനും ഗ്രാമത്തിൽ അസുഖത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നവർക്കുമുള്ള മാസ്കുകൾ വീട്ടിൽ ഉണ്ടാക്കുകയായിരുന്നു. ഞങ്ങളെല്ലാവരും സ്വന്തമായി കൈയുറകൾ വാങ്ങി,” സുനിത കൂട്ടിച്ചേർത്തു.
കോവിഡ്-19 ന്റെ പ്രാഥമിക നിർണ്ണയത്തിനായി യാതൊരു സുരക്ഷാ ഉപകരണവുമില്ലാതെ ആശാ പ്രവർത്തകരെ വീടുതോറും അയയ്ക്കുന്നത് ഔദ്യോഗിക അനാസ്ഥയുടെ ഒരു ഭാഗം മാത്രമാണ്. പുതിയ രോഗത്തിന്റെയും ഇൻഫ്ലുവൻസയുടെയും ലക്ഷണങ്ങളെ എങ്ങനെ വേർതിരിച്ചറിയാം, അല്ലെങ്കിൽ കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലുള്ളവർ ആരൊക്കെ എന്നിവയെക്കുറിച്ച് ആശാ പ്രവർത്തകർക്ക് ഒരിക്കൽ മാത്രം വെറും രണ്ട് മണിക്കൂറാണ് പരിശീലനം നൽകിയത്. രോഗലക്ഷണങ്ങള്‍ കാണിക്കാത്ത കോവിഡ്-19 രോഗികളെക്കുറിച്ചോ, അല്ലെങ്കിൽ ശ്രദ്ധിക്കേണ്ട മറ്റു ലക്ഷണങ്ങളെക്കുറിച്ചോ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിശദാംശങ്ങള്‍ പോലും നൽകാതെയാണ് ആശ പ്രവർത്തകരെ ഈ സേവനത്തിനു തള്ളി വിടുന്നത്, അതും അവസാനനിമിഷത്തിനു ശേഷമുള്ള സമയത്ത്.
മാസ്ക് ലഭിക്കാത്തവരിൽ സോനീപതിലെ ബഹൽഗഡ് ഗ്രാമത്തിലെ ആശാ പ്രവർത്തകയായ ഛവി കശ്യപും (39) ഉൾപ്പെടുന്നു. സ്വന്തമായി മാസ്കുണ്ടാക്കി ഉപയോഗിക്കാനാണ് അവരോട് നിർദേശിച്ചത്. “ഞാൻ വീട്ടിൽ നിർമ്മിച്ച മാസ്ക് കുറച്ചു ദിവസം ഉപയോഗിച്ചു. പക്ഷേ അത് വേണ്ടത്ര ഇറുക്കമുള്ളതായിരുന്നില്ല. എനിക്ക് രണ്ട് കുട്ടികളുണ്ട്, എന്റെ ഭർത്താവും ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്നു,” അവർ പറഞ്ഞു. “എനിക്ക് അപകടം വരുത്തിവയ്ക്കാന് ആഗ്രഹമുണ്ടായിരുന്നില്ല, അതിനാൽ ഞാൻ പിന്നീട് മാസ്കിനു പകരം എന്റെ ചുന്നി (ദുപ്പട്ട) ഉപയോഗിച്ചു.” ചുന്നി എങ്ങനെ സമ്പൂർണ്ണ പരിരക്ഷ നൽകുന്ന മാസ്കായി ഉപയോഗിക്കാം എന്ന് പരിചയപ്പെടുത്തുന്ന ഒരു വീഡിയൊ ഹരിയാനയിലെ ആശ യൂണിയന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ വ്യാപകമായി പങ്ക് വയ്ക്കപ്പെട്ടിരുന്നു. ഇതിലൂടെയാണ് അവര്‍ അത് മനസ്സിലാക്കിയത്.
സംരക്ഷണം ആവശ്യപ്പെട്ട് ഹരിയാനയിലെ ആശാ യൂണിയൻ സംസ്ഥാന സർക്കാരിന് രണ്ട് കത്തുകൾ എഴുതിയ ശേഷം, ചിലർക്ക് ഏപ്രിൽ 9 ന് ആറ് ദിവസത്തെ ജോലിക്ക് ശേഷം വാഗ്ദാനം ചെയ്യപ്പെട്ട വിഹിതമായ 10 മുഖാവരണങ്ങൾക്കു പകരം ഉപയോഗശേഷം ഉപേക്ഷിക്കേണ്ട 7 മുതൽ 9 വരെ മുഖാവരണങ്ങളും ഒരു ചെറിയ കുപ്പിയില്‍ ഹാൻഡ് സാനിറ്റൈസറും ലഭിച്ചു.
പുതിയ രോഗത്തിന്റെയും ഇൻഫ്ലുവൻസയുടെയും ലക്ഷണങ്ങളെ എങ്ങനെ വേർതിരിച്ചറിയാം എന്നതിനെക്കുറിച്ച് ആശാ പ്രവർത്തകർക്ക് ഒരിക്കൽ മാത്രം വെറും രണ്ട് മണിക്കൂറാണ് പരിശീലനം നൽകിയത്.
ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാവുന്ന ഒമ്പത് മാസ്കുകളാണ് ഛവിക്ക് കിട്ടിയത് - ഓരോന്നും മൂന്നു ദിവസമെങ്കിലും ഉപയോഗിക്കണമെന്ന നിർദേശത്തോടുകൂടെ. “ഒരു സുരക്ഷയുമില്ലാതെ ഞങ്ങളെ ഈ മഹാമാരിയിലേക്ക് അവർക്ക് എങ്ങനെ തള്ളിവിടാനാകുന്നു?” അവർ ചോദിച്ചു. ഓരോ ഉപയോഗത്തിന് ശേഷവും തിളച്ച വെള്ളത്തിൽ രണ്ടു പ്രാവശ്യമെങ്കിലും കഴുകുന്ന തന്റെ ചുവന്ന കോട്ടൺ ചുന്നി ഇനിയും ഉപയോഗിക്കേണ്ടിവരുമെന്ന് ഇവർക്കറിയാം. "മാസ്കിലാതെ പുറത്തിറങ്ങരുതെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ഞങ്ങളുടെ കൈയില്‍ മാസ്കുകൾ ഇല്ല. പുറത്തിറങ്ങുമ്പോൾ ആളുകള്‍ ഞങ്ങളെ അധിക്ഷേപിക്കുന്നു," ഛവി പറഞ്ഞു.
രോഗലക്ഷണങ്ങളുള്ളവരുടെ വിശദാംശങ്ങൾ ആശാ പ്രവർത്തകർ അവരവരുടെ എ.എൻ.എം.മാരെ (ഓക്സിലിയറി നഴ്സ്-മിഡ്വൈഫ്) അറിയിക്കുന്നു. അതിനു ശേഷം പോലീസും അടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരും എത്തി അവർ വീട്ടിൽ അല്ലെങ്കിൽ ഔദ്യോഗികമായി ഏർപ്പെടുത്തിയിട്ടുള്ള വസതികളിൽ ക്വാറന്റൈനിലാണ് എന്നുറപ്പിക്കുന്നു. "അപ്പോൾ ആ കുടുംബം അവെരെക്കുറിച്ചു പറഞ്ഞു കൊടുത്തതിന് ഞങ്ങളെ അധിക്ഷേപിക്കുന്നു. വീട്ടിൽ ക്വാറന്റൈന് ചെയ്യപ്പെട്ടിട്ടുള്ളവർ അവരുടെ വീടിനു മുൻപിൽ ഞങ്ങൾ ഒട്ടിച്ച സ്റ്റിക്കറുകൾ എടുത്തു മാറ്റുന്നു. ഞങ്ങൾ പിന്നെയും പിന്നെയും അത് ഒട്ടിക്കാനും അങ്ങനെ അവരോടു ഇടപഴകാനും നിർബന്ധിതരാകുന്നു," സുനിത പറഞ്ഞു.
തനിക്ക് രോഗം പിടിപെടുമെന്ന് ഇവർക്ക് ആശങ്കയുണ്ട്. എന്നാൽ ആശാ പ്രവർത്തകയും യൂണിയൻ നേത്രിയുമായ ഇവരെ അതുമാത്രമല്ല ആശങ്കാകുലയാക്കുന്നത്. കുറഞ്ഞത് 15 സ്ത്രീകൾക്ക് പ്രതിമാസം ജനനനിയന്ത്രണ ഗുളികകൾ നൽകിയിരുന്നു ഇവർ. "ഈ ലോക്ക്ഡൗണിൽ സ്റ്റോക്ക് വരുന്നില്ല," അവർ പറഞ്ഞു. "മിച്ചമുണ്ടായിരുന്ന ഉറകളും തീർന്നു, ഞങ്ങൾ കഴിഞ്ഞ കുറെ മാസങ്ങളായി ചെയ്തു വരുന്ന ജോലിയെല്ലാം പാഴായിപ്പോകും." ഈ ലോക്ക്ഡൗണിൽ തീർച്ചയായും ആസൂത്രിതമല്ലാത്ത ഗർഭധാരണം വർധിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു.
“നേരത്തെ പുരുഷന്മാർ ജോലിക്ക് പോകാറുണ്ടായിരുന്നതിനാൽ ഞങ്ങളെ അറിയുന്ന സ്ത്രീകളുമായി സംസാരിക്കാൻ ഞങ്ങൾക്ക് കുറച്ചു സമയം ലഭിക്കുമായിരുന്നു. കൊറോണ വൈറസ് സർവെ നടത്താന്‍ പോകുമ്പോൾ എല്ലാ പുരുഷന്മാരും വീട്ടിലുണ്ടാകും. ഈ ചോദ്യങ്ങളെല്ലാം ഉന്നയിക്കാൻ ഞങ്ങൾ ആരാണെന്ന് അവർ ഞങ്ങളോട് ചോദിക്കുന്നു. ഐഡി കാർഡുകൾ കാണിക്കാൻ അവർ ഞങ്ങളോട് ആവശ്യപ്പെടുന്നു. ഞങ്ങളെ അംഗീകരിക്കാനും ജോലി സ്ഥിരപ്പെടുത്താനും സർക്കാർ വിസമ്മതിക്കുന്നു. അവർക്ക് ഞങ്ങൾ സന്നദ്ധപ്രവർത്തകർ മാത്രമാണ്. ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പല പുരുഷന്മാരും വിസമ്മതിക്കുന്നു,” സുനിത പറഞ്ഞു.
അവര്‍ ദിവസവും നടത്തുന്ന സന്ദര്‍ശനങ്ങളിലൊന്നിൽ അവരെ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്ന സ്ത്രീകൾ അവരോടു സംസാരിക്കാൻ പുറത്തു വന്നു. "അവരിലൊരാൾ ചോദിച്ച ആദ്യത്തെ കാര്യങ്ങളിലൊന്ന് എന്റെ കൈയിൽ ഗർഭനിരോധന ഗുളികകളുണ്ടോ എന്നാണ്. 'ഇപ്പോൾ അതിന്റെ ആവശ്യം വളരെ കൂടുതലാണ് ചേച്ചി. അദ്ദേഹം എപ്പോഴും വീട്ടിൽ തന്നെയാണ്,' എന്നാണവർ പറഞ്ഞത്. എനിക്കവരോടൊന്നും പറയാനുണ്ടായിരുന്നില്ല, ഞാൻ മാപ്പു ചോദിച്ചു. അപ്പോഴേക്കും അവരുടെ ഭർത്താവ് പുറത്തുവന്ന് എന്നോട് പോകാൻ പറഞ്ഞു."
ആശാ പ്രവർത്തകരുടെ കയ്യിൽ ആവശ്യത്തിനനുസരിച്ചു തലവേദന, ശരീരവേദന, പനി, ഗർഭനിരോധനം എന്നിവക്കുള്ള അടിസ്ഥാന മരുന്നുകളുടെ ഒരു കിറ്റ് ഉണ്ടാവേണ്ടതാണ്. ഈ കിറ്റ് ഇതുവരെ കടലാസിൽ മാത്രമെ ഉണ്ടായിട്ടുള്ളൂ എന്ന് സുനിത പറയുന്നു - പക്ഷെ മരുന്നുകളില്ലാത്തതിന്റെ അനന്തരഫലങ്ങൾ ഇപ്പോൾ കൂടുതൽ ഗുരുതരമാണ്. "ഈ ലോക്ക്ഡൗണിൽ ആളുകൾക്ക് ആശുപത്രിയിലോ മരുന്ന് കടയിലോ പോകാനാകില്ല. അവരുടെ വീട്ടിൽ ചെല്ലുമ്പോൾ പനിയുള്ളവർക്ക് കൊടുക്കാൻ ഒരു പാരസെറ്റമോൾ ഗുളിക പോലും എന്റെ കൈയിലില്ല. അവരോട് വിശ്രമിക്കാൻ പറയാൻ മാത്രമേ എനിക്ക് കഴിയുന്നുള്ളൂ. ഗർഭിണികൾക്ക് അയൺ, കാൽസ്യം ഗുളികകൾ ലഭിക്കുന്നില്ല. അവരിൽ മിക്കവാറും പേർക്കും വിളർച്ചയുണ്ട്. ഈ ഗുളികകൾ ലഭിക്കാതിരുന്നാൽ അവരുടെ പ്രസവം കൂടുതൽ സങ്കീർണ്ണമാകും,” അവർ വിശദീകരിച്ചു.
ഛവിയും ഇതേ പ്രശ്നം അഭിമുഖീകരിക്കുന്നു. ഏപ്രിൽ 5-ന് ഇവരുടെ പരിരക്ഷയിലുള്ള 23-കാരിയായ ഒരു ഗർഭിണിക്ക് പ്രസവവേദന തുടങ്ങി. കോവിഡിന് മുൻപുള്ള ഇവരുടെ ഉത്തരവാദിത്തങ്ങളിൽ ഒന്ന് ഇവരെ ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ എത്തിക്കുക എന്നതും പ്രശ്നങ്ങളൊന്നുമില്ലാത്ത പ്രസവം ഉറപ്പാക്കുകയുമാണ്. "ഏറ്റവുമടുത്തുള്ളത് 8 കിലോമീറ്റർ അകലെയുള്ള സിവിൽ ആശുപത്രിയാണ്. ഞാനിവരോടൊപ്പം പോയാൽ അടിയന്തിര ആവശ്യമായതിനാൽ പോലീസ് അനുവദിക്കും. എന്നാൽ തനിയെ തിരിച്ചു വരുമ്പോൾ അവർ എന്നെ കണ്ടാൽ അത് പ്രശ്നമാകും, കാരണം ഞാൻ ‘അത്യാവശ്യമായി’ ഒന്നും ചെയ്യുകയല്ല. കാണിക്കാൻ എന്റെ കൈയില്‍ ഒരു ഐഡി പോലുമില്ല." ഛവി ഒരു ആംബുലൻസ് ഏർപ്പാട് ചെയ്ത് അവരെ സഹായിക്കാൻ ശ്രമിച്ചു, പക്ഷെ ആംബുലൻസൊന്നും വന്നില്ല. അവസാനം അവരുടെ ഭർത്താവ് ഒരു ഓട്ടോറിക്ഷ വിളിച്ചു ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.
രാജ്യവ്യാപകമായ ലോക്ക്ഡൗൺ നടപ്പാക്കുന്നതിന്റെ ഭാഗമായി മാർച്ച് 30 ന് ഗോഹാന തഹ്സിലിൽ രണ്ട് ആശാ പ്രവർത്തകരെ പോലീസ് ലാത്തികൊണ്ട് അടിച്ചു - കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ഒരു മീറ്റിംഗിന് വിളിച്ചതാണെന്ന് പറയാൻ അവര്‍ ശ്രമിച്ചെങ്കിലും.
ആശാ പ്രവർത്തകരുടെ കയ്യിൽ ആവശ്യത്തിനനുസരിച്ചു തലവേദന, ശരീരവേദന, പനി, ഗർഭനിരോധനം എന്നിവക്കുള്ള അടിസ്ഥാന മരുന്നുകളുടെ ഒരു കിറ്റ് ഉണ്ടാവേണ്ടതാണ്. ഈ കിറ്റ് ഇതുവരെ കടലാസില്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ.
കർശനമായ കോവിഡ്-19 ലോക്ക്ഡൗൺ മൂലം ശിശുക്കളുടെ പതിവായുള്ള രോഗപ്രതിരോധ കുത്തിവയ്പുകൾ എന്ന് പുനരാരംഭിക്കുമെന്ന വ്യക്തതയില്ലാതെ നിർത്തിവച്ചിരിക്കുകയാണ്. പലപ്പോഴും ആശാപ്രവര്ത്തകരോടൊപ്പം ആശുപത്രികളില്‍ പോകാറുള്ള ഗ്രാമപ്രദേശങ്ങളിലെ ഗർഭിണികൾ ഇപ്പോഴത്തെ അവസ്ഥയില്‍ വീടുകളില്‍ പ്രസവിക്കേണ്ടിവരും. ഇവര്‍ ബഹു എന്നും ദീദി എന്നുമാണ് ആശാപ്രവര്‍ത്തകരെ കാലങ്ങളായി വിളിക്കാറുള്ളത്. “മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇല്ലാതെ ഇത് കുഴപ്പങ്ങളിലേക്ക് നയിക്കപ്പെടാം," സുനിത മുന്നറിയിപ്പായി പറഞ്ഞു.
കോവിഡിന് മുമ്പ് ആശാപ്രവർത്തകർക്ക് സംസ്ഥാന സർക്കാരിൽ നിന്ന് പ്രതിമാസം 4,000 രൂപ സ്റ്റൈപന്റ് ലഭിച്ചിരുന്നു. ഇത് കൂടാതെ അഞ്ച് പ്രധാന ജോലികൾ (ആശുപത്രിയിലെ പ്രസവം, ശിശുക്കള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്, പ്രസവത്തിനു മുമ്പുള്ള പരിചരണം, വീട്ടിലെ പ്രസവാനന്തര പരിചരണം, കുടുംബാസൂത്രണ അവബോധം) നിർവഹിക്കുന്നതിന് പ്രോത്സാഹനമായി കേന്ദ്രസർക്കാരിൽ നിന്ന് 2,000 രൂപയും ലഭിച്ചിരുന്നു. ട്യൂബക്ടമി, വാസക്ടമി ശസ്ത്രക്രിയകള്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യുന്നതുപോലെയുള്ള മറ്റ് ജോലികൾക്കായി വ്യക്തിഗത സാമ്പത്തിക ആനുകൂല്യങ്ങളും ഉണ്ടായിരുന്നു.
കൊറോണ വൈറസും ലോക്ക്ഡൗണും കാരണം ഞങ്ങളുടെ എല്ലാ ജോലികളും നിന്നുപോയി. കഴിഞ്ഞ മൂന്നു മാസങ്ങളായി ഈ [കോറോണവൈറസ്] സർവ്വേ നടത്താനായി പ്രതിമാസം 1,000 രൂപ മാത്രമാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. പ്രതിമാസം ഏകദേശം 2,500 രൂപയാണ് ഞങ്ങൾക്ക് നഷ്ടമാകുന്നത്. ഇതുകൂടാതെ ഒക്ടോബർ 2019 മുതൽ എനിക്ക് പ്രതിഫലമൊന്നും കിട്ടിയിട്ടില്ല. ഈ തുച്ഛമായ തുക എനിക്ക് എന്നാണ് കിട്ടുക? ഞങ്ങളെങ്ങനെ വീട്ടുകാര്യങ്ങള്‍ നടത്തും? കുട്ടികൾക്ക് എവിടെ നിന്ന് ഭക്ഷണം കൊടുക്കും?" സുനിത ചോദിച്ചു.
ഏപ്രിൽ 10 ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കോവിഡ് -19 നെ നേരിടുന്ന ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ എന്നീ മുൻനിര മെഡിക്കൽ ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കി. എന്നാൽ ആശാ പ്രവര്‍ത്തകരെ ദേശീയ ആരോഗ്യ മിഷനു കീഴിലുള്ള സന്നദ്ധപ്രവർത്തകരായാണ് കണക്കാക്കുന്നത് - അതിനാൽ അവർ അതിൽ നിന്ന് ഒഴിവാക്കപ്പെട്ടു. “ഞങ്ങളെ തൊഴിലാളികളായി പോലും പരിഗണിക്കുന്നില്ലേ?” സുനിത ചോദിച്ചു. “ഈ മഹാമാരിയുടെ നടുവില്‍ സർക്കാർ ഞങ്ങളുടെയും ജനങ്ങളുടെയും ജീവിതം വച്ചാണ് കളിക്കുന്നത്.” ഇതോടെ ഞങ്ങളുടെ സംഭാഷണം അവസാനിച്ചു. അവരുടെ ഭർത്താവ് ആദ്യമായി അരി പാചകം ചെയ്യുകയാണ്. അദ്ദേഹം സ്വന്തം കൈ പൊള്ളിക്കുകയോ അല്ലെങ്കിൽ അത്താഴം കരിക്കുകയോ ചെയ്യുമെന്ന് അവർ വേവലാതിപ്പെട്ടു.
പരിഭാഷ: പി. എസ്. സൗമ്യ