"രാത്രി പകുതിയായപ്പോൾ അവർ ഞങ്ങളുടെ ഗ്രാമത്തിൽ പ്രവേശിച്ച് വിളകളെല്ലാം നശിപ്പിച്ചു. രാത്രി തന്നെ അവർ ഞങ്ങളുടെ ഭൂമി പിടിച്ചെടുത്ത് അവിടെ ഷെഡും നിർമ്മിച്ചു”, മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയിലെ സർഖാനി ഗ്രാമത്തിൽ തങ്ങളുടെ കുടുംബത്തിനുണ്ടായിരുന്ന എട്ടേക്കർ കൃഷിഭൂമിയുടെ വലിയൊരു ഭാഗം ഫെബ്രുവരി 20-ന് എങ്ങനെയാണ് നഷ്ടപ്പെട്ടതെന്ന് വിശദീകരിച്ചുകൊണ്ട് 48-കാരിയായ അനുസായ കുമാരെ പറഞ്ഞു.
ഗോണ്ട് ആദിവാസി സമുദായത്തിൽപ്പെട്ട അനുസായ വിശ്വസിക്കുന്നത് ആദിവാസി വിഭാഗത്തിൽപ്പെടാത്ത കുറച്ച് പ്രാദേശിക ബിസിനസ്സുകാരും കച്ചവടക്കാരും ചേർന്ന് ഗുണ്ടകളെ ഉപയോഗിച്ച് അവരുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ്. "ഇവർ വ്യാജ പ്രമാണങ്ങളുണ്ടാക്കി ഞങ്ങളുടെ ഭൂമി ആദിവാസികളല്ലാത്തവർക്കു വിറ്റു. സാത്ത് ബാര [7/12; ഭൂഅവകാശ രേഖ] ഇപ്പോഴും ഞങ്ങളുടെ പേരിലാണ്.” അവരുടെ (അനുസായയുടെ) കുടുംബം ആ ഭൂമിയിൽ പരുത്തി, കറിക്കടല, തുവര, ഗോതമ്പ് എന്നിവയൊക്കെ കൃഷി ചെയ്യുന്നു.
"കോവിഡ് [ലോക്ക്ഡൗൺ] സമയം ഞങ്ങൾ അതിജീവിച്ചത് അവശേഷിച്ച ഭൂമിയിൽ, അതെത്ര ചെറുതാണെങ്കിലും പോലും, കൃഷി ചെയ്തുണ്ടാക്കിയ വിളകൾ ഉപയോഗിച്ചാണ്. കഴിഞ്ഞ മാസം [ഡിസംബർ 2020] ആ ഭൂമിയും അവരെടുത്തു”, അനുസായ പറഞ്ഞു. സർഖാനിയിൽ ഭൂമി നഷ്ടപ്പെട്ടത് അവർക്കു മാത്രമല്ല. 3,250 ആളുകളുള്ള (2011 സെൻസസ് പ്രകാരം) ഗ്രാമത്തിലെ 900 ആദിവാസികളിൽ ഏകദേശം 200 പേർക്കു ഭൂമി നഷ്ടപ്പെട്ടു. ജനുവരി തുടക്കം മുതൽ എല്ലാ ദിവസവും പ്രാദേശിക ഗ്രാമപഞ്ചായത്ത് ഓഫീസിനു പുറത്ത് അവർ ഇരുന്നു സമരം ചെയ്യുന്നു.
"ഒരു മാസമായി ഞങ്ങൾ പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധിച്ചു കൊണ്ടിരിക്കുന്നു. ഞങ്ങളുടെ കാലുകൾ വേദനിക്കുന്നു”, രണ്ടു കൈകൾ കൊണ്ടും പാദങ്ങൾ തിരുമ്മിക്കൊണ്ട് അനുസായ പറഞ്ഞു. അപ്പോള്‍, ജനുവരി 23, ഏകദേശം രാത്രി 9 മണിയായിരുന്നു. അവർ വെളുത്തുള്ളി ചട്ണിയും കൂട്ടി രാത്രി ഭക്ഷണം കഴിച്ചതേയുണ്ടായിരുന്നുള്ളൂ. അവരും മറ്റു ചില സ്ത്രീകളും കട്ടിയുള്ള ബ്ലാങ്കറ്റുകൾ ഇഗത്പുരിയിലെ ഘണ്ടാദേവിക്ഷേത്രത്തിനകത്ത് രാത്രിയുറങ്ങുന്നതിനായി വിരിച്ചു.
മൂന്നു കാർഷിക നിയമങ്ങൾക്കെതിരെയും പ്രതിഷേധം നടത്തുന്നതിനായി നാസികിൽ നിന്നും മുംബൈയിലേക്കു പോകുന്ന വാഹന ജാഥയുടെ ഭാഗമായിരുന ഈ സ്ത്രീകൾ. തങ്ങളുടെ പല സമരങ്ങളെയും ഉയർത്തിക്കാട്ടുന്നതിനു കൂടിയായിരുന്നു അവർ പോകുന്നത്.
ജനുവരി 22-ന് ഉച്ചയ്ക്കു ശേഷം അനുസായയും 49 മറ്റ് ആദിവാസികളും കിൻവട് താലൂക്കിലെ തങ്ങളുടെ ഗ്രാമത്തിൽ നിന്നും ജീപ്പ്, ടെമ്പോ എന്നിങ്ങനെയുള്ള വാഹനങ്ങളിലായി പുറപ്പെട്ടു. 18 മണിക്കൂറുകൾ കൊണ്ട് 540 കിലോമീറ്ററുകൾ താണ്ടി അടുത്ത ദിവസം രാവിലെ 4 മണിക്ക് അവർ നാസിക് നഗരത്തിൽ എത്തി. അവിടെ അവർ, ജനുവരി 23-ന്, 180 കിലോമീറ്റർ അകലെയുള്ള തെക്കൻ മുംബൈയിലെ ആസാദ് മൈതാനത്തേക്കു പോകാനിരുന്ന ആയിരക്കണക്കിനു കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഒപ്പം ചേർന്നു.
സർഖാനിയിൽ നിന്നുള്ള സരജാബായ് ആദേ അന്നത്തെ രാത്രി ഘണ്ടാദേവി ക്ഷേത്രത്തിൽ വച്ച് ക്ഷീണിതയായതിനെക്കുറിച്ചു പരാതിപ്പെടുകയായിരുന്നു. "എന്റെ പുറവും കാലുകളും വേദനിക്കുന്നു. ഞങ്ങൾ ഈ ജാഥയ്ക്കു വന്നത് നാട്ടിൽ നടന്നു കൊണ്ടിരിക്കുന്ന സമരത്തെക്കുറിച്ച് സർക്കാരിനോടു പറയാനാണ്. ഒരു മാസമായി ഞങ്ങൾ ഭൂമിക്കുവേണ്ടി പൊരുതുന്നു. ഞങ്ങൾ തളർന്നു. പക്ഷേ മരണം വരെ ഭൂഅവകാശങ്ങൾക്കു വേണ്ടി ഞങ്ങൾ സമരം ചെയ്യും", കോലം ആദിവാസി വിഭാഗത്തിൽ പെടുന്ന 53-കാരിയായ സരജാബായ് പറഞ്ഞു.
അവരും കുടുംബവും അവരുടെ മൂന്നേക്കർ ഭൂമിയിൽ തുവരയും പച്ചക്കറികളും കൃഷി ചെയ്യുന്നു. “അവർ ഞങ്ങളുടെ വിളകൾ നശിപ്പിക്കുകയും അവിടെ ഷെഡ് കെട്ടുകയും ചെയ്തു. ഇത് കൃഷി ഭൂമിയാണെന്നിരിക്കിലും കൃഷിഭൂമിയല്ലെന്ന് പറയുന്ന പ്രമാണങ്ങൾ അവർ ഉണ്ടാക്കി”, അവർ (സരജാബായ്) പറഞ്ഞു.
സർഖാനിയിലെ ആദിവാസികൾക്ക് ഭൂഉടമസ്ഥത തെളിയിക്കുന്നതിനുള്ള എല്ലാ പ്രമാണങ്ങളും ഉണ്ട്, സരജാബായ് കൂട്ടിച്ചേർത്തു. "നിയമപരമായി ഇതു ഞങ്ങളുടെ ഭൂമിയാണ്. ഞങ്ങൾ നാന്ദേഡിലെ കളക്ടർക്ക് ഒരു നോട്ടീസ് നല്‍കിയിട്ടുണ്ട്. കിൻവട് തഹസീൽദാർക്കു മുമ്പാകെ എല്ലാ പ്രമാണങ്ങളും സമർപ്പിച്ചിട്ടുമുണ്ട്. 10 ദിവസം അദ്ദേഹം [കളക്ടർ] ഗ്രാമത്തിലെ പ്രശ്നങ്ങൾ എന്താണെന്നു മനസ്സിലാക്കാൻ പോലും ശ്രമിച്ചില്ല. ഒരു മാസം ഞങ്ങൾ കാത്തിരുന്നു, പിന്നെ സമരം ചെയ്യാൻ തീരു മാനിച്ചു.”
“ജാഥയ്ക്കു വരുന്നതിനു മുൻപ് ഞങ്ങൾ ശപഥ പത്രം [സത്യവാങ്മൂലം] ഗ്രാമസേവകിനും, തഹസീൽദാർക്കും, കളക്ടർക്കും കൊടുത്തിരുന്നു”, അനുസായ പറഞ്ഞു. സത്യവാങ്മൂലത്തിൽ ആദിവാസി കർഷകർ പറഞ്ഞത് അവരാണ് ഭൂമിയുടെ യഥാർത്ഥ അവകാശികൾ എന്നാണ്. രേഖകൾ തെളിവുകളായി സമർപ്പിക്കുകയും ചെയ്തു. "ദിവസം മുഴുവൻ ഞങ്ങൾ പഞ്ചായത്തോഫീസിനു പുറത്ത് ഇരിക്കുകയായിരുന്നു. ഞങ്ങൾ അവിടെത്തന്നെ ഭക്ഷണം കഴിച്ചു കിടന്നുറങ്ങുകയും കുളിക്കുന്നതിനും ഭക്ഷണമെടുക്കുന്നതിനുമായി വീട്ടിൽ വരികയും ചെയ്തു. ആദിവാസികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി കഴിഞ്ഞിട്ടും എന്തിനാണ് അവരുടെ ഭൂമി ആദിവാസികളല്ലാത്തവർക്കു കൊടുക്കുന്നതെന്നാണ് ഞങ്ങൾക്കു ചോദിക്കാനുള്ളത്”, അവർ കൂട്ടിച്ചേർത്തു.
ജനുവരി 24-ന് ആസാദ് മൈതാനത്ത് എത്തിയ അനുസായയും സരജാബായിയും സംയുക്ത ശേത്കാരി കാംഗാർ മോർച്ച ജനുവരി 24 മുതൽ 26 വരെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സംഘടിപ്പിച്ച ധർണ്ണയിൽ പങ്കെടുത്തു. മഹാരാഷ്ട്രയിലെ 21 ജില്ലകളിൽ നിന്നുള്ള കർഷകർ സമരത്തിനായി മുംബൈയിൽ എത്തിയിരുന്നു. ജനുവരി 26-ന് ഡൽഹി അതിർത്തികളിൽ ട്രാക്ടർ പരേഡ് നടത്താനിരുന്ന കർഷകർക്കുള്ള പിന്തുണ അവർ അറിയിച്ചു.
പ്രധാനമായും പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള ലക്ഷക്കണക്കിനു കർഷകർ കേന്ദ്ര സർക്കാരിന്റെ മൂന്നു കാർഷിക നിയമങ്ങൾക്കെതിരെ നവംബർ 26 മുതൽ ഡൽഹി അതിർത്തികളിൽ സമരം ചെയ്തു കൊണ്ടിരിക്കുന്നു. 2020 ജൂൺ 5-നാണ് ഈ നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു.
താഴെപ്പറയുന്നവയാണ് മൂന്നു നിയമങ്ങള്‍: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 .
കര്‍ഷകരുടെയും കൃഷിയുടെയുംമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്കുന്നതിനാല് കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. മിനിമം താങ്ങു വില (എം.എസ്.പി), കാർഷികോത്പ്പന്ന വിപണന കമ്മിറ്റികൾ (എ.പി.എം.സി.), സംസ്ഥാന സംഭരണം, എന്നിവയുള്‍പ്പെടെ കര്‍ഷകര്‍ക്കു താങ്ങാകാവുന്ന എല്ലാത്തിനെയും അവ ദുര്‍ബ്ബലപ്പെടുത്തുന്നു. ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്റെ പ്രാധാന്യം ഇല്ലാതാക്കിക്കൊണ്ട് എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.
സർഖാനിയിലെ ആദിവാസികൾ മുംബൈയിലെ സമരത്തെ പ്രതിനിധീകരിച്ചപ്പോൾ, ഏകദേശം 150 പേർ പഞ്ചായത്തോഫീസിനു പുറത്തു രാപ്പകൽ സമരം നടത്തുന്നതു തുടര്‍ന്നു. "ആദിവാസികളുടെ ശബ്ദം കേൾപ്പിക്കുന്നതിനായാണ് ഞങ്ങൾ മുംബൈയിൽ തങ്ങുന്നത്” അനുസായ പറഞ്ഞു. "നീതി ലഭിക്കുന്നതുവരെ ഞങ്ങൾ സമരം ചെയ്യുo.”
പരിഭാഷ - റെന്നിമോന്‍ കെ. സി.