"എന്തുകൊണ്ടാണ് എനിക്ക് റേഷൻ കടയിൽനിന്ന് അരി കിട്ടാത്ത്?' സംസ്ഥാന സർക്കാർ ജനുവരിയിൽ തുമ്മലയിലെ സർക്കാർ സ്കൂളിൽ സംഘടിപ്പിച്ച ജന്മഭൂമി എന്ന സമ്പർക്ക പരിപാടിയിൽ മണ്ഡലം ഭാരവാഹികളോട് മഹമ്മദ് ചോദിച്ചു.
വീട്ടിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള കുർണൂൽ നഗരത്തിലെ ഒരു റേഷൻ കാർഡിൽ മഹമ്മദിന്റെ ഫോട്ടോ അച്ചടിച്ചുവന്നപ്പോൾ തുമ്മല ഗ്രാമത്തിലെ റേഷൻ കാർഡിൽനിന്ന് മഹമ്മദിന്റെ പേര് അപ്രത്യക്ഷമായി. "ചിലരുടെ പേരുകൾ വിശാഖപട്ടണത്തിലെ (800 കിലോമീറ്റർ ദൂരെ) ചിലയിടങ്ങളിൽപോലും വന്നിട്ടുണ്ട്“, ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞു.
ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചതിനുശേഷം 2016 ഒക്ടോബർമുതൽ പതാൻ മഹമ്മദ് അലി ഖാന് റേഷൻ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. 52-കാരനും പച്ചക്കറി കച്ചവടക്കാരനുമായ അലി ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചത് ആന്ധ്രപ്രദേശ് സർക്കാർ നിർബന്ധിത നിർദേശം നൽകിയതോടെയാണ്. അതിനുശേഷം ആഴ്ചകൾക്കുള്ളിൽ അനന്ദ്പൂർ ജില്ലയിലെ അമഡാഗൂർ മണ്ഡലത്തിലെ തുമ്മല വില്ലേജിലെ റേഷൻ കടയിലെ പൊതുവിതരണ സംവിധാനത്തിൽ അലി പ്രശ്നങ്ങൾ നേരിടാൻ തുടങ്ങി.
അലിയെപ്പോലെ, ബിപിഎൽ (ദാരിദ്ര്യരേഖയ്ക്ക് താഴെ) റേഷൻ കാർഡുടമകൾ കടയിലെത്തുമ്പോൾ കാർഡ് നമ്പർ ചെറുയന്ത്രത്തിൽ അപ്ലോഡ് ചെയ്യും. തുടർന്ന് കാർഡിലെ അംഗങ്ങളുടെ പട്ടിക യന്ത്രത്തിൽ പ്രത്യക്ഷപ്പെടും. റേഷൻ വാങ്ങാനെത്തിയത് ആരാണോ, അയാളുടെ വിരിടയാളവും നൽകണം. യന്ത്രത്തിൽ കാണിക്കുന്ന അംഗങ്ങളുടെ എണ്ണം അനുസരിച്ചാണ് കടയുടമ റേഷൻ നൽകുന്നത്. പക്ഷേ റേഷൻ കാർഡിലെ അലിയുടെ പേര് ഓൺലൈൻ സംവിധാനങ്ങളിൽനിന്ന് പൂർണമായും അപ്രത്യക്ഷ്യമായിരുന്നു. "ഞാൻ പല തവണ പോയി അന്വേഷിച്ചു. പക്ഷേ എന്റെ പേര് കിട്ടിയില്ല”, അലി പറഞ്ഞു."ഞങ്ങളുടെ കാർഡ് നമ്പർ നൽകുമ്പോൾ അഞ്ച് പേരുകൾ ഉണ്ടാകേണ്ടതാണ്. പക്ഷേ നാലെണ്ണം മാത്രമാണ് കാണുക. എന്റെ പേര് ഉണ്ടാകില്ല. പേരുണ്ടെങ്കിൽ മാത്രമേ വിരലടയാളം ചേർക്കാനും പറ്റൂ”.
അലിയുടെ ആധാർ നമ്പർ മൊഹമ്മദ് ഹുസൈന്റെ റേഷൻകാർഡുമായി ലിങ്കായതാണ് ഇതിന് കാരണം. പക്ഷേ, അതെങ്ങനെ സംഭവിച്ചുവെന്ന് ആർക്കും അറിയില്ല. എന്നാൽ 2013-ൽ തന്റെ 59-ആം വയസ്സിൽ മസ്തിഷ്കാഘാതംമൂലം മരിച്ചയാളാണ് ആന്ധ്ര പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരനായിരുന്ന ഹുസൈൻ. "അതുകൊണ്ട് എന്റെ ഭർത്താവിന്റെ പേര് അവർ റേഷൻ കാർഡിൽനിന്ന് ഒഴിവാക്കിയിരുന്നു”, ഹുസൈന്റെ ഭാര്യ ഷെയ്ഖ് ജുബേദ ബീ പറഞ്ഞു.
തുമ്മലയിൽനിന്ന് വളരെ അകലെയല്ലാത്ത വെങ്കടനാരായണ പള്ളിയിൽ വി നാഗരാജുവിന്റെ പേരും റേഷൻ കാർഡിൽനിന്ന് അപ്രത്യക്ഷമായി. "ഞാൻ കാർഡ് നമ്പർ നൽകിയതിനുശേഷവും അവന്റെ പേര് കാണിക്കുന്നില്ലായിരുന്നു”, റേഷൻ കടയുടമ രമണ റെഡ്ഡി പറയുന്നു. ആ കുടുംബത്തിന്റെ റേഷൻ കാർഡിലെ അംഗങ്ങളുടെ പട്ടിക അയാൾ എന്നെ കാണിച്ചു. അതിൽ - നാഗരാജുവിന്റെ പേര് ഇല്ലായിരുന്നു.
"എല്ലാ മാസവും അഞ്ച് കിലോ അരി നഷ്ടപ്പെടുന്നത് ഞങ്ങൾക്ക് താങ്ങാൻ പറ്റില്ല“, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ (എംജിഎൻആർഇജിഎ) ജോലി ചെയ്യുകയും ചെറിയ കൃഷികളുമൊക്കെ ചെയ്യുന്ന അലിയുടെ സുഹൃത്തുകൂടിയായ നാഗരാജു (45) പറയുന്നു. സ്റ്റോക്കുണ്ടാകുമ്പോൾ, ബിപിഎൽ കാർഡ് ഉടമകൾക്കും ഒരു കിലോ റാഗി ലഭിക്കും, ചിലപ്പോൾ ഒരു കുടുംബത്തിന് കുറച്ച് പഞ്ചസാരയും സോപ്പും ലഭിക്കും.
അതിനാൽ അമഡാഗുറിൽനിന്ന് ഏകദേശം 140 കിലോമീറ്റർ അകലെയുള്ള അനന്ത്പുരിലെ ജില്ലാ സപ്ലൈ ഓഫീസിലേക്ക് തന്റെ പ്രശ്നവുമായി നാഗരാജു പോയി. അവിടെ, ഒരു ഓപ്പറേറ്റർ വിശദാംശങ്ങൾ പരിശോധിച്ച് നാഗരാജുവിന്റെ ആധാർ കാർഡിന്റെ പകർപ്പിൽ ഇങ്ങനെ എഴുതി: "ഈ ആധാർ കാർഡ് കുർണൂൽ ജില്ലയിൽ ലിങ്ക് ചെയ്യപ്പെട്ടു / ഇതിനകം തന്നെ കുർണൂൽ ഡിഎസ്ഒയെ വിവരമറിയിച്ചിട്ടുണ്ട്”.
അലിയെപ്പോലെത്തന്നെ നാഗരാജുവിന്റെയും ആധാർ നമ്പർ കുർണൂൽ നഗരത്തിലെ ശ്രീനിവാസ നഗറിലെ ജി വിജയലക്ഷ്മിയുടെ റേഷൻകാർഡുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുകയാണ്. ആന്ധ്രപ്രദേശ് പൊതുവിതരണ സംവിധാന വെബ്സൈറ്റിലെ വിവരങ്ങൾപ്രകാരം, വിജയലക്ഷ്മിയുടെ കാർഡ് ‘പ്രവർത്തനക്ഷമ‘മാണ്. അവർ കടയിൽനിന്ന് റേഷൻ വാങ്ങുന്നുമുണ്ടായിരുന്നു.
"പക്ഷേ, ഞാൻ എന്റെ റേഷൻ വാങ്ങിയിട്ടേയില്ല”, പ്രായം നാല്പത് കഴിഞ്ഞ വീട്ടമ്മയായ വിജയലക്ഷ്മി പറയുന്നു. വിജയലക്ഷ്മിയുടെ ഭർത്താവ് ഒരു സ്കൂട്ടർ മെക്കാനിക്കാണ്. തന്റെ പേരിൽ നൽകിയ റേഷൻ കാർഡിലെ സ്ത്രീയുടെയോ നാഗരാജുവിന്റെയോ ഫോട്ടോ വിജയലക്ഷ്മിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. 2017 ജനുവരിയിൽ തന്റെയും കുടുംബത്തിന്റെയും പേരുകളിൽ റേഷൻ കാർഡിനായി അപേക്ഷിച്ച്, അതിനായി കാത്തിരിക്കുകയാണ് വിജയലക്ഷ്മി.
പിഡിഎസ് വെബ്സൈറ്റിലെ "ട്രാൻസാക്ഷൻ ഹിസ്റ്ററി'യിലെ വിവരമനുസരിച്ച്, കുർണൂലിലെ രണ്ട് റേഷൻ കാർഡുകളും അലിയുടെയും നാഗരാജുവിന്റെയും ആധാർ നമ്പറുകളുമായി തെറ്റായി ലിങ്ക് ചെയ്യപ്പെട്ടത് 2011 ഡിസംബറിലാണ്. 2016 ഒക്ടോബർവരെ ഈ രണ്ട് റേഷൻ കാർഡുകളും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (ആധാർ) ഡാറ്റാബേസിലേക്ക് ‘ബന്ധിപ്പിക്കാൻ’ പലതവണ ശ്രമം നടക്കുകയും പരാജയപ്പെടുകയും ചെയ്തതായും വെബ്സൈറ്റ് വ്യക്തമാക്കുന്നു. ഇത് ഒരുപക്ഷേ സർക്കാർ ഉദ്യോഗസ്ഥർ ആത്മാർത്ഥമായി സഹായിക്കാൻ ശ്രമിച്ചതോ അല്ലെങ്കിൽ അജ്ഞാതരായ വ്യക്തികളുടെ വഞ്ചനാശ്രമമോ ആകാം. എന്നാൽ ഇതൊന്നും ചെയ്തത് അലിയോ നാഗരാജുവോ ആയിരുന്നില്ല.
ട്രാൻസാക്ഷൻ ഹിസ്റ്ററി്യും കാർഡ് വിവരങ്ങളും പരിശോധിക്കാൻ പാസ്വേഡിന്റെ ആവശ്യമില്ല, പകരം റേഷൻ കാർഡ് നമ്പർ മതിയാകും. വെബ്സൈറ്റിലെ ‘പ്രിന്റ് റേഷൻ കാർഡ്’ വിഭാഗത്തിൽനിന്ന് ഈ കാർഡുകൾ ഞാൻ വീണ്ടെടുത്തപ്പോൾ, അലിക്കോ നാഗരാജുവിനോ അറിയാത്ത പേരുകളാണ് കാർഡുകളിലുണ്ടായിരുന്നത്. ആറുപേരുടെ പാസ്പോർട്ട് സൈസ് ഫോട്ടോകളിൽ (അലിയുടെ ആധാറുമായി ബന്ധിപ്പിച്ച റേഷൻ കാർഡുകളിലെ നാലുപേരും നാഗരാജുവിന്റെ ആധാൻ ലിങ്ക് ചെയ്ത കാർഡിലെ രണ്ടുപേരും) അലിയുടെയും നാഗരാജുവിന്റെയും ആധാറിലെ ഫോട്ടോ ഒഴികയെുള്ളവ നാഗരാജുവിന് തിരിച്ചറിയാൻ കഴിഞ്ഞില്ല.
24 വർഷം മുമ്പ് വിവാഹിതയായശേഷം വിജയലക്ഷ്മി തന്റെ റേഷൻ വിഹിതം വാങ്ങിയിട്ടില്ലായിരുന്നു. എന്നാൽ 1980- മുതൽ അലി തന്റെ റേഷൻ വാങ്ങുന്നുണ്ടായിരുന്നു. അതിനാൽ 2016 ഒക്ടോബറിൽ പ്രശ്നം ആരംഭിച്ചപ്പോൾത്തന്നെ റേഷൻ കാർഡ് ഹെൽപ്പ് ലൈനിലേക്ക് അലി പല തവണ ഫോൺ ചെയ്തു. പ്രശ്നം പരിഹരിക്കാമെന്ന് ഏജന്റുമാർ ഉറപ്പും നൽകിയിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിൽ, 2017 ഒക്ടോബറിൽ, അലി അമഡഗൂരിലെ മീ സേവ (സേവന കേന്ദ്രം) കേന്ദ്രത്തിലെത്തി റേഷൻ കാർഡിൽ തന്റെ പേര് തിരികെ ചേർക്കാൻ അഭ്യർത്ഥിച്ചു. അദ്ദേഹം അമഡഗൂർ മണ്ഡലം റവന്യൂ ഓഫീസറുമായും (എംആർഒ) സംസാരിച്ചു. അലിയുടെ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ഉട്യൊഗസ്ഥനും ഉറപ്പുനൽകി. "ഓരോ തവണയും ഞാൻ എന്റെ ആധാറിനെക്കുറിച്ച് (ഒപ്പം റേഷനെക്കുറിച്ച്) അന്വേഷിക്കാൻ പോകുമ്പോൾ ഒരുദിവസത്തെ കച്ചവടംകൂടിയാണ് എനിക്ക് നഷ്ടപ്പെടുന്നത്”, അലി പറയുന്നു.
തുമ്മലയിലെ ജന്മഭൂമി യോഗത്തിനുശേഷം, ഞാനും അലിയും എട്ട് കിലോമീറ്റർ അകലെയുള്ള അമഡഗൂരിലെ മീ സേവാ കേന്ദ്രത്തിലേക്കുപോയി. രേഖകളിലെ പൊരുത്തക്കേടുകൾ പരിശോധിക്കാൻ ഞങ്ങൾ അദ്ദേഹത്തിന്റെ ആധാർ കാർഡിന്റെ പകർപ്പ് ലഭ്യമാക്കാൻ ശ്രമിച്ചു. എന്നാൽ അലിയുടെ ആധാർ വിവരങ്ങൾ ലഭിക്കാനുള്ള ഒടിപി (മൊബൈൽ ഫോണിലേക്ക് അയയ്ക്കുന്ന ഒറ്റത്തവണ പാസ്വേഡ്) വരേണ്ട മൊബൈൽ നമ്പർ പ്രവർത്തനക്ഷമമായിരുന്നില്ല. ഇതൊന്നും അലി അറിഞ്ഞിരുന്നില്ല. അതേസമയം അലിക്ക് പരിചയമില്ലാത്ത ഒരു നമ്പറിലേക്കാണ് ഒടിപി അയച്ചത്.
ആധാർ വീണ്ടെടുക്കുന്നത് പരാജയപ്പെട്ടതോടെ, 2017 ഒക്ടോബറിൽ മീ സേവാ കേന്ദ്രത്തിൽ അലി നൽകിയ അപേക്ഷയ്ക്ക് എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കാൻ ഞങ്ങൾ അമഡഗൂരിലെ എംആർഒ ഓഫീസിലേക്ക് പോയി. അപേക്ഷാകേന്ദ്രം നൽകിയ രസീത് കാണിക്കാൻ അവിടുത്തെ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആവശ്യപ്പെട്ടു.- എന്നാൽ അത്തരമൊരു രസീത് അലിയുടെ കൈവശമില്ലായിരുന്നു. അങ്ങനെ രസീത് വാങ്ങാനായി ഞങ്ങൾ മീ സേവ കേന്ദ്രത്തിലേക്ക് മടങ്ങി. അത് കിട്ടാനാകട്ടെ കുറച്ച് സമയമെടുത്തു.
രസീത് വാങ്ങി ഞങ്ങൾ വീണ്ടും എംആർഒ ഒാഫീസിലെത്തി. തുടർന്ന് കമ്പ്യൂട്ടർ ഓപ്പറേറ്റർ വിവരങ്ങൾ തേടാൻ തുടങ്ങി. മീ സേവാ വെബ്സൈറ്റിലെ "ഇന്റഗ്രേറ്റഡ് സർവീസസ് ഡെലിവറി ഗേറ്റ്വേ'യിൽ രേഖപ്പെടുത്തിയതനുസരിച്ച്, ‘യുഐഡി നേരത്തെതന്നെ നിലവിലുണ്ട്' എന്ന കാരണത്താലാണ് മഹമ്മദ് അലിയുടെ റേഷൻ മുടങ്ങിയത്. എന്നാൽ അലിയുടെ യുഐഡി ഒരു അജ്ഞാത റേഷൻ കാർഡ് നമ്പറുമായിട്ടാണ് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. അതേസമയം കാർഡിലെ വിലാസം കുർണൂലിലെ മുഹമ്മദ് ഹുസൈന്റേതാണ്.
അലിയുടെയും നാഗരാജുവിന്റെയും ആധാർ വിവരങ്ങളുള്ള കുർണൂലിലെ റേഷൻ കടയാകട്ടെ അഴിമതി ആരോപണത്തെത്തുടർന്ന് 2017-ൽ പൂട്ടിയിരുന്നു. ഇവിടുത്തെ ഉപഭോക്താക്കൾ നഗരത്തിലെ മറ്റൊരു റേഷൻ കടയിൽനിന്നാണ് വിഹിതം വാങ്ങുന്നത്.
അലിയുടെ റേഷൻ കാർഡ് വിവരങ്ങൾ അതിവേഗം ലഭ്യമായത്, അദ്ദേഹത്തിന് ലഭിക്കേണ്ട ഒടിപി മറ്റൊരു ഫോൺ നമ്പറിലേക്ക് പോയത്, റേഷൻ കാർഡുകളിലെ അജ്ഞാതരുടെ ഫോട്ടോകൾ - ഇതെല്ലാം വിരൽചൂണ്ടുന്നത്, സാങ്കേതികവിദ്യ സൃഷ്ടിച്ച കുഴപ്പങ്ങളിലേക്കാണ്. എന്നാൽ അതിനുസമാനമായി അർഹരുടെ റേഷൻ വിഹിതം മറ്റൊരു സമാന്തരവിപണിയിലേക്ക് എത്തുന്നുവെന്ന വസ്തുതയിലേക്കും ഇത് വിരൽ ചൂണ്ടുന്നു. അതിനിടയിൽ - ആധാർ ബന്ധിപ്പിക്കലും ഡിജിറ്റലൈസേഷനും കൂട്ടിച്ചേർക്കപ്പെട്ടുവെന്ന് മാത്രം.
"കൂർണൂലിലെ വിലാസങ്ങൾ ഉപയോഗിച്ച് ഡീലർമാർ വ്യാജ റേഷൻ കാർഡുകളുണ്ടാക്കി ആധാറുമായി ബന്ധിപ്പിച്ചു. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ചില റേഷൻ കടയുടമകൾ ജയിലിൽ പോയി മടങ്ങിയെത്തി”, കുർണൂലിലെ അഴിമതിക്കാരായ റേഷൻ കടക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് 2016-ൽ പ്രതിഷേധം സംഘടിപ്പിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) കുർണൂൽ ജില്ലാ സെക്രട്ടറി കെ. പ്രഭാകർ റെഡ്ഡി പറയുന്നു.
"ഓപ്പറേറ്റർമാർ തെറ്റായി അക്കങ്ങൾ രേഖപ്പെടുത്തിയതിനാലാകും പിശകുകൾ സംഭവിച്ചിരിക്കുക. അലിയുടെയും നാഗരാജുവിന്റെയും പ്രശ്നങ്ങൾ ഒറ്റപ്പെട്ടതാണ്”, എംആർഒ പി. സുബ്ബലക്ഷുമ്മ പറയുന്നത് ഇങ്ങനെ. "മീ സേവ കേന്ദ്രങ്ങളിൽ പോയി 10 വിരലടയാളങ്ങളും ഒരിക്കൽക്കൂടി ആധാറിൽ അപ്ഡേറ്റ് ചെയ്താൽ ഇത് പരിഹരിക്കാൻ സാധിക്കും”, അവർ പറയുന്നു.
എന്നാൽ ആധാർ - റേഷൻ ബന്ധിപ്പിക്കലിന് പിന്നാലെ നടന്ന് ഇനിയും ജോലി ഉപേക്ഷിക്കാൻ അലിക്ക് കഴിയില്ല. മൂന്ന് കുട്ടികളുള്ള കുടുംബത്തിൽ അലിക്ക് മാത്രമാണ് വരുമാനമുള്ളത്. പച്ചക്കറി വിൽക്കുന്നതിനുപുറമേ, അദ്ദേഹവും ഭാര്യയും ഇടയ്ക്കിടെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായും ജോലി ചെയ്യുന്നു. "ഞാൻ പലതവണ എംആർഒ ഓഫീസിൽ വന്നിട്ടുണ്ട്”, അദ്ദേഹം പറയുന്നു. "ഇപ്പോൾ അവർ എന്നോട് പറയുന്നത് ഡിഎസ്ഒ ഓഫീസിലേക്ക് പോകാനാണ്. അതിനുള്ള സമയം എപ്പോൾ ലഭിക്കുമെന്ന് എനിക്കറിയില്ല”.
പരിഭാഷ: അശ്വതി ടി കുറുപ്പ്