തെക്ക് ഗ്രേറ്റ് റാൻ ഓഫ് കച്ചിനും വടക്ക് കാലോ ഡംഗറിനുമിടയിൽ (കറുത്ത കുന്നുകൾ) സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ രണ്ടാമത്തെ വലിയ പുൽമൈതാനമായ ബന്നി റിസർവ് ഏകദേശം 3,847 ചതുരശ്ര കിലോമീറ്ററാണ്. ഒരു കാലത്ത്, സിന്ധു നദി ഈ പ്രദേശത്തുകൂടി ഒഴുകിയിരുന്നു, ഒപ്പം, ഇപ്പോഴത്തെ ഇറാൻ, അഫ്ഗാനിസ്ഥാൻ, സിന്ധ്, ബലൂചിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ സമൂഹങ്ങൾ നൂറ്റാണ്ടുകളായി ഇവിടെ താമസിച്ചുപോന്നു. 1819-ലെ, ഒരു വലിയ ഭൂകമ്പം സിന്ധുവിന്‍റെ ഗതി മാറ്റുകയും തുടർന്ന്, ബന്നി പ്രദേശം ഒരു വരണ്ട പുൽമേടായി രൂപാന്തരപ്പെടുകയും ചെയ്തു. കാലക്രമേണ, കുടിയേറ്റ സമൂഹങ്ങൾ വരണ്ട ഭൂപ്രകൃതിയുമായി പൊരുത്തപ്പെടാൻ മൃഗങ്ങളെ മേയ്ക്കുന്ന ജോലികൾ തിരഞ്ഞെടുത്തു. അവർ ഗുജറാത്തിലെ ഈ പുൽമേടുകളെ ചുറ്റിപ്പറ്റിയുള്ള 48 ചെറുഗ്രാമങ്ങളിൽ താമസിക്കുന്നു.
ജാട്ട്, റബാറി, സമ എന്നിങ്ങനെ വിവിധ ബന്നി സമുദായങ്ങൾ ഉൾപ്പെടുന്ന ഗോത്രങ്ങളെ പൊതുവെ 'മാൽധാരി' എന്നാണ് വിളിക്കുന്നത്. കച്ചി ഭാഷയിൽ 'മാൽ' എന്നത് മൃഗങ്ങളെ സൂചിപ്പിക്കുന്നു, 'ധാരി' എന്നാൽ ഉടമസ്ഥൻ എന്നാണ്. കച്ചിലുടനീളം, മാൽധാരി വിഭാഗക്കാർ പശു, എരുമ, ഒട്ടകം, കുതിര ആടുകൾ എന്നിവയെ വളർത്തുന്നു. അവരുടെ ജീവിതവും സാംസ്‌കാരിക രീതികളും അവരുടെ മൃഗങ്ങളെ ചുറ്റിപ്പറ്റിയാണ്, അവരുടെ പാട്ടുകൾ പോലും കന്നുകാലി വളർത്തലിനെക്കുറിച്ച് പ്രതിപാദിക്കുന്നു. മാൽധാരികളിൽ ചിലർ തങ്ങളുടെ മൃഗങ്ങൾക്ക് മേച്ചിൽപ്പുറങ്ങൾ തേടി കച്ചിലെത്തന്നെ വിവിധ പ്രദേശങ്ങളിലേയ്ക്ക് കുടിയേറുക പതിവാണ്. അവർ കുടുംബത്തോടെ മേയ് മാസത്തില്‍, ചിലപ്പോൾ ജൂൺ അല്ലെങ്കിൽ ജൂലൈ മാസത്തിൽ പുറപ്പെട്ട് സാധാരണയായി സെപ്റ്റംബർ അവസാനത്തോടെ മഴക്കാലമാകുമ്പോൾ മടങ്ങിയെത്തും.
മാൽധാരികളുടെ സാമൂഹിക പദവി അവരുടെ കന്നുകാലികളുടെ എണ്ണവും ഗുണനിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ പദവിയും അവരുടെ സംസ്‌കാരവും ആഘോഷിക്കാൻ എല്ലാ വർഷവും രണ്ട് ദിവസത്തേയ്ക്ക് അവർ പുൽമേടുകളിൽ ഒന്നിച്ചുകൂടും. സാധാരണയായി ഡിസംബർ-ജനുവരി മാസങ്ങളില്‍ നടക്കാറുള്ള ആഘോഷങ്ങളുടെ തിയതികൾ സമൂഹം കൂട്ടായിട്ടാണ് തീരുമാനിക്കുന്നത്. മേളയ്ക്കായി താൽക്കാലികമായി സ്ഥാപിച്ച ടാങ്കിൽ നിന്ന് കുടിവെള്ളം ശേഖരിക്കുന്ന മാൽധാരി സമൂഹത്തിലെ ഒരംഗത്തെയാണ് നിങ്ങൾ ഫോട്ടോയിൽ കാണുന്നത്.
പരിഭാഷ: അനിറ്റ് ജോസഫ്