കാലാകാലങ്ങളായി കാട്ടിൽ കഴിഞ്ഞിരുന്നതാണ് ആ ആടുകൾ എന്നത് പ്രസക്തമായിരുന്നില്ല. ചെന്നായ്കളും പുലികളും വരുന്നതിനു മുൻപ് ആ കാട്ടിൽ കഴിഞ്ഞിരുന്നവരോ, അല്ല മറ്റെവിടെങ്കിലും ജന്മമെടുത്ത്, അഭയം തേടി ഇവിടെ വന്നവരോ ആയിരുന്നിരിക്കും അവർ എന്നതും വിഷയമായില്ല. അവർ വന്യജീവികൾ മാത്രമായിരുന്നു.
വനത്തിലെ പരിമിതമായ വിഭവങ്ങൾക്കായി തദ്ദേശീയ ജന്തുവർഗ്ഗങ്ങളോട് മത്സരിച്ചിരുന്ന, മറ്റു ചെടികളുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പിന് ഭീഷണിയുയർത്തിയ, കളങ്കമില്ലാത്ത ആ ഭൂമികയെ മലിനപ്പെടുത്തി നശിപ്പിക്കാൻ കെല്പുള്ള ഉപദ്രവകാരികൾ. രോഗവാഹകർ. എല്ലാത്തിനുമുപരി, പൂർവികർ ആരെന്ന് ഉറപ്പില്ലാത്ത, പാരമ്പര്യ മഹിമ തെളിയിക്കുന്ന വ്യക്തമായ രേഖകളില്ലാത്ത, തലമുറകളായി കയ്യടക്കി വച്ചിരിക്കുന്ന ഭൂമിയ്ക്ക് മേൽ യഥാർത്ഥ അവകാശങ്ങൾ ഒന്നും തന്നെയില്ലാത്തവർ. അവരെ കാടിന്റെ അതിർത്തിക്ക് പുറത്തേയ്ക്ക് അടിയന്തിരമായി ആട്ടിപ്പായിക്കേണ്ടിയിരുന്നു. അവരെ ചേരികളിൽ താമസിപ്പിച്ചാൽ പോരാ, തുറുങ്കിൽ അടയ്ക്കുക തന്നെ വേണം. അവരെ ചരിത്രത്തിൽ നിന്ന് മായ്ച്ചു കളഞ്ഞാൽ മതിയാകില്ല, ബലമായി ഇറക്കി വിട്ട്, വന്ന ഇടത്തേക്ക് തന്നെ തിരിച്ചയച്ചാലേ ശരിയാകൂ. കൃത്യമായ പട്ടികയുണ്ടാക്കി, ഓരോ വന്യജീവിയെയും അതിന്റെ ഒളിയിടത്തിൽ നിന്നും വലിച്ചിറക്കി, ആർത്തലയ്ക്കുന്ന അവറ്റകളെ നാടുകടത്തി നിശ്ശബ്ദരാക്കുക തന്നെ വേണം. ഭാവിയിൽ വന്നെത്താൻ സാധ്യതയുള്ള നുഴഞ്ഞു കയറ്റക്കാരിൽ നിന്നും കാടിനെ സംരക്ഷിക്കേണ്ടതുണ്ട്.
കാട്ടിൽ പുതുതായി അധികാരത്തിൽ വന്ന സർക്കാർ നിലത്തിനു ചുറ്റും കൂർത്ത വയറുകൾ കൊണ്ട് വേലി തീർക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി തുടങ്ങിക്കഴിഞ്ഞിരുന്നു. ഒട്ടും വൈകാതെ തന്നെ മൂർച്ചയേറിയ സ്റ്റീൽ വയർ വളയങ്ങൾ വെറുപ്പിൽ കുതിർന്ന അന്തരീക്ഷത്തെ കീറിമുറിച്ച് കാടിന് ചുറ്റും അതിർത്തി തീർത്തു. കൂർത്ത വയറുകളിൽ കുടുങ്ങി പിടയുന്ന ജീവികൾ ഉയർത്തിയ നേർത്ത "മേഹ് മേഹ്' നിലവിളികൾ ഘർ-വാപ്‌സിക്ക് വേണ്ടിയുള്ള കേഴലുകൾ പോലെ തോന്നിച്ചു. ഇരുളുന്ന മാനത്തിൽ അസ്തമന സൂര്യൻ അവശേഷിപ്പിക്കുന്ന ചെഞ്ചുവപ്പ് പോലെ.
ഘർ-വാപ്‌സിക്ക് വേണ്ടിയുള്ള അപേക്ഷ
അല്ലയോ
മൗലിക ദേശീയവാദി !
ദയവായി
എനിക്ക് വീട്ടിലേയ്ക്കുള്ള വഴിയൊരുക്കുക !
നിങ്ങൾ
അതിനെ എന്ത് പേരിട്ട് വിളിച്ചാലും-വീടെന്നോ ഉത്പത്തിയെന്നോ
മൂലമതം,
മൂലരാഷ്ട്രം,
മൂലസംസ്കാരം,
മൂലസ്രോതസ്സ്, മൂലബിന്ദു...
വേരുകളിലേയ്ക്ക്
മടങ്ങുക ഞങ്ങളുടെ അവകാശമാണ്
അത്
ഉറപ്പാക്കുക നിങ്ങളുടെ കടമയും
അല്ലയോ
വിഷ്ണു !അല്ലയോ ബ്രഹ്‌മാവേ !
തിളക്കമാർന്ന
ഈ
ജ്യോതിർലിംഗത്തിന്റെ
ഉല്പത്തിയും ഒടുക്കവും
നിങ്ങൾ
തേടിക്കണ്ടെത്തുക
എനിക്കും
എന്റെ വീട്ടിലേയ്ക് വഴിയൊരുക്കുക
അല്ലയോ ശുദ്ധ
ദേശീയവാദീ !
'
വസുധൈവ
കുടുംബകം
' എന്ന് ഉദ്‌ഘോഷിക്കവേ
റോഹിൻഗ്യകളെ
മ്യാന്മറിലേയ്ക് തുരത്തുന്ന പോലെ
ബംഗ്ലാദേശികളെ
ബംഗ്ലാദേശിലേയ്ക്കും
മുസ്ലീങ്ങളെ
പാകിസ്ഥാനിലേക്കും നാടുകടത്തുന്നത് പോലെ
അൾജീരിയക്കാർ
ഫ്രാൻസ് ഉപേക്ഷിക്കുന്നത് പോലെ
റോമകളെ
ജർമനിയിൽ നിന്ന് തിരികെ സ്വദേശത്തേയ്ക്കയക്കുന്നത് പോലെ
വെള്ളക്കാർ
അമേരിക്കയിൽ നിന്ന് യൂറോപ്പിലേക്ക് മടങ്ങും പോലെ
മൗറീഷ്യസിൽ
നിന്നും സുരിനാമിൽ നിന്നും ഹിന്ദുക്കൾ
പുണ്യദേശത്തേയ്ക്ക്
തിരികെയെത്തുന്നത് പോലെ
ആദിമ
മാതാവിനെ തേടി ഞങ്ങൾ
ആഫ്രിക്കയോളം
സഞ്ചരിച്ചെത്തും പോലെ
മുംബൈയിൽ
നിന്നും അഹമ്മദാബാദിൽ നിന്നും
വീടണയുന്ന
'ഭയ്യകളെ' പോലെ
ഡൽഹി
വിടുന്ന ഗുജറാത്തികളെ പോലെ
കാടുകളിലേക്ക്
തിരികെ ചെല്ലുന്ന ആദിവാസികളെ പോലെ (ക്ഷമിക്കുക!
കാടുകൾ
സർക്കാരിന് ആവശ്യമുണ്ടെന്ന് തോന്നുന്നു)
ദയവ്
ചെയ്ത് എനിക്ക് എന്റെ വീട് മടക്കി നൽകുക.
ഞാൻ മാത്രമെന്തിന്,
നിങ്ങളും എനിക്കൊപ്പം ചേരുക,
നാം എല്ലാവരും പോകേണ്ടതുണ്ട്
പിറകോട്ട്..പിറകോട്ട് സഞ്ചരിക്കേണ്ടതുണ്ട്
സ്വന്തം വീട് തേടിയുള്ള ഈ
പ്രയാണത്തിൽ
നാലു കാലിൽ നടന്നും,
മരങ്ങൾ കയറിയും, ചെളിയിൽ
പൂണ്ടുകിടന്നും
ഇലകളിൽ മുങ്ങിയമർന്നും
പുഴുക്കളെ പോൽ സ്വയം
ഇണചേർന്നും
മീനുകളെ പോൽ ചെകിള കൊണ്ട്
ശ്വസിച്ചും
മൗലികതയുടെ
ഈ അപാരസാഗരത്തിൽ
ഏകകോശ
പ്രാണികളായി നമുക്ക് നിലകൊള്ളാം
ബോധനിലയുടെ
ആദിമസ്ഥായിയിൽ
ഒഴുകാം,
അലയാം
ദൈവമെന്ന
പരമാനന്ദ ലഹരിയിൽ
ശരീരമുപേക്ഷിച്ച്
ഒന്നായി മാറാം
അതിഭൗതിക
ഡി.എൻ.എ തേടിയുള്ള ഈ യാത്ര
ഉത്ഭവം
തേടി, പ്രാചീന ദേശം തേടി
ഈ
മഹാപ്രയാണം
ഈ ആത്മീയ
ബൃഹദ് പരീക്ഷണം
മതത്തിൻ
കൊടിയടയാളങ്ങൾ,
വിപണിയിൻ
പെരുമ്പറ മുഴക്കങ്ങൾ
ഘോഷങ്ങൾ,
കോലാഹലങ്ങൾ
നമുക്ക് ആ
പഴയ തമോഗർത്തത്തിലേയ്ക്ക് മടങ്ങാം
മനുഷ്യകുലം
വിസ്ഫോടനത്തോടെ ഒടുക്കത്തിലെത്തി
ഉത്പത്തിയിലേയ്ക്ക്
മടങ്ങുന്നതിന് കാതോർക്കാം
മൗലികമായ
ആത്മഹത്യയിലേക്ക്
സംഘടിതമായി
മുന്നേറാം
അല്ലയോ
അതിദേശീയവാദീ !
ശബ്ദകോശം
ഘർ-വാപ്‌സി: "വീട്ടിലേയ്ക്കുള്ള മടക്കം' എന്ന് അർഥം. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെ വിവിധ മൗലികവാദ സംഘടനകൾ നടത്തി വരുന്ന പ്രവർത്തനങ്ങളെയും സൂചിപ്പിക്കുന്നു.
ജ്യോതിർലിംഗം: ത്രിമൂർത്തികളിൽ ഒരാളായ ശിവന്റെ പ്രതീകം
വസുധൈവ കുടുംബകം: 'ഈ ലോകം മുഴുവൻ എന്റെ കുടുംബമാകുന്നു'
പരിഭാഷ: പ്രതിഭ ആര്‍. കെ.