ലക്ഷ്മി ടുഡു ആശുപത്രിയിൽ എത്തിയപ്പോഴേക്കും കൽപന മരിച്ചിരുന്നു. "അന്ന് രാവിലെ മോൾക്ക് നല്ല വിശപ്പായിരുന്നു. എനിക്ക് അവൾക്കുള്ള ചോറ് കൊണ്ടുവരണമായിരുന്നു. പക്ഷെ ഞാൻ താമസിച്ചു പോയി. നല്ല മഴ ഉണ്ടായിരുന്നു”, ലക്ഷ്മി ഓർമ്മിച്ചു.
അത് 2020 ജൂൺ ആയിരുന്നു. അവരുടെ 26-കാരിയായ മകൾ കൽപന തലവേദനയും നിർത്താതെയുള്ള ഛർദ്ദിയും കാരണം ആശുപത്രിയിലും. ലക്ഷ്മിയുടെ നടുക്കത്തെ മകൾ ശിവാനിയും സഹോദരിയുടെ കൂടെ ആശുപത്രിയിൽ ആയിരുന്നു.
കൽപന 2017 മുതൽ ഒരു സ്വകാര്യ രോഗനിർണ്ണയ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. ഗംഗാറാംപൂരിലെ, സർക്കാർ വക സബ്-ഡിവിഷണൽ ആശുപത്രിയിലെ (പ്രാദേശികമായി കാൽദിഘി ആശുപത്രി എന്നറിയപ്പെടുന്നു) ഡോക്ടർമാർ അവരോട് ഒരു സ്വകാര്യ ന്യൂറോളജി വിദഗ്ദ്ധനെ കാണാൻ ഉപദേശിച്ചിരുന്നു. 2019-ൽ രണ്ടാമത്തെ മകന്റെ ജനനത്തിനു ശേഷം അവരുടെ അവസ്ഥ കൂടുതൽ മോശമായി.
2020 മാർച്ചിലെ ലോക്ക്ഡൗണോടുകൂടി രോഗനിർണ്ണയ കേന്ദ്രത്തിലേക്കുള്ള ഡോക്ടറുടെ പ്രതിമാസ സന്ദർശനത്തിന് മുടക്കം വന്നു. കോൽക്കത്തയിൽ നിന്നായിരുന്നു അവരെ നോക്കുന്ന ഡോക്ടര് വന്നിരുന്നത്. "ഞങ്ങൾ കാത്തിരിക്കുമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ സന്ദർശനം സ്ഥിരമായി നീട്ടിവച്ചു”, ലക്ഷ്മി ഓർമ്മിച്ചു. "അങ്ങനെ, നേരത്തെ കുറിച്ചു തന്ന മരുന്നുകൾ ഞങ്ങൾ വീണ്ടും വീണ്ടും വാങ്ങി.”
ഗംഗാറാം കോളേജിൽ 2014-ൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നപ്പോഴാണ് കൽപന വിവാഹിതയായത്. അവരുടെ 29-കാരനായ ഭർത്താവ് നയൻ മാർഡി ഒരു പലവ്യഞ്ജന കട നടത്തുകയും അനന്തപൂർ ഗ്രാമത്തിൽ ഭാഗിക സമയങ്ങളിൽ തയ്യൽ ജോലി ചെയ്യുകയും ചെയ്തിരുന്നു. പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പുർ ജില്ലയിലെ ഗംഗാറാം പട്ടണത്തിൽ നിന്നും 17 കിലോമീറ്റർ മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കൽപനയുടെ ഭർതൃ മാതാപിതാക്കൾ കർഷക തൊഴിലാളികളായിരുന്നു. കൽപനയുടെ ആദ്യത്തെ പുത്രൻ ജനിച്ചതിനു ശേഷം അവരുടെ കടുത്ത തലവേദന (കുട്ടിക്കാലം മുതലേ അവർക്കതുണ്ട്) വഷളാകാൻ തുടങ്ങി.










